മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തിടെ നിയമസഭയില്‍ നടത്തിയ ഒരു പ്രസ്താവനയുടെ ഞെട്ടലിലാണ് കേരളം. അദ്ദേഹം ഉയര്‍ത്തിയ ഒരു പെന്‍ഷന്‍ അപാരത കേരളത്തിലെ യുവജനങ്ങള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ഒരുപോലെ പാഠമാണ്. നിയമസഭയില്‍ അദ്ദേഹം നടത്തിയ പ്രഭാഷണം ഒരു വാചകത്തില്‍ ചുരുക്കിയാല്‍ ‘ഈ കൈകള്‍ ശുദ്ധം’ എന്നതാണ്. നിയമസഭയില്‍ ശുദ്ധമാണെന്ന് അദ്ദേഹം അവകാശപ്പെട്ട കൈകള്‍ രക്തപങ്കിലമാണെന്നും അത് വാടിക്കല്‍ രാമകൃഷ്ണന്റേത് ഉള്‍പ്പെടെ എണ്ണമറ്റ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചോര പുരണ്ടതാണെന്നും ആര്‍ക്കും അറിയാവുന്ന വസ്തുതയാണ്. മരണശേഷം കുലംകുത്തി എന്നുവിളിച്ച് ആക്ഷേപിച്ച ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പ്രത്യക്ഷമായോ പരോക്ഷമായോ ഒഴിഞ്ഞുമാറാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിയുമോ? ഇങ്ങനെ നിരവധി രാഷ്ട്രീയ കൊലപാതകങ്ങളിലൂടെയും അക്രമങ്ങളിലൂടെയും രക്തപങ്കിലമായ ആ കൈകള്‍ എത്ര ശുദ്ധീകരിച്ചാലും അതിന്റെ പാപക്കറ അവിടെത്തന്നെയുണ്ടാകും. തന്റെ കൈകള്‍ ശുദ്ധമാണെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നത് മകളുടെ മാസപ്പടി വിഷയത്തിലാണ്.
മകളെ കുറിച്ചുള്ള ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ തനിക്ക് ഒരു കുലുക്കവും ഇല്ലെന്നും ഒന്നും തന്നെ ഏശില്ലെന്നുമാണ് പിണറായി വിജയന്‍ അവകാശപ്പെട്ടത്. നേരത്തെ ഭാര്യയെ കുറിച്ചായിരുന്നു ആരോപണം. ഇപ്പോള്‍ മെല്ലെ മകളിലേക്ക് എത്തിയിട്ടുണ്ട്. എന്റെ ഭാര്യ വിരമിച്ചപ്പോള്‍ ലഭിച്ച കാശുമായാണ് മകള്‍ ബംഗളൂരുവില്‍ കമ്പനി തുടങ്ങാന്‍ പോയത്. നീ പോയി നിന്റേതായ കമ്പനി തുടങ്ങൂ എന്ന് പറഞ്ഞ് അയക്കുകയായിരുന്നു. അതുകൊണ്ട് ഇങ്ങനെയുള്ള കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരു മാനസിക കുലുക്കവും ഇല്ല. മനസ്സമാധാനമാണ് പ്രധാനം. തെറ്റ് ചെയ്താല്‍ മനസ്സമാധാനം ഉണ്ടാവില്ല. മറിച്ചാണെങ്കില്‍ ഉള്ളാലെ ചിരിച്ചുകൊണ്ട് ഇതൊക്കെ കേള്‍ക്കാന്‍ പറ്റും. ആ മാനസികാവസ്ഥയിലാണ് ഞാന്‍. ഈ കൈകള്‍ ശുദ്ധമാണ്. ആരുടെ മുന്‍പിലും അല്പം തലയുയര്‍ത്തി തന്നെ അത് പറയാന്‍ കഴിയും. പ്രതിപക്ഷത്തിന് ഇതുകൊണ്ടൊക്കെ ആവശ്യമുണ്ടാകും. ഈ ടീമിന്റെ നേതാവിന്റെ കസേരയില്‍ ഇരിക്കുന്ന ആളെ ഇകഴ്ത്തി കാണിക്കേണ്ടത് അവരുടെ രാഷ്ട്രീയമായ ആവശ്യമാണ്. അത് ജനം സ്വീകരിക്കുമോ എന്ന് കാലം തീരുമാനിക്കട്ടെ, ഇതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം.
മുഖ്യമന്ത്രിയുടെ വിശദീകരണം നിയമസഭയ്ക്കുള്ളിലാണ് വന്നത്. ഇക്കാര്യത്തെക്കുറിച്ച് പത്രമാദ്ധ്യമങ്ങളോട് നിയമസഭയ്ക്ക് പുറത്ത് സംസാരിക്കാനുള്ള ധൈര്യം പിണറായി വിജയന് ഇല്ലാതെ പോയി. നിരവധി തവണ മാധ്യമപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് ചോദിച്ചിട്ടുണ്ട്. എക്‌സാലോജിക്കിന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ഒന്നും പറയാന്‍ ഇതുവരെ മുഖ്യമന്ത്രി കൂട്ടാക്കിയിട്ടില്ല. ഒരു സാധാരണ ഹൈസ്‌കൂള്‍ അധ്യാപികയുടെ പെന്‍ഷന്‍ ആനുകൂല്യം കൊണ്ടാണ് നൂറുകണക്കിന് കോടി രൂപ ആസ്തിയുള്ള എക്‌സാലോജിക്ക് എന്ന സ്ഥാപനം കെട്ടിപ്പടുത്തത് എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം കുറച്ചു കടന്നു പോയില്ലേ? അമേരിക്കയിലെ മക് ഡൊണാള്‍ഡും ഇവിടെ ബൈജൂസും വന്‍ വ്യവസായ സംരംഭം കെട്ടിപ്പടുത്ത രീതിയില്‍ ചുരുങ്ങിയ കാലംകൊണ്ട് ഇത്രയും വലിയ വ്യവസായം കെട്ടിപ്പടുക്കാന്‍ എന്ത് സേവനമാണ് വീണാ വിജയന്‍ നല്‍കിയത് എന്ന കാര്യത്തില്‍ സത്യസന്ധവും സുതാര്യവുമായ അന്വേഷണം ആവശ്യമല്ലേ?
മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വിവരിച്ച ഈ പെന്‍ഷന്‍ അപാരത ഇന്നുവരെ ഒരിക്കല്‍ പോലും മുഖ്യമന്ത്രി പിണറായി വിജയനോ ഭാര്യ കമലാ വിജയനോ എവിടെയും ഉന്നയിച്ചിട്ടില്ല. 2016 ല്‍ പിണറായി വിജയന്‍ ആദ്യമായി മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തപ്പോള്‍ ഭാര്യ കമലാ വിജയനെ പല മാദ്ധ്യമങ്ങളും അഭിമുഖം നടത്തിയിരുന്നു. ഇതില്‍ ഏറ്റവും പ്രധാനം ഹിന്ദു ദിനപത്രത്തില്‍ സരസ്വതി നാഗരാജന്‍ നടത്തിയ അഭിമുഖമായിരുന്നു. വളരെ നീണ്ട ഈ അഭിമുഖത്തില്‍ ജീവിതത്തിന്റെ നാനാവശങ്ങളെ കുറിച്ചും പിണറായി വിജയനുമായുള്ള ഓര്‍മ്മകളും എല്ലാം കമലാ വിജയന്‍ വളരെ ബൃഹത്തായി തന്നെ വിശദീകരിച്ചിട്ടുണ്ട്. പക്ഷേ, അതില്‍ എവിടെയും ഈ പെന്‍ഷന്‍ അപാരതയെ കുറിച്ച് ഒരു വാക്ക് മിണ്ടിയിട്ടില്ല. സത്യത്തില്‍ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യം ഇതുവരെ ഏതെങ്കിലും അഭിമുഖത്തില്‍ പറയാതിരിക്കുമായിരുന്നോ? കോവിഡ് രോഗബാധയുണ്ടായ സമയത്ത് കേരളത്തിലെ ആരോഗ്യ വകുപ്പിലെ ഡാറ്റ അമേരിക്കയിലെ സ്വകാര്യസ്ഥാപനത്തിന് കൈമാറിയത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക്ക് വാര്‍ത്തകളില്‍ എത്തിയത്. അന്ന് കുരുതി കൊടുക്കാന്‍ ഒരു സെക്രട്ടറി എന്ന നിലയില്‍ എം. ശിവശങ്കര്‍ ഉണ്ടായിരുന്നതുകൊണ്ട് ഇതിന്റെ വിശദാംശങ്ങളിലേക്ക് അന്ന് അന്വേഷണം പോയില്ല. ഡേറ്റ ട്രാന്‍സ്ഫറും കച്ചവടവും മുഖ്യമന്ത്രിയുടെ കുടുംബത്തെ ചുറ്റിപ്പറ്റിയാണെന്ന ആരോപണം അന്നും ശക്തമായിരുന്നു. ഒരു ഇടവേളക്ക് ശേഷം വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ചര്‍ച്ചയിലേക്ക് എത്തുകയാണ്.
കൊച്ചി ആസ്ഥാനമായുള്ള സിഎംആര്‍എല്‍ എന്ന കമ്പനിയും വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കുമായുള്ള വിവാദ ഇടപാടാണ് ഇപ്പോള്‍ അന്വേഷണ വിഷയമായിരിക്കുന്നത്. ഗുരുതര കോര്‍പ്പറേറ്റ് തട്ടിപ്പുകള്‍ അന്വേഷിക്കുന്ന എസ്.എഫ്.ഐ.ഒ.ക്ക് ശശിധരന്‍ കര്‍ത്തായുടെ കമ്പനിയുമായുള്ള വീണയുടെ ഇടപാട് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു. കേന്ദ്ര കോര്‍പ്പറേറ്റ് കാര്യമന്ത്രാലയത്തിന്റെ കീഴില്‍ വിപുലവും, ശക്തവുമായ അധികാരങ്ങളോടെ പ്രവര്‍ത്തിക്കുന്ന അന്വേഷണ ഏജന്‍സിയാണ് എസ്.എഫ്.ഐ.ഒ. വീണയുടെ കമ്പനി കൂടാതെ ശശിധരന്‍ കര്‍ത്തായുടെ സിഎംആര്‍എല്‍ സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെഎസ്‌ഐഡിസി എന്നീ കമ്പനികള്‍ക്കെതിരെയും അന്വേഷണം ഉണ്ട്.
വീണയുടെ കമ്പനിയായ എക്‌സാലോജിക്കിന് ഐ.ടി സേവനങ്ങള്‍ക്കായി പ്രതിമാസം അഞ്ചുലക്ഷം രൂപ വീതം നല്‍കാനായിരുന്നു കരാറെങ്കിലും ഒരു രൂപയുടെ സേവനം പോലും നല്‍കിയതായി രേഖകള്‍ ഇല്ല. അതേസമയം പണം മാസപ്പടിയായി എത്തുകയും ചെയ്തിട്ടുണ്ട്. 1.72 കോടി രൂപ എക്‌സാലോജിക് കര്‍ത്തയുടെ കയ്യില്‍ നിന്ന് കൈപ്പറ്റിയിട്ടുണ്ട്. കാര്യമായ ഒരു പണിയും എടുക്കാതെയാണ് ഈ പണം കൈപ്പറ്റിയതെന്ന് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ മൊഴി നല്‍കിയിരുന്നു. ഇത് കൂടാതെ കര്‍ത്തയ്ക്ക് പങ്കാളിത്തമുള്ള മറ്റൊരു സ്ഥാപനത്തില്‍ നിന്നും ഏതാണ്ട് 70 ലക്ഷം രൂപ എക്‌സാലോജിക്ക് വാങ്ങിയിട്ടുണ്ട്. ഏതെങ്കിലും ഒരു ഐടി കമ്പനിയുമായി ഇങ്ങനെ സേവനം നല്‍കാം എന്ന പേരില്‍ കരാര്‍ ഒപ്പിട്ടു സേവനം നല്‍കിയില്ലെങ്കില്‍ ഒരു രൂപയെങ്കിലും പ്രതിഫലമായി നല്‍കുമോ? ഇല്ല എന്ന കാര്യത്തില്‍ സാമാന്യബോധമുള്ള ആര്‍ക്കും സംശയമുണ്ടാവില്ല. കേന്ദ്ര ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിലും ഇക്കാര്യം വ്യക്തമാക്കിയതാണ്. മുഖ്യമന്ത്രിയുടെ മകള്‍ ആയതുകൊണ്ട് മാത്രമാണ് ഈ പണം എക്‌സാലോജിക്കിന് ലഭിച്ചത്. മുഖ്യമന്ത്രിയെ കണ്ടുകൊണ്ട് മകളുടെ കമ്പനിക്ക് പണം നല്‍കി കാര്യങ്ങള്‍ സാധിക്കാനുള്ള ശശിധരന്‍ കര്‍ത്തയുടെ കുറുക്കന്‍ ബുദ്ധി ഈ ഇടപാടില്‍ വ്യക്തമാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അന്യമായ കരിമണല്‍ ഖനനം ചെയ്യാനും അത് കയറ്റുമതി ചെയ്യാനും കര്‍ത്തയ്ക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ ആ സ്വാതന്ത്ര്യത്തിന്റെ വിലയാണ് എക്‌സാലോജിക്കിന് കര്‍ത്ത നല്‍കിയ പണം.
കേരളത്തിലെ അധ്യാപകരായ ദമ്പതികളുടെ മക്കളൊക്കെ ഇങ്ങനെ ബാംഗ്ലൂരില്‍ പോയി വ്യവസായം നടത്തി ശതകോടീശ്വരരായി മാറുന്ന ചിത്രം ഒന്ന് ആലോചിച്ചു നോക്കൂ. ഏതു മെക്‌സിക്കന്‍ അപാരതയെയും വെട്ടുന്ന ശക്തമായ ഒരു പെന്‍ഷന്‍ അപാരതയായി ഇത് മാറിയിരിക്കുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് പറഞ്ഞ പല കാര്യങ്ങളും ഇവിടെ കൂട്ടിവായിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞ വാക്കുകള്‍ക്ക് സഭയിലെ അംഗമെന്ന നിലയില്‍ സംരക്ഷണം ഉണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ആരെങ്കിലും അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്ന് കരുതാനുമാവില്ല. ശശിധരന്‍ കര്‍ത്തയുടെ പണം പറ്റിയ കോണ്‍ഗ്രസ് നേതാക്കളുടെ വലിയ നിരയാണ് പ്രതിപക്ഷത്തുള്ളത്. അതുകൊണ്ടുതന്നെ അവരാരും ഇക്കാര്യം സംസാരിക്കില്ല. നിങ്ങളും പണം പറ്റിയില്ലേ എന്ന ഒറ്റ ചോദ്യത്തില്‍ തീരുന്ന പ്രതിപക്ഷമേ ഇന്ന് കേരളത്തിലുള്ളൂ. അതേസമയം, കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മുറുകുകയാണ്. അടുത്ത എട്ടുമാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം വന്നിട്ടുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഉന്നയിച്ച പെന്‍ഷന്‍ അപാരത കേരളത്തിലെ സാധാരണ ജനങ്ങള്‍ പോയിട്ട് അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിക്കാര്‍ പോലും വിശ്വസിച്ചിട്ടില്ല എന്നതാണ് സത്യം. മുഖ്യമന്ത്രിയുടെ പദവി പൊതുവിപണിയില്‍ ലേലം ചെയ്ത് വിറ്റു എന്നാണ് ഈ ഇടപാട് വ്യക്തമാക്കുന്നത്. ഒരു സേവനവും നല്‍കാതെ കോടിക്കണക്കിന് രൂപ മാസപ്പടിയായി കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ അതിന്റെ ആനുകൂല്യം ശശിധരന്‍ കര്‍ത്ത നേടിയിട്ടുണ്ട് എന്ന കാര്യത്തിലും ആര്‍ക്കും സംശയമില്ല. കേരളത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരായ പൊതുജനങ്ങള്‍ക്ക് അവകാശപ്പെട്ട കരിമണലും ധാതുലവണങ്ങളുമാണ് മുഖ്യമന്ത്രിയുടെ മകള്‍ക്ക് നക്കാപ്പിച്ച നല്‍കിയിട്ട് ഈ സ്വകാര്യ വ്യവസായി കടത്തിയത് എന്നകാര്യം കേരളത്തിലെ പൊതുസമൂഹം ഓര്‍മ്മിക്കണം. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തുകൊണ്ട് പിണറായി വിജയന്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞ വാക്കുകള്‍ ആരെയും കോരിത്തരിപ്പിക്കുന്നതായിരുന്നു. എന്റെ പേരും പറഞ്ഞ് പല അവതാരങ്ങളും വരും അവരെയൊന്നും നിങ്ങള്‍ വിശ്വസിക്കരുത് എന്നായിരുന്നു അന്ന് പിണറായിയുടെ നിലപാട്.
ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പേരും പറഞ്ഞുവന്ന അവതാരങ്ങളുടെ സംസ്ഥാന സമ്മേളനമാണ് കേരളം കാണുന്നത്. കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിനും ഉണ്ടാകാത്ത അധഃപതനത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കൂപ്പു കുത്തിക്കഴിഞ്ഞു. കെ.കരുണാകരന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ മക്കളെ രാഷ്ട്രീയത്തില്‍ കൊണ്ടുവരാനും വളര്‍ത്താനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്കെതിരെ തിരുത്തല്‍വാദവും പ്രതിച്ഛായ വിവാദവും ഒക്കെ ഉയര്‍ന്നിരുന്നു. പക്ഷേ, അന്ന് കരുണാകരന്റെ മക്കള്‍ക്ക് എതിരെപോലും ഉയരാത്ത ആരോപണങ്ങളാണ് ഇന്ന് പിണറായി വിജയന്റെ കുടുംബത്തിന്റെ നേരെ ഉയരുന്നത്. എ.ഐ ക്യാമറ വിവാദവും അതിന്റെ പിന്നാലെ ഉയര്‍ന്ന മാസപ്പടി വിവാദവും കേരള രാഷ്ട്രീയത്തിന്റെ ഒരു മുഖം മാത്രമാണെങ്കിലും ഇടതുമുന്നണി ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ഏറ്റവും പ്രസക്തം. യാതൊരുവിധ രാഷ്ട്രീയ സ്വാധീനവും ഇല്ലാതെ, ശശിധരന്‍ കര്‍ത്ത നല്‍കിയ ആദായനികുതി റിട്ടേണിലെ പരാമര്‍ശങ്ങളാണ് ഈ കേസിലേക്കും അന്വേഷണത്തിലേക്കും എത്തിയതെന്ന് കാണുമ്പോഴാണ് രാഷ്ട്രീയ പകപോക്കല്‍ തുടങ്ങിയ സ്ഥിരം പ്രയോഗങ്ങള്‍ അപ്രസക്തമാകുന്നത്.
ഒരു അന്വേഷണം നടക്കുന്നതിന്റെ പേരില്‍ ആരും കുറ്റവാളികളാണെന്ന് പറയുന്നില്ല. പക്ഷേ, അരുതാത്തത് എന്തോ നടന്നുവെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഇതിലൂടെ ചില മുഖങ്ങളോ പൊയ്മുഖങ്ങളോ ആണ് തകര്‍ന്നുവീഴുന്നത്. കേരള രാഷ്ട്രീയത്തില്‍ ഒരു ശുദ്ധീകരണം അനിവാര്യമാണ് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഇപ്പോഴത്തെ ഈ പെന്‍ഷന്‍ അപാരതയും മാസപ്പടിയും എന്നകാര്യം പൊതുസമൂഹം തിരിച്ചറിയണം.