കാക്കമുട്ട…
പരുന്തിറച്ചി….
ചെട്ടിക്കുന്നന്‍ കായ…
അങ്ങു ദൂരെ
ഓണാട്ടു കരയിലെ
പരബ്രഹ്‌മത്തിനും
മലനട അപ്പൂപ്പനും
ആനയടി തേവര്‍ക്കും
പടയണിക്കാവിനും
കീഴെ തെളിയുന്ന
ചതുരം ചിറയില്‍
പണ്ടെങ്ങോ
കുടിപാര്‍ത്തിരുന്ന
വയ്യവന്‍ രാക്ഷസന്റെ
വരഞ്ഞിട്ട രൂപത്തിന്
മഹാഭാരതത്തിലെ
ഹിഡുംബന്റെ രൂപം…
വെട്ടിക്കോട്ടെ
പുള്ളുവക്കുടത്തില്‍
അനപത്യതയുടെ
ചുടു തേങ്ങല്‍…
പോരുവഴിയിലെ തറയില്‍
ഗുരുതിപ്പൂക്കള്‍ക്കും
മുട്ടനാടുകള്‍ക്കും
പുകയിലക്കുമൊപ്പം
സുയോധനന്റെ ഗദ..
സൗഹൃദത്തിന്റെ
കവച കുണ്ഡലങ്ങളുമായി
സൂര്യപുത്രന്റെ ദാനത്തോടൊപ്പം
ഉദരവ്യാധിശമനപ്പെരുമയില്‍
നൂറ്റവര്‍ക്കൊറ്റ പെങ്ങളും..
ഏത് ശ്രീലകത്തും
കയറാന്‍ മടിച്ചു
കൊമ്പു തടഞ്ഞൊരു
സര്‍വ വ്യാപിയാം
പരബ്രഹ്‌മം…
ഗുഹ്യാതിഗുഹ്യഗോപ്ത്രിയ്ക്കും
വ്യാഖ്യാനങ്ങള്‍ കൊളുത്തിയ
കണ്ടിയൂരപ്പന്റെ
മൃത്യുഞ്ജയ ഹോമകുണ്ഡം…
മൊഴിയാതെ ദീപമുഴിയാതെ
പറകളൊക്കെയും കഴിഞ്ഞു
മൂലസ്ഥാനദര്‍ശനത്തിനു
ചെട്ടികുളങ്ങരയില്‍ നിന്നും
കൊടുങ്ങല്ലൂരേക്കൊരു
പിശറന്‍ കാറ്റ്….
രാക്ഷസച്ചിറയിലെ
തെളിനീര്‍ ഒരുവേള
പാവങ്ങളുടെ കണ്ണുനീര്‍..
ഹിഡുംബന്റെ
ഉന്തുവണ്ടിയിലെ
ഭക്ഷണം പോലെ
വയ്യാങ്കര ചിറയിലെ
രാക്ഷസന്റെ
പ്രിയ വിഭവങ്ങള്‍..
കാക്കമുട്ട…
പരുന്തിറച്ചി…
ചെട്ടിക്കുന്നന്‍ കായ….
പടയണിപ്പാട്ടിലെ
കാളിക്കലിയില്‍
വിറങ്ങലിച്ച്
വയ്യാങ്കര ചിറയിലേക്ക്
ഊളിയിട്ട്
എന്നെന്നേക്കുമായി
മറഞ്ഞ രാക്ഷസന്‍
കൊതിയോടെ
ഓര്‍ക്കുന്നുണ്ട്
ചെവിയോര്‍ത്തു നിന്നാല്‍
ചിറയില്‍ നിന്നുമൊരു
മൂളിപ്പാട്ടു വന്നു
വീഴുന്നുണ്ട് കാതിലിന്നും..
വയ്യവന്‍ രാക്ഷസന്റെ
ഇഷ്ടവിഭവങ്ങള്‍…
കാക്കമുട്ട…
പരുന്തിറച്ചി….
ചെട്ടിക്കുന്നന്‍ കായ…
ഒരു ചെറുകാറ്റു
മെല്ലെ കുളിച്ചു തോര്‍ത്തി
വയ്യാങ്കര ചിറയില്‍ നിന്നും
സവാരി പോകുന്നുണ്ട്
ഇതേ വായ്ത്താരിയുമായി….
കാക്കമുട്ട…
പരുന്തിറച്ചി….
ചെട്ടിക്കുന്നന്‍ കായ…
ഓണാട്ടുകരയാകെ
ഓളം വെട്ടുന്നുണ്ട്
ഈ വായ്ത്താരി…
കാക്കമുട്ട…
പരുന്തിറച്ചി…
ചെട്ടിക്കുന്നന്‍ കായ…
ചിറയ്ക്കരികില്‍ നിന്ന്
ഒരു രണ്ടാമൂഴക്കാരന്‍
ആവര്‍ത്തിക്കുന്നുണ്ട്
ഇന്നുമീ വായ്ത്താരി…
കാക്കമുട്ട…