അമ്മാളുവമ്മയുടെ കോഴികള്‍ക്കൊക്കെ എന്താണാവോ സംഭവിച്ചത്?
ഒരു പെരുമഴ മുഴുവന്‍ കൊണ്ടതാണ് കാരണമെന്നാണ് അമ്മാളുവമ്മ പറയുന്നത്. അതുകൊണ്ടാണെന്ന് ഉറപ്പിച്ചു പറയാനും അവര്‍ക്കാവുന്നില്ല. എന്തായാലും അമ്മാളുവമ്മയുടെ കോഴികള്‍ ഒരോന്നായി കേടു വന്ന് ചത്ത് വീഴുന്നതാണ് ഞങ്ങള്‍ കണ്ടത്. ഞങ്ങളെന്നു പറഞ്ഞാല്‍ ഞാനും ഭാര്യയും കുട്ടികളുമടങ്ങുന്ന അയല്‍പക്കം.
ഞങ്ങളും അമ്മാളുവമ്മയും തമ്മില്‍ ഏതാണ്ട് ചക്കയും ഈച്ചയും തമ്മിലുള്ളതു പോലെയുള്ള ഒരു ബന്ധമാണ്. ഒറ്റാംതടിയായ അമ്മാളുവമ്മയ്ക്ക് ഒരേനക്കേട് വന്നാല്‍ അത് ഞങ്ങളേയും ബാധിക്കുന്ന പ്രശ്‌നമായി മാറിക്കഴിഞ്ഞിരുന്നു.
അവര്‍ക്ക് ആകെക്കൂടി ബന്ധുക്കളായുള്ളത് തെണ്ടിത്തിരിഞ്ഞു നടക്കുന്ന ഒരാങ്ങളയാണ്. ചീട്ടുകളിയും കളളുകുടിയുമൊക്കെയായി നടക്കുന്ന അയാള്‍ വല്ലപ്പോഴും വീട്ടില്‍ വന്നെങ്കിലായി. വീടെന്നു പറഞ്ഞാല്‍ മണ്ണിഷ്ടിക കൊണ്ട് പണിത ഭിത്തികളും ഓടിട്ട മേല്‍ക്കൂരയുമാണ്.
വീട് മുളയാതെ കാലം കഴിക്കുന്ന അയാളും അമ്മാളുവമ്മയെപ്പോലെ കല്ല്യാണം കഴിച്ചിട്ടില്ലത്രെ! ….
ഒന്ന് മിണ്ടി സംസാരിക്കാനും അന്തിയുറങ്ങാനും ബന്ധുക്കളായി വേറെയാരും തുണയില്ലാത്തതു കൊണ്ട് അമ്മാളുവമ്മക്ക് കോഴികളാണ് വലിയ ആശ്വാസം. സ്വന്തം മക്കളെപ്പോലെയാണ് അവര്‍ കോഴികളെ നോക്കിയിരുന്നത്.
ഏകദേശം പത്ത്മുപ്പത് കോഴികളുണ്ടായിരുന്നു അമ്മാളുവമ്മക്ക്. എല്ലാം പലപ്രായത്തിലുള്ളവ. അതില്‍ ഫാന്‍സി കോഴികളും നാടന്‍ കോഴികളും ഗിരിരാജനുമൊക്കെയുണ്ട്. പഞ്ചായത്തുകാര്‍ ഗ്രാമസഭ വഴി കൊടുത്ത ഗ്രാമശ്രീ ഇനത്തില്‍ പെട്ട മുട്ടക്കോഴികള്‍ എട്ടെണ്ണം വേറെയുമുണ്ട്. പഞ്ചായത്തു വക ആനുകൂല്യമായി 350 രൂപയും, ഉപഭോക്തൃവിഹിതമായി 350 രൂപയും അടച്ചാണ് അമ്മാളുവമ്മ ആ കോഴികളെ വാങ്ങിയത്. അവറ്റയ്ക്ക് അന്ന് 3 മാസം മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. പഞ്ചായത്തിലെ മൃഗാശുപത്രിയില്‍ വച്ചായിരുന്നു അതിന്റെ വിതരണം.
പരസ്പരം തൂവ്വലുകള്‍ കൊത്തിത്തിന്നുന്ന സ്വഭാവവൈകൃതമുള്ള ആ കോഴിക്കുഞ്ഞുങ്ങളെ ശരിയായ സ്വഭാവം പഠിപ്പിച്ചത് അമ്മാളുവമ്മയാണ്. അവറ്റ പുറത്തെ തൂവലുകള്‍ കൊത്തിത്തിന്നുന്നത് വിശപ്പു കൊണ്ടാണെന്ന് അന്ന് അമ്മാളുവമ്മ ഞങ്ങളോട് പറയുകയുണ്ടായി. കോഴിഫാമിലാകുമ്പോള്‍ അവറ്റയ്ക്ക് നേരത്തിനും കാലത്തിനും തീറ്റ കൊടുക്കാത്തതിന്റെ കുഴപ്പം കൊണ്ട് ഉണ്ടാകുന്ന ദുസ്വഭാവമാണത്രെ. അതെന്തായാലും, അമ്മാളുവമ്മ ചോളത്തവിടും ചോറും കൂട്ടിക്കുഴച്ച് വയറു നിറച്ച് തീറ്റ കൊടുത്ത് അവറ്റയുടെ ആ സ്വഭാവം മാറ്റിയെടുത്തത് ഞങ്ങള്‍ നേരിട്ടു കണ്ടതാണ്. എന്നിരുന്നാലും അതില്‍ ഒരു കോഴി മാത്രം തന്റെ സ്വഭാവം മാറ്റാന്‍ തയ്യാറായിരുന്നില്ല. അത് അമ്മാളുവമ്മയെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. ചൊട്ടയിലെ ശീലം ചുടല വരെ എന്നതുപോലെ അത് മറ്റുള്ളവയുടെ തൂവ്വലുകള്‍ താപ്പു നോക്കി കൊത്തിയെടുത്തു തിന്നുകൊണ്ടിരുന്നു. പിന്‍ഭാഗത്ത് വാലിനും മുകളിലായി മുതുകിലുള്ള തൂവ്വലുകളോടാണ് അതിന് പ്രിയം. അമ്മാളുവമ്മയ്ക്ക് അതുകണ്ട് കലി വരുമായിരുന്നെങ്കിലും മുട്ടക്കോഴിയാണല്ലോ എന്നു കരുതി കുറേയൊക്കെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. അമ്മാളുവമ്മ ആ കോഴിയെ ‘തൂവ്വല്‍തീനി’ എന്നാണ് വിളിച്ചിരുന്നത്..
കോഴികള്‍ക്കെല്ലാം ഓരോ പേരിടുന്നത് അമ്മാളുവമ്മയുടെ ഒരു രീതിയാണ്. പൂവ്വന്‍മാരില്‍ ഒരാള്‍ പുള്ളിച്ചാത്തന്‍. കറുപ്പും വെളുപ്പും നിറമാണതിന്.
മറ്റേയാള്‍ വെള്ളച്ചാത്തന്‍. വെള്ളത്തൂവലുകളും ചന്തമുള്ള അങ്കവാലുമുള്ള അവന്‍ കൂട്ടത്തില്‍ സുന്ദരനായിരുന്നു. ചുവന്ന തൂവ്വലുകളുള്ളവനാണ് ചോപ്പന്‍…
പിടയില്‍ തടിച്ചതിനെ മന്തപ്പിയെന്നാണ് വിളിക്കുന്നത്.
വെളുത്ത തൂവ്വലുകള്‍ ഉള്ളവള്‍ വെളളച്ചി.
കൂട്ടത്തില്‍ ഏറ്റവും മൂപ്പുള്ളവള്‍ തള്ളച്ചി.
കുറുങ്കാലുള്ളവള്‍ കുള്ളത്തി….
ഇങ്ങനെ എല്ലാ കോഴികള്‍ക്കുമുണ്ടായിരുന്നു ഒരു പേര്.
റേഷന്‍ കടയില്‍ നിന്ന് കിട്ടുന്ന ഗോതമ്പ്, മീന്‍ നന്നാക്കിയതിന്റെ അവശിഷ്ടങ്ങള്‍, അരി ചേറിക്കൊഴിച്ചാല്‍ കിട്ടുന്ന പൊടിയരി എന്നിവയാണ് കോഴികള്‍ക്കുള്ള പ്രധാന ഭക്ഷണം. കൂടാതെ ചോളത്തവിടും ചിലപ്പോള്‍ കൊപ്രപിണ്ണാക്കും, അപൂര്‍വ്വമായി കോഴിത്തീറ്റയും…
പുലര്‍കാലത്ത് കോഴികളുടെ കൂവ്വല്‍ കേട്ടാണ് അമ്മാളുവമ്മ ഉണര്‍ന്നിരുന്നത്. ടൈംപീസില്‍ അലാറം വച്ചതു പോലെ കിറുകൃത്യമായിരുന്നു അവയുടെ കൊക്കരക്കോ.
ഓരോ കോഴിക്കും കൂവ്വലിന് ഓരോ ഈണമാണെന്നാണ് അമ്മാളുവമ്മ പറയാറ്. അതില്‍ ദേവരാജനും ബാബുരാജും അര്‍ജ്ജുനന്‍ മാഷുമൊക്കെ വരുമത്രെ! എന്തായാലും ഇമ്പമുള്ള ഒരു പാട്ട് കേള്‍ക്കുന്നതു പോലെയാണ് അവര്‍ പൂവ്വന്മാരുടെ കൂവ്വലുകള്‍ ആസ്വദിച്ചിരുന്നത്.
ആദ്യമൊക്കെ കോഴികളെ പകല്‍ മുഴുവന്‍ പുറത്തേക്കു മേയാന്‍ വിട്ടിരുന്ന അമ്മാളുവമ്മ അത് നിര്‍ത്തിയത് തുടരെത്തുടരെയുണ്ടായ നായ്ശല്യം മൂലമായിരുന്നു. അമ്മാളുവമ്മയുടെ കണ്ണൊന്ന് തെറ്റിയാല്‍ മതി, നായ്ക്കള്‍ പാഞ്ഞു വന്ന് കോഴികളെ ഓടിച്ചിട്ടു പിടിക്കും. അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളാണ് അപകടകാരികള്‍.
നായ്ക്കളെ കൊല്ലുന്നത് ശിക്ഷാര്‍ഹമായപ്പോള്‍ അവറ്റ പെറ്റുപെരുകിയതാണ് കോഴികള്‍ക്കും ആടുകള്‍ക്കും ഭീഷണിയായതെന്നാണ് അമ്മാളുവമ്മയുടെ കണ്ടെത്തല്‍.
ഈ പ്രശ്‌നത്തിന് മറ്റൊരു വശം കൂടിയുണ്ടെന്നാണ് എന്റെ പക്ഷം. നാടന്‍നായ്ക്കളെ വളര്‍ത്തുന്നവരൊക്കെ ഇപ്പോള്‍ ജര്‍മ്മന്‍ ഷെപ്പേഡ്, ലാബ്രഡോര്‍, പോമറേനിയന്‍, ഡോബര്‍മാന്‍ തുടങ്ങി മുന്തിയ ഇനങ്ങളെ വളര്‍ത്തുന്നതിലാണല്ലോ താല്‍പ്പര്യം കാണിക്കുന്നത്. അതോടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വര്‍ഗ്ഗമായി നാടന്‍നായ്ക്കള്‍ മാറിക്കഴിഞ്ഞു.
എല്ലാവരാലും തിരസ്‌കൃതരായി പുറമ്പോക്കില്‍ കഴിയുന്ന അവറ്റയ്ക്കും ദാഹവും വിശപ്പുമില്ലാതിരിക്കില്ലല്ലോ. അതുകൊണ്ട് അവറ്റ ഇപ്പോള്‍ നാട്ടിലിറങ്ങി വേട്ട നടത്തി പട്ടിണി മാറ്റുകയാണ്. ചില നേരങ്ങളില്‍ ആളുകളെ ആക്രമിക്കാനും അവ മടിക്കാറില്ല. കണ്ടവന്മാരുടേയൊക്കെ ഏറുകൊണ്ടുകൊണ്ട് അവറ്റക്കിപ്പോള്‍ കാണുന്നവരെല്ലാം ശത്രുക്കളാണ്. അതിന്റെ പ്രശ്‌നങ്ങളാണ് എല്ലാവരേയുമെന്നതു പോലെ അമ്മാളുവമ്മയേയും ബാധിച്ചത്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വീട്ടിലെ വരുമാനമാര്‍ഗ്ഗമായ കോഴികളേയും വളര്‍ത്തുമൃഗങ്ങളേയും അവറ്റ ആക്രമിക്കുന്നത് ആര്‍ക്കെങ്കിലും കണ്ടുനില്‍ക്കാനാകുമോ?
അതുകൊണ്ട് തന്നെക്കൊണ്ടാവുന്ന വിധം അമ്മാളുവമ്മ നായ്ക്കളെ നേരിട്ടു. പറമ്പിന്റെ അതിരില്‍ അവറ്റയുടെ തല കാണുമ്പോഴേക്കും കവുങ്ങിന്റെ അലക്കെടുത്ത് വീശിയോ, കല്ലെടുത്തെറിഞ്ഞോ, ‘ച്ചൊച്ചൊച്ചൊ’ എന്ന് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിയോ അവര്‍ അവറ്റയെ വിരട്ടിയോടിക്കാന്‍ ശ്രമിക്കും. അങ്ങനെ ചെയ്യുമ്പോഴും അവര്‍ നായ്ക്കളെ വേദനിപ്പിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു…. സ്വന്തം അനാഥത്വം അവര്‍ നായ്ക്കളിലും കണ്ടു എന്നു വേണം കരുതാന്‍.
എന്നാല്‍, അമ്മാളുവമ്മ എത്രയൊക്കെ ആട്ടിപ്പായിച്ചിട്ടും തെരുവുനായ്ശല്യം അകന്നുപോയില്ല. അവരുടെ ആറോളം കോഴികളെ ഇതിനിടയില്‍ നായ്ക്കള്‍ പിടിച്ചു തിന്നുകയുണ്ടായി. അവര്‍ക്ക് പ്രിയപ്പെട്ട ഫേന്‍സി കോഴിയും മുത്തിയും സുന്ദരിയുമൊക്കെ അതില്‍ പെട്ടു പോയിരുന്നു.
ഒടുവില്‍ നായ്ശല്യത്തിന് ഒരു ശാശ്വതപരിഹാരമെന്നോണമാണ് പകല്‍ 4 മണി വരെ കോഴികളെ തുറന്നു വിടാതെത്തന്നെ, കാറ്റും വെളിച്ചവും കടക്കുന്ന ഒരു കൂടുണ്ടാക്കാന്‍ അമ്മാളുവമ്മ തീരുമാനിച്ചത്. വീട്ടുവളപ്പില്‍ തുറസ്സായ സ്ഥലത്ത് മുളങ്കാലുകള്‍ കുഴിച്ച് അതിനു ചുറ്റും വലകെട്ടി തെല്ല് വിസ്തൃതിയിലായിരുന്നു അതിന്റെ നിര്‍മ്മാണം.
അത് ഒരുപരിധിവരെ വിജയിക്കുകയും ചെയ്തു.
എങ്കിലും പകല്‍ കോഴികളെ കൂട്ടിലിട്ടാല്‍ തീറ്റയ്ക്ക് ചിലവ് കൂടുതലാണെന്നാണ് അമ്മാളുവമ്മ പറയാറ്. അത് ശരിയുമായിരുന്നു. അവയ്ക്ക് പുറത്ത് കൊത്തിപ്പെറുക്കി നടക്കാന്‍ സാധിക്കാത്തതുകൊണ്ട് പുറംതീറ്റ വളരെ കുറവായിരുന്നല്ലോ….
കോഴികളെ പകല്‍ കൂട്ടിലിടുന്നതുകൊണ്ട് മറ്റൊരു പ്രശ്‌നം കൂടി അമ്മാളുവമ്മക്ക് നേരിടേണ്ടി വന്നു. അത് അവറ്റ മുട്ടയിടുന്ന കാര്യത്തിലാണ്. പുറത്തേക്കു തുറന്നുവിട്ട കോഴികള്‍ മുട്ടയിടാന്‍ നേരമായാല്‍ കാര്‍ക്കോലിച്ചുകൊണ്ട് സ്വമേധയാ മരക്കൂട്ടില്‍ വന്ന് കയറി മുട്ടയിടുമായിരുന്നു. എന്നാല്‍, വളപ്പില്‍ കെട്ടിയ വലക്കൂട്ടില്‍ കഴിയുന്ന കോഴികളെ മുട്ടയിടാനായി പലപ്പോഴും പിടിച്ച് മാറ്റിയിടേണ്ടതുണ്ട്. മനുഷ്യരെപ്പോലെ കോഴികള്‍ക്കും ചില കാര്യങ്ങളില്‍ മറവ് വേണമെന്നാണ് അമ്മാളുവമ്മ പറയുന്നത്. കോഴികള്‍ക്കും മനുഷ്യന്മാരെപ്പോലെ നാണമൊക്കെയുണ്ടത്രെ!
കോഴികള്‍ ഉറക്കെ കാര്‍ക്കോലിച്ചുകൊണ്ട് കൂട്ടില്‍ കിടന്ന് വെപ്രാളം കാട്ടാന്‍ തുടങ്ങിയാല്‍ അത് മുട്ടയിടാനാണെന്ന് അമ്മാളുവമ്മ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് അല്പം ബുദ്ധിമുട്ടിയിട്ടാണെങ്കിലും അവര്‍ ആ കോഴികളെ പിടിച്ച് മാറ്റിയിടും.
നാടന്‍ കോഴിമുട്ടയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. അതിനായി നാട്ടുകാരില്‍ പലരും അമ്മാളുവമ്മയെ തേടി വരാറുണ്ട്. ചില പെണ്ണുങ്ങള്‍ക്ക് മാസമുറ തുടങ്ങിയാല്‍ വയറുവേദന ശമിക്കാനായി നാടന്‍മുട്ട തന്നെ വേണമത്രെ…
മുട്ടയില്‍ നിന്നുള്ള വരുമാനത്തിനൊപ്പം മറ്റു ചില വരുമാനമാര്‍ഗ്ഗങ്ങള്‍ കൂടി അമ്മാളുവമ്മയ്ക്കുണ്ടായിരുന്നു. ഓലക്കൊടി ചീന്തി ചൂലുണ്ടാക്കി വില്‍ക്കുക, പാടത്തു നിന്നും ചാണകം വാരിക്കൊണ്ടുവന്ന് ഉണക്കിപ്പൊടിച്ച് ചാക്കിലാക്കി ആവശ്യക്കാര്‍ക്ക് നല്‍കുക, പലതരം അച്ചാറുകള്‍ നിര്‍മ്മിച്ച് പ്ലാസ്റ്റിക് കവറിലോ ഡപ്പകളിലോ നിറച്ച് വീടുകള്‍ തോറും വില്‍പ്പന നടത്തുക… എന്നിങ്ങനെയൊക്കെ.
അമ്മാളുവമ്മയുടെ ജീവിതം ഈ വിധം അല്ലലില്ലാതെ മുന്നോട്ടു പോകുമ്പോഴാണ് കോഴികള്‍ക്ക് ഇങ്ങനെയൊരു ദീനം വന്നതും അവ ചാവാന്‍ തുടങ്ങിയതും.
അമ്മാളുവമ്മയെ അതു വല്ലാതെ വിഷമിപ്പിച്ചു. മുട്ടയില്‍ നിന്നുള്ള വരുമാനം നഷ്ടപ്പെടുമെന്നുള്ളതിനേക്കാള്‍ അവരെ സങ്കടപ്പെടുത്തിയത് കോഴികളുടെ രോഗാവസ്ഥയും വിയോഗവുമാണ്.
കോഴികളില്‍ ചിലതിന് കഫക്കെട്ട് വന്നതു പോലെയുള്ള ഒരു തരം കുറുകലായിരുന്നു തുടക്കം. ഒരു മാതിരി ശ്വാസം മുട്ടുപോലെ ഇടക്കിടെ വായ് പിളര്‍ത്തി മേലോട്ട് വലിച്ച് നില്‍ക്കുന്ന ആ കാഴ്ച അമ്മാളുവമ്മയ്ക്ക് കണ്ടുനില്‍ക്കാനായില്ല. ഒപ്പം തൂങ്ങലും തൂറലും കൂടിയായപ്പോള്‍ അവരുടെ നെഞ്ച് തകര്‍ന്നു.
അതുകണ്ട് ഞങ്ങള്‍ക്കും വിഷമമായി.
ഒറ്റ ദിവസം കൊണ്ടാണ് ഏതാണ്ട് പത്തോളം കോഴികള്‍ക്ക് ഈ അസുഖം ബാധിച്ചത്. അതോടെ അവ തീറ്റയെടുക്കുന്നതും നിര്‍ത്തിയ മട്ടായി. തൂറുന്നതാണെങ്കില്‍ ഒരു മാതിരി പച്ച നിറത്തില്‍, വെള്ളം പോലെയും….
അതോടെ ആധിയെടുത്ത് അമ്മാളുവമ്മ അവറ്റയ്ക്ക് പലതരം മരുന്നുകളുണ്ടാക്കിക്കൊടുത്തു.
ആദ്യം തുളസിയില ഇടിച്ചു പിഴിഞ്ഞെടുത്ത നീരായിരുന്നു. പിന്നെ പനിക്കൂര്‍ക്കയിലയുടേയും പച്ചമഞ്ഞളിന്റേയുമൊക്കെ.
എന്നാല്‍ പലവട്ടം നാട്ടുമരുന്ന് കൊടുത്തിട്ടും കോഴികള്‍ക്ക് സൂക്കേടിന് ഒരു കുറവും ഉണ്ടായില്ല. അതിനെത്തുടര്‍ന്നാണ് അവര്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ പോയി മരുന്നു വാങ്ങിക്കൊണ്ടു വന്ന് കൊടുക്കാന്‍ തുടങ്ങിയത്….
പക്ഷെ, ആ മരുന്നും കോഴികള്‍ക്ക് ഫലിക്കുന്ന മട്ട് കണ്ടില്ല.
ഇതിനിടയില്‍ പുള്ളിച്ചാത്തനും തൂവല്തീനിയും കുള്ളത്തിയും രോഗം മൂര്‍ച്ചിച്ച് കിടപ്പിലാവുകയും താമസിയാതെത്തന്നെ ചത്തുപോവുകയും ചെയ്തു.
അതോടെ അമ്മാളുവമ്മ ആകെ തകര്‍ന്നു.
ചത്തു കിടന്ന കോഴികളുടെ മുന്നിലിരുന്ന് അവര്‍ വിങ്ങിപ്പൊട്ടി.
അവരുടെ ആ അവസ്ഥ കണ്ടപ്പോള്‍ ഞങ്ങള്‍ക്കും സഹിച്ചില്ല. ഞങ്ങള്‍ അവരുടെ അടുത്തു ചെന്ന് പലതും പറഞ്ഞ് അവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുനോക്കി. മാത്രമല്ല, അമ്മാളുവമ്മയുടെ കോഴികളെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നുള്ള ഉദ്ദേശത്തില്‍ മറ്റ് വല്ല മാര്‍ഗ്ഗങ്ങളുമുണ്ടോയെന്നറിയാനായി ഞാന്‍ സ്മാര്‍ട്ട് ഫോണില്‍ സെര്‍ച്ച് ചെയ്തു. അങ്ങനെ യൂട്യൂബില്‍ കയറിയപ്പോള്‍ കിട്ടിയ അസിത്രാള്‍100 എന്ന മരുന്നിനെക്കുറിച്ച് ഞാന്‍ അമ്മാളുവമ്മയെ അറിയിച്ചു. അവര്‍ക്ക് പക്ഷെ ആ മരുന്നിനെക്കുറിച്ച് മെഡിക്കല്‍ ഷോപ്പുകാരോട് പറയാന്‍ അറിയില്ലായിരുന്നു. അതുകൊണ്ട് അവര്‍ പറഞ്ഞത് ഇങ്ങനെയാണ്:.
‘നീയ്യ് പറേണതൊന്നും എനിക്ക് മനസ്സിലാവ്ണില്ല. എന്തൂട്ട് മരുന്നാ – ഏതാന്നൊന്നും… പറ്റുമെങ്കില് നീയ്യതൊന്ന് വാങ്ങിത്തന്നാ ഉപകാരായിരിക്കും. കാശെത്ര്യാന്ന്ച്ചാ ഞാന്‍ തരാം.’
ഞാന്‍ അത് സമ്മതിക്കുകയും ഉടനെ തന്നെ ആ മരുന്നുകള്‍ വാങ്ങി അവരെ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ആ മരുന്നുകള്‍ കൊടുത്തിട്ടും കോഴികളുടെ ദീനത്തിന് ഒരു കുറവുമുണ്ടായില്ല.
അപ്പോഴാണ് വഴിയെ പോയിരുന്ന തെങ്ങുകയറ്റക്കാരന്‍ കണ്ടങ്കോരന്‍ കാര്യമറിഞ്ഞത്. അയാള്‍ ഉടനെ പറഞ്ഞു: ‘ഈ കോഴിക്കേട് ഇപ്പൊ എല്ലാടത്തൂണ്ട്. മ്മടെ ഷംസൂന്റെ 60 കോഴികളാ ഒറ്റയടിക്ക് ചത്തത്.
കുഞ്ഞുട്ടീരെ വീട്ടിലും കൊറേണ്ണം ചത്തു. ഇതിപ്പൊ ക്ലൈമറ്റ് ചെയ്ഞ്ചായതിന്റ്യാന്നാ തോന്നണത്.”
അതുകൂടി കേട്ടപ്പോള്‍ അമ്മാളുവമ്മയുടെ സങ്കടം ഇരട്ടിച്ചു.
കണ്ടങ്കോരന്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് എനിക്കും അപ്പോള്‍ തോന്നി. വൃശ്ചികത്തില് കാറ്റും വരള്‍ച്ചയുമുണ്ടാകേണ്ട കാലത്താണല്ലൊ കര്‍ക്കിടകത്തിലെ ഞാറ്റുവേല പോലെ മഴ ഇങ്ങനെ നിന്നു പെയ്യണത്!
മഴ പെയ്യാന്‍ മരം വേണമെന്നില്ലെന്ന മട്ടിലാണ് പ്രകൃതിയുടെ ഓരോരോ ലീലാവിലാസങ്ങള്‍. ന്യൂനമര്‍ദ്ദം, ചക്രവാതച്ചുഴി, മേഘവിസ്‌ഫോടനം… അങ്ങനെയെന്തൊക്കെ പേരുകളിലാണ് മഴ വരുന്നത്.
കലികാലവൈഭവം എന്നല്ലാതെ വേറെന്തു പറയാന്‍?
എന്തായാലും അമ്മാളുവമ്മയുടെ കണ്‍മുന്‍പില്‍ രോഗം വന്ന് ഓരോ കോഴികളും ചത്തുവീഴുകയാണ്.
അവസാനമായി മന്തപ്പിയും ചത്തുവീണപ്പോള്‍ അമ്മാളുവമ്മയുടെ കണ്ണുനീര്‍ തോരാതായി.
അവരെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ ഞാനും ഭാര്യയും വല്ലാത്തൊരവസ്ഥയില്‍ പെട്ടതു പോലെ വീര്‍പ്പുമുട്ടി…
അമ്മാളുവമ്മ അന്ന് ഭക്ഷണമൊന്നും കഴിക്കാതെ ഉമ്മറക്കോലായില്‍ ഒരേ കിടപ്പായിരുന്നു. ഞാനും ഭാര്യയും എത്ര നിര്‍ബന്ധിച്ചിട്ടും അവര്‍ അവിടെ നിന്ന് എണീക്കാനോ ഭക്ഷണം കഴിക്കാനോ കൂട്ടാക്കിയില്ല. ഒടുവില്‍ നേരമിരുട്ടിയപ്പോഴാണ് അവര്‍ അവിടെ നിന്നും എണീറ്റ് വീടിനകത്തേക്കു പോയത്. എങ്കിലും അവിടെ നിന്ന് കാര്യമായ അനക്കങ്ങളൊന്നും പിന്നീടുണ്ടായില്ല. സമയം ഏതാണ്ട് പത്തു മണി കഴിഞ്ഞപ്പോള്‍ അമ്മാളുവമ്മയുടെ വീട്ടിലെ വൈദ്യുത വിളക്കുകളെല്ലാം അണയുന്നതു കണ്ടു.
അതോടെ ഞങ്ങള്‍ക്കും അല്പം സമാധാനമായി. സാധാരണയായി അമ്മാളുവമ്മ ഉറങ്ങാന്‍ പോകുമ്പോഴാണ് അവിടെ വിളക്കുകളെല്ലാം കെടുത്തുന്നത്.
അമ്മാളുവമ്മ കോഴികളുടെ വേര്‍പാടില്‍ നിന്നും പതുക്കെപ്പതുക്കെ മുക്തയാവുകയാണെന്ന് ഞങ്ങള്‍ക്കു തോന്നി.
ഞങ്ങളും ഉടനെ വിളക്കുകളെല്ലാമണച്ച് ഉറക്കത്തിലേക്കു യാത്രയായി.
രാത്രി ഒരു ഉറക്കം കഴിഞ്ഞ നേരത്ത് കോഴികള്‍ സംഗീതാത്മകമായി കൂവുന്നതു കേട്ടാണ് ഞാന്‍ പിന്നെ ഉണര്‍ന്നത്. എന്നാല്‍, ചത്തുപോയ കോഴികള്‍ എങ്ങനെയാണ് കൂവുന്നതെന്നോര്‍ത്ത് ഞാന്‍ അല്പം ഭയക്കുകയും അത്ഭുതപ്പെടുകയും ചെയ്തു. ഉറക്കത്തില്‍ സ്വപ്‌നം കാണുകയാണെന്നാണ് ആദ്യം കരുതിയതെങ്കിലും അതങ്ങനെയല്ലെന്ന് പെട്ടെന്നു തന്നെ ബോധ്യമായി.
സമയം നോക്കിയപ്പോള്‍ രാത്രി രണ്ട് മണി കാണിക്കുന്നു.
ഭാര്യയെ വിളിച്ചുണര്‍ത്തി കാര്യം പറഞ്ഞാലോ എന്ന് ഒരു നിമിഷം ഞാന്‍ ചിന്തിച്ചു. പിന്നെ തോന്നി അതു വേണ്ടെന്ന്. വെറുതെ അവളെക്കൂടി പേടിപ്പിക്കുന്നതെന്തിന്? ആദ്യം നിജസ്ഥിതി എന്താണെന്ന് അറിയുക തന്നെ.
ഞാന്‍ ഉടനെ വീടിന്റെ മുന്‍ഭാഗത്തെ ലൈറ്റുകള്‍ തെളിയിച്ച് പതുക്കെ വാതില്‍ തുറന്ന് അമ്മാളുവമ്മയുടെ വീട്ടിലേക്ക് എത്തിനോക്കി.
മുറ്റത്തെ വൈദ്യുതവെളിച്ചത്തിനപ്പുറം അമ്മാളുവമ്മയുടെ വീട് നിലാവില്‍ കുളിച്ച് നില്‍ക്കുകയായിരുന്നു. അവിടെ നിന്നും കോഴികളുടെ കൊക്കിപ്പെറുക്കലുകള്‍ കേട്ടപ്പോള്‍ ഞാന്‍ തെല്ല് ഭയത്തോടെ ശബ്ദം കേട്ടയിടത്തേക്ക് ദൃഷ്ടികള്‍ പായിച്ചു.
ഒരു നിമിഷം ഷോക്കടിച്ചതു പോലെയായിപ്പോയി.
അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു.
അമ്മാളുവമ്മയുടെ ചത്തുപോയ കോഴികളൊക്കെ വളപ്പില്‍ ചന്നം പിന്നം നടന്ന് ചിക്കിപ്പെറുക്കുന്നു. അവരുടെ പൂവ്വന്‍കോഴികള്‍ ഉച്ചത്തില്‍ കൂവുകയും ഇടയ്ക്കിടെ പിടകളെ കീഴ്‌പെടുത്തി ചേവലിടുകയും ചെയ്യുന്നു….!
ഇതിനിടയില്‍ ഒടിഞ്ഞ ചൂട്ടുമായി നടക്കുന്ന ഒരു വലിയ തള്ളക്കോഴിയെക്കണ്ട് ഞാന്‍ അമ്പരന്നു പോയി.
അതിന് അമ്മാളുവമ്മയുടെ മുഖമായിരുന്നു. അവരെപ്പോലെത്തന്നെ ഒരുവശം ചരിഞ്ഞായിരുന്നു അതിന്റെ നടത്തവും.
എനിക്കത് അവിശ്വസനീയമായി തോന്നി. പക്ഷെ…
ഞാന്‍ നോക്കി നില്‍ക്കെ ആ കോഴികളൊക്കെ കൊക്കി വിളിച്ച് നിലാവിലൂടെ നടന്നു മറയാന്‍ തുടങ്ങി…
എനിക്ക് പിന്നെ ഒന്നും കാണണമെന്നില്ലായിരുന്നു. അതിനുള്ള ധൈര്യമില്ലായിരുന്നു എന്ന് പറയുന്നതാകും ശരി.
ഞാന്‍ വേഗം വാതിലടച്ചു കുറ്റിയിട്ടു.
ഭാര്യയും മക്കളും ഇതൊന്നുമറിയാതെ നല്ല ഉറക്കത്തിലായിരുന്നു.
എങ്കിലും ഭാര്യയെ വിളിച്ചുണര്‍ത്തി നടന്ന കാര്യം പറയാതിരിക്കാന്‍ എനിക്കായില്ല. പക്ഷെ, അവള്‍ അതു കേട്ട് ചിരിക്കുകയാണു ചെയ്തത്. ‘കുമാരേട്ടന്‍ വല്ല സ്വപ്‌നവും കണ്ടതായിരിക്കും.’
‘ഇത് സ്വപ്‌നമൊന്നുമല്ല, ഞാന്‍ ശരിക്കും കണ്ടതാണ്.’
‘എങ്കില്‍ ഇപ്പോഴെവിടെപ്പോയി ആ കോഴികള്‍?’ അവള്‍ ചോദിച്ചു.
അതിന് എന്ത് മറുപടി പറയണമെന്നറിയാതെ ഞാന്‍ കുഴങ്ങിപ്പോയി. കണ്ടത് സ്വപ്‌നമല്ലെന്നും യാഥാര്‍ത്ഥ്യമാണെന്നും ആണയിട്ടു പറയണമെന്നുണ്ടായിരുന്നു. പക്ഷെ, ഞാന്‍ ഇപ്പോള്‍ എന്തു പറഞ്ഞാലും അതവള്‍ വിശ്വസിക്കുകയില്ലെന്നു തോന്നി …
പിറ്റേന്ന് ഭാര്യയുടെ നിലവിളി കേട്ടാണ് ഞാന്‍ ഉറക്കമുണര്‍ന്നത്.
‘ചേട്ടാ, അമ്മാളുവമ്മ പോയീട്ടാ’ അവള്‍ പറയുന്നു.
എണീറ്റു ചെന്ന് നോക്കിയപ്പോള്‍ അമ്മാളുവമ്മ വീടിന്റെ ഉമ്മറത്ത് നീണ്ടുനിവര്‍ന്നു കിടക്കുന്നു. ഒട്ടും അനക്കമില്ലാതെ!
ദീനം വന്നു ചത്ത കോഴിയെപ്പോലെ ആ ശരീരമാകെ തണുത്തു മരവിച്ചിരുന്നു.
എങ്കിലും അവരുടെ കൈകള്‍ ചിറകുകളായിരിക്കുന്നതും, തലയില്‍ ചൂട്ട്* വളര്‍ന്നിരിക്കുന്നതും ഞാന്‍ കണ്ടു.
ഞാന്‍ മാത്രം കണ്ടു.
* ചൂട്ട് – തലയിലെ പൂവ്