അയോദ്ധ്യാ കേസില്‍ ശരിയായ രീതിയില്‍ നീതി നടപ്പിലായില്ലെന്ന് സിപി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇപ്പോള്‍ പറയുന്നത് വ്യക്തമായ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയാണ്. ജനങ്ങളില്‍ ഇല്ലാത്ത ഭീതിയും വൈരവും കരുപ്പിടിപ്പിച്ച് രാഷ്ട്രീയം നേട്ടം ഉണ്ടാക്കാനുള്ള തരംതാണ നീക്കമാണ് ഇതിന് പിന്നിലുള്ളതെന്നും ഇത് വ്യക്തമാക്കുന്നു. വിശ്വാസത്തിന്റെ പേരിലല്ല, തെളിവുകളുടെ അടിസ്ഥാന ത്തിലാണ് ഭൂമിതര്‍ക്ക കേസില്‍ തീര്‍പ്പ് കല്പിച്ചതെന്നാണ് കോടതി വ്യക്തമാക്കിയത് (കേസരി, നവംബര്‍ 15).
കോടതിവിധിയോട് സിപിഎം പോളിറ്റ്ബ്യൂറോ ആദ്യം പ്രതികരിച്ചത് അല്പംകൂടി ഉത്തരവാദിത്തത്തോടെയായിരുന്നു. മധ്യസ്ഥത വഴി പരിഹാരം സാധ്യമാകുന്നില്ലെങ്കില്‍ കോടതി ഉത്തരവിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് എക്കാലവും പാര്‍ട്ടി നിലപാടെടുത്തത് എന്നായിരുന്നു സിപിഎം പറഞ്ഞത്. മാത്രമല്ല കോടതി വിധിയുടെ മറവില്‍ സാമുദായിക സംഘര്‍ഷം തകര്‍ക്കുംവിധം പ്രകോപന പ്രതികരണങ്ങള്‍ ആരും നടത്തരുതെന്നും പോളിറ്റ്ബ്യൂറോ പറയുകയുണ്ടായി. പാര്‍ട്ടി പത്രമായ ദേശാഭിമാനി സുപ്രീംകോടതി വിധിയെ ചരിത്രപരമെന്നാണ് എഡിറ്റോറിയലില്‍ വിശേഷിപ്പിച്ചത്. സംയമനത്തോടും സമാധാനം നിലനിര്‍ത്താനുള്ള താല്പര്യത്തോടെയും പ്രതികരിക്കണമെന്നും ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട നിയമപരമായ വിഷയങ്ങള്‍ക്കുള്ള തീര്‍പ്പാണ് ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയനും അയോദ്ധ്യ വിധിയോട് പ്രതികരിക്കുക ഉണ്ടായി.
ഭൂമിതര്‍ക്ക കേസില്‍ ആദ്യകക്ഷിയായ അയോദ്ധ്യയിലെ പരേതനായ ഹാഷിം അന്‍സാരിയുടെ മകനും കേസില്‍ നിലവിലെ കക്ഷിയുമായ ഇ ഖ്ബാല്‍ അന്‍സാരി സുപ്രീംകോടതി വിധിയെ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നുവെന്നാണ് പറഞ്ഞത്. എന്നാല്‍ ആദ്യം പറഞ്ഞതില്‍ നിന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇപ്പോള്‍ കളംമാറ്റി ചവിട്ടിയത് മുസ്ലീം തീവ്രവാദി സംഘടനകളും മുസ്ലീംലീഗ് അടക്കമുള്ള കക്ഷികളുടെയും അയോദ്ധ്യ വിധിയോടുള്ള പ്രതികരണം കൊണ്ടാണെന്ന് വ്യക്തമാകുകയാണ്. വിഷയത്തില്‍ പരമാവധി നുണകള്‍ പ്രചരിപ്പിച്ചും വര്‍ഗ്ഗീയവിഷം ചീറ്റിയും വോട്ടുബാങ്ക് സൃഷ്ടിക്കുന്നതിനുള്ള വിലകുറഞ്ഞ അടവ് നയമാണിത്. പാര്‍ട്ടി കേന്ദ്രങ്ങളെന്ന് വീമ്പടിച്ചിരുന്ന ബംഗാളും ത്രിപുരയും ഇനിയൊരിക്കലും തിരിച്ചുപിടിക്കാനാവില്ലെന്ന് യെച്ചൂരിക്കും കൂട്ടര്‍ക്കും ഉറപ്പായിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ അവസാന കച്ചിത്തുരുമ്പായി സിപിഎം കണ്ടിരിക്കുന്നത് പരമാവധി വര്‍ഗ്ഗീയ ധ്രുവീകരണത്തിലൂടെ കാര്യം നേടുക എന്നാണ്.
ഇതിന്റെ ഭാഗമായിട്ടാണ് ശബരിമല, അയോദ്ധ്യ വിഷയങ്ങളില്‍ നിയമത്തിന് മുകളിലാണ് സുപ്രീംകോടതി, വിശ്വാസത്തെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന യെച്ചൂരിയുടെ പുതിയ കണ്ടെത്തല്‍. അയോദ്ധ്യ വിധിയില്‍ നീതി നടപ്പായില്ലെന്നും മുത്തലാഖ് ബില്ലില്‍ വിശ്വാസത്തെക്കള്‍ നിയമത്തിനാണ് പ്രാമുഖ്യമെന്നായിരുന്നു കോടതി വിലയിരുത്തിയതെന്നും യെച്ചൂരി കുറ്റപ്പെടുത്തുന്നു. കാശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയത് ഭരണഘടനാ ലംഘനമാണെന്നും ഇസ്രായേല്‍ പാലസ്തീനോട് പെരുമാറുന്നത് പോലെയാണ് കാശ്മീരിനോട് ഇന്ത്യ പെരുമാറുന്നതെന്നും യെച്ചൂരി ഒരുമുഴം മുമ്പെ എറിയുന്നു. കോഴിക്കോട്ട് ഭരണഘടന സംരക്ഷണ സമ്മേളനം എന്ന പേരില്‍ മുസ്ലീം സംഘടനാ നേതാക്കളേയും മറ്റും തട്ടിക്കൂട്ടി നടത്തിയ പ്രീണന പരിപാടിയിലാണ് പാര്‍ട്ടി അഖിലേന്ത്യാ നേതാവിന്റെ ഇത്തരമൊരു അഭ്യാസ പ്രകടനം ഉണ്ടായതെന്നുകൂടി പ്രത്യേകം കാണേണ്ടതുണ്ട്.
ഇ-മെയില്‍
പി.പി.ദിനേശ്
പള്ളിക്കര