ജഗദ്ഗുരു ശങ്കരാചാര്യരുടെ ജനനം എ.ഡി 9-ാം നൂറ്റാണ്ടില്‍ കേരളത്തിലെ കാലടിയില്‍ ആയിരുന്നെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങള്‍ വരെ അദ്ദേഹത്തിന്റെ ജനനത്തെപ്പറ്റി കൃത്യമായ വിവരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. യുനെസ്‌കോ അദ്ദേഹത്തിന്റെ ജന്മദിനം ലോകതത്ത്വചിന്താദിനമായി ആചരിക്കുംവിധം അദ്ദേഹം ലോകാരാധ്യനായിരുന്നെങ്കിലും കേരളം ഈ മഹാപുരുഷനെ അറിയുന്നതിലും ആദരിക്കുന്നതിലും എന്നും വിമുഖതയേ കാട്ടിയിട്ടുള്ളൂ. ശങ്കരന്‍ സ്ഥാപിച്ച അഞ്ചു മഠങ്ങളും ഭാരതത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ശ്രീശങ്കരകീര്‍ത്തി സ്തംഭങ്ങളായി വിലസുമ്പോള്‍ അദ്ദേഹത്തിന്റെ ജനനസ്ഥലം വ്യക്തമായി കണ്ടുപിടിക്കാന്‍ ഒരു ശ്രമവും അക്കാലം വരെ നടത്തിയിരുന്നില്ല. കാലടിയാകട്ടെ സാമ്പത്തികമായും അംഗസംഖ്യയിലും ഹിന്ദുക്കള്‍ പിന്നാക്കംനില്‍ക്കുന്ന ഒരു കൊച്ചുഗ്രാമവും.
കാലടിയിലെ കൈപ്പിള്ളി ഇല്ലത്തെ ശിവഗുരുവിന്റെയും മേല്‍പ്പാഴൂര്‍ മനയിലെ ആര്യാംബയുടെയും പുത്രനായിരുന്നു ശങ്കരന്‍. ശൃംഗേരി ശങ്കരമഠത്തിലെ 33-ാ മത്തെ ആചാര്യനായ ശ്രീനരസിംഹഭാരതിസ്വാമികള്‍ ആണ് ശങ്കരജന്മഗൃഹം കണ്ടെത്താന്‍ ഒരു സംഘത്തെ നിയോഗിച്ചത്. ദീര്‍ഘമായ അന്വേഷണങ്ങള്‍ക്ക് ശേഷം ഈ സംഘം ശ്രീശങ്കാരചാര്യരുടെ ജന്മഗൃഹം ഇരുന്ന സ്ഥലം കൃത്യമായി കണ്ടെത്തി. ആര്യാംബയുടെ സമാധിസ്ഥലത്ത് കത്തിച്ചിരുന്ന ഒരു കല്‍വിളക്ക് (ഭൗതിക ദേഹം സംസ്‌ക്കരിച്ച സ്ഥലം എന്ന് കണക്കാക്കിയാല്‍ മതി. ശ്രീ മഹാദേവന്‍ തന്നെ പുത്രനായി പിറന്ന പുണ്യവതിയായത് കൊണ്ട് സമാധി എന്ന് പരാമര്‍ശിച്ചെന്നേയുള്ളൂ), പെരിയാറിന്റെ സാമീപ്യം, ശ്രീ ശങ്കരാചാര്യരുടെ മാതാവ് എന്നും ദര്‍ശനം നടത്തിയിരുന്ന ശ്രീകൃഷ്ണക്ഷേത്രം എന്നീ മൂന്നു തെളിവുകളാണ് ആചാര്യന്റെ ജന്മസ്ഥലത്തെ കണ്ടെടുക്കാന്‍ സഹായിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിലാണ് ഈ സ്ഥലം വ്യക്തമായി കണ്ടെത്തിയത്. തിരുവിതാംകൂര്‍ ദിവാനായിരുന്ന മൈസൂര്‍ സര്‍ ടി.മാധവരായരുടെയും മുന്‍ മൈസൂര്‍ ദിവാന്‍ സര്‍ ശേഷാദ്രി അയ്യരുടെയും താല്‍പ്പര്യപൂര്‍വ്വമുള്ള ഇടപെടല്‍ കൊണ്ട് തിരുവിതാംകൂര്‍ മഹാരാജാവ് 1907ല്‍ 40 ഏക്കര്‍ സ്ഥലം ശങ്കരജന്മഭൂമിയോടനുബന്ധിച്ച് പൊന്നുംവിലക്കെടുത്ത് ശൃംഗേരി മഠത്തിന് നല്‍കി. 1910 ല്‍ ജനുവരി 20ന് ശ്രീശങ്കരന്റെയും ശാരദാദേവിയുടെയും പ്രതിഷ്ഠ പുതുതായി പണിതീര്‍ത്ത ക്ഷേത്രത്തില്‍ നടത്തി. മഠാധിപതി ശ്രീനരസിംഹഭാരതി സ്വാമികള്‍ അവിടെ കുറച്ചുമാസങ്ങള്‍ താമസിക്കുകയും ചെയ്തു. അദ്ദേഹം 1912ല്‍ സമാധിയായതിനുശേഷം അടുത്ത ആചാര്യന്‍ ശ്രീ ചന്ദ്രശേഖര ഭാരതിസ്വാമികള്‍ 1927ല്‍ വേദവേദാന്ത പാഠശാല സ്ഥാപിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും താമസിക്കാനായി അഗ്രഹാരം പണിതീര്‍ത്തതും അദ്ദേഹത്തിന്റെ കാലത്താണ്. ശ്രീകൃഷ്ണ ശാസ്ത്രികള്‍, പ്രൊഫ. വൈദ്യലിംഗ ശര്‍മ്മ, ശ്രീകൃഷ്ണരാജപുരം, ശങ്കരദീക്ഷിതര്‍ തുടങ്ങിയ പണ്ഡിതര്‍ ഇവിടുന്നു പഠനം പൂര്‍ത്തിയാക്കിയവരാണ്. പിന്നീട് വേദാന്ത പഠനം ശൃംഗേരി മഠത്തിലേയ്ക്കു മാറ്റി. അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന വേദപാഠശാല മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. 35-ാമത് ആചാര്യരുടെ കാലത്താണ് ക്ഷേത്രങ്ങള്‍ ഇന്ന് കാണുന്ന രീതിയില്‍ പുതുക്കിയതും ശങ്കരകൃപ അതിഥിമന്ദിരം പണിതീര്‍ത്തതും. ശ്രീ ആഗമാനന്ദസ്വാമികളുടെ പരിശ്രമഫലമായി അനുവദിച്ചുകിട്ടിയ ശ്രീ ശങ്കരാകോളേജ് 1936ല്‍ പ്രവര്‍ത്തനമാരംഭിച്ചെങ്കിലും അദ്ദേഹത്തിന് സാമ്പത്തിക ബാദ്ധ്യതകള്‍മൂലം ആ സ്ഥാപനം തുടര്‍ന്ന് നടത്തിക്കൊണ്ടുപോകാന്‍ സാധിക്കാത്തതിനാല്‍ കോളേജിന്റെ ഭരണം ശൃംഗേരി മഠത്തിന് കൈമാറി. മഠത്തിന്റെ കീഴില്‍ കോളേജിന് അത്ഭുതകരമായ വളര്‍ച്ചയാണ് ഉണ്ടായത്. 1992ല്‍ കോളേജ് പരിസരത്തുതന്നെ ശ്രീ ശാരദാ വിദ്യാലയം എന്ന സി.ബി.എസ്.ഇ. ഹയര്‍ സെക്കന്ററി സ്‌കൂളും തുടര്‍ന്ന് 2001ല്‍ ആദിശങ്കരാ എഞ്ചിനീയറിംഗ് കോളേജും 2004 ല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജും ആരംഭിച്ചതോടെ ശങ്കരാ നോളെഡ്ജ്‌സിറ്റി എന്ന പേരില്‍ ശ്രീ ശങ്കരസ്ഥാപനങ്ങള്‍ പ്രസിദ്ധമായിത്തീര്‍ന്നു. അഖിലേന്ത്യാ നിലവാരത്തിലുള്ള വ്യത്യസ്തയാര്‍ന്ന പരിപാടികള്‍ കൊണ്ട് ഇന്ന് ആദിശങ്കരാകോളേജ് കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായി മാറിക്കഴിഞ്ഞു. എറണാകുളം ജില്ലയിലെ ഒരു പ്രമുഖ വിദ്യാഭ്യാസകേന്ദ്രം എന്ന നിലയിലേയ്ക്ക് കാലടിയുടെ വളര്‍ച്ചയില്‍ ശൃംഗേരി മഠം വഹിച്ച പങ്ക് പ്രാധാന്യം അര്‍ഹിക്കുന്നത് തന്നെയാണ്.
ആഗമാനന്ദസ്വാമികളും ശ്രീരാമകൃഷ്ണ അദ്വൈതാശ്രമവും
കേരളത്തിന്റെ, വിശിഷ്യകാലടിയുടെ വളര്‍ച്ചയില്‍ ആഗമാനന്ദസ്വാമികള്‍ വഹിച്ച പങ്ക് ശ്രദ്ധേയമാണ്. 1896 ല്‍ കരുനാഗപ്പള്ളി പന്മന ചോലയില്‍ പുതുമന മഠത്തില്‍ നാരായണരു പരമേശ്വരുടെയും ചവറ വടശ്ശേരി മഠത്തില്‍ ലക്ഷ്മി ദേവി അന്തര്‍ജനത്തിന്റെയും പുത്രനായ കൃഷ്ണനായിരുന്നു പില്‍ക്കാലത്ത് പ്രസിദ്ധനായിത്തീര്‍ന്ന ആഗമാനന്ദ സ്വാമികള്‍ ആയിമാറിയത്. തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ നിന്നും മദ്രാസ് പ്രസിഡന്‍സി കേളേജില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം വേദവേദാന്തവിഷയങ്ങളിലും ശ്രീശങ്കരന്റെയും സ്വാമിവിവേകാനന്ദന്റെയും ജീവിതദര്‍ശനങ്ങളിലും പണ്ഡിതനായിരുന്നു. ശ്രീരാമകൃഷ്ണമഠത്തില്‍ നിന്ന് സന്യാസം സ്വീകരിച്ച അദ്ദേഹത്തെ, ശ്രീശങ്കരന്റെ ജന്മനാട് അവഗണിക്കപ്പെട്ടു കിടക്കുന്നത് ഏറെ ദു:ഖിപ്പിച്ചു. കാലടിയിലെത്തിയ അദ്ദേഹം കാലടി പ്രദേശത്തെ പ്രമുഖ ജന്മിയും സാമൂഹ്യ സാംസ്‌ക്കാരിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയുമായ പറയത്ത് ഗോവിന്ദമേനോനെ തന്റെ ആവശ്യം അറിയിച്ചു. പറയത്ത് ഗോവിന്ദമേനോന്‍ പെരിയാറിന്റെ തീരത്ത് നല്‍കിയ ഒരു കെട്ടിടം ഉള്‍പ്പെടെ ഒന്നര ഏക്കറോളം ഭൂമിയില്‍ 1936 ലെ ശങ്കര ജയന്തി ദിനമായ ഏപ്രില്‍ 26 ന് ശ്രീരാമകൃഷ്ണദേവന്റെയും ശ്രീശങ്കരന്റെയും ആദര്‍ശങ്ങളെ സമന്വയിപ്പിച്ചുകൊണ്ടു ശ്രീരാമകൃഷ്ണ അദൈതാശ്രമം എന്ന പേരില്‍ ഒരു ആശ്രമം ആരംഭിച്ചു. ബേലൂര്‍ മഠത്തിന്റെ ഔപചാരികമായ അനുമതി കൂടാതെയാണ് ആശ്രമം സ്ഥാപിച്ചതെങ്കിലും പിന്നീട് 1941 ല്‍ ശ്രീരാമകൃഷ്ണ മഠം കാലടി ആശ്രമത്തെ അംഗീകരിച്ചു.
ആദ്യകാലത്ത് സ്വാമി അനുഭവിച്ച ക്ലേശങ്ങള്‍ നിരവധിയായിരുന്നു. പുസ്തകങ്ങള്‍ എഴുതി വിറ്റും മതപ്രഭാഷണങ്ങള്‍ക്ക് പോകുമ്പോള്‍ യാത്രാചെലവിന് ലഭിക്കുന്ന തുകയില്‍ നിന്ന് മിച്ചം പിടിച്ചുമാണ് സ്വാമിജി ആശ്രമം നടത്തികൊണ്ടുപോയത്. ഹിന്ദുക്കളുടെ ഇടയില്‍ മതബോധനം നടത്തുന്നതിന് മതപ്രസംഗങ്ങള്‍ ആരംഭിച്ചത് സ്വാമിജിയായിരുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രഭാഷണങ്ങളിലൂടെ ഹിന്ദുജനതയെ ഉണര്‍ത്താന്‍ സ്വാമിജിക്ക് കഴിഞ്ഞു. കേരള വിവേകാനന്ദന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചാല്‍ തെറ്റില്ല എന്ന് തോന്നുന്നു (അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ വീരവാണി എന്ന പേരില്‍ മൂന്ന് വാള്യങ്ങളായി പില്‍ക്കാലത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്).
ഹരിജനോദ്ധാരണം സ്വാമിജിക്ക് വളരെ താല്‍പര്യമുള്ള വിഷയമായിരുന്നു. ക്ഷേത്രപ്രവേശനം അനുവദിക്കുന്നതിന് ഏറെ മുമ്പ് തന്നെ പുതുക്കാട് ആശ്രമത്തിന് സമീപമുള്ള ക്ഷേത്രത്തിന്റെ ചുമതല തന്റെ കയ്യില്‍ വന്നപ്പോള്‍ സ്വാമിജി ക്ഷേത്രം എല്ലാവര്‍ക്കുമായി തുറന്നുകൊടുത്തു. കാലടി ആശ്രമത്തോടനുബന്ധിച്ച് ഗിരിജനങ്ങള്‍ക്ക് വേണ്ടി ഒരു ഹോസ്റ്റല്‍ ആരംഭിക്കുകയും അവരുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ബ്രഹ്മാനന്ദോദയം സംസ്‌കൃത സ്‌കൂള്‍ ആരംഭിക്കുകയും ചെയ്തു. ഇന്ന് പ്രശസ്തമായ ബ്രഹ്മാനന്ദോദയം ഹയര്‍സെക്കന്ററി സ്‌കൂളായി ഈ സ്ഥാപനം വികസിച്ചു. പില്‍ക്കാലത്ത് ഈ വിദ്യാലയത്തില്‍ എന്‍. വി. കൃഷ്ണവാര്യര്‍ മുഖ്യ അദ്ധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ഈ വിദ്യാലയത്തിലെ സംസ്‌കൃതത്തിലുള്ള പ്രാര്‍ത്ഥനാഗാനം എന്‍.വി. രചിച്ചതാണ്. പി. ഗോവിന്ദപ്പിള്ളയും പി.പരമേശ്വരനും ഇവിടെ ഒരേ കാലഘട്ടത്തില്‍ താമസിച്ചു പഠിച്ചവരാണ്.
ശ്രീശങ്കരജന്മഭൂമിയില്‍ ശ്രീശങ്കരന്റെ നാമധേയത്തില്‍ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം വേണമെന്നുള്ളത് സ്വാമിജിയുടെ ഒരു വലിയ സ്വപ്‌നമായിരുന്നു. തിരുവിതാംകൂര്‍ മഹാരാജാവില്‍നിന്ന് കാലടിക്കുസമീപം മറ്റൂര്‍ക്കുന്നില്‍ അതിനുള്ള സ്ഥലം അനുവദിച്ചുകിട്ടുകയും കോളേജിന്റെ പ്രവര്‍ത്തനം സ്വാമിജിയുടെ മേല്‍നോട്ടത്തില്‍ ആരംഭിക്കുകയും ചെയ്തു. 25000 രൂപ അക്കാലത്ത് രാഷ്ട്രീയ സ്വയംസേവക സംഘം സര്‍സംഘചാലക് ആയിരുന്ന ഗുരുജി ഗോള്‍വള്‍ക്കര്‍ കോളേജിന് നല്‍കിയിരുന്നുവെന്നത് ശ്രദ്ധേയമാണ്. പക്ഷേ സാമ്പത്തിക ബാദ്ധ്യതകള്‍മൂലം കോളേജ് നടത്തിക്കൊണ്ടുപോകാന്‍ സ്വാമിജിക്കു സാധിക്കാത്തതിനാല്‍ ഭരണം ശൃംഗേരി മഠത്തിന് കൈമാറുകയുണ്ടായി. ശ്രീരാമകൃഷ്ണ മഠത്തിനെയും നായര്‍ സര്‍വ്വീസ് സൊസൈറ്റിയെയും സ്വാമിജി സമീപിച്ചെങ്കിലും ആരും ഏറ്റെടുക്കുന്നതിനോ സാമ്പത്തിക സഹായം നല്‍കുന്നതിനോ തയ്യാറായില്ല.
ആഗമാനന്ദസ്വാമികള്‍ ആരംഭിച്ച ഗിരിജന്‍ ഹോസ്റ്റലിന് മന്നം പ്രസിഡന്റായിരുന്ന കാലത്ത് ദേവസ്വം ബോര്‍ഡ് ഗ്രാന്റ് നല്‍കിയിരുന്നെങ്കിലും പില്‍ക്കാലത്ത് ഇത് നിര്‍ത്തലാക്കി. ക്ഷേത്രപ്രവേശനം അനുവദിക്കുന്നതിനു മുമ്പുതന്നെ ശ്രീരാമകൃഷ്ണമഠത്തിലെ പൂജാരിയായിരുന്ന ഹരിജന്‍ വിഭാഗത്തില്‍പ്പെട്ട എം.കെ വാവക്കുട്ടന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. കഴിഞ്ഞ ശങ്കരജയന്തിക്കും അദ്ദേഹം ആശ്രമത്തിലെത്തി ഗുരുദക്ഷിണ സമര്‍പ്പിക്കുകയുണ്ടായി.
കാലടി ആശ്രമത്തില്‍ ഒരു പ്രസിദ്ധീകരണ വിഭാഗം ആരംഭിച്ച് ഗ്രന്ഥങ്ങളും പ്രസിദ്ധീകരണങ്ങളും പ്രകാശിപ്പിച്ചത് സ്വാമിജിയുടെ സംഭാവനയായിരുന്നു. അമ്പതോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള സ്വാമി അമൃതവാണി, പ്രബുദ്ധകേരളം എന്നീ മാസികകളും കുറെക്കാലം കാലടിയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്നു. വരിസംഖ്യ പിരിക്കുന്നതും പത്രാധിപരും ലേഖകനും പ്രൂഫ് നോട്ടവും ഒക്കെ സ്വാമിജി തന്നെയായിരുന്നു.
ശ്രീരാമകൃഷ്ണ മഠത്തിന്റെ രജതജൂബിലി ഉജ്ജ്വലമായി ആഘോഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഹൃദ്രോഗബാധിതനായി 1961 ഏപ്രില്‍ 17ന് സ്വാമിജി സമാധിയായി.
ആശ്രമത്തോടനുബന്ധിച്ച് ശ്രീ ശാരദാ ആയുര്‍വ്വേദാശുപത്രി പ്രവര്‍ത്തനമാരംഭിച്ചതിന്റെ പിന്നിലും സ്വാമിയുടെ ഉത്സാഹമായിരുന്നു. കാലടിയില്‍ പെരിയാറിന് കുറുകെ ശ്രീശങ്കര പാലം പണിയുക എന്ന ജനകീയ ആവശ്യത്തിനും സ്വാമിജി മുന്‍പന്തിയിലുണ്ടായിരുന്നു. ഇന്നത്തെ കാലടിയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ സ്വാമിജിയുടെ ശക്തമായ സാന്നിദ്ധ്യം ഉണ്ടായിരുന്നു. സ്വാമിജിയുടെ സ്മരണയ്ക്കായി ആഗമാനന്ദസ്മാരകസമിതി എല്ലാ വര്‍ഷവും ഹൈന്ദവ വോത്ഥാനത്തിനുവേണ്ടി നിസ്വാര്‍ത്ഥ സേവനമനുഷ്ഠിക്കുന്ന വ്യക്തിക്ക് ആഗമാനന്ദപുരസ്‌കാരം നല്‍കിവരുന്നുണ്ട്.
കാലടി ശ്രീരാമകൃഷ്ണമഠത്തിന്റെ വികസനത്തിന് പിന്നിലെ മറ്റൊരു ശക്തിസ്രോതസ്സായിരുന്നു ഗണാനന്ദസ്വാമികള്‍. 1937ല്‍ ആഗമാനന്ദസ്വാമികള്‍ തറക്കല്ലിട്ട് 1938 ല്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ ഉദ്ഘാടനം ചെയ്തതാണ് ബ്രഹ്മാനന്ദോദയ ഹൈസ്‌കൂളിന്റെ പഴയ കെട്ടിടം. ആശ്രമവും വിദ്യാലയവും ഒരേ കോമ്പൗണ്ടിലാകുക ആശ്രമത്തിന്റെ ശാന്തമായ അന്തരീക്ഷത്തിന് യോജിച്ചതല്ലെന്ന് കണ്ട് ഗണാനന്ദസ്വാമികള്‍ മഠാധിപതിയായിരുന്ന കാലത്ത് ആശ്രമത്തിന് സമീപത്തുതന്നെ റോഡിന്റെ എതിര്‍വശത്തെ സ്ഥലം വാങ്ങി മനോഹരമായ പുതിയ കെട്ടിടം പണിത് വിദ്യാലയം അങ്ങോട്ട് മാറ്റി. കാലടി ശ്രീരാമകൃഷ്ണമഠത്തില്‍ വിശ്വക്ഷേത്രം (Universal Temple)) എന്ന പേരില്‍ ശ്രീരാമകൃഷ്ണ ക്ഷേത്രവും ഓഡിറ്റോറിയവും അദ്ദേഹത്തിന്റെ കാലത്താണ് പണിതീര്‍ത്തത്. ശങ്കര-ശ്രീരാമകൃഷ്ണ ജയന്തിയും അന്തര്യോഗവും കേരളത്തിന്റെ എല്ലാഭാഗത്തുനിന്നും സാധകരെ ആകര്‍ഷിച്ചിരുന്നു. കുറച്ചു കാലമായി പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചിരുന്നെങ്കിലും പുതിയ മഠാധിപതി വിദ്യാനന്ദസ്വാമികളുടെ മേല്‍നോട്ടത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നുവരുന്നത്. ഇക്കഴിഞ്ഞ പ്രളയത്തില്‍ ജനങ്ങള്‍ ദുരിതമനുഭവിച്ചപ്പോള്‍ ലക്ഷക്കണക്കിനു രൂപയുടെ സേവനപ്രവര്‍ത്തനങ്ങളാണ് ശ്രീരാമകൃഷ്ണമഠത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നത്.
കാഞ്ചിമഠം ശങ്കരകീര്‍ത്തിസ്തംഭം
ശ്രീശങ്കര ജന്മഭൂമിയെന്ന നിലയില്‍ കാലടി പ്രസിദ്ധമായതോടെ കാലടിയില്‍ തങ്ങള്‍ക്കും ഒരു സ്ഥാപനം വേണമെന്ന ചിന്ത കാഞ്ചീമഠത്തിനും ഉണ്ടായി. മറ്റുനാലു ശങ്കരമഠങ്ങളും കാഞ്ചിമഠത്തെ ആചാര്യസ്വാമികള്‍ സ്ഥാപിച്ച മഠമായി അംഗീകരിക്കുന്നില്ലെങ്കിലും ഭാരതമൊട്ടാകെ കാഞ്ചീമഠത്തിന് ജനങ്ങളുടെയിടയില്‍ വന്‍ സ്വാധീനമുണ്ട്. നൂറുവയസ്സുവരെ ജീവിച്ചിരുന്ന മഹാപണ്ഡിതനായിരുന്ന കാഞ്ചിപ്പെരിയോറും അദ്ദേഹത്തിന്റെ ശിഷ്യനായ ജയേന്ദ്രസരസ്വതി സ്വാമികളും രാഷ്ട്രമൊട്ടാകെ ആദരിക്കപ്പെടുന്ന വ്യക്തികളായിരുന്നു. ജനങ്ങളുടെയിടയിലേക്ക് ഇറങ്ങിവന്ന് സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നതും പ്രസിദ്ധമായ കാഞ്ചിയിലെ കാമാക്ഷിക്ഷേത്രത്തോടനുബന്ധിച്ചാണ് കാഞ്ചികാമകോടി പീഠം പ്രവര്‍ത്തിക്കുന്നത് എന്നതും ഈ മഠത്തിന്റെ പ്രാധാന്യത്തെ വര്‍ദ്ധിപ്പിക്കുന്നു.
കാലടിയിലെ ശ്രീശങ്കര സ്തൂപംകാലടിയില്‍ ഒരു കേന്ദ്രത്തിന് വേണ്ടിയുള്ള ശ്രമം 1972 മുതല്‍ ആരംഭിച്ചെങ്കിലും കാലടിയുടെ ഹൃദയഭാഗത്ത് എം.സി റോഡരികില്‍ ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തായി 1975 ലാണ് സ്ഥലം ലഭിച്ചത്. സവിശേഷമായ ആദിശങ്കര കീര്‍ത്തിസ്തംഭത്തിന്റെ നിര്‍മ്മാണം 1978 ല്‍ പൂര്‍ത്തിയായി. എട്ടു നിലകളിലായുള്ള കീര്‍ത്തിസ്തംഭം ഇന്ന് കാലടിയിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്. ചുറ്റു കോണുകളിലൂടെ ഓരോ നിലകള്‍ കയറുമ്പോഴും ആദിശങ്കരന്റെ ജീവിതകഥ ചുവരുകളില്‍ കൊത്തിവച്ചിരിക്കുന്നു. താഴത്തെ നിലയില്‍ ദക്ഷിണാമൂര്‍ത്തിയുടെയും മറ്റ് ആറ് നിലകളില്‍ ശങ്കരന്‍ ഷണ്മത സ്ഥാപകന്‍ എന്ന നിലയില്‍ ശിവന്‍, വിഷ്ണു, ശക്തി, ഗണപതി, കുമാരന്‍, സൂര്യന്‍ എന്നിവരുടെയും എട്ടാമത്തെ നിലയില്‍ ആദിശങ്കരഭഗവദ്പാദരുടെയും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. (ശങ്കരന്‍ ഷണ്മത സ്ഥാപകന്‍ എന്നതിന് പൊതു സ്വീകാര്യത ഇല്ല) പ്രധാന പാതക്കരികിലായതിനാല്‍ സദാസമയവും കീര്‍ത്തിസ്തംഭം കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു.
ശ്രീ ശങ്കരാചാര്യരുടെ മാതാവ് നിത്യവും ദര്‍ശനം നടത്തിയിരുന്ന ശ്രീകൃഷ്ണക്ഷേത്രം ജന്മഭൂമിക്ഷേത്രത്തിന് സമീപം തന്നെയാണ്. ശ്രീകൃഷ്ണക്ഷേത്രത്തിനും ജന്മഭൂമിക്ഷേത്രത്തിനും മദ്ധ്യത്തിലാണ് ശ്രീശങ്കരനെ മുതല പിടിച്ച മുതലക്കടവ്. ഇത് വളരെ ഭംഗിയായി സംരക്ഷിച്ചിട്ടുണ്ട്. ശങ്കര ജന്മഭൂമി ക്ഷേത്രത്തില്‍ ശാരദാംബയും ശ്രീ ശങ്കരനുമാണ് പ്രധാന പ്രതിഷ്ഠകള്‍. ശ്രീശങ്കരന്റെ ജീവിതകഥ ഇവിടെ ചിത്രരൂപത്തില്‍ ആലേഖനം ചെയ്തിരിക്കുന്നു.
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല
ശ്രീശങ്കരന്റെ നാമധേയത്തില്‍ ഒരു സര്‍വ്വകലാശാല എന്ന ആശയം ആദ്യം രൂപം കൊണ്ടത് ശ്രീ ആഗമാനന്ദസ്വാമികളുടെ മനസ്സില്‍ ആയിരുന്നു. പക്ഷേ താന്‍ സ്ഥാപിച്ച ശ്രീശങ്കരാ കോളേജുപോലും സാമ്പത്തിക പ്രയാസം മൂലം നടത്തിക്കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. 1970 മുതല്‍ വീണ്ടും കാലടിയില്‍ ഒരു സര്‍വ്വകാലശാല എന്ന ആശയം പല വ്യക്തികളുടെയും സംഘടനകളുടെയും മനസ്സില്‍ മൊട്ടിട്ടു തുടങ്ങി. 1973 ല്‍ ഡോ: പി.കെ. നാരായണപിള്ളയുടെ നേതൃത്വത്തില്‍ ഗവ: സാധ്യതാ പഠനത്തിന് ഒരു കമ്മീഷനെ നിയമിച്ചെങ്കിലും ഒരു ഉന്നത പഠനകേന്ദ്രം എന്നു മാത്രമാണ് കമ്മറ്റി നിര്‍ദ്ദേശിച്ചത്. പിന്നീട് സര്‍വ്വകലാശാല ഒരു സ്വപ്‌നം മാത്രമായി അവശേഷിച്ചു. 1990കളില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവും മുഖ്യമന്ത്രി കെ.കരുണാകരനും ശൃംഗേരി മഠാധിപതി സ്വാമി ഭാരതീതീര്‍ത്ഥയും തമ്മില്‍ ഹൈദരാബാദില്‍ നടന്ന കൂടിക്കാഴ്ചയാണ് സര്‍വ്വകലാശാലയെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള സാധ്യതയൊരുക്കിയത്. അന്ന് രൂപകല്‍പന ചെയ്ത പദ്ധതിയില്‍ ശൃംഗേരി മഠാധിപതിക്കും സുപ്രധാനമായൊരു പങ്ക് ഉണ്ടായിരുന്നു. മുന്‍ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ആര്‍. രാമചന്ദ്രന്‍ നായരെ ഇതിന്റെ നടത്തിപ്പിനായി ഒരു സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചതോടെ സര്‍വ്വകലാശാല നിലവില്‍വന്നു. പ്രാരംഭച്ചെലവുകള്‍ക്കായി ആദ്യഗഡുവായി ശൃംഗേരി മഠം 50 ലക്ഷം രൂപ സംഭാവനയായി നല്‍കി. 1993 ല്‍ സര്‍വ്വകലാശാല പ്രവര്‍ത്തനമാരംഭിച്ചു. 1994ല്‍ പ്രഥമ വൈസ് ചാന്‍സ്‌ലറായി ആര്‍.രാമചന്ദ്രന്‍ നായര്‍ തന്നെ നിയമിതനായി. അക്കാലത്ത് തന്നെ യൂണിവേഴ്‌സിറ്റി ആക്ട് നിലവില്‍ വന്നിരുന്നെങ്കിലും സ്റ്റാറ്റിയൂട്ട് തയ്യാറാക്കാത്തത് പില്‍ക്കാലത്ത് സാങ്കേതികമായി വിനയായിത്തീര്‍ന്നു. സാഹിത്യവും വേദാന്തവുമായിരുന്നു ആദ്യത്തെ പഠനവിഷയങ്ങള്‍. പിന്നീട് പുതിയ കോഴ്‌സുകളോടെ സര്‍വ്വകലാശാല വികസിച്ചു. അക്കാലത്ത് പ്രധാന കോളേജുകളില്‍ നിന്നും സമര്‍ത്ഥരായ നിരവധി അദ്ധ്യാപകര്‍ രാജിവച്ച് സര്‍വ്വകലാശാലയില്‍ അദ്ധ്യാപകരായി ചേര്‍ന്നു. നിര്‍ഭാഗ്യവശാല്‍ 1997ല്‍ കോടതി ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ അദ്ധ്യാപകരെ മുഴുവന്‍ പിരിച്ചുവിട്ടു. അപ്പോഴേക്കും മാറിവന്ന സര്‍ക്കാരിന്റെ താല്‍പര്യങ്ങളും യൂണിവേഴ്‌സിറ്റിയെ ബാധിച്ചു. പിരിച്ച് വിട്ടവരില്‍ കുറെപ്പേരെ പുതിയ ഭരണസമിതി തിരിച്ചെടുത്തു. കുറേപ്പേര്‍ പഴയ ലാവണങ്ങളിലേക്ക് തിരികെപ്പോയി. നിരവധിപേര്‍ തൊഴില്‍രഹിതരായി.
യൂണിവേഴ്‌സിറ്റി നിര്‍വ്വാഹകസമിതിയില്‍ പങ്കുണ്ടായിരിക്കുമെന്ന ധാരണയുണ്ടായിരുന്ന, ആദ്യഘട്ടത്തില്‍ വലിയൊരു തുക സംഭാവന നല്‍കുക കൂടിചെയ്ത ഇന്ത്യയിലെ സംസ്‌കൃത മഹാപണ്ഡിതന്മാരില്‍ ഒരാളായ ശ്രീ ഭാരതീതീര്‍ത്ഥയെ ഒഴിവാക്കിയെന്ന് മാത്രമല്ല ശൃംഗാര സ്വാമി എന്ന് വിളിച്ച് കേരളത്തിലെ മുഖ്യഭരണാധികാരി പരിഹസിക്കുകയുമുണ്ടായി. സംസ്‌കൃതത്തിന് ഒരു സര്‍വ്വകലാശാല എന്ന ആശയം ഉയര്‍ന്നുവന്നപ്പോള്‍ അതിനെതിരെ പ്രവര്‍ത്തിച്ചവരുടെ നിയന്ത്രണത്തിലായി യൂണിവേഴ്‌സിറ്റി.
ശ്രീശങ്കരാചാര്യ സര്‍വ്വകലാശാല ഇന്ന് വികസനത്തിന്റെ പാതയിലാണ്. കാലടിയിലെ മുഖ്യകേന്ദ്രത്തിന് പുറമേ കൊയിലാണ്ടി, പയ്യന്നൂര്‍, തിരൂര്‍, തൃശ്ശൂര്‍, എറ്റുമാനൂര്‍, തുറവൂര്‍, പന്മന, തിരുവനന്തപുരം എന്നീ സ്ഥലങ്ങളില്‍ സര്‍വ്വകലാശാലയുടെ ഉപകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്‌കൃത സാഹിത്യം, വേദാന്തം, ന്യായം, വ്യാകരണം, സംസ്‌കൃതം (ജനറല്‍) ഹിന്ദി, ചരിത്രം, മലയാളം, ഇംഗ്ലീഷ്, വാസ്തുവിദ്യ, തത്വചിന്ത, താരതമ്യപഠനം (ഭാഷയും ഭാഷാശാസ്ത്രവും), സംഗീതം, ജിയോഗ്രഫി, സോഷ്യല്‍വര്‍ക്ക്, സോഷ്യോളജി, മനഃശാസ്ത്രം, വേദപഠനം, തിയേറ്റര്‍, ഭരതനാട്യം, മോഹിനിയാട്ടം, ബി.എഫ്.എ (പെയിന്റിംഗ്, മ്യൂറല്‍ പെയിന്റിംഗ്) തുടങ്ങി വ്യത്യസ്തങ്ങളായ വിഷയങ്ങളില്‍ ഉന്നതപഠനത്തിനും ഗവേഷണത്തിനും യൂണിവേഴ്‌സിറ്റി സൗകര്യങ്ങള്‍ ഒരുക്കുന്നു. നാലുവേദങ്ങളും പ്രഗത്ഭ വേദപണ്ഡിതന്മാരെക്കൊണ്ട് സമ്പൂര്‍ണ്ണമായി രേഖപ്പെടുത്തിവച്ചത് സര്‍വ്വകലാശാലയുടെ ഒരു വലിയനേട്ടമാണ്. അന്തര്‍ദേശീയതലത്തിലും ദേശീയതലത്തിലും പ്രഗത്ഭ പണ്ഡിതന്മാരും അക്കാദമിക വിദഗ്ദ്ധരും പങ്കെടുക്കുന്ന നിരവധി സെമിനാറുകളും പഠനങ്ങളും ചര്‍ച്ചകളും പ്രഭാഷണങ്ങളും സര്‍വ്വകലാശാലയെ ഉന്നത നിലവാരത്തില്‍ എത്തിക്കുന്നു.
ശങ്കരാ സ്‌കൂള്‍ ഓഫ് ഡാന്‍സ്
ശാസ്ത്രീയ നൃത്തത്തിനും സംഗീതത്തിനും പഠനത്തിനും പ്രദര്‍ശനത്തിനും വേദിയൊരുക്കുന്ന ശങ്കര നാമധേയത്തിലുള്ള ഒരു സ്ഥാപനമാണ് ശങ്കരാ സ്‌കൂള്‍ ഓഫ് ഡാന്‍സ്. ശങ്കരാകോളേജ് അദ്ധ്യാപകനായിരുന്ന പീതാംബരനും അദ്ദേഹത്തിന്റെ പത്‌നിയും പ്രസിദ്ധനര്‍ത്തകിയുമായ സുധാ പീതാംബരനും ചേര്‍ന്നാണീ സ്ഥാപനത്തിന്റെ നേതൃത്വം വഹിക്കുന്നത്. ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ദേശീയനിലവാരത്തിലുള്ള ശ്രീശങ്കരാ നൃത്തസംഗീതോത്സവം കാലടിയുടെ സാംസ്‌കാരിക മേഖലയില്‍ വലിയചലനം സൃഷ്ടിച്ചിട്ടുണ്ട്.
ആദിശങ്കര ജന്മഭൂമിയുടെ സര്‍വ്വതോമുഖമായ വളര്‍ച്ചയ്ക്ക് വേണ്ടി ആദി ശങ്കരജന്മഭൂമി വികസന സമിതി എന്ന പേരില്‍ ഒരു സംഘടന പ്രൊഫ. കെ.എസ്.ആര്‍. പണിക്കരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം നടത്തിവരുന്നുണ്ട്. എല്ലാവര്‍ഷവും കീര്‍ത്തിസ്തംഭത്തില്‍ നിന്നാരംഭിച്ച് ശ്രീരാമകൃഷ്ണമഠം, ശൃംഗേരിമഠം, ശ്രീകൃഷ്ണക്ഷേത്രം വഴി മുതലക്കടവില്‍ സമാപിക്കുന്ന ശങ്കരജയന്തി മഹാപരിക്രമണത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തുവരുന്നു.
ആദിശങ്കരനിലയം വെളിയനാട്
ആചാര്യസ്വാമികളുടെ ജന്മഗൃഹം എന്നറിയപ്പെടുന്നത് കാലടിയാണെങ്കിലും അദ്ദേഹത്തിനെ അമ്മ ആര്യാംബ പ്രസവിച്ചത് അമ്മയുടെ വീടായ പിറവത്തിനടുത്ത മേല്‍പ്പാഴൂര്‍ മനക്കലാണെന്ന് വിശ്വസിക്കപ്പെടുന്നു. മക്കത്തായികളായ കേരളത്തിലെ നമ്പൂതിരിമാര്‍ക്ക് പിതൃഗൃഹമാണ് പ്രാധാന്യം എങ്കിലും ആചാര്യസ്വാമികളെപ്പോലെ ഒരു ലോകഗുരുവിന്റെ മാതൃഗൃഹവും പ്രാധാന്യം തന്നെ. കാലടിയിലെ ജന്മഗൃഹം ഇരുന്ന സ്ഥാനം കണ്ടുപിടിക്കാന്‍ ഏറെ ബുദ്ധിമുട്ടിയെങ്കിലും മാതൃഗൃഹമായ മേല്‍പ്പാഴൂര്‍മന ഇന്നും നിലനില്‍ക്കുന്നുവെന്നത് ഒരു ഭാഗ്യം തന്നെയായിരുന്നു. കാലടിയിലെ കൈപ്പിള്ളില്‍ ഇല്ലം അന്യാധീനപ്പെട്ട് കാടുപിടിച്ചുകിടന്നിരുന്ന അവസ്ഥയിലാണ് തിരുവിതാംകൂര്‍ മഹാരാജാവ് കണ്ടെത്തി ശൃംഗേരി മഠത്തിന് നല്‍കിയത്. എന്നാല്‍ മേല്‍പ്പാഴൂര്‍മന പിറവത്തിനടുത്ത് വെളിയനാട് എന്ന സ്ഥലത്ത് ജീര്‍ണ്ണാവസ്ഥയിലെങ്കിലും നിലനിന്നിരുന്നു. സാമ്പത്തികസ്ഥിതി വളരെ മോശമായിരുന്നതിനാല്‍ എട്ടുകെട്ടായ തറവാടും തറവാട്ട് ക്ഷേത്രങ്ങളും നടത്തിക്കൊണ്ടുപോകാന്‍ അപ്പോഴത്തെ അവകാശിയായ ശ്രീശങ്കരന്‍ നമ്പൂതിരിക്ക് പ്രയാസമായി. നല്ല വില തന്നു വാങ്ങിക്കാന്‍ ആളുണ്ടെങ്കിലും ഇതിനെ പൗരാണികത്വം നിലനിര്‍ത്തി സംരക്ഷിക്കാന്‍ തയ്യാറായ ഒരു വ്യക്തിയെ കണ്ടുകിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ കേരളത്തിലെ ചരിത്ര പ്രസിദ്ധങ്ങളായ മനകളും എട്ടുകെട്ടുകളും പതിനാറ് കെട്ടുകളും പൊളിച്ച് വില്‍ക്കുന്ന ദയനീയ കാഴ്ച കേരളീയ സംസ്‌കാരത്തെയും പാരമ്പര്യത്തെയും സ്‌നേഹിക്കുന്നവര്‍ക്ക് വേദനാജനകമായിരുന്ന അനുഭവമായിരുന്നു. കേരളീയ ശില്‍പമാതൃകയുടെ ഉത്തമ മാതൃകകളായിരുന്ന കൊട്ടാരസദൃശങ്ങളായ ഭവനങ്ങള്‍ മിക്കതും പൊളിച്ചു വിറ്റു. ശ്രീശങ്കരന്‍ നമ്പൂതിരിക്ക് തന്റെ പൗരാണിക ഭവനം നിലനിര്‍ത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നതിനാല്‍ മേല്‍പ്പാഴൂര്‍മന സാമ്പത്തിക ക്ലേശങ്ങള്‍ക്കിടയിലും നിലനിന്നു.
ശ്രീ ശങ്കരനും ആധുനിക ശങ്കരനായ ചിന്മയാനന്ദജിയും ഒരേ നാട്ടുകാരായതിനാല്‍ (എറണാകുളത്തുനിന്ന് അധികം ദൂരെയല്ല കാലടിയും, മേല്‍പ്പാഴൂരും) എറണാകുളത്തിനടുത്ത് ശ്രീശങ്കരന്റെ സ്മരണ നിലനിര്‍ത്തുന്നതിനും ശങ്കരന്റെ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിനുമായി ഒരു സ്ഥാപനം തുടങ്ങണമെന്ന ഒരാഗ്രഹം സ്വാമി ചിന്മയാനന്ദന്റെ മനസ്സിലുണ്ടായിരുന്നു. മേല്‍പ്പാഴൂര്‍ മന വില്‍ക്കാനുള്ള വാര്‍ത്തയറിഞ്ഞു സ്വാമി ഈ സ്ഥലം വന്നുകണ്ടതോടെ കുന്നും കാടുകളും നിറഞ്ഞ പഴയതറവാടും കുളപ്പുരമാളികയും ക്ഷേത്രങ്ങളും അടങ്ങിയ രമണീയമായ ഈ സ്ഥലം തന്നെയാണ് തന്റെ സ്വപ്‌നപദ്ധതിക്ക് അനുയോജ്യമായ സ്ഥലമെന്ന് മനസ്സിലാക്കി. അപ്പോഴേക്കും എട്ടുകെട്ട് നാലുകെട്ടായി ചുരുങ്ങിയിരുന്നു. 1996ല്‍ സ്വാമിചിന്മയാനന്ദന്‍ ആദിശങ്കരന്റെ മാതൃഗൃഹമായ മേല്‍പ്പാഴൂര്‍മന ഏറ്റെടുത്തു. നാലുകെട്ട് അതിന്റെ രൂപഭാവങ്ങള്‍ക്ക് മാറ്റം വരാതെ സംരക്ഷിക്കുകയായിരുന്നു മിഷന്‍ ചെയ്ത ആദ്യപ്രവൃത്തി. വിശാലമായ നടുമുറ്റത്തിന്റെ വടക്ക് വശത്ത് തേവാരപ്പുര (അഗ്നിഹോത്രവും ഹോമങ്ങള്‍ നടത്താനുമുള്ളത്), പടിഞ്ഞാറുഭാഗത്ത് നിലവറ, ധാന്യങ്ങള്‍ സൂക്ഷിക്കാനുള്ള മുറികള്‍, തെക്ക് ഭാഗത്ത് കുടുംബാംഗങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന് പരിപാടികള്‍ നടത്താനുള്ള തെക്കിനി, കിഴക്ക് ഭാഗത്ത് അടുക്കളയും കിണറും അതിനടുത്ത് ആചാര്യസ്വാമികള്‍ക്ക് ജന്മംനല്‍കിയ മുറിയും ഇങ്ങിനെയായിരുന്നു നാലുകെട്ടിന്റെ സംവിധാനം. ആചാര്യസ്വാമികള്‍ ജനിച്ചമുറിയില്‍ അദ്ദേഹത്തിന്റെ വിഗ്രഹവും അഖണ്ഡജ്യോതിയും പിന്നീട് സ്ഥാപിച്ചു. പുറത്ത് കുളപ്പുരമാളികയും കുളവും അതിന്റെ തനിമ വിട്ടുപോകാതെ സംരക്ഷിച്ചിരിക്കുന്നു.
മനയോടനുബന്ധിച്ചുള്ള അയ്യപ്പക്ഷേത്രം സ്വയംഭൂ ആണെന്നാണ് വിശ്വാസം. ഒരിക്കല്‍ ഒരു ജോലിക്കാരി പുല്ലരിയാന്‍ പോയപ്പോള്‍ കാട്ടിലെ ശിലയില്‍ അരിവാളിന് മൂര്‍ച്ച കൂട്ടിയപ്പോള്‍ ശിലയില്‍നിന്ന് രക്തം വന്നെന്നും ഇതുകണ്ട ജോലിക്കാരി മനയ്ക്കല്‍ അറിയിച്ചെന്നുമാണ് കഥ. ഇത്തരം കഥ ചോറ്റാനിക്കര ഉള്‍പ്പെടെ പല ക്ഷേത്രങ്ങളെപ്പറ്റിയും പ്രചാരത്തിലുണ്ട്. മനയ്ക്കലെ മുതിര്‍ന്ന സ്ത്രീ ഒരു അയ്യപ്പഭക്തയായിരുന്നു. പ്രായം ചെന്നതോടെ 2 കീ.മി നടന്ന് അടുത്ത അയ്യപ്പക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അവര്‍ക്ക് വയ്യാതായി. പ്രശ്‌നവിധിപ്രകാരം കണ്ടെടുത്ത സ്വയംഭൂ വിഗ്രഹം പ്രതിഷ്ഠിച്ച് അയ്യപ്പന്റെ ക്ഷേത്രം പണിത് ആരാധന തുടങ്ങി. തമ്പുരാട്ടി ദര്‍ശനം നടത്തിയിരുന്ന വടയമ്പറമ്പ് അയ്യപ്പക്ഷേത്രം ഇന്ന് നിലവിലില്ല. ശ്രീകൃഷ്ണന്റെയും ശ്രീരാമന്റെയും വേട്ടക്കൊരുമകന്റെയും ദേവിയുടെയും നാഗയക്ഷിയുടെ ക്ഷേത്രങ്ങളും ഈ മനയോടനുബന്ധിച്ചുണ്ട്. ഇത്രയും ഭാഗങ്ങള്‍ വളരെ മനോഹരമായി സംരക്ഷിച്ചിട്ടുണ്ട്. മനയ്ക്കകത്ത് ചുവര്‍ചിത്രങ്ങളും വരച്ച് മനോഹരമാക്കിയിട്ടുണ്ട്.
കേന്ദ്ര ഗവണ്‍മെന്റിന്റെ രാഷ്ട്രീയ സംസ്‌കൃത സംസ്ഥാനിന്റെ കീഴിലുഉള്ള ശോധാ സംസ്ഥാന്‍ എന്ന ഗവേഷണ പഠന കേന്ദ്രം എം.ജി. യൂണിവേഴ്‌സിറ്റിയുടെയും ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെയും പഠനഗവേഷണ കേന്ദ്രമാണ്. അത്യപൂര്‍വ്വങ്ങളായ 25000 ഓളം പുസ്തകങ്ങള്‍ ഉള്ള ഗ്രന്ഥശാലയും, താളിയോലവിഭാഗം ഡിജിറ്റലൈസ് ചെയ്തു സൂക്ഷിച്ചതും ഈ ഗവേഷണ കേന്ദ്രത്തിന്റെ സവിശേഷതയാണ്. വിവിധ അക്കാദമിക വിഷയങ്ങളെപ്പറ്റിയുള്ള പഠനശിബിരങ്ങളും ക്യാമ്പുകളും സെമിനാറുകളും ഭാരതത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും ജിജ്ഞാസുക്കളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു സെമിനാറുകള്‍ക്കുള്ള വിശാലമായ ഹാളുകളും നൂറുകണക്കിന് പേര്‍ക്ക് താമസിക്കാനുള്ള സൗകര്യപ്രദമായ മുറികളും ഇവിടെ ഉണ്ട്. ആധുനിക പാശ്ചാത്യ വീക്ഷണവും ഭാരതത്തിന്റെ പാരമ്പര്യ അറിവുകളും ഇവിടെ യോജിക്കുന്നു.
ഈ ഗവേഷണപഠന കേന്ദ്രത്തിന്റെ ചെയര്‍മാന്‍ പ്രസിദ്ധ സംസ്‌കൃതപണ്ഡിതനും കേന്ദ്രഗവണ്‍മെന്റിന്റെ സംസ്‌കൃത പണ്ഡിതന്മാര്‍ക്കുള്ള അവാര്‍ഡ് നേടിയ ആളുമായ ഡോ: ഗംഗാധരന്‍ നായര്‍ ആണ്. മഹാഭാഷ്യം ഉള്‍പ്പടെ മുപ്പതോളം മഹദ് ഗ്രന്ഥങ്ങള്‍ സംസ്ഥാനില്‍ നിന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടെ ഒരു റിസര്‍ച്ച് ജേര്‍ണലും പ്രസിദ്ധീകരിച്ചുവരുന്നു.
ചിന്മയാ ഇന്റര്‍നാഷണല്‍ സെന്ററിന്റെ (ഇകഎ) കീഴില്‍ അഖിലേന്ത്യാ നിലവാരത്തിലുള്ള, വിവിധ ആദ്ധ്യാത്മിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള വര്‍ക്ക്‌ഷോപ്പുകളും ധ്യാനശിബിരങ്ങളും ഇവിടെ നടന്നു വരുന്നുണ്ട്. സംസ്‌കൃതം, യോഗ, ഗീത, ഉപനിഷത്ത് എന്നിവയെ ആസ്പദമാക്കിയുള്ള പഠനശിബിരങ്ങളാണ് മുഖ്യമായും നടന്നുവരുന്നത്. മുഴുവന്‍ സമയം സനാതനധര്‍മ്മത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള ബ്രഹ്മചാരികളെ വാര്‍ത്തെടുക്കാനുള്ള രണ്ടുവര്‍ഷത്തെ വേദാന്ത പഠന ക്ലാസ്സുകളും (മലയാളത്തില്‍) ഫൗണ്ടേഷന്റെ പ്രത്യേകതയാണ്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു പരിശീലന പരിപാടി നടന്നുവരുന്നുണ്ട്. ഗഹനങ്ങളായ നിരവധി ഗ്രന്ഥങ്ങളും ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ചുവരുന്നു. പണ്ഡിതന്മാരായ രണ്ടു സന്യാസി ശ്രേഷ്ഠന്മാരാണ് ഫൗണ്ടേഷന്റെ ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സ്വാമി അദ്വൈയാനന്ദയും സ്വാമി ശാരദാനന്ദയും. സ്വാമി ശാരദാനന്ദ ഇംഗ്ലീഷിലും മലയാളത്തിലും യജ്ഞങ്ങള്‍ നടത്തിവരുന്നു. ഗീതയിലെന്നപോലെ ദേവീമഹാത്മ്യത്തെ ആസ്പദമാക്കിയും സ്വാമി ശാരദാനന്ദ ക്ലാസ്സുകള്‍ നടത്തിവരുന്നു. ബ്രഹ്മചാരിമാരായ സാഗര്‍ ചൈതന്യ, ചിരന്തന്‍ ചൈതന്യ, സുന്ദര്‍ ചൈതന്യ, സുധീര്‍ ചൈതന്യ എന്നിവരും ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സംപൂജ്യ സ്വാമിമാരോടൊപ്പം പ്രവര്‍ത്തിക്കുന്നു. മിഷന്റെ കവാടത്തിനടുത്ത് തന്നെ വിവിധഭാഷകളിലുള്ള ഗ്രന്ഥങ്ങളും ഡി.വി.ഡികളും വില്പനക്ക് വച്ചിട്ടുള്ള മനോഹരമായ ഒരു ബുക്ക് സ്റ്റാളും പ്രവര്‍ത്തിച്ചുവരുന്നു. നഗരത്തിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞു കയറിച്ചെല്ലുമ്പോള്‍ത്തന്നെ ഒരാശ്രമത്തിന്റെ വിശുദ്ധിയും ശാന്തിയും അനുഭവപ്പെടുന്ന ആദിശങ്കരനിലയവും ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും ചിന്മയാമിഷന്റെ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങളിലൊന്നാണ്.
ആധുനിക വിദ്യാഭ്യാസത്തിലൂടെ ഭാരതീയ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നത് ചിന്മയാമിഷന്റെ മുഖ്യലക്ഷ്യങ്ങളിലൊന്നാണ്. ലോകമെങ്ങും പ്രവര്‍ത്തിക്കുന്ന ചിന്മയാവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാണ് എന്നതിലുമുപരി ഭാരതീയമൂല്യങ്ങളില്‍ അധിഷ്ഠിതമായ ജീവിതവീക്ഷണം പുതുതലമുറയില്‍ വളര്‍ത്തിയെടുക്കാനുള്ള കേന്ദ്രങ്ങള്‍ കൂടിയാണ്. സ്വാമി ചിന്മയാനന്ദജിയുടെ ഒരു വിദ്യാഭ്യാസ സങ്കല്‍പം കൂടി അദ്ദേഹത്തിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ പൂവണിഞ്ഞു. ഭാരതീയ വൈജ്ഞാനിക പാരമ്പര്യവും ആധുനിക വിജ്ഞാനവും സമന്വയിപ്പിക്കുന്ന വേദിയാണ് ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനില്‍ ആരംഭിച്ചിട്ടുള്ള ചിന്മയാ വിശ്വവിദ്യാപീഠം എന്ന ഡീംഡ് യൂണിവേഴ്‌സിറ്റി. ആധുനിക വിദ്യാഭ്യാസത്തോടൊപ്പം ഭാരതീയസംസ്‌കൃതിയുടെ അടിസ്ഥാന തത്ത്വങ്ങള്‍ കൂടി ഉള്‍പ്പെടുന്ന ഒരു സിലബസാണ് ഇവിടെ പിന്തുടരുന്നത്. അദ്വൈതവേദാന്തത്തിലും വ്യാകരണത്തിലും ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍, എല്‍.എല്‍.എം (വിദേശവ്യാപാരം), എല്‍.എല്‍.എം (ലീഗല്‍ തിയറി), വാണിജ്യശാസ്ത്രത്തില്‍ ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍, മനഃശാസ്ത്രത്തില്‍ ബിരുദം, നാലുവര്‍ഷത്തെ അദ്ധ്യാപനം ഉള്‍പ്പടെയുള്ള ബിരുദം, ബി.ബി.എ ഗവേഷണ കോഴ്‌സുകള്‍ തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന കോഴ്‌സുകള്‍ ഈ കാമ്പസില്‍ നടന്നുവരുന്നു. ഭാവിയില്‍ ആധുനിക ശാസ്ത്രവിഷയങ്ങള്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലും വിദ്യാപീഠത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഡോ:ഗൗരി മഹൂലിക്കര്‍ ആണ് സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ്. ഡോ: ബി. അശോക് ഐ.എ.എസ് രജിസ്ട്രാറും സൗമ്യ എസ്. അസി. രജിസ്ട്രാറും. ആധുനിക കാലഘട്ടത്തിന്റെ ഒരു അടിയന്തിര ആവശ്യമായ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്ന ചിന്മയാ വിശ്വവിദ്യാപീഠം രാഷ്ട്രപുനര്‍നിര്‍മ്മാണത്തില്‍ വലിയ പങ്ക് വഹിക്കുമെന്നതില്‍ സംശയമില്ല.
സ്വര്‍ണ്ണത്തുമന കനകധാരാമണ്ഡപം മഹാലക്ഷ്മി ക്ഷേത്രം
ആചാര്യസ്വാമികളുടെ പാദസ്പര്‍ശം കൊണ്ടും അനുഗ്രഹം കൊണ്ടും പ്രസിദ്ധമായ മറ്റൊരു സങ്കേതമാണ് ആലുവാ കോലഞ്ചേരി റോഡില്‍ പഴത്തോട്ടത്തിനടുത്ത പുന്നോര്‍ക്കോട് എന്ന ഉള്‍നാടന്‍ഗ്രാമവും അവിടുത്തെ പ്രസിദ്ധമായ സ്വര്‍ണ്ണത്തുമനയും. ബാലനായ ശ്രീശങ്കരന്‍ ഒരിക്കല്‍ ഭിക്ഷ യാചിച്ച് പുന്നോര്‍ക്കോട്ടെ ഒരു ബ്രാഹ്മണഗൃഹത്തില്‍ ചെന്നു. പക്ഷേ ആ ബാലന് നല്‍കാന്‍ ദാരിദ്ര്യം കൊണ്ട് കഷ്ടപ്പെട്ട ആ ഇല്ലത്ത് ഒന്നുമില്ലായിരുന്നു. ദു:ഖിതയായ അവിടുത്തെ അന്തര്‍ജനം ഉപ്പിലിട്ട പാത്രത്തില്‍ അവശേഷിച്ചിരുന്ന ഏക നെല്ലിക്ക ബാലന് ഭിക്ഷയായി നല്‍കി. ബാലശങ്കരന്‍ ഇല്ലത്തെ ദാരിദ്ര്യം കണ്ട് ദു:ഖിതനായി മഹാലക്ഷ്മിയെ സ്തുതിച്ചുകൊണ്ട് കനകധാരാസ്‌തോത്രം രചിച്ച് ചൊല്ലുകയും ലക്ഷ്മീദേവി പ്രത്യക്ഷപ്പെട്ട് സ്വര്‍ണ്ണനെല്ലിക്കകള്‍ വര്‍ഷിച്ച് ദാരിദ്ര്യമോചനം നല്‍കുകയും ചെയ്തുവെന്നാണ് വിശ്വാസം. ഈ മന പിന്നീട് സ്വര്‍ണ്ണത്തുമന എന്ന പേരില്‍ പ്രത്യക്ഷമായിത്തീര്‍ന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂസ്വത്തുക്കളും ക്ഷേത്രങ്ങളും അധികാരങ്ങളുമുള്ള പ്രസിദ്ധമായ ഒന്നായിരുന്നു പില്‍ക്കാലത്തെ സ്വര്‍ണ്ണത്തുമന. കാലത്തിന്റെ പരിണാമത്തില്‍ ഭൂസ്വത്തുക്കളും മറ്റും നഷ്ടപ്പെട്ടെങ്കിലും ഗതകാലപ്രതാപത്തിന്റെ മഹത്വം വിളിച്ചോതി കൊണ്ട് പ്രൗഢമായ പന്ത്രണ്ട് കെട്ടോടെ ഇന്ന് സ്വര്‍ണ്ണത്തുമന നിലനില്‍ക്കുന്നു. പന്ത്രണ്ട് കെട്ട് രണ്ടുനില മാളികയാണ്. അതിഥികള്‍ക്കുള്ള മാളിക രണ്ടാമത്തെ നിലയുമായി ബന്ധിപ്പിച്ചിരിക്കുന്നു. നിലവറകള്‍, തേവാരപ്പുര, വിശാലമായ തെക്കിനി, പൂമുഖം, കുടുംബാംഗങ്ങള്‍ക്കും ജോലിക്കാര്‍ക്കും വിശേഷ അവസരങ്ങളിലേയ്ക്ക് പാചക ഭോജനശാലകള്‍, നെല്ലറകള്‍, നെല്ലുകുത്തുപുരകള്‍, വൈദിക ചടങ്ങുകള്‍ക്കും വിവാഹാവശ്യങ്ങള്‍ക്കും ഉള്ള മുറികള്‍ തുടങ്ങി എറണാകുളം ജില്ലയില്‍ അവശേഷിച്ചിട്ടുള്ള ഏറ്റവും ബൃഹത്തായ ഗൃഹനിര്‍മ്മിതി ഇതാണെന്ന് കരുതാം (പാലിയം കൊട്ടാരത്തെ ഒഴിവാക്കി). ഇപ്പോഴത്തെ സ്വര്‍ണ്ണത്തെ കാരണവരായ സ്വര്‍ണ്ണത്ത് നാരായണന്‍ നമ്പൂതിരിയാണ് ഇവിടെ താമസിച്ചിരുന്നത്. അദ്ദേഹവും പുതിയ വീട് വച്ച് മാറിയതോടെ ഈ പന്ത്രണ്ട് കെട്ടും ഇന്ന് അനാഥമാണ്. ഭാരിച്ച തുക ചെലവ് ചെയ്ത് ഇത് സംരക്ഷിക്കുക അടുത്ത തലമുറയ്ക്ക് അസാദ്ധ്യമാവുമെന്നതിനാല്‍ ഈ പൈതൃകകേന്ദ്രം സംരക്ഷിക്കേണ്ടതില്‍ സര്‍ക്കാരിന്റെ സഹായം ഉണ്ടാവേണ്ടതാണ്.
ലക്ഷ്മീദേവി പ്രത്യക്ഷയായി ശ്രീശങ്കരന്റെ പ്രാര്‍ത്ഥനയാല്‍ അനുഗ്രഹിച്ച സ്ഥലമാണെന്ന വിശ്വാസം നിലനില്‍ക്കുമ്പോഴും ശങ്കരസ്മരണയോ, ലക്ഷ്മീ സ്മരണയോ നിലനിര്‍ത്തുന്ന ഒരു സ്ഥാപനവും ഇവിടെ ഉണ്ടായിട്ടില്ല. ജനങ്ങള്‍ അക്കാര്യം ചിന്തിച്ചിട്ടും ഇല്ല.
ബോംബെ ഛെദ്ദ നഗറില്‍ മുരുകക്ഷേത്രത്തില്‍ വച്ച് വര്‍ഷം തോറും നവരാത്രിക്കാലത്ത് നവചണ്ഡികാഹോമം നടത്തിവരാറുള്ളതിന്റെ മുഖ്യസംഘാടകരില്‍ ഒരാള്‍ മലയാളിയായ എസ്.കെ. ബാലസുബ്രഹ്മണ്യമാണ്. അവിടെ വച്ച് മറ്റൊരു മലയാളിയായ രാജപ്പന്‍നായര്‍ യജ്ഞവേദിയിലെ കനകധാര ചൊരിയുന്ന ലക്ഷ്മിയുടെ ചിത്രം കണ്ട് ഈ സംഭവം നടന്നത് തന്റെ നാടിനടുത്ത് പുന്നോര്‍ക്കോട്ട് എന്ന സ്ഥലത്താണ് എന്ന് പറഞ്ഞപ്പോള്‍ ബാലസുബ്രഹ്മണ്യത്തിന് അതൊരു പുതിയ അറിവായിരുന്നു. രാജപ്പന്‍ നായര്‍ നാട്ടിലേക്ക് പലതവണ ക്ഷണിച്ചെങ്കിലും യാത്ര സൗകര്യപ്പെട്ടില്ല. മഹാലക്ഷ്മിയുടെ ദിവ്യമായ ഇച്ഛയുടെ പൂര്‍ത്തീകരണം എന്ന് തോന്നുമാറ് ഒരു ദിവസം ബാലസുബ്രഹ്മണ്യം ഈ മനയോട് ചേര്‍ന്ന് മനവകയായി കുറച്ച് സ്ഥലം വാങ്ങാന്‍ രാജപ്പന്‍നായരോട് ആവശ്യപ്പെട്ടു. ഇത് ഒരു ദൈവികനിയോഗത്തിന്റെ തുടക്കമായിരുന്നു. ആദ്യം നാല്‍പതും പിന്നെ ഇരുപതും സെന്റ് സ്ഥലം സ്വര്‍ണ്ണത്തുമനക്കല്‍ നിന്ന് ഇതിന് വേണ്ടി രൂപീകൃതമായ ട്രസ്റ്റിന്റെ പേരില്‍ വാങ്ങി. പക്ഷേ അഞ്ചുവര്‍ഷത്തേയ്ക്ക് യാതൊന്നും സംഭവിച്ചില്ല. ട്രസ്റ്റ് അംഗങ്ങള്‍ പലരും പ്രവര്‍ത്തനപുരോഗതിയില്ലാത്തതിനാല്‍ രാജിവച്ചുപോയി. സത്യനാഥന്‍ എന്നൊരാള്‍ കൂടി ചേര്‍ന്നതോടെ മുഖ്യധാരയില്‍ മൂന്നുപേരായി. ഇവര്‍ മൂന്നുപേരും ധൈര്യപൂര്‍വ്വം ഉറച്ചുനിന്ന് വീണ്ടും ഒരു ട്രസ്റ്റിന് രൂപംനല്‍കി. തുടര്‍ന്ന് നടന്ന അഷ്ടമംഗല്യ പ്രശ്‌നത്തില്‍ മഹാലക്ഷ്മി അനുഗ്രഹവും ഐശ്വര്യവും ചൊരിയുന്നുണ്ടെന്നും തടസ്സങ്ങള്‍ മാറ്റി പണി അതിവേഗം പൂര്‍ത്തിയാകുമെന്നും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ എത്തിച്ചേരുമെന്നും കണ്ടു. 2007 മെയ് 23നാണ് അഷ്ടമംഗല പ്രശ്‌നവിധിനടന്നത്. തുടര്‍ന്ന് 2008 ഒക്‌ടോബര്‍ 31ന് മഹാലക്ഷ്മി ക്ഷേത്രസമുച്ചയത്തിന് ശിലാന്യാസം നടന്നു. പ്രസിഡന്റ് സ്വര്‍ണ്ണത്ത് മനക്കല്‍ നാരായണന്‍ നമ്പൂതിരിയോടും തന്ത്രി പുലിയന്നൂര്‍ മുരളിനാരായണന്‍ നമ്പൂതിരിയോടും ഒപ്പം ശ്രീശങ്കരനാരായണയ്യര്‍, സ്ത്രീ പ്രതിനിധിയായി ഡോ.എം.ലീലാവതി, നാടിന്റെ പ്രതിനിധിയായ അഡൈ്വസറി ബോര്‍ഡംഗം പി.കെ. രവീന്ദ്രനാഥ്, സ്ഥപതി ദേവനന്ദന്‍ ആശാരി, ഹരിജന്‍ പ്രതിനിധി കുഞ്ഞപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് ശിലാന്യാസം നടത്തിയത്. ബഹുജനപ്രാതിനിധ്യത്തോടെയുള്ള ശിലാന്യാസം കേരളത്തില്‍ ആദ്യമാകാം. തറക്കല്ലിട്ടത് ക്ഷേത്ര സമുച്ചയത്തിനായിരുന്നെങ്കിലും ഗോപുരത്തിന്റെ പണിയാണ് ആദ്യം പൂര്‍ത്തിയാക്കിയത്. വാസ്തവത്തില്‍ ഇതൊരു ഗോപുരം മാത്രമല്ല ശങ്കരധ്യാനകേന്ദ്രം, ഓഫീസ്, സെക്യൂരിറ്റി മുറികള്‍, സ്റ്റോര്‍, കിടപ്പു മുറി, പൊതുശുചിമുറി തുടങ്ങിയ സൗകര്യങ്ങളോട് കൂടിയ ഒരു കെട്ടിട സമുച്ചയമാണ്. 2013 ഡിസംബറില്‍ 1.3 കോടി രൂപ ചെലവാക്കി ഇതിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായി.
ശ്രീമഹാലക്ഷ്മി, ശ്രീമഹാഗണപതി, ശ്രീമദ് ശങ്കരാചാര്യസ്വാമികള്‍ എന്നിവരുടെ പ്രതിഷ്ഠകളോടുകൂടിയുള്ള മൂന്നു ശ്രീകോവില്‍ പൂര്‍ത്തിയാക്കി. 2018 മാര്‍ച്ച് 2, 3, 4 തീയതികളില്‍ പ്രസിദ്ധ സംസ്‌കൃതപണ്ഡിതനും മൈലാപ്പൂര്‍ സംസ്‌കൃതകോളേജ് അദ്ധ്യാപകനും ആഗമ ശാസ്ത്രങ്ങളില്‍ ആചാര്യനുമായ ഡോ. മൈലാപ്പൂര്‍ ശേഷാദ്രിനാഥ ശാസ്ത്രികളുടെ നേതൃത്വത്തിലാണ് പ്രതിഷ്ഠയും കുംഭാഭിഷേകവും മറ്റു ചടങ്ങുകളും നടന്നത്. ഒരു കോടി രൂപയോളം ഇതിന് ചെലവ് വന്നു.
അടുത്തഘട്ടം ജോലിക്കാര്‍ക്കുള്ള താമസസൗകര്യം, ഗസ്റ്റ്ഹൗസ്, ലൈബ്രറി, യോഗ, സംസ്‌കൃതം, വേദം ഇവ പഠിപ്പിക്കാനുള്ള സൗകര്യങ്ങള്‍, അന്നദാനത്തിനും പ്രഭാഷണങ്ങള്‍ക്കുമായുള്ള ഹാള്‍ എന്നിവ പൂര്‍ത്തിയാക്കണം. അഞ്ച് കോടി രൂപയോളം ഇതിന് ചെലവ് പ്രതിക്ഷിക്കുന്നു. കൂടുതല്‍ സ്ഥലം വാങ്ങി അനാഥ ശിശുക്കള്‍ക്കായി ബാലാശ്രമം, വൃദ്ധമന്ദിരം, ഗവേഷണസൗകര്യങ്ങള്‍ എന്നിവ കൂടി പൂര്‍ത്തീകരിക്കുമ്പോഴേ സംഘാടകരുടെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടൂ.