അത്യന്തമീ ഭുവനമാമിഷഭോജ്യരാലേ
നിത്യം പെരുത്തു, ഭയമേറിവസിച്ചിടുന്നൂ
അന്തംവരുത്തിയവനിക്കു സുരക്ഷയേകാൻ
ശ്രീരാമ! രാമ! ജയതേ! ശുഭ സുപ്രഭാതം!
ആപന്നമാറ്റി, ജനമാനസമന്ദിരത്തിൽ
ആമോദമോടെ തവ രൂപമൊഴിഞ്ഞിടാതെ
സാനന്ദമായിയവനീസുതയൊത്തുവാഴാൻ
സാകേതനാഥ! ജയതേ! ശുഭ സുപ്രഭാതം!
ഇങ്ങല്ല; യങ്ങു ഭുവനത്രയവാസികൾക്കും
അന്നങ്ങു തന്ന ഹരിദശ്വസുമന്ത്രശക്തി
ഇന്നും കെടാതെ ഹൃദയത്തിനു ശുദ്ധിയേകാൻ
ശ്രീരാമഭദ്ര! ജയതേ! ശുഭ സുപ്രഭാതം!
ഈഷൽവരാതെ, ഭുവി കൂരിരുൾ മായ്ക്കുവാനായ്
പൂഷാവിനൊത്ത പരിശോഭയൊടേ വിളങ്ങീ
ആത്മപ്രകാശമരുളുന്നൊരു ദിവ്യമൂർത്തേ!
ആത്മാഭിരാമ! ജയതേ! ശുഭ സുപ്രഭാതം!
ഉത്കൃഷ്ടമായ പിതൃഭക്തിയുമത്രയല്ലാ
ഉത്തുംഗമായ ഗുണപൂർണ്ണത! ധർമ്മനിഷ്ഠ!
ഉല്ലംഘമില്ല; പുരുഷോത്തമ! സത്യമൂർത്തേ!
ശ്രീരാമചന്ദ്ര! ജയതേ!ശുഭ സുപ്രഭാതം!
ഊക്കോടൊരൊറ്റ ശരമെയ്തുമുറിച്ചു സാലം
ഊനംവരാതെ ചിറകെട്ടിയ നിഷ്ഠചിത്തൻ!
ഊറ്റത്തൊടെത്തി, ദശകന്ധരപംക്തി കൊയ്ത
ശ്രീരാമ! രാമ! ജയതേ!ശുഭ സുപ്രഭാതം!
എണ്ണംപറഞ്ഞ ഖലവൃന്ദമൊതുക്കി ശീഘ്രം
ദണ്ണം വരാതെ സഹജീവികളേയുമേറ്റി
എണ്ണാവതല്ല തവ ധർമ്മമനന്തപുണ്യം!
ആനന്ദരാമ! ജയതേ!ശുഭ സുപ്രഭാതം!
ഏതൊന്നിനാണു ജനകാംക്ഷയതിന്നു ഭംഗം
ഏതുംവരാതെ പരിപാലനമേകി ഭംഗ്യാ!
ത്രേതായുഗത്തിലുളവായ കെടാവിളക്കാം
ശ്രീകോസലേശ! ജയതേ! ശുഭ സുപ്രഭാതം!
ഐക്യം, സുരക്ഷ, ജനനന്മയൊരൊറ്റനീതി!
സൌഖ്യം, സുഭിക്ഷ, പരിരക്ഷയുമെത്ര ധന്യം!
വിഖ്യാതമാണു തവ പാലനസൂത്രവാക്യം!
ലോകാഭിരാമ! ജയതേ! ശുഭ സുപ്രഭാതം!
ഒപ്പംനിറുത്തി സകലത്തെയുമൊന്നുപോലേ
കെല്പേകി പക്ഷി, മൃഗസഞ്ചയഭേദമെന്യേ!
കല്പാന്തവഹ്നിയിലമർന്നിടുകില്ല സത്യം!
കാകുത്സ്ഥ! രാമ! ജയതേ! ശുഭ സുപ്രഭാതം!
ഓരാതെ ധർമ്മപരിപാലനഹേതുവായി
രാജ്യം ത്യജിച്ചു, കുലപത്നിയെ വിട്ടൊഴിഞ്ഞൂ
പാരാകെ ധർമ്മസുധ തൂകിയ സത്യമൂർത്തേ!
ധർമ്മിഷ്ഠ! രാമ! ജയതേ! ശുഭ സുപ്രഭാതം!
ഔജ്ജ്വല്യമാനമണികാഞ്ചനഭൂഷണാംഗം!
ശ്രീലക്ഷ്മണാദിസഹജർ പദപൂജചെയ്യും
ആനന്ദതുന്ദിലരുമാത്മനിവേദ്യമേകും
ആനന്ദരാമ! ജയതേ! ശുഭ സുപ്രഭാതം!
അത്യുത്തമം സ്മരണ, രാമജപം വരേണ്യം!
അത്യുന്നതം!പരമപാവനപുണ്യനാമം!
മുക്തിപ്രദം! സകലപാപവിനാശകാരം!
ശക്തിസ്വരൂപ! ജയതേ! ശുഭ സുപ്രഭാതം!
ശ്വേതാതപത്രസുമതൽപ്പവിരാജിതായ!
സീതാസമേതപരിശോഭിതപുണ്യകീർത്തേ!
വാതാത്മജാദിപരിസേവകരായ് ഭജിക്കും
കോദണ്ഡപാണി! ജയതേ! ശുഭ സുപ്രഭാതം!
ശ്രീരാമരാമ! രഘുരാമ! ജഗന്നിവാസാ!
ശ്രീയേകി, ധർമ്മമെഴുവാൻ തുണയായിടേണേ!
സത്യസ്വരൂപ! രഘുരാമ! മനോഭിരാമ!
സീതാഭിരാമ! ജയതേ! ശുഭ സുപ്രഭാതം!
************************