അയോദ്ധ്യാ മഥുരാ മായാ കാശി കാഞ്ചീ അവന്തിക,
പുരി ദ്വാരാവതി ചൈവ, സപ്‌തൈതാ മോക്ഷദായക.
ശ്രീരാമ ജന്മത്തിന് മുന്‍പ് തന്നെ മോക്ഷകാരകമായ സപ്ത നഗരികളില്‍ പരമഗണനീയമായിരുന്നു അയോദ്ധ്യ. ഭഗവാന്റെ അവതാരപ്പിറവിയോടെ അയോദ്ധ്യയുടെ മഹത്വം ശതഗുണീഭവിച്ചുവെന്ന് പുരാണങ്ങളും ഇതിഹാസങ്ങളും ഓര്‍മ്മപ്പെടുത്തുന്നു.
പവിത്രമായ ഈ നഗരത്തിലേക്ക് ആദ്യമായി എത്തുന്നത് 2017 ലാണ്. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു ലക്ഷ്യം. പക്ഷേ അയോദ്ധ്യയിലെ കാഴ്ചകള്‍ എന്നെ വല്ലാതെ നിരാശപ്പെടുത്തി.
ഭാരതത്തിന്റെ വികാരമായി ശ്രീരാമന്‍ ജന മനസ്സില്‍ കുടികൊള്ളുമ്പോഴും അയോദ്ധ്യയില്‍ പ്ലാസ്റ്റിക് കൂരയില്‍ രാമ വിഗ്രഹം തുടര്‍ന്നു. നിലംപതിക്കാറായ ജീര്‍ണ്ണിച്ച കെട്ടിടങ്ങള്‍, രാത്രി ഇരുട്ടില്‍ മുങ്ങുന്ന നഗരം, മൂര്‍ഖന്‍ പാമ്പിനെ കഴുത്തില്‍ ചുറ്റി ഭിക്ഷയെടുക്കുന്ന കുട്ടികള്‍. ഇതായിരുന്നു കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് അയോദ്ധ്യ. 2019 നവംബര്‍ 9 ന് രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുകൂലമായി സുപ്രീംകോടതി വിധി വന്നു. 2020 ആഗസ്റ്റ് 5 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആര്‍.എസ്.എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെയും നേതൃത്വത്തില്‍ നടന്ന ഭൂമി പൂജയുടെ ഭാഗമാകാനും കഴിഞ്ഞു. പതിറ്റാണ്ടുകളായി കേന്ദ്രത്തിലും യു.പിയിലും ഭരണത്തിലിരുന്നവര്‍ അവഗണിച്ച അയോദ്ധ്യയുടെ മാറ്റത്തിന് നാന്ദി കുറിക്കല്‍ കൂടിയായിരുന്നു ഭൂമി പൂജ.
ക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്നതിനൊപ്പം നഗര മുഖവും മിനുക്കപ്പെട്ടു. പ്രാണപ്രതിഷ്ഠയ്ക്ക് എത്തിയപ്പോള്‍ കാണുന്നത് ത്രേതായുഗത്തിലെ അയോദ്ധ്യയാണ്. മനസ്സില്‍ വാല്മീകീ രാമായണത്തിലെ അയോദ്ധ്യാകാണ്ഡം ഓര്‍മ്മവന്നു. അയോദ്ധ്യ അനുദിനം മാറുകയാണ്. ലോകത്തിലെ എറ്റവും വലിയ ക്ഷേത്ര നഗരമാകാനുള്ള ഒരുക്കത്തിലാണ് അയോദ്ധ്യ. മികച്ച പാതകള്‍, അന്താരാഷ്ട്ര വിമാനത്താവളം, പുതിയ റെയില്‍വേ സ്റ്റേഷന്‍, 11500 കോടി രൂപയുടെ വികസന പദ്ധതികളാണ് അയോദ്ധ്യയ്ക്ക് സമ്മാനിച്ചത്.
ലഖ്‌നൗവില്‍ നിന്ന് 136 കിലോമീറ്റര്‍ ദേശീയ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ വലതു ഭാഗത്ത് രാമജന്മഭൂമിയെ വരവേല്‍ക്കുന്ന കമാനം കാണാം. സൂര്യ ഭഗവാന്റെ കൂറ്റന്‍ സ്തൂപത്തോടെയുള്ള കമാനം രാമഭക്തരെ എതിരേല്‍ക്കുന്നു, ഒപ്പം റോഡിന്റെ ഇരുവശങ്ങളിലും സൂര്യ സ്തൂപവും. അയോദ്ധ്യയും സൂര്യവംശവുമായുള്ള ബന്ധം സൂചിപ്പിക്കുന്നതാണ് ഇവിടുത്തെ കാഴ്ചകള്‍. അയോദ്ധ്യയിലെ പ്രധാന പാതയായ രാംപഥ്, രാമക്ഷേത്രത്തിലേക്കുള്ള ജന്മഭൂമി പഥ്, ധര്‍മ്മപഥ്, ഭക്തി പഥ് എന്നീ റോഡുകള്‍ വീതികൂട്ടി വികസിപ്പിച്ചതാണ്. കഷ്ടിച്ച് ഒരു വാഹനത്തിന് പോകാമായിരുന്ന റാംപഥ് ഇന്ന് നാല് വരി പാതയാണ്. റോഡിന് ഇരു വശങ്ങളില്‍ നടപ്പാതകളും ഒരുക്കിയിട്ടുണ്ട്. അനധികൃത കയ്യേറ്റം ഒഴിപ്പിച്ചാണ് പാതകള്‍ വികസിപ്പിച്ചത്.
അയോദ്ധ്യയിലെ കെട്ടിടങ്ങള്‍ക്കെല്ലാം ഇപ്പോള്‍ ഒരേരൂപം. കെട്ടിടങ്ങളുടെ മുന്‍ഭാഗം പുതുക്കി പണിതിരിക്കുന്നു. എല്ലാ നിര്‍മാണവും രാമക്ഷേത്രത്തിന്റെ ആകൃതിയില്‍. നഗരം മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. കെട്ടിടങ്ങള്‍ക്കെല്ലാം കാവി നിറം, ധര്‍മത്തിന്റെയും രാമ രാജ്യത്തിന്റെയും പ്രതീകമായ കാവി.
റോഡ് മാര്‍ഗ്ഗവും റെയില്‍ മാര്‍ഗ്ഗവും മാത്രമല്ല ആകാശ മാര്‍ഗ്ഗവും ഇനി അയോദ്ധ്യയില്‍ എത്താം. മഹര്‍ഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു കഴിഞ്ഞു. 1450 കോടി രൂപ മുടക്കിയാണ് വിമാനത്താവളം സജ്ജമാക്കിയത്.
പൗരാണിക പ്രൗഢി നിറഞ്ഞ സാംസ്‌കാരിക കേന്ദ്രം കൂടിയാണ് അയോദ്ധ്യ വിമാനത്താവളം. രാമജന്മഭൂമിയില്‍ ഉയരുന്ന മഹാക്ഷേത്രത്തിന്റെ രൂപത്തിലാണ് നിര്‍മ്മാണം. വിമാനത്തിന്റെ ആദ്യരൂപമായ പുഷ്പക വിമാനത്തെപ്പറ്റി പരാമര്‍ശിക്കുന്ന രാമായണ സന്ദേശമാണ് വിമാനത്താവളത്തിലെങ്ങും. ധാരാളം ചുവര്‍ ചിത്രങ്ങള്‍, രാമായണത്തിലെ കാണ്ഡങ്ങളെ പ്രതിനിധീകരിച്ച് ഏഴ് ശിഖരങ്ങള്‍. ഹനുമാന്‍ സ്വാമിയുടെ വന്‍ ചുവര്‍ ചിത്രവും സീതാ പരിണയത്തിന്റെ ചിത്രങ്ങളും ഉണ്ട്. പരിസ്ഥിതി സൗഹൃദമായാണ് നിര്‍മ്മാണം. തീര്‍ത്ഥാടനം കൂടാതെ ഉത്തര്‍പ്രദേശിന്റെ വാണിജ്യവ്യവസായ മേഖലയ്ക്ക് കരുത്ത് പകരുന്നതാണ് മഹര്‍ഷി വാല്മീകി വിമാനത്താവളം. 6500 ചതുരശ്ര അടി വിസ്തൃതിയുള്ള വിമാനത്താവളത്തില്‍ പ്രതിവര്‍ഷം പത്ത് ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ദല്‍ഹി, മുംബൈ, ബംഗളൂരു ഉള്‍പ്പടെ ഭാരതത്തിലെ എല്ലാ പ്രധാന നഗരങ്ങളില്‍ നിന്നും അയോദ്ധ്യയിലേക്ക് വിമാന കമ്പനികള്‍ സര്‍വീസ് ആരംഭിച്ചു കഴിഞ്ഞു. ഉത്തര്‍പ്രദേശിലെ അഞ്ചാമത്തെയും, ഭാരതത്തിലെ 149-ാമത്തെയും അന്താരാഷ്ട്ര വിമാനത്താവളമാണ് അയോദ്ധ്യയില്‍ തുറന്നത്.
240 കോടി രൂപ ചെലവിലാണ് പുതിയ റെയില്‍വേ സ്റ്റേഷന്റെ നിര്‍മാണം. അയോദ്ധ്യ ധാം എന്ന നാമത്തിലാണ് സ്‌റ്റേഷന്‍ അറിയപ്പെടുക. വിമാനത്താവളത്തെ വെല്ലുന്ന സജ്ജീകരണങ്ങളാണ് ഇവിടെ തീര്‍ത്ഥാടകരെ കാത്തിരിക്കുന്നത്. എസ്‌കലേറ്ററുകള്‍, ലിഫ്റ്റുകള്‍, ചൈല്‍ഡ് കെയര്‍ റൂം, ക്ലോക്ക് റൂം തുടങ്ങിയ എല്ലാ സൗകര്യങ്ങളുമടങ്ങുന്ന മൂന്ന് നിലകളിലാണ് സ്റ്റേഷന്‍. അതിവേഗ ട്രെയിനുകളായ അമൃതഭാരതും വന്ദേഭാരതും അയോദ്ധ്യയിലേക്ക് ഓടിത്തുടങ്ങി.
സരയു
അയോദ്ധ്യയുടെ ജീവവായുവാണ് സരയു. ഭഗവാന്റെ അവതാരപ്പിറവിക്കു വഴിവെച്ച പുത്രകാമേഷ്ടി യാഗത്തിനും, ശ്രീരാമന്റെ ജലസമാധിക്കും സാക്ഷിയായ പുണ്യനദി. ചരിത്ര വാഹിനിയാണ് സരയു. ത്രേതായുഗത്തിലെ അയോദ്ധ്യയുടെ പ്രൗഢിയും 11-ാം നൂറ്റാണ്ടില്‍ ആരംഭിച്ച ഇസ്‌ലാമിക അധിനിവേശവും പിന്നീട് 1990 ല്‍ കര്‍സേവകര്‍ക്ക് നേരെ നടന്ന പോലീസ് വെടിവെപ്പിനും എല്ലാം മൂകസാക്ഷിയായ നദി. 500 വര്‍ഷത്തെ നിരാശാജനകമായ കാലഘട്ടത്തിന് ഇപ്പുറം ക്ഷേത്രം ഉയരുമ്പോള്‍ സരയൂ പ്രസന്നവദനയായി ഒഴുകുകയാണ്. പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ സരയൂ തീരത്ത് മഹായാഗം നടന്നു. 1008 ശിവലിംഗം സ്ഥാപിച്ചുകൊണ്ടുള്ള യാഗം. ജാനകി ദേവിയുടെ നാടായ നേപ്പാളിലെ ജനക്പൂരിയില്‍ നിന്നുള്ള ആചാര്യന്മാരാണ് യാഗത്തിന് നേതൃത്വം നല്‍കിയത്. ഘട്ടുകള്‍ക്കെല്ലം പഴയ പ്രൗഢി കൈവന്നിരിക്കുന്നു. യോഗി സര്‍ക്കാരിന്റെ സരയു റിവര്‍ ഫ്രഡ് പദ്ധതി അയോദ്ധ്യയുടെ മുഖഛായ മാറ്റും. കൊച്ചി കഴിഞ്ഞാല്‍ രാജ്യത്തെ രണ്ടാമത്തെ വാട്ടര്‍ മെട്രോയും അയോദ്ധ്യയിലാണ്. ആദ്യഘട്ടം സരയുവിന്റെ തീരത്തുള്ള ഗുപത്തര്‍ ഘട്ട് മുതല്‍ സരയു ഘട്ട് വരെയാണ്. പിന്നീട് ഭാരത്തിന്റെ ആത്മീയ തലസ്ഥാനമായ കാശിയെയും അയോദ്ധ്യയെയും ബന്ധിപ്പിക്കുന്ന രീതിയില്‍ രണ്ടാംഘട്ടവും.
ഉത്സവലഹരിയില്‍ അയോദ്ധ്യ
അടിച്ചേല്‍പ്പിക്കപ്പെട്ട അപമാനത്തിന്റെ ഭാരം പേറിയുള്ള ഒരു ജനതയുടെ കാത്തിരിപ്പിന് വിരാമമായി രാമ മന്ദിരം ഉയര്‍ന്നു. പൂര്‍വ്വാധികം ശോഭയോടെ രാംലല്ല പ്രതിഷ്ഠിതനായി. വനവാസം പൂര്‍ത്തീകരിച്ച് ഭഗവാന്‍ തിരിച്ചു വന്നു എന്നാണ് അയോദ്ധ്യ നിവാസികള്‍ പറയുന്നത്. ത്രേതാ യുഗത്തില്‍ 14 വര്‍ഷത്തെ വനവാസം കഴിഞ്ഞ ഭഗവാന്‍ അയോദ്ധ്യയില്‍ എത്തിയപ്പോള്‍ ദീപം തെളിയിച്ചും, മധുരം വിതരണം ചെയ്തും ആളുകള്‍ എതിരേറ്റു. ഇതാണല്ലോ ദീപാവലിയുടെ ഐതീഹ്യം. അയോദ്ധ്യ നിവാസികള്‍ക്ക് ജനുവരി 22 ദീപാവലിയായിരുന്നു. റാം കി പേഡിയില്‍ ലക്ഷക്കണക്കിന് ചിരാതുകള്‍ തെളിഞ്ഞു. എല്ലാ കെട്ടിടങ്ങള്‍ക്കും മുകളില്‍ കാവിക്കൊടികള്‍ പാറി പറന്നു. എങ്ങും ജയ് റാം ജയ് റാം ജയ് ജയ് റാം എന്ന മന്ത്രം ഉച്ചസ്ഥായില്‍ മുഴങ്ങി.
അയോദ്ധ്യയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സൂരജ് കുണ്ഡില്‍ എത്താം. ഇവിടെയുള്ള സൂര്യവംശി ക്ഷത്രിയരുടെ ഗ്രാമങ്ങളില്‍ വലിയ ആഘോഷം നടക്കുന്നു, 500 വര്‍ഷങ്ങള്‍ക്കു ശേഷം സൂര്യ വംശികള്‍ തലപ്പാവും, തുകല്‍ ചെരുപ്പും, അണിഞ്ഞു. 1528 ല്‍ ഇസ്‌ലാമിക അധിനിവേശ ശക്തികള്‍ ലവ കുശന്മാരാല്‍ നിര്‍മ്മിച്ച പുരാതന ക്ഷേത്രം തകര്‍ക്കുമ്പോള്‍ പ്രതിരോധത്തിന് എത്തിയത് ഗജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സൂര്യ വംശി ക്ഷത്രിയരാണ്. ബാബറുടെ സൈന്യം ക്ഷേത്രം ഇല്ലാതാക്കിയപ്പോള്‍ സൂര്യ വംശികള്‍ പ്രതിജ്ഞ എടുത്തു. എന്നാണോ ക്ഷേത്ര ഭൂമി തിരിച്ചുപിടിക്കുക, രാമ മന്ദിരം പുന:സ്ഥാപിക്കുക അതുവരെ അഭിമാനത്തിന്റെ അടയാളമായി കണക്കാക്കുന്ന തലപ്പാവും, തുകല്‍ ചെരുപ്പും അണിയില്ല, കൂട ചൂടില്ല. കടന്നു പോയ അഞ്ച് നൂറ്റാണ്ട് എല്ലാ ദിവസവും സൂര്യ വംശികള്‍ ഭവനത്തില്‍ അയോദ്ധ്യാ കാണ്ഡം വായിച്ച് ക്ഷേത്ര പുനര്‍നിര്‍മാണത്തിനായി കാത്തിരുന്നു.
അയോദ്ധ്യയിലെ മുസ്ലിങ്ങള്‍ ആഹ്ലാദത്തില്‍
അയോദ്ധ്യ കേസില്‍ മസ്ജിദിനായി കക്ഷി ചേര്‍ന്ന ഇഖ്ബാല്‍ അന്‍സാരിയെ അവിടെ വെച്ച് കണ്ടു. റെയില്‍വേസ്റ്റേഷന് സമീപത്താണ് അന്‍സാരിയുടെ വീട്. രാമക്ഷേത്രം വരുന്നതിനെ പറ്റി ചോദിച്ചപ്പോള്‍ അന്‍സാരി വാചാലനായി. ക്ഷേത്രം വരുന്നതില്‍ അയോദ്ധ്യയിലെ മുഴുവന്‍ മുസ്ലിങ്ങളും സന്തുഷ്ടരാണ്. നാട്ടില്‍ വികസനം വന്നു, പുതിയ വിമാനത്താവളവും റെയില്‍വേസ്റ്റേഷനും നല്ല റോഡുകളും എല്ലാം യാഥാര്‍ത്ഥ്യമായത് ക്ഷേത്രം വന്നതുകൊണ്ടാണ് എന്നാണ് അന്‍സാരിയുടെ നിലപാട്. അയോദ്ധ്യ പഞ്ചായത്ത് അംഗമായ ബബ്ബുലു ഖാന്റെയും നിലപാട് സമാനമാണ്. കഴിഞ്ഞ മാസം 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയില്‍ റോഡ് ഷോ നടത്തുമ്പോള്‍ ജയ് ശ്രീറാം മുഴക്കി പ്രധാനമന്ത്രിക്ക് കൈവീശുന്ന ഇഖ്ബാല്‍ അന്‍സാരിയുടെ ദ്യശ്യം വൈറലായിരുന്നു.

രാമക്ഷേത്രം
പ്രാണപ്രതിഷ്ഠ നടന്ന ജനുവരി 22 ന് വൈകുന്നേരം രാമക്ഷേത്രത്തില്‍ കയറി ദര്‍ശനം നടത്തി. ഓരോ രാമഭക്തനേയും അത്ഭുതപ്പെടുത്തുന്നതാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണ രീതി. 75 എക്കറിലാണ് ക്ഷേത്രസമുച്ചയം. 2.7 ഏക്കറിലാണ് പ്രധാന ക്ഷേത്രം. 235 അടി വീതിയും, 161 അടി ഉയരവുമുള്ള ക്ഷേത്രം ഭാരതീയ വാസ്തുശില്‍പകലയുടെ കേന്ദ്രമാകും. മൂന്ന് നിലകള്‍. താഴികക്കുടവും പ്രധാന ശ്രീകോവിലും, ഏഴ് ഉപദേവതാ ക്ഷേത്രങ്ങളും പ്രദക്ഷിണ വീഥിയും ഉള്‍പ്പെടുന്നതാണ് പ്രധാന ക്ഷേത്രം. പരമ്പരാഗത നാഗര രീതിയിലാണ് നിര്‍മ്മാണം. രംഗ മണ്ഡപം, നൃത്ത മണ്ഡപം, സഭാ മണ്ഡപം, പ്രാര്‍ത്ഥനാ മണ്ഡപം, കീര്‍ത്തന മണ്ഡപം എന്നിങ്ങനെ അഞ്ച് മണ്ഡപങ്ങള്‍.
താഴത്തെ നിലയിലാണ് ഗര്‍ഭഗൃഹം, രണ്ടാം നിലയിലാണ് രാം ദര്‍ബാര്‍, 51 ഇഞ്ച് വലുപ്പമുള്ള 5 വയസ്സ് പ്രായമുള്ള രാംലല്ലയുടെ വിഗ്രഹമാണ് താമരയില്‍ നിലയുറപ്പിച്ചത്. താല്‍ക്കാലിക രാമക്ഷേത്രത്തിലെ വിഗ്രഹവും ശ്രീകോവിലില്‍ സ്ഥാപിക്കും. രാമനവമി ദിനത്തില്‍ 12 മണിക്ക് വിഗ്രഹത്തിന്റെ നെറ്റിയില്‍ സൂര്യപ്രകാശം തട്ടുന്ന നിലയിലാണ് ശ്രീകോവില്‍ ഒരുക്കിയിട്ടുള്ളത്. റൂര്‍ക്കിയിലെ സെന്‍ട്രല്‍ ബില്‍ഡിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും, പൂനെയിലെ ആസ്‌ട്രോനോട്ടിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് ഇത് സാധ്യമാക്കിയത്.
ക്ഷേത്രത്തില്‍ മഹര്‍ഷി വാല്മീകി, ശബരി മാതാ, അഹല്യ മാതാ, നിഷാദ മഹാരാജന്‍, ആചാര്യ വസിഷ്ഠന്‍, വിശ്വാമിത്ര മഹര്‍ഷി, അഗസ്ത്യന്‍ എന്നീ ഉപദേവതകളുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 7 ഉപദേവതാ സങ്കല്‍പ്പം മുന്നോട്ടുവെച്ചത്. രാമക്ഷേത്രം സാമൂഹികസമരസതയുടെ കേന്ദ്രമായി മാറണമെന്ന അഭിപ്രായവും പ്രധാനമന്ത്രിയുടേതാണ്.
മഹാക്ഷേത്രത്തിന്റെ ദിക്പാലകരായി സൂര്യന്‍, ദേവി, ഗണപതി, ശിവന്‍ എന്നീ പ്രതിഷ്ഠകളുണ്ട്. ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് പ്രാചീന കാലത്ത് നിലനിന്ന ശിവക്ഷേത്രവും ജടായു വിഗ്രഹവും പുന:സ്ഥാപിച്ചു. സീതാദേവിയുടെ കിണറും ക്ഷേത്രവളപ്പിലുണ്ട്.
രാമക്ഷേത്രത്തിന്റെ ആദ്യ നിലയില്‍ 166 തൂണുകളും, രണ്ടാം നില യില്‍ 144 ഉം മൂന്നാം നിലയില്‍ 82 ഉം തൂണുകളുണ്ട്. ആകെ 392 തൂണും, 44 കതകുമുണ്ട്. ഒരോ തൂണിലും 14 മുതല്‍ 16 വരെ ശില്‍പ്പങ്ങളുണ്ട്.
രാമജന്മഭൂമിയില്‍ ലവകുശന്മാര്‍ നിര്‍മ്മിച്ച പുരാതന രാമക്ഷേത്രത്തിന്റെ അതേ രൂപത്തിലാണ് മന്ദിരം പുനര്‍നിര്‍മ്മിച്ചിരിക്കുന്നത്. ആയിരം വര്‍ഷത്തോളം ഒരു കേടുംവരാതെ നിലനില്‍ക്കുന്ന രീതിയിലാണ് നിര്‍മ്മാണം. ഭൂകമ്പം, മണ്ണിടിച്ചില്‍, പ്രളയം ഉള്‍പ്പടെയുളള പ്രകൃതി ദുരന്തങ്ങള്‍ അതിജീവിക്കാന്‍ കഴിയും. 15 മീറ്റര്‍ ആഴത്തില്‍ മണ്ണിട്ടുറപ്പിച്ചാണ് അടിത്തറ ഒരുക്കിയത്. തുരുമ്പ് എടുക്കുന്നതിനാല്‍ ഇരുമ്പ് പൂര്‍ണമായും ഒഴിവാക്കി മാര്‍ബിളിലും ഗ്രാനൈറ്റും ഉപയോഗിച്ചാണ് പ്രധാനക്ഷേത്രം നിര്‍മ്മിച്ചത്. അനുബന്ധ നിര്‍മ്മിതിക്കായി ഇഷ്ടികയും ഉപയോഗിച്ചു. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്കായി ലിഫ്റ്റും ക്ഷേത്രത്തില്‍ സജ്ജമാക്കും.
കര്‍സേവകപുരം
രാമജന്മഭൂമി മുന്നേറ്റത്തെ മുന്നില്‍ നിന്ന് നയിച്ച ഹിന്ദു ഹൃദയ സാമ്രാട്ട് അശോക് സിംഘാളിന്റെ സൃഷ്ടിയാണ് കര്‍സേവകപുരത്തെ വി.എച്ച്.പി ആസ്ഥാനം. അശോക് സിംഘാള്‍ തന്റെ സുദീര്‍ഘമായ ദൗത്യം ഉപേക്ഷിച്ച് ഇഹലോകവാസം വെടിഞ്ഞപ്പോള്‍ തന്റെ ദൗത്യം ഏല്‍പ്പിച്ചത് ചമ്പത്ത് റായിയെയാണ്. വി.എച്ച്.പി ദേശീയ ഉപാദ്ധ്യക്ഷനായി അദ്ദേഹം ദല്‍ഹി ആര്‍.കെ പുരം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ക്ഷേത്ര നിര്‍മ്മാണം തുടങ്ങിയതോടെ തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായ ചമ്പത്ത് റായ് മുഴുവന്‍ സമയം കര്‍സേവകപുരത്തുണ്ട്. അദ്ദേഹത്തെ കാണുന്നതിനും അനുഗ്രഹം തേടുന്നതിനുമായി രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പടെ കാത്തുനില്‍ക്കുന്നു. കേരളത്തില്‍ നിന്ന് എത്തിയ ധാരാളം സംഘ അധികാരികളെയും കര്‍സേവകപുരത്ത് കണ്ടുമുട്ടി. 1992 ല്‍ മിനാരങ്ങള്‍ നീക്കം ചെയ്ത കര്‍സേവയില്‍ പങ്കെടുത്ത നിരവധി പേരെ അവിടെ കാണാനായി. അന്നത്തെ അയോദ്ധ്യയെ ഇന്നത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ഉണ്ടായതെന്ന് എല്ലാവരും വിവരിക്കുന്നു. കര്‍സേവകപുരത്തെ കാര്യശാലയില്‍ ക്ഷേത്രത്തിനാവശ്യമായ തൂണുകളുടെ നിര്‍മ്മാണം തുടരുകയാണ്. ഒരു പ്രസ്ഥാനത്തിന്റെ ഇച്ഛാശക്തിയുടെ പ്രതീകമാണ് കാര്യശാല. തര്‍ക്കമന്ദിരം നീക്കം ചെയ്യുന്നതിന് മുന്‍പ് അതായത് 1989 ല്‍ കാര്യശാലയില്‍ ക്ഷേത്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ശ്രീരാമ ജന്മഭൂമി ന്യാസിന്റെ നേതൃത്വത്തിലാണ് കാര്യശാല പ്രവര്‍ത്തിക്കുന്നത്.
അയോദ്ധ്യ എന്ന പദത്തിന്റെ അര്‍ത്ഥം യുദ്ധമില്ലാത്ത ഭൂമിയെന്നാണ്. യുദ്ധം അവസാനിച്ച അയോദ്ധ്യ ആധുനിക ഭാരതത്തിന്റെ കരുത്തിന്റെയും ശക്തിയുടെയും പ്രതീകമായി മാറിയിരിക്കുന്നു. ജനുവരി 12 മുതല്‍ 23 വരെ 12 ദിവസം അയോദ്ധ്യയിലായിരുന്നു. പ്രാണപ്രതിഷ്ഠാ ദിനത്തില്‍ അയോദ്ധ്യയില്‍ നില്‍ക്കാന്‍ കഴിഞ്ഞത് ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ലഭിച്ച എറ്റവും വലിയ സൗഭാഗ്യമായി കാണുന്നു. അയോദ്ധ്യയോട് യാത്ര പറയുമ്പോള്‍ ഈ സ്വപ്‌ന സാക്ഷാത്കാരത്തിനായി ജീവത്യാഗം ചെയ്തവരുടെ മുഖങ്ങള്‍ മനസ്സില്‍ നിറഞ്ഞു.