1911 ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ബംഗാള്‍ വിഭജനം; കല്‍ക്കട്ടയില്‍ നിന്നും തലസ്ഥാനം ദല്‍ഹിയിലേക്ക് മാറ്റിയത്, ബ്രിട്ടീഷ് ഭരണത്തിനെതിരായുള്ള ശബ്ദം ഉയര്‍ന്നു തുടങ്ങിയത്, ബ്രിട്ടീഷ് രാജാവ് ജോര്‍ജ്ജ് അഞ്ചാമന്‍ ഇന്ത്യ സന്ദര്‍ശിച്ചത്, ഇങ്ങനെ ഏതാനും മുഖ്യ സംഗതികള്‍ക്ക് ഇന്ത്യാചരിത്രം സാക്ഷ്യം വഹിച്ചതിന്റെ പശ്ചാത്തലത്തിലാണ് നമ്മുടെ പ്രസിദ്ധമായ ദേശീയഗാനത്തിന്റെ ഉത്ഭവത്തെപ്പറ്റി ഓര്‍മ്മിക്കേണ്ടിയിരിക്കുന്നത്. 1911 ഡിസംബര്‍ 11നാണ് ബംഗാളിന്റേയും ഭാരതത്തിന്റേയും അഭിമാനഭാജനമായ മഹാകവി രവീന്ദ്രനാഥ ടാഗൂര്‍ ‘ജനഗണമന’ എന്ന സംഗീത മധുരമായ കവിത രചിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ വാര്‍ഷിക സമ്മേളനത്തിന്റെ ദ്വിതീയ ദിനത്തില്‍ (1911 ഡിസംബര്‍ – 27) ടാഗൂറിന്റെ സഹോദര പുത്രി സരളാദേവി ചൗധരി ആ ഗാനം മനോഹരമായി ആലപിച്ചു. പ്രസ്തുത ഗാനം ടാഗൂര്‍ പത്രാധിപത്യം വഹിച്ചിരുന്നതും ബ്രഹ്‌മസമാജത്തിന്റെ മുഖപത്രവുമായിരുന്ന ‘തത്വബോധിനി’യില്‍ പ്രസിദ്ധീകരിച്ചു. കുടുംബഗൃഹമായ ജോറാസംഘോയില്‍ സംഘടിപ്പിച്ച മഹോത്സവത്തില്‍ ടാഗൂര്‍ തന്നെ അത് ആലപിക്കുകയും ചെയ്തു.
1919ല്‍ ഒരു ക്ഷണപ്രകാരം ആന്ധ്രാപ്രദേശിലെ മദനപ്പള്ളി ടാഗൂര്‍ സന്ദര്‍ശിക്കുകയുണ്ടായി. അവിടെ തിയോസഫിക്കല്‍ സൊസൈറ്റി കോളേജിലെ പ്രിന്‍സിപ്പല്‍ ആയിരുന്ന ഐറിഷ് കവി ജയിംസ്. എച്ച്.കസിന്‍സ് (James H Cousins) ന്റെ അതിഥിയായി അഞ്ച് ദിവസം താമസിച്ചു. അദ്ദേഹത്തിന്റെ പത്‌നി മാര്‍ഗരറ്റ് കസിന്‍സിന്റെ (Margaret Cousins) സഹായത്തോടെ ‘ജനഗണമന’യ്ക്ക് ഒരു ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കുകയും മാര്‍ഗരറ്റിനു സുപരിചിതമായ ഇംഗ്ലീഷ് ട്യൂണില്‍ ‘ജനഗണമന’യുടെ ആലാപനം ചിട്ടപ്പെടുത്തുകയും ചെയ്തു. 1919 ഫെബ്രുവരി 28ന് പ്രസ്തുത ഗാനം കോളേജ് വാര്‍ഷിക സമ്മേളനത്തില്‍ ആലപിക്കപ്പെട്ടു. അത് കോളേജ് അധികാരികള്‍ പ്രാര്‍ത്ഥനാഗാനമായി തെരഞ്ഞെടുത്തു. ഇതോടുകൂടി ‘ജനഗണമന’ യ്ക്ക് വിപുലമായ അംഗീകാരം സിദ്ധിക്കാനിടയായി.
1937ലായിരിക്കണം ‘ജനഗണമന’യെ സംബന്ധിച്ച് ഒരു പ്രത്യേക സംഭവമുണ്ടായത്. പ്യൂലിന്‍ ബിഹാരി സെര്‍ ടാഗൂറിനോട് ഒരു സ്വാഗതഗാനം രചിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടിരുന്നിരിക്കണം. (അതിന്റെ വിശദവിവരം വ്യക്തമായിട്ടില്ല.) ഇന്ത്യ സന്ദര്‍ശിച്ച ബ്രിട്ടീഷ് രാജാവ് ജോര്‍ജ്ജ് അഞ്ചാമന് നല്‍കുന്ന സ്വീകരണത്തില്‍ അവതരിപ്പിക്കാനായിരുന്നിരിക്കാം സ്വാഗതഗാനം ആവശ്യപ്പെട്ടത്. മറ്റൊരു ഉയര്‍ന്ന ഉദ്യോഗസ്ഥനും ടാഗൂറിനോട് ബ്രിട്ടീഷ് ചക്രവര്‍ത്തിക്കുവേണ്ടി സ്വാഗതഗാനം രചിക്കാന്‍ ആവശ്യപ്പെട്ടു. ടാഗൂര്‍ കൊടുത്തില്ല. മറ്റാരെയോ കൊണ്ട് ഒരു സ്വാഗതഗാനം എഴുതിച്ച് സ്വീകരണ സമ്മേളനത്തില്‍ അവതരിപ്പിച്ചു. അത് ടാഗൂറിന്റേതായിരുന്നില്ല. ടാഗൂറിന്റെ മറുപടി വളരെ നിഷേധാത്മകവും വസ്തുതാപരവും ആയിരുന്നു എന്ന് താഴെ ഉദ്ധരിക്കുന്ന വാക്യങ്ങള്‍ തെളിയിക്കുന്നു.
1937ല്‍ ടാഗൂര്‍ പുലിന്‍ ബെഹാരി സെന്നിന് എഴുതിയ കത്തിലെ പ്രസക്ത ഭാഗം ഉദ്ധരിക്കട്ടെ:-
”എന്റെ സുഹൃത്തും ചക്രവര്‍ത്തിയുടെ ഉന്നത ഉദ്യോഗസ്ഥനുമായ ഒരാള്‍ ചക്രവര്‍ത്തിക്ക് ഒരു അഭിനന്ദനഗാനം എഴുതാന്‍ എന്നോട് അഭ്യര്‍ത്ഥിച്ചിരുന്നു. അത് എന്നെ അത്ഭുതപ്പെടുത്തി. എന്റെ ഹൃദയത്തില്‍ വലിയ ചലനമുണ്ടായി. ആ മാനസിക സംഘര്‍ഷത്തിന് മറുപടിയായി, പതനാഭ്യുന്നതികളിലും ഋജുരേഖയിലും വക്ര മാര്‍ഗ്ഗങ്ങളിലും കൂടി ഭാരതത്തിന്റെ ഭരണസൂത്രം നിയന്ത്രിച്ച ആ ഭാഗ്യവിധാതാവിന്റെ മഹാവിജയം ഞാന്‍ ജനഗണമനയില്‍ പ്രഖ്യാപിച്ചിരിക്കുന്നു. വിധിയുടെ മാര്‍ഗദര്‍ശി ഒരിക്കലും ജോര്‍ജ് അഞ്ചാമനോ ആറാമനോ മറ്റേതെങ്കിലും ജോര്‍ജോ ആകാന്‍ കഴിയില്ല. എന്റെ ഉദ്യോഗസ്ഥ സുഹൃത്തിനുപോലും ഈ ഗാനത്തെക്കുറിച്ച് മനസ്സിലായിട്ടുണ്ടാകും.”
ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചശേഷം മദനപ്പള്ളിയില്‍ സ്ഥിരതാമസമാക്കിയ കെ.എസ്.എസ്. ശേഷന്‍, താന്‍ തിയോസഫിക്കല്‍ കോളേജില്‍ ചിലവഴിച്ച പ്രചോദനാത്മകമായ കാലത്തെ അനുസ്മരിച്ചുകൊണ്ട് പറയുന്നു,”ടാഗൂര്‍ രചിച്ച ‘ജനഗണമന’യുടെ കൈയ്യെഴുത്തു പ്രതി അമേരിക്കന്‍ കലാശേഖരത്തിനു കൊടുത്തു എന്നറിയുന്നു. മദനപ്പളളിയിലുള്ളത് അതിന്റെ പകര്‍പ്പു മാത്രമാണ്.”
1950 ജനുവരി 24-ാം തീയതി ആദ്യപ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ‘ജനഗണമന’ യുടെ ആലാപന രീതിയെപ്പറ്റി ഹെര്‍ബര്‍ട്ട് മുറൈലുമായി ചര്‍ച്ച ചെയ്യുകയും അതിന്റെ ഘടന അല്‍പം മാറ്റുകയും ചെയ്തു. ജനുവരി 26-ാം തീയതി ജനഗണമന ദേശീയഗാനമായി പ്രസ്താവിച്ചു.
ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദ്, ജനഗണമനയെ ദേശീയ ഗാനമായി അംഗീകരിക്കുന്നതിനെപ്പറ്റി നിസ്സന്ദേഹ ഭാഷയില്‍ ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി:-
”ജനഗണമന എന്നറിയപ്പെടുന്ന ഗാനപദങ്ങളും സംഗീതവുമടങ്ങുന്ന രചനയാണ് ഇന്ത്യയുടെ ദേശീയഗാനം. അവസരത്തിനൊത്ത് സര്‍ക്കാര്‍ അധികാരപ്പെടുത്തുന്ന പദങ്ങളിലെ അത്തരം മാറ്റങ്ങള്‍ക്ക് വിധേയമായി ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ചരിത്രപരമായ പങ്കു വഹിച്ച ‘വന്ദേമാതരം’ എന്ന ഗാനം ‘ജനഗണമന’ക്കു തുല്യമായി ആദരിക്കപ്പെടുകയും അതിനു തുല്യപദവി നല്‍കുകയും ചെയ്യും.”
പ്രശസ്ത വംഗ ആഖ്യായികാകാരന്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ (1838-1894) വിഖ്യാത ആഖ്യായികയായ ആനന്ദമഠം എന്ന നോവലിലെ വന്ദേമാതരം എന്ന പ്രശസ്ത ഗാനത്തെ കൂടി ബന്ധിപ്പിച്ച് പറഞ്ഞ ഭാഗമാണിത്. നോവലിന്റെ പത്താം അദ്ധ്യായത്തില്‍ ഭവാനന്ദന്‍ എന്ന കഥാപാത്രം ആലപിക്കുന്ന ഗാനമാണ് വന്ദേമാതരം. അത് മാതൃദേവിയെപ്പറ്റിയാണെന്നും ദേവീപൂജയെ പരാമര്‍ശിക്കുന്നതാണെന്നും മറ്റും അഭിപ്രായം ഉയര്‍ന്നുവന്നു. ആള്‍ ഇന്ത്യ കോണ്‍ഗ്രസ്, ഗാനത്തിന്റെ രൂപഭാവങ്ങളെപ്പറ്റി പരിശോധിക്കാന്‍ 1937 ഒക്ടോബറില്‍ ഒരു കമ്മറ്റിയെ നിയോഗിച്ചു. ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ്, മൗലാനാ അബ്ദുള്‍ കലാം ആസാദ് എന്നിവരായിരുന്നു സമിതി അംഗങ്ങള്‍. വന്ദേമാതരത്തിന്റെ ആദ്യത്തെ എട്ടുവരി ഭാരതത്തെ സംബന്ധിച്ചാണെന്നും അത്രയും ഭാഗം ദേശീയഗാനമായി അംഗീകരിക്കുന്നതില്‍ അപാകത ഇല്ല എന്നും കമ്മറ്റി അവകാശപ്പെട്ടു. ആ നിര്‍ദ്ദേശം കോണ്‍ഗ്രസ് അംഗീകരിക്കുകയും വന്ദേമാതരത്തിന്റെ ആദ്യഭാഗത്തിന് ദേശീയഗാനത്തിന്റെ പദവി നല്‍കുകയും ചെയ്തു.
1947ല്‍ ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യന്‍ പ്രതിനിധികളോട് രാജ്യത്തിന്റെ ദേശീയഗാനം അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജനഗണമനയുടെ റെക്കോര്‍ഡ് നല്‍കിയതായും മികച്ച ഈണത്തിന് കൈയ്യടി നേടിയതായും ജവഹര്‍ലാല്‍ നെഹ്രു എഴുതിയ കത്തില്‍ വ്യക്തമാക്കുന്നു. 1950 ജനുവരി 24ന് ഇന്ത്യന്‍ ഭരണഘടനയില്‍ ഒപ്പുവയ്ക്കാന്‍ അസംബ്ലിയോഗം ചേര്‍ന്നപ്പോള്‍ ‘ജനഗണമന’ യെ ദേശീയഗാനമായി പ്രഖ്യാപിക്കുകയും എല്ലാ അംഗങ്ങളും ചേര്‍ന്ന് അത് സംഘഗാനമായി ആലപിക്കുകയും ചെയ്തു. അങ്ങനെ മഹാകവി ടാഗൂറിന്റെ ‘ജനഗണമന’ സര്‍വാംഗീണമായ അംഗീകാരത്തോടെ ഭാരതത്തിന്റെ ദേശീയ ഗാനമായി പരിണമിച്ചു. തത്തുല്യമായ ദേശീയഗാനപദവി ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ വന്ദേമാതരത്തിന്റെ പ്രഥമഭാഗത്തിനും സംസിദ്ധമായി. എങ്കിലും ഔദ്യോഗികവും അനൗദ്യോഗികവുമായ എല്ലാ സംഗതികളിലും ‘ജനഗണമന’യാണ് ദേശീയഗാനമായി ആദരപൂര്‍വ്വം ആലപിക്കുന്നത്. മനോഹരമായ പ്രസ്തുത ഗാനത്തിന്റേയും ഭാരതദേശ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ടുള്ള വന്ദേമാതരഗാനത്തിന്റെ ആദ്യഭാഗവും ദേശീയഗാനമെന്ന നിലയ്ക്ക് സ്വീകൃതമായി.
ജനഗണമനയുടെ പൂര്‍ണ രൂപം
ജനഗണമന – അധിനായക ജയഹേ ഭാരതഭാഗ്യവിധാതാ!
പഞ്ചാബസിന്ധുഗുജറാടമറാഠാ ദ്രാവിഡ ഉത്കല് വങ്ഗ
വിന്ധ്യ ഹിമാചല്‍ യമുനാ ഗങ്ഗാ ഉച്ഛല ജലധിതരങ്ഗ
തവ ശുഭ നാമേ ജാഗേ, തവശുഭ ആശിസ് മാഗേ,
ഗാഹേ തവ ജയ ഗാഥാ
ജന ഗണ മങ്ഗളദായക ജയഹേ ഭാരത ഭാഗ്യ വിധാതാ
ജയഹേ, ജയഹേ, ജയഹേ, ജയജയ, ജയ, ജയഹേ
അഹരഹ തവ ആഹ്വാന പ്രചാരിത, ശുനിതവ, ഉദാരവാണി
ഹിന്ദു ബൗദ്ധ ശിഖ ജൈന് പാരസിക മുസല്‍മാന് ഖ്യസ്ടാനീ
ചൂരബ് പശ്ചിമ ആസേ തവ സിംഹാസന – പാശേ
പ്രേമ ഹാര ഹയ് ഗാംഥാ.
ജനഗണ – ഐക്യ വിധായക ജയഹേ
ഭാരതഭാഗ്യ വിധാതാ!
ജയഹേ, ജയഹേ, ജയഹേ, ജയ ജയ ജയ ജയ ഹേ
പതന-അഭ്യുദയ-ബന്ധുര പന്ഥാ, യുഗ-യുഗ ധാവിത യാത്രീ
ഹേ ചിരസാരഥി, തവരഥചക്രേ മുഖരിത പഥ ദിനരാത്രി
ദാരുണങ് വിപ്ലവ – മഝേ തവ ശംഖധ്വനി ബാജേ
സങ്കട ദുഃഖത്രാതാ
ജനഗണ പഥ പരിചായക ജയഹേ ഭാരത ഭാഗ്യവിധാതാ!
ജയഹേ, ജയഹേ, ജയഹേ, ജയ, ജയ ജയ ജയഹേ
ഘോര തിമിര ഘന നിബിഡ നിശീഥേ പീഡിത മൂര്‍ഛിത ദേശേ
ജാഗ്രത ഛില്‍ തവ അവങ്ചല്‍ മങ്ഗള നതനയനേ അനിമേഷേ
ദുഃസ്വപ്‌നേ ആതങ്കേ രക്ഷാകരിലെ അങ്കേ
സ്‌നേഹമയീ തുമി മാതാ.
ജനഗണ ദുഃഖത്രായക ജയഹേ ഭാരതഭാഗ്യവിധാതാ!
ജയഹേ, ജയഹേ, ജയഹേ, ജയ ജയ ജയ ജയഹേ
രാത്രി പ്രഭാതില്, ഉഡില് രവിച്ഛവി, പൂര്‍വ – ഉദയഗിരി ഭാലേ-
ഗാഹേ വിഹങ്ഗമ, പുണ്യസമീരണ നവജീവനരസ ടാലേ
തവ കുരുണാരുണരാഗേ നിദ്രിത ഭാരതജാഗേ
തവചരണേ നത മാഥാ
ജയ ജയ ജയഹേ, ജയ രാജേശ്വര്‍ ഭാരതഭാഗ്യവിധാതാ!
ജയഹേ, ജയഹേ, ജയഹേ, ജയ ജയ ജയ ജയഹേ.