ആരണ്യകകാലത്തെ ഗോത്രീയസമ്പ്രദായങ്ങള്‍ മുതല്‍ അദ്വൈതചിന്തയുടെ വകഭേദങ്ങളില്‍ വരെ എത്തിനിന്ന, വൈദികവും അവൈദികവുമായ അസംഖ്യങ്ങളായ സമ്പ്രദായ വൈവിധ്യങ്ങളുടെ സമഞ്ജസമായ സമന്വയത്തിലൂടെ ആണ് ഭാരതീയമായ പൊതുജീവിതമാതൃക ഉരുത്തിരിഞ്ഞത്. നമുക്ക് Jigsaw Puzzleഎന്തെന്ന് അറിയാം. വ്യത്യസ്ത ആകൃതികളിലും പല വലുപ്പത്തിലും ഉള്ള നിരവധി ശകലങ്ങളെ പ്രത്യേകതരത്തില്‍ അടുക്കുമ്പോള്‍ മനോഹരമായ ഒരു പ്രരൂപം (പാറ്റേണ്‍) തെളിഞ്ഞുവരും. അതുപോലെ ഈ നിരവധി സമ്പ്രദായങ്ങളെ കര്‍മ്മസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പൊതുലക്ഷ്യവും അതു നേടാനുള്ള പല വഴികളും എന്ന സവിശേഷഘടനയില്‍ കൊരുത്താണ് ഭാരതീയ ദാര്‍ശനികന്‍ ഭാരതീയ ജീവിതത്തിന്റെ പൊതുപ്രരൂപത്തെ നിര്‍മ്മിച്ചെടുത്തത്. Albert Schweitzer എന്ന വിഖ്യാത ജര്‍മ്മന്‍ ചിന്തകന്‍ പറയുന്നത് ഇതാണ്- “I am fully conscious of the difficulty of describing definite lines of development in a philosophy which possesses in so remarkable a degree the will and the ability not to perceive contrasts as such, and allows ideas of heterogeneous character to subsist side by side and even brings them into connection with each other. But I believe that we, the people of the West, shall only rightly comprehend what Indian thought really is and what is its significance for the thought of all mankind, if we succeed in gaining an insight into its processes.”(Albert Schweitzer, Preface, Indian Thought and its development, 1952).
കാലാന്തരത്തില്‍ ഈ പൊതുപ്രരൂപത്തെ വിസ്മരിച്ചതാണ് ആദ്ധ്യാത്മിക, ദാര്‍ശനികതലങ്ങളില്‍ ഇന്നു നാം കാണുന്ന പല തരത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ക്കും അനുഷ്ഠാനതലത്തിലെ പാകപ്പിഴകള്‍ക്കും കാരണമായത്. പടയോട്ടത്തിലൂടെയും കുതന്ത്രങ്ങളിലൂടെയും വൈദേശിക സംസ്‌കൃതികള്‍ ഇവിടേക്ക് ഇരച്ചുകയറിയപ്പോള്‍ രാജനൈതിക സ്വാതന്ത്ര്യം മാത്രമല്ല നമുക്കു നഷ്ടമായത്; നമ്മുടെ സംസ്‌കൃതിയുടെ ഊടും പാവും ആയ ഭാരതീയ ജീവിതവീക്ഷണവും അതിന്റെ അടിസ്ഥാനത്തിലുള്ള ജ്ഞാനവിജ്ഞാനങ്ങളും ജീവിതശൈലികളും കൂടിയാണ്. അവ തലമുറകളില്‍ നിന്നും തലമുറകളിലേക്കു പകര്‍ന്നിരുന്ന സംവിധാനങ്ങളായ ഗുരുകുലങ്ങളും സര്‍വ്വകലാശാലകളും അസ്തംഗതങ്ങളായി. പരിവ്രാജകപരമ്പര അന്യം നിന്നു.
പരമ്പരാഗത പദ്ധതിയുടെ രൂപരേഖ
സവിശേഷമായ ഈ ജീവിതമാതൃകയെ നമുക്ക് പരിചയപ്പെടാം. മോക്ഷം, കാമം, ധര്‍മ്മം, അര്‍ത്ഥം എന്ന നാലു പുരുഷാര്‍ത്ഥങ്ങളും വ്യക്തികള്‍ക്ക് അവയോടുള്ള താല്‍പ്പര്യത്തിന്റെ വ്യത്യസ്തമായ മുന്‍ഗണനാക്രമ (Pritority) ത്തിനു നിദാനമായ കര്‍മ്മസിദ്ധാന്തവും ചേര്‍ന്നതാണ് ഈ ജീവിതമാതൃകയുടെ ഉള്ളടക്കം.
ബ്രിട്ടീഷ് അധിനിവേശകാലം തൊട്ട് പാശ്ചാത്യ പണ്ഡിതന്മാരുടെയും അവരുടെ ചുവടുപിടിച്ച ഭാരതീയ പണ്ഡിതന്മാരുടെയും പ്രഭാഷണങ്ങള്‍, ലേഖനങ്ങള്‍, പുസ്തകങ്ങള്‍ എന്നിവയില്‍ നിന്നാണ് നമ്മുടെ ഹിന്ദുധര്‍മ്മ (അതായത് ഹിന്ദുക്കളുടെ ജീവിതവീക്ഷണത്തെയും ചര്യകളെയും) ത്തെക്കുറിച്ച് നമ്മിലധികം പേരും മനസ്സിലാക്കുന്നത്. തന്മൂലം ഹിന്ദുധര്‍മ്മത്തെക്കുറിച്ച് വികലവും അപൂര്‍ണ്ണവും ആയ ധാരണകളാണ് ഇന്നു ഹിന്ദുക്കളിലധികവും പുലര്‍ത്തുന്നത്. സംസ്‌കൃതം, പാലി മുതലായ ഭാരതീയ ഭാഷകളിലെഴുതപ്പെട്ട മൂലഗ്രന്ഥങ്ങളെ വേണ്ടവിധം ഗുരുപരമ്പരയിലൂടെ പഠിക്കുകയും ധര്‍മ്മമാര്‍ഗത്തില്‍ ജീവിക്കുകയും ചെയ്തവര്‍ക്കു മാത്രമേ ഹിന്ദുധര്‍മ്മത്തെക്കുറിച്ച് വസ്തുനിഷ്ഠമായ അറിവ് നല്‍കാന്‍ കഴിയൂ. അത്തരത്തിലൊരു മഹാപണ്ഡിതനായ ഭാസ്‌കരരായമഖി (1690 സി. ഇ – 1785 സി. ഇ) തന്റെ സേതുബന്ധം എന്ന സംസ്‌കൃതപുസ്തകത്തില്‍ ഇക്കാര്യത്തില്‍ പരമ്പരയായി നമ്മുടെ പൂര്‍വികര്‍ പുലര്‍ത്തിയിരുന്ന കാഴ്ച്ചപ്പാടിനെ വിവരിക്കുന്നുണ്ട്. ഹിന്ദുധര്‍മ്മത്തിന്റെ ലക്ഷ്യം, ആ ലക്ഷ്യം നേടാനുള്ള വിവിധമാര്‍ഗങ്ങള്‍, ആ മാര്‍ഗങ്ങളുടെ വൈവിധ്യത്തിനുള്ള കാരണവും അവയെ ഇണക്കിച്ചേര്‍ക്കാന്‍ സ്വീകരിച്ചിരിക്കുന്ന സവിശേഷഘടന (Structure) യും, ഹിന്ദുധര്‍മ്മത്തിന്റെ പരമ്പരാഗതമായ പാഠ്യപദ്ധതിയും ജീവിതചര്യയും തുടങ്ങിയവയെ എല്ലാം അതില്‍നി ന്നും നമുക്കു മനസ്സിലാക്കാം. ഈ സമീപനത്തെ വേണ്ടരീതിയില്‍ മനസ്സിലാക്കാനായി ഭാസ്‌കരരായന്‍ പാഠ്യക്രമം, ജീവിതചര്യ എന്നിവയുടെ അടിസ്ഥാനത്തില്‍ ഉചിതമായ ഒരു ഉദാഹരണം പറയുന്നുണ്ട്. വൈദിക-താന്ത്രികമായ പാഠ്യക്രമമാണ് അദ്ദേഹം മാതൃകയായി അവതരിപ്പിക്കുന്നത്. ഈ പാഠ്യക്രമത്തിന്റെയും ജീവിതക്രമത്തിന്റെയും സ്ഥാനത്ത് ജൈനം, ബൗദ്ധം മുതലായവയുടെ പാഠ്യക്രമവും ജീവിതക്രമവും യഥാക്രമം ചേര്‍ത്താല്‍ അതാതു മാര്‍ഗങ്ങളുടെ സ്വരൂപം നമുക്കു ലഭിക്കും. ഒരു പൊതുലക്ഷ്യവും അതു നേടാനുള്ള സാമാന്യക്രമവും മുജ്ജന്മകര്‍മ്മപരിപാകമനുസരിച്ചുള്ള ചിത്തശുദ്ധിയും അതിന്റെ അടിസ്ഥാനത്തില്‍ രൂപം കൊള്ളുന്നതും പ്രതിവ്യക്തിഭിന്നവുമായ അഭിരുചികള്‍ക്കനുസൃതമായി അതില്‍ മാറി മാറി ഘടിപ്പിക്കാവുന്ന വിശേഷക്രമങ്ങളും (വൈദികം, വേദാന്തം, താന്ത്രികം, ജൈനം, ബൗദ്ധം തുടങ്ങിയ വിവിധസമ്പ്രദായങ്ങള്‍) എന്നതാണ് ഹിന്ദുജീവിതമാതൃകയുടെ സവിശേഷഘടന.
ഹിന്ദുജീവിതമാതൃകയുടെ വിവിധ വശങ്ങളെ വിശദീകരിക്കുന്ന ഈ ലേഖനത്തില്‍ ഭാസ്‌കരരായന്റെ സരളവും അതേസമയം യുക്തിഭദ്രവുമായ ഈ വിവരണത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. 1. സേതുബന്ധത്തിലെ ആ പ്രസക്തഭാഗത്തിന്റെ അതേപടി മലയാളവിവര്‍ത്തനം നമുക്കു നോക്കാം. വ്യക്തതയ്ക്കായി അതിനെ അഞ്ചു ഖണ്ഡങ്ങളായി വേര്‍തിരിച്ചിരിക്കുന്നു. ”ഇവിടെ എല്ലാ ജനങ്ങളും അഭിലഷിക്കുന്ന സുഖമാണ് പുരുഷാര്‍ത്ഥം. അതാകട്ടെ കൃത്രിമം, അകൃത്രിമം എന്നു രണ്ടു തരം. അവ ക്രമത്തില്‍ കാമം, മോക്ഷം എന്ന് വിളിക്കപ്പെടുന്നു. ഇവ രണ്ടും നേടാന്‍ ധര്‍മ്മവും ധര്‍മ്മത്തെ നേടാന്‍ അര്‍ത്ഥവും എല്ലാവരും ആഗ്രഹിക്കുന്നു എന്നതിനാല്‍ അവ തമ്മില്‍ തമ്മില്‍ പ്രാധാന്യക്കൂടുതലും കുറവും ഉണ്ടെങ്കിലും എല്ലാവരാലും ആഗ്രഹിക്കപ്പെടുന്നു എന്നതിനാല്‍ അവ നാലും പുരുഷാര്‍ത്ഥങ്ങളായി കരുതപ്പെടുന്നു. കല്‍പസൂത്രത്തില്‍ ‘സ്വവിമര്‍ശ: പുരുഷാര്‍ത്ഥ:’ എന്നു പറഞ്ഞിരിക്കുന്നതാകട്ടെ മോക്ഷം മാത്രമാണ് അകൃത്രിമസുഖം എന്നതിനാല്‍ മുഖ്യം എന്ന അഭിപ്രായത്താലായതിനാല്‍ മേല്‍പ്പറഞ്ഞതിനു വിരുദ്ധമല്ല എന്നു കാണാം. അവ (ആ നാലു പുരുഷാര്‍ത്ഥങ്ങള്‍) യാകട്ടെ അതാത് ജ്ഞാനവിജ്ഞാനങ്ങളാല്‍ നേടേണ്ടവയാണ് (മോക്ഷേ ധീര്‍ജ്ഞാനമന്യത്ര വിജ്ഞാനം ശില്‍പശാസ്ത്രയോ: എന്ന് അമരകോശം). ഈ ജ്ഞാനവിജ്ഞാനങ്ങളാകട്ടെ അതാത് അഭിരുചി (ചിത്തം) ക്കനുസൃതമായി മാത്രം നേടാന്‍ കഴിയുന്നവയാണ്. അഭിരുചിവ്യത്യാസത്തിനു കാരണം സംസ്‌കാര (ചിത്തശുദ്ധി) വ്യത്യാസം ആണ്. സംസ്‌കാരവ്യത്യാസമാകട്ടെ ഓരോരുത്തരുടെയും മുജ്ജന്മകര്‍മ്മപരിപാകവ്യത്യാസം നിമിത്തമാണ്. ഇപ്രകാരം വിവിധങ്ങളായ കര്‍മ്മങ്ങളുടെ പരിപാകത്താല്‍ വിവിധങ്ങളായ അഭിരുചികളുള്ള ജനങ്ങളെ അനുഗ്രഹിക്കാനായി പരമകാരുണികനായ ഭഗവാന്‍ പരമേശ്വരന്‍ പരസ്പരം വിലക്ഷണങ്ങളാണെങ്കിലും നേരിട്ടോ പരമ്പരയായോ ഒരേ ഒരു പരമപുരുഷാര്‍ത്ഥലബ്ധിക്കുതകുന്നവയായ വിദ്യകളെ പ്രചരിപ്പിച്ചു. ശ്രുതി പറയുന്നു-‘ഈശാനസ്സര്‍വവിദ്യാനാം. യോ ബ്രഹ്‌മാണം വിദധാതി പൂര്‍വം യോ വൈ വേദാംശ്ച പ്രഹിണോതി തസ്‌മൈ’. ‘തസ്‌മൈ വേദാന്‍ പുരാണാനി ദത്തവാനഗ്രജന്മനേ’ എന്നുപോത്ബലകമായി പറഞ്ഞു കാണുന്നതിനാല്‍ വേദാംശ്ച എന്നതിലെ ചകാരം കൊണ്ട് വേദേതരങ്ങളായ മറ്റു വിദ്യകളേയും ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നു മനസ്സിലാക്കാം. ‘അഷ്ടാദശാനാം ഏതാസാം വിദ്യാനാം ഭിന്നവര്‍ത്മനാം. ആദികര്‍ത്താ കവിസ്സാക്ഷാച്ഛൂലപാണിരിതി ശ്രുതി:’ എന്നു സ്മൃതിയും പറയുന്നു.
2. ഭാസ്‌കരരായര്‍ തുടരുന്നു- ഈ വിദ്യകളെല്ലാം സമസ്തലോകത്തിനും പ്രാമാണികനായ പരമശിവനാല്‍ തന്നെ നിര്‍മ്മിക്കപ്പെട്ടതാകയാല്‍ ഇവയെല്ലാം തന്നെ തുല്യങ്ങളും അധികാരിഭേദമനുസരിച്ചു പ്രാമാണികങ്ങളും ആണെന്നു സൂതസംഹിതയിലും മറ്റും പറഞ്ഞിട്ടുണ്ട്. അധികാരിഭേദമെന്നാല്‍ നാസ്തികന്മാര്‍ക്ക് ആര്‍ഹതം മുതലായ ദര്‍ശനങ്ങളും ത്രൈവര്‍ണ്ണികാദികള്‍ക്ക് വൈദികമാര്‍ഗവും എന്ന തരത്തില്‍ വ്യക്തികള്‍ക്കനുസരിച്ചുള്ള വ്യവസ്ഥയാണ്. ഒരേ വ്യക്തിക്കു തന്നെ ചിത്തശുദ്ധിതാരതമ്യം, വര്‍ണ്ണഭേദം, ആശ്രമഭേദം എന്നിവയുടെ അടിസ്ഥാനത്തിലും വേറെ വേറെ ധര്‍മ്മവ്യവസ്ഥ കാണപ്പെടുന്നു. തന്മൂലം അതാതു വിദ്യകളെക്കുറിച്ചുള്ള പ്രശംസാവചനങ്ങള്‍ അതാതിന്റെ അധികാരികളെ അവയില്‍ ഉത്സുകരാക്കാനുള്ളവയും അതാതു വിദ്യകളെ നിന്ദിക്കുന്ന വചനങ്ങള്‍ ആ വിദ്യകള്‍ക്ക് അനധികാരികളായവരെ അവയില്‍ നിന്നും പിന്തിരിപ്പിക്കാനുള്ളവയുമാണ് എന്നു കാണാം. ‘ന ഹി നിന്ദാന്യായം’ അനുസരിച്ചാണ് ഈ സ്തുതിനിന്ദകളെന്ന വസ്തുത ഉള്‍ക്കൊള്ളണം. അതിബാല്യദശയില്‍ കളിക്കാന്‍ അനുവദിക്കുന്ന മാതാപിതാദികള്‍ തന്നെ അധ്യയനത്തിന് അധികാരി (യോഗ്യത) യായ ബാലനെ കളിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ താഡിക്കുന്നതുപോലെയാണിത്.
3.മേല്‍പ്പറഞ്ഞതിനെ ഇപ്രകാരം വ്യക്തമാക്കാം- ബ്രാഹ്‌മണ, ക്ഷത്രിയ, വൈശ്യരെന്ന മൂന്നു വര്‍ണ്ണങ്ങളിലൊന്നില്‍ പെട്ട ഒരു ശിശുവിന്റെ കളിച്ചു നടക്കാനുള്ള അധികാരം പിന്നിട്ടാല്‍ പിന്നെ അക്ഷരാഭ്യാസം ചെയ്യിക്കുന്നു. അതു കഴിഞ്ഞാല്‍ ഛന്ദസ്സ്, ഭാഷ എന്നിവയുടെ അറിവുനേടാനായി കാവ്യാധ്യയനം ചെയ്യിക്കുന്നു. ‘ഗുണവത്കാവ്യം’ തുടങ്ങിയുള്ള അഗ്‌നിപുരാണവചനങ്ങള്‍ ഇതു കാണിക്കുന്നു. ആ അറിവു നേടിക്കഴിഞ്ഞാല്‍ ‘വ്യുത്പന്നസ്യ തു കാവ്യാലാപാന്‍ വര്‍ജ്ജയേല്‍’ എന്ന വാക്യപ്രകാരം അതില്‍ തന്നെ തുടരുന്നതിനെ നിഷേധിക്കുന്നു. കാവ്യാധ്യയനം കൊണ്ടു കിട്ടേണ്ട പ്രയോജനം നേടിക്കഴിഞ്ഞാല്‍ പിന്നെ അടുത്ത പടി (ഉത്തരഭൂമിക) യില്‍ ആണ് അധികാരം എന്നിരിക്കെ പൂര്‍വഭൂമികയില്‍ത്തന്നെ തങ്ങി ആയുസ്സു വ്യര്‍ത്ഥമാക്കുന്നവന് അനിഷ്ടം ഉണ്ടാകുമെന്നു സാരം. അതിനു ശേഷം ദേഹാദികളില്‍ നിന്നും വ്യതിരിക്തനാണ് ആത്മാവ് എന്ന അറിവുണ്ടാകാനായി ന്യായശാസ്ത്രത്തെ അധ്യയനം ചെയ്യാനാണ് വിധിച്ചിരിക്കുന്നത്. ‘ശുംഗേന ആത്മാനം അന്വിച്ഛേല്‍’ എന്നെല്ലാമുള്ള വാക്യങ്ങള്‍ അതാണു കാണിക്കുന്നത്. ശുംഗം എന്നാല്‍ ഹേതു (കാരണം) അതായത് അവയവസമുദായാത്മകമായ ന്യായം എന്നര്‍ത്ഥം. ദേഹാദികളില്‍ നിന്നും ഭിന്നനും ഇഹാമുഷ്മികലോകങ്ങളിലായി പോക്കുവരവിനു കെല്‍പ്പുള്ളവനുമായി ആത്മാവിനെ അറിഞ്ഞു കഴിഞ്ഞാല്‍ താദൃശങ്ങളായ (പരലോകാദികള്‍) ഫലങ്ങളെ തരുന്ന കര്‍മ്മങ്ങള്‍ ചെയ്യാനുള്ള അധികാരം കൈവരുന്നു. അപ്പോള്‍ ‘ആന്വീക്ഷികീം തര്‍ക്കവിദ്യാമനുരക്തോ നിരര്‍ത്ഥികാം’ എന്നു തുടങ്ങിയ നിഷേധവചനങ്ങളനുസരിച്ച് ഉത്തരഭൂമികാപ്രവേശനത്തെ പ്രോത്സാഹിപ്പിക്കുവാനായി കേവലം തര്‍ക്കവിതര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുക എന്ന പൂര്‍വഭൂമികയെ നിന്ദിക്കുന്നു. ‘ധര്‍മ്മമേവ ആചരേല്‍ പ്രാജ്ഞ:’ തുടങ്ങിയ വചനങ്ങള്‍ പ്രകാരം ഉത്തരഭൂമികയില്‍ പ്രവേശിക്കണം. അതിനായി മീമാംസ, വേദത്തിലെ കര്‍മ്മകാണ്ഡം എന്നിവയെ അഭ്യസിക്കണം. അതുവഴി ധര്‍മ്മാര്‍ത്ഥകാമങ്ങളെ നേടിക്കഴിഞ്ഞാല്‍ ചതുര്‍ത്ഥപുരുഷാര്‍ത്ഥത്തിനുള്ള ആഗ്രഹം മൂലം പൂര്‍വഭൂമികയെ ത്യജിക്കാനായി ‘നാസ്ത്യകൃത: കൃതേന’ എന്നിങ്ങനെ കര്‍മ്മത്തെ നിന്ദിക്കുന്നു. ഇപ്രകാരം വൈദികകര്‍മ്മകാണ്ഡം വരെയുള്ള ഈ പടികളെ അജ്ഞാനഭൂമികകള്‍ എന്നു പറയുന്നു. ഇവ പരസ്പരം അന്തര്‍ഭവിച്ച് ആകെ ഏഴെണ്ണമാണെന്നു വസിഷ്ഠന്‍ പറയുന്നു. ഇവ കഴിഞ്ഞുള്ള ഉപരിഭൂമികകളെ ജ്ഞാനഭൂമികകള്‍ എന്നു പറയുന്നു. ‘അഥ തദ്വിജ്ഞാനാര്‍ത്ഥം സ ഗുരുമേവ അഭിഗച്ഛേത്’, ‘ആത്മാ വാ അരേ ദ്രഷ്ടവ്യ:’ ഇത്യാദി ബ്രഹ്‌മജ്ഞാനവിധികള്‍ ഉത്തരഭൂമികാപ്രവര്‍ത്തകങ്ങളാണ്. ഈ ഉത്തരഭൂമികകള്‍ നിരവധിയാണെന്നു ചിലര്‍ പറയുന്നു. ‘വദന്തി ബഹുഭേദേന ജ്ഞാനിനോ യോഗഭൂമികാ:’ എന്ന വചനം അതിനു തെളിവാണ്. ഇവ ഏഴാണെന്നു ഭഗവാന്‍ വസിഷ്ഠന്‍ പറയുന്നു. ‘അവബോധം വിദുര്‍ജ്ഞാനം തദിദം സാപ്തഭൂമികം’ എന്നു യോഗവാസിഷ്ഠത്തില്‍ പറയുന്നുണ്ട്. വിവിദിഷാ, വിചാരണാ, തനുമാനസാ, സത്വാപത്തി:, അസംസക്തി:, പദാര്‍ത്ഥാഭാവിനീ, തുര്യഗാ എന്നിവയാണവ. ഇവയുടെ ഓരോന്നിന്റെയും ലക്ഷണങ്ങള്‍ വാസിഷ്ഠജ്ഞാനശാസ്ത്രത്തില്‍ പറയുന്നുണ്ട്. ഈ ഏഴു ഭൂമികകളിലേക്കു പടിപടിയായി പ്രവേശിക്കുവാനാണ് വേദത്തിലെ ഉപനിഷത്കാണ്ഡവും ഉത്തരമീമാംസയും അധ്യയനം ചെയ്യേണ്ടത്.
4. ബ്രഹ്‌മജ്ഞാനം ആകട്ടെ ശാബ്ദം (Theory), അപരോക്ഷാനുഭവം (Direct Experience) എന്നു രണ്ടു തരമാണ്. ‘ശാസ്ത്രദൃഷ്ടിര്‍ഗുരോര്‍വാക്യം തൃതീയസ്സ്വാത്മനിശ്ചയ:. അന്തര്‍ഗതം തമഛേത്തും ശാബ്ദോ ബോധോ ന ഹി ക്ഷമ:’ ഇത്യാദി വചനങ്ങള്‍ ഇതാണ് വെളിവാക്കുന്നത്. അതിനാല്‍ ശാബ്ദഭൂമികാലബ്ധിക്കു ശേഷവും അതില്‍ത്തന്നെ തുടരുന്നതിനെ ‘പാണ്ഡിത്യാന്നിര്‍വിദ്യ ബാല്യേന തിഷ്ഠാസേദ’ ഇത്യാദി വാക്യങ്ങള്‍ നിഷേധിക്കുന്നു. ഈ സപ്തഭൂമികകളിലെ രണ്ടും മൂന്നും ഭൂമികകള്‍ക്കിടയ്ക്ക് ഭക്തി എന്ന മഹത്തായ ഭൂമികയുണ്ട്. അതില്‍ പ്രവേശിക്കാനാണ് ഭക്തിമീമാംസയുടെ അധ്യയനം ചെയ്യേണ്ടത്. ഈ ഭക്തി അഞ്ചാമത്തെ ഭൂമിക വരെ തുടരുന്നു. ഈ അഞ്ചാമത്തെ തലത്തെ നേടിക്കഴിഞ്ഞാല്‍ പിന്നെ അപരോക്ഷാനുഭവരൂപമായ ആറാമത്തെ ഭൂമികയാണുള്ളത്. അതാണ് ജീവന്മുക്തി. അതിനു തൊട്ടടുത്തതാണ് ഏഴാമത്തെ വിദേഹകൈവല്യം. ‘ജ്ഞാനാദേവ തു കൈവല്യം’ എന്ന വാക്യത്തിലെ ജ്ഞാനപദത്തിന് അനുഭവം എന്നാണ് അര്‍ത്ഥം. ന്യായാദിശാസ്ത്രങ്ങളില്‍ സ്വസ്വഭൂമികാലബ്ധി കൊണ്ടുതന്നെ മോക്ഷപ്രാപ്തി എന്നു വര്‍ണ്ണിക്കുന്നത് ഉത്തരോത്തരഭൂമികകളെ താല്‍ക്കാലികമായി മറച്ചുവെക്കാനാണ്. അല്ലെങ്കില്‍ പുരുഷാര്‍ത്ഥപ്രാപ്തിക്കു കാലതാമസം ഉണ്ടെന്നു ശങ്കിച്ച് പ്രവൃത്ത്യഭാവം ഉണ്ടാവാതിരിക്കാനാണ് ഇതെന്നതിനാല്‍ അതിനു ദോഷമില്ല എന്നു കാണാം. ‘യാനി ച കര്‍മ്മണൈവ ഹി സംസിദ്ധി:’, ‘യമേവൈഷ വൃണുതേ തേന ലഭ്യ:’ ഇത്യാദി വചനങ്ങളിലെ ഏവകാരം സ്വസ്വഭൂമികാസാധ്യമായ ഉത്തരഭൂമികാധികാരരൂപഫലത്തിന് സാധനാന്തരം ആവശ്യമില്ല എന്നു കാണിക്കാനാണ്. അല്ലാതെ ഉത്തരഭൂമികാഭാവത്തെ ബോധിപ്പിക്കാനല്ല. ‘ജ്ഞാനാദേവ തു’ എന്ന ഇടത്താകട്ടെ ഏവകാരം അനുഭവത്തിനും അപ്പുറത്ത് സാധനാന്തരരൂപമായ മറ്റൊരു ഭൂമിക ഇല്ലാത്തതിനാല്‍ ആ ഇല്ലായ്മയെ ബോധിപ്പിക്കാനാണ് എന്നതിനാല്‍ സര്‍വേഷാം അതായത് അതാത് വിദ്യകളുടെ അഥവാ ശാസ്ത്രങ്ങളുടെ പ്രവര്‍ത്തകന്മാരായ ഋഷിമാരാരും തമ്മില്‍ തമ്മില്‍ വിരോധം ഇല്ല എന്നു കാണാം. ഈ ഭൂമികകളിലോരോന്നിനും അവാന്തരഭൂമികകള്‍ എണ്ണാന്‍ കഴിയാത്തവണ്ണം ഏറെയുണ്ട്. അവയെ ബുദ്ധിമാന്മാര്‍ക്ക് അനുഭവത്തിലൂടെ മാത്രം അറിയാന്‍ കഴിയുന്നവയാണ്. ‘ഇത്യവസ്ഥാ മയാ പ്രോക്താ: സപ്താ ജ്ഞാനസ്യ രാഘവ. ഏകൈകാ ശതസംഖ്യാത്ര നാനാവിഭവരൂപിണീ’ എന്നു യോഗവാസിഷ്ഠത്തില്‍ പറയുന്നുമുണ്ട്.5. ഇപ്രകാരം അസംഖ്യങ്ങളായ ഭൂമികകളില്‍ ഓരോന്നും അനേകം ജന്മം കൊണ്ടാണു ഒരു വ്യക്തിക്കു നേടാന്‍ കഴിയുന്നത്. ഇങ്ങനെ അനേകം ജന്മങ്ങളിലൂടെയുള്ള കഠിനപരിശ്രമത്തിന്റെ ഫലമായി പരബ്രഹ്‌മത്തെക്കുറിച്ചുള്ള ശാബ്ദതത്വനിശ്ചയമാകുന്ന ഭൂമികയില്‍ വേണ്ടവണ്ണം എത്തി ഉറപ്പു വന്ന ഒരുവന് ലൗകികജീവിതത്തോട് അത്യന്തം ആസക്തിയോ അത്യന്തം അനാസക്തിയോ ഇല്ലാത്ത മാനസികമായ അവസ്ഥ (വിലക്ഷണമായ ചിത്തശുദ്ധി) ഉടലെടുക്കുന്നു. അത്തരം വ്യക്തിയാണ് ഭക്തിമാര്‍ഗത്തിന് അധികാരി (യോഗ്യന്‍) ആകുന്നത്. ‘ന നിര്‍വിണ്ണോ ന ചാസക്തോ ഭക്തിയോഗോസ്യ സിദ്ധിദ:’ എന്നു പ്രമാണവുമുണ്ട്. ആ ഭക്തിയാകട്ടെ ഗൗണീ, പരാ എന്നു രണ്ടു തരമാണ്. അവയില്‍ ആദ്യത്തേത് സഗുണബ്രഹ്‌മത്തിന്റെ ധ്യാനാര്‍ചനജപനാമകീര്‍ത്തനാദിരൂപമാണ്. പരഭക്തി ആകട്ടെ ഇതില്‍നിന്നുടലെടുക്കുന്ന അനുരാഗവിശേഷരൂപമാണ്. ആദ്യത്തേതിനു തന്നെ അനവധി അവാന്തരഭൂമികകളുണ്ട്. അതില്‍ ഒന്നാമത്തേത് ‘യോഷാമഗ്‌നിം ധ്യായീത’ ഇത്യാദി ഭാവനാസിദ്ധിയാണ്. രണ്ടാമത്തേത് ‘മനോ ബ്രഹ്‌മേത്യുപാസീത’ ഇത്യാദിപ്രമാണങ്ങളാല്‍ വിഹിതമായ ഉപാസ്തി ആണ്. മൂന്നാമത്തേതാകട്ടെ ഈശ്വരോപാസനയാണ്. ഈശ്വരന്‍ തന്നെ സൂര്യ, ഗണേശ, വിഷ്ണു, രുദ്ര, പരശിവ, ശക്തിഭേദേന ബഹുവിധമാണ്. അതിനാല്‍ ആ ഓരോ ഈശ്വരരൂപങ്ങളുടെ ഉപാസനയും ഭിന്നഭിന്നങ്ങളായ ഭൂമികകളാണ്. ശക്തിയും ഛായാ,വല്ലഭാ,ലക്ഷ്മ്യാദിഭേദത്താല്‍ അനന്തവിധങ്ങളാണ്. ഈ ക്രമത്തില്‍ ഈ ഭൂമികകളെ അനന്തങ്ങളായ ജന്മങ്ങളിലൂടെ പ്രാപിച്ചതിനു ശേഷം ത്രിപുരസുന്ദരി എന്ന ദേവതയില്‍ ഗൗണഭക്തി ഉദിക്കുന്നു. അതില്‍ വേണ്ടതുപോലെ ഉറപ്പുവന്ന ഒരുവന് ആ ദേവതയില്‍ പരഭക്തി ഉദിക്കുന്നു. ‘ശൈവവൈഷ്ണവദൗര്‍ഗാര്‍ക്കഗാണപത്യാദികൈ: ക്രമാത്. മന്ത്രൈര്‍വിശുദ്ധചിത്തസ്യ കൗളജ്ഞാനം പ്രകാശതേ’, ‘സര്‍വേഭ്യശ്ചോത്തമാ വേദാ: വേദേഭ്യോ വൈഷ്ണവം പരം. വൈഷ്ണവാദുത്തമം ശൈവം ശൈവാദ്ദക്ഷിണമുത്തമം. ദക്ഷിണാദുത്തമം വാമം വാമാത്സിദ്ധാന്തമുത്തമം. സിദ്ധാന്താദുത്തമം കൗളം കൗളാത്പരതരം ന ഹി’ എന്നിങ്ങനെയുള്ള പ്രാമാണികവചനങ്ങള്‍ ഇതാണ് ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തില്‍ ഉള്ള ഭൂമികാക്രമത്തിനു മൂലഭൂതങ്ങളായ വചനങ്ങള്‍ ധാരാളം എഴുതാനുണ്ടെങ്കിലും വിസ്തരഭയത്താല്‍ എഴുതുന്നില്ലെന്നു മാത്രം. ചിലവ സൗഭാഗ്യഭാസ്‌കരത്തില്‍ ഞാന്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്”.(ഭാസ്‌കരരായര്‍, സേതുബന്ധം, വാമകേശ്വരതന്ത്രവ്യാഖ്യാനം, പ്രഥമോ വിശ്രാമ:).
(തുടരും)