പി.കെ.ഗോപിയുടെ പുഴ എന്ന കവിതയ്ക്ക് ഒരാസ്വാദനപഠനം.
പുഴയുടെ അകക്കാമ്പറിഞ്ഞുകൊണ്ട് പി.കെ. ഗോപി രചിച്ച മികച്ച കവിതയാണ് പുഴ. പുളഞ്ഞൊഴുകുന്നതിനാലാണ് പുഴക്ക് പുഴ എന്ന പേര് കൈവന്നത്. പുഴയെ കുറിച്ചുള്ള ഈ കവിതയുടെ ഭാഷാഘടനയിലും ഇതേ ഗതിക്രമം കാണാനാവും. അനാദിയും ആര്‍ദ്രവുമായ മന്ത്രാക്ഷരിയായി പുഴയെ കവി നിറവോടെ വര്‍ണ്ണിക്കുന്നു. പ്രണവയാമത്തിലേറ്റു ചൊല്ലുന്ന അക്ഷരോപാസകയാണ് കവിക്ക് പുഴ. ചരവും അചരവുമായ പ്രാണനാളങ്ങള്‍ക്ക് ചൈതന്യസംഗീതധാര ചൊരിയുന്ന അമൃതാത്മികയായും പുഴയെ വരഭാവനയുടെ തൂലികയില്‍ നിന്നുതിര്‍ന്ന വാക്കുകളിലൂടെ കവി വാഴ്ത്തിപ്പാടുന്നു. കവിതയുടെ ആരംഭം മുതല്‍ അന്ത്യംവരെ വിശേഷണങ്ങള്‍ ഒന്നൊന്നായി കൊരുത്ത് പുഴക്ക് മുന്നില്‍ നിവേദിക്കുകയാണ് പി.കെ. ഗോപിയിലെ പ്രകൃതിസ്‌നേഹിയായ കവി.
പുഴ, മനസ്സിന്റെ മോക്ഷഗാനങ്ങള്‍ ഹൃദയ താളത്തിലേറ്റുവാങ്ങുന്ന അക്ഷയസ്രോതസ്സാണെന്ന് കവി സങ്കല്‍പ്പിക്കുന്നു. യുഗയുഗാന്തരങ്ങളായി പ്രണയനാഗങ്ങളെ സിരകളില്‍ ചുറ്റിലാളിച്ചു ലാളിച്ചു ഗമിക്കുന്ന അതേ പുഴ തന്നെ പുണ്യാത്മക്കള്‍ കുടികൊള്ളുന്ന സമാധിസ്ഥലങ്ങളെ ആദരപൂര്‍വ്വം നമസ്‌കരിക്കുന്നതും കവി കാട്ടിത്തരുന്നു. ബലിജപങ്ങള്‍ കര്‍ണ്ണങ്ങളിലേക്കാവഹിച്ചും പരമരഹസ്യങ്ങള്‍ നിറഞ്ഞ സൃഷ്ടികര്‍മങ്ങളെയും മൃത്യുവൃത്താന്തദുഃഖപര്‍വങ്ങളെയും അനാഥവും ആര്‍ത്തവുമായ വിലാപഗീതികളെയും പ്രളയവേഗത്തില്‍ അന്തഃസന്നിവേശം ചെയ്യുന്ന പുഴ, കവിക്ക് മഹത്തായ സംസ്‌കാരരൂപകമാണ്. കിനാവിന്റെ ലാസ്യനടനങ്ങളെ ബുദ്ബുദത്തില്‍ സ്വച്ഛമായി ആസ്വദിക്കുന്ന ഉത്തമ സഹൃദയത്വവും പുഴയില്‍ കവി കണ്ടെത്തുന്നുണ്ട്. ചന്ദ്രികയുടെ സ്ഫടികപ്രഭ ഭൗമനൂപുരത്തില്‍ അണിഞ്ഞ് ആനന്ദനടനം നിര്‍വഹിക്കുന്ന സൗന്ദര്യദേവത കൂടിയാണ് കവിക്ക് പുഴ.
ആര്‍ഷഭാരതം പരമവിശിഷ്ടസ്ഥലിയായി ദര്‍ശിച്ച ഹിമാലയത്തിലെ യോഗഭൂമികകളില്‍ അഞ്ജലീബദ്ധയായി പ്രാര്‍ത്ഥനാഭാവത്തോടെ നിലകൊള്ളുന്ന പുഴ, ഈ കവിതയിലെ തേജോസാന്ദ്രമായ ആത്മീയബിംബമത്രേ. അക്ഷയമായ പ്രണയകാവ്യങ്ങളെ പച്ചത്താളില്‍ രേഖപ്പെടുത്തുന്ന ജീവന്റെ മഹാപ്രതീകമായി പുഴ, പി.കെ.ഗോപിയുടെ ഭാവനാഭൂപടത്തില്‍ നിറയുന്നു. തപസ്സിന്റെ സന്ന്യാസസൈകതം, വിനയബുദ്ധിയോടെ പ്രദക്ഷിണംവെക്കുന്ന ചൈതന്യധാമമായും കവി പുഴയെ വര്‍ണ്ണിക്കുന്നുണ്ട്. പുഴക്ക് പൗരാണിക ഭാവനകളിലുള്ള അനിതരസാധാരണമായ പ്രാധാന്യത്തിലേക്ക് വെളിച്ചം വീശുന്ന വരികളും ഈ കവിതയെ ആലോചനാമൃതമാക്കുന്നു. അമൃതനിഷ്യന്ദിയായ കാവ്യഭാഷ ഇവിടെ ധ്വനി മര്യാദയോടെ പ്രത്യക്ഷപ്പെടുന്നുണ്ട്.
‘പുഴ പുരാണ ഹംസങ്ങള്‍ക്കു നീന്തുവാന്‍
ജലവിതാനം വിരിച്ചു നല്കുന്നവള്‍.
പുഴ മഹാസാക്ഷി! മുക്കുവപ്പെണ്ണിനെ
മുനി കടാക്ഷിച്ച മൂകശ്യാമ ഗൃഹം’.
പുഴ നിഷാദന്റെ ക്രൗഞ്ച ഹിംസാര്‍ത്തിയില്‍
കവിത പൊട്ടും മുഹൂര്‍ത്തം കുറിച്ചവള്‍ ‘
പുരാണ സൂചനയും മഹാഭാരത രാമായണേതിഹാസ സൂചനകളും ഇവിടെ കവിതക്ക് ബലമേകുന്ന ഘനകേന്ദ്രങ്ങളാവുന്നു.
നിത്യസ്രവന്തിയായ കാലം എന്നൊരു പ്രയോഗമുണ്ടല്ലോ. സകലതും ആ മഹാപ്രവാഹത്തില്‍ കടപുഴകി വീഴും. പുഴ ഈ കാലപ്രവാഹത്തിന്റെ സൂക്ഷ്മബിംബമായി എഴുത്തച്ഛന്റെയും മറ്റും കവിതയില്‍ അവതരിച്ചിട്ടുണ്ട്. മഹത്തായ ഈ പൂര്‍വപാരമ്പര്യം പി.കെ. ഗോപിയിലും സജീവമായി തുടരുന്നുണ്ട്. ഈ വരി ശ്രദ്ധിച്ചാല്‍ ഇതു ബോദ്ധ്യപ്പെടും.
‘പുഴയഹങ്കാരവൈരസിംഹാസനം
കടപുഴക്കി കടല്‍ത്തിരയ്‌ക്കേകുവോള്‍’
എത്രയെത്ര മഹാജനപദങ്ങള്‍ നദിയുടെ സഞ്ചാരക്രമവ്യതിയാനത്തില്‍ തകര്‍ന്നടിഞ്ഞ് ചരിത്രത്തിന്റെ പാഴ്‌നിലങ്ങളിലേക്ക് നിപതിച്ചിട്ടുണ്ട്. ജലത്തിന്റെ ഹിംസാത്മകതയുടെ പ്രഹരമേറ്റ് എത്രയെത്ര സംസ്‌കാരകേദാരങ്ങള്‍ ചിതറിയൊടുങ്ങിയിട്ടുണ്ട്. അലങ്കാരദേവശില്പങ്ങളെ ശുദ്ധീകരിച്ച് ആനന്ദഗാത്രികളാക്കുന്ന അതേ പുഴയാണ് ഇതും ചെയ്യുന്നത്. അവള്‍ ഒരേ സമയം സംഹാരദുര്‍ഗയും സൃഷ്ടിയുടെ ദേവതയുമത്രേ. ലോകചരിത്രവും നദികളും തമ്മിലുള്ള വേഴ്ചകളും സംഘര്‍ഷങ്ങളും അടുത്തറിഞ്ഞതിന്റെ സദ്ഫലം പി.കെ.ഗോപിയുടെ ഭാവനയെ പുതുക്കിപ്പണിയുന്നതിന്റെ നല്ല സൂചനകളനവധിയുണ്ട് ഈ കവിതയില്‍.
പുഴ, മഹാശില്‍പിയാണെന്ന കല്‍പന മൗലികതയുടെ വരപ്രസാദം നിറുകയില്‍ ഏറ്റുവാങ്ങിയ ഒരു കവിയുടെ ആത്മാവബോധത്തില്‍ നിന്നേ നാമ്പിടൂ. കിരാത ശിലാഖണ്ഡത്തെ മെഴുകി സംഹാരമൂര്‍ത്തിയായി രൂപാന്തരപ്പെടുത്തുവാന്‍ ശേഷിയുള്ള സര്‍ഗാത്മകഭാവം പുഴക്ക് സഹജമാണെന്നും ഈ കവിത വിളിച്ചോതുന്നു. പുഴ ജീവന്റെയും മരണത്തിന്റെയും മിശ്രരൂപകമായും ഈ രചനയില്‍ ഇടംപിടിക്കുന്നുണ്ട്. ഈ വരികളില്‍ ഇത് തെളിയുന്നു.
‘പുഴ ജഡാശയ്യയില്‍ നിന്നു
ദിങ്മുഖം തൊഴുതിറങ്ങുന്ന പുണ്യമാകുന്നവള്‍.
പുഴ, പിതൃക്കള്‍ക്ക് ശാപമോക്ഷത്തിനായ്
അവനിയില്‍ നിത്യ തീര്‍ത്ഥമാകുന്നവള്‍.’
ഭക്തിയുടെ പുണ്യവും തീര്‍ത്ഥത്തിന്റെ വിശുദ്ധിയും പിതൃപരമ്പരകള്‍ക്ക് മോക്ഷജലവുമാണ് പുഴ. കാളിയമഹാസര്‍പ്പത്തിന്റെ ദര്‍പ്പമടക്കുവാന്‍ കാളിന്ദീനദിയിലേക്ക് സധൈര്യം ചാടി വിഷഫണങ്ങളില്‍ മാറിമാറി നര്‍ത്തനം ചെയ്ത വിശ്വപ്രേമാകാരനായ ഉണ്ണിക്കണ്ണന്റെ അവതാര ലീലയെ കുറിച്ചുള്ള സൂചനയും കവിതയിലുണ്ട്. ‘പുഴ വിഷപ്പാമ്പു പത്തിതാഴ്ത്താന്‍ നവ്യനടനമാമാങ്കരംഗം ചമച്ചവള്‍’. ജനിച്ചയുടനെ ആദിത്യപുത്രനായ കര്‍ണ്ണനെ പുഴയിലൊഴുക്കിയ കുന്തീമാതാവിന്റെ സ്മൃതി നമ്മില്‍ തൂവുന്ന വരിയും ശ്രദ്ധിക്കുക.
‘പുഴ ശിശുക്കളെ കൊല്ലാതെ കൊണ്ടുപോയ
മൃതമൂട്ടുന്ന മാതൃത്വമാര്‍ന്നവള്‍’. പുഴക്ക് കൈവരുന്ന ഈ മാതൃഭാവം സവിശേഷമത്രേ.
വിശുദ്ധിയും മാലിന്യവും ദേവത്വവും അസുരത്വവും തമ്മില്‍ തമ്മില്‍ പകിട മാറിമാറിവെക്കുന്ന മത്സരവേദിയായ വിസ്മയമാണ് പുഴ എന്നെഴുതിയ സന്ദര്‍ഭത്തില്‍ പുഴ, ജീവിത സമസ്യയുടെ സമുജ്ജ്വലപ്രതീകമായി വിപുലപ്പെടുന്നു. ധര്‍മവിഗ്രഹമായ ശ്രീരാമന്‍ നേരിട്ട് ഈ കവിതയില്‍ മുഖം കാട്ടുന്നുമുണ്ട്.
‘പ്രജകളെ വെടിഞ്ഞാത്മ ദുഃഖങ്ങളാല്‍
അടവി തേടി പുറപ്പെട്ട പുരുഷന്‍
പുഴ കടന്നേ നടന്നുപോയന്ത്യമായ്
പുഴയില്‍ മുങ്ങിപ്പിടഞ്ഞേ മറഞ്ഞുപോയ്’. സരയൂ നദിയില്‍ അന്തര്‍ധാനം ചെയ്ത ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ ജലസമാധി അനുഷ്ഠിച്ചത് വ്യംഗ്യമായി ആവിഷ്‌ക്കരിച്ച് ഫലിപ്പിക്കുണ്ട് അനുഗൃഹീതനായ കവി.
പുഴയെ നാമരൂപങ്ങളായും സംസ്‌കാരചിഹ്നങ്ങളായും ദൈവികസ്വരൂപങ്ങളായും തുടര്‍ന്ന് ദീര്‍ഘമായി വര്‍ണ്ണിക്കുന്നുണ്ട് കവി. ഭാഗീരഥിയും നാദപ്രേമങ്ങളും അജ്ഞാത പ്രേതരൂപങ്ങളും ക്രോധാവിഷ്ടമായ ജലാവരോഹണങ്ങളും ചോരപ്പാടുകളും യുദ്ധഭീകരതയും കൊലമരങ്ങളും ഹിമകണത്തില്‍ പ്രതിബിംബിക്കുന്ന ആദിത്യശോഭയും കവിതയിലേക്ക് അത്യന്തം സ്വാഭാവികമായി ഒഴുകിയെത്തുന്നു.
‘പുഴ മഹേശന്റെ യാജ്ഞാനുവര്‍ത്തിയായ്
നവരസങ്ങളെ, നാദമേളങ്ങളെ
അഴകു പെയ്യുന്ന പ്രേമരാഗങ്ങളെ
അലയുമജ്ഞാത പ്രേതരൂപങ്ങളെ
അലറിയെത്തുന്ന വേലിയേറ്റങ്ങളെ
നിണമൊലിക്കുന്ന കങ്കാള ഭീതിയെ
നിലവിളിക്കുന്ന സംഗ്രാമഭൂമിയെ
കൊലമരങ്ങളെ, കോടി ദൈവങ്ങളെ
ജ്വലനശക്തിയാമാദിത്യരഥ്യയെ
ചിമിഴിലാക്കി ചിരിച്ചു നില്ക്കുന്നവള്‍’.
ഭാരതീയമായ ധ്വനി പരമ്പരകളുടെ സമൃദ്ധ വിന്യസനം ഏറെ ശ്രദ്ധേയം. മഹത്തായ ചരിത്രവും കെട്ടയുദ്ധങ്ങള്‍ നിറഞ്ഞ ദുഷിച്ച ചരിത്രവും ഇവിടെ ഇഴ ചേരുന്നു.
പുഴക്ക് വീണ്ടെടുപ്പിന്റെ ധര്‍മമുണ്ടെന്നും കവി വിശദീകരിക്കുന്നുണ്ട്. പുരാതന ക്ഷോഭകാലങ്ങളെ മറവിയില്‍നിന്ന് പ്രത്യാനയിക്കുന്ന ആവാഹനശക്തി പുഴക്കുണ്ട്. സനാതന സാരസര്‍വ്വങ്ങളെ പരിണയിക്കുന്ന പ്രകാശദേവതയാണ് പുഴ. പുഴ, അക്ഷയവും അനവദ്യവുമായ സ്വസ്ഥസംഗീതിക ജലതരംഗമായി തൊട്ടുണര്‍ത്തുന്ന വരവര്‍ണിനിയത്രേ.
‘പുഴ, വിരാട് രൂപ വിഹ്വലദര്‍പ്പണം
മിഴിയിലുണ്ടെന്നുറക്കെ വായിക്കുമ്പോള്‍’
ഈ വരികള്‍ പുഴയെ പ്രപഞ്ചദര്‍ശനം സാധിച്ച അക്ഷരാത്മികയായി മുദ്ര ചാര്‍ത്തുന്നു. അദ്വൈതിയായ ശ്രീശങ്കരഭഗവദ്പാദരുടെ കാലില്‍ മുതല കടിച്ചത് പെരിയാറിലെ കടവില്‍ വച്ചാണല്ലോ.
‘പുഴ ശിവാദ്വൈത ശങ്കരസ്‌നാനത്തില്‍
മുതലയായ് വന്നു വാ പിളര്‍ക്കുന്നവള്‍’. ഈ വരികളിലെ സൂചന വ്യക്തമാണല്ലോ. സിദ്ധാര്‍ത്ഥന് ശരണ യാത്രാപ്പൊരുള്‍ പഠിപ്പിച്ച ഗുരു കൂടിയാണ് പുഴ.
തുരുത്തിന്റെ അസ്തിവാരങ്ങളില്‍ പ്രണയവാള്‍ മിനുക്കിത്തുടക്കുന്നവളാണ് പുഴയെന്നും ചരിത്രപ്പടിക്കെട്ടിലോര്‍മ തന്‍ ചകിതസന്ധ്യയെ ഭയന്നുറങ്ങുന്നവളാണ് പുഴയെന്നും, വിദൂരസ്സമുദ്രപ്രപഞ്ചത്തില്‍ അലിയുവാന്‍ യാത്രയാവുന്ന അന്ധതപസ്വിനിയാണ് പുഴയെന്നും സമസ്തവികാരവിക്ഷുബ്ധിയുടെ ചിറകുകളൊതുക്കി ദീര്‍ഘ ജീവിതഭാഗ്യം കരസ്ഥമാക്കിയവളാണ് പുഴയെന്നും കിരാത യുദ്ധരക്തങ്ങളില്‍ തിര തിളപ്പിച്ചു ബോധം വേവിച്ചവളാണ് പുഴയെന്നും പേര്‍ത്തും പേര്‍ത്തും ഉദ്‌ഘോഷിക്കുന്നുണ്ട് കവി. പുഴക്ക് നാനാര്‍ത്ഥ ഭാവദ്യോതകത്വം പകരുന്ന ഈ വിശേഷണങ്ങള്‍ കവിതയുടെ കാല്പനിക ഭാഷാശൈലിക്ക് വര്‍ണ്ണഭംഗിയേകുന്നുണ്ട്. പുഴയെ ശരിയാംവിധം മഹത്വവത്കരിച്ചും നദീതടസംസ്‌കൃതിയുടെ അസമാനമായ പ്രഭാവം തിരിച്ചറിഞ്ഞുമാണ് കവിയുടെ ഭാഷാസമീപനം.
ഐശ്വര്യവും ഐശ്വര്യക്ഷയവും കണ്ടറിഞ്ഞ തീരങ്ങള്‍ മാത്രമല്ല അശ്രുബിന്ദുവൊഴുകിയ നിലങ്ങളും കണ്ടവളാണ് പുഴ. പ്രതീക്ഷ നഷ്ടപ്പെട്ടവന്റെ ദുഃഖഭാണ്ഡങ്ങളെ മടിയിലോമനിച്ചേറ്റുവാങ്ങുന്ന അഭയമൂര്‍ത്തി കൂടിയാണവള്‍. അനാചാര ഗര്‍ഭപാത്രങ്ങളെ മരണ വായില്‍ വിഴുങ്ങി ഗമിക്കുന്നവളായ പുഴ, സദാചാരമന്ദസ്മിതങ്ങളെ അരുണകാന്തിയായ് സംരക്ഷിക്കുന്ന രക്ഷക രൂപം കൂടിയാണത്രേ. ഊഷരകാലത്ത് നഗ്‌നയാവാനും സമൃദ്ധിയുടെ വേളയില്‍ നൃത്തമാടുവാനും അവള്‍ക്കാവും. നടനഭൈരവിക്കോലമേറ്റുന്നവളും പടയണിപ്പാട്ടു പാടിയാടുന്നവളുമായ ഈ നദിക്ക് വിവരണാതീതമായ സൗന്ദര്യത്തിന്റെ ആടയാഭരണങ്ങള്‍ കവി സമ്മാനിക്കുന്നു. ജ്വലിക്കുന്ന നാളമാകാനും തപസ്സിന് ഭംഗം സൃഷ്ടിക്കുന്ന കാമമാകാനും തപിക്കുന്ന കോപമാകാനും ക്ഷമയുടെ പര്യായമായ ദേവിയാകാനും സിദ്ധിയുണ്ടവള്‍ക്കെന്ന് കവി തിരിച്ചറിയുന്നുണ്ട്. കവിതയുടെ അന്തിമഭാഗം സ്വജീവിതത്തെ പുഴയുമായി ചേര്‍ത്ത് തുന്നിക്കെട്ടുന്ന ചിന്തകളാല്‍ നിര്‍ഭരമാണ്.
‘അമരഗാഥതന്‍ തോണിയെന്‍ നെഞ്ചിലുണ്ടൊരു തുഴത്തൂവല്‍ മാത്രെമന്‍ കൈയ്യിലുണ്ടരികിലെത്തുന്ന കാലപ്രവാഹിനീ മറുകരയ്‌ക്കെത്ര ദൂരമീ യാത്രയില്‍ …..?’ ഈ ചോദ്യം പ്രതിഭയുടെ സൂര്യതേജസേറ്റുവാങ്ങിയ ഒരു കവിയുടെ മാനസഗര്‍ഭത്തിലേ പിറവിയെടുക്കൂ. ലൗകികതക്കപ്പുറം നീളുന്ന സൗമ്യോദാരവും ലോകഹിതൈകകാംക്ഷിയുമായ ആത്മീയതയുടെ ആര്‍ദ്രതയത്രേ ഈ കവിതയുടെ ഫലശ്രുതി.
(കോഴിക്കോട്, സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ്, മലയാള ഗവേഷണവിഭാഗം മേധാവിയാണ് ലേഖകന്‍)