തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന് കേശുവേട്ടനെ ഒന്ന് കാണാന്‍ പോയി. തലേന്ന്, നടക്കാന്‍ പ്രയാസമുള്ള കേശുവേട്ടനെ ആരോ വണ്ടിയില്‍ കൊണ്ടുപോയി വോട്ട് ചെയ്യിച്ച് കൊണ്ടുവന്നിരുന്നു. എണ്‍പത്തി മൂന്നിലും തന്റെ സമ്മതിദാനാവകാശം വിനി യോഗിച്ചതിന്റെ ത്രില്ലിലാണ് കേശുവേട്ടന്‍. പഴയ മുത്തശ്ശിപ്പത്രത്തിന്റെ വാര്‍ത്താ എഡിറ്ററായി പ്രവര്‍ത്തിച്ച കേശുവേട്ടനെ കൊണ്ടുപോയവര്‍ ആരാണെന്നു ഊഹിച്ചു. ‘ഞങ്ങളൊക്കെ പണ്ടേയ്ക്കും പണ്ടേ കോണ്‍ഗ്രസ്സുകാരാ’ എന്നൊരു പഴമൊഴിയില്‍ വിശ്വസിച്ചവര്‍. അവരുണ്ടോ അറിയുന്നു കേശുവേട്ടനില്‍ വന്ന മാറ്റം. ഞങ്ങള്‍ തമ്മിലുള്ള നിരന്തര ചര്‍ച്ചകള്‍ കേശുവേട്ടന്റെ മനസ്സിലെ പഴയ ബിംബങ്ങളെ ഇടിച്ചിട്ടു എന്നും കേശുവേട്ടന്‍ പൂര്‍ണ്ണമായല്ലെങ്കിലും ദേശീയവാദിയായി എന്നതും. ‘കേശുവേട്ടാ ഏതു ചിഹ്നമാ കാണാന്‍ ഏറ്റവും മനോഹരം? എന്ന ചോദ്യത്തിന് ‘അതിനെന്താ സംശയം താമര തന്നെ’ എന്ന് പറയാന്‍ ഒട്ടും മടിയില്ലാത്തയാള്‍ ആയി എന്നും.!
ചെന്ന പാടെ എന്തൊക്കെയുണ്ട് വിശേഷം? എലക്ഷന്‍ വാര്‍ത്തകള്‍ കേട്ടില്ലേ? എന്ന് ചോദിച്ചു.
അതിനു ഉത്തരമായി ‘അബ് സേര്‍ഡിറ്റി..’ എന്നാണു പറഞ്ഞത്.
ഞാന്‍ ചിരിച്ചുകൊണ്ട് ‘അതെന്താ?’
കേശുവേട്ടന്‍: ‘കേട്ടില്ലേ.. ഒരു സിഐടിയു പെണ്‍നേതാവ് കോണ്‍ഗ്രസ്സുകാരന് വോട്ട് ചെയ്തപ്പോള്‍ അത് ബിജെപിയ്ക്ക് പോയി എന്ന് പറഞ്ഞു ബഹളം, വൈദ്യുതി മന്ത്രി വോട്ട് ചെയ്യാന്‍ പോയപ്പോള്‍ കറണ്ടു പോയി എന്ന് വാര്‍ത്ത, കട പൂട്ടി വോട്ടു പെട്ടിയുമായി നീങ്ങിയ ഉദ്യോഗസ്ഥരെ തടഞ്ഞ് ഗുണ്ടകള്‍, വോട്ടിങ് ശതമാനം കുറഞ്ഞത് തങ്ങളെയല്ല മറ്റുള്ളവരെയാണ് ബാധിക്കുക എന്ന് തര്‍ക്കിക്കുന്ന രാഷ്ട്രീയക്കാര്‍, മുറിവുകളില്‍ മുളക് പൊടിയിടുന്ന മാധ്യമക്കാര്‍, നേതാവിന്റെ അസഭ്യ ഭര്‍ത്സനം കേട്ട് മൗനം പാലിച്ച് വിധേയത്വം കാട്ടുന്ന പത്രക്കാര്‍, രഹസ്യ തുരങ്കങ്ങള്‍ വഴി പുറത്ത് കടക്കാനുള്ള സഖാക്കളുടെ ധീര ശ്രമത്തെ ‘കര്‍ക്കിടക ന്യായേന’ പരാജയപ്പെടുത്തിയ കൂര്‍മ്മ സഖാക്കള്‍.’
‘കേശുവേട്ടന്‍ എല്ലാം സശ്രദ്ധം വീക്ഷിക്കുന്നു എന്നറിയുന്നു’ ഞാന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു.
‘കേരളം വാസ്തവത്തില്‍ കെ.കേരളമായി’
‘അതെന്താ? കെ റെയില്‍, കെ ഫോണ്‍ പോലെ?’
‘കലികാല കേരളം!’
‘അബ്‌സൊല്യൂട്ട്‌ലി റൈറ്റ്.. ഭാഗവതം കിളിപ്പാട്ടില്‍ പറയുന്നു:
‘ഇക്കലി യുഗത്തിങ്കല്‍ മാനുഷപ്പരിഷകള്‍
ദുഖിതന്മാരായുള്ളൂ നിത്യോപദ്രവങ്ങളാല്‍
അല്‍പായുസ്സുകളുമായല്‍പ്പബുദ്ധികളുമാ-
യല്‍പ്പഭാഗ്യന്മാരുമായ് മിക്കതുമുള്ളൂ നൂനം..’
‘ഇത് കേരളത്തിന് നന്നേ ചേരും.’
‘ശരിയാണ്. കേട്ടിട്ടുണ്ട്. കലിയ്ക്ക് താമസിക്കാന്‍ പറ്റിയ ആ അഞ്ച് ഇടങ്ങളും കേരളത്തിലുണ്ട്. ലോട്ടറി, ബീവറേജ്, സെക്‌സ്, ഗോള്‍ഡ്, വയലന്‍സ് അഞ്ചിനും കേരളം പ്രശസ്തം. ആ വരികള്‍ അറിയില്ല.’
‘അതിതാണ്:
‘സന്തതം ചൂതു പൊരുന്നേടത്തും
സുരാപാന-
മന്തമെന്നിയേ ചെയ്തീടുന്നവങ്ക-
ലും പിന്നെ
പന്തൊക്കും മുലമാര്‍ പൂത്തുള്ള-
വരിലും ‘രുക്മ
പംക്തികള്‍ തോറും സര്‍വ്വ ഹിം-സാകാരകങ്കലും
ചെന്നുടനഞ്ചിടത്തുമിരിപ്പാന്‍ നി-
യോഗിച്ചു…’
‘ഹ..ഹ..ഹ..’ കേശുവേട്ടന്‍ ചിരിച്ചു.
‘എനിക്കറിയാം.. കേരളത്തെ പിടിച്ചു കുലുക്കിയ നാരീമണിമാരുടെ ചിത്രം മനസ്സില്‍ തെളിഞ്ഞു കാണും അല്ലെ?’
‘ങാ.. രുക്മ പംക്തികള്‍ എന്ന സ്വര്‍ണ്ണക്കടകളും!.. അതിന്റെ ബാഹുല്യം വേറൊരു സംസ്ഥാനത്തും മഹാനഗരങ്ങളില്‍പ്പോലും ഇത്ര ഇല്ല. ഹിംസയില്‍ നൂതന വിദ്യകള്‍ കണ്ടു പിടിക്കുന്ന ഇടവും കേരളം തന്നെ.’
കെ. കേരളം – കലികാല കേരളം അക്ഷരാര്‍ത്ഥത്തില്‍.. എയര്‍പോര്‍ട്ടില്‍ എഴുതി വെക്കാം.. ‘വെല്‍കം ടു കെ.കേരളം’!
‘കലീസ് ഓണ്‍ കണ്‍ട്രി’ അല്ലെ?
‘പിന്നല്ലാതെ?.. ഉടുതുണി അഴിച്ചു പണയം വെച്ച അവസ്ഥയിലാക്കി കേരളത്തെ. കലി ബാധിച്ച നളന്‍ ചെയ്തതും അത് തന്നെ അല്ലെ?’
‘കേന്ദ്രത്തെ നോക്കി എല്ലാം വിറ്റു തുലച്ചു എന്ന് പറഞ്ഞു പറഞ്ഞ്, അപവാദ പ്രചരണം നടത്തി, സ്വയം കുഴിയില്‍ വീണു. എന്നിട്ട് അതിനും കുറ്റം കേന്ദ്രത്തിന്. ഉദ്യോഗസ്ഥരില്‍ അധികവും യൂണിയനിസ്റ്റുകളും അണികളും ആയതിനാല്‍ എല്ലാം സഹിക്കുകയാണ്. ആളുകള്‍ ശമ്പളവും കിമ്പളവും പെന്‍ഷനും ഒന്നും ഇല്ലാതെ.. എന്നാലും ക്ഷമയുടെ നെല്ലിപ്പടി കാണുമ്പോള്‍ ഒരു വേള ഒരു നാള്‍… റൊമാനിയയിലെ ചെസെസ്‌ക്യൂ വിനെ ഓര്‍മ്മയില്ലേ?’
‘അതറിഞ്ഞിട്ട് തന്നെയല്ലേ ഹെലിക്കോപ്റ്റര്‍ റെഡിയാക്കിയിരിക്കുന്നത്?’
‘അത് പോലെ ഇവിടെയും സംഭവിക്കുമോ?’
‘നല്ല സാദൃശ്യമുണ്ട്. കമ്മ്യൂണിസം, ധിക്കാരം, അഴിമതി, സ്വര്‍ണ്ണക്കമ്മോഡ്, മക്കള്‍… ആര്‍ക്കറിയാം?’
‘ഹേയ്.. റൊമാനിയ ഒരു രാജ്യമാണ് കേരളം ഒരു സംസ്ഥാനവും.’
‘എന്തായാലും തൃശ്ശൂര്‍ പൂരം കുളമാക്കിയതിന്റെ പാപം അനുഭവിച്ചേ തീരു. ശബരിമല സമരത്തില്‍ കനലൊരു തരിയായെങ്കില്‍.. പൂരം തരി കെടുത്തുമോ എന്തോ?’
‘നോക്കൂ ആകെ മണ്ഡലങ്ങള്‍ 543 ആണ്. അതില്‍ ഭരിക്കാന്‍ 272 മതി. ഈ പാര്‍ട്ടിയുടെ മത്സരം 46 എണ്ണത്തിലാണ്. വിജയ സാധ്യത രണ്ടോ മൂന്നോ.. എന്നിട്ട് പറച്ചിലോ? ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ.’
‘ഇണ്ടി മുന്നണിയുള്ളൂ എന്നാവാം.. അതും ഉണ്ടാവാന്‍ തമ്മില്‍ അടി കൂടാതിരിക്കണം. അതുമില്ല. പൂച്ചയും നായയും പോലെയാണ് കടിപിടി.’
‘ഹ.ഹ.. ജനങ്ങളെ വിഭജിച്ച് ഭരിക്കുക എന്നത് കോണ്‍ഗ്രസ്സുകാരുടെ പഴയ അടവാണ്. ജാതി സെന്‍സസ്, ഹിന്ദു-മുസ്ലിം വിരുദ്ധത, ഉത്തര-ദക്ഷിണ വൈരുദ്ധ്യം, ധനികന്‍-ദരിദ്രന്‍ ഇങ്ങനെ ഓരോന്ന്. ഇന്ത്യയിലെ സ്വത്ത് ചുരുക്കം ചിലരില്‍ കുന്നു കൂടുകയാണെന്നും അത് വിഭജിച്ച് ന്യൂനപക്ഷത്തിനും മറ്റുള്ളവര്‍ക്കും നല്‍കണമെന്നുള്ള ഓരോ കുതന്ത്രങ്ങളുമായി നടക്കുകയാണ്. അയാളുടെ ഉപദേശി സാം പിത്രോഡ ചിക്കാഗോയിലിരുന്ന് പറയുകയാണ് അമേരിക്കയിലെ പോലെ പാരമ്പരാഗത സ്വത്തവകാശ നികുതി ഇവിടെയും വേണം എന്ന്. അമേരിക്കയിലെ സിവില്‍ നിയമങ്ങള്‍, തുല്യതാ നിയമങ്ങള്‍, ജന്‍ഡര്‍ നിയമങ്ങള്‍ ഒന്നും ഇവിടെ വേണ്ട. ഇന്ത്യയില്‍ ഏക സിവില്‍ നിയമത്തെ, പൗരത്വ നിയമത്തെ, ഏക തിരഞ്ഞെടുപ്പിനെ എല്ലാത്തിനെയും എതിര്‍ക്കുന്ന ഇവരാണ് ഇങ്ങനെ പുതിയ ഓരോന്നുമായി വരുന്നത്.. അധികാരക്കൊതി മൂത്ത് ചുര മാന്തി നടന്ന് പിച്ചും പേയും പറയുകയാണ്. ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ എടുത്ത് വിതരണം ചെയ്യണം എന്ന് പറഞ്ഞപ്പോള്‍; ആരോ പറഞ്ഞു ആയിക്കോട്ടെ മിക്കതും ദേവസ്വം ബോര്‍ഡിന്റെ കയ്യിലാണ്. അത് പോലെ ആദ്യം വഖഫ് ബോര്‍ഡിന്റെയും ചര്‍ച്ചിന്റെയും സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടു കെട്ടണം. എന്നിട്ടാവാം ഒരുപോലെ വിതരണം ചെയ്യല്‍. പിന്നെ മിണ്ടാട്ടമില്ലാതെയായി.’
‘ശരിയാണ്. തിരഞ്ഞെടുപ്പിന് കൊടുത്ത അഫിഡവിറ്റില്‍ യുവരാജാവിനു 30 കോടിയോളം ആസ്തിയുണ്ട്. എന്ത് ജോലി ചെയ്തിട്ടാണ്? ആദ്യം അതില്‍ നിന്ന് പകുതി ദാനം ചെയ്തു തുടങ്ങാം. അംബാനി, അദാനി മുതലായവരാണ് ലക്ഷ്യമെങ്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്മാര്‍ കോടി കോടിയാണ് ചാരിറ്റിയായി, സംഭാവനയായി കൊടുത്തുകൊണ്ടിരിക്കുന്നത് അനേക ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക മാത്രമല്ല സര്‍ക്കാരിലേക്ക് ലക്ഷം കോടികള്‍ നികുതിയിനത്തിലും നല്‍കുന്നുണ്ട്.’
‘സത്യത്തില്‍ ഒന്നുമറിയാതെ ചില ജല്പനങ്ങള്‍. അത്രേയുള്ളു. പറയുന്നത് കേട്ടാല്‍ അറിയാം ഒന്നും വായിച്ചിട്ടില്ല, പഠിച്ചിട്ടില്ല, ചെയ്തിട്ടില്ല, ഒരു കടയില്‍പ്പോയി ഒരു സാധനം മേടിച്ചിട്ടില്ല എന്ന്. എന്നിട്ടും എഴുതും ‘പോസ്റ്റ് ഗ്രാജുവേറ്റ്’ എന്ന്.
‘ഹ ഹ ഹ..’ കേശുവേട്ടന് അത് നന്നേ ബോധിച്ചുവോ?
‘കേരളത്തിലെ ചില രാഷ്ട്രീയക്കാരുടെ തനി പകര്‍പ്പാ.. ഇവിടെ പിന്നെ വീട്ടു മിടുക്ക് കൂടും. ഇംഗ്ലീഷിലോ ഹിന്ദിയിലോ എന്തെങ്കിലും ചോദിച്ചാല്‍ ബ ബ്ബ ബ്ബാ.’
‘ഭാഷാപരിജ്ഞാനമില്ലാതെ എം.പി.യായി പാര്‍ലമെന്റില്‍ പോയി കൊക്കി പെറുക്കി എന്തൊക്കെയോ പറയുക. കഷ്ടം!’
‘കേരളത്തിന്റെ കാര്യങ്ങള്‍ ശരിക്ക് ധരിപ്പിക്കാന്‍ പറ്റാത്തതിനാല്‍ ആയിരിക്കുമോ വേണ്ടത്ര സഹായം ലഭിക്കാത്തത്?’
‘ഒന്നുമല്ല. ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് കേരളത്തിനെ നരകാവസ്ഥയില്‍ എത്തിച്ചത്. പിന്നെ അഴിമതിയും സ്വജനപക്ഷപാതവും സ്വത:സിദ്ധമായ അഹങ്കാരവും.’
‘ശരിയാണ് അഹങ്കാരത്തിനു ഒരു കുറവുമില്ല.’ ‘ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ..’ എന്ന പ്രസ്താവന നോക്കൂ.
‘പൂവന്‍ കോഴി കൂവിയാലേ സൂര്യനുദിക്കൂ’, ‘പല്ലിയാണ് ഉത്തരം താങ്ങുന്നത്’, ‘മാക്രി കരഞ്ഞിട്ടാണ് മഴയുണ്ടാകുന്നത്’ എന്നൊക്കെ പറയുംപോലെ അല്ലെ?’ അതെ.. ധരിച്ചു വശായാല്‍ വഷളാവും.. ആന വാലിലെ രോമത്തിലാണ് ഈച്ച ഇരിക്കുന്നതെങ്കിലും.. അഹങ്കാരത്തിനു കുറവൊന്നുമില്ല.’ നാ അഹങ്കാരാത് പരോ രിപു – അഹങ്കാരത്തെക്കാള്‍ വലിയ ശത്രുവില്ല’ എന്ന് ഉപനിഷദ്…’
‘കേരളത്തെ ബാധിച്ച കലി ഇനി എന്നിറങ്ങുമോ ആവോ?’ ഞാന്‍ ഇറങ്ങാനായി എണീറ്റ് ചോദിച്ചു.
‘ഒരു രണ്ടു മൂന്ന് വര്‍ഷമെടുക്കും..’ എന്ന് കേശുവേട്ടന്‍.
‘വാലങ്ങു കേറിത്തലയാകുന്നു!’ എന്നത് കേള്‍ക്കാത്തവരില്ല. അത് ഉള്ളൂരിന്റെ കലികാല വര്‍ണ്ണനയിലെ വരികളാണ് (കപില വസ്തുവിലെ കര്‍മ്മയോഗി – കിരണാവലി).’
അതിങ്ങനെയാണ് :
‘നല്ലൊരു നാട്ടിന്ന് നാശം പിടിപ്പിപ്പൂ
പുല്ലോളം പോരാത്ത പുള്ളിക്കാരന്‍
ഏതുമറിയാത്തോന്‍ സര്‍വ്വജ്ഞനായ് തീര്‍ന്നു;
ബോധം നശിച്ചവന്‍ ബുദ്ധനായും
കാലം കിടന്നു കരണം മറിയുന്നു!
വാലങ്ങു കേറിത്തലയാകുന്നു!’
എന്ന് ചൊല്ലി ബൈ ബൈ പറഞ്ഞു ഞാന്‍ പോന്നു.