തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ വിവാദങ്ങളില്‍പ്പെടുന്നത് ഒരു വാര്‍ത്തയല്ലാതായിട്ട് കാലമേറെയായി. ഇവരെ അനന്തപുരിയുടെ മേയര്‍ പദവിയിലേക്ക് അവരോധിച്ചത് സിപിഎമ്മിലെ പടലപ്പിണക്കങ്ങള്‍ കൊണ്ടാണ് എന്നത് അന്നേ പുറത്ത് വന്ന വസ്തുതയാണ്. മേയര്‍ സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കുന്ന സിപിഎമ്മിലെ സീനിയര്‍ നേതാക്കളെ ഒതുക്കാന്‍ വേണ്ടി ഇറക്കിയ തുറുപ്പുചീട്ടായിരുന്നു ആര്യാ രാജന്ദ്രേന്‍. മുന്‍ ഫോറന്‍സിക് ലാബ് ജോയിന്റ് ഡയറക്ടറും മുന്‍ പി.എസ്.സി അംഗവും ഒക്കെ ആയിരുന്ന പേരൂര്‍ക്കട കൗണ്‍സിലര്‍ ജമീലാ രാഘവനെ ആയിരുന്നു പ്രചാരണ സമയത്ത് മേയര്‍ സ്ഥാനത്തേക്ക് സിപിഎം ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ പിന്നീട് മുടവന്‍മുകള്‍ വാര്‍ഡില്‍ നിന്നും ജയിച്ച ആര്യ രാജേന്ദ്രന് നറുക്ക് വീണു.
സ്ഥാനമേറ്റെടുത്ത ശേഷം ഉടന്‍തന്നെ അവര്‍ സ്വാമി സൂര്യനാരായണന്‍ എന്ന ഭദ്രകാളി ഉപാസകനോടൊപ്പം നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത് സിപിഎം അണികളില്‍ മുറുമുറുപ്പുണ്ടാക്കിയിരുന്നു. സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ഫോട്ടോ സ്വാമി സൂര്യനാരായണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് സംഭവം പാര്‍ട്ടിക്കാര്‍ അറിഞ്ഞത്. ‘ഞങ്ങളുടെ ചുറുചുറുക്കുള്ള ചെറുപ്പക്കാരിയായ തിരുവനന്തപുരം മേയര്‍ അച്ഛനൊപ്പം എന്നെ കാണാനെത്തി. ഭാവിയില്‍ അവളുടെ എല്ലാ ലക്ഷ്യങ്ങളും നേടാന്‍ ഞാന്‍ അനുഗ്രഹിച്ചു. വരും വര്‍ഷങ്ങളില്‍ മന്ത്രി പദവി കിട്ടാന്‍ ദൈവം അനുഗ്രഹിക്കട്ടെ’ എന്ന കുറിപ്പോടെയായിരുന്നു സൂര്യനാരായണന്‍ ചിത്രം പങ്ക് വച്ചത്. എന്നാല്‍ കൂടുതല്‍ പുലിവാല് പിടിക്കാതെ സി.പി.എം ഇക്കാര്യം തത്വത്തില്‍ ഒതുക്കി.
കോവിഡ് കാലമായതിനാല്‍ വീടുകളിലായിരുന്നു ഭക്തര്‍ പൊങ്കാല അര്‍പ്പിച്ചത്. അതിനു ശേഷം ശുചീകരണത്തിനായി 21 ടിപ്പര്‍ലോറികള്‍ വാടകയ്ക്ക് എടുത്തതിലുണ്ടായ ഒരു കടുത്ത അഴിമതിയാണ് പുറത്തുവന്നത്. കോവിഡ് കാലത്ത് ക്ഷേത്രവുമായി ബന്ധപ്പെട്ട് പണ്ടാര അടുപ്പില്‍ മാത്രമായിരുന്നു പൊങ്കാല. എന്നാല്‍, പൊങ്കാല മാത്രമാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്നതെന്നും ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റമില്ലാതിരുന്നതിനാല്‍ സാധാരണഗതിയില്‍ എല്ലാ വര്‍ഷവും ഉണ്ടാകുന്നപോലെ മാലിന്യം ഉണ്ടായിരുന്നെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ വിശദീകരണം നല്‍കി. ആളില്ലാപ്പൊങ്കാലയ്ക്കുപിന്നാലെ 28 ലോഡ് മാലിന്യം നീക്കിയെന്നു പോലും അവര്‍ വിശദീകരിച്ചു.
കോര്‍പ്പറേഷനിലെ ജനങ്ങള്‍ നികുതിയായി അടച്ച തുക രേഖപ്പെടുത്താതെയും രേഖപ്പെടുത്തിയ തുക അക്കൗണ്ടില്‍ വരവുവയ്ക്കാതെയും തട്ടിപ്പ് നടത്തിയതായിരുന്നു അടുത്തത്. കെട്ടിട നികുതിയായും ലൈസന്‍സ് ഫീസായും അടച്ച തുകയും കണക്കില്‍ വരവുവെക്കാതെ തട്ടിപ്പ് നടത്തുകയായിരുന്നു. ലഭിക്കുന്ന ചെക്കുകള്‍ ബാങ്കില്‍ നല്‍കാതെ നികുതി ഒടുക്കിയതായി രേഖകള്‍ നല്‍കിയ സംഭവം പോലുമുണ്ടായി.
അഞ്ച് ലക്ഷത്തിന് മുകളിലുള്ള കരാറുകളെല്ലാം ഇ-ടെന്‍ഡര്‍ വിളിച്ച് നല്‍കണമെന്ന ചട്ടം നിലനില്‍ക്കെ ഇതെല്ലാം കാറ്റില്‍പ്പറത്തി നഗരത്തില്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസിന് രണ്ടരക്കോടിയുടെ കരാര്‍ കോര്‍പ്പറേഷന്‍ നല്‍കിയത് വിവാദമായി. 10,000 എല്‍.ഇ.ഡി. ലൈറ്റുകള്‍ സ്ഥാപിക്കാന്‍ നഗരസഭ ആദ്യം ഇ- ടെന്‍ഡര്‍ അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. പൊതുമേഖല സ്ഥാപനങ്ങളായ കെല്‍ട്രോണ്‍, കെ.എസ്.ഐ.ഇ, കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനിയറിംഗ് ലിമിറ്റഡ് (കെല്‍) എന്നിവര്‍ ക്വട്ടേഷന്‍ നല്‍കി. ഏറ്റവും കുറഞ്ഞ തുകയായ 2350 രൂപ ക്വോട്ട് ചെയ്തത് കെല്‍ ആയിരുന്നു. എന്നാല്‍ കെല്ലിനെ മറികടന്ന് യുണൈറ്റഡ് ഇലക്ട്രിക്കല്‍സിന് കരാറ് നല്‍കി. 2021 ഫെബ്രുവരിയിലുള്ള കരാറിലൂടെ 18 ലക്ഷം രൂപയുടെ അഴിമതി നടന്നെന്നാണ് ആരോപണം.
വാര്‍ഡിന്റെ ചുമതലയില്ലാത്ത ഉദ്യോഗസ്ഥന്റെ യൂസര്‍ നെയിമും പാസ്വേര്‍ഡും ഉപയോഗിച്ച് രണ്ട് വാണിജ്യ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയ കെട്ടിട നമ്പര്‍ അഴിമതി തട്ടിപ്പ് വ്യക്തമായത് കോര്‍പ്പറേഷന്റെ ആഭ്യന്തര അന്വേഷണത്തിലായിരുന്നു. തിരുവല്ലം സോണല്‍ ഓഫീസിലെ റവന്യൂ ഇന്‍സ്പെക്ടറുടെ പാസ്‌വേഡ് ഉപയോഗിച്ച് കേശവദാസപുരം വാര്‍ഡിലെ കെട്ടിടങ്ങള്‍ക്ക് അനുവദിച്ച കെട്ടിടനമ്പറുകള്‍ വ്യാജമാണെന്ന് തെളിയുകയായിരുന്നു.
തിരുവനന്തപുരം നഗരസഭയുടെ ആത്മാഭിമാനം തന്നെ കളഞ്ഞു കുളിച്ച ഒന്നായിരുന്നു അക്ഷരശ്രീ തട്ടിപ്പ്. സൗജന്യമായി വിദ്യാഭ്യാസം നല്‍കുന്നതിനായി 4.15 കോടി ചെലവില്‍ തുടക്കംകുറിച്ച പദ്ധതിയാണ് ‘അക്ഷരശ്രീ’. കണക്കില്‍ 11,700 നിരക്ഷരര്‍ ഉണ്ടായിരുന്നിട്ടും അക്ഷരശ്രീ പദ്ധതി പ്രകാരം സാക്ഷരതാ ക്ലാസ്സ് സംഘടിപ്പിച്ചപ്പോള്‍ ആളുണ്ടായിരുന്നില്ല. നിരക്ഷരരുടെ കണക്ക് പെരുപ്പിച്ച് കാട്ടി നഗരസഭയുടെ ഫണ്ട് വെട്ടിക്കാനുള്ള പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു.
പട്ടികജാതി വനിതകള്‍ക്കുള്ള സ്വയംതൊഴില്‍ വായ്പാ സബ്‌സിഡി ഗുണഭോക്താക്കള്‍ അറിയാതെ തട്ടിയെടുത്ത വാര്‍ത്ത പുറത്തു വന്നതോടെ ഏറെ വിവാദമായിരുന്നു. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് പട്ടികജാതി വനിതകള്‍ക്കുള്ള ഫണ്ട് തട്ടിയെടുത്തെന്നായിരുന്നു കേസ്. ഒന്നരക്കോടി രൂപയിലധികം ഇത്തരത്തില്‍ തട്ടിയെടുത്തുവെന്ന് പരാതി നല്‍കി നഗരസഭ പതിവുപോലെ കൈകഴുകി. എന്നാല്‍, പോലീസ് അന്വേഷണത്തില്‍ മൂന്ന് കോടി രൂപയോളം തട്ടിച്ചെന്ന് കണ്ടെത്തിയതായി പിന്നീട് വാര്‍ത്ത വന്നു.
ആരോഗ്യ വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ 295 ഒഴിവുകളിലേക്ക് ദിവസ വേതന നിയമനം നടത്തുന്നു എന്നും, അതിനു യോഗ്യതയുള്ള സിപിഎമ്മുകാരുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്നുമാവശ്യപ്പെട്ട് മേയര്‍ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയറുടെ ഔദ്യോഗിക ലെറ്റര്‍ഹെഡില്‍ അയച്ച കത്ത് ചോര്‍ന്നതോടെ സിപിഎം നടത്തിയ മറ്റൊരു അഴിമതി ആയിരുന്നു പുറത്തായത്.
ജാതി തിരിച്ച് കായിക ടീം ഉണ്ടാക്കുന്നു എന്ന് പറഞ്ഞു കൊണ്ട് അവര്‍ നടത്തിയ ഫേസ്ബുക്ക് പോസ്റ്റ് ഏറെ നാണക്കേടുണ്ടാക്കി. ഫുട്ബോള്‍, ഹാന്‍ഡ് ബോള്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, അത്ലറ്റിക്സ് എന്നീ കായിക ഇനങ്ങളില്‍ നഗരസഭക്ക് ജനറല്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും, എസ്. സി. /എസ്.ടി. വിഭാഗത്തിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും ഉണ്ടാക്കും എന്നുള്ള പ്രസ്താവന വിവാദമായതോടെ അവര്‍ വീണ്ടും ഉരുണ്ടുകളിക്കുകയായിരുന്നു.
പി.ആര്‍ വര്‍ക്കുകളിലൂടെയും സോഷ്യല്‍ മീഡിയ ഗിമ്മിക്കുകളിലൂടെയും ശ്രദ്ധ പിടിച്ചു പറ്റാനുള്ള ആര്യയുടെ അടുത്ത തന്ത്രം അവരുടെ കുഞ്ഞിനെക്കൂടി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു. കൈക്കുഞ്ഞിനേയുമായി ഓഫീസിലെത്തിയ അവര്‍ ഫയല്‍ നോക്കുന്നതായി പോസ് ചെയ്ത ചിത്രങ്ങള്‍ പുറത്തു വന്നു. മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം 2018 ല്‍ പുറത്തിറക്കിയ ഉത്തരവ് ‘കുട്ടികളെ ഓഫീസില്‍ കൊണ്ടുവരാന്‍ പാടില്ല’എന്നുള്ളതായിരുന്നു. ഇത് നിലനില്‍ക്കുമ്പോഴായിരുന്നു ഇവരുടെ ഈ പി.ആര്‍.വര്‍ക്ക്. കുട്ടികളെയുമായി ഓഫീസിലെത്തുന്നത് വഴി ഓഫീസ് സമയം നഷ്ടപ്പെടുത്തുന്നു, ഓഫീസ് ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യുന്നു, കുട്ടിയുടെ വ്യക്തിത്വ വികസനത്തെ ഇത് ബാധിക്കുന്നു എന്നീ കാരണങ്ങളാല്‍ കുട്ടികളെ ഓഫീസില്‍ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും ഇത് ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പിന്റെ ഉത്തരവില്‍ വിശദീകരിക്കുന്നുണ്ട്.
മേയറെ വേദിയിലിരുത്തിക്കൊണ്ട് മുന്‍ മന്ത്രിയും കഴക്കൂട്ടം എം.എല്‍.ഏ യുമായ കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ കടുത്ത വിമര്‍ശനങ്ങള്‍ ഇവരുടെ പ്രവര്‍ത്തനത്തിന്റെ പ്രോഗ്രസ്സ് കാര്‍ഡാണ് എന്ന് തന്നെ പറയാം.
‘നഗരത്തിന്റെ പലഭാഗത്തും യാത്രതന്നെ അസാധ്യമാക്കിക്കൊണ്ട് വിവിധ വികസന പദ്ധതികളുടെ ഭാഗമായി റോഡുകളെല്ലാം വെട്ടിമുറിച്ചിട്ടിരിക്കുകയാണ്. വര്‍ഷങ്ങളായി യാത്രാ സൗകര്യം നിഷേധിക്കപ്പെട്ട ജനങ്ങള്‍ നഗരത്തില്‍ താമസിക്കുന്നുണ്ട്. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കേണ്ടതുണ്ട്. രണ്ട്- മൂന്ന് പദ്ധതികള്‍ തലസ്ഥാന നഗരത്തെ വല്ലാതെ ശ്വാസം മുട്ടിക്കുന്നു. സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി കഴിഞ്ഞ കുറച്ച് വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ വേണ്ടത്ര വേഗതയോടെ നടപ്പിലാക്കാന്‍ സാധിക്കുന്നില്ലെന്ന പോരായ്മയുണ്ട്. പോരായ്മയുണ്ടെന്നത് വാസ്തവമാണ്. പദ്ധതി നടപ്പിലാക്കുമ്പോള്‍ രണ്ടും മൂന്നും നാലും വര്‍ഷമായി ജനങ്ങളെ തടവിലാക്കുന്ന, സഞ്ചരിക്കുന്നതില്‍നിന്ന് തടസ്സപ്പെടുത്തുന്നതായുള്ള അവസ്ഥാവിശേഷം വരികയാണ്. ചില പദ്ധതികള്‍ തുടങ്ങി എവിടേയും എത്താത്ത സാഹചര്യമുണ്ട്’, കടകംപള്ളി പറഞ്ഞു.
മൂന്ന് വര്‍ഷത്തെ വികസനനേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച വികസന സെമിനാറിലായിരുന്നു കടകംപള്ളിയുടെ വിമര്‍ശനം. മന്ത്രി വി. ശിവന്‍കുട്ടിയായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. മന്ത്രി വേദിവിട്ടതിന് പിന്നാലെ മേയര്‍ ആര്യാ രാജേന്ദ്രനെ വേദിയില്‍ ഇരുത്തിയായിരുന്നു കഴക്കൂട്ടം എം.എല്‍.എ. കൂടിയായ കടകംപള്ളിയുടെ വാക്കുകള്‍.
ഇങ്ങിനെ ഒരു നഗരത്തിന്റെ നേതൃസ്ഥാനത്തിരുന്നുകൊണ്ട് കൈ വെച്ചതെല്ലാം പരാജയമാക്കി മാറ്റിയ അവരുടെ ഏറ്റവും പുതിയ വിവാദമായിരുന്നു കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കെതിരെ നഗരമധ്യത്തില്‍ നടത്തിയ പ്രകടനം.
തൃശ്ശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന സൂപ്പര്‍ ഫാസ്റ്റ് ബസിനു മുന്‍പിലേക്ക് തന്റെ കാര്‍ കൊണ്ടുവന്നിട്ട് ഡ്രൈവറോട് തട്ടിക്കയറിയ മേയറും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍. എയും ചേര്‍ന്ന് നടത്തിയ ഗുണ്ടായിസം കേരളത്തിലെ നിയമസംവിധാനത്തെ നോക്കുകുത്തിയാക്കി.
എം.എല്‍.എ ബസ്സില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. എല്ലാവരും ബസ്സില്‍ നിന്നിറങ്ങിപ്പോകണമെന്നും, ഈ ബസ് ഇനി അനങ്ങില്ലെന്നും എംഎല്‍ എ പറഞ്ഞതായി യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നില്‍ കെഎസ്ആര്‍ടിസി ബസ്സിന് കുറുകെ കാറിട്ട് കൊണ്ട് കെഎസ്ആര്‍ടിസി ഡ്രൈവറോട് സംസാരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ബസ്സിന്റെ ഇടതുവശത്തു കൂടി ഓവര്‍ ടേക്ക് ചെയ്ത് സീബ്ര ക്രോസിങ്ങില്‍ കൂടി ബസ്സിന് കുറുകെ നിര്‍ത്തിയത് പരസ്യമായ ഗതാഗത നിയമലംഘനമാണ്. വാഹനം തടഞ്ഞിട്ട സമയത്ത് മറ്റ് വാഹനങ്ങള്‍ കടന്നുപോകുന്നതും സിസിടിവിയില്‍ വ്യക്തമാണ്. ബസ് തടഞ്ഞില്ലെന്നായിരുന്നു ആര്യ രാജേന്ദ്രന്റെ വാദം.
പിന്നീട് തന്റെ കള്ളി വെളിച്ചത്താകും എന്നായപ്പോള്‍ സിപിഎംകാരുടെ പൊതുസ്വഭാവം പോലെ ഡ്രൈവര്‍ക്കെതിരെ ലൈംഗിക ചേഷ്ടകാണിച്ചു എന്ന ആരോപണം ഉന്നയിക്കുകയാണ് മേയര്‍ ചെയ്തത്. മേയറുടെ പരാതിയില്‍ ഡ്രൈവര്‍ യദുവിനെതിരെ പോലീസ് കേസെടുത്തു. ഡ്രൈവറുടെ പരാതിയില്‍ ഇനിയും മേയര്‍ക്കും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരെ പൊലീസ് കേസെടുത്തിട്ടില്ല. തുടര്‍ന്ന് യദുവിനെ സ്വഭാവഹത്യ ചെയ്തു കൊണ്ട് സൈബര്‍ ഗുണ്ടകള്‍ അഴിഞ്ഞാടി. ഡ്രൈവര്‍ മേയറോട് അശ്ലീല ആംഗ്യം
കാണിക്കുന്നത് കണ്ടിട്ടില്ലെന്നാണ് ബസ് കണ്ടക്ടര്‍ സുബിന്‍ പൊലീസിന് മൊഴി നല്‍കിയത്.
ഇത് കൂടാതെ ഡ്രൈവര്‍ക്കെതിരെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ പിരിച്ചുവിടണമെന്നും സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കണമെന്നും പറഞ്ഞുകൊണ്ടുള്ള പ്രമേയം പാസ്സാക്കി.
ഈ വിഷയത്തില്‍ കൃത്യമായ തെളിവാകുമായിരുന്ന ബസ്സിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാതെപോയതും മേയറുടെ വാദത്തിന്റെ നട്ടെല്ല് ഒടിക്കുന്നു. തമ്പാനൂര്‍ ഡിപ്പോയില്‍ അന്നേരം ഉണ്ടായിരുന്ന മുഴുവന്‍ ബസ്സുകളിലും മെമ്മറി കാര്‍ഡ് ഉണ്ടായിരിക്കുകയും ഇതില്‍ മാത്രം ഇല്ലാതിരിക്കുകയും ചെയ്യുന്നത് എങ്ങിനെ എന്ന ചോദ്യത്തിന് ഇത് പിണറായി സര്‍ക്കാരിന്റെ ഭരണകാലമാണ്, അനന്തപുരിക്കൊരു മേയറുണ്ട് സൂക്ഷിക്കുക എന്ന മറുപടിയാണ് അന്തരീക്ഷത്തില്‍ അലതല്ലുന്നത്.