2024 ജനുവരി 22 ന് അയോധ്യയില്‍ ശ്രീരാമമന്ദിരത്തില്‍ നടന്ന പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കാന്‍ വിശ്വഹിന്ദു പരിഷത് അവസരം ഒരുക്കിത്തന്നു. ചടങ്ങില്‍ സന്യാസിമാര്‍ഗദര്‍ശക മണ്ഡലത്തിന്റെ പ്രതിനിധികളിലൊരാളായിട്ടാണ് പങ്കെടുത്തത്. വളരെ സംതൃപ്തികരമായ അനുഭവമായിരുന്നു. 1990 ല്‍ തര്‍ക്കമന്ദിരം സന്ദര്‍ശിച്ച ഓര്‍മയുണ്ട്. മിനാരങ്ങളെ താങ്ങി നിര്‍ത്തുന്ന തൂണുകളില്‍ ക്ഷേത്ര ചിഹ്നങ്ങള്‍ പലതും അന്ന് നേരില്‍ കണ്ടിട്ടുണ്ടായിരുന്നു. തര്‍ക്കമന്ദിരം തകര്‍ത്ത ശേഷം താത്ക്കാലികമായി തയ്യാറാക്കിയ ആരാധനാ സൗകര്യവും ചെന്നു കണ്ടിരുന്നു. ക്ഷേത്രം പണി പുരോഗമിക്കുന്നതിനിടയിലും അയോധ്യാ സന്ദര്‍ശനത്തിന് അവസരം ലഭിച്ചിരുന്നു. ഇപ്പോള്‍ പ്രാണപ്രതിഷ്ഠയിലും പങ്കെടുക്കാന്‍ സാധിച്ചു. പ്രസ്തുത ചടങ്ങില്‍ പങ്കെടുത്തതിന്റെ നിര്‍വൃതിയില്‍ ഉണര്‍ന്ന ചില ചിന്തകള്‍ പങ്കുവെക്കാമെന്നു കരുതുന്നു.
ഭാരതത്തിന്റെ ഗതകാല പ്രൗഢിയുടെ ഗൗരവം സമഗ്രമായി പ്രകാശിപ്പിക്കുന്നതിന് അനുയോജ്യമായ ഒരു പദപ്രയോഗമാണ് രാമരാജ്യം. കാലാകാലങ്ങളില്‍ പല അധിനിവേശ ശക്തികളും കടന്നുവന്ന് ഭാരതത്തെ കീഴ്‌പ്പെടുത്തിയപ്പോള്‍ രാമരാജ്യാവസ്ഥ നഷ്ടമായിപ്പോയി. ഏതാണ്ട് ആയിരം വര്‍ഷത്തിനു ശേഷം ഭാരതം സ്വാതന്ത്ര്യത്തെ പ്രാപിച്ചത് അത്ഭുതാവഹമായ രീതിയിലാണ്. എന്നാല്‍ സ്വതന്ത്ര ഭാരതത്തിന് പ്രശ്‌നങ്ങളും പ്രതിസന്ധികളും ഏറെ പരിഹരിക്കുന്നതിനായി ഇച്ഛാ- ക്രിയാശക്തികള്‍ വിനിയോഗിക്കേണ്ടുന്ന അവസ്ഥയുണ്ടായി. ഇവയില്‍ ചിലത് സ്വയംകൃതാനര്‍ത്ഥങ്ങളുടെ പ്രതിഫലനവും ആയിരുന്നു.
ഏതായാലും സ്വാതന്ത്ര്യം നേടി അര്‍ദ്ധശതകം പിന്നിടുമ്പോള്‍ ഭാരത ഗൗരവം അറിഞ്ഞുണര്‍ത്തിയെടുക്കാനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചതായി കാണാം. പല മേഖലകളിലും ഭാരതത്തിന്റെ പ്രൗഢി അംഗീകരിക്കപ്പെട്ടു തുടങ്ങി. ഈ രാഷ്ട്രത്തിന്റെ സ്വത്വം ധര്‍മാധിഷ്ഠിതമാണ്. ഭാരതത്തിന് ലോക ജനതയ്ക്ക് സംഭാവന ചെയ്യാനുള്ള സ്വത്തും മറ്റൊന്നല്ല. ആര്‍ഷ വിജ്ഞാനത്തിന്റെ ദാര്‍ശനികവും ധാര്‍മികവുമായ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊണ്ടു കൊണ്ട് ഭാരതഭാവി വിരചിക്കാന്‍ ഭരണ നേതൃത്വം തയ്യാറായിരിക്കുന്നു. ഉദാരമായ രാഷ്ട്രാഭിമാനവും നിര്‍ഭയത്വവും ഭരണ നേതൃത്വത്തിന്റെ ഇച്ഛാശക്തിക്ക് മൂലധനമായി പരിലസിക്കുന്നു.
ഈ വസ്തുതകളുടെ പശ്ചാത്തലത്തില്‍ അയോധ്യയില്‍ പണിതുയര്‍ത്തിയ ശ്രീരാമ ക്ഷേത്രത്തിലെ രാംലല്ലയുടെ പ്രാണപ്രതിഷ്ഠയ്ക്ക് ദേശീയമായ പല മാനങ്ങളും ഉള്ളതായി മനസ്സിലാക്കാന്‍ സാധിക്കും.

ദേശീയ ഉദ്ഗ്രഥനത്തിന്റെ മറ്റൊരു നാഴികക്കല്ലായി പ്രാണപ്രതിഷ്ഠയെ പരിഗണിക്കുന്നു. അഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് രാഷ്ട്രചേതനക്കേറ്റ പല മുറിവുകളിലൊന്നായിരുന്നു ശ്രീരാമ ക്ഷേത്രം തകര്‍ക്കപ്പെട്ടതും അവിടെ പള്ളി മിനാരങ്ങള്‍ പണി കഴിപ്പിക്കപ്പെട്ടതും. രാമജന്മഭൂമിയിലെ തര്‍ക്കമന്ദിരത്തെ സംബന്ധിച്ച തര്‍ക്കങ്ങള്‍ കേവലം മതസ്പര്‍ദ്ധയുടെ വര്‍ഗീയ പ്രശ്‌നമല്ല. അങ്ങിനെ ലഘൂകരിച്ച് കാണരുതെന്ന് 1990 കളില്‍ പൂജ്യ ഗുരുദേവ് ചിന്മയാനന്ദ സ്വാമിജി താക്കീത് നല്‍കിയിട്ടുണ്ടായിരുന്നു. തകര്‍ക്കപ്പെട്ട പല മന്ദിരങ്ങള്‍ക്കു മുകളിലും പണിതുയര്‍ത്തിയ മിനാരങ്ങള്‍ ആരാധനാ നിര്‍വ്വഹണത്തിനായിരുന്നില്ല. അത് അധിനിവേശ ശക്തികളുടെ വിജയചിഹ്നമായി അവര്‍ നിലനിര്‍ത്തിയതാണെന്നും ഗുരുദേവ് നിരീക്ഷിച്ചിട്ടുണ്ട്. അയോധ്യയിലെ കലഹം ഒരു ദേശീയ പ്രശ്‌നമാണ്. ധാര്‍മികതയുടെ വിഷയമാണെന്ന് ഗുരുദേവ് ഉദ്‌ബോധിപ്പിച്ചു. ഹിന്ദു-മുസ്ലീം യുവജനതയെ അഭിസംബോധന ചെയ്തു കൊണ്ട് ഗുരുദേവ് പറഞ്ഞു. ‘ഭാവി നിങ്ങളുടേതാണ്, നിങ്ങളുടെ ചുമലുകള്‍ക്ക് വേണ്ടത്ര വിസ്തൃതിയുണ്ട്. അതിനാല്‍ നിങ്ങള്‍ രണ്ട് ചുമതലകള്‍ ഏറ്റെടുക്കണം. 1.നമ്മുടെ പൂര്‍വികര്‍ അബദ്ധവശാല്‍ ചരിത്രത്തിന്റെ ചുമരുകളില്‍ വരുത്തിവെച്ച വൃത്തികേടുകള്‍ കഴുകി ശുദ്ധമാക്കണം. 2. ശോഭനമായ ഭാവിയുടെ നിര്‍മിതിക്കായി വര്‍ത്തമാന കാലത്തില്‍ പ്രവര്‍ത്തിക്കണം. അങ്ങിനെ ചെയ്യുമ്പോള്‍ ദുരിതചരിത്രത്തെ തിരുത്തി ഭാരത നവോത്ഥാനത്തിന് പങ്കുവഹിച്ചെന്ന് നിങ്ങള്‍ക്കെന്നും അഭിമാനിക്കാന്‍ കഴിയും.’
തര്‍ക്കമന്ദിരം പൊളിച്ച് ഭൂമി ക്ഷേത്രം പണിയുന്നതിനായി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കാന്‍ ദേശീയ അവബോധവും ഉദാരമനഃസ്ഥിതിയുമുള്ള മുസ്ലീം മതസ്ഥരും യുവജനങ്ങളും ഒരിക്കല്‍ തയ്യാറായതായിരുന്നു. എന്നാല്‍ ചില യാഥാസ്ഥിതികവാദികളും മറ്റു പ്രത്യയശാസ്ത്ര ചരിത്ര ഗവേഷകരും പ്രശ്‌ന പരിഹാര ശ്രമങ്ങള്‍ക്ക് തുരങ്കം വെച്ചു. തുടര്‍ന്നുണ്ടായ കലഹാന്തരീക്ഷം വര്‍ഷങ്ങളോളം നീണ്ടുനിന്നു. ഇതിനിടയില്‍ തര്‍ക്കമന്ദിരം തകര്‍ക്കപ്പെട്ടത് വഴിത്തിരിവായി.
രണ്ടു ഘട്ടങ്ങളിലായി നടന്ന ഉത്ഖനനങ്ങളും പര്യവേഷണങ്ങളും പരിഗണിച്ച് ഭാരതത്തിന്റെ ഉന്നത നീതിപീഠം കല്‍പിച്ച വിധിയാണല്ലോ മന്ദിര നിര്‍മിതിക്ക് നിദാനമായത്.
ചരിത്രത്തിന്റെ നാള്‍വഴികളില്‍ അധാര്‍മികതയ്‌ക്കെതിരായി പൊരുതി പോന്ന ദേശസ്‌നേഹികളേയും പോരാട്ടത്തില്‍ ജീവത്യാഗം ചെയ്യേണ്ടി വന്ന ധര്‍മ സമര ധീരരേയും പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പ്രത്യേകം ഓര്‍മ്മിച്ചു, നമോവാകമര്‍പ്പിച്ചു.
മതസൗഹാര്‍ദ്ദത്തിന്റെ ധാര്‍മ്മിക പാഠങ്ങള്‍ നന്നായി അറിയുന്ന സനാതനധര്‍മ്മ വിശ്വാസികളില്‍ വികല മതേതരത്വ ചിന്തകളടിച്ചേല്‍പ്പിക്കുന്നത് അനീതിയാണ്. അധിനിവേശ ശക്തികള്‍ കാണിച്ച അതിക്രമത്തെ തിരുത്തുന്നത് മതസഹിഷ്ണുതയ്ക്ക് ഒരിക്കലും എതിരല്ല.
ജനുവരി 22 ന് നടന്ന ചടങ്ങിന്റെ പിറകിലുള്ള പിഴവറ്റ ആസൂത്രണ മികവിനെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല. റജിസ്‌ട്രേഷന്‍ തൊട്ട് ഓണ്‍ലൈന്‍ സംവിധാനമുപയോഗിച്ചുള്ള ക്രമീകരണങ്ങള്‍ ശ്രദ്ധേയമായി. താമസ സൗകര്യം താത്ക്കാലികമായ ടെന്റുകളിലായിരുന്നെന്നത് ഒട്ടും കുറവായി തോന്നിയില്ല. അത്രയും മെച്ചപ്പെട്ട സൗകര്യം ഉണ്ടായിരുന്നു. സംഘാടകര്‍ അതിശൈത്യത്തിന്റെ പ്രയാസങ്ങള്‍ മുന്‍കൂട്ടി കണ്ട് പരിഹാരമാര്‍ഗങ്ങള്‍ അവലംബിച്ചിരുന്നു. സേവകര്‍ക്കും ആചാര്യന്മാര്‍ക്കും അതാത് സമയത്ത് അറിയിപ്പുകള്‍ സ്പഷ്ടമായി നല്‍കിപ്പോന്നത് ശ്രദ്ധിച്ചു. ഉച്ചഭാഷിണി സംവിധാനവും ഭംഗിയായി സജ്ജീകരിച്ചിരുന്നു. ഭോജനശാലകളിലെ ഏര്‍പ്പാടുകളും വിഭവങ്ങളും ഉത്തമമായി.
സമ്മേളന വേദിയില്‍ മൂവായിരത്തിലേറെ സന്യാസിശ്രേഷ്ഠന്മാര്‍ക്കും ആചാര്യന്മാര്‍ക്കും വിശിഷ്ടാതിഥികള്‍ക്കും ഇരിപ്പിടമൊരുക്കിയതും സുവ്യവസ്ഥിതമായിരുന്നു. പരിപാടി മണിക്കൂറുകള്‍ നീളുമെന്നറിഞ്ഞ് ഭക്ഷണത്തിന് സംവിധാനം ചെയ്തതും മാതൃകയായി. പോലീസ് വൃന്ദവും സൈനികരും സുരക്ഷാ ക്രമീകരണങ്ങളില്‍ സന്ധി ചെയ്തില്ല. എന്നാല്‍ പുലര്‍ത്തിയ ആദരവുറ്റ പെരുമാറ്റം അഭിനന്ദനാര്‍ഹമാവുന്നു. പാദരക്ഷകള്‍ സൂക്ഷിക്കാന്‍ പാദുക സേവ എന്ന പേരില്‍ കൗണ്ടര്‍ തുറന്നതും എല്ലാ ആചാര്യന്മാരുടേയും പാദരക്ഷകള്‍ സേവക വൃന്ദം ഊരിയെടുത്ത് കൂപ്പണ്‍ നല്‍കുന്നതും കൗതുകമുണര്‍ത്തുന്ന ആദരവിന്റെ പ്രകടനമായി.
അയോധ്യാ നഗരവാസികള്‍ തങ്ങള്‍ക്കു പ്രിയങ്കരനായ രാംലല്ലയെ സ്വീകരിക്കാന്‍ കാണിക്കുന്ന ആവേശം നേരിട്ടനുഭവിച്ചു. എല്ലാ വീഥികളും പുഷ്പാലങ്കൃതമാക്കാന്‍ തത്രപ്പെടുന്ന കാഴ്ച വ്യാപകമായിരുന്നു. സംഘം സംഘമായി, ഘോഷയാത്രയായി നാനാ ദേശങ്ങളില്‍ നിന്നും ആളുകള്‍ ഒഴുകി എത്തുന്നുണ്ടായിരുന്നു. രാമായണത്തിലെ വ്യക്തിപ്രഭാവങ്ങളുടെ വേഷവിധാനങ്ങള്‍ അണിഞ്ഞാണ് ധാരാളം പേര്‍ ഘോഷയാത്രയില്‍ പങ്കെടുത്തത്. പരിപാടിയില്‍ നേരിട്ട് പങ്കെടുക്കാന്‍ നിയന്ത്രണങ്ങളുണ്ടെന്നറിഞ്ഞിട്ടും എത്തിച്ചേരുന്നത് ശ്രീരാമഭക്തി കൊണ്ട് മാത്രം. മുഖ്യ വീഥിയില്‍ അനവധി അരങ്ങുകള്‍ സജ്ജമാക്കിയത് കാണാമായിരുന്നു. പ്രാണപ്രതിഷ്ഠാദിനത്തില്‍ പല പരിപാടികളും അരങ്ങേറിയിട്ടുണ്ടാവണം.
ആരാധ്യനായ പ്രധാനമന്ത്രി തൊട്ട് പ്രസംഗ മണ്ഡപത്തെ അലങ്കരിച്ച് സംസാരിച്ച ഓരോരുത്തരും അമിതാവേശത്തിന് അടിമപ്പെടാതെ ആദര്‍ശാധിഷ്ഠിതമായി പറയേണ്ട കാര്യങ്ങള്‍ പറഞ്ഞത് ഉള്‍പ്പുളകമുണര്‍ത്തി, ആദരവ് വളര്‍ത്തി.
അയോധ്യാ നഗരിയില്‍ സേവന വ്രതം സ്വീകരിച്ച് എത്തിച്ചേര്‍ന്ന നൂറുകണക്കിന് സേവകരുടെ സഹിഷ്ണുതയും ഗുരുപരമ്പരയിലുള്ള ശ്രദ്ധയും ഉജ്ജ്വലമായിരുന്നു. എല്ലാവരേയും ശ്രീരാമചന്ദ്ര പ്രഭു അനുഗ്രഹിക്കട്ടെ.
(സംബോധ് ഫൗണ്ടേഷന്‍ ആചാര്യനാണ് ലേഖകന്‍)