വയനാടിന്‍ കാടുതുരന്നൊരു
രോദനമുയരുന്നു
മലനാടിന്‍ മാറുപിളര്‍ന്നതു
മാറ്റൊലി കൊള്ളുന്നു!
ഭയമേറും കൊലവിളിയങ്ങു പ്രകമ്പിതമാകുന്നു
‘മകനേ’യെന്നാര്‍ത്തൊരുനാദം കാതിലലയ്ക്കുന്നു
വനവേടര്‍ തൊടുത്തൊരു ശരമേ-
റ്റൊരുകിളി തന്‍രോദനമല്ല
ഒരു പാറയിടിഞ്ഞതിനടിയില്‍
ഒരു ജീവനമര്‍ന്നതുമല്ല
പുലി,കരടികള്‍ ആനകളൊന്നും
ഇവിടെ നടമാടിയതല്ല
വിഷസര്‍പ്പം പത്തിവിടര്‍ത്തീ-
ട്ടൊരു ജീവനെടുത്തതുമല്ല
മൃഗവൈദ്യപ്പഠനമതിന്നായ്
മലകേറിപ്പോന്നൊരു മകനെ
മൃഗവും തലതാഴ്ത്തും മട്ടില്‍
കൊലചെയ്‌തൊരു രോദനമാണേ
ഇതു കാപ്പിരിനാടതിലല്ല
അങ്ങുത്തര ഭാരതമല്ല
അതിനേക്കാള്‍ മേലെ പ്രബുദ്ധത
കൊടികുത്തിയ കേരളമല്ലോ!
കൊലയാളികളേന്തിയ കൊടിയും
കൊലയാളികള്‍ തന്നുടെ മതവും
അവയെല്ലാമറിവായാലേ
അതിനെതിരെച്ചെറുവിരല്‍ പൊങ്ങൂ
ബലിയാടിന്‍ കുലവും ജാതിയും
വിലയേറ്റും തങ്ങള്‍ക്കെങ്കില്‍
അതിനെതിരെ കവിത പിറക്കും
അതിനെതിരെ മെഴുതിരി കത്തും !
അതുവരെയും ജസ്റ്റിസ് വേണ്ട
പ്ലക്കാര്‍ഡും ബോര്‍ഡും വേണ്ട
വടക്കിന്ത്യയില്‍ നിന്നൊരു വാര്‍ത്ത
വരുമെന്നതു നോക്കിയിരിക്കാം !