കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെയും വികസന പദ്ധതികളുടേയും മേന്മ സ്വന്തം നേട്ടമായി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുക, അതുവഴി തെറ്റിദ്ധരിപ്പിക്കുക. ഇതാണ് എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെയും സംസ്ഥാന ഭരണത്തിന് നേതൃത്വം കൊടുക്കുന്ന സിപിഎമ്മിന്റെയും രീതി. ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ടു കൊണ്ടുളള സംസ്ഥാന ഭരണകൂടത്തിന്റെ തീരുമാനങ്ങളില്‍ð പോലും കേന്ദ്ര സര്‍ക്കാരിനെ പഴിചാരി രക്ഷപ്പെടാനുള്ള ശ്രമങ്ങളും കേരളത്തില്‍ സര്‍വ്വസാധാരണമാണ്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ഒട്ടുമിക്കതും പേര് മാറ്റി സ്വന്തം പദ്ധതികളാക്കി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നതും കഴിഞ്ഞ കുറേക്കാലമായി സംസ്ഥാന ഭരണകൂടം തുടരുകയാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിച്ച തലശ്ശേരി-മാഹി ബൈപ്പാസുമായി ബന്ധപ്പെട്ട്, ഇതിന്റെ പിതൃത്വം ഏറ്റെടുത്തു കൊണ്ട് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും നടത്തിയ ‘ഷോ’കള്‍ എട്ടുകാലി മമ്മൂഞ്ഞിനെ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു. യഥാര്‍ത്ഥത്തില്‍ ബൈപ്പാസ് യാഥാര്‍ത്ഥ്യമായതിന് പിന്നില്‍ സംസ്ഥാന ഭരണകൂടത്തിന് ഒരു പങ്കുമില്ലെന്നതാണ് വസ്തുത.
കോവിഡാനന്തരം ദേശീയപാത നാലുവരിയാക്കുന്നതിനായി നടത്തിക്കൊണ്ടിരുന്ന സ്ഥലമേറ്റെടുക്കല്‍ സംസ്ഥാനത്ത് പ്രതിസന്ധിയിലായതോടെ ഭൂമിയേറ്റെടുത്തു നല്‍കുന്നതിന് 25 ശതമാനം പണം സംസ്ഥാനം നല്‍കാം എന്ന് സമ്മതിക്കുകയുണ്ടായി. കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള തുകയേക്കാള്‍ സംസ്ഥാനത്തെ ഭൂവുടമകള്‍ ആവശ്യപ്പെടുകയും അത് തര്‍ക്കത്തില്‍ കലാശിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ദേശീയപാതയ്ക്കായി ഭൂമിയേറ്റെടുക്കാന്‍ 25 ശതമാനം നല്‍കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനം. ഇത്തരമൊരു വാഗ്ദാനത്തിന് പിന്നില്‍ ചില ഗൂഢ ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്ന ആരോപണങ്ങളും നിലനില്‍ക്കുന്നുണ്ട്. ദേശീയപാത നിര്‍മ്മാണത്തിന് ഏറ്റെടുത്ത സ്ഥലങ്ങള്‍ക്ക് പലയിടങ്ങളിലും മാനദണ്ഡങ്ങള്‍ പലതായിരുന്നുവെന്നും സിപിഎം ശക്തികേന്ദ്രങ്ങളിലെ ഭൂമി നഷ്ടപ്പെട്ട വ്യക്തികള്‍ക്ക് ഉയര്‍ന്ന വില നല്‍കി. ഉയര്‍ന്ന വില ലഭിക്കേണ്ട നഗരങ്ങളോട് ചേര്‍ന്ന് കിടക്കുന്ന കണ്ണായ സ്ഥലങ്ങളില്‍ തുച്ഛമായ വില നിശ്ചയിച്ച് നല്‍കിയെന്നുമുള്ള പരാതികളാണ് നിലനില്‍ക്കുന്നത്.
25 ശതമാനം നല്‍കാം എന്ന ധാരണയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം-കാസര്‍കോട് ദേശീയപാതയ്ക്കായി സംസ്ഥാനത്താകെയുള്ള സ്ഥലമേറ്റെടുക്കലിന് ഏതാണ്ട് 5000 കോടിയോളം രൂപ സംസ്ഥാനം ചിലവാക്കിയെന്നാണ് സര്‍ക്കാരിന്റെ വാദം. ഈ വാദഗതി മാഹി ബൈപ്പാസുമായി ചേര്‍ത്ത് വെച്ച് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ നാളുകളായി കുപ്രചാരണം നടത്തുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് മാഹി ബൈപ്പാസ് യാഥാര്‍ത്ഥ്യമായതിന് പിന്നില്‍ സംസ്ഥാന സര്‍ക്കാരാണെന്ന അവകാശവാദത്തിന് പിന്നിലും. ഇതിന്റെ പേരില്‍ കണ്ണൂര്‍ മണ്ഡലത്തിലെ സിപിഎമ്മിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയേയും പാര്‍ട്ടി നേതാക്കളേയും കൂട്ടി ഉദ്ഘാടന ദിവസം ബൈപ്പാസിലൂടെ റോഡ് ഷോയും നടത്തുകയുണ്ടായി. എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ദേശീയപാത അധികൃതര്‍ ടെന്റര്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം നടത്തിയതാണ് ബൈപ്പാസ്. പില്‍ക്കാലത്ത് ദേശീയപാതയ്ക്കായി ചിലവിട്ടുവെന്ന് സര്‍ക്കാര്‍ പറയുന്ന ഫണ്ടുമായി ബൈപ്പാസ് പ്രവൃത്തിക്ക് യാതൊരു ബന്ധവുമില്ല. എന്നാല്‍ ഇടതുപക്ഷം ജനങ്ങളെ ഇപ്പോഴും തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ദേശീയപാത 66 ന്റെ ഭാഗമായ തലശ്ശേരി-മാഹി ബൈപ്പാസ് 46 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് കഴിഞ്ഞ 11ന് യാഥാര്‍ത്ഥ്യമായത്. 1977ലാണ് ബൈപ്പാസിനായി ഭൂമി ഏറ്റെടുക്കല്‍ തുടങ്ങിയത്. 85.5 ഹെക്ടര്‍ ഭൂമി ഇതിനായി ഏറ്റെടുത്തു. 2017 നവംമ്പറില്‍ പ്രവൃത്തി തുടങ്ങിയെങ്കിലും 2018 ഒക്ടോബര്‍ 30നാണ് തറക്കില്ലടല്‍ നടത്തിയത്. 18.6 കിലോ മീറ്ററാണ് ബൈപ്പാസിന്റെ നീളം. സര്‍വ്വീസ് റോഡ് ഉള്‍പ്പെടെ 45 മീറ്റര്‍, ഇരുവശത്തും 5.5 മീറ്റര്‍ വീതിയിലാണ് സര്‍വ്വീസ് റോഡ്. 13.5 മീറ്റര്‍ വീതം ഇരുഭാഗത്തേയും റോഡ്. മീഡിയന്‍ ഒരു മീറ്റര്‍. കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ മുതല്‍ കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് വരെയാണ് ബൈപ്പാസ്. കേന്ദ്ര സര്‍ക്കാരിന്റെ ദേശീയപാത അതോറിറ്റിയാണ് ബൈപ്പാസ് നിര്‍മ്മാണം നടത്തിയത്. 1543 കോടി രൂപ ചിലവാക്കിയാണ് ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.
ബൈപ്പാസിന്റെ നിര്‍മ്മാണ ചിലവ് മുഴുവന്‍ വഹിച്ചിരിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഗതാഗത വകുപ്പിന് കീഴിലുളള ദേശീയപാത അതോറിറ്റിയാണ്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ചില സാങ്കേതിക തടസ്സങ്ങളുമായിരുന്നു ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നത് വൈകിപ്പിച്ചത്. നിസ്സാരമായ തടസ്സങ്ങള്‍ നീക്കുന്ന കാര്യത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ സംസ്ഥാനം ഭരിച്ച ഇടത്-വലത് സര്‍ക്കാരുകളോ കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ്, യുപിഎ സര്‍ക്കാരുകളോ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതായിരുന്നു ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാന്‍ കാരണം. പത്ത് വര്‍ഷക്കാലം രാജ്യം ഭരിച്ച യുപിഎ സര്‍ക്കാരിനെ പിന്തുണച്ച സിപിഎം അടക്കമുളള ഇടതുപക്ഷം ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുന്നതിന് മുന്‍കയ്യെടുക്കാന്‍ പോലും തയ്യാറായിരുന്നില്ല. അന്ന് അതിന് തയ്യാറായിരുന്നുവെങ്കില്‍ ഇതിലും എത്രയോ മുന്നെ ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുമായിരുന്നു.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ബൈപ്പാസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവന്‍വെച്ചതും പ്രവര്‍ത്തികള്‍ക്ക് വേഗത കൈവരിച്ചതും. രാജ്യത്താകമാനം മുടങ്ങിക്കിടന്ന ദേശീയപാത പദ്ധതികളെല്ലാം യാഥാര്‍ത്ഥ്യമാക്കുന്നതിനായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ നടത്തിയ ശക്തമായ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് കഴിഞ്ഞ ദിവസം ബൈപ്പാസ് യാഥാര്‍ത്ഥ്യമായതിന് പിന്നിലെന്നതാണ് വസ്തുത.
ദേശീയപാതവഴി കോഴിക്കോട്-കണ്ണൂര്‍ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ തലശ്ശേരി, മാഹി ടൗണുകള്‍ കടക്കാന്‍ ഒന്നര മണിക്കൂറോളം സമയമെടുത്ത നാളുകള്‍ ബൈപ്പാസ് തുറന്നു കൊടുത്തതോടെ ഓര്‍മയായിരിക്കുകയാണ്. മുഴപ്പിലങ്ങാട് മഠം ജംഗ്ഷന്‍ മുതല്‍ അഴിയൂര്‍ വരെയുള്ള 18.6 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ ഇനി വേണ്ടത് പരമാവധി 20 മിനിറ്റ്. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ പാത യാഥാര്‍ഥ്യമാക്കിയ മോദി സര്‍ക്കാരിന്റെ നടപടിയില്‍ കേരളത്തിലെ ജനങ്ങള്‍ പ്രത്യേകിച്ച് ഉത്തര മലബാറുകാര്‍ ഏറെ ആഹ്ലാദത്തിലാണ്.