ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഏതൊരു സമൂഹത്തേയും കൂടുതല്‍ മെച്ചപ്പെട്ട ഉയരങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന സാമൂഹിക-സാംസ്‌കാരിക സ്ഥാപനങ്ങളാണ്. സ്‌കൂള്‍ വിദ്യാഭ്യാസം ഒരു വ്യക്തിയുടെ അടിസ്ഥാന വികസനത്തിന് ഉപകരിക്കുമ്പോള്‍, സമൂഹത്തിന്റെ പൊതുവായ വളര്‍ച്ചയ്ക്കും അതിന്റെ സര്‍വ്വമാന മേഖലകളിലും തലങ്ങളിലുമുള്ള വികസനത്തിനുതകുന്ന രീതിയില്‍ ആ വ്യക്തിയുടെ കഴിവുകളെ ഉപയോഗപ്പെടുത്തുന്ന സംവിധാനമാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ളത്. മുഖ്യമായും രണ്ടു തട്ടിലാണ് ഈ വ്യവസ്ഥ പ്രവര്‍ത്തിക്കുന്നത്. അടിത്തട്ടില്‍, വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അനവധി കലാലയങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബൃഹത്തായ സംവിധാനമാണത്. ഗവേഷണത്തിന് മുഖ്യപ്രാധാന്യമുള്ളതും, വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മേല്‍പറഞ്ഞ കലാലയങ്ങളെ പരസ്പരം കോര്‍ത്തിണക്കാനും അവയ്ക്ക് ആവശ്യമായ സാമ്പത്തികവും നയപരവുമായ പിന്തുണയും ഉറപ്പു വരുത്തുന്ന ഭരണസിരാകേന്ദ്രമാണ് മേല്‍ത്തട്ടിലുള്ളത്. അതിനും മുകളില്‍, വകുപ്പു മന്ത്രിയും ഗവര്‍ണറോ രാഷ്ട്രപതിയോ അല്ലെങ്കില്‍ ചാന്‍സലറോ ഉള്ള ഒരു ഉപരിഘടനയും കൂടി ചേരുന്നതാണ് സര്‍വ്വകലാശാലകള്‍.
ഈ ഘടനയില്‍ മദ്ധ്യഭാഗത്തുള്ള സര്‍വ്വകലാശാല ഭരണസ്ഥാപനമാണ് നിലവില്‍ കേരളത്തില്‍ തര്‍ക്കവിഷയമായി മാറിയിരിക്കുന്നത്. സര്‍വ്വകലാശാല ഭരണം അത്ര ലാഘവത്തോടെ സമീപിക്കേണ്ട കാര്യമല്ല. തുടര്‍ച്ചയായ ഗവേഷണം ഉറപ്പു വരുത്തി, നമ്മള്‍ പാര്‍ക്കുന്ന ഈ ലോകത്തെ കുറിച്ചുള്ള അറിവ് വിപുലപ്പെടുത്തി അനവധിയാര്‍ന്ന മാധ്യമങ്ങളിലൂടെ അത് പൊതുസമൂഹത്തിലേക്ക് പ്രസരിപ്പിക്കാനുള്ള കടമ സര്‍വ്വകലാശാലകള്‍ നിര്‍വഹിക്കുന്നുണ്ട്. അതായത്, നാളത്തെ ലോകത്തെ വാര്‍ത്തെടുക്കുന്ന ഇന്നത്തെ ആധാരങ്ങളില്‍ സുപ്രധാനമായ സ്ഥാനമാണ് സര്‍വ്വകലാശാലകള്‍ക്കുള്ളത്. അപ്പോള്‍ ആ കടമ നിര്‍വ്വഹിക്കേണ്ട യോഗ്യതയുള്ള അദ്ധ്യാപകരെ കണ്ടെത്തി നിയമിക്കേണ്ടതും, നിലവിലുള്ളവരുടെ അദ്ധ്യാപക-ഗവേഷണ പ്രകടനം ഉയര്‍ത്തിക്കൊണ്ടുവരേണ്ടതും അവിടെ നടക്കുന്ന ഗവേഷണത്തിന്റെ സാദ്ധ്യതകള്‍ വിപുലപ്പെടുത്തേണ്ടതും പൊതുസമൂഹത്തെ സംബന്ധിച്ച വിവിധ വിഷയങ്ങളില്‍ കൃത്യവും ആധികാരികവുമായ നിലപാടുകള്‍ എടുക്കാന്‍ വൈജ്ഞാനികസമൂഹത്തെ പ്രേരിപ്പിക്കുന്നതിലുമൊക്കെ സര്‍വ്വകലാശാലയുടെ നേതൃത്വത്തിന് നിര്‍ണ്ണായകമായ സ്ഥാനമുണ്ട്. താക്കോല്‍ സ്ഥാനങ്ങളിലുള്ള വൈസ് ചാന്‍സിലറും സെനറ്റും സിന്‍ഡിക്കേറ്റും ഒക്കെ അടങ്ങുന്ന ഈ നേതൃത്വനിരയാണ് അതത് സര്‍വ്വകലാശാലയുടെ അസ്തിത്വവും പൊതുസമൂഹത്തിലുള്ള അതിന്റെ സ്ഥാനവും അടയാളപ്പെടുത്തുന്നത്.
സര്‍വ്വകലാശാല നിയമനങ്ങളെ സംബന്ധിച്ച് നിലവില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഇടതുപക്ഷത്തിലെ വല്യേട്ടന്‍ പാര്‍ട്ടിയായ സി. പി.ഐ.എമ്മും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ മേല്‍പ്പറഞ്ഞ കാര്യം സുപ്രധാനമാണ്. പരസ്പരബഹുമാനം നിറഞ്ഞ ചര്‍ച്ചകളിലൂടെ നിവര്‍ത്തിക്കപ്പെടേണ്ട കാര്യങ്ങളാണ് തങ്ങളുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെക്കൊണ്ട് ഭീഷണിപ്പെടുത്തിയും, വിദ്യാര്‍ത്ഥികളെ വ്യാജ സര്‍ട്ടിഫിക്കറ്റും ബിരിയാണിയും മറ്റും വാഗ്ദാനം നല്‍കിയും തെരുവുയുദ്ധത്തിലേക്ക് വലിച്ചിഴച്ചത്. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തെ അധോനിലവാരത്തിലെത്തിച്ചതില്‍ ഇവിടുത്തെ രണ്ടു മുഖ്യമുന്നണികള്‍ക്കും, പ്രത്യേകിച്ചും ഇടതുമുന്നണിക്ക്, കുറ്റകരമായ പങ്കാണുള്ളത്. സമൂഹത്തിലെ ഒരോ സംവിധാനത്തെയും പാര്‍ട്ടി ഓഫീസില്‍ നിന്നും നിയന്ത്രിക്കാന്‍ കഴിയുന്ന വിധത്തില്‍, തങ്ങളുടെ ആജ്ഞകള്‍ കണ്ണടച്ച് അനുസരിക്കുന്നവരെ മാത്രം കെട്ടിയിറക്കി നിഷ്ഫലമാക്കിയത് അതിനുദാഹരണമാണ്. നേതാവിന്റെ പേരകുട്ടിക്കു വേണ്ടി ഓടുന്ന ബാലാവകാശ കമ്മീഷന്‍, ദിശാബോധം നഷ്ടപ്പെട്ട യുവജന കമ്മീഷന്‍, 6 വിവരാവകാശ കമ്മീഷനുകള്‍ വേണ്ട സ്ഥലത്ത് 3 കമ്മിഷന്‍ മാത്രമായി വിവരം അരിപ്പ വെച്ച് അരിച്ച് നല്‍കുന്ന മുഖ്യ വിവരാവകമ്മീഷണര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന വിവരാവകാശ കമ്മീഷന്‍, ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ പോലെ മനുഷ്യാവകാശ കമ്മീഷന്‍, തൊഴിലന്വേഷകര്‍ക്ക് ബാധ്യതയായ പി.എസ്.സി. തൊഴിലന്വേഷകരെ നോക്കി പല്ലിളിക്കുന്ന എംപ്ലോയ്‌മെന്റ് എക്‌സ്‌ചെയ്ഞ്ച് തുടങ്ങിയവ പാര്‍ട്ടിവല്‍ക്കരണത്തിന്റെ ജീവിക്കുന്ന സ്മാരകങ്ങളാണ്. 2016ല്‍ ഇടതുജനാധിപത്യമുന്നണി അധികാരത്തില്‍ വന്നതിനു ശേഷം തന്നെ എത്രമാത്രം ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ഭരണമുന്നണിയുടെ പരസ്യമായ പിന്തുണയോടെ നടന്നിട്ടുള്ളത്?
ഡോക്ടറേറ്റും പോസ്റ്റ് ഡോക്ടറേറ്റും ഉള്ള അഭ്യസ്തവിദ്യര്‍ പറ്റിയ തൊഴില്‍ നേടാനായി അലയുമ്പോഴാണ്, അവരെയൊക്കെ മറികടന്ന് പി.രാജീവിന്റെ ഭാര്യയെ കുസാറ്റില്‍ നിയമവകുപ്പിലും പി.കെ.ബിജുവിന്റെ ഭാര്യയെ കേരള സര്‍വ്വകലാശാലാ ബയോകെമിസ്ട്രി വിഭാഗത്തിലും എം.ബി.രാജേഷിന്റെ ഭാര്യയെ സംസ്‌കൃത സര്‍വ്വകലാശാലയിലെ മലയാള വിഭാഗത്തിലും നിയമിച്ചത്. എ.എന്‍. ഷംസീറിന്റെ ഭാര്യയ്ക്ക് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ എഡ്യൂക്കേഷന്‍ വകുപ്പില്‍ റാങ്ക് നല്‍കി ശുപാര്‍ശ ചെയ്തു, അതിനു മുന്നെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഇല്ലാത്ത സംവരണത്തില്‍ നിയമനം നല്‍കിയത് ബഹുമാനപ്പെട്ട ഹൈക്കോടതി എടുത്തു മാറ്റി. പല പാര്‍ട്ടി സെക്രട്ടറിമാരുടെയും ഭാര്യമാര്‍ക്കും ബന്ധുജനങ്ങള്‍ക്കും പല സ്ഥാപനങ്ങളിലും സ്ഥിരപ്പെടുത്താന്‍ കത്ത് നല്‍കുന്ന വിദ്യാഭ്യാസ മന്ത്രി തുടങ്ങി ധാര്‍മ്മിക അധ:പതനത്തിന്റെ എണ്ണിയാല്‍ തീരാത്ത ഉദാഹരണങ്ങള്‍ കേരളത്തിലുണ്ട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യക്ക് കണ്ണൂര്‍ സര്‍വ്വകലാശാല മലയാളം അസോസിയേറ്റ് പ്രൊഫസറായി ഒന്നാം റാങ്ക് നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആര്‍. മോഹനന്റെ ഭാര്യയെ കേരള സര്‍വ്വകലാശാലയിലെ മലയാള മഹാനിഘണ്ടു മേധാവിയാക്കി. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ചാന്‍സലറുടെ അധികാരങ്ങളെ മറികടന്നുകൊണ്ട് 71 വ്യത്യസ്ത ബോര്‍ഡുകളിലാണ് മുന്‍ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് മാത്രം നോക്കി ആളുകളെ നിയമിച്ചത്. അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യേണ്ടത് ഗവര്‍ണര്‍ ആണെന്നിരിക്കെ, എഴുപത്തൊന്നു ബോര്‍ഡുകളില്‍ വിസി നേരിട്ട് നിയമനം നടത്തിയകാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഒടുവില്‍ ബഹുമാനപ്പെട്ട കോടതി തന്നെ വേണ്ടിവന്നു അവിടെയും നീതി നടപ്പിലാക്കാന്‍. സാങ്കേതിക സര്‍വ്വകലാശാലയിലെയും കേരളാ യൂണിവേഴ്‌സിറ്റി ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിലെയും വിസിമാരെ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ നിയമിച്ചു. അവസാനം എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ട് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വിസിയെ നിയമിച്ചത് സുപ്രീം കോടതി തന്നെ തടഞ്ഞു. ഇന്ന് കേരളത്തിലെ ഏത് വിസിയാണ് സംശയത്തിനതീതനായി ഉള്ളത്? ഭരിച്ച് മുടിച്ച ത്രിപുരയില്‍ നിന്നും ബംഗാളില്‍ നിന്നും ഉപജീവനത്തിനുള്ള വക തേടി കേരളത്തിലെത്തുന്നവരെ പോലെ, ഗുണമേന്മാ വിദ്യാഭ്യാസവും ജോലിയും അന്വേഷിച്ച് പിറന്ന നാട് വിടേണ്ടി വരുന്ന തലമുറയാണ് ഇടതു ഭരണത്തിന്റെ സംഭാവന. ഇതാണോ വിദ്യാഭ്യാസ ഹബ് എന്നതുകൊണ്ട് ഇടതു ബുദ്ധിജീവികള്‍ അര്‍ത്ഥമാക്കുന്നത്?
യുജിസി ചട്ടങ്ങള്‍ പാലിക്കാതെ നിയമിതയായ സാങ്കേതിക സര്‍വ്വകാലാശാല വിസിയെ സുപ്രീം കോടതി പുറത്താക്കിയപ്പോള്‍, അതുപോലെ തന്നെ നിയമിക്കപ്പെട്ട സംസ്ഥാനത്തെ ഒന്‍പത് സര്‍വ്വകലാശാലകളിലേയും വിസിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ ശ്രമിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയും അവരുടെ പാര്‍ട്ടിക്കാരും ചേര്‍ന്ന് കുത്തഴിഞ്ഞ നിലയിലാക്കിയ കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തു വന്നത്. നമ്മുടെ ലക്ഷക്കണക്കിന് വരുന്ന കുട്ടികളൊക്കെ പഠിക്കുന്ന, ഭാവിതലമുറയെ വാര്‍ത്തെടുക്കുന്ന സര്‍വ്വകലാശാലകളെ നയിക്കുന്നവരെ പാര്‍ട്ടി വിധേയത്വം മാത്രം കണക്കാക്കിയാണ് നിയമിച്ചതെന്ന് അറിയുമ്പോള്‍ അതെത്ര മാത്രം ദയനീയമായ അവസ്ഥയാണ്. ഇതൊക്കെ നേരെയാക്കാനുള്ള ശ്രമമായിരുന്നു കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങി വെച്ചത്.
ശരിയായ ദിശയിലാണ് സര്‍വ്വകലാശാല വിഷയത്തില്‍ ഗവര്‍ണ്ണര്‍ ഇടപെട്ടതെന്ന് ബോധ്യപ്പെടുത്തുന്നതാണ് പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ സര്‍വ്വകലാശാല വിസിയായി പുനര്‍നിയമനം നല്‍കിയത് തടഞ്ഞ സുപ്രീം കോടതി വിധി. ഇംഗ്ലീഷില്‍ തെറ്റു കൂടാതെ പ്രസംഗിക്കാനാകാത്ത, ഒരു കത്ത് ഇംഗ്ലീഷില്‍ എഴുതാനറിയാത്ത ഒരു വിസി അടുത്ത കാലം വരെ ഇവിടെയുണ്ടായിരുന്നു. സര്‍വീസിന്റെ അടിസ്ഥാനത്തില്‍ കിട്ടേണ്ട സ്ഥാനക്കയറ്റമല്ല വിസി സ്ഥാനം. ആ സ്ഥാനത്തേക്ക് എത്തേണ്ടയാളുടെ യോഗ്യതകള്‍ എന്തായിരിക്കണമെന്ന് കൃത്യമായ നിയമങ്ങളും ചട്ടങ്ങളും ഇവിടെയുണ്ട്. അക്കാദമിക പാണ്ഡിത്യവും ഉയര്‍ന്ന നേതൃത്വ ഭരണപാടവവും കൂടാതെ നൈതിക മൂല്യങ്ങളും ഉള്ള വ്യക്തിയായിരിക്കണം വിസി. കുറഞ്ഞത് പത്തു വര്‍ഷം പ്രൊഫസറായി പ്രവര്‍ത്തനപരിചയം ഉണ്ടായിരിക്കണം. സെര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റി മൂന്ന് മുതല്‍ അഞ്ചു വരെ യോഗ്യരായവരെ കണ്ടെത്തി ചാന്‍സലര്‍ക്ക് ലിസ്റ്റ് സമര്‍പ്പിക്കണം. അതില്‍ നിന്ന് ഒരാളെ ചാന്‍സലര്‍ക്ക് നിയമിക്കാം. പക്ഷെ, പാനലിന് പകരം ഒരു പേര് മാത്രമാണ് സെര്‍ച്ച് കമ്മിറ്റികള്‍ ഓരോ സര്‍വ്വകലാശാലക്കും വേണ്ടി ഈ സര്‍ക്കാറിന്റെ കീഴില്‍ നല്‍കിയത്. ഇതിനെയൊക്കെ ചോദ്യം ചെയ്തപ്പോഴാണ് സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള നീക്കങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയത്.
നമ്മുടെ സമൂഹത്തെ നിരന്തരമായി ആധുനികവല്‍ക്കരിക്കുകയും, അതേ സമയം തന്നെ സ്വയം പുനരാവിഷ്‌കരിക്കപ്പെട്ടു കൊണ്ടിരിക്കുകയും, ചെയ്യുന്ന കാലത്തിന്റെ വഴികാട്ടികളായ ദീപസ്തംഭങ്ങളാണ് നമ്മുടെ സര്‍വ്വകലാശാലകള്‍ എന്നാണ് ഉന്നതവിദ്യാഭ്യാസത്തെ സംബന്ധിച്ച് പഠനം നടത്തിയ എല്ലാ ഉന്നതാധികാര സമിതികളും പറഞ്ഞിട്ടുള്ളത്. പാര്‍ട്ടി വിധേയത്വം മാത്രം യോഗ്യതയായിട്ടുള്ള അല്‍പ്പരും അനര്‍ഹരും വിദ്യാഭ്യാസമേഖലയുടെ തലപ്പത്ത് വന്നാല്‍ ഈ ലക്ഷ്യം സാധിക്കുമോ? ഒന്നാലോചിച്ചാല്‍ ഈ നാട്ടിലെ സകല മേഖലകളിലും ഉള്ള തകര്‍ച്ചയുടെ തുടക്കം തന്നെ ഇവിടുത്തെ വിദ്യാഭ്യാസരംഗത്തിന്റെ അധ:പതനത്തില്‍ നിന്നല്ലേ? പണമുള്ളവര്‍ക്ക് മക്കളെ പുറത്തുവിട്ടു പഠിപ്പിക്കാനാകും. അവര്‍ക്ക് മറ്റു നാടുകളിലേക്ക് കുടിയേറുകയും ആവാം. പക്ഷേ, സാധാരണക്കാര്‍ക്ക് അത് സാധിക്കുമോ?
പാര്‍ട്ടിക്ക് വേണ്ടി പേര് തിരുത്തി വ്യാജരേഖ തയ്യാറാക്കുന്ന പ്രിന്‍സിപ്പല്‍മാരും, ഉത്തരക്കടലാസുകള്‍ സഖാക്കള്‍ക്ക് വീട്ടിലെത്തിച്ചു കൊടുക്കുന്ന പാര്‍ട്ടി ഉദ്യോഗസ്ഥരും, വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു കൊടുക്കുന്ന നേതാക്കളും, ഇതിനെയെല്ലാം സംരക്ഷിക്കുന്ന ഭരണാധികാരികളും ചേര്‍ന്ന കോക്കസാണ് ഇന്നിവിടുത്തെ സര്‍വ്വകലാശാലകളിലുള്ളത്. അവിടെ സാധാരണക്കാരുടെ മക്കള്‍ക്ക് അന്തസ്സുള്ള ജോലിക്കാവശ്യമായ നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്താനാകുമോ?
ജനങ്ങള്‍ കാഴ്ചക്കാരല്ല. ആവരുത്. സര്‍വ്വകലാശാലകളില്‍ നടക്കുന്ന സിപിഐഎമ്മിന്റെ ഇടതു ഫാസിസത്തെ തെരുവില്‍ വിചാരണ ചെയ്യണം. സര്‍വ്വകലാശലകളെ രാഷ്ടീയ വിമുക്തമാക്കി അവയുടെ സ്വയംഭരണാവകാശം നിലനിര്‍ത്താനാണ് ആരിഫ് മുഹമ്മദ് ഖാന്‍ ശ്രമിക്കുന്നതെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയെ വിശ്വസിച്ചു കൊണ്ട് കേരളാ ഗവര്‍ണര്‍ നിലവില്‍ നടത്തുന്ന ശുദ്ധികലശത്തില്‍, എവിടെയും രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ല എന്ന് ഉറപ്പു വരുത്താന്‍ അദ്ദേഹത്തിന് പിന്തുണ നല്‍കാന്‍ നമുക്കോരോരുത്തര്‍ക്കും ഉത്തരവാദിത്തമുണ്ട്. അത് നമ്മള്‍ നിര്‍വ്വഹിക്കുക തന്നെ വേണം. കാരണം അദ്ദേഹം നമ്മുടെ അടിസ്ഥാനപരമായ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് പോരാടുന്നത്.
(ചിന്മയ വിശ്വവിദ്യാപീഠ് കല്‍പിത സര്‍വ്വകലാശാല, അധ്യാപികയാണ് ലേഖിക)