Sunday, June 15, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

അതുല്യനായ കലാപ്രതിഭ

രമേശ് ലക്ഷ്മണന്‍

Print Edition: 15 March 2024

മുപ്പത്തഞ്ചുകൊല്ലം മുന്‍പ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ചുമര്‍ച്ചിത്രപ്പണിയുടെ ഭാഗമായി കുറച്ചു നാള്‍ ഞാന്‍ അവിടെയുണ്ടായിരുന്നു. പ്രശസ്ത ചിത്രകാരനായിരുന്ന കെ.കെ.വാരിയര്‍ സാറിന്റെ കൂടെയായിരുന്നു ഞാന്‍ പണിയെടുത്തിരുന്നത്. വാരിയര്‍ സാറിന്റെ മകന്‍ ശശിയുടെ കൂടെ ഞാനും മറ്റു ചില സഹായികളുമാണുണ്ടായിരുന്നത്. ശ്രീകോവിലിനു ചുറ്റും പായകൊണ്ടു കെട്ടിമറച്ച് അതിനുള്ളില്‍ മുളവെച്ചു കെട്ടി അതിന്മേലിരുന്നാണ് പണിചെയ്തിരുന്നത്. ഏറ്റവും മുകളിലുള്ള പണിയാണു ചെയ്തുകൊണ്ടിരുന്നത്. ഭക്തജനങ്ങള്‍ താഴെ വന്നു തൊഴുതു വലംവെയ്ക്കുന്നതൊന്നും ഞങ്ങള്‍ അധികം ശ്രദ്ധിക്കാറില്ല; അവര്‍ ഞങ്ങളെയും. പക്ഷെ, ചിലര്‍ ഞങ്ങളുടെ ശബ്ദം ശ്രദ്ധിച്ച് അതിനിടയിലൂടെ ഞങ്ങളെ നോക്കാറുണ്ട്. ഒരു ദിവസം, താഴെ ചില അനക്കം കേട്ടപ്പോള്‍ ഞാന്‍ മുകളില്‍നിന്നും താഴേക്കുനോക്കി. അപ്പോള്‍ ഒരാള്‍ ആ പായപൊക്കി ഇടയിലൂടെ ഞങ്ങളെ നോക്കുന്നു. ആ മുഖം എവിടെയോ കണ്ടതുപോലെ ഞാനോര്‍ത്തുപോയി. പെട്ടെന്ന് എനിക്ക് ആളെ മനസ്സിലായി. വിഖ്യാതനായ ചിത്രകാരന്‍ എ. രാമചന്ദ്രന്‍. ഞാന്‍ വളരെ ബഹുമാനിക്കുന്ന, ഇഷ്ടപ്പെടുന്ന ചിത്രകാരന്‍. ഞാന്‍ ഉടനെ തന്നെ താഴേക്കിറങ്ങി. ശശിയോടും പറഞ്ഞു. അയാളും താഴേക്കു വന്നു. ഞാന്‍ അദ്ദേഹത്തിനു നമസ്‌കാരം പറഞ്ഞു. ഞങ്ങള്‍ ചെയ്യുന്ന പണിയുടെ വിശദാംശങ്ങള്‍ അദ്ദേഹം അന്വേഷിച്ചു. കേരളത്തിന്റെ ചുമര്‍ചിത്രങ്ങളെക്കുറിച്ച് ആധികാരികമായ ഗവേഷണം നടത്തികൊണ്ടിരിക്കുന്നയാളായിരുന്നു അദ്ദേഹം. ആകസ്മികമായിരുന്നു ആ കണ്ടുമുട്ടല്‍. ഞാന്‍ വളരെ നിര്‍ന്നിമേഷനായി അദ്ദേഹത്തെ നോക്കിനിന്നു. ഒരു വലിയ കലാകാരന്റെ ഭാവപ്രകടനങ്ങളോ ചേഷ്ടകളോ ഇല്ലാതെ ഒരു സാധാരണ മനുഷ്യനെപോലെ അദ്ദേഹം ഞങ്ങളോടു സംവദിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ ഒരു പ്രദര്‍ശനം എറണാകുളം കേരള ലളിതകലാ അക്കാദമിയുടെ ദര്‍ബാര്‍ ആര്‍ട് ഗാലറിയില്‍ നടന്നപ്പോള്‍ അദ്ദേഹത്തെ കാണാനും പരിചയം പുതുക്കുവാനും സാധിച്ചു.

അച്യുതന്‍ രാമചന്ദ്രന്‍ അഥവാ എ.രാമചന്ദ്രന്‍ ആധുനിക ഭാരതീയകലയിലെ ഒരു മഹത്തായ അദ്ധ്യായമാണ്. കെ.സി.എസ്. പണിക്കര്‍ക്കു ശേഷം ഭാരതീയ ചിത്രകലയ്ക്ക് തനതായ ഒരു വ്യക്തിമുദ്ര നല്‍കിയ മഹാനായ ചിത്രകാരന്‍. 1935ല്‍ ആറ്റിങ്ങലില്‍ അച്യുതന്‍ നായരുടേയും ഭാര്‍ഗ്ഗവി അമ്മയുടേയും മകനായി ജനിച്ചു. കേരളത്തിന്റെ പ്രകൃതിരമണീയതയോടൊപ്പം അമ്മയുടെ കൂടെ അടുത്തുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ അവിടെ കണ്ട ചുമര്‍ച്ചിത്രങ്ങളുടെ സൗകുമാര്യതയും ആ ബാലമനസ്സിന്റെ ഭാവനയെ സ്വാധീനിച്ചു. കുട്ടിക്കാലം മുതല്‍ക്കുതന്നെ സംഗീതാഭ്യാസവുമുണ്ടായിരുന്നു.

1957ല്‍ മലയാളസാഹിത്യത്തില്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നും ബിരുദാനന്തരബിരുദം നേടി. കുഞ്ചന്‍നമ്പ്യാരുടെ കൃതികളും ആധുനിക മലയാളസാഹിത്യകാരന്മാരായ ബഷീറും തകഴിയും ചെറുകാടും ഉറൂബും കേശവദേവും ദസ്‌ത്യോവ്‌സ്‌കിയും അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചിരുന്നു. പ്രശസ്ത ശില്‍പിയായ ശാന്തിനികേതനിലെ രാം കിങ്കര്‍ ബേജിന്റെ സന്താള്‍ കുടുംബം എന്ന ശില്‍പത്തിന്റെ ചിത്രം കാണാനിടയായ അദ്ദേഹം തന്റെ വഴിയേതാണെന്നു കണ്ടെത്തി. യഥാതഥമായ ചിത്രീകരണരീതിയില്‍ നിന്നു വ്യത്യസ്തമായി ചിലതു ചെയ്യാന്‍ സാധിക്കുമെന്നു മനസ്സിലാക്കി. രാജാരവിവര്‍മ്മയ്ക്കു ശേഷം കേരളത്തിന്റെ കലയ്ക്കു നഷ്ടമായിരുന്നതുമതായിരുന്നു.

അദ്ദേഹം ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വ്വകലാശാലയിലെ കലാഭവനില്‍ കലാപഠനത്തിനായി ചേര്‍ന്നു. ബ്രിട്ടീഷ് ആധിപത്യകാലത്ത് ലളിതകലയില്‍ ദേശീയമായ വികാരം രൂപപ്പെടുത്തുവാനും ഭാരതീയകലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനുമായിരുന്നു കലാഭവന്‍ ശ്രമിച്ചിരുന്നത്. അബനീന്ദ്രനാഥ ടാഗോറും നന്ദലാല്‍ ബോസും തുടര്‍ന്ന് രാംകിങ്കര്‍ ബെയ്ജും ബിനോദ്ബിഹാരി മുഖര്‍ജിയുമൊക്കെയായിരുന്നു അതിന്റെ ആദ്യകാല സാരഥികള്‍. നന്ദലാല്‍ ബോസ് ചിട്ടപ്പെടുത്തിയ പാഠ്യപദ്ധതിയനുസരിച്ച് വിദ്യാര്‍ത്ഥികള്‍ ചിത്രം, ശില്‍പം, ഗ്രാഫിക്, കരകൗശലം മുതലായവയെല്ലാം അഭ്യസിക്കണമായിരുന്നു. രാമചന്ദ്രന്‍ രാംകിങ്കറിന്റെയും ബിനോദ്ബിഹാരി മുഖര്‍ജിയുടെയും കീഴിലാണ് കലാപഠനം നടത്തിയത്. ശില്‍പകലയില്‍ ഒരു പുതിയ പാത തെളിച്ചയാളായിരുന്നു രാംകിങ്കര്‍. ബംഗാളിലെ സന്താള്‍ വര്‍ഗ്ഗക്കാരെ അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിന്റെ ശില്‍പങ്ങള്‍ ലോകോത്തരമാണ്. പിന്നീട്, രാമചന്ദ്രനു തന്റെ ചിത്രങ്ങള്‍ക്ക് ഉദയപൂരിലെ ഭീല്‍വര്‍ഗ്ഗക്കാരുടെ രൂപങ്ങളിലേയ്ക്ക് എത്തുവാന്‍ ഇതു പ്രേരണയായിരുന്നിരിക്കാം.

ബംഗാള്‍ സ്‌കൂളിന്റെ ദേശീയമായ മുന്നേറ്റത്തെ പ്രതിരോധിക്കുവാനും യൂറോപ്പില്‍ ഉണ്ടായ ആധുനിക കലയ്ക്ക് ഭാരതത്തില്‍ പ്രചാരമുണ്ടാക്കുവാനുമായി മുംബൈ കേന്ദ്രമാക്കി എഫ്.എന്‍.സൂസ, എസ്.എന്‍.റാസ, എം.എഫ്.ഹുസൈന്‍ തുടങ്ങിയവര്‍ പ്രോഗ്രസ്സീവ് ആര്‍ട് ഗ്രൂപ് എന്ന പ്രസ്ഥാനം തുടങ്ങിയ കാലഘട്ടമായിരുന്നു. പക്ഷെ, രാമചന്ദ്രന്‍ തിരഞ്ഞെടുത്തത് ശാന്തിനികേതനിലെ കലാഭവന്‍ ആയിരുന്നു. 7 കൊല്ലത്തോളം അദ്ദേഹം അവിടെയുണ്ടായിരുന്നു. അദ്ദേഹം പറയുന്നു, ആ മൂന്നു ഗുരുക്കന്മാര്‍ – നന്ദലാല്‍ബോസ്, രാംകിങ്കര്‍ ബെയ്ജ്, ബിനോദ് ബിഹാരി മുഖര്‍ജി – കലാകാരന്മാരായി പരിണമിച്ചതും പൗരസ്ത്യ-പശ്ചാത്യകലകളെക്കുറിച്ചുള്ള അവരുടെ വീക്ഷണവും ആധുനികകലയെ ഉള്‍ക്കൊള്ളുവാനും ആ കാലഘട്ടത്തില്‍ സാധിച്ചുവെന്ന്. ആ പ്രതിഭാസങ്ങളുമായുള്ള ഇടപെടല്‍ അദ്ദേഹത്തിന്റെ കലാജീവിതം പടുത്തുയര്‍ത്തുന്നതിനു പ്രേരകമായിരുന്നു. പാശ്ചാത്യകലയുടെ ഭാഷയില്‍നിന്നും തികച്ചും വ്യത്യസ്തമാണ് പൗരസ്ത്യകലയുടെ ഭാഷയെന്ന് വളരെ കൃത്യമായിട്ടുതന്നെ കലാഭവന്‍ മനസ്സിലാക്കിയിരുന്നു. അതിനാല്‍ അവരുടെ പഠനസമ്പ്രദായം പ്രകൃതിയെ നേരിട്ടു വീക്ഷിച്ചു പകര്‍ത്തുകയായിരുന്നു. നന്ദലാല്‍ ബോസും രാംകിങ്കറും ബിനോദ് ബിഹാരിയുമെല്ലാം ഇത്തരം രചനകള്‍ നടത്തിയിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

ശാന്തിനികേതനിലെ പഠനത്തിനും ഗവേഷണത്തിനുശേഷം അദ്ദേഹം ദല്‍ഹിയില്‍ ജാമിയമിലിയ സര്‍വ്വകലാശാലയില്‍ കലാദ്ധ്യാപകനും തുടര്‍ന്ന് കലാവിഭാഗത്തിന്റെ മേധാവിയുമായിത്തീര്‍ന്നു. അവിടത്തെ കലാവിഭാഗം രൂപപ്പെടുത്തി വികസിപ്പിച്ചതില്‍ രാമചന്ദ്രന്റെ പങ്ക് നിസ്തുലമായിരുന്നു.

രാമചന്ദ്രന്റെ ആദ്യകാല രചനകള്‍ മനുഷ്യശരീരത്തിന്റെ വിന്യാസങ്ങളായിരുന്നു. തലയില്ലാത്ത നഗ്നശരീരങ്ങളായിരുന്നു അവയെല്ലാം. മനുഷ്യന്റെ യാതനയേയും വിഷാദത്തേയും വളരെ വൈകാരികമായി ചിത്രീകരിക്കുകയായിരുന്നു അദ്ദേഹം. ഹോമേയ്ജ്1 (Homage 1), എന്‍ മാസെ En Masse) തുടങ്ങിയ ചിത്രങ്ങള്‍ അതിന് ഉദാഹരണങ്ങളാണ്. ആ രചനാരീതികളിലും വ്യത്യസ്തവും താളാത്മകവുമായ സൃഷ്ടികളും രാമചന്ദ്രന്‍ നടത്തിയിട്ടുണ്ട്. എക്‌സ്പ്രഷനിസ്റ്റ് ശൈലിയുടെയും മെക്‌സിക്കന്‍ ചുമര്‍ചിത്രങ്ങളുടെ സ്വാധീനവും ഈ രചനയിലെല്ലാം തുടിച്ചുനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ റിസറെക്ഷന്‍ (Indian ressurection), ലാസ്റ്റ് സപ്പര്‍, എന്റോമ്പ്‌മെന്റ് (Entobement), റിസറെക്ഷന്‍ (ressurection)) തുടങ്ങിയവ ബൈബിള്‍ സംബന്ധമായ ആശയങ്ങളാണെങ്കിലും, ക്രിസ്തുവിന്റെ യാതനകളെ പറയാതെ പറഞ്ഞുപോകുകയാണ് അദ്ദേഹം ചെയ്യുന്നത്.

അദ്ദേഹം കല്‍ക്കത്തയില്‍ എത്തിയപ്പോള്‍ സ്വാതന്ത്ര്യം ലഭിച്ചു പത്തുകൊല്ലം കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. വിഭജനത്തിന്റെ തിക്തഫലങ്ങളനുഭവിച്ച സ്ഥലമായിരുന്നു കല്‍ക്കത്ത. അതിനുശേഷം നക്‌സല്‍ പ്രസ്ഥാനങ്ങളുടെ അക്രമങ്ങള്‍. അദ്ദേഹം ദില്ലിയില്‍ കേന്ദ്രമാക്കിയപ്പോള്‍ 1984ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് ദല്‍ഹിയില്‍ അരങ്ങേറിയ സിഖ് കൂട്ടക്കൊലകള്‍. ഇതെല്ലാം തികച്ചും ഗാന്ധിയനായ അദ്ദേഹത്തിന്റെ മനസ്സിനെ വേദനിപ്പിച്ചിരുന്നു. കാളിപൂജ എന്ന ചിത്രം നക്‌സലുകളുടെ ക്രൂരതകളുളവാക്കിയ വേദനയില്‍ നിന്നുണ്ടായതാണ്. അദ്ദേഹത്തിന്റെ വിഷന്‍ ഓഫ് വാര്‍ (Vision of War) എന്ന ചിത്രം യുദ്ധത്തിനെ കുറിച്ചു ദൃഷ്ടാന്തരൂപത്തിലുള്ള വിവരണവും, അതിന്റെ ക്രൂരതയെക്കുറിച്ചും പിന്നെ സമാധാനത്തെയും ചിത്രീകരിക്കുന്നു.

ഇതിനിടയില്‍ അദ്ദേഹം ശില്‍പകലയിലും ശ്രദ്ധകേന്ദ്രീകരിക്കുന്നു. അതില്‍ രാംകിങ്കര്‍ ബെയ്ജിന്റെ ഒരു സ്വാധീനം കാണാവുന്നതാണ്. സിന്ധുനദീതടത്തില്‍ നിന്നും കിട്ടിയിട്ടുള്ള ചില സ്ത്രീരൂപങ്ങളും ആഫ്രിക്കന്‍ ശില്‍പങ്ങളും അദ്ദേഹത്തിനു പ്രചോദനങ്ങളായിരുന്നിരിക്കാം. അധികവും വെങ്കലശില്‍പങ്ങളായിരുന്നു. സ്വന്തം രൂപവും ശില്‍പമാക്കാന്‍ അദ്ദേഹത്തിനു താല്‍പര്യമുണ്ടായിരുന്നു. അതു പല രൂപങ്ങളിലായി നമുക്കു കാണാവുന്നതാണ്. അതിലെല്ലാം അദ്ദേഹത്തിന്റെ നര്‍മ്മബോധം പ്രതിഫലിച്ചിരുന്നു. അദ്ദേഹത്തിന്റെ നര്‍മ്മബോധത്തെക്കുറിച്ചും സഹപ്രവര്‍ത്തകനും ചിത്രകാരനുമായ പരംജിത് സിംഗ് പറയുന്നത്, അദ്ദേഹത്തിനു നല്ല നര്‍മ്മബോധമുണ്ടായിരുന്നുവെ ന്നും പ്രത്യേക സാഹചര്യത്തില്‍ എന്താണു പറയേണ്ടതെന്ന് രാമചന്ദ്രന് നന്നായി അറിയാമായിരുന്നുവെന്നുമാണ്.

തന്റെ ഭാര്യയും ചിത്രകാരിയുമായ ചമേലിയുമായി ചേര്‍ന്ന് രാമചന്ദ്രന്‍ കുട്ടികള്‍ക്കുവേണ്ട കഥകള്‍ രചിക്കുകയും ചിത്രങ്ങള്‍ വരക്കുകയും ചെയ്തിട്ടുണ്ട്. അതിന് അദ്ദേഹത്തിനു ജപ്പാനില്‍ നിന്നും 1978ലും 1980ലും നമോ കോണ്‍കര്‍സ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ചില തപാല്‍ സ്റ്റാമ്പുകളും അദ്ദേഹം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.

എണ്‍പതുകളോടെ രാമചന്ദ്രന്റെ രചനകളില്‍ വളരെ വലിയൊരു വഴിത്തിരിവുണ്ടായി. ഇരുണ്ടതും കറുപ്പും വെളുപ്പും കലര്‍ന്ന നിറങ്ങളും തലയില്ലാത്ത മനുഷ്യരൂപങ്ങളും വഴിമാറി. വേദനയുടേയും വിഷാദത്തിന്റെയും വെറുപ്പിന്റേയുമൊക്കെ ഭാവങ്ങള്‍ മാറി വര്‍ണ്ണാഭയുടേയും ആനന്ദത്തിന്റേയും ഭാവങ്ങള്‍ വിരിഞ്ഞുവരാന്‍ തുടങ്ങി. കിംഗ് ആന്‍ഡ് ദി എലഫന്റ്, മെലണ്‍ സെല്ലര്‍, ഗ്രേവ് ഡിഗ്ഗേര്‍സ് തുടങ്ങിയവ ആ പരമ്പരയില്‍പെട്ട ചിത്രങ്ങളായിരുന്നു. തുടര്‍ന്ന് രാമചന്ദ്രന്റെ രചനയില്‍ വന്ന ഒരു ചിത്രപരമ്പരയായിരുന്നു ദി പപ്പെറ്റ് തീയറ്റര്‍. അതു തികച്ചും അദ്ദേഹത്തിന്റെ അതുവരെയുണ്ടായിരുന്ന ചിത്രരചനാരീതിയില്‍ നിന്നും വ്യത്യസ്തമായിരുന്നു. അന്‍വര്‍ സജ്ജാദിന്റെ നോവലുകള്‍ പരീക്ഷണാത്മകമായിരുന്നതുപോലെ ചിത്രകലയില്‍ രാമചന്ദ്രന്റെ പപ്പെറ്റ് തീയറ്റര്‍ എന്ന ചിത്രപരമ്പരയെന്ന് അദ്ദേഹത്തിന്റെ വിമര്‍ശകനും പരിപാലകനു (Curator)) മായിരുന്ന ആര്‍.ശിവകുമാര്‍ പറയുന്നു.

എ.രാമചന്ദ്രന്റെ കലാജീവിതത്തില്‍ വളരെ വലിയൊരു പരിവര്‍ത്തനമുണ്ടായത് ഭാരതത്തിലെ ഹൃസ്വചിത്രങ്ങളുടെ സ്വാധീനത്താലാണ്. ഈ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ വിഷയാസക്തമായ രൂപങ്ങളും മറ്റും കടന്നു വരുവാന്‍ തുടങ്ങി. ന്യൂക്ലിയര്‍ രാഗിണി പരമ്പര, ഡാന്‍സിംഗ് ഗേള്‍, യെല്ലോ റോബ്, ഗേള്‍ ഓണ്‍ ദി സ്വിംഗ്, നായിക എന്ന ചിത്രപരമ്പരയും ഇതിനുദാഹരണങ്ങളാണ്. അതിന്റെ തീവ്രമായ തുടര്‍ച്ചയെന്നോണമാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ യയാതി പരമ്പരയുടെ അവതരണം.

ഈ ശീര്‍ഷകം നാമറിയുന്ന മഹാഭാരതത്തിലെ രാജാവായ യയാതിയുടെ കഥയെ സൂചിപ്പിക്കുന്നു. പക്ഷെ, അത് ആ കഥയുടെ ചിത്രീകരണമല്ല, എന്നാല്‍ നമ്മളുടെയെല്ലാം മനസ്സിന്റെ ദൗര്‍ബ്ബല്യമായ യയാതി മനോവൈകല്യത്തിന്റെ (Syndrome) പര്യവേഷണമാണ് ഈ ചിത്രങ്ങള്‍. ഒരു കലാകാരനെന്ന നിലയില്‍ രാമചന്ദ്രന്റെ ജീവിതഗതിയിലെ ഒരു നിര്‍ണ്ണായകമായ വഴിത്തിരിവായിരുന്നു യയാതി ചിത്രപരമ്പര. യയാതിക്കു മുന്‍പ് ലോകത്തിന്റെ ഇരുണ്ട ചിത്രങ്ങളായിരുന്നു അദ്ദേഹം രചിച്ചിരുന്നതെങ്കില്‍, ഈ കാലഘട്ടത്തില്‍ ലോകത്തെ ഇന്ദ്രീയസൗന്ദര്യത്തിന്റെ വര്‍ണ്ണാഭമായ ആഘോഷത്താലും അത്ഭുതവഹമായും മോഹിപ്പിക്കുന്ന വേദിയാക്കി മാറ്റുന്നു. യയാതി ചിത്രപരമ്പരയില്‍ ദുരന്തവും ആഘോഷവും, യഥാര്‍ത്ഥവും സാങ്കല്‍പികവും, ബാഹ്യലോകവും അന്തര്‍ലോകവും സങ്കലിതമായിവരുന്ന ഒരു യഥാര്‍ത്ഥ പരിവര്‍ത്തനം കാണാന്‍ സാധിക്കും. ഈ ലോകം മനോഹരവും ആകര്‍ഷകവുമാണ്, എന്നാല്‍ മനുഷ്യന് അത് വേണ്ടത്ര തൃപ്തിയാകാറില്ല: കാരണം യുവത്വവും ജീവിതവും ക്ഷണികമാണെന്ന സന്ദേശമാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. അജന്ത ഗുഹാചിത്രങ്ങളും കേരളീയ ചുമര്‍ചിത്രങ്ങളും ഹൊയ്‌സാല ശില്‍പങ്ങളിലെ അലങ്കാരപണികളുടേയും സ്വാധീനം ഇതില്‍ കാണാവുന്നതാണ്.

രാജസ്ഥാനിലെ ഉദയ്പൂരിലെ ഭീല്‍ ഗോത്രവര്‍ഗ്ഗക്കാരുടെ ഗ്രാമങ്ങളിലെ സന്ദര്‍ശനവും അവരുടെ ജീവിതരീതികള്‍ കാണുകയും മനസ്സിലാക്കുകയും ചെയ്തിരുന്നു രാമചന്ദ്രന്‍. അതെല്ലാം ഈ രചനകള്‍ക്ക് പ്രചോദനമായിരുന്നു. ഉദയ്പൂര്‍ നഗരത്തിനു പരിസരത്തുള്ള നാഗ്ഡ, ഏകലിംഗ്ജി, ജോഗി കാ തലാബ്, ഓബേശ്വര്‍ എന്ന സ്ഥലങ്ങളിലെ താമരപ്പൂക്കള്‍ നിറഞ്ഞ കുളങ്ങളും അദ്ദേഹത്തിനു പ്രേരണാദായകമായിരുന്നു. പ്രകൃതിയുമായി ഒത്തിണങ്ങി ജീവിച്ചിരുന്ന ഭീല്‍ വര്‍ഗ്ഗക്കാരുടെ ജീവിതം പ്രകൃതിയെയും മനുഷ്യരേയും കുറിച്ചുള്ള അദ്ദേഹത്തിന്റെ സങ്കല്‍പത്തെ മാറ്റിമറിച്ചു. അവരുടെ സ്ത്രീകളുടെ രൂപങ്ങളും വസ്ത്രങ്ങളും രാമചന്ദ്രന്റെ ചിത്രങ്ങളെ സമ്പന്നമാക്കി. ആദ്യമെല്ലാം മുഖത്തിനു വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല. പിന്നീട്, മുഖങ്ങളും പ്രത്യക്ഷമാകാന്‍ തുടങ്ങി. ഉര്‍വ്വശി ചിത്രപരമ്പരകളില്‍ ഈ മാറ്റം ശ്രദ്ധിക്കാവുന്നതാണ്.

താമരക്കുളം അദ്ദേഹത്തിന് ഒരു ലഹരിയായിരുന്നു. അതിനെ അടിസ്ഥാനമാക്കി ധാരാളം ചിത്രങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. വലുതും ചെറുതുമായവ, ജലച്ചായത്തിലും എണ്ണച്ചായത്തിലും ചിത്രീകരിച്ചിരിക്കുന്നു. താമരക്കുളത്തില്‍ താമരയും ഇലകളും കൂടാതെ സ്ത്രീരൂപങ്ങളും മാത്രമല്ല അദ്ദേഹത്തിന്റെ രൂപവും ഉള്‍പ്പെടുത്തിക്കാണുന്നു. താമരയിലക്കുള്ളില്‍ അദ്ദേഹംതന്നെ ചുരുണ്ടു കൂടിക്കിടക്കുന്നത് വളരെ രസാവഹമായി രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ രൂപങ്ങള്‍ ഇത്തരത്തില്‍ ചിത്രീകരിക്കുവാന്‍ അദ്ദേഹം താല്‍പര്യമെടുത്തിട്ടുണ്ട്. താമരക്കുളത്തിലെ മീനായും, മൂങ്ങയായും വവ്വാലായും, ചീവീടായും, ശലഭമായും ഒരു ചിത്രത്തില്‍ ഓടക്കുഴല്‍ വായിക്കുന്ന പച്ചക്കുതിരയായും ആടായും കോഴിയായും നന്ദിയായും യോഗിയായുമൊക്കെ പലതരത്തില്‍ അദ്ദേഹത്തിന്റെ രൂപം മിക്കവാറും ചിത്രങ്ങളില്‍ നമുക്കു കാണാം. അതു താന്‍ രചിച്ച ചിത്രമാണെന്നു ആസ്വാദകര്‍ക്ക് മനസ്സിലാക്കുവാനായിട്ടാണ് താന്‍ അതു ചെയ്യുന്നതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

ഈ ചിത്രങ്ങളില്‍ ഉപയോഗിച്ച വര്‍ണ്ണങ്ങളും രൂപങ്ങളും അലങ്കാരങ്ങളും വളരെയധികം വിമര്‍ശനവിധേയമായിട്ടുണ്ട്. അത് ആധുനികതയെ നിഷേധിക്കലാണെന്നു പലരും പരിഹസിച്ചിരുന്നു. അദ്ദേഹം പറയുന്നു, ”ആധുനിക ഇന്ത്യന്‍ കലയെ 200 വര്‍ഷം പിന്നോട്ട് കൊണ്ടുപോകുന്നു എന്നായിരുന്നു എന്റെ നേരെയുള്ള ആരോപണം. ഞാന്‍ ഒരു ക്രിമിനല്‍ പ്രവൃത്തി ചെയ്തതുപോലെയായിരുന്നു അത്. എന്റെ സൃഷ്ടികളെ അലങ്കാരമായിട്ടാണ് വിശേഷിപ്പിച്ചത്, എന്റെ നിറങ്ങള്‍ ഭംഗിയുള്ളതും വിലകുറഞ്ഞതുമാണെന്ന് ആളുകള്‍ പറഞ്ഞു. പെട്ടെന്ന് അവര്‍ എന്നെ ബഹിഷ്‌ക്കരിക്കുവാനും തുടങ്ങി, പ്രദര്‍ശനങ്ങള്‍ക്ക് വളരെ അപൂര്‍വമായി മാത്രമേ ക്ഷണിച്ചിട്ടുള്ളൂ,” അദ്ദേഹത്തിന്റെ രചനകള്‍ കാലികമായ പശ്ചാത്യ ആധുനികതയില്‍ നിന്നും മാറി സഞ്ചരിക്കുന്നതായിരുന്നു. ആധുനികതയ്ക്ക് ദേശീയമായ ഒരു ശൈലി രൂപീകരിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. രാമചന്ദ്രന്റെ ആദ്യകാല രചനകളെല്ലാം ആധുനികശൈലിയിലായിരുന്നു പിന്നീട് അത് അദ്ദേഹം വിട്ടുകളഞ്ഞു എന്നു പലരും പറഞ്ഞിരുന്നു. എന്നാല്‍ അക്കാലത്തും അദ്ദേഹത്തിന്റെ രചനകളില്‍ ദേശീയപാരമ്പര്യം നിറഞ്ഞിരുന്നു. ദേശീയമായ ഇത്തരം ചിത്രരചനസമ്പ്രദായങ്ങളെ ഇകഴ്ത്തിക്കാണിക്കാനുള്ള ആധുനിക കലാനിരൂപകരെന്നു പറയപ്പെടുന്നവര്‍ ചെയ്തിരുന്നു. പക്ഷെ, രാമചന്ദ്രന്‍ അതിനെയൊക്കെ അവഗണിച്ചുകൊണ്ടു മുന്നേറി. തന്റെ പ്രചോദനം മാതൃഭൂമിയാണെന്ന് അസന്നിഗ്ദമായി അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ധാരാളം പുരസ്‌കാരങ്ങളും അംഗീകാരങ്ങളും രാമചന്ദ്രനെ തേടി വന്നു. 2000-ല്‍ വിശ്വഭാരതി സര്‍വ്വകലാശാല ഗഗന്‍ അബാനി പുരസ്‌കാരംനല്‍കി ആദരിച്ചു. 2002-ല്‍ ലളിതകലാ അക്കാദമി അദ്ദേഹത്തെ ഫെല്ലോയായി തിരഞ്ഞെടുത്തു. 2003-ല്‍ കേരള സര്‍ക്കാര്‍ രാജാ രവിവര്‍മ്മ പുരസ്‌കാരം അദ്ദേഹത്തിനു നല്‍കി. 2005-ല്‍ ഭാരത സര്‍ക്കാര്‍ രാമചന്ദ്രന് പത്മഭൂഷണ്‍ നല്‍കി. മഹാത്മാഗാന്ധി സര്‍വ്വകലാശാല 2013-ല്‍ അദ്ദേഹത്തിന് ഡിലിറ്റ് പദവി നല്‍കി. അദ്ദേഹം കേരളത്തിന്റെ ചുവര്‍ച്ചിത്രപാരമ്പര്യത്തിനെക്കുറിച്ചു നടത്തിയ ഗവേഷണങ്ങള്‍ ‘Painting Abode of Gods: Mural Traditions of Kerala’ IGNCA പുസ്തകമായി പ്രസിദ്ധീകരിച്ചു. 2018-ല്‍ മദ്ധ്യപ്രദേശിലെ ഭാരത് ഭവന്‍ അദ്ദേഹത്തിനു കാളിദാസ് സമ്മാന്‍ സമ്മാനിച്ചു.

ആറു ദശകങ്ങളിലേറെയായി ഭാരതത്തിലെ കലാരംഗത്തു നിറഞ്ഞുനിന്ന അതുല്യ കലാകാരനായിരുന്നു എ. രാമചന്ദ്രന്‍. അദ്ദേഹം നല്ലൊരു സംഗീതജ്ഞനുമായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 10-ാം തീയതി അദ്ദേഹം ഈ ലോകത്തോട് എന്നന്നേക്കുമായി വിടപറഞ്ഞു. രാമചന്ദ്രന്റെ ചിത്രങ്ങളും ശില്‍പങ്ങളും അദ്ദേഹത്തെ അനശ്വരനാക്കിയിരിക്കുന്നു. ചിത്രങ്ങളെല്ലാം തന്നെ വളരെ വലിയ ക്യാന്‍വാസുകളാണ്. അദ്ദേഹം യഥാര്‍ത്ഥത്തില്‍ ഈ രാഷ്ട്രത്തിന്റെ തന്നെ കലാകാരനാണ്, അദ്ദേഹത്തിന്റെ നഷ്ടം കലാസമൂഹത്തിനു മാത്രമല്ല രാഷ്ട്രത്തിന്റെ തന്നെ നഷ്ടമാണ് എന്നാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ പരംജിത് സിംഗ് പ്രതികരിച്ചത്. അദ്ദേഹത്തിന്റെ ചിത്രങ്ങളെക്കുറിച്ച് കൂടുതല്‍ പഠനം നടത്തേണ്ടതും അതു വരുംതലമുറയ്ക്കു മനസ്സിലാക്കിക്കൊടുക്കേണ്ടതും ആവശ്യമാണ്.

‘പാരമ്പര്യത്തിന്റെ പര്യവേഷണം ചെയ്യപ്പെടാത്ത സാധ്യതകളെ സ്വാംശീകരിച്ച രാമചന്ദ്രന്‍ ഒരു ആധുനികവാദിയുമായിരുന്നു. എന്നാല്‍, സാമൂഹിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്ന മിക്ക കലാകാരന്മാരില്‍ നിന്നും വ്യത്യസ്തമായി, ചിലപ്പോള്‍ വേദനിപ്പിക്കുന്നതായിരുന്നെങ്കിലും, അദ്ദേഹം തന്റെ നര്‍മ്മബോധം സജീവമാക്കി. എല്ലാറ്റിനുമുപരിയായി, തന്റെ തൊഴിലുള്ള വിജയത്തേക്കാള്‍ അദ്ദേഹം മാനുഷികസത്യങ്ങളുടെ തുടര്‍ച്ചയില്‍ വിശ്വസിക്കുകയും അതിനെ വിലമതിക്കുകയും ചെയ്തു. ഒരു കലാകാരനെന്ന നിലയില്‍ തന്റെ ജീവിതം നയിക്കുന്നതില്‍ വിശ്വസിച്ച അദ്ദേഹം 65 വര്‍ഷം എല്ലാ ദിവസവും ജോലി ചെയ്തു. ഇത് അദ്ദേഹത്തെ ഓര്‍ക്കേണ്ടതും ആഘോഷിക്കപ്പെടേണ്ടതുമായ ഒരു അപൂര്‍വ കലാകാരനാക്കി മാറ്റുന്നു’. – ആര്‍. ശിവകുമാര്‍ (കലാ ചരിത്രകാരന്‍, വിമര്‍ശകന്‍).

 

Share8TweetSendShare

Related Posts

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

ഭാരതം പ്രതിരോധരംഗത്തെ അജയ്യശക്തി

സര്‍വ്വകലാശാല നിയമങ്ങളുടെ ഭേദഗതിയും ചുവപ്പുവത്കരണത്തിനുള്ള കുതന്ത്രങ്ങളും

സിപിഎമ്മും തിരഞ്ഞെടുപ്പ് അട്ടിമറിയും

ഛത്രപതി ശിവാജി- നവഭാരതത്തിന്റെ മാര്‍ഗ്ഗദർശി

കായികമേഖലയിലെ ചരിത്രക്കുതിപ്പ്‌

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

എയർ ഇന്ത്യ വിമാനാപകടം ദാരുണവും ദൗർഭാഗ്യകരവുമായ സംഭവം: സുനിൽ ആംബേക്കർ

നയതന്ത്ര സിന്ദൂര്‍ തുടരുമ്പോള്‍….

ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് ദേശീയ ചിന്തൻബൈഠക്ക് ജൂലൈയിൽ

ഇന്ത്യന്‍ സിനിമകളില്‍ ഭാരതീയത നഷ്ടമായത് സ്വാതന്ത്ര്യാനന്തരം: ജെ. നന്ദകുമാര്‍

സിനിമയുള്‍പ്പെടെയുള്ള വിനോദോപാധികള്‍ പുനര്‍നിര്‍വ്വചിക്കപ്പെടണം: സുദീപ്‌തോ സെന്‍

ആര്‍എസ്എസ് ആദര്‍ശപൂരിത സമാജത്തെ സൃഷ്ടിക്കുന്നു: ജെ. നന്ദകുമാര്‍

ഒസാക്ക എക്സ്പോയിൽ ലോകശ്രദ്ധ നേടി “ഭാരത് മണ്ഡപം” 

മേയിൽ നാടുകടത്തിയത് 330 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ – അസം മുഖ്യമന്ത്രി

സീമാ ശക്തിയുമായി സേവാ ഇന്റര്‍നാഷണല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies