ഭാരതത്തിലെ ഭൂരിഭാഗം സര്‍വ്വകലാശാലകളും കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും മാതൃകയാക്കി ഉയര്‍ത്തി കാണിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നു. ക്യാമ്പസിലെ തിരഞ്ഞെടുപ്പാണ് വിഷയം. രണ്ട് കാര്യങ്ങള്‍ കൊണ്ടാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ശ്രദ്ധിക്കപ്പെട്ടത്. ലോക്‌സഭ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കുമ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പാണെന്നുള്ളതായിരുന്നു ഒന്നാമത്തെ സവിശേഷത. രണ്ടാമത്തേത് 2019 ന് ശേഷം നടക്കുന്ന ക്യാമ്പസ് തിരഞ്ഞെടുപ്പാണെന്നുള്ളതായിരുന്നു. എസ്.എഫ്.ഐ അടക്കമുള്ള കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന അത്രയും സുഖം ജെ.എന്‍.യുവിലെ കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി നേതാക്കന്മാര്‍ക്ക് ഉണ്ടായിരുന്നില്ല എന്നുവേണം കരുതാന്‍. കാരണം എ.ബി.വി.പി ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ അവര്‍ക്ക് കൂടുതല്‍ പ്രസംഗിക്കേണ്ടിയും വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളില്‍ പല തവണ കയറി ഇറങ്ങേണ്ടിയും വന്നു. അങ്ങനെ കൂടുതല്‍ വിയര്‍പ്പൊഴുക്കിയാണ് ഇത്തവണ വിജയിച്ചത്. കേരളത്തിലെ ക്യാമ്പസുകളിലെ പോലെയാണെങ്കില്‍ കായികമായി നേരിട്ട്, ഭീഷണിപ്പെടുത്തി എതിര്‍ സ്ഥാനാര്‍ഥികളെ സ്ഥാനാര്‍ഥികളാവാന്‍ സമ്മതിക്കാതെ വിരട്ടി ഓടിച്ചു വിജയിക്കാമായിരുന്നു. എന്നാല്‍ അത് ജെ.എന്‍.യുവില്‍ ഇനി വിലപ്പോകില്ലാത്തതിനാല്‍ ഇത്തവണ കഷ്ടപ്പെടേണ്ടി വന്നു. ചുരുക്കത്തില്‍ ജെ.എന്‍.യു ദേശീയതയിലേക്കും ജനാധിപത്യത്തിലേക്കും ഓരോ വര്‍ഷവും കൂടുതല്‍ അടുക്കുകയാണ്. എ.ബി.വി.പിയുടെയും മറ്റ് ദേശീയ പ്രസ്ഥാനങ്ങളുടെയും വളര്‍ച്ചയാണ് ക്യാമ്പസ് ദേശീയതയിലേക്ക് എന്ന് പറഞ്ഞതിന്റെ അടിസ്ഥാനം. കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ കുറയുന്ന ശക്തിയാണ് ജെ.എന്‍.യു ജനാധിപത്യത്തിലേക്കെന്ന് പറഞ്ഞതിന്റെ പൊരുള്‍.
കണക്കില്‍ എ.ബി.വി.പി
മുന്‍ വര്‍ഷങ്ങളില്‍ ജെ.എന്‍.യുവിലെ വിവിധ സ്ഥാനങ്ങളില്‍ എ.ബി.വി.പി വിജയം നേടിയിട്ടുണ്ട്. 2000 ത്തില്‍ പ്രസിഡന്റ് സ്ഥാനവും 2016ല്‍ ജോയിന്റ് സെക്രട്ടറി സ്ഥാനവും നേടിയത് എ.ബി.വി.പിയാണ്.
എന്നാല്‍ പ്രത്യയശാസ്ത്രപരമായ വിജയത്തെക്കാള്‍ വ്യക്തി പ്രഭാവമായിരുന്നു അതിന്റെയൊക്കെ അടിസ്ഥാനം. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി പ്രത്യേകിച്ച് 2014 ന് ശേഷം ജെ.എന്‍.യുവിലെ എബിവിപി ഉള്‍പ്പെടെയുള്ള ദേശീയ പ്രസ്ഥാനങ്ങള്‍ സ്ഥിരതയാര്‍ന്ന വളര്‍ച്ചയും അടിത്തറയും നേടുന്നതായി കാണാം. 2019 ലെയും 2024ല്‍ ഇപ്പോള്‍ നടന്ന തിരഞ്ഞെടുപ്പുകളുംഇവയ്ക്ക് ഉദാഹരണമാണ്. 2019 ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇടത് സഖ്യം നേടിയത് ആകെയുള്ള 5700 ല്‍ 2313 വോട്ടുകളാണ്. എബിവിപി ഒറ്റയ്ക്ക് നേടിയത് 1128 വോട്ടും. തൊട്ടു പിന്നാലെ ബിഎപിഎസ്എ എന്ന പ്രസ്ഥാനം 1121 വോട്ടും നേടി. മറ്റുള്ളവര്‍ നേടിയ വോട്ട് ഇവിടെ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇത്തവണ പ്രസിഡന്റ് സ്ഥാനം നേടിയത് ഇടത് സഖ്യമാണ്. അവര്‍ നേടിയ വോട്ട് ആകെ പോള്‍ ചെയ്ത 5656 വോട്ടില്‍ 2598 വോട്ടാണ്. എബിവിപി 1676 വോട്ടും നേടി. എന്നാല്‍ കഴിഞ്ഞ തവണ 1121 വോട്ട് നേടിയ ബിഎപിഎസ്എ ഇത്തവണ നേടിയത് വെറും 398 വോട്ടാണ്. ഇതില്‍ നിന്ന് തന്നെ ക്യാമ്പസിലെ സ്ഥിതി മാറുന്നത് അനുസരിച്ചു വോട്ട് മറിച്ചാണ് ഇടത് സഖ്യം വിജയിച്ചത് എന്ന് മനസ്സിലാക്കാം. ഇതിന്റെ മറ്റൊരു വശം മനസ്സിലാകുക ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പ് കണക്കുകള്‍ പരിശോധിക്കുമ്പോഴാണ്. ജനറല്‍ സെക്രട്ടറി സ്ഥാനം ലഭിച്ചത് ബിഎപിഎസ്എയ്ക്കാണ്. ഇടത് സഖ്യത്തിന്റെ സ്ഥാനാര്‍ഥി അയോഗ്യയാക്കപ്പെട്ടു. പ്രസിഡന്റ്തിരഞ്ഞെടുപ്പില്‍ 398 വോട്ട് കിട്ടിയ ബിഎപിഎസ്എയുടെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയ വോട്ട് 2887 ആണ്. ഇവിടെ എബിവിപി 1961 വോട്ടും നേടി. വ്യത്യാസം 926 വോട്ടുകള്‍. 2019 ലെ തിരഞ്ഞെടുപ്പില്‍ ഇടത് സഖ്യം 2518 വോട്ടും എബിവിപി 1355 വോട്ടും ബിഎപിഎസ്എ 1232 വോട്ടുമാണ് നേടിയത്. എബിവിപി -ഇടത് വോട്ട് വ്യത്യാസം 1163 വോട്ടുകളും. എന്നാല്‍ ഇത്തവണ ഇടത്- ബിഎപിഎസ്എ അന്തര്‍ധാര സജീവമായിട്ട് പോലും എബിവിപി കൂടുതല്‍ വോട്ട് നേടുകയും വോട്ട് വിടവ് 926 ആയി കുറയ്ക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് 2019 ല്‍ ബിഎപിഎസ്എയ്ക്ക് സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല അന്ന് ഇടത് സഖ്യം നേടിയത് 3365 വോട്ടാണ്. എബിവിപി 1335 വോട്ടും നേടി. ഇത്തവണ ഇടത് സഖ്യത്തിന് 2409 വോട്ട് ലഭിച്ചു. എബിവിപി ഒറ്റയ്ക്ക് 1482 വോട്ടും നേടി. ഇവിടെ ബിഎപിഎസ്എയ്ക്ക് ലഭിച്ചത് 611 വോട്ടാണ്. ബാക്കിയുള്ള വോട്ടുകള്‍ എവിടെ പോയെന്ന് വ്യക്തം. സമാന സംഭവം തന്നെയാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തും നടന്നത്. ജയിച്ച ഇടത് സഖ്യത്തിന് ലഭിച്ചത് 2574 വോട്ടാണ്. എബിവിപി 2066 വോട്ടും നേടി. ഇവിടെയും ബിഎപിഎസ്എ നേടിയത് 539 വോട്ട് മാത്രമാണ്. ഇത് കൂടാതെ ഓരോ ഡിപ്പാര്‍ട്ട്‌മെന്റുകളെയും പ്രതിനിധാനം ചെയ്യുന്ന കൗണ്‍സിലര്‍മാരില്‍ 42 ല്‍ 18 സീറ്റും നേടിയത് എബിവിപിയാണ്.
ചുരുക്കത്തില്‍ ക്യാമ്പസിന്റെ സ്വഭാവം മാറുന്നു എന്ന് മനസ്സിലാക്കിയ എസ്.എഫ്.ഐ അടക്കമുള്ള സംഘടനകള്‍ ജയിക്കാനായി ആരുടെ കാല് പിടിക്കാനും തയ്യാറായി എന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്നും കാണുവാന്‍ സാധിച്ചത്. തമിഴ്‌നാട്ടില്‍ സ്റ്റാലിന്റെയും കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെയും പാദസേവകരായ സിപിഎം, സിപിഐ നേതാക്കന്മാരുടെ നയം തന്നെയാണ് അവരുടെ വിദ്യാര്‍ത്ഥി സംഘടനകളും പിന്തുടരുന്നത്. കാരണം മുന്‍ കാലങ്ങളില്‍ ഇന്നത്തെ ഇടത് സഖ്യത്തിലെ എസ്.എഫ്.ഐ, എഐഎസ്എ, ഡിഎസ്എഫ്, എഐഎസ്എഫ് തുടങ്ങിയ സംഘടനകള്‍ പരസ്പരമാണ് പോരാടിയിരുന്നത്. എന്നാല്‍ ഇന്ന് ഇവര്‍ ഒന്നിച്ചാണ് എബിവിപിക്കെതിരെ മത്സരിക്കുന്നത്. ഇതിന് പുറമെയാണ് ദളിത്-മുസ്ലിം വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്ന ബിഎപിഎസ്എയുടെ പുറത്ത് നിന്നുള്ള പിന്തുണയും ലഭിച്ചത്. എന്നാല്‍ അന്നും ഇന്നും എബിവിപി ഒറ്റയ്ക്കാണ് പോരാടുന്നതും ക്യാമ്പസില്‍ വളരുന്നതും. ഇനി ഇടത് സഖ്യം എന്ന് പറയുമ്പോള്‍ ഈ നാല് സംഘടനകള്‍ മാത്രമാണ് എന്ന് കരുതരുത്. കമ്മ്യൂണിസ്റ്റ് കുപ്രചരണത്തിനായി പ്രവര്‍ത്തിക്കുന്ന നിരവധി കമ്മ്യൂണിസ്റ്റ് സംഘടനകളുടെ പിന്തുണയും നേടിയാണ് ഇവര്‍ വിജയിക്കുന്നത്. അത് 30ല്‍ അധികം വരും. ചുരുക്കത്തില്‍ 35 ല്‍ അധികം സംഘടനകളോട് ഒറ്റയ്ക്ക് പൊരുതിയാണ് എബിവിപി മൊത്തത്തില്‍ 45% ത്തോളം വോട്ട് നേടി മിന്നുന്ന പ്രകടനം കാഴ്ച വെച്ചിരിക്കുന്നത്. ഒറ്റയ്ക്ക് മത്സരിച്ചാല്‍ ക്യാമ്പസിലെ എല്ലാ സീറ്റുകളിലും എബിവിപി ജയിക്കുമെന്ന് ഉറപ്പാണ്.
പ്രതീക്ഷ നല്‍കുന്ന ഫലം
ജെ.എന്‍.യുവിലെ മുന്‍കാല പ്രവേശന പരീക്ഷാ രീതി പുനഃസ്ഥാപിക്കുവാന്‍ സമരം നടത്തുന്നത് ഇടത് വിദ്യാര്‍ത്ഥി സംഘടനകളാണ്. കാരണം, അന്നത്തെ സംവിധാനത്തില്‍ ചോദ്യക്കടലാസ് തയ്യാറാക്കിയിരുന്നതും ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം നടത്തിയിരുന്നതും ജെ.എന്‍.യുവിലെ അദ്ധ്യാപകര്‍ തന്നെയായിരുന്നു. ഇങ്ങനെയുള്ള സംവിധാനത്തില്‍ കടന്നുകൂടേണ്ടത് എങ്ങനെയെന്ന് കമ്മ്യൂണിസ്റ്റുകള്‍ക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ. എന്നാല്‍ 2019 മുതല്‍ പ്രവേശന പരീക്ഷ നടത്തുന്നത് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് (ചഠഅ). ഇതോടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും എല്ലാ വിഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ എത്തുവാന്‍ തുടങ്ങി. സമരത്തിനേക്കാള്‍ പഠനത്തിനാണ് ഈ വിദ്യാര്‍ത്ഥികള്‍ പ്രാമുഖ്യം നല്‍കുന്നത്. അതുകൊണ്ട് തന്നെ 2019 കഴിഞ്ഞു നടന്ന ആദ്യ തിരഞ്ഞെടുപ്പെന്ന നിലയില്‍ എബിവിപിയുടെ വളര്‍ച്ചാ നിരക്ക് മുന്‍ വര്‍ഷങ്ങളെക്കാള്‍ ഈ വര്‍ഷം വര്‍ദ്ധിച്ചു. ഇടത് സംഖ്യത്തിന്റെ വോട്ട് കുറഞ്ഞും വരുന്നു. മുന്‍ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ 2017-2018 കാലഘട്ടങ്ങളില്‍ പ്രവേശനം നേടിയ 500 ല്‍ അധികം വരുന്ന ഗവേഷണ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ വരും വര്‍ഷങ്ങളില്‍ ക്യാമ്പസ് വിടുന്നതോടെ കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ ശക്തി ക്ഷയിക്കുകയും എബിവിപി കൂടുതല്‍ ശക്തമാവുകയും ചെയ്യും. വരും വര്‍ഷങ്ങളില്‍ നിലവിലുള്ള ഇടത് സഖ്യത്തില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ എണ്ണം അവര്‍ക്ക് വര്‍ദ്ധിപ്പിക്കേണ്ടതായും വരും. അതുകൊണ്ട് തന്നെ ഇന്ന് ഒറ്റയ്ക്ക് മത്സരിച്ചു കരുത്ത് കാട്ടുന്ന എബിവിപിയുടെ സുവര്‍ണ്ണ കാലം അടുത്ത 3-4 വര്‍ഷങ്ങള്‍ക്കുള്ളില്‍ ജെ.എന്‍.യുവില്‍ തുടങ്ങും. എന്നാല്‍ കേരളത്തിലും ബംഗാളിലും ഇടത് പ്രസ്ഥാനങ്ങള്‍ സ്വീകരിക്കുന്ന കിരാതമായ ഭീകര രീതികള്‍ തിരിച്ചു പ്രയോഗിച്ചിരുന്നേല്‍ 2015 മുതല്‍ എബിവിപിക്ക് ഇവിടെ ജയിക്കാമായിരുന്നു. എന്നാല്‍ പത്ത് വര്‍ഷമായിട്ടും ജനാധിപത്യപരമായാണ് എബിവിപി ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്നത്.
ചില മാറ്റങ്ങള്‍
ജെ.എന്‍.യുവിലൂടെ ദേശീയ ശ്രദ്ധ നേടിയ നേതാവാണ് എ.ഐ.എസ്.എഫിന്റെ കനയ്യ കുമാര്‍. രാജ്യവിരുദ്ധ നീക്കങ്ങളുടെ ജെ.എന്‍.യുവിലെ അമരക്കാരനായിരുന്നു അദ്ദേഹം. എന്നാല്‍ താന്‍ അടക്കമുള്ള കമ്മ്യൂണിസ്റ്റുകാര്‍ തല്ലി ചതച്ച ക്യാമ്പസിലെ കോണ്‍ഗ്രസ്സുകാരുടെ അഖിലേന്ത്യാ നേതാവാണ് അദ്ദേഹമിപ്പോള്‍. കൂടെ പ്രവര്‍ത്തിച്ചവര്‍ ഇപ്പോഴും പല കേസുകളുമായി പൊരുതുന്നു. ചിലര്‍ കേരളത്തിലടക്കം എം.എല്‍.എമാരായി മാറി. ചുരുക്കത്തില്‍ കോണ്‍ഗ്രസ് അവരുടെ പ്രവര്‍ത്തകരെയും കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍ അവരുടെ പ്രവര്‍ത്തകരെയും വഞ്ചിച്ചു എന്ന് വേണം മനസ്സിലാക്കാന്‍. ഇതിന്റെ ഫലമായി കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എന്‍.എസ്.യു.ഐയും ക്യാമ്പസില്‍ തകര്‍ച്ചയെ നേരിടുന്നു. മത്സരിച്ച സീറ്റുകളില്‍ ഒന്നിലും 500 ലധികം വോട്ട് നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
ജെ.എന്‍.യുവില്‍ രാജ്യ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത മറ്റൊരു വിദ്യാര്‍ത്ഥിനിയായിരുന്നു കാശ്മീരില്‍ നിന്നുള്ള ഷെഹ്‌ല റാഷിദ്.കാശ്മീരിലെ മാറ്റങ്ങള്‍ അവരെ ഇന്ന് മോദി ഭക്തയാക്കി. ‘നിസ്വാര്‍ത്ഥനായ മോദി രാജ്യ താല്പര്യത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുന്നു’ എന്ന അവരുടെ പ്രസ്താവന ജെ.എന്‍.യുവിലെ കമ്മ്യൂണിസ്റ്റ് കുപ്രചാരകര്‍ക്ക് കിട്ടിയ വലിയ പ്രഹരമായിരുന്നു.
ഇക്കാലയളവില്‍ ജെ.എന്‍.യുവില്‍ 20-ല്‍ അധികം ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടം ലഭിച്ചു. ദല്‍ഹിയിലെ രാമകൃഷ്ണപുരം വിഭാഗ് നടത്തിയ 2023 ലെ പ്രത്യേക പ്രാഥമിക ശിക്ഷാ വര്‍ഗ്ഗില്‍ പങ്കെടുത്ത 116 പേരില്‍ 57 പേര് ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളായിരുന്നു. ചരിത്രത്തില്‍ ആദ്യമായി ക്യാമ്പസില്‍ വിജയദശമി പഥസഞ്ചലനം 2023 ല്‍ നടന്നു. അതില്‍ പൂര്‍ണ്ണ ഗണവേഷ ധാരികളായ 100 സ്വയംസേവകരാണ് പങ്കെടുത്തത്. ഇത് കൂടാതെ ദേശീയ പ്രസ്ഥാനങ്ങള്‍ നടത്തുന്ന നിരവധി സാംസ്‌കാരിക പരിപാടികളില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കാളികളാകുന്നു.
ചുരുക്കത്തില്‍ ജെ.എന്‍.യുവിലെ തട്ടിക്കൂട്ടിയ ഇടത് വിജയം താത്കാലികമാണ്. അത് രാജ്യത്തിന്റെ ആകെയുള്ള മാറ്റമല്ല. അത് കണ്ടിട്ട് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും കേരളത്തിലെ മന്ത്രിമാരും കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരും നടത്തുന്ന ആഹ്ലാദങ്ങള്‍ യാഥാര്‍ത്ഥ്യത്തെ ഉള്‍കൊള്ളാതെയുള്ളതാണ്. യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ട് അവര്‍ തിരിച്ചറിവിലേക്ക് എത്തുമ്പോള്‍ ജെ.എന്‍.യു ത്രിപുരയും ബംഗാളുമായി മാറിയിട്ടുണ്ടാകും എന്ന് ഉറപ്പാണ്. അല്ലെങ്കില്‍ ഭാവിയിലെ കേരളവും തമിഴ്‌നാടുമാണ് ജെ.എന്‍.യു എന്ന് ദേശീയ പ്രസ്ഥാനങ്ങള്‍ തെളിയിക്കും. അങ്ങനെയൊരു കാലം വിദൂരമല്ല.
(ന്യൂ ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനാണ് ലേഖകന്‍)