മാതൃഭൂമി ദിനപത്രം ഒരുകാലത്ത് കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ജീവിതത്തിന്റെ കണ്ണാടിയായിരുന്നു. മാതൃഭൂമിയില്‍ ഒരു വാര്‍ത്ത വരാന്‍, കവിത വരാന്‍, കഥ വരാന്‍ കാത്തുനിന്ന രാഷ്ട്രീയ നേതാക്കളും സാഹിത്യകാരന്മാരും ഒക്കെയുണ്ടായിരുന്നു. മാതൃഭൂമിയില്‍ കഥയും കവിതയും വന്നാലേ സാഹിത്യകാരന്മാരായി അംഗീകരിക്കപ്പെടൂ എന്ന അപ്രഖ്യാപിത കീഴ്‌വക്കം പോലും മലയാള സാഹിത്യത്തില്‍ ഉണ്ടായിരുന്നു. എന്‍.വി.കൃഷ്ണവാര്യരും എം.ടി.വാസുദേവന്‍ നായരും കൈപിടിച്ച് വളര്‍ത്തിയെടുത്ത ഡസന്‍ കണക്കിന് സാഹിത്യകാരന്മാര്‍ മലയാള സാഹിത്യ തറവാട്ടില്‍ ഇന്നും ശുക്രനക്ഷത്രങ്ങളായി നിലകൊള്ളുന്നു. സാഹിത്യ സാംസ്‌കാരിക രംഗത്തെ ഈ സംഭാവനകള്‍ക്ക് പുറമേ ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും ദേശീയതയും മാത്രമല്ല, ഈ രാഷ്ട്രത്തിന്റെ വൈഭവവും ഓരോ സാധാരണക്കാരന്റെ ഉന്നമനവും മാതൃഭൂമിയുടെ ലക്ഷ്യമായിരുന്നു.
മാതൃഭൂമി അടുത്തിടെ നടത്തിയ ‘ക’ അതിന്റെ കഴമ്പില്ലായ്മയും കാമ്പില്ലായ്മയും പൂര്‍ണ്ണമായും തുറന്നുകാട്ടുന്നതായിരുന്നു. ഒരുകാലത്ത് ദേശീയ പ്രസ്ഥാനത്തിന്റെ ജീവാത്മാവായിരുന്ന മാതൃഭൂമി ഇന്ന് അധഃപതനത്തിന്റെയും പ്രീണനത്തിന്റെയും പടുകുഴിയില്‍ ആണെന്ന് മാത്രമല്ല, ദേശവിരുദ്ധ ശക്തികളുടെയും തീവ്രവാദികളുടെയും ദല്ലാള്‍ പണിയെടുക്കുന്ന മൂന്നാംകിട കൂട്ടിക്കൊടുപ്പുകാര്‍ ആയിരിക്കുന്നു എന്ന് പറയാതെവയ്യ. പത്രാധിപരുടെ കസേരകളില്‍ ഇരുന്ന മഹാന്മാരായ പൂര്‍വ്വസൂരികളില്‍ പലരെയും ആ കസേരയില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാനേജിംഗ് ഡയറക്ടര്‍ക്കെതിരെ തുടര്‍ച്ചയായി വാര്‍ത്ത കൊടുത്ത പത്രാധിപരുള്ള മാതൃഭൂമി ഒരുപക്ഷേ ഭാരത പത്രപ്രവര്‍ത്തന ചരിത്രത്തില്‍ മാത്രമല്ല, ലോക പത്ര പ്രവര്‍ത്തന ചരിത്രത്തില്‍ തന്നെ നിസ്തുലമായ സ്ഥാനമുള്ള, ജനങ്ങളുടെ ഹൃദയവികാരം പ്രതിഫലിപ്പിക്കുന്ന മാധ്യമ സ്ഥാപനമായിരുന്നു. ഓരോ പത്രപ്രവര്‍ത്തകനും മാതൃഭൂമിയെ കണ്ടത് സ്വന്തം കുടുംബമായും ജീവനായും ആണ്. പക്ഷേ, ഇന്നത്തെ മാതൃഭൂമി അതാണോ എന്ന കാര്യത്തില്‍ കടുത്ത ആശങ്കയുണ്ട്. കേരളത്തിലെ മാതൃഭൂമി വായനക്കാരായ ബഹുഭൂരിപക്ഷവും പങ്കുവെക്കുന്ന വികാരം ഇതാണ്.
ഇസ്ലാമിക ജിഹാദി ഭീകര സംഘടനകള്‍ മാധ്യമപ്രവര്‍ത്തകരെയും സാംസ്‌കാരിക നായകന്മാരെയും വിലക്കെടുക്കാനും വാടകയ്ക്ക് എടുക്കാനും നടത്തുന്ന ശ്രമങ്ങള്‍ ഈ മേഖലയിലുള്ളവര്‍ക്കെല്ലാം അറിയാവുന്നതാണ്. വിദേശയാത്രകളും വിലപിടിപ്പുള്ള സമ്മാനങ്ങളും മാത്രമല്ല, പ്രതിമാസം കള്ളപ്പണമായി കവറില്‍ എത്തുന്ന നോട്ടുകളും ഈ അധമ മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ഇസ്ലാമിക ജിഹാദി ഭീകര പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി വ്യാജ മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ പേരുപറഞ്ഞ് കേരളത്തിലുടനീളം പ്രവര്‍ത്തിച്ചിരുന്ന ചില മുന്‍ മാധ്യമപ്രവര്‍ത്തകരെയും മലയാളികള്‍ക്ക് അറിയാം. അവരുടെ ധനസ്രോതസ്സുകള്‍ മാത്രമല്ല, വര്‍ഷാവര്‍ഷം പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് അവര്‍ക്കു മാത്രമായി ലഭിക്കുന്ന പുരസ്‌കാരങ്ങളും ചില പ്രത്യേക സ്‌കോളര്‍ഷിപ്പുകളും ഇതിന്റെ ഭാഗമാണ്. ഇത്തരം മാധ്യമപ്രവര്‍ത്തകരുടെയും സാംസ്‌കാരിക നായകന്മാരുടെയും എഴുത്തുകാരുടെയും സംഗമ വേദിയായി ചില സാഹിത്യോത്സവങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. സാഹിത്യോത്സവങ്ങള്‍ക്കും സാംസ്‌കാരിക സംവാദങ്ങള്‍ക്കും ആരും എതിരല്ല. സംവാദങ്ങളെയും എതിര്‍പ്പുകളെയും അതിജീവിക്കാനുള്ള ശക്തി ഏതെങ്കിലും മതത്തിനും ശാസ്ത്രത്തിനും ഇല്ലാതെ പോയാല്‍ അവര്‍ അനുസ്യൂതമായ കാലപ്രവാഹത്തില്‍ ഇല്ലാതാകും എന്നകാര്യത്തില്‍ യാതൊരു സംശയവും ഇല്ല.
അടുത്തിടെ മാതൃഭൂമി ‘ക’ സാഹിത്യോത്സവത്തില്‍ തമിഴ് എഴുത്തുകാരനായ ജയമോഹന്‍ സംസ്‌കൃതത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിരുന്നു. സംസ്‌കൃത വാക്കുകള്‍ ഉപയോഗിക്കാതെ സാഹിത്യ രചന നടത്തണമെന്നും സംസ്‌കൃതം അധമമാണെന്നും ഒക്കെയാണ് അദ്ദേഹം പറഞ്ഞുവെച്ചത്. എന്തായാലും ഭാരതീയ സംസ്‌കാരത്തിനും സംസ്‌കൃതത്തിനും എതിരായ കടന്നാക്രമണം ആരുടെയോ അച്ചാരം പറ്റിക്കൊണ്ട് ജയമോഹന്‍ ചെയ്തതാണ് എന്ന കാര്യത്തില്‍ അരിയാഹാരം കഴിക്കുന്ന ആര്‍ക്കും സംശയമില്ല. തമിഴ്‌നാട്ടിലെ ചില മേഖലകളില്‍ പിടിമുറുക്കിയിട്ടുള്ള ജിഹാദി തീവ്രവാദം ഇത്തരത്തിലുള്ള ചില സാഹിത്യകാരന്മാരെ വിലയ്‌ക്കെടുത്തിട്ടുമുണ്ട്. ഹിന്ദുത്വവും സനാതനധര്‍മ്മവും ഭാരതീയ സംസ്‌കാരവും അധമമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള അപനിര്‍മ്മാണത്തിന്റെ അപ്പോസ്തലന്മാരാണ് ഈ ഏഴാംകിട സാഹിത്യകാരന്മാര്‍.
ലോകം മുഴുവന്‍ ഭാരതത്തിലേക്കും സംസ്‌കൃതത്തിലേക്കും ഭാരതീയ സാഹിത്യങ്ങളിലേക്കും ഭാരതീയ ശാസ്ത്ര പൈതൃകങ്ങളിലേക്കും തിരിഞ്ഞു കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഭഗവദ്ഗീത മുന്നോട്ടുവെക്കുന്ന നേതൃത്വശാസ്ത്രം നിരവധി സര്‍വകലാശാലകളില്‍ ഇന്ന് പാഠ്യവിഷയമാണ്. ഭാരതീയ പുരാണങ്ങളും ഇതിഹാസങ്ങളും കണ്ടെത്തിയിട്ടുള്ള മനസ്സിന്റെ ചലനങ്ങളും സ്ഥൈര്യവും ഭഗവദ്ഗീത മുന്നോട്ട് വെക്കുന്ന സ്ഥിതപ്രജ്ഞ എന്ന സങ്കല്പവും ആധുനിക മാനേജ്‌മെന്റ് പാഠ്യവിഷയമാക്കുമ്പോഴാണ് അതിനെ ഇകഴ്ത്തിക്കൊണ്ട് ഭാരതീയ സംസ്‌കാരത്തെയും സംസ്‌കൃതത്തെയും തള്ളിപ്പറഞ്ഞുകൊണ്ട് മാതൃഭൂമി ‘ക’ രംഗത്ത് വരുന്നത്.
സ്വാമി പരമേശ്വരാനന്ദ സരസ്വതി എഴുതിയ ‘ഹിന്ദു ധര്‍മ്മപരിചയ’ത്തില്‍ ഭാരതീയമായ സംസ്‌കൃത ഗ്രന്ഥങ്ങള്‍ വായിച്ചു തീര്‍ക്കാന്‍ ഒരുദിവസം നൂറുപുറം എന്ന തോതില്‍ വായിച്ചാല്‍ പോലും ഏറ്റവും കുറഞ്ഞത് 270 വര്‍ഷം വേണ്ടിവരും എന്നാണ് പറയുന്നത്. ആ തരത്തില്‍ നോക്കുമ്പോള്‍ അനേകം പുരുഷായുസ്സുകള്‍ ഉണ്ടായാല്‍ മാത്രമേ ഈ സംസ്‌കൃത ഗ്രന്ഥങ്ങള്‍ ഒരു തവണയെങ്കിലും വായിക്കാന്‍ കഴിയൂ എന്ന് മാതൃഭൂമിയിലെ പണ്ഡിത ശ്രേഷ്ഠന്മാര്‍ തിരിച്ചറിയണം. വിദ്യാഭ്യാസമാണ് അറിവിന്റെ മാനദണ്ഡം എന്ന് കരുതുന്നില്ല. രണ്ട് ഐ.എ.എസുകാരും നിരവധി എം.ബി.എക്കാരും ഭരിച്ച കേരള സോപ്‌സ് പൂട്ടിപ്പോയപ്പോള്‍ വെറും ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രം ഉണ്ടായിരുന്ന ഇരിങ്ങാലക്കുടയിലെ സി.ആര്‍. കേശവന്‍ വൈദ്യരുടെ ചന്ദ്രിക സോപ്പ് ആയിരുന്നു ലോകത്ത് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്തത്. പഠിപ്പുണ്ടായാലും ഇല്ലെങ്കിലും വിവേകം ഉണ്ടാവണമെന്ന് മാതൃഭൂമിയുടെ മുകള്‍ത്തട്ടില്‍ ഉള്ളവര്‍ ഇനിയെങ്കിലും മനസ്സിലാക്കേണ്ടിയിരിക്കുന്നു. സംസ്‌കൃതത്തിന്റെ പഴമയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ഒരു തുറന്ന സംവാദത്തിന് ജയമോഹനെയും ‘ക’ സംഘാടകരെയും വെല്ലുവിളിക്കുകയാണ്. കഴിഞ്ഞ 2000 വര്‍ഷത്തെയോ 5000 വര്‍ഷത്തെയോ സാമൂഹിക സാമ്പത്തികനില പരിശോധിച്ചാല്‍ ഏറിയ കാലവും ഏറ്റവും മുന്നില്‍ നിന്നിരുന്നത് ഭാരതമായിരുന്നു. ആ ഭാരതത്തെ, ഋഷിപ്രോക്ത ഭാരതത്തെ ആ നിലയില്‍ നിലനിര്‍ത്തിയതില്‍ സംസ്‌കൃതത്തിന് അവഗണിക്കാനാകാത്ത പങ്കുണ്ട്. അത് മനസ്സിലാക്കിയവരായിരുന്നു മാതൃഭൂമിയുടെ പൂര്‍വ്വസൂരികള്‍ അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ക്ക് വേണ്ടി, ഈര്‍ക്കില്‍ പാര്‍ട്ടിക്ക് ബോര്‍ഡ് കോര്‍പ്പറേഷന്‍ മന്ത്രിസ്ഥാനം കിട്ടാന്‍ വേണ്ടി, മാതൃഭൂമിയുടെ ഉജ്ജ്വലമായ പാരമ്പര്യവും സംസ്‌കാരവും പണ്ട് മന്ത്രിമാരായവര്‍ ആരും തന്നെ പണയം വെച്ചിട്ടില്ല. കെ.എ.ദാമോദര മേനോന്‍ അടക്കമുള്ളവര്‍ മാതൃഭൂമിയില്‍ നിന്ന് തന്നെയാണ് മന്ത്രി പദവിയിലേക്ക് എത്തിയത്. മാതൃഭൂമിയുടെ വെറും പാര്‍ട് ടൈം ലേഖകനായിരുന്ന കെ.പി. ഉണ്ണികൃഷ്ണന്‍ കേന്ദ്രമന്ത്രിയായി, ആറ് തവണ എം.പിയായി. പക്ഷേ, അവരാരും ഭാരതീയ പൈതൃകത്തെയും സംസ്‌കാരത്തെയും തള്ളിപ്പറഞ്ഞവരല്ല.
ലോകത്ത് ആദ്യമായി അക്ഷരം പിറന്നത് സംസ്‌കൃതത്തിലാണ്. എഴുത്തുകാരും ശാസ്ത്രജ്ഞന്മാരും വാനനിരീക്ഷകരും കവികളും നാടകകൃത്തുക്കളും മാത്രമല്ല, ആയുര്‍വേദവും ധനുര്‍വേദവും നാട്യശാസ്ത്രവും സുകുമാരകലകളും ഒക്കെ പിറന്നുവീണത് ഈ സംസ്‌കൃതത്തിലാണ്. മാതൃഭൂമി മാനേജ്‌മെന്റില്‍ ചിലരൊക്കെ അവകാശപ്പെടുന്ന ജൈന പൈതൃകവും ബുദ്ധ പൈതൃകവും ഈ സംസ്‌കൃതത്തില്‍ തന്നെയാണ് പിറന്നുവീണത്. ന്യായവും മീമാംസയും വേദാന്തവും ഒക്കെ പിറന്നുവീണ സംസ്‌കൃതം, ആ സംസ്‌കൃതം ലോകഭാഷകളുടെ മാതാവാണ്. ഈജിപ്ഷ്യന്‍, ചൈനീസ്, ടിബറ്റന്‍ ഭാഷകള്‍ മാത്രമല്ല, ഹിന്ദി അടക്കമുള്ള എല്ലാ ഇന്ത്യന്‍ ഭാഷകളും ഇംഗ്ലീഷ്, അറബി, റഷ്യന്‍, സ്പാനിഷ്, ഫിന്നിഷ്, ഹംഗേറിയന്‍, ടര്‍ക്കിഷ്, ബാസ്‌ക്യൂ തുടങ്ങിയ എല്ലാ ഭാഷകളുടെയും മാതാവ് സംസ്‌കൃതം തന്നെയാണ്.
മാതൃഭൂമിയില്‍ ജോലി ചെയ്തിരുന്ന കാലത്തെ ഒരു അനുഭവം കൂടി പങ്കുവെക്കട്ടെ. സ്വാമി രംഗനാഥാനന്ദ രാമകൃഷ്ണ മിഷന്റെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ അദ്ദേഹത്തിന് തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ സ്വീകരണം ഒരുക്കി. എം.എ.ബേബി ആയിരുന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി. സ്വാമി രംഗനാഥാനന്ദയുടെ പ്രഭാഷണം 20-25 പേജുള്ള പുസ്തകമാക്കി പുറത്തിറക്കിയിട്ടുണ്ട്. അന്ന് അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞത് റഷ്യന്‍ ഭാഷയിലെ പോലും 27 ശതമാനം വാക്കുകള്‍ സംസ്‌കൃതം ആണെന്നാണ്. ഭാരതീയ സന്യാസി പാരമ്പര്യത്തില്‍ നിന്ന് ഒരു ഇടതുപക്ഷക്കാരനെ കിട്ടുമെന്ന് കരുതി സ്വീകരണം ഒരുക്കിയ എം.എ. ബേബിയുടെ മുഖത്തേറ്റ അടിയായിരുന്നു രംഗനാഥാനന്ദയുടെ പ്രഭാഷണം. ഭാരതീയ സംസ്‌കാരത്തിന്റെയും സംസ്‌കൃതത്തിന്റെയും മേന്മ ഒന്നൊന്നായി അദ്ദേഹം വരച്ചുകാട്ടി.
ഇന്ന് നാസ ഉപയോഗിക്കുന്ന ഫോര്‍ട്രാന്‍ എന്ന കമ്പ്യൂട്ടര്‍ ഭാഷ പോലും സംസ്‌കൃതത്തില്‍ നിന്നാണ്. ഭാരതീയ സംസ്‌കാരത്തെയും പൈതൃകത്തെയും പാരമ്പര്യത്തെയും അധിക്ഷേപിക്കാനും ഈ തരത്തില്‍ വിലകുറഞ്ഞ രീതിയില്‍ തരംതാഴ്ത്താനും ആണെങ്കില്‍ ആദ്യം ചെയ്യേണ്ടത് മാതൃഭൂമിയുടെ പേരു മാറ്റുക എന്നതാണ്. മൗദൂദി ഭൂമി എന്നോ ജിഹാദി ഭൂമി എന്നോ പേരുമാറ്റിയ ശേഷം ഇത്തരം നെറികേടുകള്‍ കാണിച്ചാല്‍ ഇന്നും മാതൃഭൂമിയെ നെഞ്ചിലേറ്റുന്ന പാവപ്പെട്ട ജനങ്ങള്‍ നെടുവീര്‍പ്പിടുകയും കണ്ണീരൊഴുക്കുകയും ചെയ്യില്ല എന്ന കാര്യം നേതൃത്വത്തിലെ വാനമ്പാടികള്‍ മനസ്സിലാക്കണം. കഴിഞ്ഞ കുറച്ചുകാലമായി മാതൃഭൂമിക്ക് ഹിന്ദുക്കളോടുള്ള വിരോധം തുടങ്ങിയിട്ട്. ആരെയെങ്കിലും പ്രീണിപ്പിച്ച് കിട്ടുന്ന പരസ്യവും മറ്റ് ഉദാര നേട്ടങ്ങളും ആണ് ലക്ഷ്യമെന്ന് ‘മീശ’ വന്നപ്പോള്‍ തന്നെ മനസ്സിലായതാണ്. ഭാരതീയ സംസ്‌കാരത്തിന്റെയും സമൂഹത്തിന്റെയും അപനിര്‍മ്മാണം ലക്ഷ്യമിടുന്ന ശക്തികളാണ് ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നില്‍. മാതൃഭൂമി നടത്തിയ സാഹിത്യോത്സവത്തിന്റെ ധനസ്രോതസ്സുകളും ഇതിന്റെ പേരില്‍ വന്ന പരസ്യങ്ങളും ഒക്കെ പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. പഴയ പേരാണ് ഇപ്പോഴും ഇതിനെ താങ്ങിനില്‍ക്കുന്നതെന്ന് ഉത്തരം താങ്ങുന്ന പല്ലികള്‍ ആണെന്ന് നടിക്കുന്നവര്‍ തിരിച്ചറിയണം.
ഹിന്ദുവിനെയും ഹിന്ദു സംസ്‌കാരത്തെയും സംസ്‌കൃതത്തെയും ഒക്കെ ആക്ഷേപി ക്കാന്‍ ഇറങ്ങുമ്പോള്‍ അതിനു മറുപടി പറയാന്‍ ത്രാണിയുള്ള വിവരമുള്ള, ആര്‍ജ്ജവമുള്ള ആള്‍ക്കാരെ എതിര്‍ ചര്‍ച്ചകള്‍ക്ക് കൊണ്ടുവരുന്നതാണ് അന്തസ്സ്. ആ അന്തസ്സ് മാതൃഭൂമി ഇനി എന്ന് പഠിക്കും? ഒരുകാലത്ത് മാതൃഭൂമിയില്‍ ജോലി ചെയ്യുന്നു എന്നത് അഭിമാനമായിരുന്നു. ഇന്നോ? ജനങ്ങളുടെ ഹൃദയവികാരം തിരിച്ചറിയാനാകാത്ത, വെളിവും വിവേകവും ഇല്ലാത്തവര്‍ നയിച്ചാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളേ ഇന്ന് മാതൃഭൂമിയില്‍ ഉള്ളൂ. ഹിന്ദുത്വവും സനാതനധര്‍മ്മവും വിമര്‍ശനാതീതമാണെന്നോ ആരും അതിനെ വിമര്‍ശിക്കരുതെന്നോ പറയുന്നില്ല. പക്ഷേ, ഏകപക്ഷീയമായി ഈ സംസ്‌കാരത്തെ മുഴുവന്‍ എഴുതിത്തള്ളുകയും ഇകഴ്ത്തുകയും ചെയ്യുന്ന നയം തിരുത്തിയില്ലെങ്കില്‍ മഹാകവി കുമാരനാശാന്റെ വാക്കുകള്‍ പാഠമാകും. യുവാക്കളുടെ ആധുനിക സമൂഹം വരെ സംസ്‌കൃതത്തിലേക്ക് തിരിച്ചു പോവുകയും ഐ.ഐ.ടി.കളില്‍ പോലും സംസ്‌കൃതം പാഠ്യവിഷയം ആവുകയും ചെയ്യുമ്പോള്‍ മാതൃഭൂമി ‘ക’ നടത്തുന്ന നികൃഷ്ട പരാമര്‍ശങ്ങള്‍ക്ക് പൊതുസമൂഹം പുല്ലുവില കല്‍പ്പിക്കില്ലെന്ന് തിരിച്ചറിയുക.