ലൗകികഃ എന്ന പദത്തിന് ലോകത്തെ സംബന്ധിക്കുന്ന; സാധാരണ ജീവിതത്തെ സംബന്ധിച്ച; സാധാരണ ജീവിതത്തില്‍ സംഭവിക്കുന്ന; സര്‍വസാധാരണമായ എന്നൊക്കെ അര്‍ത്ഥം പറയാം. ന്യായശബ്ദത്തിന്, ന്യായശാസ്ത്രം, നീതി, നയോപായം, യുക്തി എന്നൊക്കെ അര്‍ത്ഥം പറയാം. ലോകത്തില്‍ സാധാരണമായി കാണുന്ന ചില യുക്തികളാണ് ഇവിടെ വിവരിക്കുന്നത്.
അനേകം ലൗകിക യുക്തികള്‍ അഥവാ ന്യായങ്ങള്‍ ഉണ്ട്. അവയില്‍ ചിലവയെകുറിച്ച് പ്രതിപാദിക്കാം.
പിഷ്ടപേഷഃ, പിഷ്ടപോഷണം
പിഷ്ഠ എന്നതിന് അര്‍ത്ഥം പൊടിച്ച, അരച്ച, കുഴച്ച എന്നൊക്കെയാണ്. പിഷ്ടപേഷണം എന്നു പറഞ്ഞാല്‍ പൊടിച്ചതിനെ വീണ്ടും പൊടിക്കല്‍ എന്നര്‍ത്ഥം. വ്യര്‍ത്ഥമായ പ്രവര്‍ത്തനം ലാഭമില്ലാത്ത പ്രവര്‍ത്തനം എന്നൊക്കെ പറയാം. ഈ ന്യായത്തിന് ശ്രീ മഹാഭാഗവതത്തിലുള്ള ഒരു ഉദാഹരണം താഴെ കൊടുക്കുന്നു.
ഉന്മത്തമത്ത ജഡവത്‌സ്വസംസ്ഥാം
ഗതസ്യ മേ വീര ചികിത്സിതേന
അര്‍ത്ഥഃ കിയാന്‍ ഭവതാ ശിക്ഷിതേന
സ്തബ്ധ പ്രമത്തസ്യ ച പിഷ്ടപേഷഃ
(ശ്രീ മഹാഭാഗവതം – പഞ്ചമസ്‌കന്ധം അദ്ധ്യായം – 10- ശ്ലോകം 13)
ശ്ലോകത്തിന്റെ അര്‍ത്ഥം – ഭ്രാന്തനെപ്പോലെയും മത്തനെപ്പോലെയും ഇരിക്കുന്നവനും വാസ്തവത്തില്‍ സ്വസ്വരൂപസ്ഥിതനുമായ എനിയ്ക്ക് അങ്ങയുടെ ശിക്ഷാരൂപമായ ചികിത്സകൊണ്ടെന്തു കാര്യം? സ്തബ്ധനും പ്രമത്തനും ശിക്ഷാദികള്‍ പിഷ്ടപേഷണം, അതായത് അരച്ചതുതന്നെ പിന്നെയും അരയ്ക്കല്‍ ആണ്. ഇതുപോലെ തന്നെയാണ് പിനഷ്ടി പിഷ്ടം എന്ന പ്രയോഗവും. ഇതും ശ്രീ മഹാഭാഗവതത്തില്‍ കാണാം.
”യഃകിങ്കരോ വൈന പിനഷ്ടി പിഷ്ടം” (ശ്രീമഹാഭാഗവതം – പഞ്ചമസ്‌കന്ധം – അദ്ധ്യായം-10, ശ്ലോകം 23)
ഭഗവല്‍കിങ്കരന്റെ ആജ്ഞയനുസരിക്കുന്നത് പിഷ്ട പേഷണമല്ല എന്ന് ശ്ലോകഭാഗത്തിന്റെ സാരം.
ഇതുപോലെ തന്നെയാണ് ചര്‍വിത ചര്‍വണമെന്നതും. ‘ചര്‍വിത’ എന്നു പറഞ്ഞാല്‍ ചവയ്ക്കപ്പെട്ട, കടിയ്ക്കപ്പെട്ട, ഭക്ഷിക്കപ്പെട്ട എന്നൊക്കെ അര്‍ത്ഥം. ചവച്ചതിനെ വീണ്ടും ചവക്കുന്നതിനെ ചര്‍വിത ചര്‍വണം എന്നു പറയുന്നു. പറഞ്ഞത് തന്നെ വീണ്ടും പറയുക എന്നു സാരം. മുകളില്‍ പ്രസ്താവിച്ച ന്യായങ്ങള്‍ എല്ലാം ഒരേ ഗണത്തില്‍ പെട്ടതാണ്.
(തുടരും)