മാര്‍ച്ച് 8 ശിവരാത്രി
‘ആദ്യന്തമംഗലമജാതസമാനഭാവ-
മാര്യം തമീശമജരാമരമാത്മദേവം.
പഞ്ചാനനം പ്രബലപഞ്ചവിനോദശീലം
സംഭാവയേ മനസി ശങ്കരമംബികേശം’
പര്‍വ്വതത്തെ കടകോലാക്കിയും സര്‍പ്പത്തെ കയറാക്കിയും ദേവന്‍മാരും അസുരന്‍മാരും ഇരുഭാഗത്തുനിന്നുമായി പാലാഴി കടഞ്ഞ പുരാണ കഥ പ്രസിദ്ധമാണല്ലോ. പാലാഴിമഥനത്തിന്റെ ലക്ഷ്യം അമൃതമായിരുന്നു. എന്നാല്‍ ഉപോല്പന്നങ്ങളായി എത്രയോ വിശിഷ്ടവസ്തുക്കളും പാല്‍ക്കടലില്‍ നിന്നും ഉയര്‍ന്നുവന്നു.
അവ വീതിച്ചെടുക്കാന്‍ എല്ലാവരും തന്നെ ഉത്സാഹപൂര്‍വ്വം നിലകൊള്ളുകയുമുണ്ടായി.
‘ദോഷവര്‍ജ്ജിതാനി കാര്യാണി ദുര്‍ല്ലഭാനി’ എന്നൊരു ചൊല്ലുണ്ട്. പാര്‍ശ്വഫലമായി എന്തെങ്കിലും ദോഷങ്ങളില്ലാത്ത ഒരു കാര്യവും ലോകത്തില്ല. അമൃതലബ്ധിക്കായുള്ള പാലാഴിമഥനവേളയിലാകട്ടെ കയറായി നിലകൊണ്ട ഉഗ്രസര്‍പ്പമായ വാസുകി അവശനാവുകയും ഘോരമായ കാളകൂടവിഷം ഛര്‍ദ്ദിക്കുകയും ചെയ്തു. എല്ലാവരും പരിഭ്രമിച്ചു. വിശിഷ്ടവസ്തുക്കള്‍ ആവിര്‍ഭവിച്ചപ്പോള്‍ ഉത്സാഹം കാണിച്ചവരൊന്നും പ്രതിസന്ധിഘട്ടത്തില്‍ രംഗത്ത് വന്നില്ല.
ലോകം മുഴുവന്‍ നശിപ്പിക്കാന്‍ പോന്ന കൊടിയവിഷത്തെ കൈക്കൊണ്ട് ലോകനന്മ നിര്‍വ്വഹിക്കാനുള്ള സന്നദ്ധതയും ശക്തിയും ആര്‍ക്കാണുള്ളത്?!
വിഷദ്രാവകത്തെ നിര്‍ഭയം ആഹരിക്കാന്‍ തയ്യാറായത് സാക്ഷാല്‍ ശ്രീമഹാദേവനാണ്. വിഷബാധ ഭഗവാന്റെ ശരീരത്തില്‍ ബാധിക്കാതിരിക്കാന്‍ ശ്രീപാര്‍വ്വതി ഭഗവത്കണ്ഠത്തില്‍ പിടിമുറുക്കി. വിഷം പുറത്തേക്ക് വമിച്ച് ലോകം ദഹിക്കാതെ വിഷ്ണുഭഗവാന്‍ വായ പൊത്തിപ്പിടിച്ചു.
ഇതിനെതുടര്‍ന്ന് മേലോട്ടും കീഴോട്ടും ചരിക്കാനാവാതെ ഗതിമുട്ടിയ ഉഗ്രവിഷം ഭഗവത്കണ്ഠത്തിലുറച്ചു. ആ ഭാഗമെങ്ങും നീലിമ പടര്‍ന്നു. ശ്രീ മഹാദേവന്‍ നീലകണ്ഠനായി ഭവിച്ചു. ലോകരക്ഷാര്‍ത്ഥം വിഷം ശരീരത്തില്‍ ധരിച്ച ഭഗവാന് വിഷബാധ ഉണ്ടാവാതിരിക്കാന്‍ ലോകം മുഴുവന്‍ ഉറക്കമിളച്ച് ഭഗവദ്ധ്യാനം ചെയ്തു.
ഈ പുരാവൃത്തവിസ്മയത്തിന്റെ പശ്ചാത്തലത്തില്‍ മഹാദേവന് നീലകണ്ഠത്വം സിദ്ധിച്ച ദിവസമത്രെ മഹാശിവരാത്രിയായി പില്‍ക്കാലത്ത് പ്രസിദ്ധമായത്.
‘മാഘേകൃഷ്ണചതുര്‍ദ്ദശീതു രജനേര്യസ്യാ ഭവാന്‍ മദ്ധ്യഗാ
സാരാത്രിശ്ശിവരാത്രിരത്രായദി സംസ്പൃഷ്ടാനിശീഥദ്വയേ
ഗ്രാഹ്യാപൂര്‍വ്വനിശാനിശീഥയുഗളാ സ്പര്‍ശേപിതസ്യാസ്തഥാ
സ്വോര്‍ദ്ധ്വാധസ്തിഥിയോഗ കേവല തയാഹീനോത്തമാമദ്ധ്യമാ’
മാഘമാസത്തിലെ കൃഷ്ണപക്ഷചതുര്‍ദശി രാത്രിമധ്യത്തില്‍ വരുന്ന ദിവസമാണ് ശിവരാത്രി വ്രതം അനുഷ്ഠിക്കേണ്ടത്.
ത്രയോദശിയോടു കൂടിവരുന്ന ശിവരാത്രി ശ്രേഷ്ഠവും അമാവാസിയോടു കൂടിവരുന്നത് അധമവും കേവലചതുര്‍ദ്ധശി മാത്രമായി വരുന്നത് മദ്ധ്യമവും ആണ് എന്നത്രെ ജ്യോതിഷശാസ്ത്രമതം.
ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് സ്‌നാനം നിര്‍വ്വഹിച്ച് ഭസ്മരുദ്രാക്ഷങ്ങള്‍ ധരിച്ച് ശിവനാമകീര്‍ത്തനങ്ങള്‍ ആലപിക്കുകയും ശിവക്ഷേത്രദര്‍ശനം നടത്തുകയും ചെയ്തുകൊണ്ട് പകല്‍ ഉപവസിക്കുക. ശിവപുരാണം പാരായണം ചെയ്യുക. സായം സന്ധ്യയോടെ വീണ്ടും കുളിച്ച് ശിവഭഗവാന് പുഷ്പാഞ്ജലി, കൂവളമാല ചാര്‍ത്തല്‍ തുടങ്ങിയ വഴിപാടുകള്‍ സമര്‍പ്പിച്ച് രാത്രി ഉറക്കമൊഴിയുകയും ശിവക്ഷേത്രസന്നിധിയില്‍ കഴിയുകയും പിറ്റേന്ന് ശിവപൂജ, ബ്രാഹ്‌മണഭോജനം, ദാനം ഇവ ചെയ്തു പാരണവീടുകയും ചെയ്യുക എന്നതാണ് സാമാന്യമായ ശിവരാത്രിവ്രതാചരണം.
ബ്രഹ്‌മാവും വിഷ്ണുഭഗവാനും തമ്മിലുണ്ടായ വലിപ്പച്ചെറുപ്പമത്സരത്തിന് തീര്‍പ്പുണ്ടാക്കാന്‍ ശ്രീമഹാദേവന്‍ ജ്യോതിര്‍ലിംഗമായി ആവിര്‍ഭവിച്ചതും ഇതേ മാഘകൃഷ്ണപക്ഷചതുര്‍ദ്ദശിയിലാണ്. ശിവഭഗവാന് മഹേശ്വരത്വം ലഭിച്ച ഈ കഥ ശിവമഹാപുരാണത്തില്‍ സാക്ഷാല്‍ നന്ദികേശ്വരന്‍ തന്നെ വര്‍ണ്ണിക്കുന്നുണ്ട്. ബ്രഹ്‌മാവും വിഷ്ണുവും ശിവമാദ്ധ്യസ്ഥത്തിനു വിധേയമായി ശിവപൂജ നിര്‍വ്വഹിക്കുകയുണ്ടായി. ഭഗവാന്‍ അഗ്‌നിലിംഗമായി പ്രത്യക്ഷീഭവിച്ച പുണ്യവേദിക അരുണാചലമെന്ന് അറിയപ്പെട്ടു. രൂപമില്ലാത്ത നിഷ്‌കളനും രൂപത്തോടു കൂടിയ സകളനും ആയി പരിലസിക്കുന്ന ഭഗവത് മാഹാത്മ്യം നന്ദികേശ്വരവചോധാരയിലൂടെ ഇതള്‍ വിരിയുന്നു.
അജനോടും (ബ്രഹ്‌മാവ്) അച്യുതനോടും (വിഷ്ണു) സര്‍ഗ്ഗാദി പഞ്ചകൃത്യങ്ങളും ഓംകാര മന്ത്രവും മഹേശ്വരനായ ശിവഭഗവാന്‍ തുടര്‍ന്ന് ഉപദേശിക്കുന്നുമുണ്ട്.
‘സൃഷ്ടി:സ്ഥിതിശ്ച സംഹാര-
സ്തിരോഭാവോക്ഷപ്യനുഗ്രഹ:
പഞ്ചൈവ മേ ജഗത്കൃത്യം
നിത്യസിദ്ധമജാച്യുതൗ’
ഇപ്രകാരമുള്ള പഞ്ചകൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് ഭഗവാന് അഞ്ചു മുഖങ്ങളുണ്ട് അവയിലാകട്ടെ യഥാക്രമം ഓംകാരത്തിലെ വിഭിന്നഭാഗങ്ങള്‍ നിലകൊള്ളുന്നു.
‘അകാര ഉത്തരാത്പൂര്‍വ്വം
ഉകാര:പശ്ചിമാനനാത്
മകാരോ ദക്ഷിണമുഖാദ്
ബിന്ദു: പ്രാങ്മുഖതസ്തതാ
നാദോ മധ്യമുഖാദേവം
പഞ്ചധാക്ഷസൗ വിജൃംഭിത:…’
അ, ഉ, മ, ബിന്ദു, നാദം ഇവയുടെ സമന്വയമായ ഓംകാരമാവട്ടെ നാമരൂപാത്മകമായ ഏതിനേയും പ്രകാശിപ്പിക്കുന്ന ഏകാക്ഷരമായി അറിയപ്പെടുന്നു.
‘….ഏകീഭൂത:പുനസ്തദ്വ
ദോമിത്യകാക്ഷരോക്ഷഭവത്’
(ശിവമഹാപുരാണം, വിദ്യേശ്വരസംഹിത- അധ്യായം 10)
അഷ്ടാദശപുരാണങ്ങളില്‍ മഹത്വമേറിയതും നാലാമത്തേതുമായ ശിവമഹാപുരാണം ഏഴു സംഹിതകളോടുകൂടിയതാണ്. വിദ്യേശ്വരസംഹിത, രുദ്രസംഹിത, ശതരുദ്രസംഹിത, കോടിരുദ്രസംഹിത, ഉമാസംഹിത, കൈലാസസംഹിത,വായവീയസംഹിത എന്നീ ഏഴുസംഹിതകളിലായി ഇരുപത്തിനാലായിരം ശ്ലോകങ്ങളുമുണ്ട്.
കോടിരുദ്രസംഹിതയില്‍ ശിവരാത്രി മാഹാത്മ്യവും വ്രതാചരണവുമെല്ലാം സവിശേഷമായിപ്രതിപാദിക്കുന്നുണ്ട്. ശിവരാത്രിയുടെ നാലുയാമങ്ങളിലും യാദൃശ്ചികമായി ശിവപൂജ ചെയ്യാനിടവന്ന ഗുരുദ്രുഹന്‍ എന്ന കാട്ടാളന്‍ സംസ്‌കൃതചിത്തനായി ഭവിച്ച കഥ ശ്രദ്ധേയമാണ്. ശ്രീരാമാവതാരവേളയില്‍ നിഷാദരാജാവായി ശൃംഗിവേരപുരത്ത് വസിച്ചു പോന്ന പ്രസിദ്ധനായ ഗുഹന്‍ ഈ ഗുരുദ്രുഹനത്രെ. സാക്ഷാല്‍ ശ്രീരാമചന്ദ്രന്‍ ഗുഹാശ്ലിഷ്ടപാര്‍ശ്വനായി ഭവിച്ചതില്‍ നിന്നു തന്നെ ശിവരാത്രി വ്രതാചരണത്താല്‍ കാട്ടാളന് വന്നു ചേര്‍ന്ന ഭാഗ്യാതിരേകം എത്രവളരെയെന്നു വിസ്മയത്തോടെ നമുക്ക് കാണാനാവും.
ഇപ്രകാരം ഐതിഹ്യകഥകളാലും ആചരണവൈശിഷ്ട്യങ്ങളാലും സമ്പന്നമായ ശിവരാത്രി നമുക്ക് എത്രയെത്ര മൂല്യവത്തായ ജീവിതസന്ദേശങ്ങളെയാണ് ആലങ്കാരികഭംഗിയോടെ പകര്‍ന്നുനല്‍കുന്നത്!
സുഖകാംക്ഷിയായ മനുഷ്യന്റെ ജീവിതപ്രയാണത്തില്‍ കടന്നുവരുന്ന പ്രതികൂലസാഹചര്യങ്ങളെയും ദു:ഖങ്ങളെയും സംയമനത്തോടെ നേരിടാന്‍ നാം ബാദ്ധ്യസ്ഥരാണ്. അവനവനോടും മുഴുവന്‍ ലോകത്തോടും ഒരു പോലെ നാം പ്രതിബദ്ധരാണ്.
നമ്മുടെ ഉള്ളില്‍ വിഷം കലരരുത്. പുറത്ത് വിഷം വ്യാപിക്കാന്‍ അനുവദിക്കുകയുമരുത്. വ്യക്തിമൂല്യവും സാമൂഹ്യപ്രതിബദ്ധതയും ശിവരാത്രിയുടെ പുരാവൃത്തത്തില്‍ നിന്ന് നാം വായിച്ചെടുക്കണം, പഠിക്കണം. ആദിമദ്ധ്യാന്തവിഹീനമായ പ്രപഞ്ചപ്രയാണത്തില്‍ മിന്നിമറയുന്ന മാനവജീവിതയാത്ര എത്രയോ ഹ്രസ്വമാണ്. മനുഷ്യന്റെ എന്നല്ല സൃഷ്ടികര്‍ത്താവായി കാണപ്പെടുന്ന ബ്രഹ്‌മാവിന്റെ പോലും അഹങ്കാരം എത്ര ലജ്ജാകരമാണ് എന്ന് പഠിപ്പിക്കുന്നു ജ്യോതിര്‍ലിംഗത്തിന്റെ കഥ.
‘അനന്തമജ്ഞാതമവര്‍ണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന്
നോക്കുന്ന മര്‍ത്യന്‍ കഥയെന്തറിഞ്ഞു?’
കഥകളിലൂടെ സഞ്ചരിച്ച് ആചരണങ്ങളിലൂടെ സംസ്‌കരിക്കപ്പെട്ട് ‘കഥയുള്ളവരായി’ത്തീരാനാണ് നാം ഉറക്കമിളക്കേണ്ടത്. കാട്ടാളനായ ഗുരുദ്രുഹന്‍ പോലും ഈശ്വരാധീനത്താല്‍ അനുഗൃഹീതനായി. കര്‍മ്മബന്ധനങ്ങളെയും വിധിയെത്തന്നെയും അനായാസം മറികടക്കാന്‍ ശ്രീ മഹാദേവന്റെ കൃപാകടാക്ഷത്താല്‍ സാധിക്കുമെന്ന് പുരാണാഖ്യാനങ്ങള്‍ അസന്നിഗ്ദ്ധമായി ഉദ്‌ഘോഷിക്കുന്നു.
പശുഭാവത്തില്‍ നിന്ന് പശുപതിയുടെ തത്വത്തിലേക്ക് പ്രകാശിക്കാന്‍ ‘സദാശക്തിയോടൊത്തുവാഴും ത്രിനേത്രന്‍’ നമുക്ക് ഏവര്‍ക്കും കരുത്തും കര്‍മ്മബോധവും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ…
നമശ്ശിവായ….