രാഷ്ട്രം ജീവിക്കുന്നത് ജനഹൃദയങ്ങളിലാണ്. വ്യക്തിയുടെയും സമാജത്തിന്റെയും ഹൃദയങ്ങളില്‍ നിന്നു രാഷ്ട്രബോധം അസ്തമിച്ചുപോവുമ്പോഴാണ് രാഷ്ട്രം മൃതിയടയുന്നത്. രാഷ്ട്രം സചേതനമായി നിലനില്‍ക്കണമെങ്കില്‍ ജനതയുടെ വ്യാവഹാരിക ജീവിതത്തില്‍ രാഷ്ട്രബോധത്തിന്റെ ദീപ്തമായ സ്ഫുരണങ്ങളുണ്ടാവണം. അതിന് അനുരൂപമായ വിധത്തില്‍ നിയമനിര്‍മ്മാണങ്ങളും ഭരണവ്യവസ്ഥകളും വികസനസങ്കല്പങ്ങളുമൊക്കെ രൂപപ്പെടുത്തേണ്ടതും അനിവാര്യമാണ്. ഭരണകൂടത്തിന്റെ ഓരോ ഇടപെടലുകളും ദേശീയോദ്ഗ്രഥനത്തിനുള്ള ഉപാധികളാവണം. എന്നാല്‍, ഭാരതത്തില്‍ സ്വാതന്ത്ര്യാനന്തരം അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ രാഷ്ട്രതാത്പര്യങ്ങളെ അവരുടെ സ്വാര്‍ത്ഥ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കുവേണ്ടി നിരന്തരം ബലികഴിക്കുകയായിരുന്നു. അതിന്റെ ഫലമായി രാഷ്ട്ര ഐക്യത്തിന് പോറലേല്‍പ്പിക്കുന്ന പ്രശ്‌നങ്ങള്‍ പോലും പതിറ്റാണ്ടുകളോളം അപരിഹാര്യമായി തുടര്‍ന്നു.
രാഷ്ട്ര താത്പര്യങ്ങള്‍ക്ക് അനുസൃതമായി, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കലും അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണവും ഏകീകൃത സിവില്‍കോഡുമൊക്കെ നടപ്പിലാക്കി രാഷ്ട്ര ഏകാത്മതയെ ശക്തിപ്പെടുത്തുന്നതിനുപകരം ഇവയെ എക്കാലവും സങ്കീര്‍ണ്ണമായ സമസ്യകളാക്കി നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍ കാലങ്ങളായി ശ്രമിച്ചത്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ സദ്ഭരണം കൊണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ രാഷ്ട്രത്തിന്റെ പ്രശ്‌നങ്ങളെ ഓരോന്നായി പരിഹരിക്കുകയും ജനങ്ങളുടെ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തുവരികയാണ്. ഏഴ് പതിറ്റാണ്ടോളം സ്വതന്ത്ര ഭാരതത്തെ അസ്വസ്ഥമാക്കിയ കശ്മീരിലെ പ്രത്യേക അവകാശവും, രാമക്ഷേത്ര പുനര്‍നിര്‍മ്മാണവുമൊക്ക ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പരിഹരിക്കപ്പെട്ടു. പ്രകടനപത്രികയിലൂടെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊരോന്നും ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.
ബിജെപി വളരെക്കാലമായി തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലൂടെ മുന്നോട്ടു വെച്ച പ്രധാന വാഗ്ദാനമാണ് ഏകീകൃത സിവില്‍കോഡ്. രാജ്യത്ത് ലിംഗസമത്വവും ലിംഗനീതിയും ഉറപ്പാക്കാന്‍ വേണ്ടിയുള്ള നിയമങ്ങളാണവ. കുടുംബനിയമങ്ങളുടെ ഏകീകരണമാണ് ഇതിലൂടെ നടപ്പില്‍ വരുന്നത്. ഇത് ഭരണഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശക തത്വങ്ങളില്‍ 44-ാം വകുപ്പില്‍ എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുള്ള കാര്യമാണ്. ഏകീകൃത പൗരനിയമം ആവിഷ്‌കരിക്കാന്‍ രാഷ്ട്രം മുന്നോട്ടുവരേണ്ടതുണ്ട് എന്ന് ആ വകുപ്പില്‍ എടുത്തു പറയുന്നുണ്ട്. ഏകീകൃത സിവില്‍കോഡിനെ മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നു പോലും ഭരണഘടനാ നിര്‍മ്മാണസഭയില്‍ ആവശ്യമുയര്‍ന്നിരുന്നു. ഭരണഘടനയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഈ നിയമം രാജ്യത്ത് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് അധികാരത്തിലേറിയ പാര്‍ട്ടിയാണ് ബിജെപി. കഴിഞ്ഞ വര്‍ഷം മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ ബി.ജെ.പിയുടെ ഒരു ബൂത്തുതല പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി ഏകീകൃത സിവില്‍കോഡിന്റെ ആവശ്യകതയെക്കുറിച്ച് പ്രസംഗിച്ചത് ഈ വിഷയത്തില്‍ രാജ്യവ്യാപകമായ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരുന്നു.
ഇപ്പോള്‍ ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ എല്ലാ പൗരന്മാര്‍ക്കും ഒരുപോലെ ബാധകമാവുന്ന തരത്തില്‍ ഒരു പൊതുസിവില്‍ നിയമം ആവിഷ്‌കരിച്ചിരിക്കുകയാണ്. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ പൊതു സിവില്‍ നിയമം പ്രാവര്‍ത്തികമാക്കുന്നത്. സുപ്രീംകോടതി മുന്‍ ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ സമിതിയാണ് ഏകീകൃത സിവില്‍ കോഡിനായുള്ള നിയമത്തിന്റെ കരടുരൂപം തയ്യാറാക്കിയത്. നാലുദിവസം നീണ്ടുനിന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്. ഇതിലാണ് മതഭേദങ്ങള്‍ക്കതീതമായി വിവാഹം, വിവാഹമോചനം, ജീവനാംശം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയവയ്ക്ക് പൊതുനിയമം ബാധകമാകുന്ന നിയമം പാസാക്കിയത്. സ്വാതന്ത്ര്യാനന്തരം പല ഘട്ടങ്ങളിലും രാജ്യത്ത് സജീവ ചര്‍ച്ചാവിഷമായി മാറിയ ഒരു നിയമമാണ് ഒരു സംസ്ഥാനത്ത് ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. 1985 ലെ ഷാബാനുബീഗം കേസിലെ വിധിന്യായംതൊട്ട് വിവിധ കേസുകളിലായി രാജ്യത്തിന്റെ പരമോന്നത നീതിപീഠം പലപ്പോഴായി ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ള നിയമനിര്‍മ്മാണമാണ് ഉത്തരാഖണ്ഡ് നിയമസഭ ഇപ്പോള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.
പുതിയ ബില്ല് പ്രകാരം ഉത്തരാഖണ്ഡില്‍ 21 വയസിനു താഴെ പ്രായമുള്ള പങ്കാളികള്‍ ഒരുമിച്ച് താമസിക്കുന്നതിനു രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു. പരിമിതമായ ആദിവാസി വിഭാഗത്തെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ലിവിംഗ് ടുഗദറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ പ്രത്യേകം വെബ്‌സൈറ്റ് ആരംഭിക്കുമെന്നും ബന്ധം രജിസ്റ്റര്‍ ചെയ്യാതിരിക്കുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍ പങ്കാളികളിലൊരാള്‍ക്കോ ഇരുവര്‍ക്കുമോ 25,000 രൂപ പിഴയും മൂന്നുമാസത്തെ തടവും ലഭിക്കാമെന്നും ബില്ല് അനുശാസിക്കുന്നു. മാത്രമല്ല, ബാല വിവാഹം, ബഹുഭാര്യത്വ നിരോധനം, പെണ്‍കുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കല്‍ തുടങ്ങിയവയും നിര്‍ദ്ദേശങ്ങളായുണ്ട്. ഇതോടെ ഭൂമിയുടെ പിന്തുടര്‍ച്ചാവകാശം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എല്ലാ പൗരന്മാര്‍ക്കും ഒരേ നിയമം ബാധകമാകുകയും ചെയ്യും.
ഏകീകൃത സിവില്‍ നിയമം മുസ്ലിം വിരുദ്ധമാണെന്ന ഒരു ആരോപണം ചില തത്പര കക്ഷികള്‍ കാലങ്ങളായി ഉന്നയിച്ചു പോരുന്നുണ്ട്. എന്നാല്‍ ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ അടിസ്ഥാന വിശ്വാസപ്രമാണങ്ങളിലേക്ക് പൊതുസിവില്‍ നിയമം കടന്നുവരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പക്ഷേ മുസ്ലിം വ്യക്തിനിയമമനുസരിച്ച് അനുവദനീയമായ ബഹുഭാര്യത്വം പൊതുസിവില്‍കോഡ് നിലവില്‍ വരുമ്പോള്‍ നിയമവിരുദ്ധമായി മാറും. ബഹുഭാര്യത്വം എന്ന ആശയം തന്നെ അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ്. ഇതിനു സമാനമായി മുസ്‌ലിം സമുദായത്തില്‍ നിലനിന്നിരുന്ന മുത്തലാഖ് എന്ന സ്ത്രീവിരുദ്ധമായ ദുരാചാരം 2019 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നിയമം മൂലം നിരോധിച്ചിരുന്നു. ആ നടപടി ആരുടെയും മതവിശ്വാസത്തിന് യാതൊരു പോറലുമേല്‍പ്പിച്ചിട്ടില്ല. അടുത്തിടെ കേരളത്തില്‍ ഉള്‍പ്പെടെ സ്ത്രീധനത്തിന്റെ പേരില്‍ കൊലപാതകങ്ങളും ആത്മഹത്യകളും ഗാര്‍ഹിക പീഡനങ്ങളുമൊക്കെ വ്യാപകമായിട്ടുണ്ട്. ഏകീകൃത സിവില്‍ നിയമത്തിലൂടെ മാത്രമേ സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്വത്ത് സംബന്ധമായ അസമത്വങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയൂ. വിവാഹ സമയത്ത് വിലപേശി വധുവിന്റെ സ്വത്ത് പരമാവധി നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് തടയിടാന്‍ ഏകീകൃത സിവില്‍ നിയമം സഹായകമാകും.
സംഘടിത മതവോട്ടു ബാങ്കിനെ ഭയന്നും മതപ്രീണനത്തിന് കുടപിടിച്ചുംകൊണ്ടാണ് രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുന്നതിനെ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും ഉള്‍പ്പെടെയുള്ള കക്ഷികള്‍ എതിര്‍ക്കുന്നത്. രാജ്യത്ത് പൊതു സിവില്‍കോഡ് നിലവില്‍ വരുമ്പോള്‍ മതപരമായ വിവേചനവും പൗരാവകാശ നിഷേധവും പൂര്‍ണമായും അവസാനിക്കും. മതത്തിന്റെ പുരുഷാധിപത്യപരമായ ദുശ്ശാഠ്യങ്ങളില്‍ നിന്ന് സ്ത്രീകളെ മുക്തരാക്കുവാനും ഇതിലൂടെ കഴിയും. ഏകീകൃത സിവില്‍കോഡ് മുസ്‌ലിം സമുദായത്തിന്റെ മതപരമായ ആചാരങ്ങളെ അട്ടിമറിക്കുമെന്ന ആശങ്ക വാസ്തവവിരുദ്ധവും അബദ്ധജടിലവുമാണ്. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നടപ്പിലാക്കിയ പൊതു സിവില്‍ നിയമത്തെ പിന്തുണച്ച് ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷബാദ് ഷംസ് രംഗത്തുവന്നിട്ടുണ്ട്. ഏകീകൃത സിവില്‍കോഡ് അവതരിപ്പിച്ചതിലൂടെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ രാജ്യത്തിന് മുന്നില്‍ ചരിത്രപരമായ മാറ്റത്തിനുള്ള ഒരു മികച്ച മാതൃകയാണ് മുന്നോട്ടു വെച്ചിരിക്കുന്നത്. ഏകീകൃത സിവില്‍കോഡ് രാജ്യവ്യാപകമായി നടപ്പിലാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യവും ഭരണകൂടത്തെ സംബന്ധിച്ച് ഭരണഘടനാദത്തമായ കര്‍ത്തവ്യവുമാണ്. ഏകരാഷ്ട്രത്തിന്റെ ഏകകങ്ങളിലൊന്നാണ് ഏകീകൃത സിവില്‍കോഡ് എന്നു നിസ്സംശയം പറയാം.