മത ഭീകരര്‍ക്കഴിഞ്ഞാടുവാന്‍, അധികാര-
മദമാളുവോര്‍ രാജപാതകളൊരുക്കുമ്പോള്‍
വെറുതെ കൈയ്യുംകെട്ടി നില്‍ക്കുന്ന ജനം ഒന്നു-
മറിയാത്ത പോലസ്തപ്രജ്ഞരായ്ത്തീരുന്നല്ലോ…
എന്തുചെയ്യാനുംമടിക്കാത്തൊരുവര്‍ഗ്ഗത്തിനെ
എന്തിനുപിണക്കണമെന്നാവാം മനോഭാവം!
എങ്കിലും തല കൊയ്യാനെത്തുന്ന ജിഹാദികള്‍-
ക്കെന്തിലും മേലേ മതചിന്ത മാത്രമേയുള്ളൂ…
തങ്ങടെ സിദ്ധാന്തങ്ങളടിച്ചേല്പിക്കാന്‍, അവര്‍-
ക്കെന്തൊരുത്സാഹം, തീവ്രവാദത്തിന്‍ പ്രവാചകര്‍!
സ്വന്തമാക്കണം ലോകമെന്നൊരുവിചാരത്തി-
ലന്ധരായവര്‍ കൊലചെയ്യുവാന്‍ മടിയ്ക്കാത്തോര്‍
കരുണാമയനായദൈവത്തിന്‍ പേരില്‍ ചോര-
ക്കുരുതിയ്ക്കുഴറീടും ശക്തിയെത്തുരത്തുവാന്‍
ഒരുമിച്ചീടാതുള്ള മാനവചരിത്രത്തില്‍
സ്ഥിരമായൊരുധര്‍മ്മമിപ്പൊഴും ദിവാസ്വപ്നം!
നീതിയും നിയമവുമാരുടെ പക്ഷത്തെന്ന-
നേരറിയുവാനുള്ള യാത്രയില്‍ പ്രബോധകര്‍
ജീവരാശികള്‍ക്കന്ത്യകൂദാശ ചൊല്ലീടുന്ന
വേദപുസ്തകം താത്തുവയ്ക്കുവാന്‍ തുനിഞ്ഞെങ്കില്‍!
അന്തരിന്ദ്രിയം തോറും ചെങ്കനല്‍ പടര്‍ത്തുന്ന
ചിന്തയും വാക്കും നോക്കും കര്‍മ്മവും വെടിയുവാന്‍
നമ്മളന്യോന്യം ചേര്‍ന്നിങ്ങിണങ്ങിക്കഴിയുന്ന
നന്മതന്‍ ലോകം വരാനെത്രനാള്‍ കാത്തീടേണം!
ഈയൊരു പ്രതീക്ഷയ്ക്കു കൈത്തിരികൊളുത്തുവാന്‍
ഈടാര്‍ന്ന സ്വപ്നങ്ങള്‍ക്കു പൂഞ്ചിറകേകീടുവാന്‍
ലോകശാന്തിയ്ക്കായെന്നും പ്രാര്‍ത്ഥിച്ചു നില്‍ക്കും, മഹാ-
കാരുണ്യസദനമാമാര്‍ഷഭൂവിനേയാവൂ…
ആഗോള സുഖസ്വച്ഛ സ്‌നേഹമന്ത്രങ്ങള്‍, നാവി-
ലൂറുവാന്‍ കനിയുക കാലമേ, കൈവല്യമേ….