‘ആയിരം എലികളെ കൊന്നതിനു ശേഷം പൂച്ച ഹജ്ജിനു പോയി’ എന്ന ഉത്തരേന്ത്യന്‍ നാടന്‍ മൊഴികൊണ്ട് വിശേഷിപ്പിക്കാവുന്ന തരത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ‘ഭാരത് ജോഡോ ന്യായ് യാത്ര’. സാധാരണ ജനങ്ങള്‍ക്ക് പൊതുവെയും, ഹൈന്ദവ ജനതയ്ക്ക് വിശേഷിച്ചും, അനീതിയുടെയും അവഹേളനത്തിന്റെയും അരികുവത്കരണത്തിന്റെയും അവസര നിഷേധത്തിന്റേതുമായ അരശതാബ്ദത്തിലൂടെയാണ് നെഹ്രു കുടുംബത്തിന്റെ ദുര്‍ഭരണം കാരണം ഭാരതം കടന്നുപോയത്. അടിയന്തിരാവസ്ഥവരെ ഉള്‍പ്പെട്ട ആ കെട്ട കാലം ഇനി ആവര്‍ത്തിക്കരുതെന്ന് നിശ്ചയിച്ച് 2014ല്‍ യഥാര്‍ത്ഥ ജനാധിപത്യം സാര്‍ത്ഥകമാക്കിയ ജനസമൂഹത്തിന്റെ മുമ്പില്‍ തെക്കു വടക്കോ കിഴക്കു പടിഞ്ഞാറോ ഓടി നടന്നതുകൊണ്ടൊന്നും നഷ്ടപ്പെട്ട അധികാര കസേരയിലേക്ക് തിരിച്ചു വരാനാവില്ലായെന്ന് ബോദ്ധ്യമായ രാഹുല്‍ യാത്രയ്ക്കിടയില്‍ നിന്ന് ഓടിയൊളിക്കാന്‍ കണ്ട വഴിയാണ് വിചിത്രം! ഇംഗ്ലണ്ടിലേക്ക് ഒരു യാത്ര! അങ്ങോട്ട് വെറുതെയങ്ങ് പതിവു ശൈലിയില്‍ മുങ്ങിയാല്‍ അതിന് ഒരു ‘ഗുമ്മില്ലെന്ന്’ ആരോ പറഞ്ഞുകൊടുത്തുകാണും. അപ്പോള്‍ ഉണ്ടായ ആലോചനയ്ക്ക് പരിഹാരവുമായി കോണ്‍ഗ്രസ്സ് മീഡിയാ വിഭാഗം തലവന്‍ ജയറാം രമേശാണ് എത്തിയത്. കോണ്‍ഗ്രസ്സിന്റെ ‘അന്ത്യക്കൂദാശയ്ക്ക്’ അരങ്ങൊരുക്കുകയാണെന്ന് പാര്‍ട്ടിയെ ഇപ്പോഴും സ്‌നേഹിക്കുന്നവര്‍ ആരോപിക്കുകയും പാര്‍ട്ടിയുടെ ശവപ്പെട്ടിയുടെ അവസാനത്തെ ആണിയും അടിക്കാന്‍ നോക്കിയിരിക്കുന്നവര്‍ കണക്കാക്കുകയും ചെയ്യുന്ന, രണ്‍ദീപ് സിംഗ് സുര്‍ജേവാലയും കെ.സി.വേണുഗോപാലും ജയറാം രമേശും അടങ്ങുന്ന, ‘ആര്‍.വി.ജി’ എന്ന മൂവര്‍സംഘത്തിലെ പ്രമുഖനാണ് അദ്ദേഹം. ആ ജയറാം രമേശാണ് രാഹുല്‍ യാത്ര ഇട്ടെറിഞ്ഞിട്ട് ഇംഗ്ലണ്ടിലേക്ക് പോകുന്നുയെന്ന് ഫെബ്രുവരി 21ന് ‘വിളംബരം’ ചെയ്തത്. അതിന് ഒരു കാരണവും വിശദീകരിച്ചു. ഒരു വര്‍ഷം മുമ്പ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി(യുകെ)ക്ഷണിച്ചിരുന്നതിനാല്‍ പ്രശസ്തമായ ആ സ്ഥാപനത്തില്‍ ഫെബ്രുവരി 27നും 28നും രണ്ട് പ്രസംഗങ്ങള്‍ നടത്താനാണ് രാഹുലിന്റെ യാത്രയെന്നായിരുന്നു ജയറാം രമേശിന്റെ വിശദീകരണം.
ഭാരതത്തില്‍ പരാജയപ്പെട്ട രാഷ്ട്രീയ നേതാവായ രാഹുലിനെ എന്തിനാണ് പ്രശസ്തമായ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രഭാഷണങ്ങള്‍ നടത്താന്‍ ക്ഷണിച്ചിരിക്കുന്നതെന്ന ഒരു സംശയം ബൗദ്ധിക മേഖലയില്‍ സ്വാഭാവികമായും ഉയര്‍ന്നു. കൂടുതല്‍ വിവരങ്ങളറിയാന്‍ അവരില്‍ ചിലര്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി അത്തരം പരിപാടികളുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ നല്‍കാറുള്ള സന്ദേശങ്ങളുടെ ഇടയില്‍ പരതി. അവിടെ പല പ്രഭാഷണങ്ങളുടെയും മറ്റും വിവരങ്ങള്‍ നല്‍കിയിട്ടുണ്ടായിരുന്നെങ്കിലും ഫെബ്രുവരി 27നോ 28നോ ഒന്നും രാഹുല്‍ അവിടെ എത്തുന്നതായോ പ്രഭാഷണം നടത്തുന്നതായോ സൂചിപ്പിച്ചിട്ടില്ലായെന്ന് കണ്ടെത്തി. യഥാര്‍ത്ഥത്തില്‍ രാഹുല്‍ ഗാന്ധിയെ കുറിച്ചൊരു പരാമര്‍ശം ആ യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റില്‍ അവസാനമായി കണ്ടത് 2022ലായിരുന്നെന്ന് ശ്രദ്ധയില്‍ പെട്ടു. 2023 ഫെബ്രുവരിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ഒരു പരിപാടിയുടെ സന്ദേശം കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ജഡ്ജ് സ്‌കൂള്‍ ഓഫ് ബിസിനസ്സ് നല്‍കിയതും ശ്രദ്ധയിലെത്തി. പക്ഷേ 2024 ഫെബ്രുവരിയില്‍ രാഹുലിന്റെ ഏതെങ്കിലും പരിപാടി യൂണിവേഴ്‌സിറ്റി നടത്തുന്നതായി കണ്ടില്ല. അതോടെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെയോ അനുബന്ധ സ്ഥാപനങ്ങളുടെയോ ക്ഷണമനുസരിച്ചായിരുന്നില്ല രാഹുലിന്റെ യാത്രയെന്ന സംശയം ബലപ്പെട്ടു.
പക്ഷേ, രാഹുല്‍ ബ്രിഗേഡിന് കള്ള പ്രചാരണം നടത്താനുള്ള അമിതോത്സാഹത്തിന് ഒരു കുറവുമുണ്ടായില്ല. ഫെബ്രുവരി 27ന് അവരിലൊരാള്‍ സുരക്ഷയുടെ പേരിലുള്ള തടസ്സങ്ങളൊന്നുമില്ലാതെ സ്വതന്ത്രനായി രാഹുല്‍, യൂണിവേഴ്‌സിറ്റി ക്യാമ്പസ്സില്‍ സാം പിത്രോദയോടും കോണ്‍ഗ്രസ്സ് പക്ഷ മാധ്യമ പ്രവര്‍ത്തക ശ്രുതി കപിലയോടും ഒപ്പം നടന്നു വരുന്ന ചിത്രവും കൂടി എടുത്തുകാട്ടി ട്വിറ്റര്‍ സന്ദേശം നല്‍കി. ഫെബ്രുവരി 29ന് മറ്റൊരു ഭക്തന്‍, രാഹുല്‍ ഒരു പ്രസംഗപീഠത്തിനു പിന്നില്‍ നില്‍ക്കുന്ന ചിത്രം കൊടുത്തിട്ട് ‘രാഹുല്‍ ഗാന്ധിയുടെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ആദ്യ ചിത്രം’ എന്ന അടിക്കുറിപ്പും നല്‍കി. അതോടൊപ്പം ‘പുതിയ പ്രൊഫസ്സര്‍ പട്ടണത്തിലെത്തിയിരിക്കുന്നു’ എന്നെഴുതി ആവേശം പ്രകടിപ്പിക്കുകയും ചെയ്തു.
സാമൂഹികമാധ്യമങ്ങളിലെ അന്വേഷണകുതുകികള്‍ ആ ചിത്രം കണ്ട് ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്താല്‍ കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അത് യൂണിവേഴ്‌സിറ്റിയിലെ ജീസ്സസ്സ് കോളേജിലെ ‘എലേനാ’ ഹാളാണെന്നു കണ്ടെത്തി. അതോടെ, 2022 മേയില്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയും 2023 ഫെബ്രുവരിയില്‍ ജഡ്ജ് സ്‌കൂള്‍ ഓഫ് ബിസിനസ്സും നല്‍കിയ വാര്‍ത്തകളുടെ രീതിയില്‍ ജീസ്സസ് കോളേജ് 2024 ഫെബ്രുവരിയിലെ പരിപാടിയുടെ വാര്‍ത്ത നല്‍കിയിട്ടുണ്ടോയെന്നായി അടുത്ത അന്വേഷണം. ആ കോളേജും അങ്ങനെയൊരു പരിപാടിയുടെ വാര്‍ത്ത ഒരു മാധ്യമങ്ങളിലും നല്‍കിയിട്ടില്ലായെന്ന് ബോദ്ധ്യമായതോടെ ‘ഓപ്പ് ഇന്‍ഡ്യാ’ എന്ന സാമൂഹിക മാധ്യമം ജീസ്സസ്സ് കോളജധികൃതര്‍ക്ക് സന്ദേശം അയച്ച് അവര്‍ രാഹുലിന്റെ പ്രഭാഷണം സംഘടിപ്പിച്ചിട്ടുണ്ടോയെന്നതില്‍ വ്യക്തത തേടി. ജീസ്സസ്സ് കോളേജിന്റെ മറുപടി എല്ലാ സംശയങ്ങളും മാറ്റി വ്യക്തത നല്‍കി: ”നിങ്ങളുടെ അന്വേഷണങ്ങള്‍ക്ക് നന്ദി. പരിപാടി പുറത്തു നിന്നുള്ളവര്‍ പണം നല്‍കി ഹാള്‍ ബുക്ക് ചെയ്ത് നടത്തിയതാണ്. കോളേജിന് പരിപാടി നടത്തിയതിലോ പണം മുടക്കിയതിലോ ഒരു പങ്കുമില്ല.” തുടര്‍ അന്വേഷണത്തില്‍ പുറത്തുള്ളവര്‍ക്ക് പണം കൊടുത്ത് ഹാള്‍ ബുക്ക് ചെയ്ത് പരിപാടി നടത്തുന്നതിനും പങ്കെടുക്കുന്നവര്‍ക്ക് താമസ സൗകര്യവും ഭക്ഷണവുമൊക്കെ നല്‍കുന്നതിനുമുള്ള സൗകര്യം ജീസ്സസ്സ് കോളേജിലുണ്ടെന്നത് കൂടുതല്‍ വ്യക്തമാകുകയും ചെയ്തു.
അതോടെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ ക്ഷണപ്രകാരം 2024 ഫെബ്രുവരി 27, 28 തീയതികളില്‍ രാഹുല്‍ ഗാന്ധിയുടെ പ്രഭാഷണമെന്ന കോണ്‍ഗ്രസ്സ് പ്രചരണ വിഭാഗം തലവന്‍ ജയറാം രമേശിന്റെ വിളംബരം ‘കള്ള പ്രചരണം’ തന്നെയാണെന്നത് സംശയലേശമെന്യേ വെളിച്ചത്തായി. ഈ സംഭവത്തില്‍ ഏറ്റവും പരിഹാസ്യമായി മാറിയത് ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ്, രാഹുലിന്റെ ‘കേംബ്രിഡ്ജ് ജോഡോ യാത്രയെ’ പഴയ ചിത്രങ്ങള്‍ പങ്കുവെച്ചു കൊഴുപ്പിക്കാന്‍ നോക്കിയതാണ്. കോണ്‍ഗ്രസ് എം.പിക്ക് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ഗംഭീര സ്വീകരണം ലഭിച്ചുവെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള പണി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സ്വയം ഏറ്റെടുത്തു. മാര്‍ച്ച് 1ന് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇങ്ങനെയൊക്കെ എഴുതി: ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ശ്രുതി കപിലയുമായി സംഭാഷണത്തില്‍.’ ”കേംബ്രിഡ്ജ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യാനും അവരുമായി സംവദിക്കാനും ഒരു ഇന്ത്യന്‍ നേതാവിനെ ക്ഷണിച്ചത് തീര്‍ച്ചയായും അഭിമാനത്തിന്റെ നിമിഷമാണ്. ഇന്ത്യയിലെ ടെലികോം വിപ്ലവത്തിന്റെ പിതാവ് സാം പിത്രോദജി രാഹുല്‍ജിയോടൊപ്പമുണ്ട്.”
അത്തരത്തില്‍ ‘ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ്’ കൗശലപൂര്‍വം രാഹുല്‍ ഗാന്ധിയെ കേംബ്രിഡ്ജ് സര്‍വ്വകലാശാല അങ്ങോട്ട് ക്ഷണിച്ചുവെന്ന പ്രതീതി കൃത്രിമമായി സൃഷ്ടിക്കാന്‍ ശ്രമിച്ചു. അവരുടെ സംശയാസ്പദമായ അവകാശവാദങ്ങളെ സാധൂകരിക്കുന്നതിനായി, രാഹുല്‍ ഗാന്ധിയുടെ, ‘രാഹുല്‍ സൗഹൃദ പത്രപ്രവര്‍ത്തക’ ശ്രുതി കപില, സാം പിത്രോദ എന്നിവരോടൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തു. അതില്‍ സംവാദം നടക്കുന്ന തിന്റേതെന്ന രീതിയില്‍ ‘ഇന്ത്യ@75’ എന്ന് എഴുതിയ ഒരു ചിത്രം അറ്റാച്ച് ചെയ്തു. ഇവിടെ ഓര്‍ക്കേണ്ട കാര്യം 1947ല്‍ സ്വതന്ത്രമായ ചരിത്രം സൂചിപ്പിക്കുമ്പോള്‍ ‘ഇന്ത്യ @75’ എന്ന് കണക്കാക്കേണ്ടത് 2022ലാണ്; 2024ല്‍ അല്ലാ എന്നതാണ്. ആ ചിത്രത്തില്‍ ക്ലിക്ക് ചെയ്ത വര്‍ഷം 2022 ആണെന്ന് വ്യക്തമായി എടുത്തുകാണിക്കുന്നുമുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ ആ ചിത്രം 2022 മെയ് 22-ന് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ കോര്‍പ്പസ് ക്രിസ്റ്റി കോളേജില്‍ നടന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ടതായിരുന്നു. ആ പരിപാടിയുടെ പൂര്‍ണ്ണമായ റെക്കോര്‍ഡിംഗ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ നല്‍കിയിട്ടുള്ളതുമാണ്. അങ്ങനെ 2022ലെ പരിപാടിയുടെ ചിത്രം കാണിച്ചാണ് 2024ലെ പരിപാടിയുടെ വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്ന പരിഹാസ്യമായ വാര്‍ത്ത പുറത്തായതോടെ ക്ഷമാപണമോ വ്യക്തതയോ നല്‍കാതെ ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ മാര്‍ച്ച് 1 ലെ ട്വീറ്റ് വേഗത്തില്‍ ഇല്ലാതാക്കി, അവര്‍ തടിതപ്പി.
രാഹുലിനെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ക്ഷണിച്ചിട്ടാണാ യാത്രയെന്ന വിശദീകരണം വെറും നുണയാണെന്നത് തെളിഞ്ഞതോടെ ‘ജോഡോ യാത്ര’ തത്കാലത്തേക്കാണെങ്കിലും ഉപേക്ഷിച്ച് അദ്ദേഹത്തിന്റെ പോക്ക് എന്തിനായിരുന്നുയെന്നും എങ്ങോട്ടായിരുന്നെന്നും പൊതു സമൂഹത്തില്‍ സംശയങ്ങള്‍ ഉയരുന്നു. അമ്പത്തഞ്ച് വയസ്സുകാരനായ ആ ‘യുവാവ്’ പതിവായി നടത്താറുള്ള അത്തരം ദുരൂഹ യാത്രകള്‍ക്കു പിന്നില്‍ സ്വകാര്യ വിഷയങ്ങളാണെങ്കില്‍ ഒരു പക്ഷേ അതിനെ അവഗണിക്കാം. പക്ഷേ, അപ്പോഴും അമേരിക്കയും യൂറോപ്പുമൊക്കെ ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടണമെന്നാവശ്യപ്പെട്ട ഒരു വ്യക്തിയാണ് രാഹുലെന്നത് അവഗണിക്കാനാകില്ല. ചൈനീസ് നേതൃത്വവുമായി ഒരു കരാര്‍ ഒപ്പിട്ടിട്ട് അത് രഹസ്യമാക്കി വെച്ചിരിക്കുന്ന കോണ്‍ഗ്രസ്സ് നേതാവാണെന്നതും അവഗണിക്കാനാകില്ല. പാകിസ്ഥാന്‍ നേതാക്കളുമായി രാഹുല്‍ നേരിട്ടും മണിശങ്കര്‍ അയ്യരെ പോലുള്ളവര്‍ മുഖേനയും പുലര്‍ത്തുന്ന സൗഹൃദങ്ങളും മറക്കാനാകില്ല. വികസനോന്മുഖവും സുസ്ഥിരവുമായ ഒരു ഭരണക്രമത്തിലൂടെ ഭാരതത്തെ മുന്നോട്ടു നയിക്കാന്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ദേശീയ ശക്തികള്‍ ശ്രമിക്കുമ്പോള്‍ ജോര്‍ജ്ജ് സൊറോസിനെ പോലുള്ള ആഗോള വ്യവസായ ഭീമന്മാരും ചൈനയും പാകിസ്ഥാനും പാശ്ചാത്യശക്തികളും ഇവിടത്തെ ജനാധിപത്യ പ്രക്രിയയില്‍ കടന്നു കയറി അട്ടിമറികള്‍ നടത്താന്‍ കണ്ടെത്തിയിട്ടുള്ള ചട്ടുകങ്ങളിലൊന്നാണ് രാഹുലിന്റെ പ്രസ്ഥാനമെന്നത് അവഗണിക്കാന്‍ കഴിയില്ല. 2024 ലെ തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മെനയാനും പിന്തുണ സമാഹരിക്കാനുമുള്ള രഹസ്യ നീക്കങ്ങള്‍ക്ക് വേദിയൊരുക്കാനായിരുന്നോ രാഹുലിന്റെ രഹസ്യയാത്രയെന്ന ചോദ്യവും പ്രസക്തമാണ്. 2019 ലെ തിരഞ്ഞെടുപ്പില്‍ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സഹായം തേടിയതിന് സമാനമായ എന്തെങ്കിലും കരുനീക്കം ആയിരുന്നോയെന്നതും പൊതു താത്പര്യവും ഗൗരവമുള്ള വിഷയമാണ്. ഏതായാലും ഹിന്ദുവിരുദ്ധ വര്‍ഗീയതയുടെയും ദേശവിരുദ്ധ രാഷ്ട്രീയത്തിന്റെയും പേരില്‍ രൂപപ്പെട്ട ഐ.എന്‍.ഡി.ഐ.എയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാവ് രാഹുല്‍ ഗാന്ധി, തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ ഭാരതത്തിനുള്ളില്‍ ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ പലതും മാറ്റിവെച്ച് കേംബ്രിഡ്ജിലേക്ക് ‘ജോഡോ യാത്ര’ വഴി തിരിച്ചു വിട്ടതെന്തിനാണെന്നത് കൃത്യമായും അന്വേഷിച്ചു കണ്ടെത്തേണ്ടിയിരിക്കുന്നു.