ഏതൊരു ഫുട്‌ബോള്‍ ആരാധകനെയും പോലെ ബ്രസീല്‍ എന്ന രാജ്യത്തെ ഹൃദയത്തോട് ചേര്‍ത്തുവെച്ച മലയാളിയാണ് ഈ ലേഖകനും. 1970 കളുടെ അവസാനവും, 1980 കളിലും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ക്യാമ്പസിലെ ഏതാണ്ടെല്ലാ മൈതാനങ്ങളിലും, പാറക്കൂട്ടങ്ങള്‍ക്കിടയിലുളള പച്ചതുരുത്തുകളിലും ക്രിക്കറ്റും, ഫുട്‌ബോളും കളിച്ച് ജീവിച്ചതിന്റെ സ്മരണകള്‍ അവിസ്മരണീയമാണ്. ലോക ഫുട്‌ബോളിന്റെ ആസ്ഥാനമായ ബ്രസീല്‍ എന്ന രാജ്യം സന്ദര്‍ശിക്കണമെന്നത് ജീവിതത്തിലെ ഒരു സ്വപ്‌നമായിരുന്നു. 2014 ഫുട്‌ബോള്‍ ലോകകപ്പിന് മുമ്പ് ഒരു വര്‍ഷം നീണ്ടു നിന്ന തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് ശേഷം വളണ്ടിയറായി നിയമനം ലഭിച്ചിരുന്നു. എന്നാല്‍ ആമസോണ്‍ മഴക്കാടുകളുടെ ഹൃദയഭൂമിയില്‍ സ്ഥിതി ചെയ്യുന്ന മനോസ പട്ടണത്തിലെ ‘അറീന ദ ആമസോണിയ’ സ്റ്റേഡിയത്തില്‍ 2014 ജൂണ്‍ 14ന് നടന്ന ഇറ്റലി-ഇംഗണ്ട് മത്സരം മുതലുള്ള വളണ്ടിയര്‍ ഡ്യൂട്ടികള്‍ക്ക് നിയോഗിക്കപ്പെട്ടിട്ടും പോകാന്‍ പറ്റാത്തതിന്റെ നിരാശ മറ്റൊരു നിയോഗത്തിനായി കഴിഞ്ഞ മെയ് മാസത്തില്‍ ബ്രസീല്‍ സന്ദര്‍ശിച്ചപ്പോഴാണ് കുറഞ്ഞത്. സനാതനധര്‍മ്മ വിശ്വാസങ്ങളിലൂടെയും, ആത്മീയതയിലൂടെയും ബ്രസീലിയന്‍ ജനതയുടെ മനസ്സും ഹൃദയവും അടുത്തറിഞ്ഞ വേദാന്തയുടെയും ആത്മജ്ഞാനത്തിന്റെയും ആറ് ദിവസത്തെ ഉത്സവത്തിനായിരുന്നു റിയോഡി ജനൈറോ സ്റ്റെയിറ്റിലുള്ള പ്രെട്രോപോളിസ് നഗരത്തിലേക്കുള്ള യാത്ര. കേരളത്തിന്റെ തനത് കലകളായ ചെണ്ടവാദ്യം, തെയ്യം, ആയോധനകലയായ കളരിപ്പയറ്റ് മുതലായവ അവതരിപ്പിച്ച് ഞങ്ങള്‍ ആറ് കടത്തനാട്ടുകാര്‍ (വടകരക്കാര്‍) ബ്രസീലുകാരുടെ ഹൃദയം കീഴടക്കി.
കാല്‍പന്ത് കളിയോടുള്ള മലയാളികളുടെ അഗാധ സ്‌നേഹവും, ഈ കളിയുണര്‍ത്തുന്ന കാല്പനിക ഭാവവും പ്രമുഖ ബ്രസീലിയന്‍ കളിക്കാരോടുള്ള ആരാധനയും അവര്‍ണ്ണനീയമാണ്. സാമ്പാ നൃത്തച്ചുവടുകളുടെ ചടുലതയും അപാരമായ പന്തടക്കവും ബൈസിക്കിള്‍ കിക്കും, ഫിനിഷിംഗ് മികവും ഉണ്ടായിരുന്ന പെലെയെ നമ്മള്‍ മലയാളികള്‍ ഫുട്‌ബോള്‍ ദൈവമായി കാണാന്‍ കാരണങ്ങളായി. പെലെ ഒരു തുടക്കം മാത്രമായിരുന്നു. മറ്റ് ബ്രസീലിയന്‍ ഫുട്‌ബോള്‍ ദൈവങ്ങളായ ഗരിഞ്ച, വാവ, ജേഴ്‌സീന്യോ, സേക്രട്ടീസ്, സീക്കോ, റേബര്‍ട്ടോ കാര്‍ലോസ് ജോസിമര്‍, റൊണാള്‍ഡോ, റൊണാള്‍ഡീന്യോ, റൊമാരിയോ, ബ്രാന്‍കോ, ബെബെറ്റോ, നെയ്മര്‍ എന്നിവരും നമുക്ക് പ്രിയപ്പെട്ടവര്‍. അര്‍ജന്റീനക്കാരായ മറഡോണയെയും മെസ്സിയെയും ഈയവസരത്തില്‍ നമ്മള്‍ മറക്കാന്‍ പാടില്ല. 1986 മെക്‌സിക്കോ ലോകകപ്പ് മുതല്‍ മാത്രമാണ് ഫുട്‌ബോളിന്റെ കാഴ്ചയുടെ വശ്യത നമ്മള്‍ അറിഞ്ഞ് തുടങ്ങിയത്. 37 വര്‍ഷങ്ങള്‍ നമ്മള്‍ പത്തു ലോകകപ്പുകള്‍ ടെലിവിഷന്‍ കാഴ്ചയിലൂടെയും അതിന് മുമ്പുള്ളവ, 1986 ന് മുമ്പ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍മാരുടെ വാക്കുകളിലൂടെയും ആസ്വദിച്ചു. പെലെയും ബ്രസീല്‍ ടീമും ഉയര്‍ത്തി വിട്ട ഫുട്‌ബോള്‍ ജ്വരം മലയാളികള്‍, തദ്ദേശീയ ക്ലബ്ബ് ടീമുകളായ മോഹന്‍ ബഗാനിലൂടെയും, ഈസ്റ്റ് ബംഗാളിലൂടെയും 1973 ലെ സന്തോഷ് ട്രോഫി വിജയത്തിലൂടെയും കേരള ഫുട്‌ബോള്‍ ടീമിലൂടെയും നിലനിര്‍ത്തി. എഴുപതുകളുടെയും എണ്‍പതുകളുടെയും ഫുട്‌ബോള്‍ ലഹരി നമ്മള്‍ 1985 മുതല്‍ 1995 വരെയുള്ള തുടര്‍ച്ചയായ ഏഴ് സന്തോഷ് ട്രോഫി വിജയങ്ങളിലൂടെ ആഘോഷിച്ചു.
ഫുട്‌ബോള്‍ മാറ്റിനിര്‍ത്തിയാല്‍, മലയാളികള്‍ക്ക് നൂറ്റാണ്ടുകള്‍ പോര്‍ച്ചുഗീസുകാര്‍ ഭരിച്ച, പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന റോമന്‍ കത്തോലിക്കരായ ബ്രസീലുകാരുടെ സംഭവനയായ കപ്പ അഥവാ കൊള്ളി എന്ന ഭക്ഷണവിഭവത്തിലൂടെ ആ നാടുമായി ഒരാത്മബന്ധമുണ്ടെന്ന് മനസ്സിലാക്കാം. ഒരു കാലത്ത് മലയാളികളുടെ ‘സ്റ്റെയ്പ്ള്‍ ഫുഡ്’ എന്ന് പറയാവുന്ന ടാപിയോക്ക പോര്‍ച്ചുഗീസുകാര്‍ ഇവിടെ കൊണ്ടുവന്നത് അവരുടെ ബ്രസീല്‍ ആധിപത്യം വഴിയാണ്. 1498 ല്‍ കോഴിക്കോട് കാപ്പാട് പോര്‍ച്ചുഗീസുകാരനായ വാസ്‌കോഡ ഗാമ എത്തിച്ചേര്‍ന്നെങ്കില്‍ 1500ല്‍ (ക്രി.പി) ആണ് ഗാമയുടെ സഹസാഹസികയാത്രികനായ പെഡ്രോ ആല്‍വാരസ് കബ്‌റാല്‍ ബ്രസീല്‍ കണ്ടുപിടിച്ചത്. ഗാമയ്ക്ക് ശേഷം വീണ്ടും ഇന്ത്യന്‍ തീരത്ത് സുഗന്ധദ്രവ്യങ്ങള്‍ തേടി പുറപ്പെട്ട് യാത്ര തിരിച്ച പെഡ്രോ ആല്‍വാരസ് പക്ഷെ എത്തിപ്പെട്ടത് ബ്രസീല്‍ അഥവാ തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലാണ്. ഇന്നത്തെ സാല്‍വഡോള്‍ നഗരത്തിന്റെയും റിയോ നഗരത്തിന്റെയും മധ്യത്തിലുള്ള പോര്‍ട്ടോ സെഗുറോയില്‍ പെഡ്രോ എത്തിപ്പെട്ടതും, ബ്രസീല്‍ പോര്‍ച്ചുഗീസുകാരുടെ അധീനതയിലായതും, കേരളത്തിലെ സുഗന്ധദ്രവ്യങ്ങളും ഭാരതത്തിന്റെ പേരും പ്രശസ്തിയും, സംസ്‌കാരവും, നാഗരികതയും കാരണം മാത്രമാണെന്നത് ചരിത്രത്തിന്റെ വികൃതിയെന്നോ വിരോധാഭാസമെന്നോ പറയാം. കേരളത്തിന്റെ സുഗന്ധദ്രവ്യ കച്ചവടത്തിന്റെയും കയറ്റുമതിയിലെയും അറബ് ആധിപത്യവും കുത്തകയും തകര്‍ത്തതിന്റെ തുടക്കവും ഈ തുടര്‍യാത്രകളും കച്ചവടലാഭത്തിനും കോളനിവല്‍ക്കരണത്തിനുള്ള ശ്രമങ്ങളാണെന്നതും ചരിത്രമാണ്. ബ്രസീലില്‍ 1894 ല്‍ ഫുട്‌ബോള്‍ ഇറക്കുമതി ചെയ്തത് ഒരു സ്‌കോട്ട്‌ലാന്റുകാരനാണെങ്കില്‍ മലബാറിന്റെ ചരിത്രം ആദ്യമായി എഴുതിയത് മറ്റൊരു സ്‌കോട്ട്‌ലാന്റുകാരനായ വില്യം ലോഗനാണ് എന്നുള്ളത് കേരളവും ബ്രസീലും തമ്മിലുള്ള ബന്ധത്തിന്റെ ചില കാണാപ്പുറങ്ങളാണ്. ഒരു കാലത്ത് ആമസോണ്‍ കാടുകളില്‍ കണ്ടുപിടിക്കപ്പെട്ട റബ്ബര്‍ പിന്നീട് ഇരുപതാം നൂറ്റാണ്ട് വരെ ബ്രസീലിന്റെ കുത്തക ഉത്പന്നമായിരുന്നു. ബ്രിട്ടീഷുകാര്‍ വഴി ബ്രസീലില്‍ നിന്നും കേരളത്തിലെത്തിയ റബ്ബര്‍ നമ്മുടെ സംസ്ഥാനത്തെ പ്രധാന കാര്‍ഷികവിളയായി മാറിയതും ചരിത്രത്തിന്റെ വികൃതിയെന്നേ പറയാനൊക്കൂ. അതുപോലെത്തന്നെ പറങ്കി മാങ്ങയും കശുവണ്ടിയും പോര്‍ച്ചുഗീസുകാര്‍, പതിനാറാം നൂറ്റാണ്ടില്‍ തന്നെ ഉത്തര ബ്രസീലില്‍ നിന്നും ഗോവയിലേക്ക് കൊണ്ടു വന്ന് ഇന്ത്യയുടെയും കേരളത്തിന്റെയും നാണ്യവിളകളില്‍ പ്രധാന ഇനമാക്കി. ഇങ്ങനെ ഫുട്‌ബോളില്‍ എത്തി നില്ക്കുന്ന കേരളത്തിന്റെ ബ്രസീലിയന്‍ ആരാധനയില്‍ ഒരു പക്ഷെ വരും വര്‍ഷങ്ങളില്‍ തെയ്യവും, ചെണ്ടവാദ്യവും, കളരിപ്പയറ്റും, കളരി ഉഴിച്ചിലും വേദാന്തവും സംസ്‌കൃതവും, യോഗയും, ധ്യാനവും ബ്രസീലിയന്‍ ജനതയെ കേരളത്തോടും ഭാരതത്തോടും ആരാധനാപൂര്‍വ്വവും ഭക്തിയും ബഹുമാനത്തോടും കൂടി നോക്കിക്കാണാന്‍ ഇടയാക്കുമെന്ന് തോന്നുന്നതിന് കാരണങ്ങള്‍ ഉണ്ട്.
സനാതനധര്‍മ്മത്തില്‍ അധിഷ്ഠിതമായ വിശ്വാസങ്ങളും, ആചാരങ്ങളും, ഉപാസനാ-ആരാധനാ സമ്പ്രദായങ്ങളും, ഹിന്ദു ദേവന്മാരോടും, ദേവികളോടും ഉള്ള അഗാധമായ ഭക്തിയും ആരാധനയും എല്ലാം അടിസ്ഥാനപ്പെടുത്തി ലോകത്തെമ്പാടും വളരെ ജനപ്രീതിയും അംഗബലവുമുള്ള നിരവധി മത/ഉപമത(ഹിന്ദു) പ്രസ്ഥാനങ്ങളും, കൂട്ടായ്മകളും, കള്‍ട്ട് സ്വഭാവമുള്ള മതസമൂഹങ്ങളും നിലവിലുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാന കാലഘട്ടവും, ഇംഗ്ലീഷ് വിദ്യാഭ്യാസവും, ഇന്ത്യക്കാരുടെ പ്രവാസ ജീവിതവും, സ്വാമി വിവേകാനന്ദനെപോലുള്ള ലോകപ്രശസ്തനായ സന്യാസി വര്യന്മാരും കാരണം ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് യു.എസ്.എ, യൂറോപ്യന്‍ രാജ്യങ്ങള്‍, തെക്ക് കിഴക്കേഷ്യന്‍ രാജ്യങ്ങള്‍, ആഫ്രിക്കന്‍ ഭൂഖണ്ഡം എന്നിവിടങ്ങളിലെല്ലാം ഇത്തരത്തിലുള്ള വിവിധങ്ങളായ സനാതനധര്‍മ്മ/ഹിന്ദുമത വിശ്വാസ സമൂഹങ്ങള്‍ തദ്ദേശീയരെ കൊണ്ട് തന്നെ ശക്തമായി നടന്ന് വരുന്നുണ്ട്. പസഫിക്, ഇന്ത്യന്‍ സമുദ്രങ്ങളിലെ ദ്വീപുകളിലും ആഫ്രിക്കയിലും, മലേഷ്യ, സിംഗപ്പൂര്‍, സിലോണ്‍ തുടങ്ങിയ രാജ്യങ്ങളിലെയും ആദ്യ ഇന്ത്യന്‍ പ്രവാസികള്‍ തലമുറകളായി സനാതന മൂല്യങ്ങളും, ഹിന്ദു ദൈവ വിശ്വാസങ്ങളും ആചാരങ്ങളും ഇന്നും മുറുകെപ്പിടിക്കുന്നത് ശ്ലാഘിക്കപ്പെടേണ്ടതാണ്. ആധുനിക കാലഘട്ടത്തില്‍, ഹിന്ദുവിശ്വാസത്തിലധിഷ്ഠിതമായ ആത്മീയതയും, ആചാരാനുഷ്ഠാനങ്ങളും തത്വജ്ഞാനവും ഇത്ര ജനപ്രിയമാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചത്ഭാരതീയ ഋഷി-സാധു- സന്ന്യാസ പാരമ്പര്യധാരയില്‍ നിന്നും ഉയര്‍ന്നു വന്നവരാണെന്ന് നിസ്സംശയം പറയാം.
ഇത്തരത്തില്‍ ഏറ്റവും പ്രശസ്തമായ ഹിന്ദുമത പ്രസ്ഥാനം 1960 കളില്‍ ന്യൂയോര്‍ക്കില്‍ എ.സി ഭക്തി വേദാനന്ത സ്വാമി പ്രഭുപാദ ആരംഭിച്ച ‘ദി ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നസ് അഥവാ ‘ഇസ്‌ക്കോണ്‍’ ആണ്. സത്യസായി സംഘം, രാമകൃഷ്ണ മിഷന്‍, മാതാ അമൃതാനന്ദമയി മഠം, അന്തരാഷ്ട്ര സ്വാമി നാരായണ്‍ സത്‌സംഗ് സംഘടന, ശ്രീ ശ്രീ രവിശങ്കറിന്റെ ‘ആര്‍ട്ട് ഓഫ് ലിവിംഗ്’, ആചാര്യ രജനീഷ് അഥവാ ‘ഓഷോ’, ബ്രഹ്‌മകുമാരീസ്, ഈഷ ഫൗണ്ടേഷന്‍ അന്താരാഷ്ട്ര ചിന്മയ മിഷന്‍, ഓള്‍ വേള്‍ഡ് ഗായത്രി പരിവാര്‍, വിവിധ രാജ്യങ്ങളിലെ വേദാന്ത സൊസൈറ്റികള്‍ മുതലായ ആത്മീയ സംഘടനകളിലൂടെ സനാതനധര്‍മ്മം അതിദ്രുതം ലോകം മുഴുവന്‍ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്.
1970 കളില്‍ തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ മലയാളികള്‍ക്ക് പ്രിയങ്കരമായ രാജ്യമായ ബ്രസീലില്‍, കേവലം ഇരുപതു മാത്രം പ്രായമുള്ള ഒരു ബ്രസീലിയന്‍ വനിത ഒരു സനാതനധര്‍മ്മ/ഹൈന്ദവ ആത്മീയ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് അധികമാര്‍ക്കും അറിയില്ല. 2020 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ച ഗ്ലോറിയ അറിയേറ അഥവാ ഗോമതി ആണവര്‍. അടിയന്തിരാവസ്ഥാ കാലഘട്ടത്തില്‍ ചിന്മയാനന്ദ സ്വാമിജിയുടെയും, ദയാനന്ദ സരസ്വതി സ്വാമിജിയുടെയും, വേദാന്തപ്രഭാഷണങ്ങളില്‍ ആകൃഷ്ടയായി 21-ാം വയസ്സില്‍ ഭാരതത്തിലേക്ക് വന്ന ഗ്ലോറിയാജി നാല് വര്‍ഷക്കാലം ബോംബെയിലെ സാന്ദീപനി ആശ്രമത്തില്‍ താമസിച്ച് സംസ്‌കൃതവും, ഉപനിഷത്തുകളും, വേദങ്ങളും, പുരാണങ്ങളും പഠിച്ച തികഞ്ഞ പണ്ഡിതയായി, തിരിച്ച് ബ്രസീലിലെ റിയോ ഡി ജനൈറോവിലേക്ക് പോയി ആരംഭിച്ച ആദ്ധ്യാത്മിക പ്രസ്ഥാനമാണ് (ആത്മീയ വിദ്യാഭ്യാസ സ്ഥാപനം) വിദ്യാ മന്ദിര്‍. സനാതനധര്‍മ്മത്തിനും ഹൈന്ദവമതത്തിന്റെ ആത്മീയശക്തിക്കും തെക്കേ അമേരിക്കയില്‍ ഏറെ പ്രചാരം നല്‍കിയ ഇവരുടെ സംഭാവന വിലമതിക്കാനാവാത്തതാണ്. ഇന്ന് അവരുടെ ശിഷ്യനായ ജൊനാസ് മസ്സെറ്റി (വിശ്വനാഥ്ജി) 2015 ല്‍ ആരംഭിച്ച വിശ്വ വിദ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ബ്രസീലിലും ചിലിയിലും അര്‍ജന്റീനയിലും പടര്‍ന്ന് പന്തലിച്ച് രണ്ടായിരത്തിലധികം ശിഷ്യസമ്പാദ്യവുമായി വേദാന്തവും ആത്മജ്ഞാനവും പകര്‍ന്നു കൊണ്ട് മുന്നേറുകയാണ്. റിയോ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഏതാണ്ട് പൂര്‍ണമായും പോര്‍ച്ചുഗീസ് വംശജരായ ബ്രസീലുകാര്‍ വസിക്കുന്ന നൂറ് കണക്കിന് പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ട, അത്യന്തംസുന്ദരമായ ഒരു പട്ടണമാണ് പെട്രോപോളിസ്. വിശ്വവിദ്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വേദാന്തയുടെയും ആത്മജ്ഞാനത്തിന്റെയും രണ്ടാമത് ഉത്സവം കഴിഞ്ഞ മെയ് മാസം ഒന്‍പതാം തീയ്യതി മുതല്‍ പതിനാലാം തീയ്യതി വരെ പെട്രോപോളിസില്‍ നടന്നപ്പോള്‍ ഞങ്ങള്‍ കടത്തനാട്ടുകാരെയും അതിലേക്ക് ക്ഷണിച്ചിരുന്നു.
ഗ്ലോറിയാജിയുമായും, ജൊനാസ്ജിയുമായും, ബ്രസീലുമായും, സനാതനധര്‍മ്മത്തിലധിഷ്ഠിതമായ ആത്മീയ ആദ്ധ്യാത്മികജ്ഞാനവുമായും ആത്മബന്ധമുള്ള ഒരേസമയം കൊച്ചിക്കാരനും ബ്രസീലുകാരനുമായ ഡോക്യുമെന്ററി സിനിമ സംവിധായകനായ ആനന്ദ ജ്യോതിയുമായി ഈ ലേഖകനുമായുള്ള ബന്ധമാണ് എനിക്കും എന്റെ കളരി/തെയ്യം ടീമിനും ബ്രസീലിലെ ഉത്സവത്തില്‍ പങ്കെടുക്കാനുള്ള വഴി തുറന്നത്. ഭാരതത്തിലെ നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ (ഗോവയിലെ അന്തരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ) ജ്യൂറി പാനലില്‍ ഉള്ള ആനന്ദ ജ്യോതി ഏഴ് ഡോക്യുമെന്ററികളുടെ സംവിധായകനാണ്. ഇദ്ദേഹത്തിന്റെ ഡോക്യുമെന്ററികള്‍ ബ്രസീലില്‍ വളരെ പ്രചാരം നേടിയിട്ടുണ്ട്. ഇദ്ദേഹം ആ രാജ്യത്തെ, ഇന്ത്യയുടെ ഒരു സാംസ്‌കാരിക അംബാസിഡറായി കണക്കാക്കാന്‍ പറ്റാവുന്ന പ്രതിഭാധനനായ ഒരു മലയാളിയാണ്. ഗ്ലോറിയയെ നമ്മുടെ രാജ്യത്തെ ഭരണകര്‍ത്താക്കള്‍ക്ക് പരിചിതമാക്കിയതും, പത്മശ്രീ സമ്മാനിക്കുന്നതിലേക്ക് നയിച്ചതും ആനന്ദ്ജിയുടെ കമല: ദ പാത്ത് ഓഫ് ഗ്ലോറിയ എന്ന ഡോക്യുമെന്ററിയാണ്. അതുപോലെ തന്നെ വിശ്വവിദ്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആചാര്യനായ ജെനാസിനെയും മറ്റ് മൂന്ന് ബ്രസീലുകാരെയും പറ്റിയുള്ള ഡോക്യുമെന്ററിയായ ഉമ: ലൈറ്റ് ഓഫ് ഹിമാലയാസ്, മന്‍കി ബാത്തില്‍ പ്രധാനമന്ത്രി ജൊനാസിന്റെ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിക്കാന്‍ കാരണമായി. ഇന്റര്‍നാഷണല്‍ ഡേ ഓഫ് യോഗയില്‍ ബ്രസീലിയന്‍ പാര്‍ലമെന്റില്‍ ജൊനാസ് മസ്സെറ്റി വിശ്വനാഥ്ജി ഭാരതീയ സാംസ്‌കാരിക/ആത്മീയ പാരമ്പര്യത്തെപ്പറ്റി, വിശിഷ്യ ആത്മജ്ഞാനത്തിലേക്കുള്ള വഴിയായി വേദാന്തയെ വിശേഷിപ്പിച്ചുകൊണ്ട് പ്രഭാഷണം നടത്തുകയുണ്ടായി. ആനന്ദ ജ്യോതിയുടെ ഡോക്യുമെന്ററികള്‍ ഒന്നും തന്നെ നമ്മുടെ രാജ്യത്ത് ഔദ്യോഗികമായി റിലീസ് ചെയ്യപ്പെട്ടിട്ടില്ല. വിശ്വവിദ്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും, വിദ്യാമന്ദിരത്തിന്റെയും പ്രധാന ഉപദേകശനും, ഫാക്കല്‍റ്റിയുമായ ആനന്ദ്ജിയുടെ മറ്റ് ഡോക്യുമെന്ററികളുടെ ടൈറ്റിലുകള്‍ കൂടെ ഇവിടെ കുറിക്കുന്നത് പ്രസക്തമായിരിക്കും. കുട്ടികള്‍ക്ക് വേണ്ടിയുള്ള ഡോക്യുമെന്ററിയായ പ്ലാനറ്റ് ഇന്‍ഡ്യ, ബ്രസീല്‍: എവ്യൂഫ്രം ഇന്‍സൈഡ്, ബ്രസീലിയന്‍ സംഗീതത്തെപ്പറ്റിയുള്ള മന്ത്ര ട്രോപിക്കല്‍, ബ്രസീലിന്റെ പ്രകൃതിഭംഗി പശ്ചാത്തലമാക്കി നിര്‍മ്മിച്ച ബെലേസ് ബ്രസീല്‍, കേരളത്തിന്റെ സാംസ്‌കാരിക സമ്പന്നത ചിത്രീകരിക്കുന്ന ദേവി: ഡിവൈന്‍ ഇന്ത്യ തുടങ്ങിയവയാണ് ആനന്ദിന്റെ മറ്റ് ഡോക്യുമെന്ററികള്‍. ഏഴ് ഡോക്യുമെന്ററികളും പോര്‍ച്ചുഗീസ് ഭാഷയിലാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നത് തന്നെ സനാതനധര്‍മ്മത്തിനും കേരളത്തിനും ബ്രസീലിനും അദ്ദേഹം ചെയ്തിരിക്കുന്ന സംഭാവനകള്‍ വിളിച്ചോതുന്നതാണ്.
ഗ്ലോറിയയും, ജൊനാസ് വിശ്വനാഥും, ആനന്ദ ജ്യോതിയും ബ്രസീലില്‍ കൊളുത്തിയ വിളക്കുകള്‍-തുടങ്ങിയ പ്രസ്ഥാനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭാവിയില്‍ തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തെ മുഴുവന്‍ കീഴടക്കാന്‍ പ്രാപ്തമാണ്. ദയാനന്ദ സരസ്വതിയുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യയാണ് ഗ്ലോറിയാജിയെന്ന് സ്വാമിജിയുടെ ഒരു പ്രസ്താവനയുണ്ട്. ഇത് അന്വര്‍ത്ഥമാക്കുന്ന വിധത്തില്‍ ഗൃഹനാഥയും മൂന്ന് മക്കളുടെ മാതാവുമായ ഇവര്‍ ചെയ്ത് തീര്‍ത്ത ആദ്ധ്യാത്മിക സാഹിത്യ ജോലികള്‍ പരിചയപ്പെട്ടാല്‍ അത്ഭുതപ്പെടും. എല്ലാ ഉപനിഷത്തുകളുടെയും പോര്‍ച്ചുഗീസ് ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്ത ഇവര്‍ രാമായണവും മഹാഭാരതവും കഥ പറച്ചിലിന്റെ രൂപത്തിലാക്കി പോര്‍ച്ചുഗീസ് ഭാഷയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പോര്‍ച്ചുഗീസില്‍ ഭഗവദ്ഗീതയുടെ വ്യാഖ്യാനം, വിഷ്ണുസഹസ്രനാമത്തിന്റെ തര്‍ജ്ജമ, ഈയിടെ എഴുതിത്തീര്‍ത്ത പഞ്ചതീര്‍ത്ഥം എന്ന അഞ്ച് സന്യാസശ്രേഷ്ഠന്മാരുടെ സമാധിയെക്കുറിച്ചുള്ള പഠനം എന്നിവയും ഇവരുടെ പ്രധാന സംഭാവനയാണ്. പാരമ്പര്യവേദാന്തത്തെക്കുറിച്ച് മാത്രം അധ്യാപനം നടത്തുകയും, സാമ്പ്രദായിക രീതിയില്‍ ഗുരു-ശിഷ്യപാരമ്പര്യം അനുസരിച്ച്, ആധുനിക ഇന്റര്‍നെറ്റ് സങ്കേതങ്ങള്‍ ഉപയോഗിക്കാതെ മുഖാമുഖം പഠിപ്പിക്കുന്ന രീതിയാണ് അവരുടേത്. എന്നാല്‍ ജൊനാസ് വിശ്വനാഥന്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയും രണ്ട് ഉത്സവങ്ങളിലൂടെയും, യൂട്യൂബ് ചാനലിന്റെ സഹായത്താലും വേദാന്തവും ആത്മജ്ഞാനവും ഒക്കെ തെക്കേ അമേരികക്കാരെ പരിചയപ്പെടുത്തുകയാണ്. അദ്ദേഹത്തിന്റെ ഭാവനയില്‍ ഉദിച്ച പദ്ധതിയാണ് ഞങ്ങള്‍ കടത്തനാട്ടുകാരായ കളരിപ്പയറ്റ് കലാകാരന്മാരും തെയ്യം കലാകാരന്മാരും പങ്കെടുത്ത ആറ് ദിവസത്തെ ഉത്സവം. ഇത്രയും വലിയൊരു ഭാരതീയ ആത്മീയ/സംസ്‌കാരിക ഉത്സവം നടത്താനുള്ള ധൈര്യം ഇദ്ദേഹത്തിന് ലഭിച്ചത് തന്റെ യൂട്യൂബ് ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണയും പ്രചാരവും കാരണമായിരിക്കും.
കഴിഞ്ഞ വര്‍ഷത്തെ, ഒന്നാമത്തെ ഉത്സവത്തിന് കോയമ്പത്തൂരില്‍ നിന്നും, മഹാരുദ്ര ഹോമം നടത്താന്‍ ആറ് ബ്രാഹ്‌മണപണ്ഡിതന്മാരെ മാത്രമാണ് ക്ഷണിച്ചിരുന്നത്. ഈ വര്‍ഷം അത് പതിമൂന്ന് പേരാക്കി വര്‍ദ്ധിപ്പിക്കുകയും, കൂടാതെ ആനന്ദജ്യോതിയുടെ ഉപദേശം പരിഗണിച്ച് കേരളത്തില്‍ നിന്നും കളരിപ്പയറ്റും, ചെണ്ട വാദ്യവും തെയ്യവും കൂടെ ഉള്‍പ്പെടുത്തുകയായിരുന്നു. പെട്രോപോളീസ് പട്ടണത്തിന്റെ മദ്ധ്യത്തില്‍ ഉള്ള ഒരു വലിയ മൈതാനം വാടകയ്ക്ക് എടുത്ത് പന്തലും സ്റ്റേജും അത്യാധുനിക ടെലിവിഷന്‍/ഇന്റര്‍നെറ്റ് സംവിധാനങ്ങളും സ്ഥാപിച്ച് കൊണ്ടാണ് ആറ് ദിവസത്തെ ഉത്സവം അരങ്ങേറിയത്. പട്ടണത്തിന്റെ പുറത്ത് ഏറ്റവും ഉയരത്തില്‍ കിടക്കുന്ന ഒരു മലയുടെ മുകളില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്വന്തം സ്ഥലത്ത് അധികം താമസിയാതെ ഒരു ഗുരുകുലവും ദക്ഷിണാമൂര്‍ത്തി ക്ഷേത്രവും ഉയര്‍ന്നുവരും. ഉത്സവം തുടങ്ങുന്നതിന് മുമ്പുള്ള ഒരു ദിവസം രാവിലെ ആറ് മണി മുതല്‍ പതിനൊന്ന് മണി വരെ നീണ്ടുനിന്ന ഒരു മഹാരുദ്ര ഹോമംശ്രൂ ദുരൈ വെങ്കട്ട സ്വാമിയുടെ നേതൃത്വത്തില്‍ ആ മലമുകളില്‍ നടത്തിയപ്പോള്‍ ഞങ്ങള്‍ ആറ് പേരും പങ്കെടുത്തിരുന്നു. ഈ വര്‍ഷത്തെ ഉല്‍സവത്തിന് സംഘാടകര്‍ കൊടുത്തിരിക്കുന്ന തലവാചകം അഥവാ ‘ടാഗ്‌ലൈന്‍’ പരിപാടിയുടെ സ്വഭാവത്തെയും ഘടനയെയും പറ്റിയുള്ള ഒരു ദിശാസൂചകമാണ്. പോര്‍ച്ചുഗീസ് ഭാഷയില്‍ എഴുതിയത് ‘ഒരു ഫ്യൂച്ച്യൂറോ എ ഏന്‍സൈസ്ട്രല്‍’ എന്നാണ് ഇംഗ്ലീഷില്‍ ഒ ഫ്യൂച്യുറോ എ ഏന്‍സെസ്ട്രല്‍ എന്നാല്‍ ഇംഗ്ലീഷില്‍ ദി ഫ്യൂച്ചര്‍ ഈസ് ഏന്‍സെസ്ട്രല്‍ ഭാരതത്തിലെയും ബ്രസീലിലെയും തദ്ദേശീയ പുരാതന മതങ്ങളുടെ ആചാരങ്ങളുടെയും സംസ്‌കാരത്തിന്റെയും Indigenous religious rituals and culture) ഒരു ആഘോഷമാണ് ആറ് ദിവസമായി നടന്നത്. സനാതനധര്‍മ്മത്തിലെ വിശ്വാസപ്രമാണങ്ങളും, ഹോമവും, പൂജയും വേദങ്ങളെ സംഗ്രഹിച്ച് വിവരിച്ചുള്ള ആത്മീയ പ്രഭാഷണങ്ങളും, ആത്മജ്ഞാനത്തിലേക്കുള്ള വിവിധ വഴികളായി ആഫ്രോ ബ്രസീലിയന്‍ നൃത്തവും സംഗീതവും, ആമസോണ്‍ കാടുകളിലെ വിവിധ ഗോത്രവര്‍ഗ്ഗങ്ങളുടെ പാട്ടും, നൃത്തവും, ആചാരങ്ങളും, കേരളത്തിന്റെ ചെണ്ടമേളവും, കളരിപ്പയറ്റും വിവിധ സമയങ്ങളിലായി രണ്ട് വേദികളിലും മൈതാനത്തും അരങ്ങേറി.
കേരളത്തിന്റെ കളരിപ്പയറ്റും, കളരി ഉഴിച്ചിലും വളരെയേറെ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും, കളരിപ്പയറ്റ് സ്റ്റേജില്‍ വെച്ച് പ്രദര്‍ശനപരതയോടു കൂടി ചെയ്തതുകൊണ്ട് അതിന്റെ പ്രാധാന്യവും ആത്മീയവശവും കാഴ്ചക്കാര്‍ക്ക് പൂര്‍ണമായും ഗ്രഹിക്കാന്‍ പറ്റിയില്ലെന്ന് തോന്നി. ഉത്സവത്തിന് മുന്നോടിയായുള്ള ഒരു ‘കര്‍ട്ടന്‍ റെയ്‌സര്‍’ പരിപാടി, പെട്രോപോളിസ്’ പട്ടണത്തിലെ സുന്ദരമായ ഒരു പ്രദര്‍ശന ഹോളായ ‘ക്രിസ്റ്റല്‍ പാലസില്‍’ നടന്നപ്പോള്‍ കളരി കാഴ്ചക്കാര്‍ക്ക് കളരിപ്പയറ്റിന്റെ ചരിത്രം, ആത്മീയ വശം, സൗന്ദര്യശാസ്ത്രം മുതലായവയെപ്പറ്റി ഈ ലേഖകനും, ജ്യോതിയും വിവരിച്ചിരുന്നു. അവിടെ ഒരു ചെണ്ടവാദ്യ പ്രദര്‍ശനം വെച്ചപ്പോള്‍, കളരിയേക്കാള്‍ ബ്രസീലുകാരെ ആകര്‍ഷിച്ചത് ചെണ്ടയുടെ താളമാണ്. ബ്രസീലിലെ വേദാന്ത വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും നേരത്തെ തന്നെ യോഗ, കുങ്ങ്ഫു, മറ്റു ജാപ്പനീസ്-ചൈനീസ്-കൊറിയന്‍ ആയോധന കലകളില്‍ പ്രാവീണ്യമുള്ളവരാണ്.
ബ്രസീലുകാരെ ഏറ്റവും ആകര്‍ഷിച്ചത് വടക്കേ മലബാറുകാരുടെ തെയ്യമാണ് എന്ന് വളരെ പ്രാധാന്യത്തോടെ പറയട്ടെ. പെട്രോപോളിസ് മൈതാനത്ത് നിര്‍മ്മിച്ച താല്ക്കാലിക ക്ഷേത്രത്തിനു മുന്‍വശമാണ് കടത്തനാടന്‍ (വടകര താലൂക്ക്) ശൈലിയിലുള്ള ഭഗവതിയും, കുട്ടിച്ചാത്തനും, കാരണവര്‍ തെയ്യവും മൂന്ന് രാത്രികളിലായി ആചാരപൂര്‍വ്വം കെട്ടിയാടിയത്. ഒന്നാമത്തെ രാത്രി എട്ട് മണി മുതലാണ് ഭഗവതി തെയ്യം നിശ്ചയിച്ചിരുന്നത്. ബ്രസീലില്‍ എന്നല്ല ഒരു പക്ഷെ തെക്കെ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കണം എല്ലാ ചിട്ടവട്ടങ്ങളും അനുസരിച്ച് ആചാരാനുഷ്ഠാനങ്ങളോടുകൂടി ചെണ്ടയുടെയും തോറ്റത്തിന്റെയും അകമ്പടിയോടു കൂടി തെയ്യം കെട്ടിയാടിയത്. തെയ്യച്ചമയത്തിനും തെയ്യക്കോലം കെട്ടുന്നതിനും മുന്നോടിയായുള്ള പ്രാര്‍ത്ഥനയും അരിനുരിക്കലും പ്രധാന വ്യക്തികള്‍ക്ക് അനുഗ്രഹം കൊടുക്കലും എല്ലാം ബ്രസീലിലെ വേദാന്ത വിദ്യാര്‍ത്ഥികളും, നാട്ടുകാരായ കാഴ്ചക്കാരും അത്ഭുതത്തോടെയും അത്യന്തം ഭയഭക്തി ബഹുമാനത്തോടെയുമാണ് കണ്ടിരുന്നത്. ചമയവും, തെയ്യപ്രദര്‍ശനവും കൂടി ഏതാണ്ട് രണ്ടര മണിക്കൂര്‍ മുന്നൂറിലധികം വരുന്ന ആളുകള്‍ ഇത് ആസ്വദിക്കുകയും, മനസ്സിലാക്കുകയും ചെയ്തു. ഇതില്‍ ഭൂരിപക്ഷം പേരും തെയ്യത്തിന്റെ അനുഗ്രഹത്തിനും വാക്കുകള്‍ കേള്‍ക്കാനുമായി വരിവരിയായി നില്ക്കുന്ന കാഴ്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. അര്‍ദ്ധരാത്രിയും പിന്നിട്ട് ഒരു മണി വരെ അവസാനത്തെ ഭക്തനും ഭക്തയ്ക്കും അനുഗ്രഹം കൊടുത്തിട്ടേ ഞങ്ങള്‍ക്ക് പിരിഞ്ഞു പോകാന്‍ സാധിച്ചുള്ളൂ.
തെയ്യത്തോട് ബ്രസീലുകാരില്‍ ഉളവായ താല്പര്യവും, ഭക്തിയും, ഗൗരവവും അന്വേഷിച്ചപ്പോഴാണ് ആഫ്രോ-ബ്രസീലിയന്‍ മതങ്ങള്‍ക്കും ആചാരങ്ങള്‍ക്കും സംസ്‌കാരത്തിനും നമ്മുടെ തെയ്യവുമായി എത്രമാത്രം സാദൃശ്യം ഉണ്ടെന്നുള്ളത് മനസ്സിലായത്. മെയ് പതിനൊന്നാം തീയതി ഉത്സവത്തിന്റെ മൂന്നാമത്തെ രാത്രി എട്ടരയ്ക്കാണ് രണ്ടാമത്തെ തെയ്യ പ്രദര്‍ശനം (കുട്ടിച്ചാത്തന്‍) അരങ്ങേറേണ്ടത്. ബ്രസീലിലെ ഏറ്റവും പ്രശസ്തമായ ഫുട്‌ബോള്‍ ക്ലബ്ബുകളായ ‘അത്‌ലെറ്റിക്കോമിനെറോയും’, ‘ഫ്‌ളേമിങ്കോയും’ തമ്മിലുള്ള ഒരു ഫുട്‌ബോള്‍ മത്സരം കാണാന്‍ മണിക്കൂറുകള്‍ മുന്നേ സ്റ്റേഡിയം നിറയുന്നതു പോലെ, ഏതാണ്ട് വൈകുന്നേരം ആറര മുതല്‍ ഉത്സവത്തിന് ബ്രസീല്‍ എന്ന വലിയ രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും എത്തിയ വേദാന്ത വിദ്യാര്‍ത്ഥികള്‍ വലിയ ഒരു വൃത്താകൃതിയില്‍ തെയ്യം നടക്കുന്ന ക്ഷേത്രത്തിന്റെ മുന്‍പില്‍ സ്ഥാനം പിടിച്ചിരുന്നു. ഇവരില്‍ പലരും ഞങ്ങളോട് പറഞ്ഞത് അവരുടെ ആത്മീയ ജീവിതത്തിലെ അനര്‍ഘനിമിഷങ്ങളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്നാണ്. ബ്രസീലിയന്‍ ജീവിതത്തില്‍ നിരന്തരമായി കേട്ടു കൊണ്ടിരിക്കുന്നതും, മുന്‍പും കണ്ടൂ എന്ന് തോന്നിപ്പിക്കുന്നതും എന്നാല്‍ ജീവിതത്തില്‍ ആദ്യമായി കാണുന്നതും ആണ് ‘തെയ്യം’ (അവരുടെ വാക്കുകളില്‍) അഥവാ അവരുടെ ആഫ്രോ-ബ്രസീലിയന്‍ മതങ്ങളായ ‘ഉബാഡ’, ‘കെഡൊബ്‌ളെ’ എന്നിവയിലുള്ള ‘ആത്മാവിന്റെ ആരാധന’. രണ്ട് അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും ആഫ്രിക്കയില്‍ നിന്നും കരീബിയന്‍ ദ്വീപുസമൂഹങ്ങളില്‍ നിന്നും പതിനെട്ട്/പത്തൊമ്പതാം നൂറ്റാണ്ടുകളില്‍ കൊണ്ടുവന്ന അടിമകളുടെയിടയില്‍ നിന്നും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉദ്ഭവിച്ച നിരവധി പ്രാദേശിക മതങ്ങളില്‍ രണ്ട് പ്രധാനപ്പെട്ടവയാണിവ.
ആഫ്രിക്കയില്‍ നിന്നും ആദ്യകാലങ്ങളില്‍ ബ്രസീലില്‍ വന്ന അടിമകളുടെ പിന്‍മുറക്കാരും, പിന്നീട് വന്ന ആഫ്രിക്കന്‍ പ്രവാസികളുടെയും ആഫ്രിക്കന്‍ ഗോത്രവര്‍ഗ്ഗ വിശ്വാസങ്ങളും, ആചാരങ്ങളും റോമന്‍ കാത്തലിക് മതത്തിലെ സന്യാസ സമൂഹത്തിലെ ചിലരെ ‘വിശുദ്ധരാക്കുന്ന’ സമ്പ്രദായവും മറ്റും സമന്വയിപ്പിച്ചാണ് ‘കെഡൊബ്‌ളെയും’ (Candomble), ‘ഉബാഡയും’ (Umbanda) രൂപം പ്രാപിച്ചത്. പോര്‍ച്ചുഗീസ് വംശജരായ ബ്രസീലുകാര്‍ക്കും വളരെ പരിചിതമായ ഈ പ്രാദേശിക മതങ്ങളും, അവയുടെ വിശ്വാസങ്ങളും, ആചാരങ്ങളും ബ്രസീലിന്റെ ഒരു ‘കലക്റ്റീവ് അണ്‍കോണ്‍ഷ്യസില്‍’ രൂഢമൂലമായ ബിംബങ്ങളായും വിശ്വാസപ്രമാണങ്ങളായും ഇരിക്കുന്നത് കൊണ്ടാണ് തെയ്യം എന്ന ഉത്തരകേരള ആചാരാനുഷ്ഠാനങ്ങളോടു കൂടിയ നൃത്ത/കളരിച്ചുവടുകളുള്ള ക്ഷേത്രകലയോട് ഇത്ര മമത കാണിച്ചത്. തെയ്യത്തെ നമ്മുടെ നാട്ടിലെ ഭക്തര്‍ കാണുന്നത് പോലെ ദൈവമോ, ദൈവത്തിന്റെ പ്രതിനിധിയായോ, ആത്മാവായോ കണ്ട് അവരില്‍ പലരും അനുഗ്രഹം വാങ്ങുമ്പോള്‍ കരയുന്നതും, ഏതോ അജ്ഞാതശക്തി ശരീരത്തില്‍ പ്രവേശിച്ചത് പോലെ (possessed) വിറക്കുന്നതും, തെയ്യത്തിന്റെ കാലില്‍ സാഷ്ടാംഗ നമസ്‌കാരം ചെയ്യുന്നതും വാക്കുകള്‍ക്ക് കാതോര്‍ക്കുന്നതും അവിശ്വസനീയമായി തോന്നി. രണ്ടും മൂന്നും മണിക്കൂര്‍, അര്‍ദ്ധരാത്രി, നല്ല തണുപ്പില്‍ ഇരുന്ന് തെയ്യത്തിന്റെ മലയാള ഭാഷയിലുള്ള അനുഗ്രഹവാക്കുകളും, ഉപദേശങ്ങളും, ആശ്വസിപ്പിക്കലുകളും ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്ത് കൊടുത്തത് ഈ ലേഖകനാണ്. ഇംഗ്ലീഷ് മനസ്സിലാവാത്തവര്‍ക്ക് ഗബ്രിയേല്‍ എന്ന വേദാന്ത വിദ്യാര്‍ത്ഥി പോര്‍ച്ചുഗീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തുകൊടുത്തു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒക്‌ടോബര്‍ മാസം മുതല്‍ ഏതാണ്ട് ഏപ്രില്‍ വരെ നീണ്ടു നില്‍ക്കുന്ന തെയ്യങ്ങള്‍ കാണാന്‍ വരുന്ന മലയാളികളായ ഭക്തരെ വെല്ലുന്ന ഭയഭക്തിയും, ബഹുമാനവും ആരാധനയും ബ്രസീലുകാര്‍ നല്‍കിയത് ‘കെഡൊബ്‌ളെ’, ‘ഉബാഡ’ തുടങ്ങിയ നല്ല പ്രചാരമുള്ള മതങ്ങളും ക്‌സാങ്കോ, ബറ്റുക്ക്, കഡിമ്പോ, മക്കുമ്പോ മുതലായ ആഫ്രോ-ബ്രസീലിയന്‍ മതങ്ങളും കാരണമാണ്.
‘കെഡൊബ്‌ളെയിലായാലും’, ‘ഉബാഡയിലായാലും’ ആത്മാവിനെ ‘ഒറിഷ’ (Orixas) എന്ന ദൈവസങ്കല്പത്തില്‍ അനുയായികള്‍ ആരാധിക്കുകയും, കൂട്ടത്തിലുള്ള ഒരാളുടെ ശരീരത്തില്‍ കടന്നുകയറാന്‍ (possessed) ഡ്രം മുട്ടുകയും, പാട്ട്, നൃത്തം എന്നിവയിലൂടെ ക്ഷണിക്കുകയുമാണ്. ഇങ്ങനെ ‘possessed’ യ ഒരു വ്യക്തിയിലൂടെ മറ്റുള്ള വിശ്വാസികള്‍ക്ക് ദൈവത്തോട് സംവദിക്കാം എന്നതാണ് ഇവരുടെ രീതി. തെയ്യം ആരംഭിക്കുന്നതിന് മുമ്പ് ചെണ്ട മുട്ടുന്നതും, തോറ്റം ചൊല്ലുന്നതും, തെയ്യം നൃത്തചുവടുകളോടെ പ്രകടനം നടത്തുന്നതും ഒരു ‘ുീലൈലൈറ’ ആയ തദ്ദേശീയ മതത്തില്‍പ്പെട്ട വ്യക്തിയുമായി സാദൃശ്യം തോന്നുന്നത് സ്വാഭാവികം. 1822 ല്‍ പോര്‍ച്ചുഗലില്‍ നിന്നും ബ്രസീലിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം 1891ലെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് രാജ്യം മതസ്വാതന്ത്ര്യം പ്രാപിച്ചത്. ആഫ്രോ-ബ്രസീലിയന്‍ മതങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മാത്രം ബ്രസീലിയന്‍ അതിര്‍ത്തിയും, തെക്കേ അമേരിക്കന്‍ അതിര്‍ത്തികളും ഭേദിച്ച് പല ദേശങ്ങളിലും ആഫ്രിക്കന്‍ പ്രവാസത്തിന്റെ ശക്തമായ ഒരു സാംസ്‌കാരിക/മത പ്രതിഭാസമായി മാറിക്കഴിഞ്ഞു. എന്നിരുന്നാലും ബ്രസീലില്‍ വളരെ ശക്തരായ റോമന്‍ കത്തോലിക്കകാരുടെ മത അസഹിഷ്ണുത കാരണം ഈയടുത്ത കാലത്തായി ഒട്ടേറെ കൊഡൊബ്‌ളെ/ഉബാഡ അമ്പലങ്ങള്‍ (Terreiros) നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ദുര്‍മന്ത്രവാദികളും ചെകുത്താനെ ആരാധിക്കുന്നവരും, ബഹുദൈവങ്ങളില്‍ വിശ്വസിക്കുന്നവരായും ആരോപണവിധേയമായിട്ടുള്ള ആഫ്രോ-ബ്രസീലിയന്‍ മതങ്ങള്‍ കത്തോലിക്കാര്‍ക്ക് ഭീഷണിയല്ലെങ്കിലും ഈ വിശ്വാസപ്രമാണങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന സ്വത്വ രൂപവത്കരണം ബ്രസീല്‍ പോലെ വംശ കലര്‍പ്പുള്ള (racialmixture)) സാംസ്‌കാരിക സമന്വയമുള്ള (Cultural syncretiscm)ഒരു രാജ്യത്തിന് എന്താണ് സംഭാവന ചെയ്യുക എന്നത് ഒരു സമസ്യയാണ്. ഇവ കൂടാതെ വളരെ ശക്തമായ ആമസോണിയന്‍ ഗോത്രസംസ്‌കാരവും ഏതാണ്ട് മുന്നൂറോളം തദ്ദേശീയ ഗോത്രവിഭാഗങ്ങളും, ഇരുന്നൂറ്റി എഴുപത്തിനാല് ഗോത്ര ഭാഷകളും വ്യത്യസ്തങ്ങളായ മത/ദൈവവിശ്വാസങ്ങളും 2022 ലെ സെന്‍സസില്‍ നിലവിലുണ്ട്. രണ്ടു ബസുകളിലായി ആയിരക്കണക്കിന് മൈലുകള്‍ അകലെയുള്ള കാടുകളില്‍ നിന്നും, കാടിനോട് ചേര്‍ന്ന പട്ടണങ്ങളില്‍ നിന്നും ആദിവാസികളെ വേദാന്ത ഉത്സവത്തിന് സംഘാടകര്‍ എത്തിച്ചിരുന്നു.
ഇങ്ങനെ പൂര്‍വികതയുടെ/പ്രാചീനതയുടെ/പൗരാണികതയുടെ മത വിശ്വാസങ്ങളായ ഹിന്ദു (സനാതനധര്‍മ്മം), ആഫ്രിക്കന്‍ ഗോത്ര വര്‍ഗ്ഗമതത്തില്‍ നിന്നും ഉദ്ഭവിച്ച കൊഡൊബെ്‌ള, ഒബാഡ, ആമസോണ്‍ കാട്ടിലെ ഗോത്രമതവിഭാഗങ്ങള്‍ എന്നിവയുടെ ഒരു സമ്മേളനവും, ആചാരങ്ങളുടെയും, സംസ്‌കാരങ്ങളുടെയും ഒരു ആഘോഷവുമായിരുന്നു ആറ് ദിവസത്തെ വേദാന്ത ഉത്സവം. പന്തലിന്റെ മദ്ധ്യത്തില്‍ വൃത്താകൃതിയില്‍ നിര്‍മ്മിച്ച സ്റ്റേജില്‍ ശിവപാര്‍വ്വതിമാരെ സ്ഥിരമായി പ്രതിഷ്ഠിച്ചിട്ടുണ്ടായിരുന്നു. വേദോച്ചാരണവും, മന്ത്രോച്ചാരണവും, വേദക്ലാസുകളും മറ്റ് പല ആഘോഷങ്ങളും ഇവിടെയും പന്തലിന് പുറത്തുള്ള രണ്ടാമത്തെ സ്റ്റേജിലുമായി നടന്നു. എല്ലാ വിഭാഗം ജനങ്ങളും ശിവഭഗവാനെയും, പാര്‍വ്വതി ദേവിയെയും ഭക്തിപൂര്‍വ്വം നമിച്ചതിനോടൊപ്പം, തെയ്യം നടക്കുന്ന ക്ഷേത്രത്തില്‍ തെയ്യത്തിന്റെ കാലില്‍ വീണ് നമസ്‌കരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. കത്തോലിക്കര്‍ ഭൂരിപക്ഷമുള്ള രാജ്യമായിട്ട് കൂടി ക്രിസ്തുമാതവുമായി ബന്ധപ്പെട്ട ഒരു ആചാരവും, ആരാധനയും അവിടെ നടത്തിയില്ല. വേദാന്ത വിദ്യാര്‍ത്ഥികള്‍ ഏതാണ്ട് എല്ലാവരും ജന്മം കൊണ്ട് ക്രൈസ്തവരാണെങ്കിലും അവരില്‍ പലരും ഇന്ന് ഹിന്ദുനാമങ്ങള്‍ സ്വീകരിച്ച് സസ്യഭുക്കുകളായി സംസ്‌കൃതം പഠിച്ച്, യോഗയും ധ്യാനവും ചെയ്ത്, വേദങ്ങള്‍ മന:പാഠമാക്കി, ഹിന്ദു ദൈവങ്ങളെയും പുരാണകഥാസന്ദര്‍ഭങ്ങളെയും കൈയിലും കാലിലും പച്ചകുത്തി സനാതനധര്‍മ്മ വിശ്വാസികളായി ജീവിക്കുന്നവരാണ്. ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും നാല്പത് വയസ്സിന് താഴെയുള്ള യുവതികളാണ് എന്നതാണ് മറ്റൊരു സവിശേഷത. ജീവിതത്തെ ഏറ്റവും ആഘോഷപൂര്‍ണമാക്കി കഴിയുന്ന, ബ്രസീലിലെ ലാറ്റിനമേരിക്കന്‍ ജനതയുടെ, ആധുനിക ഭൗതിക/ലൗകിക സുഖങ്ങളില്‍ സന്തോഷം കണ്ടെത്തുന്ന രാജ്യത്തിന്റെ തികച്ചും വ്യത്യസ്തമായൊരു മുഖം ഞങ്ങള്‍ക്കവിടെ കാണാന്‍ സാധിച്ചു.