നാവില്‍ ശരണമന്ത്രങ്ങള്‍ ഒഴുകി എത്തുമ്പോള്‍ മനസ്സില്‍ നിറയുന്നത് ശബരിമല ക്ഷേത്രവും അയ്യപ്പന്റെ തങ്കവിഗ്രഹവുമാണ്. കാലം കടന്നുപോകുമ്പോഴും കോടിക്കണക്കിനു ഭക്തര്‍ ദര്‍ശനം നടത്തുന്ന ശബരിമല ക്ഷേത്രത്തിനു മാറ്റമില്ല. ചെമ്പുപാളി നീക്കി മേല്‍ക്കൂര സ്വര്‍ണ്ണം പൊതിഞ്ഞതുമാത്രമാണ് അരനൂറ്റാണ്ടിനിടെ ക്ഷേത്രത്തിനുണ്ടായ മാറ്റം. 1125 മിഥുനത്തില്‍ തീവെച്ചുനശിപ്പിക്കപ്പെട്ട ശബരിമല ക്ഷേത്രം പുനര്‍നിര്‍മ്മിച്ചു പ്രതിഷ്ഠ നടത്തിയത് 1126 ഇടവമാസം നാലാംതീയതി അത്തം നക്ഷത്രത്തിലാണ്. തന്ത്രിമുഖ്യന്‍ താഴ്മണ്‍മഠം കണ്ഠരര് ശങ്കരുവിന്റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു പ്രതിഷ്ഠാകര്‍മ്മം.
ശബരിമലയില്‍ എത്താന്‍ വാഹനങ്ങള്‍ അപ്രാപ്യമായിരുന്ന കാലത്ത് ശബരിമല റസിഡന്റ് എഞ്ചിനീയറായിരുന്ന കെ.മാധവന്‍ നായരുടെ (പ്രശസ്തനായ എം.കെ.കെ.നായരുടെ സഹോദരന്‍) നേതൃത്വത്തില്‍ 200 തൊഴിലാളികള്‍ രാവും പകലും പണിയെടുത്താണ് ഒരുവര്‍ഷം കൊണ്ട് ക്ഷേത്രം പുനര്‍നിര്‍മ്മിച്ചത്. ഇന്നു കാണുന്ന ക്ഷേത്രനിര്‍മ്മാണത്തിനു പുലിയൂര്‍ പുരുഷോത്തമന്‍ നമ്പൂതിരിയാണ് ദേവപ്രശ്‌നം നടത്തിയത്. തച്ചുശാസ്ത്രവിദഗ്ദ്ധനായ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരി, തന്ത്രി താഴ്മണ്‍മഠം കണ്ഠരര് ശങ്കരര് തുടങ്ങിയവരുമായി കൂടിയാലോചിച്ചാണ് മാധവന്‍ നായര്‍ ക്ഷേത്രത്തിന് രൂപകല്പന ചെയ്തത്. പഴയ ക്ഷേത്രത്തിന്റെ കണക്ക് 20 കോല്‍ ആയിരുന്നു. ഇന്നുള്ളത് 23 കോലും.
മാളികപ്പുറത്തെ പീഠപ്രതിഷ്ഠ മാത്രമേ അഗ്നിബാധയ്ക്കു മുന്‍പുണ്ടായിരുന്നുള്ളൂ. ഉപദേവാലയങ്ങള്‍ ഉണ്ടായിരുന്നില്ല. ധര്‍മ്മശാസ്താവിന്റെ ശ്രീകോവിലിനു മുന്നില്‍ നടപ്പന്തല്‍, അഗ്നികോണില്‍ തിടപ്പള്ളി, ക്ഷേത്രത്തിനുമുന്നില്‍ വലിയമ്പലം, അതിനുമുന്നില്‍ ബലിക്കല്‍പുര, അതിന്റെ മുന്നില്‍ ദീപസ്തംഭവും പതിനെട്ടാംപടിയും.
ഉപദേവന്മാരായി ക്ഷേത്രത്തിന്റെ കന്നിമൂലയില്‍ മഹാഗണപതിക്ഷേത്രം, വടക്കുപടിഞ്ഞാറേ മൂലയില്‍ വെളിയിലായി മാളികപ്പുറത്തമ്മയുടെ ക്ഷേത്രം, അതിന്റെ ചുറ്റുമതിലിന് വെളിയില്‍ കൊച്ചു കടുത്തയുടെ ക്ഷേത്രം, അതിനും വെളിയില്‍ നാഗാരാജപ്രതിഷ്ഠ, പതിനെട്ടാം പടിയ്ക്കു മുന്നില്‍ ഇരുവശങ്ങളിലായി വലിയ കടുത്തസ്വാമിയും കറുപ്പുസ്വാമിയും. അതിനു മുന്നില്‍ കിഴക്കുമാറി മീനം രാശിയില്‍ വാവര്‍ ക്ഷേത്രവും പുനര്‍ നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച പഞ്ചലോഹവിഗ്രഹം നിര്‍മ്മിച്ചത് ചെങ്ങന്നൂരിലെ തട്ടാവിള സഹോദരന്മാരായ നീലകണ്ഠപ്പണിക്കരും അയ്യപ്പപ്പണിക്കരും ചേര്‍ന്നാണ്. ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിലെ ഊട്ടുപുരയില്‍ വെച്ചായിരുന്നു വ്രതാനുഷ്ഠാനത്തോടെയുള്ള നിര്‍മ്മാണം നടത്തിയത്.
നാലുഭാഗം വെള്ളി, ഒരു ഭാഗം സ്വര്‍ണ്ണം എട്ടുഭാഗം വീതം പിച്ചളയും ചെമ്പും, അല്പം ഇരുമ്പ് എന്നിവ പ്രത്യേക അനുപാതത്തില്‍ ഉരുക്കിയെടുക്കുന്നതാണ് പഞ്ചലോഹം. എന്നാല്‍ ശബരിമല അയ്യപ്പവിഗ്രഹത്തില്‍ സ്വര്‍ണ്ണത്തിന്റെ അളവ് കൂട്ടിയാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്.
തീപ്പിടുത്തത്തെ തുടര്‍ന്ന് ശബരിമല ക്ഷേത്രപുനര്‍നിര്‍മ്മാണം നടത്തി പുനഃപ്രതിഷ്ഠ നടന്ന കാലഘട്ടത്തിലെ മേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരി ആയിരുന്നു.
ക്ഷേത്ര വാസ്തുശില്പശാസ്ത്രത്തില്‍ പരിചയസമ്പന്നനായ കെ.മാധവന്‍നായര്‍ ശബരിമലയിലെ റസിഡന്റ് എന്‍ജിനീയറായി നിയമിക്കപ്പെട്ടു. പ്രതിഷ്ഠയുടെ പ്രശ്‌നവും തീരുമാനിക്കപ്പെട്ടു. പഴയ ക്ഷേത്രത്തിന് കണക്ക് 20 കോല്‍, പുതിയ ക്ഷേത്രത്തിന് 23 കോല്‍ എന്നു പരിഷ്‌ക്കരിച്ചു. ഷഡാധാര പ്രതിഷ്ഠ, അതാതു അടിയില്‍ ആധാരശില, അതിനുമേല്‍ നിധികുംഭം, അതിനുമേല്‍ പത്മം, പത്മത്തിന് മുകളില്‍ കൂര്‍മ്മം, അതിന് മുകളില്‍ യോഗനാളം, നപുംസകശിലയില്‍ പീഠം മണ്ഡപം ഉപേക്ഷിക്കപ്പെട്ടു.
ഒരു വര്‍ഷത്തിനകം ക്ഷേത്ര പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ ഔപചാരികമായിത്തന്നെ പ്രതിജ്ഞയെടുത്തു. തച്ചുടയ്ക്കപ്പെട്ട വിഗ്രഹം തിരുമുറ്റത്തെ ബാലാലയത്തില്‍ സ്ഥാപിച്ച് പൂജയാരംഭിച്ചു. തെങ്കാശി, ചൊങ്കോട്ട, നാഗര്‍കോവില്‍, പുളിയന്‍കുടി, മധുര മുതലായ സ്ഥലങ്ങളില്‍ നിന്ന് വിദഗ്ധരായ കരിങ്കല്‍പ്പണിത്തൊഴിലാളികളെ കൊണ്ടുവന്നു. എന്‍ജിനീയര്‍ കെ. മാധവന്‍നായരും തൊഴിലാളികളും ഉള്‍പ്പെടെ ഏകദേശം 200 പേര്‍ ആ ഘോരവനത്തില്‍ തമ്പടിച്ചു. രാത്രിയില്‍ തങ്ങാന്‍ ജി.ഐ. ഷീറ്റുകള്‍ പാകിയ താല്‍ക്കാലിക ഷെഡ്ഡുകള്‍ അവിടെ നിരന്നു. കോട്ടയത്ത് നിന്നും കൊണ്ടുവരുന്ന ഭക്ഷണസാധനങ്ങള്‍ റേഷനായി അവര്‍ക്ക് വിതരണം ചെയ്തു.
നിര്‍മ്മാണത്തിനാവശ്യമായ കൃഷ്ണശില പാണ്ടിത്താവളത്തില്‍ കണ്ടെത്തി. അവ പൊട്ടിച്ചെടുക്കാന്‍ ഇന്നത്തെ യാന്ത്രികവിദ്യകളൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല. ശിലയില്‍ ആറിഞ്ചു അകലം വിട്ട ഒരു ഋജു രേഖയില്‍ ആറിഞ്ചാഴത്തില്‍ കുഴികള്‍ കുത്തും. കുഴികളില്‍ മരക്കുറ്റി അടിച്ചുകയറ്റി അതിനുചുറ്റും ചെളികൊണ്ട് തടമുണ്ടാക്കി തടത്തില്‍ വെള്ളം നിറച്ചു നിര്‍ത്തും. കുറ്റികള്‍ ജലം വലിച്ചെടുത്ത് വീര്‍ക്കും. ആ മര്‍ദ്ദത്തില്‍ മരക്കുറ്റികള്‍ അടിച്ചുകയറ്റിയ ഭാഗങ്ങള്‍ ഒരു ഋജുരേഖപോലെ വിണ്ടുകീറും. ആ വിടവില്‍ പാരയും അനുയോജ്യമായ മറ്റു ആയുധങ്ങളും അടിച്ചു കയറ്റി ശിലാപാളികളായി അടര്‍ത്തിയെടുക്കും. ക്വാറിയില്‍ നിന്ന് റെയിലും ട്രോളിയും ഉപയോഗിച്ച് ശിലാപാളികള്‍ സന്നിധാനത്തിന് സമീപം എത്തിച്ചു. പിന്നീട് അവയെ വിഞ്ചും വയര്‍ റോപ്പും ഉപയോഗിച്ചു ക്ഷേത്രമുറ്റത്ത് തൂക്കിയിറക്കും. മിനുസപ്പെടുത്തിയ അത്തരം കൃഷ്ണശിലകളാണ് ക്ഷേത്രനിര്‍മ്മാണത്തിനുപയോഗിച്ചത്. ശിലകള്‍ കൂട്ടിയിണക്കുമ്പോള്‍ തലനാരില്‍, കൂടുതല്‍ ഇട അകലം പാടില്ലെന്നായിരുന്നു നിബന്ധന. ഇതിനെല്ലാം മേല്‍നോട്ടം വഹിച്ചത് കല്‍പ്പണി വിദഗ്ദ്ധനായ നാഗര്‍കോവില്‍ സ്വദേശി കൃഷ്ണന്‍ ആശാരിയായിരുന്നു.
മേല്‍ക്കൂരയ്ക്കാവശ്യമായ തടി കോട്ടയത്ത് പണി ചെയ്തു കൊണ്ടുവരാനായിരുന്നു ആദ്യതീരുമാനം. വളരെ നീളമുള്ളതും ഭാരമേറിയതുമായ തടികള്‍ അക്കാലത്ത് കോട്ടയത്തുനിന്നു സന്നിധാനത്തേക്ക് എത്തിക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമായിരുന്നു. പക്ഷേ, അതിന് മറ്റൊരു വഴി കണ്ടെത്തി. അപ്പാച്ചിമേട്ടിലെ വഴിയോരങ്ങളില്‍ മുറ്റിയ തേക്കുമരങ്ങള്‍ വേണ്ടിടത്തോളം നില്‍ക്കുന്നു. അവ ഉപയോഗിക്കാന്‍ തീരുമാനമായി. ശബരിമല ക്ഷേത്രദര്‍ശനത്തിന് എത്തിക്കൊണ്ടിരുന്ന അയ്യപ്പഭക്തന്മാരാണ് മേല്‍ക്കൂരയ്ക്കാവശ്യമായ തടികള്‍ അപ്പാച്ചിമേട്ടില്‍ നിന്ന് ഭക്തിയോടെ ശരണം വിളിച്ച് തിരുനടയില്‍ ചുമന്നെത്തിച്ചത്.
വന്യമൃഗസങ്കേതമായ ശബരിമലയില്‍ ഏകദേശം 200 പേര്‍ രാത്രിയും പകലും മാറിമാറി പണിയെടുത്തു. സായുധരായ റിസര്‍വ്വ് പോലീസ് കാവല്‍ നിന്നു. എന്‍ജിനീയറും തൊഴിലാളികളും പോലീസുകാരും അയ്യപ്പഭക്തരും ഏകോദര സഹോദരങ്ങളായി ജോലിയില്‍ ഏര്‍പ്പെട്ടു. നിര്‍മ്മാണത്തിനാവശ്യമായ സിമന്റും ഭക്ഷണത്തിനാവശ്യമായ അരിയും മറ്റു ഭക്ഷണസാധനങ്ങളും കോട്ടയത്ത് നിന്നു കൊണ്ടുവരണം. കോട്ടയത്ത് നിന്ന് വണ്ടിപ്പെരിയാര്‍ വഴി മാത്രമേ ശബരിമലയില്‍ എത്താന്‍ അക്കാലത്ത് സാധിക്കുകയുള്ളൂ. വണ്ടിപ്പെരിയാറില്‍ നിന്ന് എട്ടുമൈല്‍ അകലെയുള്ള സത്രത്തില്‍ എത്തി അവിടെ നിന്ന് ഏകദേശം എട്ടുമൈല്‍ ദൂരം ഘോരവനത്തിലൂടെ സഞ്ചരിച്ച് മലയിറങ്ങി ശബരിമലയില്‍ എത്തണം. കഠിനമായ ആ ജോലി ഏറ്റെടുത്തു നടത്തിയത് മുസ്ലിം വിശ്വാസികളായ കരാറുകാരായിരുന്നു. ഇതിനായി പ്രത്യേകം പരിശീലിപ്പിക്കപ്പെട്ട കാളകളെയാണ് സാധനങ്ങള്‍ ശബരിമലയില്‍ കൃത്യമായി ചുമന്നെത്തിക്കാന്‍ അവര്‍ ഉപയോഗിച്ചിരുന്നത്.
മേല്‍ക്കൂര നിര്‍മ്മിക്കാന്‍ തേക്കാണ് ഉപയോഗിച്ചത്. ഉത്തരങ്ങള്‍, അടുത്തടുത്ത് പാകിയ കഴുക്കോലുകള്‍, അവയുടെ മുകളില്‍ രണ്ടിഞ്ചു കനമുള്ള ചെമ്പലക, അവയുടെ മുകളില്‍ ചെറിയ ചെമ്പുതകിടുകള്‍ പൊതിഞ്ഞുള്ള മേല്‍ക്കൂര.
ക്ഷേത്രനിര്‍മ്മാണം മുന്‍നിശ്ചയിച്ച പ്രകാരം തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. 19-ാമാണ്ട് ജൂണ്‍മാസത്തിലെ അത്തം നാളില്‍ ശബരിമലയിലെ പഴയപ്രതിഷ്ഠ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടു.
700 വര്‍ഷത്തെയെങ്കിലും പഴക്കം കാണും ശബരിമല ക്ഷേത്രത്തിന്. ബുദ്ധമതം ക്ഷയിച്ച് ഇവിടെ ഹിന്ദുക്ഷേത്രം ഉയര്‍ന്നെന്ന വാദം അംഗീകരിച്ചാല്‍, പത്താം നൂറ്റാണ്ടുവരെ പിന്നോട്ടു പോവണം.
‘ഭട്ടബന്ധം പൂണ്ട ചിന്മുദ്രാങ്കിത യോഗ സമാധി പൊരുളെന്നാണ്’ ശബരീശ ഖ്യാതി. പരശുരാമനാല്‍ പ്രതിഷ്ഠിച്ച ക്ഷേത്രമെന്നും അഗസ്ത്യമുനിയാല്‍ പൂജാവിധികള്‍ കല്പിച്ചതെന്നും ഐതിഹ്യം.
എരുമേലി, അഴുത, കാളകെട്ടി, കരിമല, വലിയാനവെട്ടം, ചെറിയാനവട്ടം, പമ്പ വഴിയെത്തുന്ന 45 കിലോമീറ്റര്‍ കാനനപാതയാണ് പ്രധാന പരമ്പരാഗത വഴി. കുമളി, ചങ്കറ എസ്റ്റേറ്റ്, ഉപ്പുപാറ, പാണ്ടിത്താവളം വഴിയുള്ള കാട്ടുപാതയും പരമ്പരാഗത പാതയാണ്.
1959-60ലാണ് മണ്ണാറക്കുളഞ്ഞിപ്ലാപ്പള്ളി – ചാലക്കയം റോഡ് പണിയുന്നത്. പമ്പയ്ക്ക് നാല് കിലോമീറ്റര്‍ ഇപ്പുറം വരെ വണ്ടിയെത്താനുള്ള സൗകര്യമായി. 1965ലാണ് കെ.എസ്.ആര്‍.ടി.സി ആദ്യമായി സര്‍വീസ് തുടങ്ങിയത്. ഇത് ചാലക്കയം വരെയായിരുന്നു.
സന്നിധാനത്ത് ആദ്യം വൈദ്യുതിയെത്തിയത് 1969-70-ല്‍. കൊച്ചുപമ്പയില്‍ നിന്ന് 16 കിലോമീറ്റര്‍ വനത്തിലൂടെ ലൈന്‍ വലിച്ചായിരുന്നു ഇത്.