സ്വാതന്ത്ര്യലബ്ധിക്കുശേഷം നമ്മുടെ ഭരണഘടനാശില്പികള്‍ നാടിനെ സംസ്ഥാനങ്ങളായും സംസ്ഥാനങ്ങളെ ജില്ലകളായും പഞ്ചായത്തുകളായും വിഭജിച്ച് ഭരണയന്ത്രത്തിന്റെ പ്രവര്‍ത്തനരീതി ലളിതമാക്കിയത് ഭാരതംപോലെ വലിയൊരു ദേശത്തെ അങ്ങു വടക്ക് ഇരുന്നുകൊണ്ട് ഭരിക്കുക എളുപ്പമല്ല എന്ന കാരണംകൊണ്ടാണ്. കേന്ദ്രം തൊട്ട് പഞ്ചായത്ത് തലം വരെ, ഭരണപക്ഷമെടുക്കുന്ന തീരുമാനങ്ങളില്‍ അപാകതകളുണ്ടാവുമ്പോള്‍ അത് ചൂണ്ടിക്കാട്ടാനും പ്രതിഷേധിക്കാനുമാണ് ഭരണകേന്ദ്രങ്ങളില്‍ പ്രതിപക്ഷത്തിന്റെ സാന്നിധ്യമേര്‍പ്പെടുത്തിയത്. ഈ പ്രക്രിയകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കാന്‍ നിയുക്തമായ വാര്‍ത്താമാധ്യമങ്ങള്‍ക്ക് ജനാധിപത്യത്തിന്റെ നാലാംതൂണെന്ന പദവി നല്കി നിലനിര്‍ത്തിപ്പോരുകയും ചെയ്തു. പക്ഷേ, ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, പ്രതിപക്ഷമായാലും വാര്‍ത്താമാധ്യമങ്ങളായാലും തങ്ങള്‍ സഞ്ചരിക്കേണ്ട ഉത്തരവാദിത്തമുള്ള പാത മാറ്റിച്ചവിട്ടുന്ന അപചയക്കാഴ്ച്ചകളാണ് ഇന്ന് ഭാരതത്തിന്റെ രാഷ്ട്രീയഭൂമികയില്‍ കണ്ടുകൊണ്ടിരിക്കുന്നത്. തങ്ങളുടെ യഥാര്‍ത്ഥ രാഷ്ട്രീയദൗത്യം മറന്നുകൊണ്ട് അധികാരത്തിലുള്ള സര്‍ക്കാറിനെ മറിച്ചിട്ട് ഭരണക്കസേരയില്‍ കയറിയിരുന്ന് അവനവന്റെ ഉദരനിമിത്തം സുഗമമാക്കാനാണ് മിക്ക പ്രതിപക്ഷകക്ഷികളും തിടുക്കം കൂട്ടുന്നത്.
ഇത്രയുമെഴുതിയത്, ജെഎംഎം കോഴക്കേസിന് അന്തിമവിധി പറഞ്ഞുകൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, 2024 മാര്‍ച്ച് മാസം 4-ാം തിയതി നടത്തിയ പ്രസ്താവനയെ ചുറ്റിപ്പറ്റിയാണ്. ഭരണഘടനയുടെ ആശയങ്ങളെയും അഭിലാഷങ്ങളെയും തകര്‍ക്കുന്ന ക്രിമിനല്‍ കുറ്റമാണ് കൈക്കൂലിയും അഴിമതിയുമെന്നാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്, പ്രസ്തുതവിധി വായിക്കുമ്പോള്‍ എടുത്തു പറഞ്ഞത്. പാര്‍ലമെന്റില്‍ വോട്ടു ചെയ്യുന്നതിനോ പ്രസംഗിക്കുന്നതിനോ കൈക്കൂലി വാങ്ങുന്നതിനോ പോലും ഭരണഘടനയുടെ 105(2) അനുഛേദപ്രകാരം എംപിമാര്‍ക്കും 194(2) പ്രകാരം എംഎല്‍എമാര്‍ക്കും വിചാരണ നേരിടുന്നതില്‍ നിന്ന് നിയമപരിരക്ഷയുണ്ട് എന്ന 1998-ലെ, നരസിംഹറാവു ഉള്‍പ്പെട്ട ജെഎംഎം കോഴക്കേസിലെ സുപ്രീം കോടതി വിധിയെ ദുര്‍ബ്ബലപ്പെടുത്തി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ആറംഗ സുപ്രീം കോടതി ബെഞ്ച് വിധി പറയവേയാണ് ചീഫ് ജസ്റ്റിസ് ഇങ്ങനെ പ്രസ്താവിച്ചത്.
2023 ഡിസംബര്‍ മാസം 8-ാം തിയതി, തൃണമുല്‍ കോണ്‍ഗ്രസ്സ് എം.പി മഹുവയെ, ശബ്ദവോട്ടോടെ ലോക്‌സഭയില്‍നിന്ന് പുറത്താക്കിയ പശ്ചാത്തലത്തെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ഈ പ്രസ്താവനയോടു ചേര്‍ത്തു വായിക്കണം. അദാനിക്കെതിരെ ലോക്‌സഭയില്‍ ചോദ്യമുന്നയിക്കാന്‍ ദര്‍ശന്‍ ഹിരാ നന്ദാനി എന്ന വ്യവസായിയില്‍ നിന്ന് പണവും സമ്മാനവും കൈക്കൂലിയായി കൈപ്പറ്റി എന്ന പരാതി പരിശോധിച്ച എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് മഹുവയെ അന്ന് പുറത്താക്കിയത്. ബി.ജെ.പി എംപി, നിഷികാന്ത് ദുബെയായിരുന്നു പ്രസ്തുത പരാതി സമര്‍പ്പിച്ചത്. ഈ നടപടിയില്‍ പ്രതിഷേധിച്ച്, സോണിയയുടെയും രാഹുലിന്റെയും നേതൃത്വത്തില്‍ പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ച് പുറത്തുള്ള ഗാന്ധിപ്രതിമയ്ക്കു മുമ്പില്‍ അന്ന് ധര്‍ണ നടത്തി.
ഇതാദ്യമായാണ് ഭാരതത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ എത്തിക്‌സ് കമ്മിറ്റി, ഒരു എംപിയെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യുന്നത്. 2019-ലെ ലോകസഭാ തെരഞ്ഞെടുപ്പിനു മുമ്പായി 75 ലക്ഷം രൂപയും വീണ്ടും 2021-ല്‍ രണ്ടു കോടി രൂപയും വ്യവസായി ഹിരാ നന്ദന്‍, തൃണമൂല്‍ കോണ്‍ഗ്രസ്സ് എം പിയായ മഹുവയ്ക്ക് നല്കിയെന്നാണ് അഡ്വക്കേറ്റ് ജയ് അനന്ത് ദെഹദ്രായ് മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ആരോപണത്തിന് പിന്‍ബലമേകും വിധം മഹുവ ലോക്‌സഭയിലുന്നയിച്ച ചോദ്യങ്ങളധികവും ദര്‍ശന്‍ ഹിരാ നന്ദാനിയുടെ വ്യവസായതാല്പര്യം മുന്‍നിര്‍ത്തിയുള്ളതും അദാനിയ്‌ക്കെതിരെയുള്ളതും തന്നെയായിരുന്നു. മാത്രവുമല്ല, അദാനി ഗ്രൂപ്പിനെതിരായുള്ള ചോദ്യങ്ങളുന്നയിക്കാന്‍ താനുമായി മഹുവ, അവരുടെ പാര്‍ലമെന്റ് ഐഡിയും പാസ്‌വേഡും പങ്കുവെച്ചിരുന്നുവെന്ന് ദര്‍ശന്‍ ഹിരാ നന്ദാനി സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. അതുപയോഗിച്ച് 2019 ജൂലൈ മുതല്‍ 2023 ഏപ്രില്‍ വരെയുള്ള കാലയളവില്‍ 47 തവണയാണത്രെ, നന്ദാനി ദുബായില്‍ ഇരുന്നുകൊണ്ട് മഹുവയുടെ പാര്‍ലമെന്റ് ഐഡിയിലേക്ക് ലോഗിന്‍ ചെയ്തത്. രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ കുറ്റമാണ്, ഈ പാര്‍ലമെന്റ് ഐഡിയുടെയും പാസ്‌വേഡിന്റെയുും കൈമാറ്റത്തിലൂടെ മഹുവ ചെയ്തിരിക്കുന്നത്.
മഹുവ ചെയ്ത കുറ്റത്തിന്റെ തീക്ഷ്ണത മനസ്സിലാക്കി പ്രതികരിക്കുന്നതിനു പകരം കേവലം രാഷ്ട്രീയാദായം കരുതി സോണിയയുടെയും രാഹുലിന്റെയും നേതൃത്വത്തില്‍ പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിക്കുന്ന ലജ്ജാകരമായ അവസ്ഥയ്ക്കാണ് നമ്മുടെ പാര്‍ലമെന്റിന് സാക്ഷി നില്‌ക്കേണ്ടി വന്നത്. മഹുവയെ സംരക്ഷിക്കാന്‍ സഭ ബഹിഷ്‌ക്കരിക്കുന്നതിനു പകരം, തന്റെ നിരപരാധിത്വം തെളിയിച്ച് വീണ്ടും ജനങ്ങളെ അഭിമുഖീകരിക്കാനാണ് പ്രതിപക്ഷം മഹുവയെ ഉപദേശിച്ചിരുന്നതെങ്കില്‍ പൊതുജനങ്ങള്‍ അവരുടെ മേലര്‍പ്പിച്ച വിശ്വാസം ശതഗുണീകരിക്കുമായിരുന്നു.എന്നു മാത്രമല്ല, തങ്ങള്‍ കൃതകൃത്യരാണെന്ന ആത്മസംതൃപ്തി പ്രതിപക്ഷത്തിന് സ്വയമുണ്ടാവാനും അത് കാരണമാവുമായിരുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടി നടത്തിക്കൊണ്ടിരുന്ന അഴിമതികളോടു പിണങ്ങി, അഴിമതിരഹിത സുതാര്യഭരണത്തിന്റെ ഉദയതാരകമായി തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ബാനറുമേന്തി രാഷ്ട്രീയ നഭസ്സില്‍ ഉദയം ചെയ്ത മമതാ ബാനര്‍ജിയുടെ വിശ്വസ്തയായ അനുയായിയാണ് ഈ പണിയൊപ്പിച്ചിരിക്കുന്നത് എന്നോര്‍ക്കണം. അങ്ങനെയുള്ള ഒരാളെ തള്ളിപ്പറയാന്‍ പൂര്‍വ്വകാലങ്ങളില്‍ അരങ്ങേറിയ അഴിമതികള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ മനസ്സാക്ഷിയെ തടുക്കുന്നുണ്ട് എന്നുള്ളതാണ് വാസ്തവം. അഴിമതി ഏല്പിച്ച പരിക്കുകളില്‍ നിന്ന് മുഖം രക്ഷിക്കാന്‍ കുറച്ചു കാലം മുമ്പ് ദീദി പ്രദര്‍ശിപ്പിച്ച രാഷ്ട്രീയ കോപ്രായങ്ങള്‍ നാട് പരിഹാസത്തോടെ കണ്ടതാണല്ലൊ.
സുപ്രീം കോടതിയുടെ ഉത്തരവു പ്രകാരം, 2014ല്‍ സിബിഐ ഏറ്റെടുത്ത ശാരദ, റോസ് വാലി വിവാദത്തട്ടിപ്പുകേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ രാജീവ്കുമാറിനെ ചൊദ്യം ചെയ്യാനെത്തിയ സംഘത്തെ വളഞ്ഞുവെച്ച് ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തുകയും തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് തട്ടിക്കൊണ്ടുപോയി വിട്ടയയ്ക്കുകയും ചെയ്ത മുമ്പെങ്ങുമില്ലാത്ത അപലപനീയമായ പൂര്‍വ്വകാലരാഷ്ട്രീയചരിത്രം തൃണമൂല്‍ കോണ്‍ഗ്രസ്സിന് അവകാശപ്പെടാനുണ്ട്. വെറുമൊരു ചിട്ടിവെട്ടിപ്പിനതീതമായി, തീവ്ര ഇന്ത്യാവിരുദ്ധ ജിഹാദി ഭീകരരുമായി ബന്ധമുള്ള പല നൂലാമാലകളും പിന്നിപ്പിണഞ്ഞു കിടക്കുന്ന 30,000 കോടിയുടെ മൂല്യമുള്ള കേസാണ് ഈ ശാരദാ തട്ടിപ്പു കേസ് എന്നോര്‍ക്കണം. മമത രാജ്യസഭയിലേക്കയച്ച തന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ എംപി അഹമ്മദ് ഹുസ്സൈന്‍ ഉമ്രാന്‍, ബംഗ്ലാദേശിലെ തീവ്രവാദസ്വഭാവമുള്ള സംഘടനയായ ജമാഅത്തെ ഇസ്ലാമിക്ക് ഹവാല വഴി പണക്കൈമാറ്റം നടത്തിയതായി കണ്ടു പിടിക്കപ്പെട്ടിരുന്നു. ശാരദാ ചിറ്റ് ഫണ്ടില്‍നിന്നും ആയിരക്കണക്കിന് കോടി രൂപ തൃണമൂല്‍ കോണ്‍ഗ്രസ്സിനുവേണ്ടി കൈപ്പറ്റിയ വ്യക്തിയാണ് ഉമ്രാന്‍.
പന്ത്രണ്ടര ലക്ഷം പരാതികളാണ് അന്ന് ശാരദാ ചിറ്റ്‌സിനെതിരെ കുമിഞ്ഞു കൂടിയത്. അതില്‍ വലിയൊരു ശതമാനം ദരിദ്രരരായ സാധാരണക്കാരുടെതായിരുന്നു. ഇവരുടെ പണം തിരിച്ചു നല്കാന്‍ 500 കോടി രൂപയുടെ ഫണ്ട് സമാഹരിക്കാനുറച്ച് മമത പുകയില ഉത്പ്പന്നങ്ങള്‍ക്ക് പത്തു ശതമാനം നികുതി കൂട്ടി. ഒരു സ്വകാര്യ തട്ടിപ്പുസ്ഥാപനം കബളിപ്പിച്ച പണം തിരിച്ചുകൊടുക്കാനാണ് നികുതി ചുമത്തി ജനങ്ങളെ പിഴിയാന്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ തുനിഞ്ഞത് എന്ന വസ്തുതതന്നെ ഈ ഊരാക്കുടുക്കില്‍ മമതയ്ക്കുള്ള പങ്കിലേക്ക് മതിയായ വെളിച്ചം പകരുന്നുണ്ടല്ലോ. അന്നത്തെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണരായിരുന്ന ദുവ്വൂരി സുബ്ബറാവു മമതയുടെ ഈ പ്രക്രിയയെ വിമര്‍ശിച്ചത് ആരും മറന്നിട്ടുണ്ടാവില്ല.
കമ്മീഷണര്‍ രാജീവ്കുമാറിനെ ചോദ്യം ചെയ്യുമ്പോള്‍, ഇരു ചെവിയറിയാതെ താനൊപ്പിച്ചുവെച്ച ഈവക കുതന്ത്രങ്ങളെല്ലാം അദ്ദേഹത്തിന്റെ മൊഴികളിലൂടെ വെളിച്ചത്തുവന്ന് തന്റെ രാഷ്ട്രീയ പണ്ടകശാല പൂട്ടിച്ചു നാട്ടുകാര്‍ തന്നെ വീട്ടിലിരുത്തിക്കുമോ എന്ന ഭയമാണ് ദീദിയെ ഇങ്ങനെയെല്ലാം ചെയ്യാന്‍ അന്ന് പ്രേരിപ്പിച്ചത്. ഡിഎംകെയുടെ സ്റ്റാലിനും അഴിമതിനിര്‍മ്മാര്‍ജ്ജനത്തിന്റെ വിലാസത്തില്‍ അധികാരത്തില്‍ വന്ന ആം ആദ്മി പാര്‍ട്ടിയുടെ കെജ്രിവാളും തെലുഗുദേശത്തിന്റെ ചന്ദ്രബാബു നായിഡുവുമെല്ലാം അന്ന് മമതയ്ക്ക് തുണപോയത് തീര്‍ച്ചയായും രാജ്യക്ഷേമത്തിനു വേണ്ടിയല്ലെന്നുള്ളത് പകല്‍പോലെ വ്യക്തമാണല്ലൊ.
റേഷന്‍ കുംഭകോണവുമായി ബന്ധപ്പെട്ട് തൃണമൂല്‍ നേതാവായ ഷാജഹാന്‍ ഷെയ്ക്കിന്റെ സന്ദേശ് ഖാലിയിലുള്ള വീട്ടില്‍ റെയ്ഡിനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് സംഘത്തെ നൂറോളം വരുന്ന പാര്‍ട്ടി അണികള്‍ അടിച്ചോടിച്ചത് 2024 ജനുവരി 5-ാം തിയതിയാണ്. ആക്രമണത്തില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ മൂന്ന് ഇഡി ഉദ്യോഗസ്ഥന്മാരെ ഗുരുതരമായി പരിക്കേല്പിക്കുകയും അവര്‍ വന്ന വാഹനം അടിച്ചു തകര്‍ക്കുകയും ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണും പേഴ്‌സും തട്ടിയെടുക്കുകയും ചെയ്തു. റേഷന്‍ കുംഭകോണക്കേസിനോടനുബന്ധിച്ച്, മന്ത്രി ജ്യോതിപ്രിയ മല്ലിക്ക് അറസ്റ്റിലാണ്. ജ്യോതിപ്രിയയുടെ അടുത്തയാളാണ് ഷാജഹാന്‍ ഷെയ്ക്ക്. ഏറെ നേരം കാത്തിരുന്നിട്ടും ഷാജഹാന്‍ ഷെയ്ക്ക് വീട്ടിലെത്താത്തതിനാല്‍ പൂട്ടു പൊളിച്ച് അകത്തു കടക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് സംഘം ശ്രമിക്കുന്നതിനിടയിലാണ് അവരുടെ രക്ഷയ്ക്കായെത്തിയ സിആര്‍പിഎഫ് ജവാന്മാരെ കല്ലും വടികളുമുപയോഗിച്ചു തുരത്തി ഇഡി ഉദ്യോഗസ്ഥന്മാരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ അടിച്ചോടിച്ചത്. അതിനെത്തുടര്‍ന്ന് പരിശോധന നടത്താതെ ഇ ഡി സംഘം പിന്‍വാങ്ങുകയാണ് ഉണ്ടായത്. അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രീയഗോദയിലേക്കിറങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ അഴിമതിയോടുള്ള സമീപനം മനസ്സിലാക്കാന്‍ ഈ ഉദാഹരണങ്ങള്‍ ധാരാളം മതിയല്ലോ.
രാഷ്ട്രീയം എന്ന വാക്കിന് രാഷ്ട്രത്തെ സംബന്ധിക്കുന്നത് എന്നാണര്‍ത്ഥമെന്നും അത് രാഷ്ട്രനന്മയ്ക്കുള്ളതാവണമെന്നും ഭരണപക്ഷത്തെ കളങ്കമില്ലാതെ ഭരണത്തിലേര്‍പ്പെടാനും പ്രതിപക്ഷത്തെ, ഭരണപക്ഷത്തിന്റെ നടപടിക്രമങ്ങളില്‍ ക്രമക്കേടുകള്‍ വന്നു ചേരുന്നുണ്ടോ എന്നു നോക്കാനുമാണ് ജനങ്ങള്‍ നിയോഗിച്ചിരിക്കുന്നത് എന്നും ഉള്ള വസ്തുതകള്‍ നിയോഗിക്കപ്പെട്ടവര്‍ മറക്കുന്ന വിസ്മയകരമായ കാഴ്ചകളാണ് വര്‍ത്തമാനകാല രാഷ്ട്രീയഭൂമികയില്‍ കണ്ടുകൊണ്ടിരിക്കുന്നത്.
ഭരണപക്ഷം ചെയ്യുന്നത് നല്ലതോ കെട്ടതോ എന്ന് വിവേചനമില്ലാതെ അവര്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നതിനോടെല്ലാം പ്രതിഷേധവും വാക്കൗട്ടുമായി പ്രതിപക്ഷം തങ്ങളുടെ പ്രതിലോമകരമായ പ്രതിരോധനടപടികള്‍ തുടങ്ങിയിട്ട് കാലം കുറെ ആയി.
നൂറ്റിയറുപതോളം രാജ്യങ്ങളൊരുമിച്ചു ചേര്‍ന്ന് 1995 ജനുവരി ഒന്നിനാരംഭിച്ച ലോകവ്യാപാരസംഘടനയില്‍ ഭാരതം അംഗമാവുന്നതിനെ എതിര്‍ത്തുകൊണ്ട് അക്കാലത്ത് ഇടതുപക്ഷം തെരുവിലിറങ്ങി. ഈ സമയത്ത്, പ്രസ്തുതസംഘടനയിലെ അംഗമാവാനായി കമ്മ്യൂണിസത്തിന്റെ അമ്മവീടായ ചൈന അഹോരാത്രം അദ്ധ്വാനിക്കുകയായിരുന്നു എന്നോര്‍ക്കണം. അതിനെത്തുടര്‍ന്ന്, 2001-ല്‍ ചൈന ഡബ്ല്യുടിഒ(World Trade organization)യില്‍ അംഗത്വം നേടിയെടുത്തു (അല്ലെങ്കിലും, മുതലാളിത്വത്തിന്റെ പേരും പറഞ്ഞ്് പുരോഗതിയെയും നവോത്ഥാനത്തിന്റെ പേരും പറഞ്ഞ് സംസ്‌ക്കാരത്തെയും തകര്‍ക്കാന്‍ നോമ്പും നോറ്റിരിക്കുന്നവരാണല്ലോ കമ്യൂണിസ്റ്റുകാര്‍. കമ്പ്യൂട്ടറും ട്രാക്റ്ററുമെല്ലാം ഈ ‘പുരോഗമനവാദികള്‍’ക്ക് അന്ന് നിഷിദ്ധമായിരുന്നു).
വാജ്‌പേയിയുടെ ഭരണകാലത്ത് പൊഖ്‌റാനില്‍ നമ്മുടെ നാട് ആണവപരീക്ഷണം നടത്തിയതിനെത്തുടര്‍ന്ന് അമേരിക്ക ഭാരതത്തിനുമേല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. അതു നിമിത്തം, തുടര്‍ന്ന് അധികാരത്തില്‍ വന്ന മന്‍മോഹന്‍ സിങ്ങിന്റെ കാലത്തുണ്ടായ സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍, നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം ഇന്തോ-അമേരിക്കന്‍ ആണവക്കരാര്‍ രൂപപ്പെട്ടപ്പോഴും ഇടതുപക്ഷം വിലങ്ങി നില്ക്കുകതന്നെയാണ് ചെയ്തത്. നാടിനു വര്‍ദ്ധമാനമായ തോതില്‍ത്തന്നെ ഉപകാരപ്രദമാവുന്ന പ്രസ്തുത ഉടമ്പടിയില്‍ ഒപ്പിട്ടാല്‍ തങ്ങളുടെ പിന്തുണ പിന്‍വലിക്കുമെന്നു പറഞ്ഞാണ് അന്ന് ചൈനയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി, കമ്യൂണിസ്റ്റുകാര്‍ സര്‍ക്കാരിനെ ഭീഷണിപ്പെടുത്തിയത്.
സര്‍ക്കാരിന്റെ ഈദൃശങ്ങളായ, നിര്‍മ്മാണാത്മകവും രാജ്യത്തിന്റെ നിലനില്പിനും പുരോഗതിയ്ക്കും അനിവാര്യവുമായ പ്രവര്‍ത്തനങ്ങളോട് സഹകരിച്ചും കുറവു വരുന്നിടത്ത് ഉപദേശിച്ചും കൂടെനില്ക്കാന്‍ കടപ്പാടുള്ള പ്രതിപക്ഷം പലവിധത്തിലുള്ള കുത്തിത്തിരിപ്പുകളുമുണ്ടാക്കി അതൊന്നും നടപ്പിലാക്കാന്‍ അനുവദിക്കാതെ തടസ്സപ്പെടുത്താന്‍ തത്രപ്പെടുന്നതിനാണ് കാലങ്ങളായി നമ്മുടെ നാട് സാക്ഷ്യം വഹിക്കുന്നത്. സര്‍ക്കാരിന്റെ ജനക്ഷേമപരമായ പദ്ധതികളില്‍ സംതൃപ്തരായി ജനങ്ങള്‍, അടുത്ത തിരഞ്ഞെടുപ്പിലും ഇവരെത്തന്നെ ജയിപ്പിച്ചു വിട്ടാല്‍ തങ്ങളുടെ പിഴപ്പുമുട്ടുമെന്ന ഭയമാണ് ഈ പരിഷകളെ ഇങ്ങനെയുള്ള ഹീനകൃത്യങ്ങള്‍ മുടക്കമേതുമില്ലാതെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് ഭംഗമേര്‍പ്പെടുന്നത് നാടിന്റെ പുരോഗതിക്കാണെന്നും നശിക്കുന്നത് ജനങ്ങളുടെ നികുതിപ്പണമാണെന്നും ഉള്ള വേദനപ്പെടുത്തുന്ന വസ്തുത ഇവര്‍ കണ്ടില്ലെന്നുനടിക്കുന്നു. (35000 രൂപയുടെ കണ്ണടക്കണക്കും ലക്ഷക്കണക്കിന് ചികിത്സാച്ചെലവും എഴുതിയെടുത്ത് കീശ വീര്‍പ്പിക്കുന്നവര്‍ക്ക് ജനങ്ങളുടെ പണത്തെക്കുറിച്ച് എവിടെയാണല്ലേ വേവലാതി! ‘കാട്ടിലെ മരം, തേവരുടെ ആന, വലിയെടാ വലി’!). രാജ്യത്തിന്റെ പുരോഗതിയെക്കാള്‍ തങ്ങളുടെ വയറുപോറ്റുന്നതില്‍ മാത്രം ശ്രദ്ധപൂണ്ട ഇവര്‍ക്ക് കുടപിടിക്കാന്‍ കുറെ മാധ്യമങ്ങളും പ്രതിജ്ഞാബദ്ധരായിത്തന്നെ കൂടെയുണ്ട്.
എങ്ങനെയെങ്കിലും ഭരണത്തിലുള്ളവരെ വലിച്ചു താഴെയിടാന്‍ കല്ലുവെച്ച നുണകളും അടിസ്ഥാനരഹിതങ്ങളായ പ്രസ്താവനകളും പുറപ്പെടുവിക്കാന്‍പോലും പ്രതിപക്ഷത്തിരിക്കുന്നവര്‍ മടിക്കുന്നില്ലെന്നുള്ളതാണ് കരള്‍ നടുക്കുന്ന സത്യം.
‘ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടുകളില്‍ 15 ലക്ഷം ഇട്ടുതരാമെന്ന തെരഞ്ഞെടുപ്പുവാഗ്ദാനം മോദി നിറവേറ്റിയി’ല്ലെന്ന നട്ടാല്‍ കിളിര്‍ക്കാത്ത പൊയ്പ്രചാരണതന്ത്രങ്ങളില്‍ ഇന്നും വ്യാപൃതരാണവര്‍. കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ ഭാരതസര്‍ക്കാര്‍ നടപ്പിലാക്കിയ പുരോഗമന പ്രവര്‍ത്തനങ്ങളും 15 ലക്ഷവാഗ്ദാനത്തിന്റെ വാസ്തവവും ജനങ്ങളിലെത്തിക്കാന്‍ കടപ്പാടുള്ള മാധ്യമങ്ങളും നിദ്രാലസരായിക്കിടക്കുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. നാട്ടിലുള്ള വാര്‍ത്താമാധ്യമങ്ങളില്‍ സിംഹഭാഗവും ഇന്ന് ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഏറാന്മൂളികളോ അല്ലെങ്കില്‍ അവരുടെ സ്വകാര്യസ്ഥാപനങ്ങളോ ആണ് എന്നുള്ളതാണ് വാസ്തവം. പണം സമ്പാദിക്കാനുള്ള നെട്ടോട്ടത്തിലാണവര്‍. അതിന് തങ്ങള്‍ക്ക് അഭിമതരായവര്‍ അധികാരത്തിലിരുന്നേ പറ്റൂ എന്ന് അവര്‍ക്ക് നല്ലതുപോലെ അറിയാം. ആ തന്ത്രമാണ് ഇന്ന് രാഷ്ട്രീയഹര്‍മ്യത്തിന്റെ വടക്കിനിക്കോലായില്‍ പിച്ചയും കാത്ത് നില്പ്പുറപ്പിച്ചിരിക്കുന്ന മാധ്യമക്കാര്‍ പയറ്റിക്കൊണ്ടിരിക്കുന്നത്.
ഈ അടുത്ത കാലത്ത്, ന്യൂസ് ക്ലിക്കിലെ പ്രബീര്‍ പുര്‍കായസ്ത അറസ്റ്റു ചെയ്യപ്പെട്ട സംഭവം ഇതിനോടു ചേര്‍ത്തു വായിക്കണം. ചൈനയ്ക്കനുകൂലമായ റിപ്പോര്‍ട്ടുകള്‍ നിരന്തരം പ്രസിദ്ധീകരിച്ച് ഭാരതത്തിലെ ജനമനസ്സുകളില്‍ ആ നാടിനനുകൂലമായ ഒരന്തരീക്ഷമുണ്ടാക്കിയെടുക്കാന്‍ ഭാരതത്തിലെ ചില മാധ്യമങ്ങളുമായി ചൈന കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത് ‘ന്യൂയോര്‍ക്ക് ടൈംസ്’ ആയിരുന്നു. അമേരിക്കന്‍ കോടീശ്വരനായ നെവില്ലെ റോയ് ശിങ്കാം ആയിരുന്നു ചൈനയ്ക്കു വേണ്ടിയുള്ള ഈ കുതന്ത്രങ്ങളുടെയെല്ലാം കടിഞ്ഞാണ്‍ പിടിച്ചിരുന്നത്.
പൗരത്വഭേദഗതിബില്‍ നടപ്പാക്കാന്‍ കേന്ദ്രം പുറപ്പെട്ട വേളയിലും പ്രതിപക്ഷവും, അവരോടൊപ്പം ചേര്‍ന്ന് ഇവിടത്തെ ‘മതേതര’-മാധ്യമങ്ങളും പൊയ്പ്രചാരണത്തിന്റെ തന്ത്രവുമായിത്തന്നെയാണ് കളത്തിലിറങ്ങിയത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം, അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും പാകിസ്ഥാന്‍ പ്രധാനമന്ത്രി ലിയാക്കത്ത് അലിഖാനും ചേര്‍ന്ന് ഒപ്പിട്ട സമ്മതപത്രം നടപ്പാക്കാന്‍ മാത്രമാണ് ഇപ്പോഴത്തെ ഭാരതസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും മുസ്ലീങ്ങളില്‍, അവര്‍ നാടുകടത്തപ്പെടുമെന്ന ഭീതി ജനിപ്പിച്ച് അതിലൂടെ തങ്ങളുടെ ന്യൂനപക്ഷവോട്ടുബാങ്ക് ഉറപ്പിച്ചു നിര്‍ത്താനാണ് കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും അന്ന് തെരുവിലിറങ്ങി മത്സരിച്ചത്. ‘അല്ലാഹു അക്ബര്‍’ എന്ന് ഘോഷമിട്ടുകൊണ്ട് തീവണ്ടിയും റെയില്‍പ്പാളങ്ങളും തകര്‍ക്കുന്നവരും ബസ്സുകളും ട്രാന്‍സ്‌ഫോര്‍മറുകളും കത്തിക്കുന്നവരുമായ മുസ്ലീങ്ങളുടെ പ്രകടമായ പങ്കാളിത്തവും അതിനോടൊപ്പം ഭാരതത്തില്‍ അരങ്ങേറി. മോദിയുടെ നേതൃത്വത്തില്‍ പുരോഗതിയില്‍ നിന്ന് പുരോഗതിയിലേക്കും ഖ്യാതിയില്‍നിന്ന് ഖ്യാതിയിലേക്കും കുതിക്കുന്ന ഭാരതത്തിന്റെ ഗതിവേഗം കണ്ട് വേപഥുപൂണ്ട രാഷ്ട്രീയ ഭിക്ഷാടകരുടെ, ഇനിയൊരിക്കലും ഭരണക്കസേരയിലിരുന്ന് നാട് കൊള്ളയടിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന നിരാശയാണ് ഈ പ്രകടനങ്ങളുടെയെല്ലാം അടിസ്ഥാനപരമായ കാരണം.
ഇടനിലക്കാരെ ഒഴിവാക്കി, കര്‍ഷകര്‍തന്നെ തങ്ങളുടെ കാര്‍ഷികോല്പന്നങ്ങള്‍ വിറ്റഴിച്ച് ന്യായമായ ലാഭമുണ്ടാക്കുന്നതിലൂടെ അവരെ സമ്പന്നരാക്കുക എന്ന ഉദ്ദേശ്യത്തോടെ അവതരിപ്പിക്കപ്പെട്ട കര്‍ഷകബില്ലിനും സമാനാവസ്ഥതന്നെയാണല്ലൊ നേരിടേണ്ടി വന്നത്. കാര്‍ഷികോല്പന്നങ്ങളുടെ കൈമാറ്റത്തിലൂടെ ഇടനിലക്കാര്‍ നേടിയെടുക്കുന്ന കൊള്ളലാഭം നഷ്ടപ്പെടുമെന്ന ഭയമായിരുന്നു ഈ പൊയ്‌നാടകങ്ങള്‍ക്കെല്ലാം പ്രേരകമായി വര്‍ത്തിച്ചത്. കര്‍ഷകരില്‍ നിന്ന് തുച്ഛവിലയ്ക്ക് കാര്‍ഷികോല്പന്നങ്ങള്‍ വാങ്ങി ചില്ലറ വ്യാപാരികള്‍ക്കു കൈമാറുന്ന ‘മണ്ടി’കളെല്ലാം നിയന്ത്രിക്കുന്നത് രാഷ്ട്രീയാര്‍ണ്ണവത്തിലെ വമ്പന്‍ സ്രാവുകളാണല്ലോ. ലോകസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന വര്‍ത്തമാനകാലവേളയില്‍, ‘കര്‍ഷകസമര’-മെന്ന ലേബലും നെറ്റിയിലൊട്ടിച്ച് ഈ രാഷ്ട്രീയകശ്മലന്മാര്‍ വീണ്ടും ‘ദില്ലി ചലോ’ മാര്‍ച്ചുമായി മാളം വിട്ടു പുറത്തെിറങ്ങിയിട്ടുണ്ട്.
തൊഴിലില്ലായ്മ പരിഹരിക്കാനും വളരുന്ന തലമുറയെ അച്ചടക്കം പരിശീലിപ്പിക്കാനും ഉതകുന്ന അഗ്നിവീര്‍ പദ്ധതി നിലവില്‍ വന്നപ്പോള്‍ അത് രാജ്യത്തെ സൈനികവീരന്മാരെ അപമാനിക്കാനുള്ള പദ്ധതിയാണെന്നാണ് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി അഭിപ്രായം പ്രകടിപ്പിച്ചത്. സിയാച്ചിനില്‍ ജീവന്‍ വെടിയാനിടയായ അഗ്നിവീര്‍ സൈനികന്‍, മഹാരാഷ്ട്രക്കാരനായ അക്ഷയ്ക്ക് സാമ്പത്തികപ്രതിഫലങ്ങളേതും നല്കിയില്ലെന്ന അടിസ്ഥാനരഹിതമായ കുറ്റപ്പെടുത്തലുകള്‍ക്കും അന്ന് കോണ്‍ഗ്രസ്സ് ഒരുങ്ങി. നോണ്‍ കോണ്‍ട്രിബ്യൂട്ടറി ഇന്‍ഷൂറന്‍സ് തുകയായ 48 ലക്ഷം, ജീവത്യാഗത്തിനുള്ള നഷ്ടപരിഹാരത്തുകയായ 44 ലക്ഷം, സായുധസേന ബാറ്റില്‍ അത്യാഹിതഫണ്ടില്‍ നിന്ന് എട്ടു ലക്ഷം, ആര്‍മി വെല്‍ഫയര്‍ അസോസിയേഷനില്‍നിന്ന് മുപ്പതിനായിരം, അഗ്നിവീറും ഭാരതസര്‍ക്കാറും ചേര്‍ന്നു നിക്ഷേപിച്ച സേവാനിധിയില്‍നിന്ന് ലഭ്യമാക്കിയ തുക, അഗ്നിവീറിന്റെ കാലാവധി അവസാനിക്കുന്നതു വരെയുള്ള ശമ്പളത്തുക തുടങ്ങിയ സാമ്പത്തികസഹായങ്ങളെല്ലാം അക്ഷയുടെ കുടുംബത്തിന് ലഭ്യമാക്കിയിട്ടും അതെല്ലാം ഇരുള്‍പ്പുറത്തിട്ടുകൊണ്ട്്, കേവലം രാഷ്ട്രീയ ലാഭത്തിനുവേണ്ടി മാത്രമാണ് രാഹുല്‍ ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ വൃഥാജല്പനം നടത്തിയത്.
മോദിയെ താഴെയിറക്കാന്‍ മുറവിളി കൂട്ടിക്കൊണ്ട് മഹാസഖ്യത്തിലേര്‍പ്പെട്ടിട്ടുള്ള രാഷ്ട്രീയകക്ഷികളെല്ലാംതന്നെ അഴിമതിക്കാരാണ്. കേവലം ഒരു ലക്ഷം രൂപകൊണ്ടു തീര്‍ക്കാവുന്ന, 150 ചതുരശ്ര അടിയിലുള്ള ഒരു പാതയോരവിശ്രമകേന്ദ്രം പണിയാന്‍ ഇരുപത്തിരണ്ടു ലക്ഷം രൂപ ചെലവായി എന്ന് ആ വിശ്രമകേന്ദ്രത്തിന്റെ മുകളില്‍ എഴുതി പ്രദര്‍ശിപ്പിച്ചിട്ടും അതിനെതിരെ പ്രതികരിക്കാന്‍ മടിക്കുന്ന ജനങ്ങളുടെ നിസ്സംഗതയാണ് രാഷ്ട്രീയക്കാര്‍ക്ക് സധൈര്യം അഴിമതിയില്‍ വ്യാപൃതരാവാനുള്ള മനോബലം കൊടുക്കുന്നത്. എന്റെയും നിങ്ങളുടെയും പണമാണ് ഇങ്ങനെ അഴിമതിയിലൂടെ ഒരു ‘പൊതുസേവക’ന്റെ ‘ആഴമുള്ള’ കുപ്പായക്കീശയിലേക്ക് കൂപ്പുകുത്തുന്നതെറിഞ്ഞിട്ടും നമ്മള്‍ പുലര്‍ത്തുന്ന ഈ ശിലാമൗനം, അതെന്തിനുവേണ്ടിയാണെങ്കിലും അപകടകരംതന്നെയാണ്.
‘കിറ്റു’ കൊടുത്തും സമ്മാനങ്ങളായ സൗജന്യങ്ങളുടെ എല്ലിന്‍ കഷ്ണങ്ങള്‍ കൊടുത്തും പൊതുജനങ്ങളുടെ പ്രതിഷേധഗര്‍ജ്ജനത്തിനുള്ള അഭിവാഞ്ഛയ്ക്ക് തടയിടാന്‍ ശ്രമിക്കുകയാണ് ഈ അഴിമതിക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ആ എല്ലിന്‍കഷ്ണങ്ങളിലുണ്ടായിരുന്ന സമൃദ്ധമായ മാംസം ഭക്ഷിച്ചതിനു ശേഷം ബാക്കിയായ എച്ചിലാണ് ഇവര്‍ തങ്ങള്‍ക്കെറിഞ്ഞു തന്നിരിക്കുന്നതെന്ന് ജനം തിരിച്ചെറിയുന്നില്ല എന്നുള്ളതാണ് വാസ്തവം.
കരുവന്നൂര്‍ സഹകരണ ബാങ്കിലെ മൊയ്തീന്റെ കള്ളക്കളിക്കു പിന്നാലെ, ഈയിടെ ഇഡി നടത്തിയ തിരച്ചിലില്‍ ഒട്ടനവധി നേതാക്കളുടെ തലകളാണ് വീണുരുണ്ടത്. 30 വര്‍ഷക്കാലം കണ്ടല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ട് സ്ഥാനത്തുണ്ടായിരുന്ന എന്‍ ഭാസുരാംഗന്‍, പണം തിരിമറി നടത്തിയ കേസില്‍ അറസ്റ്റിലായതാണ്. ഭാസുരാംഗനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാണ് അദ്ദേഹത്തെയും പേറിക്കൊണ്ടു നടന്ന സിപിഐ, സ്വന്തം മുഖം രക്ഷിച്ചത്. 2006 വരെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ മുഖ്യസാരഥികളില്‍ ഒരാള്‍ എന്ന ‘ബഹുമതി’കൂടിയുണ്ട് പ്രസ്തുത ഭാസുരാംഗന്. കണ്ടല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ തലപ്പത്തിരിക്കുന്നവര്‍ക്ക് മാസപ്പടി നല്കി തന്റെ ‘പുകിലിടം’ ഭദ്രമാക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു അദ്ദേഹം. കണ്ടല സര്‍വ്വീസ് സഹകരണ ബാങ്കിലെ തന്റെ ‘സേവന’ത്തിനു ശേഷം മില്‍മ തിരുവനന്തപുരം മേഖല കണ്‍വീനറായി ചാര്‍ജ്ജെടുത്ത ഭാസുരാംഗന്‍, മില്‍മയില്‍ നടന്ന ചില നിയമനങ്ങളിലെ ‘കൈകടത്തലു’കള്‍ക്കും ആക്ഷേപം നേരിട്ട ആളാണ്. വലിയ സാമ്പത്തിക ആസ്തിയൊന്നും മുമ്പില്ലാതിരുന്ന ഭാസുരാംഗനും കുടുംബവും വലിയ രീതിയില്‍ സ്വത്തു സമ്പാദിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
101 കോടി രൂപയുടെ മൂല്യശോഷണമാണ് 2005 മുതല്‍ 2021 വരെയുള്ള കാലയളവില്‍ രാഷ്ട്രീയനേതാക്കന്മാരുടെയും ഉദ്യോഗസ്ഥരുടെയും കള്ളക്കളികള്‍കൊണ്ട് കരുവന്നൂര്‍ ബാങ്കില്‍ മാത്രം ഉണ്ടായത് എന്നോര്‍ക്കണം. നിക്ഷേപകര്‍ തങ്ങളുടെ പണം പിന്‍വലിക്കാനെത്തുമ്പോള്‍ അവരെ ശകാരിച്ചും ഭയപ്പെടുത്തിയും ‘വരുതി’ക്കു നിര്‍ത്തിയിരുന്ന അധികാരികളുടെ മുഷ്‌കിന് കടിഞ്ഞാണിടാന്‍ അവിടുത്തെ നിക്ഷേപകരിലൊരാള്‍ ചികിത്സയ്ക്ക് പണമില്ലാതെ മരിക്കേണ്ടി വരുന്ന കാലഘട്ടം വരെ നമ്മുടെ ന്യായാസനങ്ങള്‍ കാത്തിരുന്നു എന്നുള്ളതാണ് കരള്‍ നടുക്കുന്ന സത്യം!
മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്ക് കമ്പനിക്ക്, ഇല്ലാത്ത സേവനത്തിന്റെ പേരില്‍ പ്രതിഫലം കിട്ടിയെന്നതടക്കമുള്ള സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷണം നടത്തുന്നുണ്ടോ എന്നും അതേതു ഘട്ടത്തിലാണെന്നുമറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടതിനെക്കുറിച്ചുള്ള വാര്‍ത്തകളും കേരളരാഷ്ട്രീയത്തിന്റെ വര്‍ത്തമാനകാല വാതാവരണത്തിന്റെ ബിരിയാണിച്ചെമ്പില്‍ കിടന്നു തിളയ്ക്കുന്നുണ്ടല്ലൊ.
ജോലിക്കു കോഴ ഭൂമി എന്ന കരാറിന്റെ അടിസ്ഥാനത്തില്‍ അഴിമതിയിലേര്‍പ്പെട്ടിരുന്ന ലാലുപ്രസാദ് യാദവിന്റെ ഏജന്റ് അമിത് കട്വാലിനെ ഇഡി അറസ്റ്റു ചെയ്തത് ഈയിടെയാണ്. ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഭൂമിയായി കൈക്കൂലി കൈപ്പറ്റിയ ശേഷം അതിനു പകരമായി കട്വാലിന്റെ കമ്പനിയുടെ ഓഹരികള്‍ ലാലുവിന് കൈമാറുക എന്നുള്ളതായിരുന്നു ഇവരുടെ പ്രവര്‍ത്തനശൈലി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ലാലു റെയില്‍വേ മന്ത്രിയായിരിക്കെയാണ് ഈ കള്ളക്കളികള്‍ അരങ്ങേറിയത്.
‘ശാസ്ത്രീയമായി മോഷ്ടിക്കാന്‍ കെല്പുള്ളവ’രെന്ന് സര്‍ക്കാരിയ കമ്മീഷന്റെ സര്‍ട്ടിഫിക്കറ്റു നേടിയ, ഡിഎംകെയും തമിഴ്‌നാട്ടില്‍ ഒട്ടും മോശമല്ലാത്ത പ്രകടനങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഡി എം കെ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസമന്ത്രിയുമായ പൊന്മുടിക്കും ഭാര്യ വിശാലാക്ഷിക്കും മദ്രാസ് ഹൈക്കോടതി മൂന്നു വര്‍ഷം തടവും 50 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കരുണാനിധി മന്ത്രിസഭയില്‍ ഉന്നതവിദ്യാഭ്യാസ-ഖനി വകുപ്പുകള്‍ കൈകാര്യം ചെയ്യവേ, 2006 ഏപ്രില്‍ 13-നും 2010 മാര്‍ച്ച് 31-നും ഇടയില്‍, (അക്കാലയളവിലെ) 1.79 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്ന കേസിലാണ് ജസ്റ്റിസ് ജി.ജയചന്ദ്രന്റെ ബെഞ്ച് 21-12-2023 വ്യാഴാഴ്ച ശി്ക്ഷ വിധിച്ചത്. ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായിരിക്കെ, ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും മറ്റുദ്യോഗസ്ഥന്മാരുടെയും നിയനത്തിന് ഭീമമായ തോതില്‍ കൈക്കൂലി വാങ്ങിയ കുറ്റത്തിന് ഡി എംകെയുടെ സെന്തില്‍ ബാലാജിയും ഇപ്പോള്‍ ജയിലില്‍ കമ്പികളുടെ എണ്ണമെടുത്തുകൊണ്ടിരിക്കുകയാണല്ലൊ.
അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്ക്കുന്ന ഈ മഹാപാതകികളാണ് ഇന്ന,് ഭാരതത്തെ പുരോഗതിയുടെ പാതയിലൂടെ വ്യാഘ്രവേഗത്തില്‍ നയിക്കുന്ന നരേന്ദ്രമോദിയ്‌ക്കെതിരെ അടിസ്ഥാനമില്ലാത്ത കുറ്റങ്ങള്‍ ആരോപിച്ചുകൊണ്ടിരിക്കുന്നത്. ഇവര്‍ക്കെല്ലാം പ്രചോദനം കൊടുത്തുകൊണ്ട്, നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിയും അരയും തലയും മുറുക്കി അണിയറയില്‍ ഊര്‍ജ്ജസ്വലമായിത്തന്നെ വ്യാപൃതമാണ്. ‘അഴിമതി ഒരാഗോള പ്രതിഭാസമാണെ’ന്നു തുറന്നുപറഞ്ഞുകൊണ്ട് അതിനെ ന്യായീകരിച്ച ഇന്ദിരാഗാന്ധിയുടെ അതേ കോണ്‍ഗ്രസ്സ് പാര്‍ട്ടി! ‘ബോഫോഴ്‌സ്’ അഴിമതിയിലൂടെ കൈകള്‍ മലീമസമാക്കിയ, ‘മിസ്റ്റര്‍ ക്‌ളീന്‍’ എന്നവകാശപ്പെട്ടിരുന്നó രാജീവ് ഗാന്ധിയുടെ അതേ കോണ്‍ഗ്രസ്സ് പാര്‍ട്ടി! 2008 ð അധികാരത്തില്‍ð വന്നയുടന്‍ ക്വത്വറച്ചിയെó ഇറ്റലിക്കാരനായ ആയുധത്തരകനെതിരെയുള്ള കേസുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളും മരവിപ്പിക്കാന്‍ സിബിഐക്ക് കല്പന കൊടുത്ത സോണിയയുടെ അതേ കോണ്‍ഗ്രസ്സ് പാര്‍ട്ടി! കോമണ്‍വെല്‍ത്ത് ഗെയിംസിലൂടെയും കല്‍ക്കരി അഴിമതിമതിയിലൂടെയും, ഹെലിക്കോപ്റ്റര്‍ അഴിമതിമതിയിലൂടെയും സിഡബ്ലിയുജി അഴിമതിമതിയിലൂടെയും ആദര്‍ശ് അഴിമതിമതിയിലൂടെയും നാഷണല്‍ ഹെറാള്‍ഡ് അഴിമതിമതിയിലൂടെയും ക്രമക്കേടുകളുടെ ഒരു പരമ്പരതന്നെ പ്രദര്‍ശിപ്പിച്ച അതേ കോണ്‍ഗ്രസ്സ് പാര്‍ട്ടി! മാക്‌സിസ് അഴിമതിയുമായി ബന്ധപ്പെട്ട് അഴിയെണ്ണാന്‍ വിധിക്കപ്പെട്ട ചിദംബരത്തെ ധനകാര്യമന്ത്രിയായി വാഴിച്ച അതേ കോണ്‍ഗ്രസ്സ് പാര്‍ട്ടി! ഹസ്സനാലിയെയും 2ജി സ്‌പെക്ട്രത്തിലൂടെ കുപ്രസിദ്ധനായ, ഭാരതത്തിന്റെ അഖണ്ഡതയെ ഖണ്ഡിച്ചുകൊണ്ട് നിരന്തരം പ്രസ്താവനകളിറക്കിക്കൊണ്ടിരിക്കുന്ന ഡി. എം. കെയുടെ എ.രാജയെയും കൂടെച്ചേര്‍ത്തിരുത്തിയ അതേ കോണ്‍ഗ്രസ്സ് പാര്‍ട്ടി! 2ജിയിലൂടെയും ഹസ്സനാലിയിലൂടെയും സി ഡബ്ലിയു ജിയിലൂടെയും നാടിനു വന്ന നഷ്ടത്തിന്റെ കണക്ക് 3 ലക്ഷം കോടി എന്നാണ് അന്ന് കണക്കാക്കപ്പെട്ടിരുന്നത്.
വെറും 9 വര്‍ഷക്കാലംകൊണ്ട് ഭാരതത്തെ പുരോഗതിയുടെ പന്ഥാവിലെത്തിക്കാനുള്ള നരേന്ദ്രമോദിയുടെ പരിശ്രമം വിജയം കണ്ടു. മോദിസര്‍ക്കാരിന്റെ അഴിമതിരഹിതമായ ഭരണം, ശാസ്ത്രരംഗമടക്കമുള്ള തുറകളില്‍ രാജ്യം പ്രദര്‍ശിപ്പിച്ച ആകാശക്കുതിപ്പുകള്‍, ‘സ്‌നേഹത്തിനു സ്‌നേഹം, അടിക്ക് പത്തുമടങ്ങ് കൂടുതല്‍ ആഘാതമുള്ള തിരിച്ചടി’ എന്ന തോതിലുള്ള വിദേശനയം, മോദി, ഭരണത്തിലെത്തിയ ശേഷം വിദേശത്തുള്ള ഭാരതീയര്‍ക്ക് ആ നാടുകളിലുള്ള സ്വീകാര്യതയില്‍ ലഭ്യമായ വര്‍ദ്ധന (യുക്രൈന്‍ യുദ്ധമുഖത്ത് ‘ഇന്ത്യ’ എന്ന ബോര്‍ഡുമുയര്‍ത്തിയെത്തിയവര്‍ക്ക് ലഭിച്ച സുരക്ഷാപരിഗണന ഉദാഹരണം. മറ്റു പല രാജ്യങ്ങളിലെ പൗരന്മാരും ‘ഇന്ത്യ’ എന്ന വ്യാജബോര്‍ഡു വെച്ച് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ കൂട്ടത്തില്‍ അന്നുണ്ടായിരുന്നു എന്നറിയുക.) ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകളും ഗുണമേന്മയുള്ള വിശ്രമോപകരണങ്ങളും പ്രദാനം ചെയ്തുകൊണ്ട് നമ്മുടെ പട്ടാളക്കാരുടെ ക്ഷേമത്തില്‍ മോദി സര്‍ക്കാര്‍ പുലര്‍ത്തുന്ന അതീവശ്രദ്ധ എന്നിവ എടുത്തു പറയേണ്ടുന്നതാണ്. ഓരോ ദീപാവലിക്കാലവും മോദി ചെലവഴിക്കുന്നത് രാജ്യം കാക്കുന്ന പട്ടാളക്കാരോടൊപ്പമാണല്ലൊ. ഇന്ത്യന്‍ ഭടന്മാരുടെ തലകൊണ്ട് പാകിസ്ഥാന്‍ ഫുട്ബാള്‍ കളിച്ചിരുന്ന കാലമസ്തമിച്ച് സര്‍ജിക്കല്‍ സ്‌ട്രൈക്കുകളുടെ പുതിയ യുദ്ധവ്യാകരണം മോദിയുടെ കാലത്ത് ഉദയം ചെയ്തു. പാകിസ്ഥാന്‍ ന്യൂക്ലിയാര്‍ ശകതിയായതുകൊണ്ട് ആ നാടിനോട് ഏറ്റുമുട്ടുന്നത് അപകടമാണെന്നു പറഞ്ഞവരോട്, ‘ഭാരതത്തിന്റെ കൈവശമുള്ള ബോംബുകള്‍ ദീപാവലിക്കു പൊട്ടിക്കാന്‍ വേണ്ടിയാണോ സൂക്ഷിച്ചിരിക്കുന്നത്?’ എന്നാണ് മോദി തിരിച്ചു ചോദിച്ചത്. റഫേല്‍ വിമാനങ്ങളിലൂടെയും നവീനമായ ഇന്‍ഫ്രാസ്ട്രക്ച്വറുകളുടെ വര്‍ദ്ധനവുകളിലൂടെയും ചൈനയെപ്പോലും വിറപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ് ഇപ്പോള്‍ നമ്മുടെ ജന്മഭൂമി.
റോഡുകളും ആശുപത്രികളും ഐ ഐ ടികളും മെഡിക്കല്‍ കോളേജുകളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍പ്പോലുമെത്തിച്ച് നാടിന്റെ സമഗ്രവികസനത്തില്‍ മോദി സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കുന്ന പ്രത്യേക താല്പര്യം, കോവിഡ് കാലഘട്ടത്തോടനുബന്ധിച്ച് ആഗോളാടിസ്ഥാനത്തില്‍ മറ്റു രാജ്യങ്ങള്‍ സാമ്പത്തികരംഗത്ത് കിതച്ചു നിന്നപ്പോള്‍ ഭാരതം കൈവരിച്ച വമ്പിച്ച സാമ്പത്തികക്കുതിപ്പ്, പ്രാഞ്ചിയേട്ടന്മാര്‍ കയ്യടക്കി വച്ചിരുന്ന ‘പത്മ’ അവാര്‍ഡുകള്‍ സാധാരണക്കാരിലെ സാധാരണക്കാരിലുമെത്തിച്ച് ജനകീയമാക്കാന്‍ മോദി സര്‍ക്കാര്‍ ചെലുത്തിയ ശ്രദ്ധ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പരിഷ്‌ക്കാരങ്ങള്‍ മോദിയെ ഭാരതത്തിനു പ്രിയങ്കരനാക്കി. വിദേശ നിക്ഷേപത്തിന്റെ കാര്യത്തിലായാലും സാമ്പത്തിക വളര്‍ച്ചയിലായാലും ചൈനയെ പിന്‍തള്ളിക്കൊണ്ടാണ് ഇന്ന് നമ്മുടെ നാട് മുന്നോട്ടു കുതിക്കുന്നത്. 800 ടണ്‍ സ്വര്‍ണ്ണമാണ് ഭാരതത്തിന്റെ ഇപ്പോഴത്തെ കരുതല്‍ ശേഖരം. ഇന്നത്തെ സ്വര്‍ണ്ണത്തിന്റെ മതിപ്പനുസരിച്ച് നാലു ലക്ഷത്തി അമ്പത്തിയേഴായിരം കോടി ഡോളറിന്റെ മൂല്യമുണ്ട് ഇതിന്.
അസംഘടിതരായ ഓട്ടോത്തൊഴിലാളികള്‍ക്കുവരെ ഇന്ന് പെന്‍ഷന്‍ ലഭിക്കാനും സൗജന്യ ആരോഗ്യസുരക്ഷ അനുഭവിക്കാനും മാര്‍ഗ്ഗങ്ങളുണ്ട്. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് പാചകവാതകം സൗജന്യമാണിന്ന്്. തൊഴിലില്ലായ്മയുടെ വേരറുക്കാനാണ് ‘മെയ്ക്ക് ഇന്‍ ഇന്‍ന്ത്യാ’ മുദ്രാവാക്യവുമായി മോദി ലോകത്തിനു മുമ്പില്‍ നില്ക്കുന്നത്. അഴിമതിരഹിതവും ജനഹിതപരവുമായ ഭരണത്തിലൂടെ ജനമനസ്സിലേക്ക് ചേക്കേറിയ, ഇത്തരത്തിലുള്ള ഒരു ഭരണകൂടത്തെ മറിച്ചിടുക എളുപ്പമല്ലെന്ന ഉത്തമബോധ്യം മൂലമാണ്, വിപരീത കാഴ്ചപ്പാടുകളുള്ള രാഷ്ട്രീയ കക്ഷികളെല്ലാം ഒരു ചരടിലിണങ്ങിക്കൊണ്ട്, ഐ.എന്‍.ഡി.ഐ.എ. എന്ന എന്ന രാഷ്ട്രീയസഖ്യത്തെ തയ്ച്ചുണ്ടാക്കി രാഹുലിന്റെയും പരിവാരത്തിന്റെയും നേതൃത്വത്തില്‍ തങ്ങളുടെ രാഷ്ട്രീയാദര്‍ശങ്ങളെയെല്ലാം കാറ്റില്‍പറത്തിക്കൊണ്ട് ഭാഗ്യം പരീക്ഷിക്കാന്‍ മത്സരഗോദയില്‍ അണിനിരന്നിരിക്കുന്നത്. ഭാരതത്തിന്റെ ഭരണക്കസേര ‘ഇങ്ങിനി വരാത്തവണ്ണം’ തങ്ങളില്‍ നിന്നകന്നുപോയിരിക്കുന്നു എന്ന അപ്രിയസത്യത്തിന്റെ തിരിച്ചറിവാണ് അവരെ ‘ഭാരത് ജോഡോ’ യാത്രയ്ക്ക് പ്രേരിപ്പിച്ചത്. സനാതനസങ്കല്പത്തിന്റെ നിര്‍മ്മാര്‍ജ്ജനമടക്കമുള്ള ന്യൂനപക്ഷപ്രീണനങ്ങളിലൂടെ വെള്ളക്കാരന്‍ ഇവിടെ വിട്ടിട്ടുപോയ, ‘വിഭജിപ്പിച്ചു കാര്യം കയ്യിലാക്കുക’ എന്ന ഹീനതന്ത്രവും ചുമലില്‍ പേറിക്കൊണ്ടാണ് രാഹുലും ഐ. എന്‍. ഡി.ഐ.എ.യിലെ മറ്റു പരിവാരങ്ങളും ഊരു ചുറ്റുന്നത്.
ആരു ഭരിച്ചാലും രാജ്യം പുരോഗതിയിലേക്കാണെങ്കില്‍ അതഭികാമ്യമാണെന്നും ഭരണത്തില്‍ പിഴവു വരുമ്പോള്‍ അതു ചൂണ്ടിക്കാണിക്കാനും കലഹിക്കാനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ബാധ്യതയുള്ള പ്രതിപക്ഷം ഇത്രത്തോളം തരംതാഴുന്നത് പ്രബുദ്ധലോകം മൂക്കത്തു വിരല്‍വെച്ചുകൊണ്ടാണ് നോക്കിക്കാണുന്നത്. സനാതന സങ്കല്പത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും രാജ്യപുരോഗതിക്കും തമ്മില്‍ എന്താണ് ബന്ധമെന്ന് അവര്‍ അത്ഭുതപ്പെടുന്നുണ്ട്. ഇതിന്റെ പിന്നില്‍ പ്രീണനമാണ് ലക്ഷ്യമെന്നും എങ്ങനെയെങ്കിലും ഭരണം പിടിക്കണം എന്നുള്ളതാണ് ഈ നെട്ടോട്ടക്കാരുടെ ആത്യന്തികോദ്ദേശ്യമെന്നും അവര്‍ വ്യക്തമായി തിരിച്ചറിയുന്നുണ്ട്.
നമ്മുടെ രാഷ്ട്രീയമണ്ഡലം കള്ളക്കളികളുടെ കൂത്തരങ്ങായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് രാഷ്ട്രീയം തൊഴിലാക്കിയ എതിര്‍പക്ഷക്കാര്‍തന്നെ സമ്മതിച്ചുതുടങ്ങിയിരിക്കുന്നു. അതിന്റെ നിദര്‍ശനമാണ് കേരളത്തില്‍, കോണ്‍ഗ്രസ്സിന്റെ വടവൃക്ഷമായിരുന്ന ലീഡര്‍ കെ.കരുണാകരന്റെ മകള്‍ പദ്മജയുടെ ബിജെപിയിലേക്കുള്ള ചുവടുമാറ്റം. മാസങ്ങള്‍ക്കു മുമ്പ്, ‘ആരാണ് പ്രധാനമന്ത്രിസ്ഥാനത്തേക്കുള്ള ശക്തനായ സ്ഥാനാര്‍ത്ഥി’ എന്ന മുഖാമുഖത്തിലെ ചോദ്യത്തിന്, ‘നരേന്ദ്രമോദി, അല്ലാതാരാ?’ എന്നുള്ള ശശി തരൂരിന്റെ മറുചോദ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അദ്ദേഹത്തിന്റെ മാത്രമല്ല, ഒരു ശരാശരി ഭാരതീയന്റെ മനസ്സിലിരുപ്പുകൂടിയാണ് ശശി തരൂരിന്റെ ഈ പ്രതികരണം പ്രതിഫലിപ്പിക്കുന്നത്.