കാലത്തെ അതിജീവിച്ചു നില്‍ക്കുക എന്നത് എല്ലാ വ്യക്തികള്‍ക്കും സാധ്യമായ ഒരു കാര്യമല്ല. കാലാതീതമായ പ്രവൃത്തികളിലൂടെയും, നല്‍കുന്ന സന്ദേശങ്ങളിലൂടെയുമാണ് ഒരു വ്യക്തി കാലത്തെ അതിജീവിക്കുന്നത്. മഹാത്മാഗാന്ധി അങ്ങനെയൊരു പ്രതിഭാസമാണ്. അതുകൊണ്ടാണ് കൊല്ലപ്പെട്ടു മുക്കാല്‍ നൂറ്റാണ്ടിനു ശേഷവും ഗാന്ധിജി നമ്മുടെ സാമൂഹ്യ രാഷ്ട്രീയ മേഖലകളില്‍ സജീവസാന്നിധ്യമായിരിക്കുന്നത്.
ഏതൊരു കാര്യവുമെന്നപോലെ ഗാന്ധിജിയുടെ ജീവിതവും പല ദൃഷ്ടികളിലൂടെ വീക്ഷിക്കപ്പെടുന്നുണ്ട്. ഗാന്ധിജി ജീവിച്ചിരുന്ന കാലത്ത് തന്നെ അംബേദ്കര്‍, നേതാജി തുടങ്ങി വലിയൊരുവിഭാഗം അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഖിലാഫത്ത്, ന്യൂനപക്ഷ പരിഗണനകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഗാന്ധിജിയുടെ നിലപാടുകള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഗാന്ധിജിയുടെ ഉദ്ദേശ്യശുദ്ധിയിലും ആദര്‍ശനിഷ്ഠയിലും കടുത്ത വിമര്‍ശകര്‍ക്ക് പോലും സംശയമുണ്ടായിരുന്നില്ല. ആശയം കൊണ്ടും നിലപാടുകള്‍ കൊണ്ടും എതിര്‍ ചേരിയില്‍ നിന്നവരോടു പോലും എപ്പോഴും സംവാദതല്പരനായിരുന്നു ഗാന്ധിജി. കത്തുകളയക്കുക, കൂടിക്കാഴ്ചകള്‍ നടത്തുക, തെറ്റിദ്ധാരണകളോ ആശയക്കുഴപ്പങ്ങളോ ഉണ്ടെങ്കില്‍ തിരുത്തുക അങ്ങനെയങ്ങനെ വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും അങ്ങേയറ്റത്തെ സുതാര്യത കാത്തുസൂക്ഷിക്കുന്നതില്‍ ഗാന്ധിജി ബദ്ധശ്രദ്ധനായിരുന്നു. അദ്ദേഹത്തിന്റെ ഈ സമീപനം പരാജയപ്പെട്ടത് കമ്മ്യൂണിസ്റ്റുകളോടും നെഹ്‌റുവിനോടുമാണ്. അത് നമുക്കൊന്ന് പരിശോധിക്കാം. ഗാന്ധിജി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയിരുന്ന പി.സി.ജോഷിക്ക് അയച്ച ഒരു കത്ത് ഇങ്ങനെയാണ്.
5 11, 1944
എന്റെ പ്രിയപ്പെട്ട ജോഷി,
നാം തമ്മില്‍ കണ്ടപ്പോള്‍, ഞാന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉടന്‍തന്നെ ഒരു മറുപടി കിട്ടുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. അതിനിടയ്ക്ക് ചില ചോദ്യങ്ങള്‍ കൂടി ഉദിക്കാന്‍ ഇടയായിട്ടുണ്ട്. എന്റെ ആദ്യത്തെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞശേഷം ഇവയ്ക്കും കൂടി സദയം മറുപടി നല്‍കുക.
1. നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ധനാഗമ മാര്‍ഗങ്ങള്‍ പൊതുപരിശോധനക്കു വിധേയമാണോ? അങ്ങിനെയെങ്കില്‍ അതെല്ലാം ഞാന്‍ കാണുമോ?
2. കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായിട്ട് തൊഴിലാളികളുടെ പണിമുടക്കുകള്‍ സംഘടിപ്പിക്കുന്നവരേയും, നയിക്കുന്നവരേയും അറസ്റ്റ് ചെയ്യാന്‍, അധികാരികളെ കമ്മ്യൂണിസ്റ്റു പാര്‍ട്ടി സജീവമായി സഹായിക്കുന്നുണ്ടെന്നു പറയപ്പെടുന്നു.
3. ശത്രുതാപരമായ ഉദ്ദേശ്യത്തോടുകൂടി കോണ്‍ഗ്രസ്സ് സംഘടനക്കുള്ളില്‍ കടന്നുകൂടുക എന്ന നയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു.
4. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ നയം പുറമേ നിന്ന് അനുശാസിക്കപ്പെടുകയല്ലേ.
നിങ്ങളോട് ആത്മാര്‍ഥതയുള്ള എം.കെ. ഗാന്ധി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി സംശയങ്ങള്‍ ഉന്നയിച്ച് പലരും ഗാന്ധിജിക്ക് കത്തുകള്‍ അയച്ചിരുന്നു. അവയെല്ലാം അദ്ദേഹം പി.സി.ജോഷിക്ക് അയച്ചുകൊടുത്തു. ശ്രീജിത്ത് കമലേശ്വര റാവു ഗാന്ധിജിക്ക് അയച്ച് അദ്ദേഹം പി.സി.ജോഷിക്ക് അയച്ചുകൊടുത്ത മറ്റൊരു കത്താണിത്.
‘കമ്മ്യൂണില്‍ അവര്‍ നാടകങ്ങള്‍ അഭിനയിച്ചിരുന്നു. അതിലോരോന്നിന്റെയും ഇതിവൃത്തത്തില്‍ വെടിവെയ്പ്പും വധശിക്ഷയും രക്തപങ്കിലമായ കൊലയും ഉള്‍പ്പെടുന്നു. വിദ്യാര്‍ഥികളായ അംഗങ്ങളുടെ കൈപ്പടയില്‍ ചുവന്ന ചായം പുരട്ടി, ആരാച്ചാരായും കൊലയാളികളായും അവരെ അഭിനയിപ്പിച്ചു. ഓരോ ദിവസവും, അവര്‍ പതിവായി കമ്മ്യൂണില്‍ മത്സ്യം പാകം ചെയ്തിരുന്നു. സകല അംഗങ്ങളും ഒരേ മേശക്ക് ചുറ്റും ഇരിക്കണം എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. ബ്രാഹ്‌മണരേയും വൈശ്യരേയും പോലെ പരമ്പരയാ സസ്യഭുക്കുകളായ ആളുകള്‍ക്ക് ഹിംസയോട് വെറുപ്പ് തോന്നാതിരിക്കാനായി മാംസം കഴിക്കാന്‍ അവരെ മനഃപൂര്‍വം പഠിപ്പിച്ചിരുന്നു. അവരില്‍ വിദ്യാര്‍ഥികളും ഉള്‍പ്പെട്ടിരുന്നു. ഗാന്ധിജിക്ക് അഹിംസയില്‍ നിര്‍ബന്ധമുള്ളത് കൊണ്ടാണ് താന്‍ മാംസം കഴിച്ചു തുടങ്ങിയത് എന്ന് എം.എക്കാരനായ ഒരു ബ്രാഹ്‌മണന്‍ എന്നോട് പറഞ്ഞിരുന്നു. ഇരുപത് വര്‍ഷത്തിലധികം കാലം താന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന നശിച്ച ഖദറില്‍നിന്ന് അന്നാണ് തനിക്ക് മോചനം ലഭിച്ചത് എന്ന് ബി.എസ്.സിക്കാരനായ മറ്റൊരു വൈശ്യന്‍ എന്നോട് പറഞ്ഞിരുന്നു. അയാള്‍ മാംസഭക്ഷണത്തിനുവേണ്ടി വാശിയോടെ വാദിക്കുന്ന ഒരാളായിത്തീര്‍ന്നു.
അവിടെ, മുറ്റത്ത് അവര്‍ ക്ലാസ്സുകള്‍ നടത്തി. ഗാന്ധിജിക്കും, സത്യത്തിനും, അഹിംസക്കും, കോണ്‍ഗ്രസ്സ് നേതൃത്വത്തിനും, ഈശ്വരനും, ഖദറിനും, ഗ്രാമീണവ്യവസായങ്ങള്‍ക്കും അവര്‍ എതിരായിരുന്നു. ലൈംഗിക അരാജകത്വത്തെ അനുകൂലിച്ചുകൊണ്ട് അവര്‍ പ്രസംഗിച്ചു. ഗാന്ധി ഇന്ത്യയിലെ റാസ്പുടിന്‍ ആണെന്ന് ഒരു നേതാവ് അവരുടെ ഒരു യോഗത്തില്‍ പ്രഖ്യാപിച്ചു. ഏംഗല്‍സ് എഴുതിയ ഒരു പുസ്തകമാണ് അവര്‍ പഠിച്ചിരുന്നത്. അതില്‍ അദ്ദേഹം സംഘവിവാഹത്തിനുവേണ്ടി വാദിക്കുന്നുണ്ട്(രണ്ടു ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യമാര്‍ ഉള്ള സമ്പ്രദായമാണത്).
ഏക ഭാര്യാത്വം സ്ത്രീകളുടെ സ്വാതന്ത്ര്യം അടിച്ചമര്‍ത്താന്‍ വേണ്ടി ബൂര്‍ഷ്വാകള്‍ കണ്ടുപിടിച്ചതാണ് എന്നദ്ദേഹം ആരോപിച്ചിരുന്നു. സാധാരണക്കാരായ കോണ്‍ഗ്രസ്സുകാര്‍ക്ക് എതിരായി, പോലീസുകാര്‍ക്കുവേണ്ടി അവര്‍ ചാരപ്രവൃത്തിയും ഒറ്റും നടത്തിയിരുന്നു. പ്രത്യേകിച്ചും ദേശീയവാദികളായ യുവാക്കള്‍, വിദ്യാര്‍ഥികള്‍, കാര്‍ഷിക ജോലിക്കാര്‍ എന്നിവര്‍ക്കെതിരായിട്ട്. ഇവരെയൊക്കെയാണ് പ്രധാനപ്പെട്ട എതിരാളികളായി അവര്‍ ഗണിക്കുന്നത്. വടികള്‍ ഉപയോഗിക്കാനും, എതിരാളികളെ തല്ലി അമര്‍ച്ചചെയ്യാനും അവര്‍ക്ക് പാര്‍ട്ടി നേതാക്കന്മാരില്‍ നിന്ന് രഹസ്യനിര്‍ദ്ദേശം കിട്ടിയിരുന്നു. എതിരാളികളെ പോലീസുകാരുടെ കൈയില്‍ ഏല്‍പ്പിക്കുന്നതിനു പുറമേയാണിത്. പോലീസുകാര്‍ക്ക് കള്ളവിവരങ്ങള്‍ പോലും അവര്‍ നല്‍കിയിരുന്നു.’
ചോദ്യങ്ങള്‍, പ്രത്യേകിച്ച് അസുഖകരമായ ചോദ്യങ്ങളും അത് ചോദിക്കുന്നവരും എന്നും കമ്മ്യൂണിസ്റ്റുകള്‍ക്ക് വര്‍ഗ്ഗശത്രുക്കളും, ബൂര്‍ഷ്വകളും, വിപ്ലവവിരുദ്ധരും, ഉന്മൂലനം ചെയ്യപ്പെടേണ്ടവരുമാണല്ലോ. ചോദ്യങ്ങളില്‍ അസ്വസ്ഥത പ്രകടിപ്പിച്ച ജോഷിയോട് വീണ്ടും ഗാന്ധിജി:
ഫെബ്രുവരി 5, 1945
‘സഹോദരന്‍ ജോഷി, നിങ്ങളുടെ കത്ത് കൈപ്പറ്റി. നമ്മുടെ രാഷ്ട്രഭാഷയില്‍ അതിനു മറുപടി എഴുതട്ടയോ.
നിങ്ങള്‍ക്ക് ഞാന്‍ മറുപടി എഴുതാത്തത്, എഴുത്തയക്കേണ്ടെന്ന് നിങ്ങള്‍ തന്നെ എന്നോടാവശ്യപ്പെട്ടിരുന്നതുകൊണ്ടാണ്. അതേ, നിങ്ങള്‍ പറഞ്ഞത് ശരിതന്നെ, പരാതി എന്റേതായിരുന്നു. നിങ്ങളോട് അടുക്കാന്‍ ഞാനാഗ്രഹിച്ചു. തെറ്റിദ്ധാരണകള്‍ നീക്കാന്‍ ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കുകയും കത്തെഴുതുകയും ചെയ്തു. അതില്‍ കോപിക്കാന്‍ കാരണമൊന്നുമില്ല.
സകലതും ഞാന്‍ ഭൂലാഭായിയുടെ കൈയില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. ഒരു സംഗതിയില്‍ കുറേ വൈഷമ്യം ഉണ്ടായി. രാജാജി ഒരു കക്ഷിയില്‍പ്പെട്ടവനായി കണക്കാക്കപ്പെടുന്നതുകൊണ്ട് അദ്ദേഹം വിസമ്മതിച്ചു. എന്റെ അഭിപ്രായം ഞാന്‍ ഇതിനകം പ്രകടിപ്പിച്ചുകഴിഞ്ഞു. നിങ്ങള്‍ അത് കണ്ടിരിക്കണം. കമ്മ്യൂണിസ്റ്റുകളോട് കുറേക്കൂടി അടുത്തെത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പരാതികള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുകയത്രേ. ഹബീബിനോട് സകലതും ഞാന്‍ പറഞ്ഞിട്ടുണ്ട്. മോഹന്‍ വരേണ്ട ആവശ്യമില്ല. എങ്കിലും അയാള്‍ക്ക് വേണമെങ്കില്‍ വരട്ടെ.
നിങ്ങളുടെ
എം.കെ. ഗാന്ധി.
ഇതെല്ലാം ആ കാലഘട്ടത്തില്‍ ഗാന്ധിജിയുടേയും കമ്മ്യൂണിസ്റ്റുകളുടെയും ഇടയില്‍ നിലനിന്നിരുന്ന അവിശ്വാസത്തിന്റെയും ശത്രുതയുടെയും പ്രതിഫലനങ്ങളാണ്. ഇത്രയധികം കടുത്ത ചോദ്യങ്ങള്‍ ചോദിച്ച ആ മനുഷ്യന്‍ ജീവിച്ചിരി ക്കുന്ന ഓരോ നിമിഷവും തങ്ങള്‍ക്കപകടമായിരിക്കും എന്നവര്‍ ചിന്തിച്ചിട്ടുണ്ടാവില്ലേ… പ്രതിയോഗികളോടുള്ള കമ്മ്യുണിസ്റ്റുകളുടെ എക്കാലത്തേയും മനോഭാവത്തിന്റെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ നമുക്കത് വ്യക്തമാവും.
അക്കാലത്ത് പീപ്പിള്‍സ് വാറിലും മറ്റും പ്രത്യക്ഷപ്പെട്ട ചില പരാമര്‍ശങ്ങള്‍
‘അധോഗതിക്ക് കാരണമായ കുരുടന്മാരായ മിശിഹാക്കള്‍’ എന്നാണ് ഗാന്ധിജിയേയും നേതാജിയേയും വിശേഷിപ്പിച്ചത്.
‘ക്വിറ്റിന്ത്യാ സമരം ഒരു ബൗദ്ധിക പാപ്പരത്തം’… ഒന്‍പതു ദിവസത്തെ സമ്മേളനത്തിനുശേഷം കോണ്‍ഗ്രസ്സ് വര്‍ക്കിങ്ങ് കമ്മറ്റി പാസ്സാക്കിയ ക്വിറ്റിന്ത്യാ പ്രമേയത്തെ വിശേഷിപ്പിച്ചത് ‘ഒന്‍പത് ദിവസത്തെ പ്രയത്‌നശേഷമുള്ള ഗര്‍ഭമലസിപ്പിക്കല്‍’ എന്നായിരുന്നു.
കമ്മ്യൂണിസ്റ്റ് കടന്നാക്രമണത്തില്‍ ഭയചകിതനായ മഹാത്മാഗാന്ധിയുടെ ഉദരസഞ്ചിയിലേക്ക് ഓടിയൊളിക്കുന്ന കംഗാരുക്കുഞ്ഞായാണ് അവര്‍ ഒരിക്കല്‍ ജയപ്രകാശ് നാരായണനെ അവതരിപ്പിച്ചത്.
ചരിത്രത്തിലൊരു കാലഘട്ടത്തില്‍ പോലും കമ്മ്യൂണിസ്റ്റുകള്‍ ഗാന്ധിജിയെ അംഗീകരിച്ചിരുന്നില്ല. ആശയപരമായ എതിര്‍പ്പ് എന്നതിലുപരി അങ്ങേയറ്റം ഹീനമായ പ്രയോഗങ്ങളിലൂടെ എങ്ങനെയൊക്കെ മഹാത്മാവിനെ അപമാനിക്കാമോ അതെല്ലാം അവര്‍ ചെയ്തിരുന്നു. ഇഎംഎസ്സിന്റെ പുസ്തകമായ ‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്ര’ത്തിലെ ഈ പരാമര്‍ശങ്ങള്‍ നോക്കൂ. നെഹ്രുവിന്റെ കമ്മ്യൂണിസ്റ്റ് ആഭിമുഖ്യത്തെപ്പറ്റി പറയുന്നിടത്താണിത്.
‘താന്‍ ഒരു സോഷ്യലിസ്റ്റാണ്; ബൂര്‍ഷ്വ-ജന്മിവര്‍ഗങ്ങളുടെ താല്പര്യങ്ങള്‍ അവസാനിപ്പിക്കുകയെന്ന പരിപാടി കോണ്‍ഗ്രസ്സ് അംഗീകരിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നു. പക്ഷേ ഗാന്ധിയുടെ നേതൃത്വം താന്‍ അംഗീകരിക്കുന്നു എന്ന് നെഹ്‌റു വ്യക്തമാക്കി. നിക്ഷിപ്ത താല്പര്യക്കാരെ കഴിയുന്നത്ര ‘സൗമ്യ’മായും കഴിയുന്നത്ര വേഗത്തിലും സ്ഥാനഭ്രഷ്ടമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ സാര്‍വദേശീയ പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തണമെന്ന കാര്യത്തിലും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു.
ഇതിലൊന്നും ഗാന്ധിക്ക് യാതൊരാക്ഷേപവുമുണ്ടായിരുന്നില്ല. തന്റെ നേതൃത്വം, കോണ്‍ഗ്രസ്സ് സംഘടനയുടെ അച്ചടക്കം എന്നിവ അംഗീകരിക്കാന്‍ നെഹ്‌റു തയ്യാറുള്ളിടത്തോളം കാലം, മറ്റേത് പ്രശ്നത്തെയും സംബന്ധിച്ച് ഏത് അഭിപ്രായം നെഹ്‌റു വച്ചുപുലര്‍ത്തിയാലും ഗാന്ധിക്ക് വിരോധമി ല്ലായിരുന്നു. ഇതിന്റെയെല്ലാം അഭിപ്രായത്തിലാണ് ഗാന്ധി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
”കോണ്‍ഗ്രസ്സ് നയത്തില്‍ നിന്ന് മൗലികമായി വ്യതിചലിക്കത്തക്കവണ്ണം ജവഹര്‍ലാലിന്റെ അഭിപ്രായം വ്യക്തമായി രൂപം കൊണ്ടിട്ടുണ്ടെന്ന് എനിക്കു തോന്നുന്നില്ല. അദ്ദേഹത്തിന് സോഷ്യലിസത്തില്‍ ഉറച്ച വിശ്വാസമുണ്ട്. പക്ഷേ സോഷ്യലിസ്റ്റ് തത്ത്വങ്ങള്‍ ഇന്ത്യന്‍ സ്ഥിതിഗതികളില്‍ എങ്ങനെ പ്രയോഗത്തില്‍ വരുത്തണമെന്നകാര്യത്തില്‍ അദ്ദേഹത്തിന്റെ ആശയഗതി ഉരുത്തിരിഞ്ഞ് വരാനിരിക്കുന്നതേയുള്ളൂ. അതുകൊണ്ട് അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് അഭിപ്രായഗതികള്‍ ആരേയും ഭയപ്പെടുത്തേണ്ടതില്ല.‘
അതായത് ഇ.എം.എസ്സിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും, ഗാന്ധിത്തൊപ്പി വെച്ച കോണ്‍ഗ്രസ്സ് കമ്മ്യൂണിസ്റ്റായ നെഹ്റുവിനും വരെ, ഗാന്ധിജി അധികാരമോഹിയും അപ്രായോഗികവാദിയുമായ ഒരു കുറുക്കനായിരുന്നു.
ഇത് കമ്മ്യൂണിസ്റ്റുകളുടെ കാര്യം. എന്നാല്‍ ഗാന്ധിജിയുടെ പാരമ്പര്യം പേറുന്നു എന്നവകാശപ്പെടുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കും ജവാഹര്‍ലാല്‍ നെഹ്രുവിനും ഗാന്ധിജി ആരായിരുന്നു എന്നത് ചരിത്രവിദ്യാര്‍ഥികള്‍ക്ക് ഏറെ കൗതുകകരമായിരിക്കും.
സ്വന്തം മകള്‍ക്കുള്ള കത്തുകള്‍ മുതല്‍ ലോകചരിത്രാവലോകനം വരെ ആയിരക്കണക്കിന് പേജുകളും അനേകം പുസ്തകങ്ങളും എഴുതിക്കൂട്ടിയ ജവഹര്‍ലാല്‍ നെഹ്‌റു ഗാന്ധിജിയെക്കുറിച്ചോ, ആ മഹാത്മാവ് മാനവരാശിക്ക് നല്‍കിയ മഹത്തായ ആശയങ്ങളെപ്പറ്റിയോ സന്ദേശങ്ങളെപ്പറ്റിയോ ഒരക്ഷരം പോലും എഴുതിയിട്ടില്ല. ഭാവിഭാരതം എങ്ങനെയായിരിക്കണം എന്ന ഗാന്ധിജിയുടെ കാഴ്ചപ്പാട് സ്വീകരിക്കാന്‍ നെഹ്റു തയ്യാറായിരുന്നില്ല. എന്നാല്‍ കമ്മ്യൂണിസ്റ്റ് റഷ്യ അദ്ദേഹത്തെ ആവേശം കൊള്ളിച്ചിരുന്നു. അതിനെപ്പറ്റി Fascination of Russia എന്ന പുസ്തകം തന്നെ നെഹ്റു എഴുതി. ആ പുസ്തകത്തില്‍ നിന്ന്.
‘ചരിത്രത്തിലെ ഏറ്റവും മഹത്തായ പരീക്ഷണമെന്ന നിലക്ക് ഈ രാജ്യത്തെപ്പറ്റി പലതും പറയാനുണ്ട്. ലോകം മുഴുവന്‍ ഈ രാജ്യത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ചിലര്‍ ഭയത്തോടെയും ചിലര്‍ പ്രതീക്ഷകളോടെയും ഈ രാജ്യത്തെ പിന്തുടരുന്നു.’
വളരെ അഭിമാനത്തോടെ താന്‍ രണ്ടാമത്തെ വിഭാഗത്തിലാണ് എന്ന് ആ പുസ്തകത്തില്‍ നെഹ്റു തുറന്നു പറയുന്നു.
1930 കളില്‍ യൂറോപ്പില്‍ ഹിറ്റ്‌ലറും മുസ്സോളിനിയും അഴിച്ചുവിട്ട വംശീയ സ്വേച്ഛാധിപത്യ പ്രവണതകള്‍ ലോകം മുഴുവന്‍ വലിയ ചര്‍ച്ചയായപ്പോള്‍ നെഹ്റു പറഞ്ഞത് ഇങ്ങനെയാണ്.
‘അടിസ്ഥാനപരമായി പറഞ്ഞാല്‍ ഇന്നത്തെ ലോകത്തില്‍ രണ്ടിലൊന്ന് സ്വീകരിക്കേണ്ടി വരും. ഒന്നുകില്‍ കമ്മ്യൂണിസം അല്ലെ ങ്കില്‍ ഫാസിസം. ഇത് രണ്ടുമല്ലാത്ത ഒരു മാര്‍ഗ്ഗം നമ്മുടെ മുമ്പിലില്ല.’
അതായത് ഗാന്ധിജിയുടെ മാനസപുത്രന്‍ എന്നവകാശപ്പെട്ടിരുന്ന നെഹ്റുവിന് ആ മഹാത്മാവ് ലോകത്തിനു നല്‍കിയ മഹത്തായ ദര്‍ശനവും കാഴ്ചപ്പാടും ഒരു മാര്‍ഗ്ഗമേ ആയിരുന്നില്ല. മഹാത്മാഗാന്ധിയുടെ തോളില്‍ ചവിട്ടിനിന്നു സോവിയറ്റ് ഇരുമ്പുമറക്കപ്പുറത്തേക്ക് ആര്‍ത്തിയോടെ നോക്കുകയായിരുന്നു എന്നും ജവഹര്‍ലാല്‍ നെഹ്റു ചെയ്തിരുന്നത്.
തന്റെ സ്വപ്നത്തിലുള്ള വികേന്ദ്രീകൃത സമ്പദ്വ്യവസ്ഥയെപ്പറ്റി മഹാത്മജി നെഹ്‌റുവിനെഴുതി.
‘ഈ നാട്ടിലെ പരമ്പരാഗത തൊഴില്‍മേഖലക്ക്, ടാറ്റ, ഗോദ്‌റേജ്, ഹിന്ദുസ്ഥാന്‍ ലിവര്‍ തുടങ്ങിയ ഭീമന്മാരോട് മത്സരിച്ച് പിടിച്ചുനില്‍ക്കാനാവില്ല. അതുകൊണ്ട് കൂടുതല്‍ പേര്‍ക്ക് തൊഴിലുണ്ടാകണമെങ്കില്‍ ഉല്‍പ്പാദനത്തിന്റെ മേഖല കര്‍ശനമായി നിയന്ത്രിക്കേണ്ടിവരും. കുടില്‍ വ്യവസായികള്‍ ഉല്‍പ്പാദിപ്പിക്കുന്ന ചരക്കുകള്‍ മറ്റുള്ളവരെ ഉല്‍പ്പാദിപ്പിക്കാനനുവദിക്കരുത്. ചെറുകിടക്കാരുണ്ടാക്കുന്നവ, ഇടത്തരം, വന്‍കിട വ്യവസായത്തിലും ബഹുരാഷ്ട്ര സ്ഥാപനങ്ങളിലും ഉണ്ടാക്കാന്‍ പാടില്ല. മറ്റു വ്യവസായങ്ങള്‍ ചെയ്യുന്ന ഉല്‍പ്പാദനം ബഹുരാഷ്ട്ര സ്ഥാപനങ്ങളേയും ചെയ്യാന്‍ അനുവദിക്കരുത്. മില്ലുകളില്‍ നൂലും കയറ്റുമതിക്കുള്ള തുണിയും മാത്രമേ ഉല്‍പ്പാദിപ്പിക്കാവൂ എന്നും നമ്മുടെ നാട്ടിലെ ആവശ്യത്തിനുള്ള തുണി മുഴുവന്‍ നമ്മുടെ നെയ്ത്തുകാരുണ്ടാക്കണമെന്നും നിശ്ചയിച്ചാല്‍ എത്രയധികം തൊഴിലുണ്ടാകുമെന്നാലോചിക്കുക. പണ്ടെങ്ങനെയായിരുന്നു. ഉല്‍പ്പാദനം മുഴുവന്‍ വികേന്ദ്രീകതമായിരുന്നു. ഇനിയും വികേന്ദ്രീകൃത സമ്പദ് വ്യവസ്ഥ സ്വീകരിക്കണം.
നാട് സ്വതന്ത്രമാകാന്‍ പോവുകയാണ്. നിങ്ങള്‍ ഏത് വികസന മാതൃക സ്വീകരിക്കുമെന്നറിയാന്‍ എനിക്ക് താല്പര്യമുണ്ട്. നമുക്ക് നമ്മുടെയും മറുനാടുകളുടെയും സ്വാതന്ത്ര്യം സംരക്ഷിക്കണമെങ്കില്‍ ഗ്രാമങ്ങളെയാണടിസ്ഥാനമാക്കേണ്ടത്, നഗരങ്ങളെയല്ല എന്ന് ഞാന്‍ വിചാരിക്കുന്നു. നാം കുടിലുകളില്‍ വസിക്കണം, കൊട്ടാരങ്ങളിലല്ല. കാരണം കോടിക്കണക്കിനാള്‍ക്കാര്‍ക്ക് പട്ടണങ്ങളിലും കൊട്ടാരങ്ങളിലും പാര്‍ക്കാന്‍ സാധ്യമല്ല. അങ്ങനെ സംഭവിച്ചാല്‍ അവര്‍ ഹിംസയും അസത്യവും കൈക്കൊള്ളും.’
നെഹ്‌റു ഈ കത്തിന് നല്‍കിയ മറുപടി.
‘വളരെക്കാലമായി ഞാന്‍ അങ്ങയുടെ ആശയങ്ങള്‍ വായിക്കുന്നു. ഞാനവയില്‍ വിശ്വസിക്കുന്നില്ല. ലോകത്തില്‍ ഏറെ മാറ്റങ്ങള്‍ വന്നിരിക്കുന്നു. താങ്കളുടെ ആശയങ്ങളെ പിന്തുടര്‍ന്നാല്‍ പുരോഗതിയുണ്ടാവില്ല. കാരണം ഈ ഗ്രാമങ്ങളൊക്കെ, സാംസ്‌കാരികമായും ബുദ്ധിപരമായും പിന്നാക്കമാണ്. ഈ പിന്നാക്ക പരിതസ്ഥിതിയില്‍ ഒരു പുരോഗതിയും സാധ്യമല്ല. അതുകൊണ്ട്, ഈ ഗ്രാമങ്ങളെ നഗരങ്ങളാക്കുകയാണ് വേണ്ടത്.’
ഭാരതത്തിന്റെ തനതായ സമ്പദ് വ്യവസ്ഥയേയും വികസന മാതൃകകളേയും കയ്യൊഴിഞ്ഞ്, സോവിയറ്റ് യൂണിയനില്‍ നിന്ന് കടംകൊണ്ട പഞ്ചവത്സരപദ്ധതിയും, പാശ്ചാത്യമാതൃകയെ പിന്തുടര്‍ന്ന് നടപ്പാക്കാന്‍ ശ്രമിച്ച വികസന രീതികളും നമ്മുടെ ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം എത്രയധികം വര്‍ധിപ്പിച്ചു എന്നതിന് പില്‍ക്കാല ചരിത്രം സാക്ഷിയാണല്ലോ.
തന്റെ വില്‍പ്പത്രം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന അവസാനകാലത്തെ കുറിപ്പില്‍ മഹാത്മജി ഇങ്ങനെ എഴുതി:
”രണ്ടായി വിഭജിക്കപ്പെട്ടെങ്കിലും, കോണ്‍ഗ്രസ്സ് ആവിഷ്‌കരിച്ച മാര്‍ഗങ്ങളിലൂടെ ഇന്ത്യക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു. ഇന്നത്തെ നിലയ്ക്ക്, ഒരു പ്രചാരണയന്ത്രം, പാര്‍ലമെന്ററി സംവിധാനം എന്നീ നിലയിലുള്ള കോണ്‍ഗ്രസ്സിന്റെ പ്രസക്തി അവസാനിച്ചിരിക്കുന്നു. ഇന്ത്യയിലെ ഏഴുലക്ഷത്തിലധികം ഗ്രാമങ്ങള്‍ക്ക് ഇനിയും സാമൂഹ്യ, ധാര്‍മിക, സാമ്പത്തിക സ്വതന്ത്ര്യം ലഭിക്കേണ്ടിയിരിക്കുന്നു. അവരെല്ലാം നഗരങ്ങളില്‍ നിന്നും വലിയ അകലത്തിലാണ് നിലകൊള്ളുന്നതും. ഇതിനുവേണ്ടി, ഇനിയുള്ള കാലം അനാരോഗ്യകരമായ മത്സരപ്രവണതകളില്‍ നിന്നും കോണ്‍ഗ്രസ്സ് അകലം പാലിക്കണം, അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സംവിധാനം പിരിച്ചുവിട്ട് ലോക് സേവക് സംഘം എന്ന, സേവനരീതികള്‍ പിന്തുടരുന്ന സംഘടനയായി മാറണം എന്നും ഞാന്‍ അഭിപ്രായപ്പെടുന്നു.”
മഹാത്മാജിയുടെ അഭിലാഷവും നിര്‍ദ്ദേശങ്ങളുമെവിടെ, കോണ്‍ഗ്രസ്സിന്റെ പില്‍ക്കാല ചെയ്തികളെവിടെ. അതിനും ചരിത്രം തന്നെ സാക്ഷി.
ഇങ്ങനെ നോക്കിയാല്‍ ഗാന്ധിജിയുടെ കാഴ്ചപ്പാടുകളും, വീക്ഷണങ്ങളും, നിര്‍ദ്ദേശങ്ങളുമെല്ലാം നിര്‍ദ്ദയം നിരാകരിക്കുകയും അവയെ അപമാനിക്കുകയും ചെയ്ത നെഹ്റു കുടുംബത്തെയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയെയുമാണ് ചരിത്രത്തിലുടനീളം നമുക്ക് കാണാന്‍ സാധിക്കുക. അതുകൊണ്ടാണ് റാം മനോഹര്‍ ലോഹ്യ, ജയപ്രകാശ് നാരായണന്‍, മൊറാര്‍ജി ദേശായി, കെ.കേളപ്പന്‍ തുടങ്ങി എണ്ണമറ്റ യഥാര്‍ത്ഥ ഗാന്ധിയന്മാര്‍ കോണ്‍ഗ്രസ്സില്‍ നിന്ന് അകന്നുപോയതും വിട്ടുപോയതും.
ഇത്തരുണത്തില്‍ മുന്‍ ചീഫ് സെക്രട്ടറി ആയിരുന്ന ടി.എന്‍.ജയചന്ദ്രന്‍ പറഞ്ഞത് ഓര്‍ക്കുന്നു. കോട്ടയത്ത് സ്ഥാപിച്ച പുതിയ സര്‍വ്വകലാശാലയുടെ ആദ്യത്തെ പേര് ഗാന്ധിജി സര്‍വ്വകലാശാല എന്നായിരുന്നു. അതാണ് പിന്നെ മഹാത്മാഗാന്ധി സര്‍വ്വകലാശാല ആക്കിയത്. ഈ നീക്കത്തെ ടി.എന്‍. ജയചന്ദ്രന്‍ നഖശിഖാന്തം എതിര്‍ത്തു. അദ്ദേഹം പറഞ്ഞത് ഗാന്ധിജി സര്‍വ്വകലാശാല എന്നാണെങ്കില്‍ ആള്‍ക്കാര്‍ ഗാന്ധിജി എന്ന് പൂര്‍ണ്ണമായിത്തന്നെ പറയും. എന്നാലത് മഹാത്മാഗാന്ധി എന്നാക്കിയാല്‍ പിന്നീട് എം.ജി സര്‍വ്വകലാശാല എന്ന് മാത്രമേ ഉപയോഗിക്കൂ. അതിനു നല്‍കിയ മറുപടിയാണ് രസകരം. വെറും ഗാന്ധിജി എന്നാണെങ്കില്‍ ഏത് ഗാന്ധി എന്ന് സംശയം വരുമത്രേ.
ഗോഡ്സെ ഗാന്ധിജിയെ കൊന്നത് ഒരു തവണ ആണെങ്കില്‍ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും കൂടി കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ട് ആ ആശയങ്ങളെയും ഓര്‍മ്മകളെയും കൊന്നുകൊണ്ടേയിരിക്കുകയാണ്. ഭൗതികമായല്ല, ആശയങ്ങളെ വകവരുത്തുമ്പോഴാണ് ഒരു മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ മരിക്കുന്നത്. ആ ശ്രമം അവര്‍ ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.