Wednesday, June 25, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കഥ

മരണശിക്ഷ

പ്രകാശന്‍ ചുനങ്ങാട്

Print Edition: 1 March 2024

വാഹനങ്ങള്‍ ഇടതടവില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്ന റെയില്‍വേസ്റ്റേഷന്‍ റോഡരികേ വീടുവെക്കുമ്പോള്‍ സുകുമാരന്‍ യാത്രാസൗകര്യത്തെക്കുറിച്ചു മാത്രമാണ് ചിന്തിച്ചത്.

തെക്കുനിന്നു വരുന്ന വാഹനങ്ങള്‍ ഭാരതപ്പുഴ കടന്ന്, റെയില്‍വേ മേല്‍പ്പാലം കയറി, ഇടത്തോട്ടു തിരിഞ്ഞ്, സ്റ്റേഷന്റോഡിലൂടെ ഷൊര്‍ണ്ണൂര്‍ ടൗണിലേക്കു പ്രവേശിക്കുന്നു.

വടക്കുനിന്നു വരുന്ന വാഹനങ്ങള്‍ ബൈപ്പാസുവഴി വന്ന്, വലത്തോട്ടു തിരിഞ്ഞ്,  സ്റ്റേഷന്‍ റോഡിലേക്കു കടക്കുന്നു. തെക്കുനിന്നായാലും വടക്കുനിന്നായാലും വാഹനങ്ങള്‍ക്ക് ഷൊര്‍ണ്ണൂര്‍ ടൗണിലെത്തണമെങ്കില്‍ റെയില്‍വേ സ്റ്റേഷന്‍വഴി വന്നേ തീരൂ. കെ.എസ്.ആര്‍.ടി.സി.യുടെ ദീര്‍ഘദൂരബസ്സുകള്‍ രാത്രിനേരം ബൈപ്പാസുവഴി പോകരുതെന്നും, സ്റ്റേഷന്‍ റോഡുവഴി വന്ന് ഷൊര്‍ണ്ണൂര്‍ ടൗണിലുള്ള മുന്‍സിപ്പല്‍ സ്റ്റാന്‍ഡില്‍ കയറണമെന്നും, മസ്റ്ററിലൊപ്പിട്ടു പോകണമെന്നും സര്‍ക്കാരിന്റെ ശാസനയുണ്ട്.

ഷൊര്‍ണ്ണൂര്‍ റെയില്‍വേസ്റ്റേഷന്‍ വെറുമൊരു സ്റ്റേഷന്‍ മാത്രമല്ല, ഇന്ത്യന്‍ റെയില്‍വേ മാപ്പില്‍ ഇടം നേടിയിട്ടുള്ള ഒട്ടും അപ്രധാനമല്ലാത്ത ജംഗ്ഷനുമാകുന്നു. രാത്രിയും പകലും ട്രെയിനുകള്‍ സ്റ്റേഷനില്‍ വന്നുംപോയുംകൊണ്ടിരിക്കുന്നു.
ട്രെയിനില്‍ വന്നിറങ്ങിയാല്‍ സ്റ്റേഷന്‍ റോഡിലൂടെ കിഴക്കോട്ട് വെറും മൂന്നു മിനിട്ടിന്റെ നടത്തം ബൈപ്പാസിലേക്ക്. അത്രയും ദൂരം പടിഞ്ഞാട്ടു നടന്നാല്‍ ഷൊര്‍ണ്ണൂര്‍ ടൗണിലെത്താം.

ഇത്രയും സൗകര്യങ്ങള്‍ കണക്കിലെടുത്താണ് ഒറ്റപ്പാലത്തുകാരനായ സുകുമാരന്‍ ഷൊര്‍ണ്ണൂര്‍ സ്റ്റേഷന്റോഡരികില്‍ വീടുവെച്ചത്. മുജ്ജന്മസുകൃതം കൊണ്ടായിരിക്കാം അയാള്‍ക്ക് സ്റ്റേഷന്റോഡരികില്‍ അഞ്ചുസെന്റുസ്ഥലം ഒത്തുകിട്ടിയത്. ബസ്സുകള്‍ പോകുന്ന റോഡിന്റെ ഓരത്ത്, സ്റ്റേഷനില്‍നിന്ന് നടന്നുപോകാവുന്ന അകലത്തില്‍ വീടുവെക്കേണ്ടത് സുകുമാരന്റെ ആവശ്യമായിരുന്നു.

ബോംബെയില്‍ ഹെഡ്ഡോഫീസും ഇങ്ങു കേരളത്തില്‍ മാത്രം ഇരുന്നൂറിലധികം ശാഖകളുമുള്ള ഒരു ദേശസാല്‍കൃതബാങ്കില്‍ സീനിയര്‍ മാനേജരായിരുന്നു സുകുമാരന്‍, ഷൊര്‍ണ്ണൂരില്‍ വീടുവെക്കുന്നകാലത്ത്.
പ്രശസ്തമായ ഒരു ബാങ്കിന്റെ സീനിയര്‍ മാനേജരായ സുകുമാരനെ കാണുമ്പോള്‍ നാട്ടുകാര്‍ സലാം വെക്കുകയും ക്ഷേമാന്വേഷണം നടത്തുകയും കല്യാണങ്ങള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും മാന്യസ്ഥാനത്തിരുത്തി ആദരിക്കുകയും ചെയ്തു.

എന്നാല്‍ ചന്ദ്രികയ്ക്കും മക്കള്‍ക്കും സീനിയര്‍ മാനേജരെപ്പറ്റി അത്ര വലിയ അഭിപ്രായമുണ്ടായില്ല. മൂന്നുവര്‍ഷത്തിലൊരിക്കലെങ്കിലും സുകുമാരേട്ടന്‍ ബ്രാഞ്ചില്‍നിന്നു ബ്രാഞ്ചിലേക്ക് കുറ്റിയും പറിച്ചുപോകുന്നു. കേരളത്തില്‍ എല്ലാ ജില്ലയിലും സുകുമാരേട്ടന്റെ ബാങ്കിനു ബ്രാഞ്ചുകളുണ്ട്. ആ ജില്ലകളിലൊക്കെ ഏട്ടന്‍ സാദാ ഓഫീസറായും അക്കൗണ്ടന്റായും മാനേജരായും ജോലിചെയ്തിട്ടുണ്ട്. ഏട്ടന്‍ പോകുന്നിടത്തെല്ലാം കൂടെപ്പോകാമെന്നും ജീവിതം ഉത്സവമാക്കാമെന്നും ചന്ദ്രിക ആദ്യകാലങ്ങളില്‍ സ്വപ്നം കണ്ടിരുന്നെങ്കിലും അത് നടക്കാത്ത സ്വപ്നമാണെന്നുറപ്പായപ്പോള്‍ അവള്‍ക്കു സമാധാനപ്പെടേണ്ടിവന്നു.

ആഴ്ചയിലൊരിക്കലോ, രണ്ടാഴ്ചകൂടുമ്പൊഴോ,  ചിലകാലങ്ങളില്‍ മാസത്തിലൊരിക്കലോ, ശനിയാഴ്ച രാത്രിനേരങ്ങളില്‍ കുറുക്കനെപ്പോലെ കേറിവരിക; ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച്ച പുലര്‍ച്ചെയോ ഇറങ്ങിപ്പോവുക. ഈ ജീവിതക്രമത്തോട് പൊരുത്തപ്പെടാന്‍ ചന്ദ്രിക ശീലിച്ചുകഴിഞ്ഞു.
സ്ഥലം വാങ്ങി അധികം വൈകാതെ വീടിന്റെ പണിതുടങ്ങി. ഒരു വര്‍ഷംകൊണ്ട് പണിതീര്‍ത്ത് കോണ്‍ട്രാക്ടര്‍ ശിവശങ്കരമേനോന്‍  സുകുമാരന് താക്കോല്‍ കൈമാറി. സൈറ്റില്‍ നില്‍ക്കാനും പണിക്കാരെ ശ്രദ്ധിക്കാനും മെറ്റീരിയല്‍ വാങ്ങാനും സുകുമാരനെവിടെ സമയം!

നല്ല ദിവസം നോക്കി പുതിയ വീട്ടിലേക്ക് താമസം മാറ്റിയപ്പോള്‍ സുകുമാരനാണ് ഏറെ ആഹ്ലാദിച്ചത്. ആലപ്പുഴയോ പത്തനംതിട്ടയോ കൊല്ലത്തോ കോഴിക്കോട്ടോ തിരുവനന്തപുരത്തോ എവിടെയാണെങ്കിലും ഷൊര്‍ണ്ണൂരെത്തിപ്പെടാന്‍ അയാള്‍ക്ക് അധികം ക്ലേശിക്കേണ്ടി വന്നില്ല. നട്ടപ്പാതിരനേരത്തും ബസ്സിനോ വണ്ടിക്കോ ഷൊര്‍ണ്ണൂരു വന്നിറങ്ങാം. ബസ്സാണ് കൂടുതല്‍ സൗകര്യം. എത്ര സമയക്കുറവുണ്ടെങ്കിലും പത്തുമണിക്കുശേഷം അവനവന്‍ സ്റ്റോപ്പില്‍ ബ്രേക്കു ചവിട്ടണമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ ഉത്തരവ്.

ഷൊര്‍ണ്ണൂരില്‍ താമസം തുടങ്ങിയ അക്കാലത്തൊരു ദിവസം സുകുമാരന്‍ മണ്ണുത്തി കാര്‍ഷികസര്‍വകലാശാലയുടെ ഫാമില്‍നിന്ന് ഒരു തെങ്ങിന്‍തൈ വാങ്ങി. ഏതിനം തെങ്ങാണെന്നുപോലും അയാള്‍ അന്വേഷിച്ചില്ല. ചിലപ്പോള്‍ ചോദിക്കാന്‍ വിട്ടുപോയതാവാം.

ടിഃഡി ജനുസില്‍പെട്ട തെങ്ങുകളാണ് ഇട്ടാവട്ടത്തില്‍ വെച്ചുപിടിപ്പിക്കാന്‍ നല്ലത്. തെങ്ങുകയറ്റക്കാരനെ കിട്ടിയില്ലെങ്കില്‍പോലും അരിവാള്‍ത്തോട്ടിയുണ്ടെങ്കില്‍ വീട്ടുകാര്‍ക്ക്  തേങ്ങവലിച്ചിടാം. ടിഃഡി.തെങ്ങുകള്‍ വേഗം ചൊട്ടയിടും. പക്ഷെ ആയുസ്സു കുറയും. കാമ്പിനു സ്വാദും കുറവായിരിക്കും.
കുറ്റ്യാടിപോലുള്ള ഇനങ്ങളാണ് തോട്ടങ്ങളില്‍ വെക്കാവുന്നത്. ചൊട്ടയിടാന്‍ വൈകുമെങ്കിലും കായ്ഫലം കൂടും. ദീര്‍ഘായുസ്സായിരിക്കും.  തെങ്ങുകളെപ്പറ്റി വിവരമില്ലാത്തതുകൊണ്ടോ വെറും ശ്രദ്ധക്കുറവുകൊണ്ടോ കുറ്റ്യാടി ജനുസ്സില്‍പെട്ട തെങ്ങിന്‍തൈയാണ് സുകുമാരന്‍ വാങ്ങിക്കൊണ്ടുവന്നത്. അപൂര്‍വയിനം അലങ്കാരച്ചെടികള്‍ തേടി ചന്ദ്രികയും പോയിരുന്നു കാറില്‍ സുകുമാരനോടൊപ്പം തൃശൂര്‍ക്ക്.

വീട്ടിനു ചുറ്റോടുചുറ്റും ടൈലൊട്ടിച്ച് മോടിപിടിപ്പിച്ചിരുന്നു. വീടിനു പിറകില്‍ വാഴയോ കറിവേപ്പോ വെക്കാനിത്തിരി സ്ഥലം ഒഴിച്ചിട്ടു. മുന്‍സിപ്പാലിറ്റി നിയമങ്ങള്‍ പാലിക്കേണ്ടിയിരുന്നതുകൊണ്ട് വീടിന്റെ മുമ്പില്‍ ചെറുതല്ലാത്തൊരു മുറ്റം കിട്ടി. അതിനാല്‍ അതിഥികളാരെങ്കിലും വരുമ്പോള്‍ അവര്‍ക്ക് കാര്‍ മുറ്റത്തു കേറ്റിയിടാം. സുകുമാരന്റെ വണ്ടി പോര്‍ച്ചിലും കിടക്കും.

മുറ്റത്തിന്റെ മൂലയ്ക്ക് കുറച്ചധികം ടൈലുകള്‍ ഇളക്കിമാറ്റേണ്ടിവന്നു, തെങ്ങിന്‍തൈ വെക്കാന്‍. ജോലിത്തിരക്കിനിടയ്ക്ക് സുകുമാരന്‍ സ്വന്തം മക്കളുടെ കാര്യം മറന്നുപോകാറുണ്ട്. കുഴികുത്തി, അടിയില്‍ ഉപ്പും മണലുമിട്ട് തയ്യുവെച്ച്, ഇളകിയ മണ്ണുകോരിയിട്ട് വെള്ളം നനച്ചുകൊടുത്തതോടെ തെങ്ങും സുകുമാരന്റെ ഓര്‍മ്മയില്‍നിന്നു മാഞ്ഞുപോയി.

മുറ്റത്ത് ചെടിച്ചട്ടികളില്‍ അലങ്കാരച്ചെടികള്‍ വളര്‍ത്താനായിരുന്നു ചന്ദ്രികയ്ക്ക് ഉത്സാഹം. ചെടികള്‍ നനയ്ക്കുന്ന കൂട്ടത്തില്‍ അവള്‍ തെങ്ങിന്‍തടത്തിലേക്കും ഹോസ് നീട്ടിപ്പിടിക്കുന്നു. ചെടിച്ചട്ടികളിലെ മണ്ണ് പതിവായി കുത്തിയിളക്കുകയും വളപ്രയോഗം നടത്തുകയും ചെയ്യാറുണ്ട് ചന്ദ്രിക. പ്ലാസ്റ്റിക് ബാഗില്‍ ബാക്കിയാവുന്ന ജൈവവളമോ ശീമവളമോ എന്തായാലും തെങ്ങിന്‍തടത്തിലേക്ക് കുടഞ്ഞിടുന്നതൊരു പതിവാക്കിയിരുന്നു ചന്ദ്രിക. പാവം അവന്‍ അതുകൊണ്ടു തൃപ്തിപ്പെട്ടു. ഭര്‍ത്താവിന്റെ ആദ്യഭാര്യയിലുണ്ടായ മകനായിരുന്നു ചന്ദ്രികയ്ക്ക് ആ തെങ്ങിന്‍തയ്യ്.
ഷൊര്‍ണ്ണൂരു വീടുവെക്കുമ്പോള്‍ സുകുമാരന് പത്തുവര്‍ഷം സര്‍വീസ് ബാക്കിയുണ്ട്. അക്കാലമത്രയും ഷൊര്‍ണ്ണൂരിലെ വീട് അയാള്‍ക്കൊരു കംഫര്‍ട് സ്റ്റേഷന്റെ ഫലം ചെയ്തു.

അപൂര്‍വമായി വീണുകിട്ടുന്ന ഒഴിവുദിനങ്ങളില്‍ സുകുമാരന്‍ ഭാര്യയോടു കൊച്ചുവര്‍ത്തമാനം പറഞ്ഞു. മക്കളെ അടുത്തു പിടിച്ചിരുത്തി സ്‌കൂളിലെ വിശേഷങ്ങള്‍ ചോദിച്ചു. മുറ്റത്തിറങ്ങി, ചന്ദ്രിക പരിപാലിക്കുന്ന ചെടികളെ തൊട്ടുതലോടി. മുറ്റത്തിനരികില്‍ നട്ട തെങ്ങിന്‍തൈ വളര്‍ന്നു വലുതാവുന്നുണ്ടല്ലോ എന്ന് അതിശയിച്ചു. മണ്ണുത്തിയില്‍നിന്ന് വാങ്ങിവരുമ്പോള്‍ അവന്‍ കാല്‍മുട്ടോളമേ ഉണ്ടായിരുന്നുള്ളു. ഇപ്പൊഴോ, എന്നെക്കാള്‍ ഉയരംവെച്ചിരിക്കുന്നു.

മതിലും കവിഞ്ഞ് റോഡിലേക്കു ചാഞ്ഞാണല്ലോ തെങ്ങു വളരുന്നതെന്ന് സുകുമാരന്‍ ശ്രദ്ധിച്ചു. എന്താവാം കാരണം! അപ്പുറത്തെ വളപ്പില്‍ എതയ്ക്കല്‍ നില്‍ക്കുന്നുണ്ട് ഒരു പടുകൂറ്റന്‍ തേക്കുമരം. അവനെപ്പേടിച്ചാണ് തെങ്ങ് മേല്‍പ്പോട്ടു പോകുന്നതിനുപകരം റോഡിലേക്കു ചാഞ്ഞു വളരുന്നത്.
സുകുമാരന്‍ പെന്‍ഷന്‍പറ്റി വീട്ടിലിരിപ്പായപ്പോഴേക്കും തെങ്ങ് അഞ്ചാള്‍ക്കുയരത്തില്‍ പൊങ്ങി. ഓലകള്‍ക്കു കനവും നീളവും വെച്ചു. കുരലില്‍ പൂക്കുലകളെമ്പാടും വിരിഞ്ഞു. പൂക്കള്‍ അച്ചിങ്ങകളും അച്ചിങ്ങകള്‍ ഇളനീര്‍ക്കുടങ്ങളുമായി. ഇളന്നീരു മൂത്ത് തേങ്ങയായി. തേങ്ങാക്കുലകളെ കൈനീളമുള്ള തെങ്ങോലകള്‍ കൈകൂട്ടില്‍ താങ്ങി.

കാണെക്കാണെ തെങ്ങിനു നീളം വെച്ചുവന്നു. പടുമുളപോലെ വളര്‍ന്ന അവന്‍ ചുറ്റുവട്ടത്തുള്ള ഏതൊരു തെങ്ങിനെക്കാള്‍ ആരോഗ്യവാനായിരുന്നു. കുലകള്‍ മുറ്റിയ  തെങ്ങിന്‍കുരലിലേക്കു നോക്കി വഴിയേ പോകുന്നവര്‍ അസൂയപ്പെട്ടു. അവന്റെ ആകാരവലിപ്പവും തലയെടുപ്പും കണ്ട് സുകുമാരന്റെ മനസ്സു നിറഞ്ഞു. തെങ്ങിന്റെ റോഡിലേക്കു ചാഞ്ഞുള്ള ആ നില്‍പ്പ്. അതു കാണുമ്പോഴാണ് വേവലാതി.

പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ വാഹനങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുന്നു. അതീവ ശ്രദ്ധയോടെ വേണം തേങ്ങയിടാന്‍. നീളം കൂടിയ കയറൊന്നു സംഘടിപ്പിച്ചു. തേങ്ങ കുലയോടെ കെട്ടിയിറക്കണം. ഒരു തേങ്ങപോലും കൂട്ടത്തില്‍നിന്ന് തെറിച്ച് താഴെ റോഡിലേക്കു വീഴരുത്. ഓടുന്ന ബൈക്കിന്റേയോ സ്‌കൂട്ടറിന്റേയോ മുമ്പിലേക്ക് തേങ്ങ ഉരുണ്ടുപോവുകയാണെങ്കില്‍ വാഹനം തെന്നിവീണതുതന്നെ. വെറുമൊരു വീഴ്ചയില്‍ അതവസാനിക്കണമെന്നില്ല. ടൂവിലറിന്റെ തൊട്ടുപിറകേ ഒരു ഫോര്‍വീലറാണ് വരുന്നതെങ്കിലോ!
സങ്കല്‍പ്പിക്കാതിരിക്കുകയാണ് ഭേദം.

തെങ്ങുകേറ്റക്കാരന്‍ എപ്പോഴും ഒരു സഹായിയേയും കൂട്ടിവന്നു. സുകുമാരന്‍ നീട്ടിയ കയറിന്റെ ഒരു തല അരയില്‍ ബന്ധിച്ച് അയാള്‍ തെങ്ങിന്റെ കുരലിലോളം കയറി. പട്ടകളില്‍ ആയത്തില്‍ പിടിച്ച് കുരലില്‍ കയറിയിരുന്നു. കുല, കയറില്‍ കെട്ടിയിറക്കി. താഴെനില്‍ക്കുന്ന സഹായി കുല മതിലിനോടടുപ്പിച്ച് കയറിന്റെ കുരുക്കഴിച്ചു. അടുത്ത കുലയ്ക്കുവേണ്ടി മുകളിലിരിക്കുന്നയാള്‍ കയര്‍ മേല്‍പ്പോട്ടു വലിച്ചു.

കുലകള്‍ കയറില്‍ കെട്ടിയിറക്കിയാല്‍മാത്രം പോരാ, കനമുള്ള ഒരു പ്ലാസ്റ്റിക് ചരടുകൊണ്ട് ഓലകള്‍ പരസ്പരം ബന്ധിപ്പിക്കണം. ഉണങ്ങിയ ഓലകള്‍ താഴേക്കൂര്‍ന്നു വീഴരുത്. ഓലയടര്‍ന്ന് തൂങ്ങിനില്‍ക്കുകയാണെങ്കില്‍ ഉടനെ തെങ്ങുകയറ്റക്കാരനെ  വിളിക്കണം. തെങ്ങില്‍ കയറി, ഉണങ്ങിയ ഓല പ്ലാസ്റ്റിക് ചരടില്‍നിന്നൂരിയെടുക്കണം. ഉണങ്ങിയ ഓല അനുസരണയോടെ എപ്പോഴും പ്ലാസ്റ്റിക് ്ചരടില്‍ തൂങ്ങിക്കിടക്കണമെന്നില്ല. വീശിയടിക്കുന്ന കാറ്റില്‍ റോഡിലേക്കു തെറിച്ചുവീണുകൂടെന്നില്ല. അങ്ങനെയൊരിക്കല്‍ താഴേക്കുവന്ന ഓലയില്‍നിന്ന് തലനാരിഴക്കാണ് ഒരു സ്‌കൂട്ടറുകാരന്‍ രക്ഷപ്പെട്ടത്. ശബ്ദംകേട്ടു പുറത്തിറങ്ങിയ സുകുമാരനെ മുട്ടന്‍ തെറിപറഞ്ഞ് അയാള്‍ വണ്ടി വീണ്ടും സ്റ്റാര്‍ട്ടുചെയ്ത് ഓടിച്ചുപോയി.

സമയാസമയങ്ങളില്‍ തേങ്ങാക്കുലകള്‍ കെട്ടിയിറക്കുന്നില്ലെങ്കില്‍, തേങ്ങ കുലയിലിരുന്നേ ഉണങ്ങാം. ഉണങ്ങിയ തേങ്ങ അടര്‍ന്നു റോഡിലേക്കു വീഴാം. ഉണക്കത്തേങ്ങ വിചാരിച്ചാലും വലിയൊരപകടമുണ്ടാക്കാം. ഏതുവഴിയേ അപകടം വരുമെന്ന് മുമ്പേക്കൂട്ടി  പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥ.
തേങ്ങ വരിപഴുക്കുന്നുണ്ടോ. ഓല ഉണങ്ങുന്നുണ്ടോ എന്ന് എപ്പോഴും ശ്രദ്ധിച്ചുകൊണ്ടിരിക്കണം. തേങ്ങ പാകമായിട്ടുണ്ടോ എന്ന് കുരലിലേക്കു താഴെനിന്നുനോക്കിയാല്‍ അറിയാനും കഴിയില്ല.

അത്യാഹിതങ്ങളൊന്നും സംഭവിക്കാനിടംകൊടുക്കാതെ സുകുമാരന്‍ പരമാവധി ശ്രദ്ധിച്ചു. കൃത്യമായ ഇടവേളകളില്‍ തെങ്ങുകയറ്റക്കാരനെ വിളിച്ചു. ശിങ്കിടിയില്ലാത്ത ദിവസങ്ങളില്‍ സുകുമാരന്‍ അയാള്‍ക്കു സഹായിയായി റോഡിലിറങ്ങിനിന്നു. താഴേക്കിട്ടുതരുന്ന ഉണങ്ങിയ ഓലകള്‍ അപ്പപ്പോള്‍ റോഡില്‍നിന്നെടുത്തു മാറ്റി. കുരലില്‍നിന്നിറങ്ങിവരുന്ന തേങ്ങാക്കുലകള്‍ രണ്ടുകയ്യുംനീട്ടി വാങ്ങി.

കാപ്പണത്തിന്റെ പൂച്ച മുക്കാപ്പണത്തിന്റെ പാലു കുടിക്കുന്നു. ഒരിറക്കത്തിനു കിട്ടുന്നത് നാല്‍പ്പതോ അമ്പതോ തേങ്ങ.  ചെലവാക്കുന്നതോ അതിന്റെ വിലയുടെ നാലിരട്ടി. റോഡിലേക്കുചാഞ്ഞ്, ആകാശത്തേക്കുയര്‍ന്നുപോയ തെങ്ങില്‍ കേറാന്‍ പ്രത്യേകം റേറ്റാണ്. തേങ്ങയിറക്കുമ്പോഴോ ഓല വലിച്ചിടുമ്പോഴോ, വണ്ടിക്കാര്‍ക്കോ വഴി നടക്കുന്നവര്‍ക്കോ എന്തെങ്കിലും അപകടം പറ്റിയാല്‍ ജനം വെറുതെ വിടില്ല. തെങ്ങിന്റെ ഉടമയും കുറ്റക്കാരനാണ്. നഷ്ടപരിഹാരം എന്തു കൊടുക്കണമെന്ന് ഓടിക്കൂടുന്ന നാട്ടുകാര്‍ തീരുമാനിക്കും. ഹോസ്പിറ്റലില്‍ കൊണ്ടുപോകേണ്ട കേസാണെങ്കില്‍ ഹോസ്പിറ്റല്‍ ചെലവ് ഉടമ വഹിക്കേണ്ടിവരും. വണ്ടി നന്നാക്കാന്‍ വര്‍ക്ക്‌ഷോപ്പില്‍ കൊടുക്കേണ്ട തുക വേറെ. വണ്ടിക്ക് ഇന്‍ഷൂറന്‍സില്ലേ എന്നൊന്നും ചോദിച്ചൂകൂടാ. ജനവിധി അനുസരിക്കുക. അപ്പീലില്ല.

എന്നിട്ടും സുകുമാരന്‍ അവനെ സ്‌നേഹിച്ചു. കുരുന്നുപ്രായത്തില്‍ കൊണ്ടുവന്ന് കുഴി കുത്തി വെച്ചതാണ്. അവനുവേണ്ടി മാത്രം മുറ്റത്തെ ടൈലുകള്‍ ഇളക്കി മാറ്റി. ഭാവിയില്‍ കൊത്തിയിളക്കാനും വളമിടാനും സൗകര്യത്തിനുവേണ്ടി തെങ്ങിനു ചുറ്റും ഇടമുണ്ടാക്കി. എന്നാല്‍, തെങ്ങിന്റെ തടം വെട്ടലോ വളം ചേര്‍ക്കലോ ഒരിക്കലുമുണ്ടായില്ല.

പൂച്ചെടികളോടു കാണിക്കുന്ന കരുതലോ സ്‌നേഹമോ ചന്ദ്രിക തെങ്ങിന്‍തയ്യിനോടു കാണിച്ചില്ല. സ്വന്തം മക്കളുടെ കാര്യങ്ങളന്വേഷിക്കാതെ ബാങ്കിനുവേണ്ടി രാപ്പകല്‍ ഓടിനടക്കുന്ന സീനിയര്‍ മാനേജര്‍ സുകുമാരനുണ്ടോ തെങ്ങിന്‍തയ്യിനെ ശുശ്രൂഷിക്കാന്‍ സമയം!
തെങ്ങ് ആരുടെ ഔദാര്യത്തിനും കാത്തുനിന്നില്ല. മണ്ണിലാഴത്തില്‍ പടര്‍ന്നുപോയ അവന്റെ വേരുകള്‍ അവന് വെള്ളവും പോഷകങ്ങളും എത്തിച്ചുകൊടുത്തു. പടുമുളകള്‍ അങ്ങനെയാണ്. അവ കരുത്തോടെ വളരും. ശുശ്രൂഷിക്കാനാളുണ്ടെന്നു വരുമ്പോഴാണ് ചെടികളും മരങ്ങളും മുരടിച്ചുപോകുന്നത്. പത്തുപതിനഞ്ചുകൊല്ലംകൊണ്ട് തെങ്ങ് ആകാശത്തോളം വളര്‍ന്നു.

തെങ്ങ് ഇപ്പോള്‍ നേരെ മേലോട്ടാണ് വളരുന്നത്. അപ്പുറത്തെ വളപ്പില്‍ നിന്നിരുന്ന തേക്ക് വെട്ടിപ്പോയിരിക്കുന്നു. പക്ഷേ ഒരിക്കല്‍ ചാഞ്ഞുപോയ തടി അപ്പാടെ നിവരുമെന്ന വ്യാമോഹം വേണ്ട. ഫലത്തില്‍, തെങ്ങിന്റെ കുരലിപ്പോഴും റോഡിന്റെ മുകളില്‍ത്തന്നെ.
ആകാശത്തേക്കുയര്‍ന്നു നില്‍ക്കുന്ന തെങ്ങ് മറ്റൊരപകടം വരുത്തിവെക്കുമോ എന്ന് സുകുമാരന്‍ ഭയക്കാന്‍ തുടങ്ങി. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അതൊരതിദാരുണമായ ആപത്തായിരിക്കും. വീട്ടില്‍ വരുന്ന ബന്ധുക്കളും വഴിയേ പോകുന്ന പരിചയക്കാരും അങ്ങനെയൊരു സാധ്യതയിലേക്ക് എപ്പോഴും വിരല്‍ചൂണ്ടി.

കാറ്റില്‍ കടപുഴകിയോ തടി മുറിഞ്ഞോ തെങ്ങ് റോഡിലേക്കു വീഴുകയാണെങ്കിലോ. ആ സമയം ഏതെങ്കിലും വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെങ്കിലോ. ഒരു മലയൊന്നാകെ ഇടിഞ്ഞു താഴേക്കുവരുന്ന ഇക്കാലത്ത് ഒരു തെങ്ങ്് പൊട്ടിവീഴുന്നത് അസംഭവ്യമെന്നു പറയാനാവില്ല.
ഈയിടെയായി ഇടവപ്പാതിയും തുലാവര്‍ഷവും വന്നെത്തുന്നത് കൊടുങ്കാറ്റിന്റേയും ചുഴലിക്കാറ്റിന്റേയും അകമ്പടിയോടെയാണ്. മഴയ്ക്കുമുമ്പേ വീശിയടിക്കുന്ന കാറ്റ് വന്മരങ്ങളെ കടപുഴക്കുന്നു. തെങ്ങുകളെ മുടിപിടിച്ചു കറക്കുന്നു.

കാറ്റുവീശിത്തുടങ്ങുമ്പോള്‍ സുകുമാരന്‍ ചുഡുവാലത്തൂരപ്പനെ മനസ്സുരുകി വിളിക്കുന്നു. അയാളുടെ പ്രാര്‍ത്ഥനകൊണ്ടോ എന്തോ കാറ്റ് പടംചുരുക്കുന്നു. പതുക്കെ പിന്‍വാങ്ങിപ്പോകുന്നു. മഴ പെയ്തു തുടങ്ങുന്നു.
ഓരോ ഇടവപ്പാതി വരുമ്പോഴും പ്രകൃതിയുടെ താണ്ഡവത്തിന്റെ താളം മുറുകുകയാണ്. ഞാറ്റുവേല നിയമങ്ങളൊന്നും അനുസരിക്കാതെ, പഴമക്കാരുടെ ധാരണകളെ പരിഹസിച്ച്, കൊടുങ്കാറ്റിനെ കൂട്ടുപിടിച്ച്, കാലവര്‍ഷം കടന്നുവരുന്നു.
സുകുമാരന്റെ കുട്ടിക്കാലത്ത് ഇങ്ങനെയൊന്നുമായിരുന്നില്ല ഇടവപ്പാതിയുടെ വരവ്. ഓരോ ഞാറ്റുവേലയിലും മഴ ചിട്ടപ്പടി പെയ്തുപെയ്ത്  പിന്‍വാങ്ങിപ്പോയിരുന്നു.

കാറ്റത്തും മഴയത്തും റോഡിലൂടെ വാഹനങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നു. ബാധകയറിയപോലെ തെങ്ങ് ആടിക്കൊണ്ടുനില്‍ക്കുന്നു. ചിലപ്പോള്‍  അങ്ങനെയായിരിക്കാം തെങ്ങുകള്‍ കാറ്റിനെ പ്രതിരോധിക്കുന്നത്. ഇങ്ങനെ എത്രകാലം!
ഇനിയും ടെന്‍ഷന്‍ പിടിക്കാന്‍ വയ്യെന്നായപ്പോള്‍ സുകുമാരന്‍ മരംവെട്ടുകാരന്‍ ഗോപന് ആളയച്ചു.

”ഈ തെങ്ങുവെട്ടിയാലോ ഗോപാ.? കാറ്റത്ത് തെങ്ങ് കടപുഴകിവീഴാം. നടുവില്‍വെച്ച് പൊട്ടിവീഴാം. പ്രായം കുറവായതുകൊണ്ട് ആരുബലം കുറയും”
”തെങ്ങ് ചതിക്കില്ല. ഏട്ടന്‍ പേടിക്കാണ്ടിരി”

ഗോപന്‍ അങ്ങനെ പറഞ്ഞപ്പോള്‍ സുകുമാരന് അല്‍പ്പം സമാധാനമായി. എന്നാല്‍ ആ സമാധാനം അടുത്ത ഇടവപ്പാതിവരെ മാത്രം. കാറ്റിനും മഴയ്ക്കും ഓരോ വര്‍ഷവും ശൗര്യം കൂടിവരികയാണെന്ന് സുകുമാരന്‍ അനുഭവിച്ചറിഞ്ഞു. മഴയേക്കാള്‍ കാറ്റിനാണ് വീറ്. കാറ്റിന്റെ മുടിയാട്ടം അവസാനിക്കുമ്പോഴാണ് പതിഞ്ഞ താളത്തില്‍ മഴയുടെ വരവ്.

രാത്രിനേരങ്ങളില്‍ കാറ്റ് പുറത്തു തിമിര്‍ത്താടുമ്പോള്‍ അകത്ത് സുകുമാരന്‍ ഉറങ്ങാതെ കിടന്നു.  തെങ്ങ്് ഇപ്പോള്‍ റോഡിലേക്ക് കമിഴ്ന്നടിച്ചു വീഴും എന്ന് അയാള്‍ ഭയന്നു. അതിരാവിലെ എഴുന്നേറ്റു പുറത്തുവന്ന് അയാള്‍ തെങ്ങിന്റെ നില്‍പ്പിലെന്തെങ്കിലും പന്തികേടുണ്ടോ എന്നു പരിശോധിച്ചു. ഇത്രയൊക്കെ കാറ്റ്് പിടിച്ചുലച്ചിട്ടും അവന്‍ തല ഉയര്‍ത്തിപ്പിടിച്ചുതന്നെ നില്‍ക്കുന്നു. എത്രകാലം!

ഇത്തവണത്തെ മഴക്കാലം കടന്നുപോയപ്പോള്‍ സുകുമാരന്‍ വീണ്ടും ഗോപന് ആളയച്ചു.
”തെങ്ങു വെട്ടണം ഗോപാ”
”ഏട്ടാ കല്‍പ്പവൃക്ഷാണ്”
”പൊന്നുകായ്ക്കുന്ന മരായാലും പുരയ്ക്കുമീതെ ചാഞ്ഞാല്‍ വെട്ടണം എന്നല്ലേ  ഗോപാ ശാസ്ത്രം?”
”പുരപ്പുറത്തേക്ക് ചാഞ്ഞിട്ടില്ലല്ലോ ഏട്ടാ”
”കാറ്റത്തും മഴയത്തും തെങ്ങെങ്ങാനും കടപുഴകിയാലോ. വാഹനങ്ങള്‍ പോകുന്ന റോഡല്ലേ?”
പിന്നീട് ഗോപന്‍ എതിരൊന്നും പറഞ്ഞില്ല.

തെങ്ങുവെട്ടാമെന്ന് തീരുമാനമായി. വെട്ടുകാര്‍ക്ക് ആശാനാണ്് ഗോപന്‍. ഗോപന്റെ വെട്ടുപിഴച്ച ചരിത്രമില്ല.
പിറ്റേന്നു പുലര്‍ച്ചേ ഗോപന്‍ ഒരു സഹായിയേയും കൂട്ടിവന്നു.

ഗോപന്‍ തെങ്ങില്‍ കയറി. ഓലകളോരോന്നായി വെട്ടിയെടുത്ത് താഴേക്കിട്ടു. പിന്നീട് കുലകള്‍ കയറില്‍ കെട്ടിയിറക്കി. കുരലില്‍ ഒരു പൂക്കുലയോ കോച്ചാടയോപോലും ശേഷിച്ചില്ല. തലയറ്റ ഘടോല്‍കചനെപ്പോലെ തെങ്ങ്. പ്രിയപുത്രന്റെ മരണം കണ്ടുനില്‍ക്കേണ്ടിവന്ന ഭീമനെപ്പോലെ സുകുമാരന്‍ അകമേ വിഷാദിച്ചു.

കൂടെക്കൊണ്ടുപോയിരുന്ന കട്ടര്‍മെഷീന്‍കൊണ്ട് ഗോപന്‍ തെങ്ങിന്റെ തടി കഷ്ണങ്ങളായി മുറിച്ച് ആയത്തില്‍ താഴേക്കുരുട്ടിയിട്ടു. താഴെ നില്‍ക്കുന്നയാള്‍ ഓരോന്നും റോഡിലേക്കുരുണ്ടുപോകാതെ തടുത്തു പിടിച്ചു. ഓലകളും തെങ്ങിന്‍തടിക്കഷ്ണങ്ങളും, മതിലിനോരത്ത് അട്ടിയിട്ടു. ഇളനീരും തേങ്ങയും മുറ്റത്തേക്കു കടത്തി. ഒരിളനീരുപോലും വെട്ടിക്കുടിക്കണമെന്ന് സുകുമാരന് തോന്നിയില്ല.

അപ്പോഴേക്കും ഗോപന്‍ ഏര്‍പ്പാടാക്കിയ ടെമ്പോ ഗേറ്റില്‍ വന്നുനിന്നു. ഓലകളും വിരിയാത്ത പൂക്കുലകളും തടിക്കഷ്ണങ്ങളും വാരിപ്പെറുക്കിയെടുത്ത് ടെമ്പോ സ്ഥലം വിട്ടു. ഇവിടെയൊരു തെങ്ങു നിന്നിരുന്നു എന്നതിനൊരു തെളിവും ഗോപന്‍ ബാക്കിവെച്ചില്ല. നേരത്തെ പറഞ്ഞുറപ്പിച്ച തുക കൈനീട്ടി വാങ്ങുമ്പോള്‍ ഗോപന്റെ മുഖം മ്ലാനമായിരുന്നു.

വളര്‍ത്തിവലുതാക്കിയ മകനെ കൊലയ്ക്കു കൊടുത്തല്ലോ എന്നൊരു നീറ്റല്‍ സുകുമാരന്റെ ഉള്ളില്‍ ബാക്കി കിടന്നു.
അവന്‍ ആരുടേയും ജീവനെടുത്തില്ല. ആര്‍ക്കും ഒരാപത്തും വരുത്തിയില്ല. എന്നിട്ടും  മരണശിക്ഷയാണ് അവന്റെ  വളര്‍ത്തച്ഛന്‍തന്നെ അവനു വിധിച്ചത്.
നാളെ അവന്‍മൂലം ആര്‍ക്കെങ്കിലും ജീവഹാനി സംഭവിച്ചുകൂടെന്നില്ലല്ലൊ. ഒരാളെക്കളഞ്ഞൊരിടം രക്ഷിക്കേണമെന്നു മഹാഭാരതത്തില്‍ പറയുന്നുണ്ട്.
മകനേ മാപ്പ്.

 

ShareTweetSendShare

Related Posts

വര: ഗുരീഷ് മൂഴിപ്പാടം

പാപനാശിനി

വര: ഗിരീഷ്‌ മൂഴിപ്പാടം

തമ്പിക്കെതിരെ ഗൂഢാലോചന ( വീര വേലായുധന്‍ തമ്പി 5)

ആത്മസംഘർഷത്തിലായ ബാലരാമവർമ്മ (വീര വേലായുധന്‍ തമ്പി 4)

താളം

ഒരു വൈറല്‍ ആത്മഹത്യ

ജനകീയ പ്രക്ഷോഭം (വീര വേലായുധന്‍ തമ്പി 3)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

മതം കെടുത്തുന്ന ലോകസമാധാനം

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies