ചെന്നൈ കടല്‍ത്തീരത്തെ ഒരു സായംസന്ധ്യ. ധോത്തിയും ഷാളും ധരിച്ച് ഒരു മദ്ധ്യവയസ്‌ക്കന്‍ വിശാലമായ ആ മണല്‍പ്പരപ്പിലിരുന്ന് ഭഗവദ്ഗീത പാരായണം ചെയ്യുകയായിരുന്നു.
ആ സമയം ഒരു ബാലന്‍ അവിടെ വന്ന് പുസ്തകത്തിന്റെ പുറംചട്ട നോക്കിക്കൊണ്ട് അദ്ദേഹത്തോടായി ചോദിച്ചു: ”ഈ ശാസ്ത്രയുഗത്തിലും നിങ്ങള്‍ ഇത്തരമൊരു പഴഞ്ചന്‍ പുസ്തകം വായിക്കുന്നതെന്തിനാണ്?… നോക്കൂ ഈ നിമിഷം നമ്മള്‍ വിചാരിച്ചാല്‍ ചന്ദ്രനില്‍ എത്താന്‍ കഴിയും… നിങ്ങള്‍ എങ്ങനെയാണ് ഈ ഗീതയിലും രാമായണത്തിലും കുടുങ്ങിപ്പോയത്?” അദ്ദേഹം ആ ബാലനോട് ചോദിച്ചു? ”നിനക്ക് ഗീതയെക്കുറിച്ച് എന്തറിയാം.?”
ബാലന്‍ ആ ചോദ്യത്തിനുത്തരം നല്‍കാതെ ആവേശത്തോടെ പറഞ്ഞു:
”അതൊക്കെ വായിച്ചിട്ട് എന്തുനേടാന്‍? നിങ്ങള്‍ക്കറിയാമോ, ഞാന്‍ വിക്രംസാരാഭായ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിയാണ്; ശാസ്ത്രജ്ഞനാണ്. ഈ ഗീതാപഠനം ഉപയോഗശൂന്യമാണ്.”
ബാലന്റെ വാക്കുകള്‍ കേട്ട് അദ്ദേഹം ഊറിയൂറി ചിരിച്ചു.
അപ്പോഴേയ്ക്കും രണ്ടു കൂറ്റന്‍ കാറുകള്‍ അവിടെ വന്നു നിന്നു.
ഒരു കാറില്‍ നിന്നും കുറച്ചു കറുത്ത കമാന്‍ഡോകളും മറ്റൊരു കാറില്‍ നിന്നും ഒരു സൈനികനും ഇറങ്ങി. പട്ടാളവേഷം ധരിച്ചയാള്‍ ഒരു കാറിന്റെ പിന്‍വാതില്‍ തുറന്ന് സല്യൂട്ടടിച്ച് കാറിന്റെ ഡോറിനടുത്തു നിന്നു.
ഗീതാപാരായണം നടത്തിക്കൊണ്ടിരുന്ന അദ്ദേഹം പതുക്കെ വണ്ടിയില്‍ കയറിയിരുന്നു. ഇതെല്ലാം കണ്ട് ആ ബാലന്‍ സ്തംഭിച്ചു നിന്നു.
ആ മനുഷ്യന്‍ പേരുകേട്ട ഏതോ ആളായിരിക്കണം എന്ന് ബാലന്‍ നിഗമനത്തിലെത്തി. അവിടെ മറ്റാരേയും കാണാന്‍ കഴിയാത്തതിനാല്‍ തന്റെ സംശയം തീര്‍ക്കാനും കഴിഞ്ഞില്ല.
രണ്ടും കല്പിച്ച് ബാലന്‍ ഓടി അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് ചെന്ന് ചോദിച്ചു: ”സര്‍, സര്‍.. ക്ഷമിക്കണം. അങ്ങ് ആരാണ്?’
അദ്ദേഹം വളരെ ശാന്തമായ ശബ്ദത്തില്‍ പറഞ്ഞു: ”ഞാന്‍ വിക്രം സാരാഭായി…”
ബാലന്‍ അതുകേട്ടതും ഷോക്കേറ്റതു പോലെയായി.
ഈ ബാലന്‍ ആരായിരുന്നുവെന്നറിയേണ്ടേ? ഭാരതത്തിന്റെ രാഷ്ട്രപതി സ്ഥാനത്തേയ്ക്കുയര്‍ന്നുവന്ന മഹാനായ ഡോ.എ.പി.ജെ.അബ്ദുല്‍ കലാമായിരുന്നു അദ്ദേഹം.
മേല്‍പറഞ്ഞ സംഭവത്തിനു ശേഷം അദ്ദേഹം ഭഗവദ്ഗീത പഠിക്കാന്‍ തുടങ്ങി. രാമായണവും മഹാഭാരതവും മറ്റ് മഹദ് ഗ്രന്ഥങ്ങളും വായിച്ച് ഹൃദിസ്ഥമാക്കി. ഭഗവദ്ഗീത പഠിച്ചതിന്റെ ഫലമായി ജീവിതകാലം മുഴുവനും മാംസാഹാരം കഴിക്കില്ലെന്ന് അദ്ദേഹം തന്റെ ഗീത എ സയന്‍സ് എന്ന പുസ്തകത്തില്‍ എഴുതി. ഗീത, രാമായണം, മഹാഭാരതം എന്നിവ ഭാരതത്തിന്റെ സ്വന്തം സാംസ്‌കാരിക പൈതൃകമായതില്‍ അഭിമാനമാണ് ഭാരതീയര്‍ക്കെന്ന് അദ്ദേഹം കണ്ടെത്തുകയായിരുന്നു.