അംബികാസുതന്‍ മാങ്ങാടും മാങ്ങാട് രത്‌നാകരനും ഒരു നാട്ടുകാരാണോ എന്നറിയില്ല. രണ്ടുപേരും മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരാണെന്നറിയാം. അംബികാസുതന്‍ അദ്ദേഹത്തിന്റെ ‘എന്‍മകജെ’ എന്ന കൃതിയില്‍ ആഗോള പ്രശസ്തി നേടി. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ജീവിതം പൊതുസമൂഹത്തിനു മുന്നില്‍ കൊണ്ടുവരാന്‍ അംബികാസുതന്‍ മാങ്ങാട് ധാരാളമായി പ്രവര്‍ത്തച്ചു. ‘പ്രസാധകന്‍’ മാസികയില്‍ അദ്ദേഹത്തിന്റെ ഒരു കഥയുണ്ട് (ഫെബ്രുവരി). കഥയ്ക്കു മുന്നോടിയായി മധുരിക്കുന്ന ഇലകളുള്ള മരം എന്നൊരു ഓര്‍മ്മക്കുറിപ്പുമുണ്ട്. ഓര്‍മ്മക്കുറിപ്പില്‍ ആറാം തരത്തില്‍ പഠിക്കുമ്പോള്‍ കഥാകൃത്ത് എഴുതിയ ‘ജീവിത പ്രശ്‌നങ്ങള്‍’ എന്ന ചെറുകഥയും ചേര്‍ത്തിരിക്കുന്നു. തീരെ ചെറിയകഥ, ഒരു നരേന്ദ്രന്‍ പട്ടാളത്തില്‍ പോയതാണ് വിഷയം. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇത്രയും നല്ല കഥയെഴുതിയെങ്കില്‍ അംബികാസുതന്‍ ഇപ്പോള്‍ നൊബേല്‍സമ്മാനം വാങ്ങേണ്ടതായിരുന്നു. എന്തായാലും അദ്ദേഹം അത്രയ്ക്കു വളര്‍ന്നില്ല. സമയം ഇനിയുമുണ്ട് വളരാവുന്നതേയുള്ളൂ.
കുഞ്ഞുകഥയ്ക്കുശേഷമെഴുതിയിരിക്കുന്ന വലിയ കഥ ‘വിത്തുകള്‍’ ഭ്രാമാത്മകമായ ഒന്നാണ്. മലയാളത്തില്‍ അത്തരം കഥകള്‍ കുറവാണ്. സേതുവിന്റെ പാണ്ഡവപുരം എന്ന നോവലും എം.പി.നാരായണപിള്ളയുടെ കഥകളും മാത്രമേ ശ്രദ്ധേയമായ സര്‍റിയലിസ്റ്റ് സൃഷ്ടികളായി നമുക്കുള്ളൂ. എന്നാല്‍ അംബികാസുതന്‍ മാങ്ങാടിന്റെ ഈ കഥ സര്‍റിയലിസ്റ്റ് ശ്രേണിയില്‍ പെട്ടകഥയാണെന്നു പറയാം. എങ്കിലും കഥയില്‍ പല സന്ദേശങ്ങളും കഥാകൃത്ത് ഒളിപ്പിച്ചുവയ്ക്കുന്നുണ്ട്.
പ്രധാന സന്ദേശം മൊബൈല്‍ ഫോണ്‍ വലിച്ചെറിയണമെന്നുള്ളതാണ്. മുഴുവനായും ഡിജിറ്റല്‍ കറന്‍സിയിലേക്കു മാറണമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ ഈ പേ ആപ്പുകള്‍ കൊണ്ടു നടക്കാന്‍ മൊബൈല്‍ അല്ലാതെ എല്ലാവര്‍ക്കും ലാപ് ടോപ് പറ്റില്ലല്ലോ, മാത്രവുമല്ല. മൊബൈലിനു പകരം തന്നെയാണല്ലോ ലാപ്പും. പിന്നെ എങ്ങനെ ശരിയാവും. മൊബൈല്‍ വഴി തെറ്റായ പലതും സംഭവിക്കുന്നുണ്ടെങ്കിലും അതുപേക്ഷിച്ചു ജീവിക്കുക എന്നത് കാറിനുപകരം കാളവണ്ടി ഉപയോഗിക്കുന്നതുപോലെ ആയിരിക്കും. കഥയിലൂടെയാണെങ്കിലും അത്തരം അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ വയ്ക്കുന്നതു ശരിയാണോ? ഏതു സന്ദേശവും പ്രായോഗികമാക്കാനാവുന്നതല്ലേ നല്‍കാവൂ. കഥയ്ക്കു അങ്ങനെയൊന്നുമില്ല. എന്തുമാകാം. ഭാവനയ്ക്ക് അതിരില്ലല്ലോ. ആ ന്യായം പറഞ്ഞാല്‍ പിന്നൊന്നും പറയാനില്ല.
അതുപോലെ കഥയില്‍ ഒളിപ്പിച്ച മറ്റൊരു സന്ദേശം കൃഷിയിലേയ്ക്ക് മടങ്ങാനാണ്. തീര്‍ച്ചയായും നല്ല സന്ദേശമാണ്. എന്നാല്‍ അതിന് നമ്മുടെ കേരളത്തില്‍ ഇന്നെന്തെല്ലാം തടസ്സങ്ങളുണ്ട്. സര്‍ക്കാരിനു ഒരു കാര്‍ഷികനയമേയില്ല. വന്യജീവികള്‍ക്കു വയറുനിറയ്ക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ വലിയ ഒരു വിഭാഗം കര്‍ഷകരും കൃഷിചെയ്യുന്നത്. വന്യജീവിപ്രേമത്തിന്റെ പേരു പറഞ്ഞ് മിക്കവാറും കൃഷിയിടങ്ങളും പന്നികളുടെ വിഹാരരംഗങ്ങളാണ്. ബാക്കി ഭാഗം കാട്ടാനകളുടെയും. പരിസ്ഥിതിക്കാര്‍ എതിര്‍ക്കുന്നതിനാല്‍ ജലസേചനപദ്ധതികളുമില്ല. അഥവാ പദ്ധതിയുണ്ടെങ്കില്‍ത്തന്നെ ജലം എത്തിക്കാനുള്ള സംവിധാനങ്ങളും തകര്‍ന്നിരിക്കുന്നു. വയലുകളല്ലാതെ വീടുവയ്ക്കാന്‍ വേറെ ഇടമില്ല. ഒരു പാര്‍പ്പിടനയവുമില്ല. സര്‍ക്കാര്‍ കൃഷിയിടങ്ങളെ ഒഴിവാക്കി ബഹുനില ഫ്‌ളാറ്റുകള്‍ വച്ചു ജനങ്ങളെ താമസിപ്പിച്ചിരുന്നെങ്കില്‍ കൂടുതല്‍ കൃഷിയിടങ്ങള്‍ കണ്ടെത്താമായിരുന്നു.
കര്‍ഷക ആത്മഹത്യകള്‍ ഇന്ന് കേരളത്തില്‍ പതിവു കാഴ്ചയാണ്. അവരോട് കൃഷിയിലേക്കു മടങ്ങാന്‍ പറയുക എന്നാല്‍ മരിക്കാന്‍ ലൈസന്‍സ് കൊടുക്കുക എന്നതിനു തുല്യമാണ്. കഥാകൃത്തിനെ അതിനു കുറ്റം പറയാന്‍ പറ്റില്ല. കാരണം നല്ല സന്ദേശമാണ്. നടപ്പാക്കാന്‍ ഭാവനയുള്ള ഭരണാധികാരികളും കൂടിയുണ്ടായേ കഴിയൂ.
കഥയുടെ അന്ത്യത്തില്‍ ഒന്നു നടക്കാന്‍ പോകുന്നില്ലെന്നും കഥയിലെ നായകന്‍ ആളുവെടക്കാണെന്നും കഥാകൃത്തുതന്നെ പറഞ്ഞു വയ്ക്കുന്നുണ്ട്. കേരളത്തിലെ ഇന്നത്തെ സ്ഥിതി അതാണ്. ഒന്നും നടക്കാന്‍ പോകുന്നില്ല. അത് അംബികാസുതന്‍ മങ്ങാടിനുമറിയാം. കഥയോടൊപ്പം കാഥികന്റെ അഭിമുഖവും അനുഭവക്കുറിപ്പും ഒക്കെയുണ്ട്. കഥാകൃത്തിന്റെ ആത്മാര്‍ത്ഥതയെ അംഗീകരിക്കാം. എന്നാല്‍ പരിസ്ഥിതിക്കാരുടെയിടയില്‍ ഒരുപാടു കള്ളനാണയങ്ങളുണ്ടെന്ന് നേരിട്ടു ബോധ്യപ്പെട്ടിട്ടുള്ള ഒരാളാണ് ഇതെഴുതുന്നയാള്‍. നല്ല പരിസ്ഥിതി പ്രവര്‍ത്തനവും ഒപ്പം നാടിന്റെ പുരോഗതിയും സംഭവിക്കട്ടേ. കഥാകൃത്തിന്റെ ആഗ്രഹങ്ങള്‍ പൂവണിയട്ടേ. സമൂഹനന്മയ്ക്ക് വേണ്ടിയെഴുതുന്നയാളെ ഒരിക്കലും നിരുത്സാഹപ്പെടുത്താന്‍ പാടില്ല.
കവിതകള്‍ നാലെണ്ണമുണ്ട് പ്രസാധകനില്‍, അതിലൊന്ന് അനിതവിശ്വത്തിന്റെ സേനാനിയാണ്. ‘സേനാനി’ എന്ന പേരൊഴികെ ഒന്നും മനസ്സിലായില്ല. സ്ത്രീയാണ് കവി ഉദ്ദേശിക്കുന്ന സേനാനിയെന്ന് ഒരു ചെറിയ ധാരണ മാത്രം മനസ്സില്‍ കടക്കുന്നുണ്ട്. എന്നാല്‍ അതില്‍ കൂടുതല്‍ ഒന്നും എഴുതാന്‍ വയ്യ. കവി തന്നെ നേരിട്ടു വിശദീകരിക്കട്ടെ. അല്ലാതെ രക്ഷയില്ല. സന്ധ്യ ഇയുടെ കവിത ‘രാത്രിയിലെ യാത്രക്കാരും’ ഏറെ വ്യത്യസ്തമല്ല. ഇതിലും കവിതയുടെ നിര്‍ദ്ധാരണം കവിയ്‌ക്കേ സാധ്യമാകൂ!
പ്രസാധകനില്‍ കണക്കൂര്‍ സുരേഷ്‌കുമാര്‍ എഴുതിയിരിക്കുന്ന കഥ ‘മരങ്കേറി’ മനോഹരമായ കഥയാണ്. വായിക്കുമ്പോള്‍ വിങ്ങിപ്പോകുന്ന കഥ. ഗ്രാമത്തില്‍ നിന്ന്, അല്ലെങ്കില്‍ താന്‍ ജനിച്ചയിടത്തു നിന്നു മറ്റൊരിടത്തേയ്ക്കു പറിച്ചു നടപ്പെടുന്ന പെണ്‍കുട്ടികളുടെ വേദന ആരും ശ്രദ്ധിക്കാറില്ല. വിവാഹശേഷം പെണ്‍കുട്ടികള്‍ ഏതൊക്കെ ദേശങ്ങളിലേയ്ക്കാണ് യാത്രയാവുന്നത്. വന്‍നഗരങ്ങളിലേയ്ക്ക്, വിദേശരാജ്യങ്ങളിലേയ്ക്ക് അങ്ങനെയങ്ങനെ. സ്വന്തം വീടിനേയും കൂട്ടുകാരേയും വളര്‍ന്ന പ്രകൃതിയേയും ഒക്കെ ഉപേക്ഷിച്ചുപോകുമ്പോള്‍ ഈ പെണ്‍കുട്ടികള്‍ വാസ്തവത്തില്‍ വേദനിക്കുന്നുണ്ടോ? ഉണ്ടാവും. എന്നാല്‍ നല്ലൊരു ശതമാനം പെണ്‍കുട്ടികളും കാമുകനോടോ ഇഷ്ടപ്പെട്ട ഭര്‍ത്താവിനോടോ ഒപ്പം പോകുമ്പോള്‍ പഴയ കാര്യങ്ങളൊന്നും പരിഗണിക്കുന്നതായി കണ്ടിട്ടില്ല. അവര്‍ ഉല്ലാസവതികളായാണ് കണ്ടിട്ടുള്ളത്.
എന്നാല്‍ തങ്ങള്‍ ആഗ്രഹിക്കാത്ത രീതിയിലുള്ള ഭര്‍ത്താക്കന്മാരുമായി പോകുമ്പോള്‍ അവര്‍ പോയ കാലം ഓര്‍ത്തു തീര്‍ത്തും ദുഃഖിക്കുമായിരിക്കും. ‘മരങ്കേറി’യില്‍ അങ്ങനെയൊരു പെണ്ണിനെയാണ് കണക്കൂര്‍ സുരേഷ്‌കുമാര്‍ അവതരിപ്പിക്കുന്നത്. യഥാതഥമായി ആ കഥയങ്ങു പറഞ്ഞു പോവുകയല്ല. ആ പെണ്‍കുട്ടിയുടെ സ്വപ്‌നങ്ങളെ സ്വപ്‌ന സദൃശമായിത്തന്നെ അവതരിപ്പിക്കുകയാണ്. കുട്ടിക്കാലത്ത് മരംകേറാന്‍ അവള്‍ക്കുണ്ടായിരുന്ന വാസന മുതിര്‍ന്നിട്ടും അവള്‍ ഉള്ളില്‍കൊണ്ടുനടന്നിരുന്നുവത്രേ! നഗരത്തിന്റെ തിരക്കില്‍ അവള്‍ സ്വയം നഷ്ടപ്പെട്ടു പോകുന്നത് മരംകേറാനുള്ള ആഗ്രഹത്തെ ചവിട്ടിമെതിക്കേണ്ടി വരുന്നതിലൂടെ പ്രതീകവല്‍ക്കരിച്ചാണ് കഥാകൃത്ത് അവതരിപ്പിക്കുന്നത്. അവളെ കാണാനെത്തുന്ന കുട്ടിക്കാലത്തെ സുഹൃത്തും ബന്ധുവുമായ ‘പ്രദു’ കമല എന്ന പെണ്ണിന്റെ മനസ്സില്‍ മാത്രം സംഭവിക്കുന്നതായിരിക്കും. അവള്‍ കാണുന്ന ‘നാഗലിംഗ’ മരം, അവളില്‍ ഉറഞ്ഞുപോകുന്ന അടിസ്ഥാനചോദനകളെ പ്രതീകവല്‍ക്കരിക്കുന്നതാണ്. എല്ലാം നന്നായി പറയാന്‍ കണക്കൂറിനു കഴിഞ്ഞിരിക്കുന്നു. ആഴത്തിലുള്ള മാനസികാപഗ്രഥന പടുത്വം കഥയില്‍ നമുക്കു കാണാം. പൊതുവെ കാണുന്ന സ്ത്രീപക്ഷകഥകളെക്കാള്‍ ഗഹനതയുള്ള കഥ. ആസ്വാദ്യമായ ഒരു കഥയെഴുതിയതിന് കഥാകൃത്തിന് അഭിനന്ദനങ്ങള്‍.
മാതൃഭൂമിയില്‍ (ഫെബ്രുവരി 11-17) ഹൃഷികേശന്‍ പി.ബിയുടെ കവിത ‘ഒരു കുലുക്കല്ലൂര്‍ ഫയല്‍ ചിത്രം’ മോശമല്ലാത്ത കവിതയാണ്. ഞങ്ങളുടെ നാട്ടില്‍ ഒരു അമ്മാവനുണ്ടായിരുന്നു. എന്തിനെക്കുറിച്ചും ‘തരക്കേടില്ല’ എന്നുമാത്രം അഭിപ്രായം പറയുന്ന ഒരാള്‍. അമ്മാവനെപ്പോലെ എനിക്കും ഈ കവിതയെക്കുറിച്ച് ‘തരക്കേടില്ല’ എന്നേ പറയാനാവൂ. ഗ്രാമീണ സുഭഗതകളൊക്കെ മായുകയാണ്. എന്നു കരുതി പഴയപോലെ ഇനി കാര്‍ഷികവൃത്തികളൊക്കെ നാടന്‍ രീതിയിലേക്കു മാറ്റാന്‍ പറ്റുമോ? ട്രാക്ടര്‍ വേണ്ട മണ്‍വെട്ടിയ്ക്കു വെട്ടിയിളക്കിയാല്‍ മതി എന്നു പറയാന്‍ പറ്റുമോ? പഴയ മരവും കലപ്പയും കാളയും ഒക്കെ നല്ല രസമുള്ള സംഗതികളായിരുന്നു എന്നു കരുതി ഇനിയും ഉഴുന്നതിനു കാളയും കലപ്പയും മതിയെന്നു നിര്‍ബ്ബന്ധം പിടിക്കാന്‍ പറ്റുമോ? ഇതെഴുതുന്നയാളും കുട്ടിക്കാലത്ത് പഴയസമ്പ്രദായത്തിലുള്ള നിലമുഴുകലും വിത്തിടലും ഒക്കെയുണ്ടായിരുന്ന ഒരു ഗ്രാമത്തിലാണ് ജനിച്ചത്. അതിലൊക്കെ പങ്കെടുത്തിട്ടുമുണ്ട്. പഴയ ആ കാര്‍ഷിക ജീവിതം ആ തലമുറയ്ക്ക് മനോഹരമായിരുന്നു. എന്നാല്‍ പുതിയ തലമുറയ്ക്ക് അതിനോടൊക്കെ കൗതുകമുണ്ടാകണം എന്ന് വാശിപിടിക്കാന്‍ പറ്റുമോ? പുതിയ കാലത്തും കാര്‍ഷികവൃത്തി പുതിയ രീതിയില്‍ത്തന്നെ മനോഹരമാക്കാനാവും. പഴയ ഗ്രാമങ്ങള്‍ ഇനി പുനര്‍ജ്ജനിക്കില്ല. കവികള്‍ പഴയതിന്റെ തടവുകാരാണ്. അതിന്റെ ഗൃഹാതുരസ്മരണകളില്‍ അവര്‍ സ്വയം മറന്നുപോകും. പക്ഷേ ജീവിതം മാറിക്കൊണ്ടേയിരിക്കുന്നു.
പുതിയ രീതിയില്‍ കൃഷിചെയ്യുന്ന മനോഹരമായ പാശ്ചാത്യഗ്രാമങ്ങള്‍ നമ്മളിപ്പോള്‍ ടെലിവിഷനിലെ സഞ്ചാരം പരിപാടിയില്‍ കാണുന്നുണ്ട്. അതിനും സൗന്ദര്യമുണ്ട്. ആ രീതിയില്‍ പോലും നമ്മുടെ ഗ്രാമങ്ങള്‍ നിലനിര്‍ത്താന്‍ നമുക്കാവുന്നില്ല. ഇപ്പോള്‍ കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലേയ്ക്കും നഗരം ചേക്കേറിക്കൊണ്ടിരിക്കുന്നു.
സത്യത്തില്‍ തലപ്പാടി മുതല്‍ കളിയിക്കാവിള വരെ കേരളം ഒരൊറ്റനഗരമാണ്. ഗ്രാമനഗരവ്യത്യാസങ്ങളൊക്കെ അപ്രത്യക്ഷമായിക്കഴിഞ്ഞു. ഗ്രാമവും നഗരവും ഒക്കെക്കൂടി കൂടിക്കുഴഞ്ഞ ഒരു അവിയല്‍ കേരളമാണ് നമുക്ക് ഇന്നുള്ളത്. കണക്കില്ലാതെ പെരുകുന്ന മനുഷ്യസഞ്ചയത്തെ നിയന്ത്രിച്ചു നിര്‍ത്താനോ അവരെ ക്രമീകരിക്കാനോ ഒന്നിനും നമുക്ക് പദ്ധതികളില്ല. ചൈനയെ പിന്‍തള്ളി കുതിക്കുന്ന ഇന്ത്യയുടെ ജനസഞ്ചയം ഭയപ്പെടുത്തുന്നതാണ്. കേരളത്തില്‍ ചിലര്‍ ഇപ്പോള്‍ മത്സരിച്ചു ജനാസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ നോക്കുന്നുമുണ്ട്. ഇത്രയും മനുഷ്യരെ തീറ്റിപ്പോറ്റാന്‍ നമുക്ക് എത്രകാലം കഴിയും എന്നു കണ്ടുതന്നെയറിയണം. കവി ഹൃഷികേശന്റെ മനസ്സിലുള്ള കുലുക്കല്ലൂര്‍ ഇനിയൊരിക്കലും തിരിച്ചുവരില്ല. കവിയോടൊത്തുനമുക്കും ദുഃഖിക്കാം.
എം.എസ്. ബിനേഷിന്റെ മാതൃഭൂമിയിലെ കവിതയും കേരളത്തിലെ കാഴ്ചകളെക്കുറിച്ചാണ്. പക്ഷേ അദ്ദേഹം കാണുന്നത് ഒറ്റക്കണ്ണനെപ്പോലെയാണെന്നു മാത്രം. അങ്ങനെ പറയുന്നതും ശരിയല്ല. ഒരു കണ്ണുമാത്രം കൊണ്ട് നന്നായി കാണുന്നവരുമുണ്ടല്ലോ. അദ്ദേഹം പറയുന്നതില്‍ ചിലതിനോട് ഈ ലേഖകനും യോജിപ്പുണ്ട്. ഉദാഹരണത്തിന് ‘ഉത്തരക്കടലാസില്‍ മാത്രമുള്ള E=mc2 കളേ’ എന്ന വരിയോടെ മലയാളിയുടെ ശാസ്ത്രം അവിടെ തീര്‍ന്നു. കവിയുടെ ഹൃദയത്തിലെ അമര്‍ഷം, അസൂയ ഇതൊക്കെയാണ് കവിതയില്‍ നിറഞ്ഞുനില്‍ക്കുന്നത്. കവിതയുടെ തലക്കെട്ടുപോലെ ‘ഗതികേടുകളുടെ അഭിസംബോധന’ തന്നെ. സംശയമേതുമില്ല.