ബംഗാള്‍ ഉള്‍ക്കടലിലെ ഇരുനൂറ്റിയമ്പതിലധികം ദ്വീപുകളുടെ കൂട്ടമാണ് ആന്തമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. തായ്‌ലാന്റും, ഇന്തോനേഷ്യയും, മ്യാന്‍മാറുമാണ് ആന്തമാനോട് ചേര്‍ന്നു കിടക്കുന്ന രാജ്യങ്ങള്‍. കൊല്‍ക്കത്തയും ചെന്നൈയും ഏതാണ്ട് ആയിരത്തിനാനൂറ് കിലോമീറ്റര്‍ അകലെയാണ്. നെഗ്രിറ്റോ വംശത്തില്‍പ്പെട്ട ഗോത്ര വര്‍ഗക്കാരാണ് ആന്തമാനിലെ ആദിമ ജനവിഭാഗം.
ബ്രിട്ടീഷുകാരുടെ കാലത്താണ് കുറ്റവാളികളെ നാടുകടത്തുവാനുള്ള കേന്ദ്രമായി ആന്തമാന്‍ ദ്വീപുകളെ ഉപയോഗിക്കുവാന്‍ തുടങ്ങിയത്. ആര്‍ച്ചിബാള്‍ഡ് ബ്ലയര്‍(Archibald Blair)എന്ന ഇംഗ്ലീഷ് ക്യാപ്റ്റനാണ് ആന്തമാന്‍ ദ്വീപുകളില്‍ ആദ്യമായി സര്‍വെ നടത്തുന്നത്. അദ്ദേഹം തന്നെയായിരുന്നു, ദ്വീപില്‍ ഒരു ജയില്‍ പണിയുക എന്ന ആശയത്തിന്റെ ഉപജ്ഞാതാവും. ആന്തമാനില്‍ ജയില്‍ പണിയുന്നതിനു മുന്‍പ്, ഭാരതത്തില്‍ നിന്നുള്ള കുറ്റവാളികളെ നാടു കടത്തിയിരുന്നത് ബര്‍മയിലേക്കും, സിംഗപ്പൂരിലേക്കുമായിരുന്നു. അവിടങ്ങളിലെ ജയിലുകള്‍ നിറഞ്ഞിരുന്നതിനാല്‍, പുതിയൊരു തടങ്കല്‍ സ്ഥലം കണ്ടുപിടിക്കേണ്ടതും ആവശ്യമായിരുന്നു.
കടലിനാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ആന്തമാന്‍ ദ്വീപുകള്‍, എന്തുകൊണ്ടും പാളയത്തിന് അനുയോജ്യമായ സ്ഥലമായിരുന്നു. ഒരു തരത്തിലും തടവുകാര്‍ക്ക് രക്ഷപ്പെടുവാന്‍ സാധിക്കുമായിരുന്നില്ല. ഇനി രക്ഷപ്പെട്ടാല്‍ തന്നെ, നരഭോജികളായ ആദിമ നിവാസികള്‍ അവരെ ഭക്ഷിക്കും.
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരഭടന്മാരായ 733 പേരെയാണ് ആദ്യമായി ആന്തമാനിലേക്കു നാടുകടത്തുന്നത്. ഇന്നു കാണുന്ന സെല്ലുലാര്‍ ജയില്‍ അന്നുണ്ടായിരുന്നില്ല. 1857-ലെ വിപ്ലവകാരികളെ കൊണ്ടുവന്നത്, വൈപ്പര്‍ ദ്വീപിലേക്കായിരുന്നുViper Island). ആദ്യസംഘം വിപ്ലവകാരികളെ ആന്തമാനിലേക്കു കൊണ്ടുവന്ന കപ്പലിന്റെ പേരായിരുന്നു ‘വൈപ്പര്‍’. 1864-67 കാലഘട്ടത്തില്‍, വൈപ്പര്‍ ദ്വീപില്‍ ഒരു ചെറുജയിലും, കഴുമരവും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒന്നാം സ്വാതന്ത്ര്യസമര ഭടന്മാരില്‍ ഭൂരിപക്ഷവും, വൈപ്പര്‍ ദ്വീപില്‍ വച്ച് തൂക്കിലേറ്റപ്പെട്ടു. കുറെയധികം പേര്‍, മലേറിയ പോലെയുള്ള അസുഖങ്ങള്‍ ബാധിച്ചോ, മൃഗങ്ങളുടെ ആക്രമണത്തിലോ മരണപ്പെട്ടു.
സെല്ലുലാര്‍ ജയിലിന്റെ ചരിത്രം
1896 ഒക്‌ടോബറിലാണ് ആന്തമാനിലെ സെല്ലുലാര്‍ ജയിലിന്റെ പണി ആരംഭിക്കുന്നത്. പത്തു വര്‍ഷങ്ങള്‍ക്കുശേഷം, 1906-ലാണ് അതിന്റെ പണിപൂര്‍ത്തിയാകുന്നത്. അഞ്ചുലക്ഷത്തിലധികം (Rs.5,17,352) രൂപ ചിലവിലാണ് ഈ ഭീമാകാരമായ ജയില്‍ പണി തീര്‍ത്തത്. നിര്‍മ്മാണ സാമഗ്രികളുടെ ചിലവു മാത്രമായിരുന്നു, ബ്രിട്ടീഷുകാര്‍ക്ക് ഉണ്ടായിരുന്നത്. നിര്‍മ്മാണം പൂര്‍ണ്ണമായി നാടുകടത്തപ്പെട്ട തടവുകാരെ ഉപയോഗിച്ചാണ് പൂര്‍ത്തീകരിച്ചത്. മധ്യഭാഗത്തുള്ള ഒരു ഗോപുരത്തില്‍ (Watch Tower) നിന്നും നീളുന്ന ഏഴ് ചിറകുകളോടുകൂടിയാണ് ജയിലിന്റെ നിര്‍മ്മിതി. മുകളില്‍ നിന്നും നോക്കിയാല്‍, നക്ഷത്ര സമാനമായ രൂപകല്‍പ്പന. ഓരോ ചിറകിലും, മൂന്നു നിലകള്‍, ഓരോ നിലകളിലും, ചെറിയ ഒറ്റ മുറി സെല്ലുകളുടെ നീണ്ട നിര. ഏഴ് ചിറകുകളിലുമായി 698 സെല്ലുകള്‍. ഓരോ മുറിക്കും, 400 സെ.മി നീളവും, 300 സെ.മി വീതിയും, 200 സെ.മി ഉയരവും ഉണ്ട്. എല്ലാ മുറികളുടെയും മേല്‍ക്കൂരക്കു താഴെ ഒരു ചെറിയ ജനാലയുണ്ട്. ഓരോ ചിറകിലെയും (wing) സെല്ലുകളുടെ മുന്‍ഭാഗം, തൊട്ടടുത്ത ചിറകിലെ സെല്ലുകളുടെ പിന്‍ഭാഗത്തേക്കാണ് തുറക്കുന്നത്. തടവുകാര്‍ക്കിടയിലെ ആശയ വിനിമയം തടയുവാനായിരുന്നു ഈ ക്രമീകരണം. ഇപ്പോള്‍ 3 ചിറകുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ബാക്കി നാലെണ്ണം, 1941 ലെ ഭൂകമ്പത്തിലും രണ്ടാം ലോകയുദ്ധക്കാലത്തെ ജാപ്പനീസ് ബോംബിങ്ങിലും തകര്‍ന്നുപോയി.
സെല്ലുലാര്‍ ജയിലിന്റെ മുന്‍ഭാഗം, ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാര്‍ ഭരണ നിര്‍വഹണത്തിനുപയോഗിച്ചിരുന്ന അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്ക് (-Administrative Block) ആണ്. ഇവിടെയിരുന്നു കൊണ്ടായിരുന്നു, ബ്രിട്ടീഷ് ജയിലര്‍മാര്‍ ജയിലിനെ നിയന്ത്രിച്ചിരുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍, ഇന്ന് ഒരു ലൈബ്രറിയും, സെല്ലുലാര്‍ ജയിലിന്റെ നാള്‍വഴികള്‍ വിവരിക്കുന്ന ഒരു മ്യൂസിയവും പ്രവര്‍ത്തിക്കുന്നു. ഈ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിനു പുറകിലാണ്, നക്ഷത്രങ്ങളുടെ ആകൃതിയിലുള്ള സെല്ലുലാര്‍ ജയില്‍.
അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റെ മധ്യഭാഗത്തുള്ള പ്രധാന കവാടത്തിലൂടെ ഉള്ളിലേക്കു കടക്കുമ്പോള്‍ നമ്മെ സ്വീകരിക്കുന്നത്, ‘സ്വാതന്ത്ര്യദീപ’വും (കെടാവിളക്ക്) 1857-ലെ വിപ്ലവകാരികളുടെ സ്മരണാര്‍ത്ഥം സ്ഥാപിച്ചിരിക്കുന്ന സ്തൂപവുമാണ്. രണ്ട് ചിറകുകള്‍ (wings) ക്കിടയിലുള്ള വിശാലമായ സ്ഥലത്തായിരുന്നു പണിപ്പുരകള്‍ (workshed). തടവുകാര്‍ ചക്കാട്ടുകയും, തൊണ്ടുതല്ലുകയുമൊക്കെ ചെയ്തിരുന്നത് ഈ പണിപ്പുരകളില്‍ ആയിരുന്നു.
സാവര്‍ക്കര്‍ D(Dangerus-അപകടാരി) വിഭാഗത്തില്‍പ്പെട്ട തടവുകാരനായിരുന്നു. ഇരട്ടപൂട്ടിട്ട മുറിയിലായിരുന്നു സാവര്‍ക്കറെ പാര്‍പ്പിച്ചിരുന്നത്. അതായത്, സാവര്‍ക്കറെ പാര്‍പ്പിച്ചിരുന്ന സെല്‍, മറ്റൊരു സെല്ലിനുള്ളിലായിരുന്നു. മൂന്നാം നിലയിലെ തന്റെ സെല്ലില്‍ നിന്നും സാവര്‍ക്കര്‍ക്കു കാണുവാന്‍ സാധിച്ചിരുന്ന ഒരേ ഒരു കാഴ്ച, തൂക്കിലേറ്റുന്നതിനുമുന്‍പ് തടവുകാരെ കുളിപ്പിച്ചിരുന്ന സ്ഥലവും, അതിന്റെ തൊട്ടടുത്തുള്ള കഴുമരവുമായിരുന്നു. ഒരേ സമയം 3 പേരെ തൂക്കിലേറ്റുവാന്‍ കഴിയുന്ന കഴുമരം നമ്മള്‍ക്കവിടെ കാണാം. ആ മുറിയില്‍ നില്‍ക്കുമ്പോള്‍, നാമനുഭവിക്കുന്ന മാനസികാവസ്ഥ, മരിക്കുവോളം നമ്മുടെ മനസ്സില്‍ നിന്നും മായുകയില്ല. ആ ബലിപീഠത്തില്‍ നിന്നുകൊണ്ടാണ്, നമ്മുടെ ധീരദേശാഭിമാനികള്‍, മരണത്തെ ധീരതയോടെ ഏറ്റുവാങ്ങിയത്. ആ ഇരുണ്ട മുറികളിലായിരുന്നു, നമ്മുടെ ജീവിതം പ്രകാശ മുഖരിതമാക്കുവാന്‍, ആ രക്തസാക്ഷികള്‍ അന്ത്യശ്വാസം വലിച്ചത്. ശരീരം പുറത്തെടുത്ത് കടലില്‍ വലിച്ചെറിയുകയായിരുന്നു പതിവ്.
സെല്ലുലാര്‍ ജയിലിലെ ഓരോ നിലകളിലും കഴിഞ്ഞിരുന്ന വിപ്ലവകാരികളുടെ പേരു വിവരങ്ങള്‍ ആലേഖനം ചെയ്ത ഫലകം അതതു നിലകളില്‍ കാണാം. അതിന്റെ മുന്‍പില്‍ നില്‍ക്കുമ്പോള്‍, നമുക്കു നമ്മോടു തന്നെ കുറ്റബോധം തോന്നും. അവരില്‍ ഭൂരിപക്ഷവും നമുക്ക് അജ്ഞരാണ്. അവരെക്കുറിച്ചൊന്നും, ആരും നമ്മെ പഠിപ്പിച്ചിട്ടില്ല. മറ്റൊരു പ്രത്യേകത, ഈ ഫലകങ്ങളില്‍ ഒന്നും, ഒരൊറ്റ കോണ്‍ഗ്രസുകാരന്റെ പേരും നമുക്ക് കാണാന്‍ സാധിക്കില്ല എന്നതാണ്. കോണ്‍ഗ്രസുകാര്‍, സെല്ലുലാര്‍ ജയിലില്‍ അടക്കപ്പെട്ടിട്ടില്ല. വിപ്ലവകാരികളായ സചീന്‍ന്ദ്രനാഥസന്ന്യാലിനേയും വിനായകദാമോദര സാവര്‍ക്കറെയും പാര്‍പ്പിച്ചിരുന്ന മുറികളില്‍, അവരുടെ ഛായചിത്രവും, അവരുപയോഗിച്ചിരുന്ന പാത്രങ്ങളും കാണാം.
സ്വാതന്ത്ര്യാനന്തര കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സെല്ലുലാര്‍ ജയിലിന് വേണ്ട പ്രാധാന്യം നല്‍കി സംരക്ഷിച്ചില്ല. 1979 ഫെബ്രുവരി 11 ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായി ആണ് സെല്ലുലാര്‍ ജയിലിനെ ദേശീയ സ്മാരകമാക്കി ഉയര്‍ത്തിയത്. ഭാരതത്തില്‍ നിന്നും, ബ്രിട്ടീഷുകാരാല്‍ നാടുകടത്തപ്പെട്ടവരുടെ പിന്‍തലമുറയാണ്, ആന്തമാനില്‍ ഇന്നു കാണുന്ന ഭൂരിപക്ഷം ജനങ്ങളും. ആന്തമാനും അനുബന്ധ ദ്വീപുകളും അറിയപ്പെടേണ്ടത് സെല്ലുലാര്‍ ജയിലില്‍ ജീവിതം ഹോമിക്കപ്പെട്ട വിപ്ലവകാരികളുടെ പേരിലാവണം. പോര്‍ട്ട് ബ്ലയറിന് പോര്‍ട്ട് സാവര്‍ക്കര്‍ എന്നു പുനര്‍നാമകരണം ചെയ്യുന്നത് ഉത്തമമായിരിക്കും.