ആരായിരുന്നു ആദിശങ്കരന്‍ എന്നു ചോദിച്ചാല്‍ അദ്വൈത സിദ്ധാന്തത്തിന്റെ ആചാര്യന്‍ എന്നാവും പലരും പറയുക. ഇത് സ്വാഭാവികവുമാണ്. കാരണം പ്രസ്ഥാനത്രയമായ ഉപനിഷത്തുകള്‍, ഭഗവദ്ഗീത, ബ്രഹ്‌മസൂത്രം എന്നിവയ്ക്ക് ഭാഷ്യങ്ങളെഴുതിയ ശങ്കരന്‍ അദ്വൈത വേദാന്തത്തിന്റെ അതിശക്തനായ വക്താവും അദ്വിതീയനായ പ്രചാരകനുമായിരുന്നു. ശങ്കരന്റെ ദര്‍ശനം വൈദികമായിരുന്നു. വേദോപനിഷത്തുക്കളിലെ അറിവിനെ ആശ്രയിച്ചാണ് അദ്വൈതദര്‍ശനം അവതരിപ്പിച്ചതും. എല്ലാ വൈരുധ്യങ്ങള്‍ക്കുമപ്പുറത്തെ ഒരേയൊരു സത്യമായ ബ്രഹ്‌മത്തെ അന്വേഷിക്കുകയാണല്ലോ ഭാഷ്യങ്ങളിലും സ്വന്തം കൃതികളിലും ശങ്കരന്‍ ചെയ്തത്. ബ്രഹ്‌മസൂത്ര ഭാഷ്യത്തിലും വിവേകചൂഡാമണിയിലും നിര്‍വാണശതകത്തിലുമൊക്കെ ‘ബ്രഹ്‌മസത്യം ജഗത് മിഥ്യ’ എന്ന തത്വമാണ് ശങ്കരന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഇക്കാരണത്താല്‍ ബുദ്ധന്റെ ശൂന്യവാദത്തിന് വേദാന്ത പരിവേഷം നല്‍കുകയാണ് ശങ്കരന്‍ ചെയ്തതെന്ന് കരുതുന്നവരുണ്ട്. ‘പ്രച്ഛന്ന ബുദ്ധന്‍’ എന്നൊരു വിശേഷണവും ശങ്കരനുണ്ടല്ലോ.
എന്നാല്‍ ബുദ്ധദര്‍ശനവുമായി ശങ്കരനെ ബന്ധിപ്പിക്കുന്നത് തെറ്റിദ്ധാരണകൊണ്ടാണ്. ശങ്കരന്റെ സ്‌തോത്രങ്ങളിലെല്ലാം പുരാണങ്ങളിലേതുപോലെ ദിവ്യത്വത്തിന്റെ മൂര്‍ത്തരൂപങ്ങളായ ദേവതകളെ പ്രകീര്‍ത്തിക്കുന്നുണ്ട്. ദക്ഷിണാമൂര്‍ത്തി സ്‌തോത്രത്തില്‍ ശിവനെയും ഗോവിന്ദാഷ്ടകത്തില്‍ വിഷ്ണുവിനെയും സൗന്ദര്യലഹരിയില്‍ ശക്തിയെയും വാഴ്ത്തുകയാണ് ശങ്കരന്‍ ചെയ്യുന്നത്. വ്യാസനുശേഷം ഇങ്ങനെ ചെയ്യുന്നയാളുമാണ് ശങ്കരന്‍. പില്‍ക്കാലത്ത് വേദാന്തത്തിന്റെ വ്യാഖ്യാതാക്കളായ രാമാനുജനും മധ്വനും വല്ലഭനുമൊക്കെ ഈ രീതി വികസിപ്പിക്കുകയുണ്ടായി.
കേരളത്തിലെ കാലടിയില്‍ ശിവഗുരുവിന്റെയും ആര്യാംബയുടെയും മകനായി ജനിച്ച ശങ്കരന് മൂന്നു വയസ്സായപ്പോള്‍തന്നെ അച്ഛന്‍ മരിച്ചു. കൃഷ്ണഭക്തയായ അമ്മയാണ് വളര്‍ത്തിയത്. പ്രായത്തില്‍ കവിഞ്ഞ ബുദ്ധിവൈഭവവും ഓര്‍മശക്തിയും പ്രകടിപ്പിച്ച ശങ്കരന്‍ അമ്മ പറഞ്ഞുകൊടുത്ത മഹാഭാരതത്തിലെയും പുരാണങ്ങളിലെയും കഥകളിലൂടെ എല്ലാ വിഷയങ്ങളും ഹൃദിസ്ഥമാക്കി. അറിവുകളെല്ലാം അവസാനിപ്പിക്കുന്ന വേദാന്തത്തോടായിരുന്നു ശങ്കരന് ഇഷ്ടം. അഞ്ചാമത്തെ വയസ്സില്‍ പൂര്‍ണാനദീതീരത്തെ ഗുരുകുലത്തില്‍ ചേര്‍ന്ന ശങ്കരന്‍ വേദങ്ങളും മറ്റ് ഗ്രന്ഥങ്ങളും അതിവേഗം പഠിച്ചെടുത്തു. രണ്ടു വര്‍ഷത്തിനുശേഷം ജ്ഞാനിയായി വീട്ടില്‍ തിരിച്ചെത്തി. എട്ടാമത്തെ വയസ്സില്‍തന്നെ ആത്മീയമാര്‍ഗത്തിലേക്ക് തിരിയാന്‍ മനസ്സ് വെമ്പി. ശങ്കരന്റെ പാണ്ഡിത്യത്തിലും ബുദ്ധിയിലും മതിപ്പുതോന്നിയ കൊച്ചിയിലെ രാജാവ് വലിയ പദവി വാഗ്ദാനം ചെയ്‌തെങ്കിലും അത് സ്വീകരിച്ചില്ല. മോക്ഷമാര്‍ഗത്തോടുള്ള താല്‍പര്യം അത്രയ്ക്ക് ശക്തമായിരുന്നു. സമ്പത്ത് ആര്‍ജിക്കുന്നതിലും കുടുംബജീവിതം നയിക്കുന്നതിലും യാതൊരു ആഭിമുഖ്യവും പ്രകടിപ്പിച്ചില്ല. ആത്മജ്ഞാനം നേടുകയെന്നത് ജീവിതലക്ഷ്യമായി കണ്ട ശങ്കരന്‍ അതിനായി താപസവൃത്തി തെരഞ്ഞെടുക്കുകയായിരുന്നു.
പരിവ്രാജകന്‍ പിറക്കുന്നു
മകന്‍ വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കണമെന്നും, വയസ്സുകാലത്ത് തന്നെ പരിചരിക്കണമെന്നുമൊക്കെ സ്വാഭാവികമായും ശങ്കരന്റെ അമ്മ ആഗ്രഹിക്കുകയുണ്ടായി. സന്ന്യാസിയാവാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മകന്‍ പറഞ്ഞപ്പോള്‍ ആ അമ്മയുടെ പ്രതികരണം എന്തായിരുന്നുവെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ഞെട്ടിത്തരിച്ച അവര്‍ ആദ്യം ശങ്കരന്റെ ആവശ്യം നിരസിച്ചു. ഹൈന്ദവമായ രീതിയനുസരിച്ച് അമ്മയുടെ അനുവാദമില്ലാതെ ആര്‍ക്കും സന്ന്യാസിയാവാന്‍ കഴിയില്ലായിരുന്നു. എന്നാല്‍ ഒടുവില്‍ ആ അമ്മയ്ക്ക് അതിന് സമ്മതിക്കേണ്ടിവന്നു. അമ്മയെ ആശ്വസിപ്പിച്ച ശങ്കരന്‍ അവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ താന്‍ തിരിച്ചെത്തുമെന്ന ഉറപ്പു നല്‍കി വീട്ടില്‍നിന്ന് യാത്രതിരിച്ചു.
അമ്മയുടെ അനുഗ്രഹം വാങ്ങിയ ശങ്കരന്‍ ഗുരുവിനെ തേടിയാണ് യാത്രതിരിച്ചത്. അങ്ങനെ നര്‍മദാ തീരത്തെ ഗോവിന്ദ ഭഗവദ്പാദരുടെ ആ്രശമത്തിലെത്തി. ഗൗഡപാദരുടെ പ്രധാനശിഷ്യനായിരുന്നു ഗോവിന്ദ ഭഗവദ്പാദര്‍. ശങ്കരന്റെ പരിത്യാഗത്തിനുള്ള ദാഹവും തീക്ഷ്ണമായ ബുദ്ധിയും അറിഞ്ഞ ഗോവിന്ദ ഭഗവദ്പാദര്‍ ആ ബാലനെ തന്റെ ശിഷ്യനായി സ്വീകരിച്ചു. മൂന്നുവര്‍ഷം ആശ്രമത്തില്‍ താമസിച്ച് കഴിവും അറിവും ആര്‍ജിച്ച ശങ്കരന് ഗുരു ആചാര്യ പദവി നല്‍കി. ഇങ്ങനെയാണ് പതിനൊന്നാമത്തെ വയസ്സില്‍ ശങ്കരന്‍ ശങ്കരാചാര്യര്‍ ആവുന്നത്. പിന്നീട് ഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ച് ശങ്കരന്‍ കാശിയിലേക്ക് പോയി. പുതിയ ചിന്താപദ്ധതിയും സമ്പ്രദായവുമൊക്കെ തുടങ്ങുന്നവര്‍ കാശിക്കു പോയി അവിടുത്തെ മഹാപണ്ഡിതന്മാരുടെ അംഗീകാരം നേടണമെന്നത് അക്കാലത്തെ രീതിയായിരുന്നു. ഇതനുസരിച്ചാണ് ശങ്കരന്‍ കാശിയിലേക്ക് യാത്ര തിരിച്ചത്.
കാശിയിലെത്തിയ ശങ്കരന്‍ അവിടെയും ആത്മീയചര്യയില്‍ മുഴുകി. കാശി അക്കാലത്തും തീര്‍ത്ഥാടനകേന്ദ്രവും പഠനകേന്ദ്രവുമായിരുന്നു. പുണ്യനദിയായ ഗംഗയില്‍ കുളിച്ചും കാശി വിശ്വനാഥനെ വന്ദിച്ചും ശങ്കരന്‍ കാശിയില്‍ വസിച്ചു. ജ്ഞാനിയായ ഒരു മനുഷ്യന്‍ തന്റെ രാജ്യത്ത് എത്തിയതായി കാശി രാജാവിന് വിവരം ലഭിച്ചു. ശങ്കരന്‍ തനിക്കൊപ്പം കഴിയണമെന്ന് രാജാവ് ആഗ്രഹിച്ചു. പക്ഷേ ശങ്കരന്‍ ആ വാഗ്ദാനം സൗമ്യമായി നിരസിച്ചു. അവിടെനിന്ന് പ്രയാഗയിലെത്തിയ ശങ്കരന്‍ ത്രിവേണിസംഗമത്തില്‍ പുണ്യസ്‌നാനം ചെയ്തു. ലോകക്ഷേമത്തിനുവേണ്ടിയും, തന്റെ അമ്മയുടെ സൗഖ്യത്തിനുവേണ്ടിയും പ്രാര്‍ത്ഥിച്ചു. ഇവിടെവച്ച് പൂര്‍വമീമാംസയുടെ വക്താവായ കുമാരിലഭട്ടനെ കണ്ടു. ഇതിനുശേഷം ഇന്നത്തെ ബീഹാറിന്റെ ഭാഗമായിരുന്ന മഹിഷ്മതിയിലെത്തി അവിടെ കഴിഞ്ഞിരുന്ന മഹാപണ്ഡിതനായ മണ്ഡനമിശ്രനുമായി വാദത്തിലേര്‍പ്പെട്ടു. കര്‍മത്തിനെക്കാള്‍ പ്രാധാന്യം ജ്ഞാനത്തിനാണെന്ന് മണ്ഡനമിശ്രനെ ബോധ്യപ്പെടുത്തി. അപ്പോള്‍ മണ്ഡനമിശ്രന്റെ ഭാര്യ ഉഭയഭാരതി ശങ്കരനെ വെല്ലുവിളിച്ചു. കാമശാസ്ത്രത്തില്‍ ശങ്കരന് അറിവുണ്ടോയെന്നായി അവരുടെ ചോദ്യം. ഇല്ലെന്ന് ശങ്കരന്‍ മറുപടി പറഞ്ഞു. ഭൗതികസുഖങ്ങള്‍ അനുഭവിക്കാതെ ലോകത്തെ അറിഞ്ഞെന്ന് എങ്ങനെയാണ് ഒരാള്‍ക്ക് അവകാശപ്പെടാന്‍ കഴിയുകയെന്ന് ഭാരതി ചോദിച്ചു.
ഈ വെല്ലുവിളി സ്വീകരിക്കാന്‍ തന്നെ ശങ്കരന്‍ തീരുമാനിച്ചു. തന്റെ യോഗശക്തികൊണ്ട് കശ്മീരിലെ രാജാവായ അമരുവിന്റെ ശരീരത്തില്‍ പ്രവേശിച്ച ശങ്കരന്‍ അതില്‍ കഴിഞ്ഞുകൊണ്ട് ശാരീരികമായ എല്ലാ സുഖഭോഗങ്ങളും അനുഭവിച്ചറിഞ്ഞു. ഇതിനെക്കുറിച്ചാണ് ശങ്കരന്‍ ‘അമരുശതകം’ എഴുതിയതത്രേ. കശ്മീരിലും കര്‍ണാടകയിലും ശങ്കരന്‍ ഇഷ്ടദേവതയായ ശാരദാപ്രതിഷ്ഠ നടത്തിയിട്ടുണ്ട്. പുസ്തകം കയ്യിലേന്തിയിട്ടുള്ളതിനാല്‍ ഇത് സരസ്വതിയാണെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ ശാരദാദേവിയുടെ കരങ്ങളില്‍ കുടവും തത്തയുമുണ്ട്. ഇത് ഗൃഹസ്ഥയുടെയും ഇന്ദ്രിയാനുഭവങ്ങളുടെയും പ്രതീകങ്ങളാണ്. ഇതുസംബന്ധിച്ച ശങ്കരന്റെ അറിവ് പ്രതിഫലിപ്പിക്കുന്നതാണ് ഈ പ്രതിഷ്ഠയെന്ന് പറയപ്പെടുന്നു.
തന്റെ അമ്മ അസുഖം ബാധിച്ച് അവശനിലയിലായത് അതീന്ദ്രിയജ്ഞാനംകൊണ്ട് അറിഞ്ഞ ശങ്കരന്‍ ജന്മനാടായ കാലടിയില്‍ മടങ്ങിയെത്തി. വര്‍ഷങ്ങള്‍ക്കു മുന്‍പ് സന്ന്യാസത്തിന് അനുമതി നല്‍കിയപ്പോള്‍ അമ്മയ്ക്കു കൊടുത്ത വാക്ക് ആ മകന്‍ പാലിക്കുകയായിരുന്നു. അധികം വൈകാതെ അമ്മ മരിച്ചു. അന്ത്യക്രിയ നടത്താന്‍ ശങ്കരന്‍ ശ്രമിച്ചപ്പോള്‍ വിലക്കുണ്ടായി. സന്ന്യാസിയായതോടെ മകന്‍ എന്ന ബന്ധം ഇല്ലാതായിക്കഴിഞ്ഞുവെന്നും, ഒരിക്കല്‍ അമ്മയായിരുന്ന സ്ത്രീയോട് സന്ന്യാസിക്ക് യാതൊരു ബന്ധവുമില്ലെന്നും പറഞ്ഞായിരുന്നു ഈ വിലക്ക്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു വിപ്ലവകാരിയായിരുന്ന ശങ്കരന്‍ യാഥാസ്ഥിതികത്വത്തെ അംഗീകരിക്കാന്‍ തയ്യാറായില്ല. അമ്മയുടെ ഭൗതികദേഹം സ്വന്തം വീടിന്റെ പിന്‍ഭാഗത്ത് കൊണ്ടുവന്ന് അന്ത്യക്രിയകള്‍ നടത്തി സ്വയം സംസ്‌കരിച്ചു.
പുണ്യഭൂമിയിലൂടെ നഗ്‌നപാദനായി
അറിവിന്റെ സകല മേഖലകളും താണ്ടി സര്‍വജ്ഞപീഠമേറിയെങ്കിലും ശങ്കരന്‍ ഒരു ദന്തഗോപുരവാസിയായിരുന്നില്ല. കാലാതീതമായ ഒരു ദര്‍ശനത്തിന്റെ വക്താവായിരിക്കുമ്പോഴും താന്‍ ജീവിച്ച കാലഘട്ടത്തോട് ശരിയായി പ്രതികരിക്കുകയും, ഇന്നുപോലും അത്ഭുതാദരവോടെ നോക്കിക്കാണാന്‍ കഴിയുന്ന മഹാപ്രയത്‌നങ്ങള്‍ പൂര്‍ത്തിയാക്കാനും ശങ്കരന് കഴിഞ്ഞു. തത്വചിന്തയിലൂടെയും തീര്‍ത്ഥാടനങ്ങളിലൂടെയും ജനതയെ ഒരുമിപ്പിക്കാനും, ഭാരതവര്‍ഷത്തിന്റെ ഐക്യം ശരിയായി അടയാളപ്പെടുത്താനും, സംസ്‌കാരത്തിന്റെ ശക്തമായ അടിത്തറയില്‍ ഈ ഐക്യത്തെ പരിപോഷിപ്പിക്കാനും കഴിഞ്ഞ മഹാത്മാവായിരുന്നു ശങ്കരന്‍. എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ശങ്കരന്‍ 1200 വര്‍ഷം മുന്‍പ്, അതും 32 വയസ്സുമാത്രം നീണ്ട അതീവ ഹ്രസ്വമായ തന്റെ ജീവിതത്തില്‍ ചെയ്തുതീര്‍ത്ത കാര്യങ്ങളെ ഐതിഹാസികം എന്നു വിശേഷിപ്പിച്ചാല്‍പ്പോലും മതിയാവില്ല. ഇക്കാര്യം മുന്‍നിര്‍ത്തി യുഗസ്രഷ്ടാവ് എന്നുതന്നെ ശങ്കരനെ വിളിക്കാം.
ആധുനിക കാലത്തേതുപോലെ യാത്രാസൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന, അങ്ങനെയുള്ളതൊന്നും സങ്കല്‍പ്പിക്കാന്‍പോലും കഴിയാതിരുന്ന ഒരുകാലത്ത് ഭാരതം എന്ന ഉപവന്‍കരയുടെ നാല് വശങ്ങളിലേക്കും ഒന്നിലധികം തവണ കാല്‍നടയായി സഞ്ചരിച്ച ശങ്കരന്‍ അമാനുഷിക വ്യക്തിത്വംതന്നെയായിരുന്നു. കരയിലൂടെയും കടലിലൂടെയും ആകാശമാര്‍ഗത്തിലൂടെയും അതിവേഗം സഞ്ചരിക്കാന്‍ ആധുനികകാലത്ത് എത്രയോ സൗകര്യങ്ങളുണ്ടായിരുന്നിട്ടും ഭാരതം മുഴുവന്‍ സഞ്ചരിക്കാനോ അവിടങ്ങളിലെ കാഴ്ചകള്‍ കാണാനോ കഴിയാത്ത കോടാനുകോടി മനുഷ്യരുള്ളപ്പോഴാണ് ശങ്കരന്റെ അഖണ്ഡഭാരതയാത്രകള്‍ ഇന്നും നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നത്. ലോകം കണ്ട ഏറ്റവും വലിയ തത്വജ്ഞാനിയാണ് ഭാരതത്തിന്റെ തലങ്ങും വിലങ്ങും സഞ്ചരിച്ച് വലിയൊരു സാംസ്‌കാരിക ദൗത്യം നിര്‍വഹിച്ചത്. പരിവ്രാജകനായിരുന്ന ശങ്കരന് ഭൂമിശാസ്ത്രപരമായ അതിരുകളും, ഒന്നിനൊന്ന് വ്യത്യസ്തമായ ഭാഷകളും ഈ ഭാരത പര്യടനത്തിന് തടസ്സമായിരുന്നില്ല. സംസ്‌കൃത ഭാഷയിലാണ് എല്ലാവരോടും സംസാരിച്ചതെന്ന പ്രത്യേകതയുമുണ്ട്.
വിശാല ഭാരതത്തെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചായിരുന്നു ശങ്കരന്റെ യാത്രകള്‍. പുണ്യനഗരികളിലെല്ലാം ആ പാദങ്ങള്‍ പതിഞ്ഞു. അക്ഷരമാലാക്രമത്തില്‍ ഇന്നത്തെ ഓരോ സംസ്ഥാനങ്ങളിലൂടെ ശങ്കരന്‍ സഞ്ചരിച്ചതായി കരുതപ്പെടുന്ന ഇടങ്ങളുടെ വ്യാപ്തി ആരെയും അത്ഭുതപ്പെടുത്തും. ഇങ്ങനെയാണ് അതിന്റെ ഒരു പട്ടിക:
ആന്ധ്രാപ്രദേശ്: അഹോബിലം, അവനിഗഡ്ഡ, ദ്രാക്ഷാരമ, ഗുഡൂര്‍, രാമചന്ദ്രപുരം, സിംഹാചലം, തിരുപ്പതി, വെങ്കിടഗിരി, കാളഹസ്തി, രാജമുന്ദ്രി. അസം: കാമാഖ്യ. ബീഹാര്‍: ഗയ, മഹിഷ്മതി, നളന്ദ, പാടലീപുത്രം, സോംപൂര്‍. ദല്‍ഹി: ദല്‍ഹി. ഗുജറാത്ത്: ദ്വാരക, സോമനാഥ്. ഹരിയാന: കുരുക്ഷേത്ര. ഹിമാചല്‍ പ്രദേശ്: ജ്വാലാമുഖി. ജമ്മുകശ്മീര്‍: അമര്‍നാഥ്, ശ്രീനഗര്‍. ഝാര്‍ഖണ്ഡ്: പാര്‍ലി ബിജ്‌നാഥ്. കര്‍ണാടക: ഗോകര്‍ണം, ഹംപി, കൊല്ലൂര്‍, കുഡാലി, പുഷ്പഗിരി, ശൃംഗേരി, സുബ്രഹ്‌മണ്യ. കേരളം: ഗുരുവായൂര്‍, കാലടി, തൃശ്ശൂര്‍, തിരുവനന്തപുരം. മധ്യപ്രദേശ്: അമര്‍കണ്ഡക്, മണ്ഡലേശ്വര്‍, ഓംകാരേശ്വര്‍, ഉജ്ജയിന്‍. മഹാരാഷ്ട്ര: ഔന്ധ നാഗ്‌നാഥ്, ഭീമാശങ്കര്‍, മഹൂര്‍, നാസിക്, ത്രയംബക്, തുല്‍ജാപൂര്‍. ഒഡീഷ: പുരി. രാജസ്ഥാന്‍: അജ്മീര്‍, പുഷ്‌കര്‍. തമിഴ്‌നാട്: കാഞ്ചീപുരം, കുംഭകോണം, മധുരൈ, മങ്കാട്, മായാവാരം, മൈലാപൂര്‍, ഒണ്ടിമിട്ട, പന്തസ്പൂര്‍, പൂനമല്ലി, ശ്രീരംഗം, സ്വാമിമലൈ, തിരുച്ചെന്തൂര്‍, തിരുച്ചിറപ്പള്ളി, തിരുവണൈകോവില്‍, തിരുവിടൈമാര്‍, ചിദംബരം. ഉത്തര്‍പ്രദേശ്: അയോധ്യ, കാശി, മഥുര, നൈമിഷാരണ്യ, പ്രയാഗ, ബൃന്ദാവന്‍. പശ്ചിമബംഗാള്‍: ഗൗര്‍. ഉത്തരാണ്ഡ്: ബദരീനാഥ്, ഹരിദ്വാര്‍, ജോഷിമഠ്, കേദാര്‍നാഥ്, നീലകണ്ഠ്, ഉത്തരകാശി. അഫ്ഗാനിസ്ഥാന്‍: പെഷവാര്‍. നേപ്പാള്‍: കാഠ്മണ്ഡു. പാകിസ്ഥാന്‍: തക്ഷശില. തിബറ്റ്: കൈലാസം.
ഒരു ജനതയെ രൂപപ്പെടുത്തുന്നതിലും ഐക്യപ്പെടുത്തുന്നതിലും സാമൂഹ്യജീവിതത്തിനുള്ള പ്രാധാന്യം ആത്മീയ ജീവിതത്തിനും മതപരമായ ജീവിതത്തിനുമുണ്ടെന്ന് മനസ്സിലാക്കിയ ആളായിരുന്നു ശങ്കരന്‍. വേദേതിഹാസങ്ങളിലും ഉപനിഷത്തുകളിലുമൊക്കെയുള്ള സനാതനധര്‍മത്തെ പുനരുജ്ജീവിപ്പിച്ചതിനു പുറമെ ഹിന്ദുസമൂഹത്തെ അര്‍ത്ഥശൂന്യമായ അനുഷ്ഠാനപരതയില്‍നിന്ന് ഭക്തിമാര്‍ഗത്തിലേക്ക് തിരിക്കുകയാണ് ശങ്കരന്‍ ചെയ്തത്. ചരിത്രപരമായി നോക്കുമ്പോള്‍ ഭക്തിപ്രസ്ഥാനം എന്നൊന്ന് പിന്നീടാണ് ഉണ്ടാകുന്നതെങ്കിലും എട്ടാം നൂറ്റാണ്ടില്‍തന്നെ ശങ്കരന്‍ അത് ആരംഭിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തതായി കാണാം. ഇതിനായി ശൈവ, വൈഷ്ണവ, ശാക്തേയ പാരമ്പര്യങ്ങളിലുള്ള ദേവീദേവന്മാരെ വാഴ്ത്തുന്ന 76 സ്‌തോത്രകൃതികള്‍ ശങ്കരന്‍ രചിച്ചു. സംഗീതാത്മകമായ സംസ്‌കൃത ഭാഷയില്‍ അന്യൂനമായ ശൈലിയിലാണ് ഈ രചനകള്‍. ഗണേശപഞ്ചരത്‌നം, അന്നപൂര്‍ണശതകം, കാലഭൈരവശതകം, ഭജഗോവിന്ദം, ശിവാനന്ദലഹരി, കനകധാരാസ്‌തോത്രം, പാണ്ഡുരംഗസ്‌തോത്രം, മനീഷാപഞ്ചകം എന്നിവ ഇതില്‍പ്പെടുന്നു.
ജ്വലിച്ചുയര്‍ന്ന ജീവിതം
ഭാരതത്തില്‍ സാംസ്‌കാരിക ഐക്യം കൊണ്ടുവരുന്നതില്‍ ശങ്കരന്‍ ചരിത്രപരവും ഐതിഹാസികവുമായ പങ്കാണ് വഹിച്ചത്. വേദാന്തര്‍ഗതമായ ധര്‍മം വലിയ പ്രതിസന്ധി നേരിട്ട കാലമായിരുന്നു അത്. ഒരായിരം വര്‍ഷക്കാലം അത് അവഗണിക്കപ്പെട്ടു. അനുഷ്ഠാനപരമായ പൂര്‍വമീമാംസയുടെയും ബുദ്ധ-ജൈന മതങ്ങളുടെയുമൊക്കെ ഫലമായി ജനജീവിതം വലിയ ആശയക്കുഴപ്പത്തിലാണ്ടുപോയി. ഈ അവസ്ഥയില്‍ സനാതനധര്‍മത്തെ വീണ്ടെടുക്കുകയെന്നത് ഒരു വെല്ലുവിളിയായിത്തന്നെ ശങ്കരന്‍ ഏറ്റെടുത്തു. തന്റെ കാലത്തെ മഹാപണ്ഡിതന്മാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. അദ്വൈത വേദാന്തമാണ് ശരിയെന്ന് സ്ഥാപിച്ചു. ശങ്കരന്റെ അസാധാരണവും അന്യാദൃശവുമായ ബുദ്ധിവൈഭവത്തിനു മുന്നില്‍ മറ്റുള്ളവര്‍ കീഴടങ്ങി എന്നുതന്നെ പറയാം. ഇവരില്‍ പലരും ശിഷ്യന്മാരുമായിത്തീര്‍ന്നു. ഹിന്ദുധര്‍മം ഉടലെടുത്തത് ഉത്തരഭാരതത്തിലാണെന്നും, അത് പിന്നീട് ദക്ഷിണ ഭാഗത്തേക്ക് എത്തുകയായിരുന്നുവെന്നുമുള്ള ധാരണ തെറ്റാണെന്ന് ശങ്കരന്‍ തെളിയിച്ചു. ഹിന്ദുധര്‍മം അഥവാ സനാതനധര്‍മം ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടപ്പോള്‍ അത് തരണം ചെയ്തത് ഏറ്റവും തെക്കുനിന്നുള്ള ശങ്കരനായിരുന്നു എന്നു പറയാം.
ഭാരതം എന്ന പുണ്യഭൂമിയിലുടെ അക്ഷീണമായ യാത്രയാണ് ശങ്കരന്‍ നടത്തിയത്. നാല് ദിശകളിലെയും പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം ശങ്കരന്‍ സന്ദര്‍ശിച്ചു. ഒരിടവും അപരിചിതമായി തോന്നിയില്ല. ശങ്കരനെയും ആരും അപരിചിതനായി കണ്ടില്ല. തനിക്ക് പോകാന്‍ കഴിയാത്ത ഇടങ്ങളിലേക്ക് ശിഷ്യന്മാരെ പറഞ്ഞയക്കുകയും ചെയ്തു. ശങ്കരന്‍ തത്വജ്ഞാനി മാത്രമല്ല അതിസമര്‍ത്ഥനായ ഒരു സംഘാടകനുമായിരുന്നു എന്ന് ഇത് തെളിയിക്കുന്നുണ്ട്. അക്കാലത്തെ സന്ന്യാസിസമൂഹത്തെ സംഘടിപ്പിക്കാന്‍ ദശനാമി സമ്പ്രദായത്തിന് ശങ്കരന്‍ രൂപം നല്‍കി. തീര്‍ത്ഥ, ആശ്രമ, വന, ആരണ്യ, ഗിരി, പര്‍വത, സാഗര, സരസ്വതി, ഭാരതി, പുരി എന്നീ പേരുകളിലാണിത്. ചരിത്രപരമായ അപചയത്തില്‍നിന്ന് സനാതനധര്‍മത്തെ വീണ്ടെടുക്കുന്നതിനായി ദശനാമി സമ്പ്രദായത്തിലൂടെ സന്ന്യാസിമാര്‍ക്ക് ചുമതലകള്‍ നല്‍കുകയായിരുന്നു. ഗ്രാമനഗരങ്ങളിലും വനാന്തരങ്ങളിലും പര്‍വതങ്ങളിലും സാഗരതീരങ്ങളിലും സഞ്ചരിച്ച് സനാതനധര്‍മ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കാനുള്ള സംവിധാനമാണ് ശങ്കരന്‍ ഒരുക്കിയത്. ശങ്കരന്‍ രചിച്ച സ്‌തോത്രങ്ങളില്‍ ദേവീദേവന്മാരെ മാത്രമല്ല പുണ്യനഗരങ്ങളെയും നദികളെയുമൊക്കെ വാഴ്ത്തുന്നുണ്ട്. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ വളര്‍ത്തിയെടുത്ത് സ്ത്രീപുരുഷന്മാരെ ഇവിടങ്ങളിലേക്ക് ആകര്‍ഷിക്കുകയെന്ന ഉദ്ദേശ്യവും ശങ്കരനുണ്ടായിരുന്നു. വിവിധ ഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളെയും ശങ്കരന്‍ വാഴ്ത്തുന്നുണ്ട്. ദ്വാദശലിംഗസ്തവം എന്ന സ്‌തോത്രത്തില്‍ ജ്യോതിര്‍ലിംഗങ്ങള്‍ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളെയും പുകഴ്ത്തുന്നു. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പ്രയാഗയില്‍ നടക്കുന്ന കുംഭമേളയെയും ശങ്കരന്‍ അംഗീകരിച്ചു.
രാഷ്ട്രത്തിന്റെ സാമൂഹ്യജീവിതത്തിലും ചിന്തയിലും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ വളരെ കുറഞ്ഞ കാലത്തെ ജീവിതത്തിലൂടെ ശങ്കരന് കഴിഞ്ഞു. ‘മുഹൂര്‍ത്തം ജ്വലിതം ശ്രേയോ നച ധൂമായിതം ചിരം’ എന്നൊരു ചൊല്ലുണ്ട്. നീണ്ടകാലം യാതൊരു പ്രയോജനവുമില്ലാതെ ജീവിക്കുന്നതിനെക്കാള്‍ ശ്രേഷ്ഠമാണ് ഒരു നിമിഷം കത്തിജ്വലിക്കുന്നത് എന്നാണിതിനര്‍ത്ഥം. ജനനം മുതല്‍ അനുനിമിഷം ജ്വലിച്ചുനിന്ന ജീവിതമായിരുന്നു ശങ്കരന്റേത്. ഭാരതത്തിന്റെ ഓരോ കോണിലൂടെയും സഞ്ചരിച്ച് വൈവിധ്യങ്ങള്‍ക്കിടയിലെ ഏകത്വം ശക്തിപ്പെടുത്താന്‍ ശങ്കരനു കഴിഞ്ഞു. കുറഞ്ഞത് ഒരു സഹസ്രാബ്ദത്തിന്റെ ഇടവേളക്കുശേഷം ഭാരതത്തിന്റെ തീര്‍ത്ഥാടനത്തെ പുനരുജ്ജീവിപ്പിച്ചത് ശങ്കരനാണ്. ആത്മീയജീവിതത്തിലേക്ക് ജനങ്ങളെ ആനയിക്കുന്നതിനൊപ്പം സനാതന ധര്‍മത്തിന്റെ മഹത്വം വീണ്ടെടുക്കുന്ന ദൗത്യവുമായിരുന്നു ഇത്.
(അടുത്തത്: ചതുര്‍ധാമങ്ങളുടെ ചരിത്രപ്രതിഷ്ഠ)