കേന്ദ്രത്തില്‍ ഭരണത്തിലുള്ള നരേന്ദ്രമോദി സര്‍ക്കാര്‍ കേരളത്തെ അവഗണിക്കുകയും, കേരളത്തിന് ലഭിക്കേണ്ട ന്യായമായ വിഹിതം നല്‍ കാതിരിക്കുകയും ചെയ്യുന്നു എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഏറെക്കാലമായി കേരളസര്‍ക്കാരും മാര്‍ക്‌സിസ്റ്റ്, ഇടതുനേതാക്കളും ഉന്നയിക്കുകയാണ്. അതുകൊണ്ടുതന്നെ യഥാര്‍ത്ഥത്തില്‍ കേരളത്തെ നരേന്ദ്രമോദി സര്‍ക്കാര്‍ അവഗണിക്കുന്നുണ്ടോ എന്ന അന്വേഷണം ആവശ്യമാണ്.
കിട്ടാനുള്ള തുകയെന്ന കള്ളക്കണക്ക്
കേരളത്തിന് കിട്ടുവാനുള്ള തുക എന്നു പറഞ്ഞ് സംസ്ഥാന ഭരണകൂടവും, മാര്‍ക്‌സിസ്റ്റ് – ഇടതു നേതാക്കളും ഇതുവരെ പറഞ്ഞത് 57,000 കോടിരൂപയുടെ കണക്കുകളായിരുന്നു. എന്നാല്‍ ആ കണക്കുകള്‍ അവര്‍ കോടതിയില്‍ പറയാതിരുന്നത് എന്തുകൊണ്ടാണ്? റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ്, ജിഎസ്ടി കോമ്പന്‍സേഷന്‍, കൂടാതെ കടമെടുക്കാനുള്ള അവകാശം എന്നിവ ചേര്‍ത്ത് വെച്ചകണക്കുകള്‍ കോടതിയുടെ വരാന്ത കേറില്ല എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ട് മാത്രമാണ് ഈ 57,000 കോടി രൂപയുടെ ‘അവകാശം’ സംസ്ഥാന ധനകാര്യ വകുപ്പുമന്ത്രി ബാലഗോപാല്‍ സുപ്രീം കോടതിയുടെ മുന്നില്‍ പറയാതിരുന്നത്. പകരമായി കോടതിയില്‍ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടത് 10,000 കോടിരൂപയുടെ വായ്പ മാത്രമാണ്. എന്നാല്‍ ഈ സാമ്പത്തികവര്‍ഷം തന്നെ കേരള സര്‍ക്കാര്‍ 52,583 കോടി രൂപ വായ്പയായി വാങ്ങിച്ചു കഴിഞ്ഞിട്ടുമുണ്ട്. (പട്ടിക 1 കാണുക).
കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ 5,000 കോടിരൂപ നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടും കേരളം ചര്‍ച്ചയില്‍ 10,000 കോടി വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ കോടതിയില്‍ കേന്ദ്രം 10,000 കോടി നല്‍കിയാല്‍ അടുത്ത സാമ്പത്തിക വര്‍ഷം ആദ്യ ഒന്‍പതുമാസത്തില്‍ കേരളത്തിന്റെ കടമെടുപ്പിനായി അവശേഷിക്കുന്നത് വെറും 6,664 കോടി രൂപ മാത്രമായിരിക്കും. ഇത് കേരളം പോലുള്ള ഒരു സംസ്ഥാനത്തിന് കനത്ത ആഘാതമായിരിക്കും എന്നതില്‍ സംശയമില്ല. അതുകൊണ്ടാണ് ഈ കണക്കുകള്‍ കോടതി വെളിയില്‍ വിടരുത് എന്ന് കേരളത്തിന്റെ വക്കീല്‍ അഡ്വ. കപില്‍ സിബല്‍ ആവശ്യപ്പെട്ടത്.
കേന്ദ്രസര്‍ക്കാര്‍ നല്‍കിയ കണക്കുകളുടെ ഇനം തിരിച്ചുള്ള വിവരങ്ങള്‍ പട്ടിക 2 ല്‍ നല്‍കിയിട്ടുണ്ട്.
എഎസ്ജിയില്‍ നിന്നും, കേരള സര്‍ക്കാരിന്റെ വക്കീലായ അഡ്വ.കപില്‍ സിബലില്‍ നിന്നും സുദീര്‍ഘമായ വാദങ്ങള്‍ കേട്ടതിനുശേഷവും സുപ്രീംകോടതി കേരളത്തിന്റെ ആവശ്യം ഏപ്രില്‍ ഒന്നാം തീയതിയിലെ വിധിയിലൂടെ നിരാകരിക്കുകയാണ് ചെയ്തത്. മാത്രവുമല്ല കോടതി വാദങ്ങള്‍ക്കിടയില്‍ കേന്ദ്ര സര്‍ക്കാരിന്റെ കടബാധ്യത 8 ലക്ഷം കോടിയെന്നു വിമര്‍ശിച്ച കപില്‍ സിബലിനെ തിരുത്തുവാനും, കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റ് അങ്ങേയറ്റം ഗുണകരവും, ശക്തവുമാണെന്നു നിരീക്ഷിക്കാനും കോടതി തയ്യാറായി. അത് വിദേശങ്ങളില്‍ പോകുമ്പോള്‍ ഏതൊരുവനും വ്യക്തമാകുമെന്നു കോടതി സൂചിപ്പിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ വക്കീല്‍ ഫീസായി ഭീമമായ ഒരു തുക കപില്‍ സിബലിന് നല്‍കിയതല്ലാതെ കേന്ദ്രവിരുദ്ധ കേസുമായി സുപ്രീംകോടതിയില്‍ പോയ കേരള സര്‍ക്കാരിന് ഒരു നേട്ടവും ഇതുവരെ കിട്ടിയിട്ടില്ല.
നരേന്ദ്രമോദിയുടെ വികസനം – നേരിട്ട് ജനങ്ങളിലേയ്ക്ക്
കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് 52,583 കോടി രൂപ വായ്പ എടുക്കുവാന്‍ അനുവാദം നല്‍കിയിട്ടുണ്ട് എന്നുള്ളതും കേന്ദ്രസര്‍ക്കാരിന്റെ തന്നെ ഒരു ലക്ഷം കോടിരൂപയുടെ സഞ്ചിത നിധിയില്‍ നിന്ന് പലിശയില്ലാതെ 50 വര്‍ഷത്തേക്ക് വികസനത്തിനായി പണം ലഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം ഉണ്ടായിട്ടും നിബന്ധനകളില്ലാത്തതും, പരിധിയില്ലാത്തതുമായ വായ്പതന്നെ വേണമെന്ന ദുശ്ശാഠ്യമാണ് കേരള സര്‍ക്കാരിനെ കോടതിയില്‍ എത്തിച്ചതും, സുപ്രീംകോടതിയുടെ മുഖത്തടിച്ചപോലുള്ള വിധി നേരിടേണ്ടിവന്നതും. എന്നിരുന്നാലും കേരളത്തിലെ ജനങ്ങള്‍ക്ക് ജനക്ഷേമത്തിന്റെയും വികസനത്തിന്റെയും നേട്ടങ്ങള്‍ ഒരിക്കലും നഷ്ടപ്പെടരുത് എന്നും, മറ്റു സംസ്ഥാനങ്ങള്‍ക്ക് കിട്ടുന്ന അതേ പരിഗണന കേരളത്തിന് ലഭിക്കണമെന്നും ബിജെപിക്കും നരേന്ദ്രമോദി സര്‍ക്കാരിനും നിര്‍ബന്ധമുണ്ട്. ജനക്ഷേമ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് കയ്യയച്ച സഹായങ്ങള്‍ നല്‍കിയിട്ടുണ്ട് എന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാകും.
കേന്ദ്രസര്‍ക്കാരിന്റെ വികസനം നേരിട്ട് ജനങ്ങളിലേക്ക്
തൊഴിലുറപ്പ് പദ്ധതി (MGNREA)
കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ദേശീയ തൊഴില്‍ ഉറപ്പ് പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കുന്നു എന്ന ആരോപണം കേരളത്തില്‍ ഇടത് – കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്താറുണ്ട്. എന്നാല്‍ ഈ വാദമുഖമുന്നയിക്കുന്നവര്‍ അതിന്റെ തെളിവായി ബജറ്റ് കണക്കുകള്‍ ഒന്നും മുന്നോട്ട് വെയ്ക്കാറുമില്ല. ബജറ്റ് രേഖകള്‍ പ്രകാരം കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ (യുപിഎ സര്‍ക്കാര്‍) തൊഴില്‍ ഉറപ്പ് പദ്ധതിയ്ക്ക് വേണ്ടി 2013-14 സാമ്പത്തിക വര്‍ഷത്തില്‍ മാറ്റിവെച്ച തുക 33,000 കോടി രൂപ ആണെങ്കില്‍ 2022-23 കാലത്ത് അത് 73,000 കോടി രൂപയായി വര്‍ദ്ധിച്ചു. (പട്ടിക 3 കാണുക)ഇത് സൂചിപ്പിക്കുന്നത് മോദി സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിയ്ക്കായി പണം മാറ്റിവെയ്ക്കുന്നതില്‍ ഒരു വിമുഖതയും കാണിക്കുന്നില്ല എന്നു തന്നെയാണ്. ഇതിന്റെ ഭാഗമായി 2018 മുതല്‍ 2023 വരെ മാത്രം 29,765.71 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചിട്ടുണ്ട്. ഇത് യുപിഎ/കോണ്‍ഗ്രസ് ഭരണകാലത്ത് തൊഴിലുറപ്പ് പദ്ധതിയ്ക്കായി (MGNREA) കേരളത്തിന് നല്‍കിയ തുകയുടെ ഇരട്ടിയിലധികം വരും. ഈ വര്‍ഷവും കേന്ദ്രം തൊഴില്‍ ഉറപ്പ് പദ്ധതിയുടെ വേതനം വര്‍ദ്ധിപ്പിക്കുകയും, അതുപ്രകാരം 13 രൂപ കൂടുതല്‍, അതായത് 333രൂപയില്‍ നിന്ന് 346 രൂപയായി അത് വര്‍ദ്ധിക്കുകയും ചെയ്യും.
കേരളത്തിനുവേണ്ടി നരേന്ദ്രമോദി സര്‍ക്കാര്‍ നേരിട്ട് നല്‍കിയത് ഏതാണ്ട് 1.50 ലക്ഷം കോടിക്ക് മുകളിലാണ്. ഇതു കൂടാതെ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് നടത്തുന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വേറെയുമുണ്ട്. കേന്ദ്രം കേരള സര്‍ക്കാരിന്റെ പരിധിയില്ലാത്ത കടമെടുപ്പിനെ എതിര്‍ക്കുമ്പോഴും കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി നിരന്തരമായ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ഒരു കുറവും വരുത്തിയില്ലെന്ന് മാത്രമല്ല കഴിഞ്ഞ യുപിഎ സര്‍ക്കാരിനേക്കാള്‍ ഉദാരമായ നടപടികളാണ് നടപ്പാക്കിയതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
പൊതുമേഖലയെ തകര്‍ക്കുന്നതാര്?
കേന്ദ്രത്തില്‍ ബിജെപിയുടെ സര്‍ക്കാരുകള്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം ഇടതുപക്ഷം ഉയര്‍ത്തുന്ന ഒരു ആരോപണമാണ് കേന്ദ്രസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളെ വിറ്റഴിക്കുന്നുവെന്നത്. എന്നാല്‍ ഇത് എത്രത്തോളം ശരിയാണ്? കണക്കുകള്‍ എന്താണ് സൂചിപ്പിക്കുന്നത്? വിറ്റഴിക്കല്‍ പ്രഖ്യാപനവും അതിന്റെ യഥാര്‍ത്ഥ കണക്കുകളും എത്രയാണ്? വിറ്റഴിക്കാത്ത പൊതുമേഖല സ്ഥാപനങ്ങളുടെ നിലവിലെ സ്ഥിതി എന്താണ്? അവിടുത്തെ തൊഴിലാളികളുടെ സ്ഥിതി എന്താണ്? അവ ലാഭകരമായാണോ പ്രവര്‍ത്തിക്കുന്നത്? വിറ്റഴിക്കല്‍ പദ്ധതി നടപ്പിലാക്കിയത് ബിജെപി സര്‍ക്കാര്‍ മാത്രമാണോ?അവസാന ചോദ്യത്തില്‍ നിന്ന് ആദ്യം തുടങ്ങാം. കേന്ദ്ര ധനകാര്യ വകുപ്പിന്റെ കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സര്‍വ്വേ മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ കണക്കുപ്രകാരം 2011 മുതല്‍ 2014 വരെയുള്ള കണക്കുകള്‍ക്ക് പട്ടിക 4 കാണുക.
പൊതുമേഖലയെ സ്വകാര്യവല്‍ക്കരിച്ചത് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍
കണക്കുകള്‍ സൂചിപ്പിക്കുന്നതു പ്രകാരം പൊതുമേഖലാ സ്ഥാപനങ്ങളെ വില്‍ക്കുന്നതില്‍ യുപിഎ സര്‍ക്കാര്‍ ഒട്ടും പിറകിലായിരുന്നില്ല എന്നു തന്നെയല്ലേ? മാത്രവുമല്ല 2012-13 വര്‍ഷങ്ങളില്‍ അത് കടുത്ത ആത്മാര്‍ത്ഥതയോടെ ചെയ്തതുകൊണ്ടാണല്ലോ ആ വര്‍ഷത്തെ വില്‍പ്പനയുടെ ലക്ഷ്യശതമാനം അതുവരെയുണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന ശതമാനത്തില്‍ (80%) എത്തിയത്. എന്നാല്‍ ഈ കണക്കുകള്‍ മറച്ചുവെച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎമ്മിന്റെ നേതാക്കളെ പോലെ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലച്ചുവെന്ന് കുറ്റപ്പെടുത്തും. കോണ്‍ഗ്രസ് വിറ്റഴിച്ചാല്‍ അത് രാജ്യതാല്പര്യത്തിന്, സമൂഹനന്മയ്ക്ക്. ബിജെപി പൊതുമേഖലയിലെ ചില കമ്പനികളെ സ്വകാര്യവല്‍ക്കരിച്ചാല്‍ അത് കുത്തകകള്‍ക്ക് രാജ്യത്തെ തീറെഴുതുന്ന തെറ്റായ നയം. ഇത് കോണ്‍ഗ്രസ്സിന്റെ ഇരട്ടത്താപ്പാണ്.
ബിജെപി പൊതുമേഖല സ്ഥാപനങ്ങളോട് ചെയ്തതെന്ത്?
തന്ത്രപ്രധാനമായ മേഖലയില്‍ പ്രത്യേകിച്ച് രാജ്യസുരക്ഷ ഒഴികെയുള്ള മറ്റു പൊതുമേഖല സ്ഥാപനങ്ങളിലെ ഓഹരി 26% ആക്കി മാത്രം കുറയ്ക്കുകയും, തന്ത്രപ്രധാന മേഖലകള്‍ പൊതുമേഖലയില്‍ നിലനിര്‍ത്തുകയും ചെയ്യുക എന്ന നയമാണ് 1998 ല്‍ അധികാരത്തില്‍ വന്ന അടല്‍ജി സര്‍ക്കാര്‍ നടപ്പിലാക്കിയത്. നാം പ്രധാനമായും മനസ്സിലാക്കേണ്ടത് ഒരു പൊതുമേഖല സ്ഥാപനത്തിന്റെ 51% ഓഹരി കയ്യിലില്ലെങ്കില്‍ പോലും ആ സ്ഥാപനത്തിന്റെ നിയന്ത്രണം കേന്ദ്ര ഗവണ്‍മെന്റിനു തന്നെയായിരിക്കും എന്നതാണ്. ഉദാഹരണത്തിന് കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിന് 32.42% ഓഹരിപങ്കാളിത്തം മാത്രമാണുള്ളത്. ഇതുപോലെ ന്യൂനപക്ഷ ഓഹരി പങ്കാളിത്തം മാത്രമാണ് ഉള്ളതെങ്കില്‍പോലും സര്‍ക്കാരിന് മറ്റു ധനകാര്യ സ്ഥാപനങ്ങളുടെ പിന്തുണയോടെ പൊതുമേഖലയെ നിയന്ത്രിക്കുവാന്‍ കഴിയും. അതുകൊണ്ട് ഓഹരി വിറ്റഴിക്കപ്പെടുന്നു എങ്കിലും പല പൊതുമേഖല സ്ഥാപനങ്ങളും ഇന്നും കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ തന്നെയാണ്. സ്വകാര്യ – വിദേശ മൂലധനപിന്തുണയോടെ പൊതുമേഖലയുടെ വൈവിധ്യവത്കരണവും, ആധുനികവല്‍ക്കരണവും കൂടുതല്‍ വേഗതയിലും കാര്യക്ഷമമായും ചെയ്യുവാന്‍ സാധിക്കുമെന്ന് ഇത്തരം സ്ഥാപനങ്ങളുടെ അടുത്ത കാലത്തെ പ്രവര്‍ത്തനവും, അവയുടെ ആദായവും നമ്മെ ബോധ്യപ്പെടുത്തുന്നു. എന്നാല്‍ തന്ത്രപ്രധാനമായ, രാജ്യരക്ഷാ പൊതുമേഖലയിലുള്ള എല്ലാ പ്രധാന പൊതുമേഖല സ്ഥാപനങ്ങളെയും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിര്‍ത്തി, അവയെ കൂടുതല്‍ ഉല്പാദന ക്ഷമതയുള്ളതും ലാഭവിഹിതം കൂടുതല്‍ ലഭിക്കുന്നവയുമാക്കി മാറ്റുക എന്നതാണ് അടല്‍ജി സര്‍ക്കാര്‍ അനുവര്‍ത്തിച്ച നയം. അതേ നയം തന്നെയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നതും.
കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ കുറിച്ച് ആധികാരികമായി പഠനം നടത്തി ഉത്തരവാദിത്തത്തോടെ പുറത്തിറക്കിയിരിക്കുന്ന കണക്കുകളും, സര്‍വ്വേകളുമാണ് പബ്ലിക് എന്റര്‍പ്രൈസസ് സര്‍വ്വേയുടെ പ്രത്യേകത. ഈ കണക്കുകളെ രാഷ്ട്രീയ കക്ഷി നേതാക്കള്‍ പോലും ചോദ്യം ചെയ്തിട്ടുമില്ല. മാത്രമല്ല കേരളം പോലുള്ള ബിജെപി വിരുദ്ധ രാഷ്ട്രീയമുള്ള സംസ്ഥാനങ്ങള്‍ പോലും ഈ കണക്കുകള്‍ ഔദ്യോഗികമായി പ്ലാനിങ് ബോര്‍ഡിന്റെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിക്കുന്നതും പതിവുണ്ട്.
ഈ കണക്കുകള്‍ പ്രകാരം ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പൊതുമേഖല സ്ഥാപനങ്ങള്‍ക്കുള്ള പൂര്‍ണമായി അടച്ചുതീര്‍ത്ത മൂലധന നിക്ഷേപത്തിന്റെ തോത് ഇരട്ടിയിലധികം വര്‍ദ്ധിച്ചു എന്ന് മനസ്സിലാകും. 2013ല്‍ 1.85 ലക്ഷം കോടി എന്നതില്‍ നിന്ന് 2023ല്‍ 5.05 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം മോദി സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ നടത്തി. ഇത് നരേന്ദ്രമോദി സര്‍ക്കാര്‍ ഭാരതത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ മറ്റു സ്വകാര്യമേഖലാ സ്ഥാപനങ്ങളോടൊപ്പവും, വിദേശ സ്ഥാപനങ്ങളോടൊപ്പവും മത്സരാധിഷ്ഠിതമായി, സര്‍ക്കാരിന്റെ നയപരമായ പിന്തുണ ഇല്ലാതെ പോലും വിപണിയില്‍ മുന്നേറ്റം നടത്തുവാന്‍ സ്വയം പര്യാപ്തമാക്കുന്നതിന് വേണ്ടിയും, പുതിയ വിപണിയും, ലോകരാജ്യത്തിലെ തന്നെ പ്രതിയോഗികളെക്കാള്‍ മികച്ച സാങ്കേതികവിദ്യയുടെയും, മികച്ച ലാഭവിഹിതസമ്പാദനത്തിനും വേണ്ടിയാണെന്നതില്‍ ഇന്ന് വ്യവസായരംഗത്തെ നയരൂപീകരണ മേഖലയിലുള്ളവര്‍ക്ക് ബോധ്യമായ കാര്യമാണ്.
ഇതുകൂടാതെ പൊതുമേഖലയ്ക്ക് മാത്രം 2022-23ല്‍ ഏതാണ്ട് 25.35ലക്ഷം കോടി രൂപയാണ് സാമ്പത്തിക പാക്കേജ് നല്‍കിയിട്ടുള്ളത്. യുപിഎ ഭരണകാലത്ത് 2013ല്‍ ഏറ്റവും മികച്ച സാമ്പത്തിക സഹായം നല്‍കിയത് വെറും 8.50ലക്ഷം കോടി മാത്രമാണ്. 10 വര്‍ഷത്തിനിടയില്‍ മൂന്നിരട്ടി വര്‍ദ്ധനവാണ് ബജറ്റില്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക നിക്ഷേപമായി അനുവദിച്ചത്. ഇതുമൂലം പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ വരുമാനം 2013ല്‍ 19.45 ലക്ഷം കോടി എന്നത് 2023ല്‍ 37.90ലക്ഷം കോടി രൂപയായി ഉയര്‍ന്നു. തദ്വാരാ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രതിവര്‍ഷ ലാഭവും 2013ല്‍ 1.43 ലക്ഷം കോടി എന്നത് 2023 ആയപ്പോഴേക്കും ഏതാണ്ട് ഇരട്ടി – 2.41ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചു. ഇത് പൊതുമേഖല സ്ഥാപനങ്ങളുടെ ശരിയായതും, സ്ഥായിയായതുമായ വളര്‍ച്ചയുടെ ലക്ഷണങ്ങളാണ്. ഇതുപോലെ തന്നെ തകര്‍ച്ചയിലുള്ള പൊതുമേഖലാ സ്ഥാപനത്തിലെ നഷ്ടം 2013ല്‍ 0.28ലക്ഷം കോടി ആയിരുന്നുവെങ്കില്‍ അത് 2022ല്‍ 0.15 ലക്ഷം കോടിയായി കുറഞ്ഞു. 2023ല്‍ ചില സ്ഥാപനങ്ങളിലെ അപ്രതീക്ഷിതമായ നഷ്ടം കാരണം അത് വീണ്ടും 2023ല്‍ 0.29 എന്ന നിലയ്ക്ക് വര്‍ദ്ധനവും ഉണ്ടാക്കി എന്ന് പബ്ലിക് എന്റര്‍പ്രൈസസ് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ കണക്കുകൂടി ഇവിടെ ഉള്‍പ്പെടുത്തുവാന്‍ കാരണം സര്‍വ്വേയുടെ നിഷ്പക്ഷത ചൂണ്ടിക്കാട്ടുവാന്‍ വേണ്ടിയാണ്. ആധികാരികമായ ഈ കണക്കുകളുടെ പശ്ചാത്തലത്തില്‍ നമുക്ക് ഒരു കാര്യം ഉറപ്പിച്ചു പറയുവാന്‍ സാധിക്കും, നരേന്ദ്രമോദി സര്‍ക്കാര്‍ ആണ് പല ക്ഷയിച്ച, നഷ്ടം വരുത്തിയ പൊതുമേഖലകളെ സ്വകാര്യവല്‍ക്കരിച്ചും, ലാഭം നല്‍കുന്ന സ്ഥാപനങ്ങളിലെ ന്യൂനപക്ഷ ഓഹരി മാത്രം സ്വകാര്യവല്‍ക്കരിച്ച് സര്‍ക്കാരിന്മേലുള്ള ഭാരം കുറക്കുകയും, എന്നാല്‍ ലാഭത്തിലുള്ള, മഹാരത്‌ന കമ്പനി അടക്കമുള്ള പൊതുമേഖലയുടെ നിയന്ത്രണം കേന്ദ്രസര്‍ക്കാരില്‍ നിലനിര്‍ത്തുകയും ചെയ്തത്. എന്നാല്‍ കണക്കുകളുടെ പിന്‍ബലമില്ലാതെ, പൊതുമേഖലയുടെയും, രാജ്യത്തിന്റെയും സാമ്പത്തിക ചരിത്രത്തെ കുറിച്ച് യാതൊരു ധാരണയുമില്ലാതെ കോണ്‍ഗ്രസ് – ഇടതു – മത വര്‍ഗീയവാദ കക്ഷികള്‍ മലയാളികളെ പറഞ്ഞു പഠിപ്പിക്കുന്നത് നരേന്ദ്രമോദി എല്ലാം വിറ്റുതുലക്കുന്നു എന്നും മോദി സര്‍ക്കാര്‍ പൊതുമേഖലയ്ക്ക് എതിരാണെന്നുമാണ്. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ പത്ര – ദൃശ്യമാധ്യമങ്ങളും, മോദിക്ക് അനുകൂലമാകുമെന്നുള്ളതുകൊണ്ട് മേല്‍പറഞ്ഞ കണക്കുകളെ കണ്ടില്ലെന്ന് നടിക്കുകയും, അല്ലെങ്കില്‍ അവയ്ക്ക് വേണ്ടത്ര പ്രചരണം നല്‍കാതിരിക്കുകയുമാണ് ചെയ്യുന്നത്.
കേരളത്തിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍
♠ 2019ല്‍ ആരംഭിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി എന്ന പദ്ധതിയിലൂടെ 37.5 ലക്ഷം കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ധനസഹായം ലഭിക്കുന്നു.
♠ ആയുഷ്മാന്‍ ഭാരത് എന്ന സമഗ്ര ആരോഗ്യ പദ്ധതിയുടെ ഭാഗമായി 72 ലക്ഷം ആയുഷ്മാന്‍ കാര്‍ഡുകള്‍ ഇതുവരെ കേരളത്തില്‍ വിതരണം ചെയ്തിട്ടുണ്ട്. 2000 കോടി രൂപ ഈ പദ്ധതി വഴി കേരളത്തിലേക്ക് എത്തിക്കാനും സാധിച്ചു.
♠ മരുന്നു കമ്പനികളുടെ ചൂഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത പ്രധാനമന്ത്രി ജന്‍ ഔഷധി പരിയോജന പദ്ധതിയിലൂടെ കേരളത്തില്‍ മാത്രം 974 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ആരംഭിച്ചു.
♠ പ്രധാനമന്ത്രി ആവാസ് യോജന അര്‍ബന്‍ പദ്ധതി പ്രകാരം 1,66,661 വീടുകള്‍ക്കുള്ള അനുമതി ലഭിക്കുകയും അതില്‍ 106572 വീടുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. 1885 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ഇതിനായി ചെലവഴിച്ചു.
♠ കേരളത്തിനായി രണ്ട് സ്മാര്‍ട്ട് സിറ്റികളാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ആദ്യഘട്ടത്തില്‍ കൊച്ചി നഗരത്തെയും മൂന്നാംഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തെയും ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്തു.
♠ ഗ്രാമവികസനത്തിന്റെ ഭാഗമായ തൊഴിലുറപ്പ് പദ്ധതിക്കായി 2018 മുതല്‍ 2023 വരെ മാത്രം 29,765.71 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ട്.
♠ പിഎം ആവാസ് യോജന ഗ്രാമീണ്‍ പദ്ധതിക്കായി 422.51 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 19,850 വീടുകള്‍ പണി പൂര്‍ത്തീകരിച്ച് കൈമാറിയിട്ടുണ്ട്.
♠ സ്വച്ഛ് ഭാരത് അഭിയാന്‍ പ്രകാരം കേരളത്തില്‍ 2,39,360 വീടുകളില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിച്ച് നല്‍കാന്‍ സാധിച്ചു.
♠ ഗ്രാമ വികസനത്തിന്റെ ഭാഗമായ പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരം ഗ്രാമങ്ങളിലെ റോഡുകളുടെ വികസനം സാധ്യമാക്കി. 5900.18 കോടി രൂപ ഇതിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു.
♠ 65000 കോടി രൂപ മുതല്‍മുടക്കില്‍ നാഷണല്‍ ഹൈവേ 66 വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് സമഗ്രമായി പുരോഗമിക്കുകയാണ്.
♠ കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിനായി 1957 കോടി രൂപ ചിലവ് വരുന്ന പദ്ധതിക്കും കേന്ദ്രസര്‍ക്കാര്‍ അംഗീകാരം കൊടുത്തിട്ടുണ്ട്.
♠ കൊല്ലം, കോഴിക്കോട്, എറണാകുളം എന്നീ റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിനായി 594 കോടി രൂപയുടെ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
♠ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നവീകരണത്തിന് വേണ്ടി 7525 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
♠ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ വായ്പ ലഭ്യമാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രി മുദ്ര യോജന എന്ന പദ്ധതിയിലൂടെ 36257.65 കോടി രൂപയുടെ വായ്പകള്‍ കേരളത്തില്‍ നല്‍കിയിട്ടുണ്ട്.
♠ പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ കീഴില്‍ 2023 മെയ് മാസം വരെ മാത്രം 1,54,29,919 എല്‍.ഇ.ഡി ബള്‍ബുകള്‍ വിതരണം ചെയ്യാന്‍ സാധിച്ചു. ഇത് 802 കോടി രൂപ ലാഭിക്കാന്‍ ജനങ്ങളെ സഹായിച്ചു.
♠ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ കളമശ്ശേരിയുമായി ബന്ധിപ്പിക്കുന്നതിന് 571 കോടി ചെലവില്‍ നാലുവരി ദേശീയപാത വികസിപ്പിച്ചെടുത്തു.
കേരളത്തിലെ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ അവസ്ഥ
കേരളത്തിലെ കേന്ദ്രസര്‍ക്കാരിന്റെ പ്രധാന പൊതുമേഖല സ്ഥാപനങ്ങള്‍ ഫെര്‍ട്ടിലൈസേഴ്സ് ആന്റ് കെമിക്കല്‍ ഓഫ് ട്രാവന്‍കൂര്‍ (എഅഇഠ), കൊച്ചിന്‍ റിഫൈനറി, കൊച്ചിന്‍ ഷിപ്പിയാര്‍ഡ്, ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റ്‌സ് (പാലക്കാട്) എന്നിവയാണ്. ഇത്തരം സ്ഥാപനങ്ങളിലെ കേന്ദ്രസര്‍ക്കാരിന്റെ മൂലധന നിക്ഷേപം കാലാകാലങ്ങളായി വര്‍ദ്ധിച്ചു വന്നിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വ്വേകള്‍ തന്നെ സാക്ഷ്യം പറയുന്നു. പ്ലാനിങ് ബോര്‍ഡിന്റെ 2021-23ലെ റിപ്പോര്‍ട്ട് പ്രകാരം കേന്ദ്ര പൊതുമേഖലകളിലെ നിക്ഷേപം 2020-21ല്‍ 71,920.91 കോടി ആയിരുന്നുവെങ്കില്‍ 2021-22ല്‍ അത് വര്‍ദ്ധിച്ച് 73,290.68 കോടിയായി മാറി. ഈ കണക്കുകള്‍ സൂചിപ്പിക്കുന്ന മറ്റൊരു കാര്യം 2014ല്‍ മോദി അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ പൊതുമേഖലയ്ക്കുള്ള മൂലധന നിക്ഷേപത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ല എന്നുതന്നെയാണ്. ചുരുക്കിപ്പറഞ്ഞാല്‍ 2013ല്‍ മോദി വരുന്നതിനു മുന്‍പ് കേരളത്തിലെ പിഎസ്‌സിക്കു നല്‍കിയത് 33,065 കോടി രൂപയാണെങ്കില്‍ ഇന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കുന്നത് 73,290കോടി രൂപയാണ്. ഏതാണ്ട് 40,000 കോടി രൂപയുടെ അധിക ഇന്‍വെസ്റ്റ്‌മെന്റ്. എന്നാല്‍ ഈ വാര്‍ത്ത കേരളത്തിലെ പത്ര ദൃശ്യമാധ്യമങ്ങള്‍ പ്രചരിപ്പിക്കില്ല.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ വികസനത്തെ പിടിച്ചുവലിക്കുന്നുവെന്നും, പൊതുമേഖലയെ തകര്‍ക്കുന്നുവെന്നും ഏറ്റുപാടുന്നവര്‍ക്ക് ഇത്തരം വസ്തുതാപരമായ കണക്കുകള്‍ തന്നെ ഉത്തരം നല്‍കുന്നു.