ഭാരത മഹാരാജ്യം വിധി നിര്‍ണ്ണായകമായ ഒരു തിരഞ്ഞെടുപ്പിലൂടെ കടന്നുപോകുമ്പോള്‍ ദീര്‍ഘകാലം രാജ്യം അടക്കിവാണ കോണ്‍ഗ്രസ് പ്രസ്ഥാനം അതിന്റെ ചരമക്കുറിപ്പെഴുതുന്ന തിരക്കിലാണ്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ആശയം നരേന്ദ്ര മോദി ആവര്‍ത്തിച്ച് പറഞ്ഞുറപ്പിക്കുമ്പോഴും എന്തുകൊണ്ട് അത്തരമൊരു നിലപാടെന്ന് പലരും സംശയം കൂറിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഈ അടുത്ത കാലത്ത് മുന്നോട്ടുവയ്ക്കുന്ന പല നിലപാടും കാണുമ്പോള്‍ രാജ്യം എത്ര നേരത്തെ കോണ്‍ഗ്രസ് മുക്തമാകുന്നുവോ അത്രയും ഈ രാജ്യത്തിന് നല്ലത് എന്ന് തോന്നിപ്പോവുകയാണ്. തിരഞ്ഞെടുപ്പിലൂടെ ഇനിയൊരിക്കലും തങ്ങള്‍ക്ക് അധികാരത്തിലേക്ക് മടങ്ങി വരാനാവില്ലെന്നു ബോധ്യമായിക്കഴിഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്തെ തന്നെ ശിഥിലമാക്കുന്ന പ്രസ്താവനകളും പ്രവൃത്തികളുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. സോണിയ കുടുംബത്തിന്റെ ബുദ്ധി ഉപദേശകന്മാരിലൊരാളും ഓവര്‍സീസ് കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനുമായിരുന്ന സാം പിത്രോദ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന രാജ്യത്തെ ശിഥിലമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആലോചിച്ച് ഉറപ്പിച്ചു നടത്തിയതാണെന്ന് ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. ‘ദി സ്റ്റേറ്റ്മാന്‍’ എന്ന ഇംഗ്ലീഷ് ദിനപ്പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ഭാരതീയര്‍ എല്ലാം വരത്തന്‍മാരാണ് എന്നു പറഞ്ഞുവച്ചിരിക്കുകയാണ്. കൊളോണിയല്‍ ആധിപത്യക്കാലത്ത് ഭാരത ചരിത്രത്തെ ബോധപൂര്‍വ്വം വളച്ചൊടിച്ച കുബുദ്ധികള്‍ ഭാരതത്തിന് പൈതൃകമോ പാരമ്പര്യമോ അവകാശപ്പെടാനില്ല എന്നു സ്ഥാപിക്കാന്‍ വേണ്ടി ഉയര്‍ത്തിയ വാദങ്ങളിലൊന്നാണ് സാം പിത്രോദ കഴിഞ്ഞ ദിവസം വീണ്ടും ഉയര്‍ത്തിയത്. വെള്ളക്കാരോട് ഭാരതം വിട്ടു പോകാന്‍ ആവശ്യപ്പെടാനാവില്ലെന്നും ഭാരതീയരെന്നു പറയപ്പെടുന്നവരെല്ലാം വിദേശ നാടുകളില്‍ നിന്നും ഇങ്ങോട്ടു കുടിയേറിയവരാണ് എന്നുമായിരുന്നു കപട ചരിത്രകാരന്‍മാരുടെ സിദ്ധാന്തം. ഭാരതത്തിന്റെ തെക്കന്‍ സംസ്ഥാനത്തുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയും വടക്കുള്ളവര്‍ വെള്ളക്കാരെപ്പോലെയും കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെയും പടിഞ്ഞാറുള്ളവര്‍ അറബികളെപ്പോലെയുമുള്ളവരാണെന്ന സാം പിത്രോദയുടെ അഭിപ്രായം സത്യത്തില്‍ ഇന്നത്തെ കോണ്‍ഗ്രസിന്റെ അഭിപ്രായം തന്നെയാണ്. വര്‍ണ്ണവെറിയുടെ വൈറസ് ബാധിച്ച ഒരു മനസ്സില്‍ നിന്നല്ലാതെ ഇത്തരം ഒരു പ്രസ്താവന ഉണ്ടാവില്ല. എ.ഒ.ഹ്യൂം എന്ന വിദേശിയുടെ ചിന്തയില്‍ പിറന്ന കോണ്‍ഗ്രസ് ഇന്നും പരദേശികളുടെ ഡി.എന്‍.എ. തന്നെ വഹിക്കുന്നു എന്ന് തെളിയിച്ചിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവെറിയില്‍ മനംനൊന്ത് സാമൂഹ്യസമത്വത്തിനായി പോരാടാന്‍ ഇറങ്ങിത്തിരിച്ച മഹാത്മാഗാന്ധിയുടെ കോണ്‍ഗ്രസ് വീണ്ടും വിദേശികളുടെ കൈകളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു എന്ന് സംശയലേശമെന്യേ തെളിയിക്കുന്നതാണ് സാം പിത്രോദയുടെ പ്രസ്താവന. ഭാരതത്തിന്റെ തിരഞ്ഞെടുപ്പില്‍ അവിഹിതമായി ഇടപെടാന്‍ പലവട്ടം ശ്രമിച്ച അമേരിക്കയുടെ മണ്ണില്‍ സ്ഥിരതാമസമാക്കി കൊണ്ടാണ് സാം പിത്രോദ രാഷ്ട്ര ശിഥിലീകരണ പ്രസ്താവന നടത്തുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.
സമാനമായ പല പ്രസ്താവനകളും പ്രവൃത്തികളും കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും തുടര്‍ച്ചയായി ഉണ്ടാകുന്നത് ഒരു തിരക്കഥയുടെ ഭാഗമാകാനേ തരമുള്ളു. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഭാരതത്തിനുണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗതിയും വര്‍ദ്ധിച്ചു വരുന്ന ആഗോള രംഗത്തെ വിലപേശല്‍ ശേഷിയും അമേരിക്കയടക്കമുള്ള പല യൂറോപ്യന്‍ രാജ്യങ്ങളുടെയും ഉറക്കം കെടുത്തിക്കൊണ്ടിരിക്കുകയാണ്. വന്‍ സാമ്പത്തിക, സൈനിക ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ഭാരതത്തെ നേരിട്ടേറ്റുമുട്ടി തോല്‍പ്പിക്കാനാവില്ലെന്നു മനസ്സിലാക്കുന്നവര്‍ ആഭ്യന്തരമായ ശൈഥില്യമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അതിന് ജാതിവിവേചനം ആളിക്കത്തിക്കാന്‍ കഴിയുന്നത്ര ശ്രമിക്കുന്ന പ്രസ്ഥാനങ്ങളില്‍ ഒന്നാണ് കോണ്‍ഗ്രസ്. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പുറത്തിറക്കിയിരിക്കുന്ന പ്രകടനപത്രിക തന്നെ ഭാരതവിരുദ്ധ കൊളോണിയല്‍ ശക്തികളുടെ നയരേഖയായി വേണം കാണാന്‍. മതം നോക്കി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്ന കോണ്‍ഗ്രസ് പ്രകടനപത്രിക ഭാരതത്തിന്റെ ഭരണഘടനാ തത്വങ്ങള്‍ക്കു തന്നെ എതിരാണ്.
ഭാരതവിരുദ്ധരായ അര്‍ബന്‍ നക്‌സലുകളും മാവോയിസ്റ്റുകളും മുസ്ലിം മതമൗലികവാദികളും ഈ അടുത്തകാലത്തായി കട്ടിംഗ് സൗത്ത് എന്നൊരു വാദം അക്കാദമിക് മണ്ഡലത്തിലൂടെ ചിന്താ രംഗത്തേയ്ക്ക് കടത്തിവിടാന്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് നേതാവായ ഡി.കെ.ശിവകുമാറിന്റെ സഹോദരന്‍ ഡി.കെ.സുരേഷ് ഉത്തരേന്ത്യയില്‍ നിന്നും ദക്ഷിണേന്ത്യയെ സ്വതന്ത്രമാക്കണമെന്ന് പരസ്യമായി ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. വിഘടന തീവ്രവാദികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ്സെന്ന് ഈ ഒറ്റ പ്രസ്താവനയിലൂടെ മനസ്സിലാക്കാവുന്നതാണ്.പാകിസ്ഥാന്‍ ശത്രുവല്ലെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണാരംഭത്തില്‍ കര്‍ണ്ണാടക കോണ്‍ഗ്രസ് നേതാവ് ബി.കെ.ഹരിപ്രസാദ് നടത്തിയ പ്രസ്താവനയും മോദിയെ അധികാര ഭ്രഷ്ടനാക്കാന്‍ തങ്ങളെ സഹായിക്കണമെന്ന് പാകിസ്ഥാനില്‍ പോയി ആവശ്യപ്പെട്ട മണിശങ്കര്‍ അയ്യരും ഉയര്‍ത്തുന്ന ഭീഷണി ഭാരതമെന്ന ചിരപുരാതന രാഷ്ട്രത്തിന്റെ അടിത്തറക്കു നേരെയാണ്. കഴിഞ്ഞ ദിവസം പൂഞ്ചില്‍ വ്യോമസേനാ വാഹനവ്യൂഹത്തിനു നേരെ ഉണ്ടായ ഭീകരാക്രമണത്തെ വരെ രാഷ്ട്രീയവല്‍ക്കരിക്കുകയും അത് തിരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി ബിജെപി ഉണ്ടാക്കിയ ആക്രമണമാണ് എന്ന് ആരോപിക്കുകയും ചെയ്തത് കോണ്‍ഗ്രസ് നേതാവും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ ചരണ്‍ സിജ് സിങ് ചന്നിയാണ്. കാശ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കിയ ബി.ജെ.പി നടപടിക്കെതിരെ പാകിസ്ഥാന്‍ ഭരണാധികാരികളും ഭാരതത്തിലെ കോണ്‍ഗ്രസ് നേതാക്കളും ഒരേ സ്വരത്തില്‍ സംസാരിക്കുമ്പോള്‍ ഭാരതത്തിന്റെ ആഭ്യന്തര ഭീഷണിയായി കോണ്‍ഗ്രസ് മാറുന്നതെങ്ങനെയെന്നതിന്റെ ദൃഷ്ടാന്തം ലഭിക്കുകയാണ്. ലോക വേദികളില്‍ ഭാരത ജനാധിപത്യത്തെയും തിരഞ്ഞെടുപ്പ് പ്രക്രിയയേയും നീതിന്യായ വ്യവസ്ഥയേയും വരെ അപഹാസ്യമായി ചിത്രീകരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കാട്ടുന്ന ഔല്‍സുക്യം തികച്ചും സംശയാസ്പദമാണ്. ചുരുക്കിപ്പറഞ്ഞാല്‍ സാം പിത്രോദയുടെ വര്‍ണ്ണവെറിയന്‍ പ്രസ്താവന ഒറ്റപ്പെട്ട ശബ്ദമല്ലെന്നും ഭാരതത്തിനെതിരേയുള്ള ആഗോള പദ്ധതിയിലെ കോണ്‍ഗ്രസ് പങ്കാളിത്തത്തിന്റെ വ്യക്തമായ തെളിവാണെന്നുംസംശയലേശമെന്യേ പറയാന്‍ കഴിയും.