അടിയന്തരാവസ്ഥയും രാജന്‍ കേസും ഒക്കെ കഴിഞ്ഞ് കെ.കരുണാകരന്‍ സര്‍വ്വപ്രതാപിയായ മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ഒരു ദിവസം മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന്‍ കെ.കരുണാകരനെ കാണാന്‍ എത്തി. ട്രെയിനില്‍ തമ്പാനൂരില്‍ വന്നിറങ്ങിയ അച്യുതമേനോന്‍ സെക്രട്ടറിയേറ്റിലെ സമരഗേറ്റില്‍ ഓട്ടോറിക്ഷ ഇറങ്ങി നേരെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നടന്നു കയറുകയായിരുന്നു. കോണ്‍ഫറന്‍സ് ഹാളില്‍ ആയിരുന്ന കെ. കരുണാകരന്‍ ഓഫീസ് ജീവനക്കാര്‍ പറഞ്ഞതനുസരിച്ച് തന്റെ ഓഫീസിലേക്ക് പാഞ്ഞെത്തി എന്താണ് ആഗമനോദ്ദേശ്യം എന്ന് അച്യുതമേനോനോട് ആരാഞ്ഞു. അദ്ദേഹം ഇന്‍ലന്റില്‍ എഴുതിയ ഒരു കത്ത് കെ.കരുണാകരന് കൈമാറി. ആലപ്പുഴ ജില്ലയിലെ ഒരു സ്ഥലത്ത് നിന്ന് വിധവയായ ഒരു വീട്ടമ്മ എഴുതിയ കത്തായിരുന്നു അത്. അവര്‍ക്ക് മുഖ്യമന്ത്രി മാറിയ വിവരമോ മുന്നണികളുടെ രാഷ്ട്രീയമോ ഒന്നും അറിയില്ലായിരുന്നു. സി.അച്യുതമേനോന്റെ പേരില്‍ വന്ന കത്ത് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ തൃശ്ശൂരിലെ മേല്‍വിലാസത്തിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. വിധവകളുടെ പെണ്‍മക്കളെ കല്യാണം കഴിപ്പിക്കാന്‍ ധനസഹായം നല്‍കുന്ന പദ്ധതിയില്‍ അപേക്ഷ നല്‍കിയപ്പോള്‍ പണം ലഭിക്കാന്‍ റവന്യൂ ജീവനക്കാര്‍ കൈക്കൂലി ചോദിച്ചതിനാല്‍ എങ്ങനെയെങ്കിലും പണം കിട്ടാന്‍ സഹായിക്കണം എന്ന അപേക്ഷയായിരുന്നു കത്തില്‍ ഉണ്ടായിരുന്നത്. അച്യുതമേനോന് ചായ നല്‍കുന്നതിനിടെ കെ.കരുണാകരന്‍ കത്തിലെ വിവരം ആലപ്പുഴ കളക്ടറോട് പറഞ്ഞ് നടപടിയെടുക്കാനും അവരുടെ വീട്ടില്‍ പണം എത്തിക്കാനും നിര്‍ദ്ദേശം നല്‍കി. ഇതിനുവേണ്ടി ഇവിടെ വരെ അങ്ങ് വരേണ്ടതുണ്ടായിരുന്നോ? വിധവയും അനാഥയുമായ ആ സ്ത്രീ എത്ര പ്രതീക്ഷയോടെയാണ് ഇങ്ങനെയൊരു കത്തയച്ചത്, ആ പ്രതീക്ഷക്ക് അര്‍ഹമായ പരിഗണന കൊടുക്കാന്‍ നമുക്ക് ബാധ്യതയില്ലേ? അതുകൊണ്ട് മാത്രമാണ് തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരം വരെ വണ്ടി കയറി വന്നതെന്ന് അച്യുതമേനോന്‍ പറഞ്ഞു.
മേനോന്റെ മറുപടി കേരളത്തിലെ ഇടതുപക്ഷ നേതാക്കള്‍ക്കുള്ള ഒരു സൂചനയാണ്. ഒരു മാതൃകാ രാഷ്ട്രീയ നേതാവ് ജനങ്ങളുടെ പ്രശ്‌നത്തെ എങ്ങനെയാണ് കാണുന്നത് എന്നതിന്റെ വ്യക്തമായ സൂചന. ഒരു പാവപ്പെട്ട സ്ത്രീയുടെ ജീവിതപ്രശ്‌നം പരിഹരിക്കാന്‍ തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരം വരെ വണ്ടികയറി വന്ന് ഓട്ടോറിക്ഷ പിടിച്ച് സെക്രട്ടറിയേറ്റില്‍ എത്തി കരുണാകരനു മുന്നില്‍ സന്ദര്‍ശക കസേരയില്‍ ഇരുന്ന അച്യുതമേനോന്‍ ഒരുപക്ഷേ എല്ലാതരത്തിലും എല്ലാതലത്തിലും എല്ലാക്കാലത്തും അദ്ദേഹത്തെക്കാള്‍ എത്രയോ ഔന്നത്യത്തില്‍ തന്നെയായിരുന്നു. ഒരു സാധാരണക്കാരിയുടെ പ്രശ്‌നം ഒരു ഇന്‍ലന്‍ഡ് കത്തില്‍ വരുമ്പോള്‍ അത് പരിഹരിക്കാന്‍ ഇങ്ങനെ കഷ്ട്ടപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവിനെ ഇന്നത്തെ കാലത്ത് ആര്‍ക്കെങ്കിലും കാണാന്‍ കഴിയുമോ?
അച്യുതമേനോന്‍ അന്തരിച്ചതിനുശേഷം ഒരിക്കല്‍ മാതൃഭൂമിയില്‍ അനുസ്മരണ കുറിപ്പ് എഴുതിയ ഡി. ബാബുപോള്‍ ഇങ്ങനെ പറഞ്ഞു, ‘അത്യന്തം അപ്രതീക്ഷിതമായി അധികാരത്തില്‍ വരികയും അധികാരത്തിന്റെ ഇടനാഴികളിലൂടെ മാര്‍ജാര പാദനായി നടന്നു പോവുകയും ഒടുവില്‍ അകാമിതയാല്‍ അധികാരം ഉപേക്ഷിച്ചു പോവുമ്പോള്‍ അകൃഷ്ണ കര്‍മ്മാവായി അറിയപ്പെടുകയും ചെയ്ത അനപവാചന പ്രതിഭയായിരുന്നു അച്യുതമേനോന്‍’. ഡോക്ടര്‍ ബാബു പോളിന്റെ വാക്കുകള്‍ വ്യാഖ്യാനിക്കാനില്ല. അധികാരത്തിന്റെ അകത്തളങ്ങളില്‍ പൂച്ചയെപ്പോലെ കാല്‍പാദം പതിപ്പിക്കാതെ നടക്കുകയും സ്വന്തം കര്‍മ്മത്തില്‍ കരിപുരളാതെ പോവുകയും അധികാരത്തെ അല്പം പോലും കാമമില്ലാതെ വലിച്ചെറിഞ്ഞു പോകാന്‍ മടി കാണിക്കാതിരുന്ന അച്യുതമേനോനെ പോലെയുള്ളവരാണ് അധികാര സോപാനങ്ങളില്‍ കേരളത്തില്‍ മാതൃകയാവേണ്ടത്. പത്തുവര്‍ഷമായി കേന്ദ്രഭരണം നടത്തിയിട്ട് ഒരു രൂപയുടെ അഴിമതി ആരോപണം പോലും ഉന്നയിക്കപ്പെടാത്ത നരേന്ദ്രമോദിയെ കുറിച്ചു പറഞ്ഞാല്‍ കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികള്‍ക്ക് അലര്‍ജിയും ചൊറിയും വരും എന്നുള്ളത് കൊണ്ടാണ് അച്യുതമേനോന്റെ ജീവിതം ഇവിടെ ഉദ്ധരിച്ചത്. അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളും ജീവചരിത്രവും ഇടതുപക്ഷ സംഘര്‍ഷത്തിനപ്പുറം എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും ഓഫീസുകളിലും എകെജി സെന്ററിലും വായിക്കാന്‍ എങ്കിലും എത്തിക്കണം. ഇതു പറയാനുള്ള കാരണം എതാനും ദിവസം മുന്‍പ് തലസ്ഥാനത്തെ മേയറമ്മയും അവരുടെ ഭര്‍ത്താവ് ഉദ്യോഗസ്ഥനായ എംഎല്‍എയും കൂടി നടുറോഡില്‍ കാട്ടിക്കൂട്ടിയ വിക്രിയകളാണ്.
സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ പക്ഷം പിടിച്ചു എന്ന ആരോപണം ഒരുപറ്റം സൈബര്‍ പോരാളികളും ഡിവൈഎഫ്‌ഐ നേതാക്കളും ഉന്നയിച്ച സാഹചര്യത്തിലാണ് ഇക്കാര്യം വിശദമായി അന്വേഷിച്ചത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ നൂറു ശതമാനം നല്ലവരാണെന്നോ, അവര്‍ യാത്രക്കാരോട് മാന്യമായാണ് പെരുമാറുന്നതെന്നോ, അവള്‍ പിന്നാലെ വരുന്ന വാഹനങ്ങള്‍ക്ക് നിയമമനുസരിച്ച് മര്യാദ പാലിച്ച് സൈഡ് കൊടുക്കാറുണ്ടെന്നോ ഒന്നും അഭിപ്രായമില്ല. അത് സാധാരണക്കാര്‍ പ്രതീക്ഷിക്കുന്നുമില്ല. ബസ് റോഡിന്റെ നടുവില്‍ നിര്‍ത്തി ആളെ ഇറക്കുകയും അവശരും വൃദ്ധരും കൈകാണിച്ചാല്‍ ആളില്ലെങ്കില്‍ പോലും നിര്‍ത്താതെ പോകുന്നതും കണ്ടക്ടര്‍ ബെല്ലടിച്ചാല്‍ സ്റ്റോപ്പില്‍ നിര്‍ത്താത്തതും ഒക്കെ പതിവാണ്. മലയാളികള്‍ക്ക് അത് ശീലവുമാണ്. പക്ഷേ, നഗരത്തില്‍ ക്യാബിനറ്റ് റാങ്കുള്ള മേയറും എംഎല്‍എ കൂടിയായ ഭര്‍ത്താവുദ്യോഗസ്ഥനും പെരുമാറിയ രീതി ആശാസ്യമാണോ? മേയര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ കാര്യങ്ങള്‍ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ വച്ച് അവര്‍ തന്നെ പൊളിച്ചടുക്കി. കെഎസ്ആര്‍ടിസി ബസ്സിനു മുന്നില്‍ കാര്‍ നിര്‍ത്തിയിട്ടില്ല എന്നുപറഞ്ഞത് ബസ്സിനു മുന്നില്‍ കുറുകെ കാര്‍ ഇട്ടിരിക്കുന്ന ദൃശ്യങ്ങള്‍ വച്ചാണ് മാധ്യമങ്ങള്‍ തുറന്നുകാട്ടിയത്.
നൂറ് ശതമാനം സുതാര്യവും സത്യസന്ധവും അഴിമതിരഹിതവുമാണ് തിരുവനന്തപുരം മേയറുടെ ഭരണം എന്ന് നഗരത്തിലെ സിപിഎമ്മുകാര്‍ പോലും വിശ്വസിക്കുന്നില്ല. അതിന്റെ കാരണം പാര്‍ട്ടി വൃത്തങ്ങളില്‍ തന്നെ അന്വേഷിച്ചാല്‍ മനസ്സിലാവും. ആറ്റുകാല്‍ പൊങ്കാലയുടെ സമയത്ത് ഓടാത്ത വാഹനത്തിന് വാടക നല്‍കിയും ഭക്ഷണചെലവ് എഴുതിയും ഒക്കെ പണം പറ്റിയെന്ന ആരോപണത്തില്‍ ഇനിയും സത്യസന്ധമായ റിപ്പോര്‍ട്ട് പുറത്തു വന്നിട്ടില്ല. അതുകൊണ്ടുതന്നെയാണ് മേയര്‍ എത്ര ആണയിട്ടാലും നാട്ടുകാര്‍ അതിനെ സംശയദൃഷ്ടിയോടെ കാണുന്നത്. ഭര്‍ത്താവും ബന്ധുക്കളും അടങ്ങിയ സ്വകാര്യ വാഹനം പട്ടം മുതല്‍ സൂപ്പര്‍ഫാസ്റ്റ് ബസ്സിനെ മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ സൈഡ് കൊടുത്തില്ല എന്നാണ് പറയുന്നത്. പിന്നീട് മറികടന്ന് പോയ കാറിനെ വീണ്ടും കെഎസ്ആര്‍ടിസി താല്‍ക്കാലിക ഡ്രൈവറായ എല്‍.എച്ച്.യദു ഓവര്‍ട്ടേക്ക് ചെയ്തു എന്നതാണ് സംഭവങ്ങളുടെ മുഴുവന്‍ രത്‌നചുരുക്കം. തുടര്‍ന്നാണ് പാളയം ജംഗ്ഷനില്‍ ബസ്സ് നിര്‍ത്തിയപ്പോള്‍ അതിന്റെ മുന്നില്‍ കൊണ്ടുവന്ന് കാര്‍ കുറുകെ ഇട്ട് യാത്രക്കാരെ മുഴുവന്‍ ഇറക്കി നടുറോഡില്‍ സീന്‍ സൃഷ്ടിച്ചത്. ഔദ്യോഗിക കാറോ തിരിച്ചറിയാനുള്ള സൂചനകളോ ഇല്ലാത്ത കാറിനെ എങ്ങനെയാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ തിരിച്ചറിയുക? എംഎല്‍എ ആണെന്നും എന്താണെന്ന് കാണിച്ചു തരാം എന്ന് ഭര്‍ത്താവും, തനിക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്യുമെന്ന് മേയറമ്മയും പറഞ്ഞപ്പോള്‍ പഴയ സഖാവായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു പറഞ്ഞ മറുപടി നാറാണത്ത് ഭ്രാന്തന്റെ വാക്കുകളാണ് ഓര്‍മ്മിപ്പിച്ചത്. തന്റെ ഇടതുകാലിലെ മന്ത് ഒന്ന് വലത്തു കാലിലേക്ക് മാറ്റാന്‍. ഇത്രയൊക്കെ കഴിവുള്ള ആളുകള്‍ ആണെങ്കില്‍ ഒരു മാസമായി കിട്ടാത്ത ശമ്പളം വാങ്ങിത്തരാനാണ് ഡ്രൈവര്‍ അവരോട് പറഞ്ഞത്.
മേയറുടെ ഫോണ്‍വിളിയില്‍ പാഞ്ഞെത്തിയ പോലീസ് കെഎസ്ആര്‍ടിസി ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തു. അശ്ലീല ആംഗ്യം കാണിച്ചു എന്നതിന്റെ പേരിലാണ് ഡ്രൈവര്‍ യദുവിന്റെ പേരില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. വണ്ടിയില്‍ ഉണ്ടായിരുന്ന ക്യാമറയുടെ മെമ്മറി കാര്‍ഡ് ഇപ്പോള്‍ കാണാനില്ല. പോലീസ് കസ്റ്റഡിയില്‍ വച്ചാണ് മെമ്മറി കാര്‍ഡ് കാണാതെ പോയത്. നാട്ടുകാര്‍ ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്യാന്‍ എംഎല്‍എ നിര്‍ബന്ധിക്കുന്ന ദൃശ്യങ്ങളും നാട്ടുകാര്‍ പുറത്ത് വിട്ടിരുന്നു. കെഎസ്ആര്‍ടിസി ബസ്സിനുള്ളില്‍ കടന്ന് യാത്രക്കാരെ ഇറക്കി വിടാനും ഈ ബസ് ഇനിപോകില്ലെന്ന് പറയാനും മേയര്‍ക്കും എംഎല്‍എക്കും ആരാണ് അധികാരം നല്‍കിയത്? നിയമമനുസരിച്ച് യാതൊരു അധികാരവും കെഎസ്ആര്‍ടിസിയുടെ മേല്‍ ഇല്ലാത്ത, അധികാര സ്ഥാനത്തുള്ള ഒരു വനിതയുടെ ഒരു വ്യാജ പരാതി, വിശേഷിച്ചും അശ്ലീല ആംഗ്യം കാട്ടി എന്ന പരാതിയില്‍ ഒരു ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയും ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്യുന്നത് ശരിയായ നടപടിയാണോ? സ്വന്തം വകുപ്പിലെ ജീവനക്കാരനുവേണ്ടി നിലപാട് എടുക്കേണ്ട മന്ത്രി ഗണേഷ്‌കുമാര്‍ സ്വന്തം മന്ത്രിസ്ഥാനവും അടുത്ത തവണത്തെ സ്ഥാനാര്‍ത്ഥിത്വവും നഷ്ടമാകേണ്ട എന്ന് കരുതിയായിരിക്കും നേരെ മേയറെ പിന്തുണച്ച് ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തത്. സ്വന്തം നിലനില്‍പ്പിനേക്കാള്‍ വലിയ ആദര്‍ശവും ആത്മാര്‍ത്ഥതയും വേണ്ടെന്ന് ഗണേഷ് കുമാറിന് തോന്നിയെങ്കില്‍ അതില്‍ അത്ഭുതമില്ല.
പക്ഷേ ഇക്കാര്യത്തിലും ചരിത്രപരമായ നിലപാട് സ്വീകരിക്കുകയും അഭിമാനോജ്ജ്വലമായി പെരുമാറുകയും ചെയ്തത് കേരള പോലീസാണ്! പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ കേസിലും മൂന്നാര്‍ വാളയാര്‍ പീഡനക്കേസുകളിലുമൊക്കെ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച കേരള പോലീസിന്റെ കിരീടത്തിലെ മിന്നുന്ന നക്ഷത്രമാണ് ഈ സംഭവം. ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ നടപടിയെടുക്കുകയോ കേസെടുക്കുകയോ ചെയ്യാതെ മേയറമ്മയില്‍ നിന്ന് അശ്ലീല ആംഗ്യ പരാതി ലഭിക്കും വരെ കാത്തുനിന്ന പോലീസിനല്ലേ ഏറ്റവും വലിയ ബഹുമതി നല്‍കേണ്ടത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിടും വരെ കേരള പോലീസ് അന്വേഷണം ആരംഭിക്കുകയോ കേസ് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ല. ഈ നാട്ടിലെ പൗരന്മാരായ സാധാരണ ജനങ്ങളെ വണ്ടിതടഞ്ഞ് രാത്രി പെരുവഴിയില്‍ ഇറക്കിവിട്ട എംഎല്‍എയ്ക്കും മേയര്‍ക്കും എതിരെ നടപടിയെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തിനാണ് ഈ പോലീസ് സംവിധാനം? പരാതി ലഭിച്ചാല്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തിയതിനു ശേഷം അത് തള്ളാനോ കൊള്ളാനോ ഉള്ള അധികാരം പോലീസിനുണ്ട്. പോലീസിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്നതും സാധാരണക്കാര്‍ക്ക് നീതി കിട്ടുന്നില്ല എന്ന് തോന്നുന്നതും സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതും ഇതുകൊണ്ടൊക്കെ തന്നെയല്ലേ. മരുമോന്റെ പ്രത്യേക ശുപാര്‍ശയില്‍ ഞമ്മന്റെ വോട്ട് ബാങ്ക് ഉറപ്പാക്കാന്‍ കിട്ടിയ പദവി പോലീസ് മേധാവി സാധാരണ ജനങ്ങള്‍ക്ക് വേണ്ടി എപ്പോഴെങ്കിലും ഒന്ന് ഉപയോഗപ്പെടുത്തണം. പോലീസ് സംവിധാനം ഇത്രയേറെ രാഷ്ട്രീയവല്‍ക്കരിക്കുകയും അതൊരു അടിമപ്പണിയാവുകയും ചെയ്ത ഒരു കാലം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. അടിയന്തരാവസ്ഥയില്‍ പോലും എല്ലാ ഉദ്യോഗസ്ഥരും കരുണാകരന്‍ പറഞ്ഞതനുസരിച്ച് പീഡനത്തിനും മര്‍ദ്ദനത്തിനും ഇറങ്ങിയിട്ടില്ല എന്നകാര്യം ഓര്‍മിക്കണം.
പോലീസ് സ്റ്റേഷനും പൊതുനിരത്തും കയ്യാളാനും, പൊതുജനങ്ങളുടെ മുന്നില്‍ വച്ച് ഇങ്ങനെ അശ്ലീലമായി പെരുമാറാനും മടിയില്ലാത്ത ഈ മേയറും ഭര്‍ത്താവായ എംഎല്‍എയും കേരളത്തിലെ പൊതു സാംസ്‌കാരിക മൂല്യത്തിന് ഉതകുന്നവരാണോ എന്ന കാര്യം പൊതുസമൂഹം ചിന്തിക്കട്ടെ. പൊതുജനങ്ങളുടെ മുന്നില്‍ പരസ്യമായി അരങ്ങേറിയ ഈ സംഭവത്തില്‍ പോലും രാഷ്ട്രീയം കളിക്കാനും മേയറെ രക്ഷിക്കാനുമാണ് ഒരുവിഭാഗം രംഗത്തെത്തിയതെങ്കില്‍ മറ്റൊരു വിഭാഗം മാധ്യമപ്രവര്‍ത്തകരെ അപഹസിക്കാനുള്ള തിരക്കിലായിരുന്നു. മാധ്യമങ്ങള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു കേരളത്തിലെ അവസ്ഥ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന് പിന്‍ഗാമി വേണമെങ്കില്‍ അത് മേയറമ്മയാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ധാര്‍ഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയുമൊക്കെ ആള്‍രൂപമായ അവര്‍ സിപിഎം രാഷ്ട്രീയത്തിന് മുതല്‍ക്കൂട്ടായിരിക്കും. ചില വീടുകള്‍ക്ക് മുന്നിലെ ബോര്‍ഡുകള്‍ പോലെ തലസ്ഥാനത്ത് പ്രത്യക്ഷപ്പെട്ട ‘ബി അവയര്‍ ഓഫ് മേയര്‍’ എന്ന പോസ്റ്ററുകള്‍ സാധാരണക്കാരുടെ ചിന്തയുടെ പ്രതിഫലനമാണെന്ന് ഇനിയെങ്കിലും സഖാക്കള്‍ മനസ്സിലാക്കണം.