”ഈ ലോകം മുഴുവനും പ്രശാന്തിനിലയം ആക്കിത്തീര്‍ക്കുന്നതിനുപകരം മനുഷ്യന്‍ ഭൂമിയെ തന്റെ കോപം, വിദ്വേഷം, ദുരാഗ്രഹം, അക്രമാസക്തി എന്നിവകളുടെ കേളീരംഗമാക്കിയിരിക്കുന്നു. നിങ്ങള്‍ക്ക് ശങ്കരാചാര്യരുടെ ശിരസ്സ് ഉണ്ടാവട്ടെ. നിങ്ങള്‍ക്ക് ബുദ്ധന്റെ ഹൃദയമുണ്ടാവട്ടെ. നിങ്ങള്‍ക്ക് ജനകമഹാരാജാവിന്റെ കൈകളുണ്ടാവട്ടെ – അപ്പോള്‍ സമ്പൂര്‍ണ്ണ മനുഷ്യന്‍ നിങ്ങള്‍…”
-ശ്രീ സത്യസായിബാബ.
ജനനം 1926. സമാധി 2011. രണ്ടിനുമിടയിലെ ഹ്രസ്വമായ അകലം വെറും എണ്‍പത്താറ് ഭൗതികവര്‍ഷങ്ങള്‍ മാത്രം. ഭാരതം ലോകത്തിനു നല്‍കിയ, വിശ്വമാനവികതയിലധിഷ്ഠിതമായ അധ്യാത്മവല്ക്കരിക്കപ്പെട്ട സേവനത്തിന്റെ തുടുത്ത ഒരു തുണ്ടു ചരിത്രമാണ് ഈ കാലഖണ്ഡം. മനുഷ്യനും ഈശ്വരനും തമ്മിലുള്ള മൂര്‍ത്ത വിചാരവിപ്ലവത്തിന്റെ വിഭ്രാമകവും വിശ്വാസയോഗ്യവും വിലോഭവനീയമായ സംവാദത്തിന്റേതാണ് ഈ കാലസന്ധി.
ഭക്തിയുടേയും വിശ്വാസത്തിന്റെയും സംസ്‌ക്കാരത്തിന്റെയും മഹിതശില്പമാക്കി മാനവജീവിതത്തെ സാലോക്യസാമീപ്യങ്ങളാല്‍ നിരന്തരമനുഗ്രഹിച്ച കാലഘട്ടമാണിത്. ജീവലോകത്തെയാകമാനം ഋതുരാജനായ വസന്തത്തെപ്പോലെ സേവിക്കുന്ന ആത്മീയതയുടെ മണ്ഡലകാലമാണിത്. ഈ കാലത്തിന്റെ സത്യവിസ്മയമാണ് ഭഗവാന്‍ ശ്രീസത്യസായി ബാബയെന്ന സത്യനാരായണ രാജു. ഈ കാലഖണ്ഡത്തിന്റെ നിത്യനൂതനമായ വിഷുക്കണിയാണ് പ്രശാന്തി നിലയം. പുട്ടപര്‍ത്തി മാഹാത്മ്യം പത്തൊമ്പതാമത്തെ പുരാണമാകുന്നു.
ഒറവക്കൊണ്ട ഹൈസ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിച്ചുകൊണ്ടിരുന്ന സത്യനാരായണ രാജു ഒരു ദിവസം വൈകുന്നേരം പുസ്തകങ്ങളെല്ലാം വലിച്ചെറിഞ്ഞ് പഠിപ്പവസാനിപ്പിക്കുന്നു. ലോക്കല്‍ ഗാര്‍ഡിയനായ ജ്യേഷ്ഠനോടിങ്ങനെ പറഞ്ഞു: ”എന്റെ അനുയായികള്‍ എന്നെ വിളിക്കുന്നു. ഇനിമേല്‍ ഞാന്‍ നിങ്ങളുടെയല്ല.”
ജ്യേഷ്ഠന്റെ വീട്ടില്‍ നിന്നും പുറത്തു കടന്ന് അടുത്തുള്ള ഒരാല്‍മരത്തിന്റെ ചുവട്ടില്‍ ചെന്നിരുന്നു. എന്നിട്ട് ഉറക്കെ പാടി:
”മാനസഭജരേ ഗുരുചരണം
ദുസ്തര ഭവ സാഗര തരണം”
സത്യസായിബാബയുടെ പ്രഥമസന്ദേശമാണിത്.
1944ല്‍ ഭക്തര്‍ക്കുവേണ്ടി ഒരു മന്ദിരം പണിതു. ഭക്തപ്രവാഹമേറിയപ്പോള്‍ മറ്റൊരു മന്ദിരം കൂടിയേ തീരൂ എന്ന അവസ്ഥയായി. പഴയമന്ദിരം ഇന്ന് കല്യാണമണ്ഡപമാണ്. 1948ല്‍ പണി തുടങ്ങിയ പുതിയ മന്ദിരം 1950 നവംബര്‍ 23ന് ബാബയുടെ 25-ാം ജന്മദിനത്തില്‍ ബാബ തന്നെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. പ്രശാന്തി നിലയം ഭക്തര്‍ക്കു സമര്‍പ്പിച്ചുകൊണ്ട് ഭഗവാന്‍ പറഞ്ഞു: ”ഈ പ്രശാന്തി നിലയം ഉദ്ഘാടനം ചെയ്യുന്നതോടൊപ്പം ഒരു കാര്യം വ്യക്തമാക്കാന്‍ ഞാനാഗ്രഹിക്കുന്നു. എന്റെ ഏറ്റവും വലിയ അദ്ഭുതകൃത്യം മനുഷ്യനേയും മനുഷ്യമനസ്സിനേയും നന്മയിലേക്കു തിരിച്ച് ഈശ്വരോന്മുഖമാക്കുകയാണ്. ഈ പരിവര്‍ത്തനം ഞാന്‍ പൂര്‍ത്തിയാക്കും. ഇതെന്റെ ദൃഢനിശ്ചയമാണ്. എന്റെ സങ്കല്പം പാഴാവാറില്ല.”
പ്രശാന്തിനിലയം മൂന്നു കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. ഒന്ന് വേദസംരക്ഷണം, രണ്ട് വിദ്വല്‍പോഷണം, മൂന്ന് ധര്‍മ്മസ്ഥാപനം. വേദം മാനവൈക്യത്തെയാണ് ലക്ഷ്യം വെക്കുന്നത്. വേദപാരായണം പുട്ടപര്‍ത്തിയുടെ ആധാരശ്രുതിയായി മാറിയിരിക്കുന്നു. ദേഹമാതാ, ഗോമാതാ, ഭൂമാതാ, ദേശമാതാ, വേദമാതാ – ഈ അഞ്ചമ്മമാരെ വന്ദിക്കുവാന്‍ സായിബാബ പഠിപ്പിക്കുന്നു. നിരന്തരമായ ശ്രദ്ധാനുഷ്ഠാനങ്ങളാല്‍ ധര്‍മ്മസംസ്ഥാപനത്തിനുള്ള ആത്മശക്തിയാര്‍ജ്ജിക്കുവാന്‍ ഭഗവാന്‍ വഴിയൊരുക്കുന്നു.
ശ്രീ സത്യസായി ബാബ ഒരിക്കല്‍ പറഞ്ഞു: ”ഞാന്‍ ഈശ്വരനോ മനുഷ്യനോ മനുഷ്യാതീതനോ അല്ല. ഞാന്‍ ബ്രാഹ്‌മണനോ ക്ഷത്രിയനോ വൈശ്യനോ ശൂദ്രനോ അല്ല. എന്നാല്‍ പിന്നെ ഞാനാരാണെന്ന് നിങ്ങള്‍ ചോദിക്കുമായിരിക്കും. ഞാന്‍ സത്യത്തിന്റെ ഉപദേഷ്ടാവാണ്. ഞാന്‍ സത്യവും ശിവവും സുന്ദരവുമാണ്.”
ഹൈദരാബാദിലെ ‘ശിവം’ ബോംബെയിലെ ധര്‍മ്മക്ഷേത്രം ‘സത്യം’ ചെന്നൈയില്‍ ‘സുന്ദരം. 1968 മെയ് 12ന് ബോംബെയിലെ ധര്‍മ്മക്ഷേത്രത്തിന്റെ നട തുറന്നു. ഭാരതത്തിനകത്തും പുറത്തും നിന്ന് ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. ചില മഹാനുഭാവന്മാരുടെ വചനങ്ങള്‍ കേള്‍ക്കുക:
ഓസ്‌ട്രേലിയക്കാരനായ എഴുത്തുകാരന്‍ ഹോവേര്‍ഡ് മര്‍ഫറ്റ് പറഞ്ഞു: ”സായിബാബയുടെ പ്രേമവും പ്രകാശവും ഓസ്‌ട്രേലിയക്കാവശ്യമാണ്. അങ്ങു വരണം.”
നോര്‍വേയില്‍ നിന്നുമെത്തിയ ടൈഡ് മാന്‍ജോണ്‍സണ്‍ സംസാരിച്ചതിങ്ങനെ: ”അവിടുത്തെ ഉപദേശങ്ങളും ആത്മീയനിര്‍ദ്ദേശങ്ങളും സ്‌ക്കണ്ടിനേവിയ ഭൂപ്രദേശത്തിന് കൂടിയേ തീരൂ.”
സിലോണില്‍ നിന്നും വന്ന നലൈനാഥന്‍ ഇങ്ങനെ ബാബയോടു പറഞ്ഞു: ”ഞങ്ങള്‍ അന്ധകാരത്തിലുഴറുകയാണ്. ഞങ്ങള്‍ക്ക് പ്രകാശം നല്‍കിയാലും.”
കമ്പാലയിലെ സി.ജെ.പട്ടേല്‍ ”ആഫ്രിക്കയ്ക്കാണ് അങ്ങയെക്കൊണ്ട് ഏറെ ആവശ്യം.”
റഷ്യയില്‍ ജനിച്ച് ഇന്ത്യന്‍ നാമധേയം സ്വീകരിച്ച് അമേരിക്കക്കാരിയായ ഇന്ദ്രാദേവി ബാബയോടിങ്ങനെ അപേക്ഷിച്ചു”അങ്ങയെ അമേരിക്കയിലേക്കു കൊണ്ടുവരാമെന്ന് വിദ്യാര്‍ത്ഥികള്‍ക്കു ഞാന്‍ വാക്കുകൊടുത്തിരിക്കുന്നു.”
ലോസ് ഏഞ്ചല്‍സിലെ ചാള്‍സ് പെന്‍: ”ഞങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം തരുവാന്‍ ഭാരതത്തോടാണഭ്യര്‍ത്ഥിക്കുന്നത്. ബാബ ഞങ്ങളുടെ അടുക്കല്‍ വരണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.”
മറ്റൊരവസരത്തില്‍ ചാള്‍സ് പെന്നിനോട് ബാബ ഇങ്ങനെ പറഞ്ഞു: ”ഒരു സ്‌നേഹിതന്‍ വഴി, ഒരു പുസ്തകം വഴി, ഒരു ചിത്രം വഴി എന്നെ സമീപിക്കാം.”
കെ.എം.മുന്‍ഷിയും കരഞ്ചിയയുമൊക്കെ സായിപാദങ്ങളില്‍ അഭയം കണ്ടെത്തിയപ്പോള്‍ ഡോ.എം.ടി. കോവൂരിനെപ്പോലുള്ളവര്‍ വെല്ലുവിളികളുയര്‍ത്തി. കേരളത്തിലെ ഒരു വാരിക (കൊല്ലം) വര്‍ഷങ്ങളോളം ചീത്ത വിളിച്ചുകൊണ്ടേയിരുന്നു. കെ.പി. കേശവമേനോനും കുട്ടികൃഷ്ണമാരാരുമൊക്കെ ഇവിടെ ഋഷി പ്രസാദം ലഭിച്ചവര്‍.
ഒരു ജന്മദിനപ്രഭാഷണത്തില്‍ ഭഗവാന്‍ ഇങ്ങനെ പറഞ്ഞു: ”അത്ഭുതവിദ്യകള്‍ കാണിച്ച് മനുഷ്യനെ പരിഭ്രമിപ്പിക്കുകയല്ല എന്റെ ഉദ്ദേശ്യം. യഥാര്‍ത്ഥമായ ആധ്യാത്മിക പരിശ്രമങ്ങള്‍ക്ക് പ്രതിഫലമായി ആശിര്‍വാദമാകുന്ന വരവും ആനന്ദമാകുന്ന അനുഗ്രഹവും നല്‍കി ലോകരെ സ്വാതന്ത്ര്യത്തിലേക്കും പ്രകാശത്തിലേക്കും പ്രേമത്തിലേക്കും നയിക്കുകയാണ് എന്റെ ആഗമനോദ്ദേശ്യം.”
ജനഹിതം, ഭൂരിപക്ഷസുഖം, സാമാന്യ ജനങ്ങളുടെ ക്ഷേമൈശ്വര്യം അധ്വാനിക്കുന്നവരുടെ സുരക്ഷ ഇവയെല്ലാം തന്നെ സായിസേവയുടെ സമ്മോഹന ലക്ഷ്യങ്ങളാണ്. സായിബാബ കത്തുകളിലൂടെ പഠിപ്പിക്കുന്നു. സ്വപ്‌നങ്ങളിലൂടെ നിര്‍ദ്ദേശിക്കുന്നു. ദര്‍ശനത്താല്‍ പുണ്യം പകരുന്നു. സ്പര്‍ശനത്താല്‍ പരിണമിപ്പിക്കുന്നു. ഭാഷണത്താല്‍ നിയന്ത്രിക്കുന്നു. അടയാളവാക്കുകളാല്‍ ആശ്വാസമേകുന്നു. നൂറ്ററുപതോളം ലോകരാജ്യങ്ങള്‍ ഇതിന് സാക്ഷ്യം പറയും.
ഡോ.എന്‍.കസ്തൂരിയെ മാറ്റി നിര്‍ത്തിക്കൊണ്ടാര്‍ക്കും ശ്രീസത്യസായിബാബയുടെ ജീവചരിത്രമെഴുതാനാവില്ല. 1960 നവംബര്‍ 23ന് കസ്തൂരി സായിബാബയുടെ ജീവചരിത്രഗ്രന്ഥപരമ്പരയായ ‘സത്യം ശിവം സുന്ദരം’ സ്വാമിയ്ക്ക് സമര്‍പ്പിച്ചു. ജീവചരിത്രസാഹിത്യത്തിലെ അത്യപൂര്‍വ്വ രചനയാണിത്. 1958-ല്‍, ബാബ അനുഗ്രഹിച്ച ‘സനാതന സാരഥി’ എന്ന അധ്യാത്മ മാസിക പ്രതിമാസപ്രസാദമായി ഇന്നും ലഭിക്കുന്നു.
ഭാരത സര്‍ക്കാരും യുജിസിയും അംഗീകരിച്ച ശ്രീ സത്യസായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ലേണിങ്ങ് എന്ന സര്‍വ്വകലാശാല 1981 നവംബര്‍ 22ന് ഉദ്ഘാടനം ചെയ്തുകൊണ്ട് ചാന്‍സലര്‍ കൂടിയായ സത്യസായിബാബ ഇങ്ങനെ പറഞ്ഞു: ”… ആനന്ദം അനുഭവിയ്ക്കയാണ് മനുഷ്യാസ്തിത്വത്തിന്റെ പരമമായ ലക്ഷ്യം. ഒരുമയും മമതയുമുള്ള ഒരു നൂതന ലോകം. അവിടെ ലോകത്തേവര്‍ക്കും ആനന്ദം. ഇതിനുള്ള അധ്യയനവും അധ്യാപനവുമാണ് ഇവിടെയുണ്ടാവേണ്ടത്. അപ്പോള്‍ പ്രത്യയസ്ഥൈര്യമുള്ള ഒരു വിദ്യാര്‍ത്ഥി ജനത ഉയിര്‍ക്കൊള്ളും. ആധ്യാത്മിക വിദ്യാഭ്യാസം മാത്രമല്ല ശാസ്ത്രവും സാങ്കേതികവിദ്യയും ഇവിടെ ആത്മവിദ്യയുമായി സമഞ്ജസമായി മേളിക്കും.” വിശ്വാസത്തിന്റെയും സംസ്‌ക്കാരത്തിന്റെയും കേന്ദ്രങ്ങള്‍ കൂടിയാണ് സത്യസായിബാബയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.
സത്യസായിബാബയുടെ ബാലകൗമാരങ്ങള്‍ സംഗീതസാന്ദ്രങ്ങളായിരുന്നു. അദ്ദേഹം നന്നായി പാടുക മാത്രമല്ല വീണയും മൃദംഗവും വായിക്കുകയും ചെയ്യുമായിരുന്നു. ഭക്തരും ശിഷ്യരും തോഴരുമൊക്കെ ഒന്നിച്ചിരുന്നു നടത്തിയിട്ടുളള സംഗീതസദസ്സുകള്‍ പ്രായമുള്ള പുട്ടപര്‍ത്തിയിലെ ആളുകള്‍ പഴയ കാര്യങ്ങളോര്‍ക്കുമ്പോള്‍ ഇപ്പോഴും പറയും. ത്യാഗരാജകീര്‍ത്തനങ്ങളോടുള്ള ആദരവ് ശ്രദ്ധേയം. ഭജനകള്‍ രചിക്കുക, ട്യൂണ്‍ചെയ്യുക, പാടുക, പഠിപ്പിക്കുക ഇതു ബാബയുടെ വിനോദമായിരുന്നു. കവികൂടിയായിരുന്നു സായിബാബ. ഒരു തെലുങ്കു കവിത മലയാളത്തിലിങ്ങനെ:
”ഞാനന്വേഷിക്കുകയാണ്
നീതിയുടെ പാതയിലൂടെ
നടക്കുന്ന ഒരാളെ.
പഞ്ഞിമരത്തിലെ കായ
മാങ്ങയാവില്ലല്ലോ.
ഒരിക്കലും
തിളങ്ങുന്ന സ്ഫടികച്ചില്ലു
കള്‍ക്ക് കല്‍ക്കണ്ടമാവാനാ
വില്ലല്ലോ.
രൂപമല്ല പ്രധാനം.
രൂപമല്ല ഒന്നും നിജപ്പെടു
ത്തുന്നത് സത്തയാണ്;
പ്രകൃതമാണ്.
എന്നിട്ടു വിലയിരുത്തുക.” ‘ചെപ്പിനെട്ടുചെസ്താര?’ എന്നൊരു നാടകം സായിയുടേതായിട്ടുണ്ട്. ഇതിനര്‍ത്ഥം പറയുന്നതുപോലെ ചെയ്യാനാവുമോ എന്നാണ്. ഭംഗിയായി പറഞ്ഞാല്‍ ‘ഏട്ടിലപ്പടി പയറ്റിലിപ്പട്ടി.’ ഈ നാടകം പള്ളിക്കുടത്തിനു നല്‍കിയാണ് എട്ടാം ക്ലാസ്സുകാരന്‍ പടിയിറങ്ങിയത്.
ബാബയുടെ തിരോഭാവം പ്രശാന്തി നിലയത്തെ അനാഥമാക്കുന്നില്ല. സ്പിരിച്വല്‍ സോഷ്യലിസത്തിന്റെ പാഠ്യപദ്ധതി ഇന്നും തുടരുന്നു. എല്ലാവരേയും സ്‌നേഹിക്കുക, എല്ലാവരേയും സേവിക്കുക, എപ്പോഴും സഹായിക്കുക, ഒരിക്കലും നോവിക്കരുത്. പ്രശാന്തി നിലയത്തിലെ സര്‍വ്വധര്‍മ്മസ്തംഭം ഇന്നും ഉയര്‍ന്നു നില്‍ക്കുന്നു.
മൈസൂരിലെ നന്ദിദുര്‍ഗത്തില്‍ നിന്നും ഉത്ഭവിച്ച് പുട്ടപര്‍ത്തിയിലൂടെ ഒഴുകുന്ന നദിയാണ് ചിത്രാവതി. ഒരിക്കല്‍ ഭീതിദമായ വെളളപ്പൊക്കമുണ്ടായി. ജനങ്ങളാകെ ഭയചകിതരായി. പ്രശാന്തി നിലയത്തിലോടിയെത്തി. ഭഗവാന്‍ ശ്രീസത്യസായിബാബ ചിത്രാവതിയോടിങ്ങനെ പറഞ്ഞു: ”ഗംഗേ! നീ പിന്മടങ്ങൂ” ചിത്രാവതി പ്രശാന്തയായി ഒഴുകി, അനുസരണയോടെ. അവതാരമഹിമ പറഞ്ഞും പാടിയും ചിത്രാവതി ഇന്നും ശാന്തയായി ഒഴുകിക്കൊണ്ടേയിരിക്കുന്നു.