മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മറ്റിയംഗവും മുന്‍ നിയമമന്ത്രിയുമായ ഏ.കെ. ബാലന്‍ രാഷ്ട്രീയ പ്രവചന വിദ്വാനാണ്. ഏ.കെ.ജി സെന്ററില്‍ നിന്നു പാര്‍ട്ടി ക്ലാസില്‍ പഠിച്ച രാഷ്ട്രീയജ്യോതിഷമാണ് ഇതിലുള്ള അദ്ദേഹത്തിന്റെ ബിരുദം. എ.കെ.ജി സെന്ററില്‍ നിന്ന് ക്യാപ്‌സ്യൂളും വിഴുങ്ങി മാര്‍ക്‌സ് മുത്തപ്പനെയും സ്മരിച്ച് കാരണഭൂതനെ മനസ്സാലെ തൊഴുത് ബാലന്‍ പത്രക്കാര്‍ക്കു മുമ്പില്‍ ഹാജരാകും. പിന്നെ രാഷ്ട്രീയ വിശദീകരണം. കൂട്ടത്തില്‍ പ്രവചനം. നല്ല ഗുരുത്വമുള്ള സഖാവായതിനാല്‍ ബാലന്റെ പ്രവചനം ഇന്നുവരെ ഒന്നു പോലും ഫലിച്ചിട്ടില്ല. മുഖ്യനും മന്ത്രിമാരും നവകേരളയാത്ര നടത്തിയ കെ.എസ്.ആര്‍.ടി.സി ബസ് മ്യൂസിയത്തില്‍ വെച്ചാല്‍ ലക്ഷങ്ങള്‍ കാണാന്‍ വരും, വാങ്ങിയതിനേക്കാള്‍ ഇരട്ടി വില കിട്ടും എന്നായിരുന്നു ഒരു പ്രവചനം. ബസ്സിന്റെ ഇന്നത്തെ അവസ്ഥ എന്താണെന്നറിയാന്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ഗണേശനു പോലും മഷിയിട്ടു നോക്കേണ്ട സ്ഥിതിയാണ്. മുസ്ലീം ലീഗ് കോണ്‍ഗ്രസ് മുന്നണി വിടുമെന്നായിരുന്നു മറ്റൊരു പ്രവചനം. കോണ്‍ഗ്രസ്സിന്റെ കക്ഷത്തിലെ കീറസഞ്ചിയല്ല ലീഗ് എന്ന് അഭിമാനപൂര്‍വ്വം അദ്ദേഹം പറയുകയും ചെയ്തു. പ്രവചനം വൈകാതെ തന്നെ ഫലിച്ചു. മൂന്നാം സീറ്റ് അടക്കം എല്ലാ തര്‍ക്കവും തീര്‍ന്നു കോണ്‍ഗ്രസ്- ലീഗ് ബന്ധം പൂര്‍വ്വാധികം ശക്തമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയായിരുന്നു അടുത്ത പ്രവചനം. എസ്.എഫ്. ഐ ക്കാര്‍ വിജയിക്കുമെന്നും ഗവര്‍ണര്‍ വഴി നടക്കാതാകുമെന്നും പറഞ്ഞു. ഫലം ഉടനെ ഉണ്ടായി. ആരീഫ് മുഹമ്മദ് ഖാന്‍ കോഴിക്കോട്ടു കൂടി പരസ്യമായി നടന്നു. ‘എസ്. എഫ്.ഐക്കാര്‍ ജാമ്യമില്ലാ വകുപ്പില്‍ അകത്തുമായി. ഗവര്‍ണര്‍ക്കെതിരെ ബാലന്‍ വീണ്ടും വായതുറന്നു. കാലടി സര്‍വ്വകലാശാലയില്‍ ഇടത് സര്‍ക്കാര്‍ നിശ്ചയിച്ച വൈസ് ചാന്‍സലര്‍ പുറത്തായി. ഗവര്‍ണര്‍ കൂടുതല്‍ ശക്തനായി. ബി.ജെ.പിയുടെ മലപ്പുറം ലോകസഭാ സ്ഥാനാര്‍ത്ഥി ഡോ.അബ്ദുള്‍ സലാമിനെ മോദിയുടെ പാലക്കാട് റോഡ് ഷോയില്‍ തഴഞ്ഞുവെന്നും ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ മുസ്ലിങ്ങളുടെ സ്ഥിതി ഇതാണെന്നും ബാലന്‍ പ്രവചിച്ചു. ഡോ. അബ്ദുള്‍ സലാം അതു തള്ളിക്കളഞ്ഞു. പ്രവചനം അവിടെയും പൊളിഞ്ഞു. ഇനി ബാലന്റെ ഒരു പ്രവചനം യാഥാര്‍ത്ഥ്യമാകാന്‍ സകല സാധ്യതയുമുണ്ട്. കാരണം അത് പാര്‍ട്ടിയെക്കുറിച്ചാണ്. അടുത്ത തിരഞ്ഞെടുപ്പോടെ പാര്‍ട്ടിക്ക് അരിവാള്‍ ചുറ്റിക ചിഹ്നം നഷ്ടമാകും പകരം ഈനാമ്പേച്ചിയേയോ നീരാളിയേയോ ചിഹ്നമാക്കേണ്ടിവരും എന്നാണ് ആ പ്രവചനം. ചുരുങ്ങിയത് ഇത്ര ശതമാനം വോട്ടു കിട്ടിയില്ലെങ്കില്‍ ദേശീയ പാര്‍ട്ടി പദവി പോകും എന്നതാണ് കാരണം. സി.പി. എമ്മിന്റെ യഥാര്‍ത്ഥ അവസ്ഥയറിയുന്ന ബാലന് ഇക്കാര്യത്തില്‍ പ്രവചനം തെറ്റില്ല.