കാലശക്തി പ്രപഞ്ചസൃഷ്ടിക്കായി ബ്രഹ്‌മത്തെ ഉണര്‍ത്തിയപ്പോള്‍ ബ്രഹ്‌മം ഉടനെ രണ്ടായി പിരിഞ്ഞ് ഒരംശംകൊണ്ട് പ്രകൃതിയായും മറ്റേ അംശംകൊണ്ട് താന്‍തന്നെ പുരുഷന്‍ എന്ന രൂപത്തിലും ആവിര്‍ഭവിച്ചു. പ്രകൃതി പ്രപഞ്ചസൃഷ്ടി ആരംഭിക്കവെ പുരുഷന്‍ സാക്ഷിയെന്ന നിലയില്‍ സൃഷ്ടികളെ നോക്കിക്കൊണ്ടുനിന്നു. പ്രകൃതി പുരുഷനില്‍നിന്ന് ശക്തിയാര്‍ജിച്ചാണ് സൃഷ്ടടികര്‍മ്മം നിര്‍വഹിച്ചത്. രണ്ടായി പിരിയുമ്പോഴും കേവലമായ ബ്രഹ്‌മം അതേപടി നിലനിന്നു. അതിനെ കേവലബ്രഹ്‌മം അഥവാ പരബ്രഹ്‌മം എന്നു വിളിക്കുന്നു. പുരുഷനെയാണ് നാം ഈശ്വരന്‍, ദൈവം എന്നൊക്കെ വിളിക്കുന്നത്. ഭഗവദ്ഗീതയിലും കഠോപനിഷത്തിലും പരബ്രഹ്‌മത്തിന്റെ ഈ പിരിയലുകൊണ്ട് രണ്ടു പുരുഷന്മാരുണ്ടായിയെന്നും (പുരുഷനും പുരുഷോത്തമനും) പറയുന്നുണ്ട്. സാധാരണ മനുഷ്യരുടെ ദൈവമാണ് പുരുഷന്‍. അതിനങ്ങേപ്പുറം പരബ്രഹ്‌മത്തെക്കുറിച്ച് അവര്‍ ചിന്തിക്കാറില്ല; ജ്ഞാനികളേ ചിന്തിക്കാറുള്ളൂ. മഹാജ്ഞാനികളായ ഋഷിമാരെല്ലാം നിര്‍ഗുണനിരാകാരമായ കേവലബ്രഹ്‌മത്തെയാണ് ഉപാസിക്കുന്നത്. ശ്രുതികളിലെല്ലാം പറയപ്പെടുന്ന ബ്രഹ്‌മം പരംപൊരുളായ ബ്രഹ്‌മമാണ്. അതുതന്നെ ശുദ്ധബ്രഹ്‌മം അഥവാ കേവലബ്രഹ്‌മം. അത്രയും അറിവ് സാമാന്യജനതയ്ക്കില്ലാത്തതുകൊണ്ടാണ് ഈശ്വരനെ ആരാധിക്കുന്നത്. നിര്‍ഗുണനും നിരാകാരനുമായ ആ ബ്രഹ്‌മത്തെ വെളിപ്പെടുത്തുകയാണ് അനേകം ഉപനിഷത്തുകള്‍ ചെയ്തത്.
ബാദരായണമഹര്‍ഷി എഴുതിയ ബ്രഹ്‌മസൂത്രം എന്ന കൃതിക്ക് ശങ്കരാചാര്യരുള്‍പ്പെടെ അനേകം പേര്‍ ഭാഷ്യം എഴുതിയിട്ടുണ്ട്. മലയാളത്തില്‍ അനേകം ഉപനിഷത്തുകള്‍ക്ക് വ്യാഖ്യാനം ചമച്ചിട്ടുള്ള മൃഢാനന്ദസ്വാമികള്‍ മലയാളികള്‍ക്കുവേണ്ടി വളരെ ചുരുക്കിയും ലളിതമായും ബ്രഹ്‌മസൂത്രത്തിന്റെ ഭാഷ്യം എഴുതിയിട്ടുണ്ട്. അതിലെ ബ്രഹ്‌മത്തെമാത്രം അടിസ്ഥാനമാക്കി, ജിജ്ഞാസുക്കള്‍ക്കായി ഒരു ലഘുപ്രബന്ധം തയ്യാറാക്കി, കേവലമായ ബ്രഹ്‌മത്തെക്കുറിച്ച് സാമാന്യമായ ഒരറിവ് പകര്‍ന്നുതരുവാന്‍ ശ്രമിക്കുകയാണ്.
മൂന്ന് ഉപാധികളാണ് സനാതനധര്‍മ്മത്തിന്റെ പൊരുളറിയിക്കുന്ന സൃഷ്ടികളായി ലോകം കരുതിപ്പോരുന്നത്. അവയില്‍ ഒന്ന്- ഉപനിഷത്തുകള്‍, രണ്ട്- ഭഗവദ്ഗീത, മൂന്ന്- ബ്രഹ്‌മസൂത്രം. ഇവയെ പ്രസ്ഥാനത്രയി എന്നു ലോകം വിളിക്കുന്നു.
ബ്രഹ്‌മസൂത്രത്തിലെ അദ്ധ്യായം മൂന്ന്, പാദം 2, 11 മുതലുള്ള ചില സൂത്രങ്ങളെയാണ് ബ്രഹ്‌മത്തെക്കുറിച്ചുള്ള സൂത്രകാരന്റെ അഭിപ്രായങ്ങളായി ഇവിടെ സ്വീകരിക്കുന്നത്. ബ്രഹ്‌മം സഗുണമാണെന്നും നിര്‍ഗുണമാണെന്നും ലക്ഷണത്തോടുകൂടിയതാണെന്നുമാണ് വിചാരിക്കുന്നത്. എന്തെന്നാല്‍ ”സര്‍വകര്‍മ്മാ, സര്‍വകാമഃ, സര്‍വഗന്ധഃ, സര്‍വരസഃ” (ഛാന്ദോ.3.14.2) എല്ലാ കര്‍മ്മങ്ങളും ചെയ്യുന്നവനും, എല്ലാ കാമങ്ങളുമുള്ളവനും എല്ലാ ഗന്ധങ്ങളും രസങ്ങളുമനുഭവിക്കുന്നവനാണെന്നും ബ്രഹ്‌മം സഗുണമാണെന്നും പറയുന്നു. ”അസ്ഥൂലമനണ്വഹ്രസ്വമദീര്‍ഘം,” (ബൃഹ.3.8.8) സ്ഥൂലമോ അണുവോ ഹ്രസ്വമോ ദീര്‍ഘമോ അല്ലെന്ന് ഗുണാതീതനിര്‍ഗുണസ്വരൂപത്തെയും (ഗുണങ്ങള്‍ക്കെല്ലാം അതീതനായതുകൊണ്ട് നിര്‍ഗുണന്‍) കാണിക്കുന്നു. അതുകൊണ്ട് ബ്രഹ്‌മം രണ്ടുവിധ ലക്ഷണങ്ങളോടും കൂടിയതാണെന്ന് വിചാരിക്കണമെന്ന് പൂര്‍വപക്ഷം. ഈ പൂര്‍വപക്ഷത്തുനിന്ന് ഋഷി യാഥാര്‍ത്ഥ്യത്തിലേക്ക് കടക്കുന്നു.
എന്നാല്‍ അതു ശരിയല്ല. യഥാര്‍ത്ഥത്തില്‍ നിര്‍ഗുണമായ ബ്രഹ്‌മം ഭൂമി മുതലായ ഉപാധികളോട് ബന്ധപ്പെടുമ്പോള്‍ അങ്ങനെ തോന്നുന്നുവെന്നേയുള്ളു. അല്ലാതെ ഒരേ വസ്തുവിന് ഒരേ സമയത്ത് രണ്ടു രൂപമുണ്ടാവുക സാധ്യമല്ലല്ലൊ. ഉപാധിയോടു ചേരുമ്പോള്‍ വസ്തുവിന്റെ യഥാര്‍ത്ഥ സ്വരൂപത്തിനു മാറ്റം വരികയില്ല. വന്നു എന്നു തോന്നുന്നത് ഭ്രമം മാത്രമാണ്. ”അശുദ്ധമസ്പര്‍ശമരൂപമവ്യയം,” (കഠം.3.15) ശബ്ദമോ സ്പര്‍ശമോ രൂപമോ നാശമോ ഇല്ലാത്തത്, എന്നതുപോലെയുള്ള വാക്യങ്ങള്‍ മാത്രമേ ശ്രുതികളില്‍ ബ്രഹ്‌മപ്രതിപാദകങ്ങളായി കാണുന്നുള്ളു. അതുകൊണ്ട് ബ്രഹ്‌മം നിര്‍ഗുണമാണ്.
ശ്രുതികളില്‍ ബ്രഹ്‌മത്തെ സഗുണസാകാരമായും നിര്‍ഗുണനിരാകാരമായും വര്‍ണിക്കുന്നതുകൊണ്ട് രണ്ടുതരം ബ്രഹ്‌മമുണ്ടെന്നു വിശ്വസിക്കണം. ബ്രഹ്‌മം നിര്‍ഗുണവും ഏകവുമാണെന്നു പറയുന്നത് ശരിയല്ല എന്ന പൂര്‍വപക്ഷത്തിന്റെ വാദം ശരിയല്ല. ഉപാധി സംബന്ധംകൊണ്ട് ഭിന്നമായിത്തോന്നുന്നതല്ലാതെ ആത്മാവിനു മാറ്റമുണ്ടാവില്ലെന്നും ശ്രുതി വ്യക്തമാക്കുന്നുണ്ട്. ”യശ്ചായമസ്യാം പൃഥിവ്യാം തേജോമയോങ്കമൃതമയഃ പുരുഷഃ അയമേവ സ യോങ്കയമാത്മാ” (ബൃഹ. 2.5.1). ഈ പൃഥ്വിയില്‍ തേജോമയനും അമൃതമയനുമായ പുരുഷന്‍ യാതൊന്നുണ്ടോ, അദ്ധ്യാത്മമായി ഈ ശരീരത്തിലിരിക്കുന്ന തേജോമയനും അമൃതമയനുമായ പുരുഷനും ആ ഈ ആത്മാവുതന്നെയാണ് എന്ന്. ലളിതമായി പറഞ്ഞാല്‍ വിശ്വം മുഴുവനും വ്യാപിച്ചിരിക്കുന്ന പുരുഷന്‍ തന്നെയാണ് ഈ ദേഹത്തിലിരിക്കുന്ന പുരുഷനെന്നും ധരിക്കണം.
ചില ശാഖക്കാര്‍ ഇതിനെ ഉറപ്പിച്ചും ഭേദവാദികള്‍ നിന്ദിച്ചും പറയുന്നുണ്ട്. ”മനസൈവേദമാപ്തവ്യം നേഹ നാനാസ്തി കിഞ്ചന, മൃത്യോഃ സ മൃത്യുമാപ്‌നോതി യ ഇഹ നാനേവ പശ്യതി” (കഠം. 4.11). ആത്മാവില്‍ നാനാത്വമില്ലെന്നും ഉപാധിഗതമാകുമ്പോഴും അത് ഏകമാണെന്നും മനസ്സുകൊണ്ടുതന്നെ ചിന്തിച്ചറിയണം. ഇനി നാനാത്വമുണ്ടെന്നറിയുന്നവന്‍ മരണത്തില്‍ നിന്നു മരണത്തിലേക്കുതന്നെ പോകുന്നു. ജനനമരണരൂപമായ സംസാരത്തില്‍ത്തന്നെ കിടന്നുഴലുന്നു എന്ന് നാനാത്വദര്‍ശനത്തെ നിന്ദിക്കുന്നു. അതുപോലെ ”ഭോക്താഭോഗ്യം പ്രേരിതാരം ച മത്വാ സര്‍വം പ്രോക്തം ത്രിവിധം ബ്രഹ്‌മമേതത്” (ശ്വേതാ.1.12). ഭോക്താവായ ജീവനും ഭോഗ്യമായ ജഗത്തും നിയന്താവായ ഈശ്വരനും -ഇങ്ങനെ മൂന്നു വിധത്തില്‍ പറയപ്പെടുന്നത് ഒരേയൊരു ബ്രഹ്‌മമാകുന്നുവെന്നര്‍ത്ഥം.
”അരൂപവദേവ ഹി തത് പ്രധാനത്വാത്” (അ.3.പാദം-2. സൂത്രം: 14). രൂപമില്ലാത്ത ബ്രഹ്‌മം തന്നെയാണ് അറിയപ്പെടേണ്ടത്. എന്തുകൊണ്ടെന്നാല്‍ ശ്രുതികള്‍ പ്രധാനമായി ഉപദേശിക്കുന്നത് അതിനെയാണ്. ബൃഹദാരണ്യകത്തിലെ ”അസ്ഥൂലമനണ്വഹ്രസ്വമദീര്‍ഘം”(3.8.8) എന്ന മന്ത്രവും, (സ്ഥൂലമോ അണുവോ ഹ്രസ്വമോ ദീര്‍ഘമോ അല്ലാത്തതാണ് ബ്രഹ്‌മം); കഠോപനിഷത്തിലെ ”അശബ്ദമസ്പര്‍ശമരൂപമവ്യയം”(3.15) എന്ന മന്ത്രവും (ശബ്ദസ്പര്‍ശാദികളോ രൂപമോ നാശമോ ഇല്ലാത്തത്) നാം പഠിച്ചുകഴിഞ്ഞു. ”ആകാശോ വൈ നാമ നാമരൂപയോര്‍ന്നിര്‍വഹിതാ തേ യദന്തരാ തദ് ബ്രഹ്‌മ,” (ഛാന്ദോ.8.14.1) ആകാശമല്ലയോ നാമരൂപങ്ങളെ വഹിക്കുന്നത്, ആ നാമരൂപങ്ങള്‍ ഏതൊന്നില്‍ ഇല്ലയോ അതാകുന്നു ബ്രഹ്‌മം. ”ദിവ്യോഹ്യമൂര്‍ത്തഃ പുരുഷഃ സ ബാഹ്യാഭ്യന്തരോഹ്യജഃ” (മുണ്ഡക. 2.12). ദിവ്യനും ആകൃതിയില്ലാത്തവനും. ”തദേതദ്ബ്രഹ്‌മ അപൂര്‍വമനപരമനന്തരമബാഹ്യമയമാത്മാ ബ്രഹ്‌മ സര്‍വാനുഭൂഃ” (ബൃഹ.2.5.19). എല്ലാറ്റിനെയും അനുഭവിക്കുന്ന ഈ പ്രത്യഗാത്മാവ് മുമ്പ് കാരണമില്ലാത്തതും പിന്നീട് കാര്യമില്ലാത്തതും തന്നില്‍ നിന്നന്യമല്ലാത്തതും ആകുന്നു; അതുതന്നെയാകുന്നു ബ്രഹ്‌മം. എന്നിപ്രകാരമുള്ള അനേകം വാക്യങ്ങള്‍ പ്രപഞ്ചസംബന്ധമില്ലാത്ത ബ്രഹ്‌മത്തെത്തന്നെ പ്രധാനമായി ഉപദേശിക്കുന്നു. അത് ശരിയാണെന്നു ”തത്തു സമന്വയാത്” (ബ്ര.സൂ. 1.1.4) ജഗത്തിന്റെ ഏകകാരണം ബ്രഹ്‌മമാണെന്ന വിഷയത്തില്‍ എല്ലാ വേദാന്തവാക്യങ്ങളും യോജിക്കുന്നു എന്നു സമര്‍ത്ഥിക്കുകയും ചെയ്തിരിക്കുന്നു. ”നാന്യോങ്കതോസ്തി ദ്രഷ്ടാ” (ബൃഹ.3.7.23) ഇവനില്‍നിന്ന് അന്യനായി കാണുന്നവനില്ല; ”അഥാത ആദേശോ നേതി നേതി” (ബൃഹ.2.3.6) ഇതല്ല, ഇതല്ല എന്നാകുന്നു ബ്രഹ്‌മത്തെ ഉപദേശിക്കുന്ന വചനം; ഇങ്ങനെ ബ്രഹ്‌മം നിര്‍ഗുണനും നിര്‍വിശേഷവും ഏകവും അദ്വയവുമാണെന്ന് പറയുന്ന ശ്രുതികള്‍ ധാരാളമുണ്ട്. ”സദേവ സൗമ്യേദമഗ്ര ആസീദേകമേവാദ്വിതീയം”- (ഛാ.6.2.1) ഹേ സൗമ്യ, ഉല്‍പ്പത്തിക്കുമുമ്പ് ഈ കാണപ്പെടുന്നതെല്ലാം സദ്രൂപമായിരുന്നു (സത്തായ രൂപം). ആ സത്തില്‍നിന്നാണ് എല്ലാമുണ്ടായിട്ടുള്ളത്. കാര്യം കാരണത്തില്‍നിന്ന് അന്യമല്ലല്ലോ. ഈ ജഗത്ത് ആ സദ്രൂപം തന്നെയായിരുന്നു. ഏകമായിരുന്നു എന്നര്‍ത്ഥം. ജഗത്തിന്റെ ഉത്പത്തിസ്ഥിതിലയങ്ങള്‍ക്കു കാരണം ആ ഏകം തന്നെയായിരുന്നു. ബ്രഹ്‌മഭിന്നങ്ങളായ വേറെ തത്ത്വങ്ങളുണ്ടെന്നുപറയുന്നത് ഭ്രമം മാത്രമാണ്. ഇപ്രകാരം ബ്രഹ്‌മഭിന്നമായ സകലതിനെയും ശ്രുതികള്‍ അനേകവിധത്തില്‍ നിഷേധിച്ചിരിക്കുന്നതുകൊണ്ടും മറ്റൊരു വസ്തുവില്ലെന്നു നിശ്ചിതമായിരിക്കുന്നു. ”ബ്രഹ്‌മൈവേദം സര്‍വം,” ”ആത്മൈവേദം സര്‍വം” (ഛാന്ദോ.7.25.2) ”നേഹ നാനാസ്തി കിഞ്ചന” (ബൃ. 4.4.19) ”യസ്മാത് പരം നാപരമസ്തി കിംചിത്” (ശ്വേതാ.3.9) മുതലായ പല ശ്രുതികളും ബ്രഹ്‌മഭിന്നമായ വസ്തുവിനെ നിഷേധിക്കുന്നുണ്ട്. ഇങ്ങനെ ബ്രഹ്‌മഭിന്നങ്ങളായ വസ്തുക്കളെ നിഷേധിച്ചതുകൊണ്ടു ബ്രഹ്‌മം സര്‍വഗതവും സര്‍വവ്യാപിയുമാണെന്നു സിദ്ധിക്കുന്നു. ”യാവാന്‍ വാ അയമാകാശസ്താവാനേഷോങ്കന്തര്‍ഹൃദയ ആകാശഃ” (ഛാന്ദോ.8.1.3) ഈ ആകാശം എത്രമാത്രമോ അത്രമാത്രമുള്ളതാകുന്നു ഹൃദയാകാശവും ബ്രഹ്‌മവുമെന്നര്‍ത്ഥം.
”ആകാശാവത് സര്‍വഗതശ്ച നിത്യ” (ഛാന്ദോ.3.14.3) ആകാശംപോലെ സര്‍വഗതവും നിത്യവുമാണ് ബ്രഹ്‌മം. ”നിത്യ സര്‍വഗതഃ സ്ഥാണുരചലോയം സനാതനഃ” (ഗീത.2.24) നാശമില്ലാത്തവനും എല്ലായിടത്തും വ്യാപിച്ചിരിക്കുന്നവനും സ്ഥിരസ്ഥായിയും ഇളക്കമില്ലാത്തവനും സനാതനനുമാണ് ഇവന്‍, എന്ന് ശ്രുതിസ്മൃതികളെല്ലാം ബ്രഹ്‌മത്തിന്റെ ഏകത്വത്തെയും സര്‍വഗതത്ത്വത്തെയും വെളിപ്പെടുത്തുന്നുണ്ട്.
”യം വിനിദ്രാ ജിതശ്വാസാഃ സന്തുഷ്ടാഃ സംയതേന്ദ്രിയാഃ
ജ്യോതിഃ പശ്യന്തി യുഞ്ജാനാസ്തസ്‌മൈ യോഗാത്മനേ നമഃ”
നിദ്രയെയും ശ്വാസത്തെയും ജയിച്ച് ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് സന്തുഷ്ടന്മാരായ യോഗികള്‍ ആരെ ദര്‍ശിക്കുന്നുവോ ആ യോഗാത്മാവായ ബ്രഹ്‌മത്തിനു നമസ്‌കാരം, എന്ന് മഹാഭാരതം ശാന്തിപര്‍വത്തിലെ ഭീഷ്മസ്തവരാജം എന്ന സ്തുതിയില്‍നിന്നു് ഒരു ഉദാഹരണംകൂടി എടുത്തു പറയാം.
പിന്നെ സഗുണസാകാരരൂപമായി ബ്രഹ്‌മത്തെപ്പറ്റി പറഞ്ഞിട്ടുള്ളതെല്ലാം (സാധാരണക്കാരന്റെ) ഉപാസനയ്ക്കു വേണ്ടിയാണെന്നും ബ്രഹ്‌മം സമഗ്രമായ പ്രജ്ഞാനഘനം മാത്രമാകുന്നുവെന്നും ധരിക്കണം.
”ചിന്മയസ്യാദ്വിതീയസ്യ നിര്‍ഗുണസ്യാ ശരീരിണഃ
ഉപാസകാനാം കാര്യാര്‍ത്ഥം ബ്രഹ്‌മണോ രൂപകല്പനാ.”
ചിന്മയവും അദ്വിതീയവും, ഗുണമോ ശരീരമോ ഇല്ലാത്തതുമായ ബ്രഹ്‌മത്തിന് രൂപം കല്പിക്കുന്നത് ഉപാസകന്മാര്‍ക്ക് ഉപാസനാസൗകര്യത്തിനുവേണ്ടി മാത്രമാകുന്നു എന്നതും ഓര്‍ക്കേണ്ടതാണ്.