കേരളത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയായി തല ഉയര്‍ത്തി നില്‍ക്കുന്ന പശ്ചിമഘട്ടത്തെ ആദ്യമായി ജലഗോപുരമെന്ന് വിശേഷിപ്പിച്ചത് മാധവ ഗാഡ്ഗിലാണ്. പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം വ്യക്തമാക്കാന്‍ വേണ്ടി കൂടിയായിരുന്നു അദ്ദേഹം ഇത്തരമൊരു സവിശേഷ പരാമര്‍ശം നടത്തിയത്. കേരളത്തിലെ നാല്‍പ്പത്തിനാല് നദികളും ഉദ്ഭവിക്കുന്നത് ഈ മലനിരകളില്‍ നിന്നാണ്. വര്‍ഷം മുഴുവന്‍ കേരളത്തെ ജലസമൃദ്ധമാക്കിക്കൊണ്ടിരുന്നവയായിരുന്നു ഈ നദികള്‍. എന്നാല്‍ നദിയുടെ വൃഷ്ടിപ്രദേശങ്ങളിലെ കാടുകള്‍ വെട്ടിനശിപ്പിച്ചതോടെ നദികള്‍ വെറും കനാലുകളായി മാറി. മഴക്കാലത്ത് പെയ്യുന്ന ജലമത്രയും ഒഴുകി കടലില്‍ ചേരാനുള്ള കനാലുകള്‍. വന്‍മരങ്ങളുടെ വേരുപടലങ്ങളും ഇടതിങ്ങിയ അടിക്കാടുകളുടെ വേരുകളും ചേര്‍ന്ന് മഴക്കാല പെയ്ത്തു വെള്ളത്തെ സ്‌പോഞ്ചു പോലെ ശേഖരിച്ച് വയ്ക്കുകയും അല്‍പ്പാല്‍പ്പമായി ഭൂമിയിലേക്ക് വിട്ടുകൊടുക്കുകയും ചെയ്യുമ്പോഴാണ് വര്‍ഷം മുഴുവന്‍ നദികള്‍ നിറഞ്ഞൊഴുകിയിരുന്നത്. അതുപോലെ മലമുകളിലെ പാറയിടുക്കുകളും വലിയ ജലസംഭരണികളായി പ്രവര്‍ത്തിച്ചിരുന്നു. പെയ്ത്തുവെള്ളം ഇവയില്‍ തടഞ്ഞുനിര്‍ത്തി ഉറവകളായി മണ്ണിലേക്ക് കിനിഞ്ഞിറങ്ങിയിരുന്നു. എന്നാല്‍ ആധുനിക യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെ പാറകള്‍ എല്ലാം പൊട്ടിച്ചു മാറ്റിയതോടെ പശ്ചിമഘട്ടത്തിലെ പ്രകൃതിദത്തമായ വന്‍ ജലസംഭരണികള്‍ തിരോഭവിച്ചു കഴിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ വേനല്‍ കാലവും മഴക്കാലവും ദുരിതദുരന്തകാലങ്ങളായി മാറുന്നത്.
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ചുടു കൂടിയ വേനല്‍ക്കാലമായിരുന്നു ഈ വര്‍ഷത്തേത്. ജലദൗര്‍ലഭ്യവും ഉഷ്ണ തരംഗവും കൃഷി നാശവും എല്ലാമായി വേനല്‍ ദുരന്തമായി മാറിയപ്പോള്‍ മലയാളി മഴയ്ക്കായി കേണു പ്രാര്‍ത്ഥിച്ചുപോയി. ഈ വര്‍ഷം പൊതുവെ വേനല്‍മഴ കുറവായിരുന്നുതാനും. എന്നാല്‍ ഒടുക്കം വേനല്‍മഴ എത്തിയതാകട്ടെ കാലവര്‍ഷ ദുരന്തങ്ങളുടെ വിളംബരം പോലെയായി. സാധാരണ കാലവര്‍ഷത്തോടനുബന്ധിച്ച് ഉണ്ടാകാറുള്ള അതിതീവ്ര മഴ വേനല്‍ മഴയില്‍ തന്നെ സംഭവിച്ചിരിക്കുന്നു. ആഗോള കാലാവസ്ഥാ വ്യതിയാനം കേരളം പോലൊരു സംസ്ഥാനത്തെ എങ്ങനെയൊക്കെ ബാധിക്കാം എന്നതിന്റെ ഉദാഹരണമായി മാറിയിരിക്കുകയാണ് വേനല്‍ മഴ. ലഘു മേഘവിസ്‌ഫോടനങ്ങള്‍ വ്യാപകമാകാന്‍ കാരണം കാലാവസ്ഥാ വ്യതിയാനം തന്നെയാണ്. അറബിക്കടലില്‍ രൂപം കൊണ്ട ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദവും കൂടി ചേര്‍ന്നപ്പോഴുണ്ടായ ജലദുരന്തത്തെയാണ് കേരളം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. ഫലത്തില്‍ കാലവര്‍ഷം എത്തും മുന്നെ നഗര ഗ്രാമ ഭേദമില്ലാതെ കേരളം വെള്ളത്തിനടിയിലായി. ഇതില്‍ തിരുവനന്തപുരം, കൊച്ചി പോലുള്ള പ്രധാന നഗരങ്ങള്‍ വെള്ളത്തില്‍ മുങ്ങി ജനജീവിതം സ്തംഭിക്കാന്‍ കാരണം അനാസൂത്രിതമായ നഗരനിര്‍മ്മിതികളാണ്. പൊതുനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എല്ലാം പണം തട്ടാനുള്ള മാര്‍ഗ്ഗമായി കാണുന്ന ബ്യൂറോക്രാറ്റുകളും രാഷ്ട്രീയക്കാരും ചേരുമ്പോള്‍ ഭാവി മുന്നില്‍ കണ്ടുകൊണ്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും നടക്കില്ല. അപ്പോഴാണ് അഴുക്കുചാലിന്റെ നടുവില്‍ വൈദ്യുതി പോസ്റ്റുകളും മറ്റും വരുന്നത്. അശ്രദ്ധമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നഗര വെള്ളപ്പൊക്കത്തിന് കാരണമാകുന്ന മറ്റൊരു വില്ലനാണ്. അഴുക്കുചാലുകളില്‍ വന്നടിയുന്ന പ്ലാസ്റ്റിക് മാലിന്യം നഗരമാലിന്യങ്ങളെ ശുദ്ധജല സ്രോതസ്സുകളിലേക്ക് എത്തിക്കുകയും ഇത് വന്‍തോതിലുള്ള പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. പ്രകൃതിയിലെ സ്വാഭാവിക മഴവെള്ള സംഭരണികളായി കണക്കാക്കപ്പെടുന്ന ചതുപ്പുനിലങ്ങളും പാടങ്ങളും കണ്ടല്‍ക്കാടുകളും നികത്തിയാണ് നഗരങ്ങളിലെ പാര്‍പ്പിട സമുച്ചയങ്ങളും ആഢംബര ഫ്‌ളാറ്റുകളും മറ്റും നിര്‍മ്മിച്ചിരിക്കുന്നത്. ഇതൊക്കെ നഗര വെള്ളപ്പൊക്കത്തിന് കാരണമാകുന്ന മനുഷ്യനിര്‍മ്മിതികളാണ്. എന്നു മാത്രമല്ല മിക്ക മഹാനഗരങ്ങളും സ്ഥിതിചെയ്യുന്നത് നദീതീരങ്ങളിലോ, തടാകതീരങ്ങളിലോ ഒക്കെയാണ്. ഈ നദീതടങ്ങളില്‍ നടക്കുന്ന കൈയേറ്റങ്ങളും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പ്രളയത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. ഗുജറാത്തില്‍ കര്‍ണ്ണാവതി മഹാനഗരത്തിലൂടെ അഴുക്കുചാലായി ഒഴുകിയിരുന്ന നര്‍മ്മദയെ എങ്ങിനെയാണ് തീരസംരക്ഷണത്തിലൂടെ അമൃതവാഹിനിയാക്കി മാറ്റിയതെന്ന് മലയാളികള്‍ കണ്ടുപഠിക്കേണ്ടതാണ്. നഗരം വെള്ളത്തില്‍ മൂടുമ്പോള്‍ വിനോദ സഞ്ചാരത്തിന് സകുടുംബം മൂന്നാറിനു പോകുന്ന ‘മേയറു കുട്ടി’മാര്‍ക്ക് ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാകില്ലെങ്കിലും അവരെയൊക്കെ വോട്ടു ചെയ്തു വിജയിപ്പിക്കുന്നവര്‍ക്കെങ്കിലും കാര്യങ്ങള്‍ മനസ്സിലായാല്‍ കൊള്ളാം.
കേരളം കണ്ട ഏറ്റവും വലിയ പ്രളയദുരന്തം 1924 ജൂലൈ 17ന് ഉണ്ടായതാണെന്ന് പഴമക്കാര്‍ പറയുന്നു. കൊല്ലവര്‍ഷം 1099 കര്‍ക്കടകത്തില്‍ സംഭവിച്ച ഈ പ്രളയദുരന്തം തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്ന പേരിലാണ് അറിയപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്നും ആറായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്തിരുന്ന മൂന്നാര്‍ നഗരം സമ്പൂര്‍ണ്ണമായി ജലമെടുത്തു പോയി എന്നു പറയുമ്പോള്‍ ദുരന്തത്തിന്റെ ഭീകരത മനസ്സിലാക്കാന്‍ കഴിയും. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം മധ്യകേരളത്തെയാണ് അന്ന് ഏറെ ബാധിച്ചതെന്നു കാണാം. പെരിയാറിന്റെ വൃഷ്ടിപ്രദേശത്തുണ്ടായ അതിതീവ്രമഴയായിരുന്നു ദുരന്തത്തിന് കാരണമായത്. മുല്ലപ്പെരിയാര്‍ പോലെ കാലപ്പഴക്കം ചെന്ന അണക്കെട്ടും തലയില്‍ പേറി നില്‍ക്കുന്ന കേരളത്തിന് അതുപോലൊരു പ്രളയം ഉണ്ടായാല്‍ എറണാകുളം പോലുള്ള മഹാനഗരത്തെ ജലദുരന്തത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിഞ്ഞെന്നു വരില്ല. മഴക്കാലവും വെള്ളപ്പൊക്കവും വരുമ്പോള്‍ പ്രളയ ദുരന്തനിവാരണത്തെക്കുറിച്ച് പഠിക്കാന്‍ വിദേശത്തു പോകുന്ന മന്ത്രിമാരുള്ള കേരളത്തില്‍ ജനങ്ങള്‍ ഇന്നും വിധിയുടെ കാരുണ്യത്തിലാണ് കഴിയുന്നത്. 2018ല്‍ വലിയ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായപ്പോള്‍ മുതല്‍ വെള്ളപ്പൊക്ക നിയന്ത്രണത്തിന് ‘ഡച്ച് മാതൃക’ പിന്‍തുടരും എന്നു പറഞ്ഞു തുടങ്ങിയതാണ്. മുഖ്യമന്ത്രിയും സംഘവും വെള്ളപ്പൊക്ക നിയന്ത്രണം പഠിക്കാന്‍ നെതര്‍ലഡില്‍ പോയിരുന്നെങ്കിലും അതിന്റെ ഫലമെന്തായെന്ന് ഇതുവരെ ആര്‍ക്കും അറിയില്ല.
നദികള്‍, തടാകങ്ങള്‍, കുളങ്ങള്‍, കായലുകള്‍ തുടങ്ങി വ്യാപകമായ ജലസ്രോതസുകള്‍ ഇവിടെയുണ്ടെങ്കിലും ശാസ്ത്രീയമായ ജലശേഖരണമോ വിനിയോഗമോ നടത്താനുള്ള ഒരു പദ്ധതിയും നാളിതുവരെ കേരളത്തിനില്ല. മഴക്കാലത്തു പെയ്യുന്ന മഴവെള്ളം മുഴുവന്‍ ഒഴുകി കടലില്‍ പോകുന്നതല്ലാതെ അവയെ സംരക്ഷിച്ച് കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് ആര്‍ക്കും കാഴ്ചപ്പാടില്ല. വാട്ടര്‍ മാനേജ്‌മെന്റ് എന്നൊരു സംഗതി വികസിത രാഷ്ട്രങ്ങളിലൊക്കെയുണ്ടെന്ന് മലയാളിയെ ഭരിക്കുന്നവര്‍ക്ക് അറിയുക തന്നെയില്ല. മഴക്കാലത്തെ ജലസമൃദ്ധി വേനല്‍ക്കാലത്തെ ജലദൗര്‍ലഭ്യത്തെ നേരിടാനുള്ള ഉപാധിയാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ ഒരുപരിധിവരെയെങ്കിലും പ്രളയത്തെ നേരിടാന്‍ കഴിയും. അതിന് കേരളത്തില്‍ ചെറുകിട ജലശേഖരണ സംവിധാനങ്ങള്‍ വ്യാപകമാക്കണം. അതോടൊപ്പം കാടും മലയും തണ്ണീര്‍തടങ്ങളും സംരക്ഷിക്കാനും വ്യവസ്ഥ വേണം. ഇല്ലെങ്കില്‍ വരാനിരിക്കുന്ന ജലദുരന്തങ്ങളില്‍പ്പെട്ട് കേരളമെന്ന ഭൂപ്രദേശം ജലസമാധിയിലമരും.