ചാണക്യന്‍ എന്ന് പേര് കേള്‍ക്കാത്തവരുണ്ടാകുകയില്ലല്ലോ… അപ്പോള്‍ ആരാണ് ചാണക്യന്‍ എന്നല്ലേ? പ്രാചീന ഭാരതത്തിലെ അതിബുദ്ധിമാനും പൗരസ്ത്യരും പാശ്ചാത്യരുമായ പണ്ഡിതന്മാര്‍ക്ക് രാഷ്ട്രതന്ത്രത്തെക്കുറിച്ചും സാമ്പത്തികശാസ്ത്രത്തെക്കുറിച്ചുമുള്ള അറിവ് പകര്‍ന്നു കൊടുത്ത മഹാനായിരുന്നു നമ്മുടെ ചാണക്യന്‍. ചക്രവര്‍ത്തിയായ ചന്ദ്രഗുപ്തമൗര്യന്റെ ഗുരുസ്ഥാനവും മന്ത്രിസ്ഥാനവും വഹിച്ചിരുന്നു എന്നതുകൊണ്ട് ബി.സി. നാലാം നൂറ്റാണ്ടിലാണ് അദ്ദേഹത്തിന്റെ ജീവിതകാലം എന്ന് കരുതാവുന്നതാണ്. ചന്ദ്രഗുപ്തമൗര്യനെ ചക്രവര്‍ത്തിയാക്കിയതും അദ്ദേഹത്തിന്റെ ഭരണരീതിക്ക് ചുക്കാന്‍ പിടിച്ചതും ചാണക്യനാണെന്ന് പറയാം.
രാഷ്ട്രതന്ത്രത്തില്‍ നീതി നടപ്പാക്കുന്നതിനായി ഏത് ഉപായവും സ്വീകരിക്കാം എന്ന നിലപാടുകാരനായതിനാല്‍ കൗടില്യന്‍ എന്ന പേരുണ്ടായി എന്നാണ് ഒരു വിശ്വാസം. ഇദ്ദേഹത്തിന് ചരിത്രത്തില്‍ അനേകം പേരുകള്‍ കാണുന്നുണ്ട്. വിഷ്ണുഗുപ്തന്‍, ഭൂമിളന്‍, അംഗുളന്‍ എന്നിവ ചാണക്യന്റെ പേരുകളില്‍ ചിലതുമാത്രമാണ്. ചാണക്യ നീതിയെന്നൊരു നീതി തന്നെ നിലവിലുള്ളത് പഴമൊഴിയായി കേട്ടുവരുന്നു. ചണകന്റെ പുത്രനായതിനാലാണ് ചാണക്യന്‍ എന്ന പേരുണ്ടായത് എന്നതാണ് വിശ്വാസം. അര്‍ത്ഥശാസ്ത്രം എന്ന മഹദ് ഗ്രന്ഥം എഴുതിയ വ്യക്തിയാണ് ചാണക്യന്‍. ഈ അര്‍ത്ഥശാസ്ത്രം എന്ന ഗ്രന്ഥം അദ്ദേഹത്തെ കാലദേശങ്ങള്‍ക്ക് അതീതനാക്കി എന്നു തന്നെ പറയാം. ജര്‍മ്മന്‍ ചിന്തകനായ ജോളി, പാശ്ചാത്യ പണ്ഡിതരായ ജോഹന്‍ മേയര്‍ ആദിയായ പ്രസിദ്ധരായ ആളുകളുടെ പ്രസ്താവ്യങ്ങളിലും ചാണക്യനെക്കുറിച്ച് കാണാം. അര്‍ത്ഥശാസ്ത്രം ഒരു സാധാരണ ഗ്രന്ഥമല്ലെന്നും ഒരു ഗ്രന്ഥ സമാഹാരമാണെന്നും അതിലടങ്ങിയിരിക്കുന്ന തത്വരത്‌നങ്ങളുടെ മാഹാത്മ്യം ആധുനിക കാലത്തുള്ളവര്‍ക്ക് വര്‍ഷങ്ങള്‍ പഠിച്ചാല്‍ മാത്രമേ മനസ്സിലാക്കാന്‍ കഴിയൂ എന്നും അതിന് നിരന്തരമായ പഠനവും പരിശ്രമവും അപാരമായ ജ്ഞാനവും ആവശ്യമാണെന്നും പ്രസ്താവിച്ചു കാണുന്നു. അര്‍ത്ഥശാസ്ത്രം സാധാരണ വിവക്ഷിക്കുന്നത് ഒരു രാജ്യത്തെ ദണ്ഡനീതിയെയാണ്. രാജാവിനാല്‍ ഒരു രാജ്യത്ത് നല്ലൊരു ഭരണം നിര്‍വ്വഹിക്കുന്നതിന്് യുക്തിസഹവും കാലോചിതവും അവസ്ഥക്കനുസരിച്ചുമുള്ളതാണ് നീതികള്‍. അദ്ദേഹം ജ്യോതിശാസ്ത്രവിശാരദന്‍ കൂടിയായിരുന്നു എന്നുകാണുന്നു. ഈ വിഷയത്തിലും അപാരപാണ്ഡിത്യം സമ്പാദിച്ചിരുന്നു എന്ന് മുദ്രാരാക്ഷസം എന്ന ഗ്രന്ഥത്തില്‍ നിന്നുമുള്ള പ്രതിപാദനത്തില്‍ മനസ്സിലാക്കാവുന്നതാണ്. അര്‍ത്ഥശാസ്ത്രത്തില്‍ ആറായിരം, അനുഷ്ടുപ്പ് വിശിഷ്ട ശ്ലോകങ്ങളാണ് അടങ്ങിയിട്ടുള്ളത്.
ജനനം തമിഴ്‌നാടാണെന്നും പരദേശിബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ട ആളായിരുന്നുവെന്നും ഏതാണ്ട് സ്വദേശം തഞ്ചാവൂരാണെന്നും ചിലര്‍ അനുമാനിക്കുന്നു. പിന്നീട് പലവിധ സാഹചര്യത്താല്‍ അന്ന് അറിവിന്റെ കലവറയായി ജനം പാടിപ്പുകഴ്ത്തപ്പെട്ട ബീഹാറിന്റെ തലസ്ഥാനമായ ഇന്നത്തെ പാറ്റ്‌നയെന്നറിയപ്പെടുന്ന പാടലീപുത്രം എന്ന നഗരപ്രാന്തത്തിലേക്ക് ചേക്കേറിയതാണെന്നും പറയപ്പെടുന്നു. ചന്ദ്രഗുപ്തമൗര്യചക്രവര്‍ത്തിയുടെ ഭരണകാലഘട്ടം ബി.സി. 321-297 കാലം ആയിരുന്നല്ലോ. അതായത് ബി.സി. 4-ാം നൂറ്റാണ്ട്. ചാണക്യനെകുറിച്ച് വിഷ്ണുപുരാണത്തിലും വായുപുരാണത്തിലും പരാമര്‍ശങ്ങളുണ്ട്. ചാണക്യനീതിയെന്ന ഭരണനീതി നടപ്പിലാക്കിയ അദ്ദേഹത്തെക്കുറിച്ചും അദ്ദേഹം രചിച്ച ഗ്രന്ഥങ്ങളെക്കുറിച്ചും പ്രാദേശിക – പാശ്ചാത്യനാടുകളിലെ എഴുത്തുകാരുടെ ഗ്രന്ഥത്തിലും പ്രതിപാദിച്ചതായി കാണാം. ഭാരതത്തെ ഉത്തമ രാജ്യമായും ശക്തിയും ഭരണനൈപുണ്യമുള്ള നാടായും ആക്കിതീര്‍ക്കുന്ന തരത്തിലാണ് അര്‍ത്ഥശാസ്ത്രം രചിച്ചിട്ടുള്ളത്.