‘മനുഷ്യചങ്ങല’ ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
കേശുവേട്ടന്‍ വായ് പൊത്തി ചിരിച്ചു. ‘ഞാന്‍ കണ്ടു കാളൂര്‍ റോഡ് ജംഗ്ഷനില്‍ ആ ബാനര്‍. ബുദ്ധിയില്ല അക്ഷരശുദ്ധിയുമില്ല.’
‘ച യ്ക്ക് ഇരട്ടിപ്പ് വേണം ന്നല്ലേ?’ ‘അതിപ്പോ ഇക്കാലത്ത് സകല വാക്കുകളും അങ്ങനെയായി വരുന്നുണ്ട്. ഈയിടെ ‘കുടിശ്ശിക കുടിശിക ആയി. നടപ്പാലം നടപാലമായി, ബസ്സ് ബസ് ആയി. അത് പോട്ടെ ഈ കമ്മ്യൂണിസ്റ്റു കാര്‍ക്ക് ചങ്ങലയും മതിലുമൊക്കെ ഇത്ര പ്രിയമേറിയ താവാന്‍ എന്താകാര്യം’
‘അതൊക്കെ ആ ഉട്ടോപ്പ്യന്‍ ആശയത്തിന്റെ നെടുംതൂണുകളാണ്. യു ഹാവ് നതിങ് ടു ലോസ് ബട്ട് യുവര്‍ ചെയിന്‍സ് എന്ന് കേട്ടിട്ടില്ലേ? ചങ്ങലകളല്ലാതെ നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്ന്.’
‘എന്നിട്ട് ജനങ്ങളെ ഏറ്റവുമധികം ചങ്ങലക്കിട്ടവരും മതില് കെട്ടിയവരും അവര്‍ തന്നെയല്ലേ?’
‘അതെ. അവര്‍ ആദ്യം ജനങ്ങളോട് പറയും സാമ്രാജ്യത്വ മതിലുകള്‍ പൊളിച്ച് പുറത്ത് കടക്കൂ, ഫാഷിസ്റ്റ് ചങ്ങലകള്‍ പൊട്ടിച്ച് ദൂരെത്തെറിയൂ എന്നൊക്കെ. എന്നിട്ട് ഭരണം കിട്ടിയാല്‍ അവര്‍ അത് രണ്ടും ചെയ്യും, ബെര്‍ലിന്‍ മതില്‍ ഓര്‍മ്മയില്ലേ? ചൈനയിലും ഉത്തര കൊറിയയിലും അവര്‍ ജനങ്ങളെ ഇപ്പോഴും ചങ്ങലക്കിട്ടിരിക്കയല്ലേ?’
‘നായച്ചങ്ങല എന്നാല്‍ നായയെ കെട്ടാനുള്ള ചങ്ങല, ആനച്ചങ്ങല എന്നാല്‍ ആനയെ തളയ്ക്കാനുള്ള ചങ്ങല. മനുഷ്യച്ചങ്ങല എന്ന് വെച്ചാല്‍?… എല്ലാം കൊണ്ടും അറു പഴഞ്ചന്‍ ബോറന്മാരാണ് കമ്മ്യൂണിസ്റ്റുകള്‍. എന്താ കേശുവേട്ടന്റെ അഭിപ്രായം?’
‘പിന്നെ സംശയം ണ്ടോ? അരിവാള്‍ ചുറ്റിക അടയാളം നോക്കൂ.. 1800 കളിലെ വ്യവസായ കാര്‍ഷിക സമരത്തിന്റെ അടയാളങ്ങള്‍.. എന്നിട്ട് വലിയ പുരോഗമനവാദികളാണ് എന്ന നാട്യവും. അക്കാലത്തെ വിയര്‍പ്പ് പുരണ്ട, അഴുക്കു വസ്ത്രങ്ങളില്‍ നില്‍ക്കുന്ന ഇരുമ്പ് – ഉരുക്ക് തൊഴിലാളികളാണ് മാര്‍ക്‌സിന്റെ മാതൃകാ തൊഴിലാളികള്‍.!’
‘കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മാതൃക ഏതു തൊഴിലാളിയായിരിക്കും?’
‘നോക്കുകൂലിക്കാരന്‍, ലോട്ടറി വില്‍പ്പനക്കാരന്‍, കോപ്പറേറ്റീവ് ബാങ്ക് ക്‌ളര്‍ക്ക് പിന്നെ കുടുംബശ്രീ സ്ത്രീകള്‍. മറ്റു ഫാക്ടറികള്‍, വ്യവസായങ്ങള്‍ ഇവിടെ ഹറാമാണ്!’
‘ഹ.ഹ.ഹ. അധ്യാപക വൃന്ദത്തെ കേശുവേട്ടന്‍ അവഗണിച്ചു, പാര്‍ട്ടിയെ കൊണ്ട് നടക്കുന്ന ബുദ്ധി രാക്ഷസന്മാരാണവര്‍.’
‘ഇ.എം.എസ്സിന്റെ ‘മാര്‍ക്‌സിസം ഒരു പാഠപുസ്തകം’ എന്ന പുസ്തകത്തില്‍ കയറ്റുമതി ഇറക്കുമതി എന്നിവയെക്കുറിച്ചൊക്കെ വിശദമായി പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വിചാരം എന്നും തൊഴിലാളികള്‍ കപ്പലിലേക്ക് ചാക്കുമായി കയറും എന്നാണ്. എന്തൊരു ഭോഷ്‌ക്കാണ്. എന്തായാലും മൂര്‍ഖരായ കുറെ മലയാളികളെ പറ്റിക്കാന്‍ പറ്റി.’
‘ഹ..ഹ.. ഒരു കപ്പലും കയറ്റിറക്കു തൊഴിലാളിയുമില്ലാതെ സോഫ്റ്റ്‌വെയര്‍ കയറ്റുമതിയില്‍ മാത്രം ഏകദേശം പതിനൊന്ന് ലക്ഷം കോടി രൂപയാണ് നേടിക്കൊണ്ടിരി ക്കുന്നത്. അത് താമസിയാതെ ഇരുപപത് ലക്ഷം കോടി ആവും എന്നാണു എസ്റ്റിമേറ്റ്. ഇതൊക്കെ മലയാളിയുടെ തലയില്‍ ആര് കേറ്റാന്‍?’
‘കുറച്ചെങ്കിലും ഭേദം ഇപ്പോള്‍ ഉണ്ടായിട്ടുണ്ടാകാം.’
‘മൂര്‍ഖതയ്ക്ക് കുറവുണ്ടോ എന്നവര്‍ക്ക് സംശയവുമുണ്ടാകും അതിനാലാണ് ഇടയ്ക്ക് മനുഷ്യച്ചങ്ങലയും മതിലും കെട്ടുന്നത്. അതില്‍ അണിനിരക്കുന്നവരുടെ എണ്ണം നോക്കി ആശ്വസിക്കാമല്ലോ.’
‘കേശുവേട്ടാ, അണികള്‍ ഭയന്നാണ് വരിയില്‍ നില്‍ക്കുന്നത്. ഭയപ്പെടുത്താന്‍ ഇടയ്ക്ക് സ്വന്തം ആള്‍ക്കാരെ തന്നെ 51 വെട്ടു വെട്ടി കൊല്ലുകയും ചെയ്യും. കുടുംബശ്രീക്കാരെ, തൊഴിലുറപ്പ് തൊഴിലാളികളെ (ഹൌ എന്തൊരു തൊഴില്‍!) ഭീഷണിപ്പെടുത്തുന്ന വീഡിയോ നമ്മള്‍ കണ്ടല്ലോ. തമാശ എന്തെന്ന് വെച്ചാല്‍ കേന്ദ്രത്തിനെതിരെയുള്ള ചങ്ങലയില്‍ വന്ന് നില്‍ക്കുന്നത് കേന്ദ്രം പണികഴിപ്പിക്കുന്ന ദേശീയ ഹൈവേയിലാണ്. ഇപ്പോള്‍ തന്നെ ആ ഹൈവേയുടെ മതിലില്‍ കേന്ദ്രത്തിനെതിരെ പോസ്റ്റര്‍ ഒട്ടിക്കാനും എഴുതാനും തുടങ്ങി. ഇനി തിരഞ്ഞെടുപ്പ് വരുമ്പോഴേയ്ക്കും ഹൈവേ ചുമരുകള്‍ എന്തായി തീരും!
കേന്ദ്ര സര്‍ക്കാര്‍ പൊതു മുതല്‍ നശിപ്പിക്കുന്നതിനെതിരെ കടുത്ത നിയമ നടപടിയിലേക്ക് പോകണം’
‘കേരളം ഒരുതരം സ്വതന്ത്ര ഉത്തര കൊറിയന്‍ റിപ്പബ്ലിക്കാണ്.
മൂര്‍ഖതയ്ക്ക് കുറവ് സംഭവിച്ചാല്‍ പച്ച നുണകള്‍ ആവര്‍ത്തിച്ചു തെറ്റിദ്ധരിപ്പിച്ച് കൂടെ നിര്‍ത്താന്‍ നോക്കും.
ദക്ഷിണ കൊറിയക്കാരെപ്പറ്റിയും അമേരിക്കക്കാരെപ്പറ്റിയും കൊടിയ നുണകള്‍ അവിടെ പ്രചരിപ്പിക്കുംപോലെ ഇവിടെ ഹിന്ദുക്കളെപ്പറ്റി, ഹിന്ദുത്വത്തെപ്പറ്റി കല്ല് വെച്ച നുണകള്‍ പ്രചരിപ്പിച്ച് മുസ്ലിംകളെ പാട്ടിലാക്കാന്‍ നോക്കും.’
‘ഇവിടെ അമേരിക്കാ വിരോധം പഴയ പോലെ ഇല്ല. അതിനാല്‍ ഇവിടത്തെ നേതാവ് അമേരിക്കയില്‍ പോയി ഇരുമ്പ് കസേരയില്‍ ഇരുന്ന് വ്യവസായം കൊണ്ട് വരാന്‍ നോക്കും. ചൈനയെപ്പോലെ വികസിക്കാന്‍ നോക്കും. വൈരുദ്ധ്യാത്മക മുതലാളിത്തം.’
‘ഹ.ഹ. അവര്‍ പൊട്ടന്മാരാണോ. കിറ്റെക്‌സ് വാര്‍ത്ത അവര്‍ വായിക്കുന്നില്ലെന്ന് കരുതിയോ?’
‘എങ്കിലും പോയിട്ട് ഒരു കാര്യവുമുണ്ടായില്ല എന്ന് പാര്‍ട്ടി പത്രവും ചാനലും പറയാത്തതു കൊണ്ട് അണികള്‍ ഇപ്പോഴും കെങ്കേമന്‍,’ ‘ജ്വലിക്കുന്ന സൂര്യന്‍’ എന്നൊക്കെയല്ലേ കരുതുന്നത്.’
‘ഈ സൂര്യന്‍ ഗവര്‍ണറുമായുള്ള പോരില്‍ പിള്ളാരെക്കൂടി പെടുത്തി കര കയറാന്‍ വയ്യാതാക്കി. ഹ ഹ.’
‘ഒരു ഈസോപ്പ് കഥ ഓര്‍മ്മ വരികയാണ്. ഒരു കുറുക്കന്‍ കാല് തെറ്റി ഒരു കുണ്ടന്‍ കിണറില്‍ വീണു. കിണറിലെ ഒരു പടവില്‍ കയറി നിന്നു. കേറിപ്പറ്റാന്‍ ഒരു വഴിയും കണ്ടില്ല. അങ്ങനെ ദുഖിച്ചിരിക്കുമ്പോഴുണ്ട് ഒരു മുട്ടനാട് ആ വഴി വരുന്നു. കുറുക്കന്‍ താന്‍ കുടുക്കില്‍ പെട്ടിരിക്കയാണെന്ന വിവരം മറച്ച് വെച്ച് ആടിനോട് പറഞ്ഞു ‘ഇറങ്ങി വാ ചങ്ങാതീ ഇതിലെ പഞ്ചാരവെള്ളം കുടിച്ചിട്ട് പോ.. ഇത് എത്ര കുടിച്ചിട്ടും മതി വരുന്നില്ല’ അത് കേള്‍ക്കേണ്ട താമസം ആട് കിണറ്റിലേക്ക് എടുത്ത് ചാടി വെള്ളം ധാരാളം കുടിച്ചു. ആടിന്റെ ദാഹം തീര്‍ന്നപ്പോള്‍ കുറുക്കന്‍ തങ്ങള്‍ രണ്ടു പേരും കുടുക്കിലായ കാര്യം പറഞ്ഞു. ഇനിയെന്ത്? ആട് വിഷമിച്ചു. കുറുക്കന്‍ പറഞ്ഞു ‘നീ മുന്‍കാലുകള്‍ പടവില്‍ കയറ്റി നില്‍ക്ക്. നിന്റെ പുറത്തും കൊമ്പിലും ചവിട്ടി ഞാന്‍ വെളിയിലേക്ക് ഒരു കുതിപ്പ്. ഞാന്‍ കേറിപ്പറ്റിയാല്‍ നിന്നെ വലിച്ച് കേറ്റാം.’ ആട് കുറുക്കന്‍ പറഞ്ഞ പോലെ നിന്നു. കുറുക്കന്‍ വെളിയില്‍ കേറിപ്പറ്റി. അത് ആടിനെ വലിച്ചു കേറ്റാനൊന്നും നിന്നില്ല. ആട് പരാതി പറഞ്ഞപ്പോള്‍ കുറുക്കന്‍ പറഞ്ഞു ‘നിനക്ക് നിന്റെ ഊശാന്‍ താടിയുടെ അത്രയെങ്കിലും ബുദ്ധിയുണ്ടായിരുന്നെങ്കില്‍ എടുത്ത് ചാടുന്നതിന് മുന്‍പ് ഒന്ന് ആലോചിക്കാമായിരുന്നില്ലേ? എനിക്ക് നിന്റെ കാര്യത്തില്‍ ഇടപെടാനൊന്നും വയ്യ. ഇനി നീ ആയി നിന്റെ പാടായി. എനിക്ക് പോയിട്ട് വേറെ പണിയുണ്ട്’ അത് പറഞ്ഞു കുറുക്കന്‍ പോയി.
ഗവര്‍ണക്കെതിരെ എടുത്ത് ചാടുന്നതിന് മുന്‍പ് മൂര്‍ഖരായ വിദ്യാര്‍ഥികള്‍ ഒന്ന് ആലോചിച്ചിരുന്നെങ്കില്‍!’
‘വാസ്തവത്തില്‍ പിള്ളേര്‍ ഗവര്‍ണറോട് ചെയ്തതത് നേതാവിന് പിന്തുണയ്ക്കായിട്ടാ യിരുന്നു അല്ലെ?’
‘തീര്‍ച്ചയായും പോലീസിന്റെ ഏമാന്‍ അദ്ദേഹമല്ലേ? ഒന്നും സംഭവിക്കില്ല എന്നുറപ്പ് കൊടുത്തുകാണും’
‘എന്തായാലും അവിടെ കിടക്കട്ടെ.. ചങ്ങല മതിലും കുണ്ടന്‍ കിണറും അല്ലെ? ഗുഡ്…’ എന്ന് കേശുവേട്ടന്‍ പറഞ്ഞപ്പോള്‍ എന്നാല്‍ ശരി എന്ന് പറഞ്ഞു ഞാന്‍ പോന്നു.
പോരുമ്പോള്‍ നീതിസാരത്തിലെ വരികളോര്‍ത്തു:
‘ഉപകാരോ∫പി നീചാനാം
അപകാരായ വര്‍ത്തതേ
പയ: പാനം ഭുജംഗസ്യ
കേവലം വിഷ വര്‍ദ്ധനം’
(നീചന്മാര്‍ക്ക് ഉപകാരം ചെയ്താലും അത് ഉപദ്രവമായി തീരും. പാല് കൊടുത്താലും പാമ്പിന്റെ വിഷം വര്‍ദ്ധിക്കുകയേ ഉള്ളൂ.)