യുനെസ്‌കോയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 21, അന്തര്‍ദേശീയ മാതൃഭാഷാ ദിനമായി (international mother language day) ആചരിച്ചുവരുന്നു. 1999ലെ യുനെസ്‌കോ തീരുമാനമനുസരിച്ച് 2000 മുതലാണ് ഈ പ്രത്യേക ദിനാചരണം ആരംഭിച്ചത്. ബഹുഭാഷാ വിദ്യാഭ്യാസം – വിദ്യാഭ്യാസ പരിവര്‍ത്തനത്തിന് അവശ്യം എന്നതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ അന്തര്‍ദേശീയ മാതൃഭാഷ ദിവസത്തിന്റെ മുദ്രാവാക്യം.
ഫെബ്രുവരി 21 തന്നെ മാതൃഭാഷാ ദിനാചരണത്തിനായി തെരഞ്ഞെടുക്കുന്നതിനുള്ള കാരണമാകട്ടെ മാതൃഭാഷാവകാശം സ്ഥാപിച്ചെടുക്കാന്‍ 1952-ല്‍ അവിഭക്ത പാകിസ്ഥാനിലെ കിഴക്കന്‍ പ്രദേശക്കാര്‍ (ഇപ്പോഴത്തെ ബംഗ്ലാദേശ്) നടത്തിയ പോരാട്ടത്തിലെ കറുത്തദിനം ഓര്‍മിക്കുന്നതിനും കൂടിയാണ്. അവിഭക്ത പാകിസ്ഥാനിലെ 54.1 % ജനങ്ങളും കിഴക്കന്‍ പാകിസ്ഥാനില്‍ ബംഗാളി ഭാഷ സംസാരിക്കുന്നവരായിരുന്നു. ഇസ്ലാം എന്ന സ്വത്വം മാറ്റിനിര്‍ത്തിയാല്‍ ഭാഷാ സാംസ്‌ക്കാരിക -വംശീയ ഭൂമിശാസ്ത്രപരമായ ഒരുപാട് വൈരുദ്ധ്യങ്ങള്‍ തെക്കന്‍ പാകിസ്ഥാനും കിഴക്കന്‍ പാകിസ്ഥാനും തമ്മിലുണ്ടായിരുന്നു. ഇതിനിടയിലേക്കാണ് തങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് വച്ചിരുന്ന ബംഗാളി ഭാഷയെ മാറ്റിനിര്‍ത്തി ഇസ്ലാമാബാദ് ഭരിക്കുന്നവര്‍ ഉറുദുവിനെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചത്.
കിഴക്കന്‍ ബംഗാളിന്റെ തലസ്ഥാനമായ ധാക്കയില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടുകയും പ്രക്ഷോഭം അഴിച്ചുവിടുകയുമായിരുന്നു. ധാക്ക സര്‍വകലാശാല, ജഹാംഗീര്‍ യൂണിവേഴ്‌സിറ്റി, ധാക്ക മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭത്തെ വടക്കന്‍ പാകിസ്ഥാന്‍ ക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. നിരവധി ജീവനുകള്‍ നഷ്ടപ്പെട്ട പട്ടാള നടപടിയില്‍ വിദ്യാര്‍ത്ഥി നേതാക്കളായ അബ്ദുസല്‍മാന്‍, റഫീഖുദ്ദീന്‍ അഹമ്മദ്, അബ്ദുല്‍ ബള്‍ഖദ്, അബ്ദുല്‍ ജബ്ബാര്‍ എന്നിവരും രക്തസാക്ഷികളായി. 1952 ഫെബ്രുവരി 21ന് നടന്ന ഈ ഭാഷാ പ്രക്ഷോഭം അന്തിമമായി വിജയിക്കുകയും ഉറുദുവിനൊപ്പം ബംഗാളിയും അവിഭക്ത പാകിസ്ഥാന്റെ മാതൃഭാഷയായി തീരുകയും ചെയ്തു.
നവജാത ശിശു മുലപ്പാലിനൊപ്പം നുണഞ്ഞ് സ്വായത്തമാക്കുന്നതാണ് മാതൃഭാഷയും. എന്നാല്‍ ഇന്ന് അനവധി ഭാഷകള്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോവുകയാണ്. അത്തരം ഭാഷകളുടെ സംരക്ഷണത്തിനുള്ള ഊന്നലാണ് യുനെസ്‌കോയുടെ ആഭിമുഖ്യത്തിലുള്ള മാതൃഭാഷാ ദിനാചരണം. ലിപിയുള്ളതും ഇല്ലാത്തതുമായി ആറായിരത്തോളം ഭാഷകള്‍ ലോകത്തുണ്ട്. ചൈനീസ് അഥവാ മാന്‍ഡറിന്‍ ആണ് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷ. ലോക ജനസംഖ്യയുടെ പതിനാറ് ശതമാനം ആള്‍ക്കാര്‍ മാതൃഭാഷയായി ഉപയോഗിക്കുന്ന ചൈനീസ് കഴിഞ്ഞാല്‍ ഇംഗ്ലീഷും ഹിന്ദിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ അലങ്കരിക്കുന്നത്. നമ്മുടെ മാതൃഭാഷയായ മലയാളത്തിന് സംസാര ഭാഷകളില്‍ 26-ാം സ്ഥാനമുണ്ട്. 1600ല്‍പ്പരം ഭാരതീയ ഭാഷകളില്‍, ഭരണഘടനയുടെ 8-ാം ഷെഡ്യൂളനുസരിച്ചുള്ള 22 ഭാഷകളില്‍ മലയാളത്തിന് ഒമ്പതാം സ്ഥാനമുണ്ട്. രണ്ട് ആഴ്ച കൂടുമ്പോള്‍ ലോകത്ത് ഒരു ഭാഷ അപ്രത്യക്ഷമാകുന്നുണ്ടെന്നാണ് കണക്ക്. സംസാര ഭാഷകളില്‍ 43 ശതമാനവും ഭാവിയില്‍ അപ്രത്യക്ഷമായേക്കാം എന്നും പറയുന്നു. ഒട്ടേറെ ഭാഷകള്‍ സംസാരിക്കുന്നവര്‍ പോളിഗ്ലോട്ടുകള്‍ എന്നറിയപ്പെടുന്നു. പരമാവധി ഭാഷകളിലെ പ്രാവീണ്യം ആഗോളീകൃത സമൂഹത്തില്‍ വലിയൊരു മെച്ചമായാണ് കണക്കാക്കപ്പെടുന്നത്. 17ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന മുന്‍ പ്രധാനമന്ത്രി നരസിംഹറാവു പോളിഗ്ലോട്ടുകള്‍ക് മികച്ച ഉദാഹരണമാണ്.
ഏതാണ്ട് 3000ത്തിലധികം ഭാഷകള്‍ ഇന്ന് വംശനാശത്തിലാണ്. 1950 ന് ശേഷം മാത്രം, ലോകത്ത് നിലവിലുണ്ടായിരുന്ന 230 ഭാഷകള്‍ ഭൂമുഖത്ത് നിന്ന് തന്നെ മാഞ്ഞു. യുനെസ്‌കോയുടെ ഇപ്പോഴത്തെ ഡയറക്ടര്‍ ജനറല്‍ ഐരീന ബൊക്കാവോയുടെ നേതൃത്വത്തില്‍ വംശനാശ ഭീഷണി നേരിടുന്ന ഭാഷകളുടെ സംരക്ഷണത്തിനായി നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. അതിലൊന്നാണ് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ സ്ഥിതിചെയ്യുന്ന ഇന്റര്‍നാഷണല്‍ മദര്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ട്.
ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലും മാതൃഭാഷ സംരക്ഷണത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു വരുന്നുണ്ട്. 2008ല്‍ അന്തര്‍ദേശീയ ഭാഷാ വര്‍ഷം ആചരിച്ച് മണ്‍മറഞ്ഞു പോകുന്ന ഭാഷകളെ നിലനിര്‍ത്താന്‍ ശ്രമിച്ചു. യുഎന്‍ നേതൃത്വത്തിലുള്ള മിലേനിയം ഡവലപ്‌മെന്റ് ഗോളില്‍ നാലാമത്തെ ഇനം തന്നെ മെച്ചപ്പെട്ടതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ വിദ്യാഭ്യാസം മാതൃഭാഷയിലൂടെ നല്‍കുക എന്നതാണ്.
യുഎന്‍ കണക്കനുസരിച്ച് ലോകത്ത് സംസാരിക്കപ്പെടുന്ന ഏകദേശം 7000 ഭാഷകളില്‍ പകുതിയോളം ഒരു തലമുറ കൂടി നിലനില്‍ക്കുമെന്ന് ഉറപ്പില്ല. ഇതില്‍ തന്നെ 96% ഭാഷകളും ലോക ജനസംഖ്യയുടെ കേവലം 4 % മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. അതായത് ഭാഷകള്‍ തന്നെ വലിയ തോതില്‍ അന്യം നിന്ന് പോകുന്ന അവസ്ഥ വൈകാതെ മനുഷ്യനെ അവന്റെ സ്വത്വം നഷ്ടപ്പെട്ട് പോവുന്നതിലേക്ക് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിക്കും. അഞ്ച് കോടിക്കോ അതിന് മുകളിലോ ആളുകള്‍ സംസാരിക്കുന്ന 26 ലോക ഭാഷകളില്‍ 7 എണ്ണം ഭാരത ഉപഭൂഖണ്ഡത്തിലാണെന്നത് നമുക്ക് അഭിമാനിക്കാന്‍ വക തരുന്നു. ഹിന്ദി, ബംഗാളി, ഉര്‍ദു, പഞ്ചാബി, തെലുങ്ക്, തമിഴ്, മറാഠി എന്നിവയാണിവ. ഭാരതത്തിലാകട്ടെ, ഭാഷാടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെ രൂപീകരണം തന്നെ നടന്നിരിക്കുന്നത്. 57 ദിവസത്തെ പോറ്റി ശ്രീരാമലുവിന്റെ ഉപവാസത്തിലൂടെയുള്ള മരണം ആന്ധ്രാപ്രദേശിന്റെ രൂപവത്ക്കരണത്തിലേക്ക് മാത്രമല്ല, മറ്റ് ഭാഷാടിസ്ഥാനത്തിലുള്ള ഫെഡറല്‍ ഘടകങ്ങളുടെ പിറവിയിലേക്കും കാര്യങ്ങള്‍ എത്തിച്ചു.
മുഹമ്മദ് അലി ജിന്നയുടെ 1948ലെ പ്രസിദ്ധമായ ഉറുദു, ഉറുദുമാത്രം എന്ന കുപ്രസിദ്ധമായ ധാക്ക പ്രസംഗം 1971ല്‍ ലോകത്തിലാദ്യമായി ഭാഷാ അടിസ്ഥാനത്തില്‍ രൂപവത്ക്കരിച്ച രാജ്യമായ ബംഗ്ലാദേശിന്റെ പിറവിയിലാണ് കലാശിച്ചത്. 1952 ലെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ തീപ്പൊരി ഇപ്പോഴും ബംഗാളി രക്തത്തിലോടുന്നു. ഫെബ്രുവരി 21ന് ധാക്ക സര്‍വകലാശാല വളപ്പിലെ ഷഹീദ് മിനാരത്തില്‍ (രക്തസാക്ഷി മണ്ഡപം) ഒത്തുകൂടുന്ന അവര്‍ മാതൃഭാഷയ്ക്കായി ജീവന്‍ തൃജിക്കാനും തയ്യാറാണെന്ന പ്രതിജ്ഞ പുതുക്കുകയും ചെയ്യുന്നു.
ഏഷ്യയിലെയും ആഫ്രിക്കയിലെയുമൊക്കെ ചില സമൂഹങ്ങള്‍ക്കിടയില്‍ സ്ത്രീകള്‍ മാത്രം സംസാരിക്കുന്ന ഭാഷകള്‍ ഉണ്ടെന്ന് ഭാഷാശാസ്ത്രജ്ഞര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലും മഹാരാഷ്ട്രയിലെ ഷോലാപ്പുരിലും ഒക്കെ ഇപ്പോഴും പ്രചാരത്തിലുള്ള ദക്കിനി ഭാഷ (Dakhini) ഏതാണ്ട് അത്തരത്തിലുള്ളതാണ്. സ്ത്രീകള്‍ മുഖ്യമായി ഉപയോഗിക്കുന്ന ഭാഷാശൈലി ‘backyard language’ (അടുക്കളവശത്തെ ഭാഷ) എന്നും വിളിക്കപ്പെടുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സംസ്ഥാനങ്ങള്‍ പരസ്പരം ഇംഗ്ലീഷിനേക്കാള്‍ ഹിന്ദിയില്‍ ആശയവിനിമയം നടത്തണമെന്ന് കഴിഞ്ഞ വര്‍ഷം നിര്‍ദ്ദേശിച്ചതോടെ വിവാദങ്ങളും ഹാഷ് ടാഗുകളും ഉയര്‍ന്നിരുന്നു. അതേസമയം ഷാ തന്നെ ഹിന്ദി പ്രാദേശിക ഭാഷകള്‍ക്ക് ബദലാകരുതെന്ന് ഊന്നിപ്പറയുകയും ചെയ്തു. മറ്റ് ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാര്‍ പരസ്പരം ആശയവിനിമയം നടത്തുമ്പോള്‍ അത് ഭാരതീയ ഭാഷയിലായിരിക്കണം,” പാര്‍ലമെന്ററി ഔദ്യോഗിക ഭാഷാ സമിതി യോഗത്തില്‍ ഷാ പറഞ്ഞതായി ആഭ്യന്തര മന്ത്രാലയം ഇക്കാര്യം ഉദ്ധരിച്ചതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. 2011-ലെ ഭാഷാ സെന്‍സസ് അനുസരിച്ച് ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ 22 ഭാഷകള്‍ ഉള്‍പ്പെടെ 121 മാതൃഭാഷകളാണ് ഉള്ളത്. 52.8 കോടി വ്യക്തികള്‍, അതായത് ജനസംഖ്യയുടെ 43.6% പേര്‍ ഹിന്ദിയാണ് സംസാരിക്കുന്നത്. അടുത്ത ഏറ്റവും കൂടുതല്‍ പേരുടെ മാതൃഭാഷ ബംഗാളിയാണ്-8% – പേര്. അതായത് ഹിന്ദിയുടെ എണ്ണത്തിന്റെ അഞ്ചിലൊന്നില്‍ താഴെ ആള്‍ക്കാര്‍ മാത്രമേ ബംഗാളി സംസാരിക്കുന്നുള്ളു. മാതൃഭാഷ എന്ന നിലയില്‍, 2.6 ലക്ഷം ഇംഗ്ലീഷ് സംസാരിക്കുന്നവരില്‍ ഒരു ലക്ഷത്തിലധികം പേര്‍ മഹാരാഷ്ട്രയിലാണ്. രണ്ടാം ഭാഷയെന്ന നിലയില്‍, വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ ഹിന്ദിയേക്കാള്‍ ഇംഗ്ലീഷിനാണ് മുന്‍ഗണന നല്‍കുന്നത്. 2011-ല്‍ മണിപ്പൂരി (8ാം പട്ടിക ഭാഷ) മാതൃഭാഷയായ 17.6 ലക്ഷം പേരില്‍, 4.8 ലക്ഷം പേര്‍ തങ്ങളുടെ രണ്ടാം ഭാഷ ഇംഗ്ലീഷായി പ്രഖ്യാപിച്ചു. ഹിന്ദിയ്‌ക്കൊപ്പം ഇംഗ്ലീഷും കേന്ദ്രഗവണ്‍മെന്റിന്റെ രണ്ട് ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ് എങ്കിലും, എട്ടാം ഷെഡ്യൂളിലെ 22 ഭാഷകളില്‍ അത് ഇല്ല; ഷെഡ്യൂള്‍ ചെയ്യാത്ത 99 ഭാഷകളില്‍ ഒന്നാണിത്. മാതൃഭാഷയുടെ കാര്യത്തില്‍, 2011-ല്‍ ഭാരതത്തില്‍ ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ എണ്ണം വെറും 2.6 ലക്ഷം മാത്രമായിരുന്നു – ആ സെന്‍സസില്‍ കണക്കാക്കിയ 121 കോടി ആളുകളുടെ ഒരു ചെറിയ ഭാഗം. ഫിജിയില്‍ 44ശതമാനം പേര്‍ക്ക് സംസാര ഭാഷയായിട്ടുള്ള ഹിന്ദി ഔദ്യോഗിക ഭാഷകൂടിയാണ്. ശതമാനക്കണക്കില്‍ ഭാരതത്തെക്കാളും ഹിന്ദി സംസാരിക്കുന്നവര്‍ ഫിജിയിലാണ്.
ഭാഷാ വൈജാത്യങ്ങളുടെ നാടായ ഭാരതത്തില്‍ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ 22 പ്രാദേശിക ഭാഷകളും ഭരണഘടനയുടെ എട്ടാം ഷെഡ്യൂളുകളിലൂടെ ഔദ്യോഗിക പദവി അലങ്കരിക്കുന്നു. എന്നാല്‍ നമ്മുടെ പൈതൃക ഭാഷയായ സംസ്‌കൃതം കാലയവനികയിലേക്ക് മറഞ്ഞുപോകുന്ന കാഴ്ചയാണ് കാണാനാവുക. കേവലം 15,000 ത്തില്‍ താഴെ മാത്രം ആളുകളാണ് സംസാര ഭാഷയായി സംസ്‌കൃതം ഉപയോഗിക്കുന്നത്. സംസ്‌കൃതം പരിപോഷിപ്പിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോഴും ആ ഭാഷയില്‍ ലോകത്തില്‍ ദിനപത്രം മാത്രമേയുള്ളൂ സുധര്‍മ്മ. മൈസൂരില്‍ നിന്ന് ഏതാനും കോപ്പികളുമായി ഇറങ്ങുന്ന ഈ പത്രം പോയ്മറഞ്ഞ സംസ്‌കൃതിയുടെ തിരുശേഷിപ്പായി തുടരുന്നു. ഉത്തരാഖണ്ഡ് അവരുടെ ഔദ്യോഗിക ഭാഷകളില്‍ സംസ്‌കൃതം ഉള്‍പ്പെടുത്തിയത് ശുഭകരമാണ്. 1961-ലെ സെന്‍സസ് പ്രകാരം ഭാരതത്തില്‍ 1,652 ഭാഷകളായിരുന്നു ‘മാതൃഭാഷ’ എന്ന ഗണത്തില്‍പ്പെട്ടിരുന്നത്. ഭാഷാഭേദങ്ങള്‍ (dialects) ഉള്‍പ്പെടാതെയുള്ള കണക്കായിരുന്നു. എന്നാല്‍, 2011-ലെ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം ഭാരതത്തിലെ മാതൃഭാഷയുടെ എണ്ണം 234 ആണ്. കഴിഞ്ഞ അമ്പതുവര്‍ഷത്തിനിടെ ഏകദേശം 800-ലധികം മാതൃഭാഷകള്‍ അന്യംനിന്നുപോയി. മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമായി കിടക്കുന്ന പതിനഞ്ചോളം ഗ്രാമങ്ങളില്‍ പതിനയ്യായിരത്തിലധികംപേര്‍ ഇന്നും മാതൃഭാഷയായി പരിഗണിക്കുന്നത് നിഹാലിയാണ്. മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന ആയിരത്തോളം പേര്‍ ഉണ്ടെന്നുള്ളത് അദ്ഭുതകരമാണ്. ജനസംഖ്യ വളരെ കുറഞ്ഞ അരുണാചല്‍പ്രദേശിലാണ് ഭാഷാവൈവിധ്യം ഏറ്റവും കൂടുതലായുള്ളത്. ബഹു ഭാഷാഗോത്രങ്ങളും പ്രദേശങ്ങളും ഭാരതത്തിന്റെ സംസ്‌കാര തനിമയാണ്. ഭാരതത്തില്‍ 220ഭാഷകളാണ് മതിയായ പരിചരണം കിട്ടാത്തതിനാല്‍ സമീപകാലത്ത് വംശനാശം സംഭവിച്ചത്. 197 ഭാരതീയ ഭാഷകളെ യുനെസ്‌കോ അന്യംനില്ക്കാന്‍ സാധ്യതയുള്ളവയുടെ കൂട്ടത്തില്‍പ്പെടുത്തിയിരിക്കുന്നു. 2011 ലെ സെന്‍സസ് പ്രകാരം ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച 21 ഭാഷകളാണ് 96.71 ശതമാനം ജനങ്ങളും സംസാരിക്കുന്നത്.
ഇംഗ്ലീഷും സ്പാനിഷും ഫ്രഞ്ചും ഒക്കെ സ്വന്തമായ ലിപി വികസിപ്പിച്ചിട്ടില്ലാത്ത ഭാഷകളാണ്. ലാറ്റിന്‍ ലിപിയാണ് ഈ ഭാഷകള്‍ എഴുത്തുകുത്തുകള്‍ക്കായി കടമെടുത്തത്. സ്വന്തമായ ലിപിയില്ലാത്ത ഭാഷയാണ് ഹിന്ദിയും. ദേവനാഗരിയാണ് ഹിന്ദി ഇന്നുപയോഗിക്കുന്ന ലിപി. ഭാരതത്തിലെ സിന്ധ് വംശജര്‍ അവരുടെ ഭാഷയ്ക്ക് പേര്‍ഷ്യന്‍ ലിപിയായിരുന്നു ഉപയോഗിച്ചിരുന്നത്. സ്വാതന്ത്ര്യാനന്തരം ദേവനാഗരിയിലേക്കു മാറുകയായിരുന്നു.
സ്വതന്ത്ര ബംഗ്ലാദേശിന്റെ ദേശീയഗാനമായ അമര്‍ സോണന്‍ ബംഗ്ല രബീന്ദ്രനാഥ ടാഗൂര്‍ ഒന്നാം ബംഗാള്‍ വിഭജന പശ്ചാത്തലത്തില്‍ 1905ല്‍ രചിച്ചതാണ്. രബീന്ദ്ര നാഥിന്റെ വിശ്വഭാരതിയിലെ ശിഷ്യനായിരുന്ന ആനന്ദസമരകൂണ്‍ ആണ് സിംഹള ഭാഷയില്‍ ശ്രീലങ്കയുടെ ദേശീയഗാനം രചിച്ചത്. മൂന്ന് പതിറ്റാണ്ട് നീണ്ട് നിന്ന ശ്രീലങ്കന്‍ ആഭ്യന്തര കലഹങ്ങളുടെയും മൂലകാരണം തമിഴ് വംശജര്‍ ഭാഷയുടെ പേരില്‍ നേരിട്ട വിവേചനമാണെന്ന് കാണാന്‍ സാധിക്കും. ഏതായാലും 2009ല്‍ അവസാനിച്ച ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന് പതിറ്റാണ്ട് മുമ്പ് തന്നെ തമിഴും സിംഹളക്കൊപ്പം ശ്രീലങ്കയുടെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കപ്പെട്ടിരുന്നു.
സാര്‍വദേശീയ ഭാഷാ അവകാശ പ്രഖ്യാപനം(universal declaration of linguistic rights) 1996 ല്‍ ബാഴ്‌സലോണയില്‍ വച്ച് നടത്തപ്പെട്ടെങ്കിലും നൂറ് കണക്കിന് ഭാഷകള്‍ കാലയവനികയിലേക്ക് മറഞ്ഞുപോവുക തന്നെയാണെന്നതാണ് യാഥാര്‍ത്ഥ്യം. എഴുത്ത് എന്ന ഏര്‍പ്പാടിന് അന്‍പതുകൊല്ലത്തിനപ്പുറത്തേക്കു ആയുസ്സുണ്ടാവുമോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. ശബ്ദത്തെ ടെക്സ്റ്റ് ആക്കി മാറ്റാനുള്ള സാങ്കേതികവിദ്യ ഇപ്പോള്‍ത്തന്നെ പ്രചാരത്തിലുണ്ട്. അന്‍പതുകൊല്ലത്തിനുശേഷം ഇത് സര്‍വ്വസാധാരണമാവും.
ലോകത്ത് ഇന്ന് ഉപയോഗത്തിലുള്ള ആറായിരം ഭാഷകളില്‍ നാലായിരമെങ്കിലും നാമാവശേഷമാകാനിടയുള്ളതാണ്. നിലവില്‍ ഉപയോഗത്തിലുള്ള ഭാഷകളില്‍ 90 ശതമാനവും 2050 ആകുമ്പോഴേക്കും ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകുമെന്നാണ് ഭാഷാ ഗവേഷകര്‍ പറയുന്നത്. കേവലം പതിനായിരത്തില്‍ താഴെ ജനങ്ങളാണ് ലോകത്ത് നിലവിലുള്ള ഭാഷകളില്‍ മൂന്നിലൊരു ഭാഗവും ഉപയോഗിക്കുന്നത്. 1961ന് ശേഷം ഇരുന്നൂറിലേറെ ഭാരതീയ ഭാഷകള്‍ തിരോഭവിച്ചെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ കണക്ക്. ഇവയില്‍ ഭൂരിഭാഗവും ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ഗോത്രവര്‍ഗങ്ങള്‍ ഉപയോഗിച്ചുവരുന്ന ഭാഷകളാണ്. 1961ലെ സെന്‍സസിന് പിന്നാലെ പതിനായിരത്തില്‍ താഴെ ആളുകള്‍ ഉപയോഗിക്കുന്ന ഭാഷകളുടെ ദേശീയപദവി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഈ കൂട്ടമരണത്തിന് കാരണമായി. ഒരു ഭാഷ ഇല്ലാതാവുന്നുവെന്നുവെച്ചാല്‍ ഒരു സംസ്‌കൃതി തന്നെ ഇല്ലാതാകുന്നു എന്നാണ് നാം മനസ്സിലാക്കേണ്ടത്. ഭാഷകളെ മരിക്കാനനുവദിക്കുന്നത് പൂര്‍വ്വികരോടും വരുംതലമുറയോടും നാം കാണിക്കുന്ന കൊടുംപാതകമാണ്.