സുദീര്‍ഘമായ ചരിത്രമുള്ള ഭാരത മഹാരാഷ്ട്രത്തിനും അതിന്റെ സനാതന സംസ്‌കൃതിക്കും ഉയര്‍ച്ചതാഴ്ചകളുടെയും വിജയപരാജയങ്ങളുടെയും നിരവധി കഥകള്‍ പറയാനുണ്ട്. അധിനിവേശ ശക്തികളുടെ അതിക്രമങ്ങളില്‍ രാഷ്ട്രജീവന്‍ കെട്ടുപോകുമെന്നു തോന്നിയ ചരിത്ര സന്ധികളില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ വിജയഗാഥകള്‍ പാടിയ ചിരന്തന സമൂഹമാണ് ഭാരതത്തിന്റേത്. സനാതനധര്‍മ്മത്തിന്റെ ജീനുകളില്‍ അതിജീവനത്തിന്റെ ദിവ്യരഹസ്യം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നതിനാലാണ് ഭാരതം ചിരന്തന രാഷ്ട്രമായിരിക്കുന്നത്. കനല്‍തരിയായി ചാരംമൂടി നൂറ്റാണ്ടുകള്‍ സുഷുപ്തിയില്‍ കിടന്നാലും ബഡവാഗ്‌നിയായി പടര്‍ന്നു കത്താന്‍ കഴിയുന്ന സാംസ്‌കാരിക സ്വത്വബോധം പേറുന്ന ഭാരതം ഒരിക്കല്‍കൂടി അതിന്റെ പൂര്‍വ്വ വൈഭവത്തിലേക്ക് ഉറച്ച പദങ്ങളോടെ പ്രയാണമാരംഭിക്കുകയാണ്. അഞ്ഞൂറോളം വര്‍ഷങ്ങളായി വൈദേശിക പടയോട്ടങ്ങളുടെ മുറിപ്പാടുകളുമായി തകര്‍ന്നടിഞ്ഞു കിടന്ന രാമജന്മഭൂമിയിലെ ഭവ്യമന്ദിരം പുനര്‍നിര്‍മ്മിച്ച് പ്രാണപ്രതിഷ്ഠ നടത്തിയ 2024 ജനുവരി 22ലെ പുണ്യ മുഹൂര്‍ത്തം സാംസ്‌കാരിക ദേശീയതയുടെ പ്രാണപ്രതിഷ്ഠാ നിമിഷമായി ചരിത്രം രേഖപ്പെടുത്തും. ആയിരത്താണ്ടുകളായി ഭാരതീയ സാമൂഹ്യ സാംസ്‌കാരിക സ്വത്വബോധത്തിന്റെ അടയാളമായി നിറഞ്ഞു നില്‍ക്കുന്ന ശ്രീരാമചന്ദ്രന്‍ വിഗ്രഹവല്‍ക്കരിക്കപ്പെട്ട ധര്‍മ്മബോധമാണ്. ആ വിഗ്രഹത്തെ കടപുഴക്കി എറിഞ്ഞ ബാബറും മീര്‍ബാഖിയുമൊക്കെ ഹൈന്ദവദേശീയ ജീവിതത്തിന്റെ പ്രാണന്‍ ഒടുക്കാനാണ് പരിശ്രമിച്ചത്. എന്നാല്‍ അഞ്ഞൂറ് വര്‍ഷം നീണ്ടുനിന്ന സായുധ, സഹന, വ്യവഹാര യുദ്ധങ്ങള്‍ക്കൊടുവില്‍ ഭാരതം വിജയിച്ചിരിക്കുകയാണ്. പരദേശികള്‍ പകര്‍ന്ന ബുദ്ധിഭ്രമത്തില്‍ കുറച്ച് ബാബര്‍വാദികള്‍ കൂടി ശേഷിക്കുന്നുണ്ടെങ്കിലും ഭാരതത്തിലെ ജനകോടികള്‍ രാമജന്മഭൂമിയിലെ പ്രാണപ്രതിഷ്ഠയിലൂടെ സ്വത്വബോധത്തിന്റെ ആത്മാവ് വീണ്ടെടുത്തിരിക്കുകയാണ്. ഭാരതത്തിലെ ഹിന്ദു സമൂഹം നീണ്ട അഞ്ഞൂറു വര്‍ഷം ക്ഷമയോടെ നടത്തിയ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ശ്രീരാമജന്മഭൂമി വിമോചിപ്പിച്ച് അവിടെ ബാലകരാമനെ പ്രതിഷ്ഠിച്ചത്. ഇസ്ലാമിക പടയോട്ടങ്ങള്‍ ലോകത്തെമ്പാടും നിരവധി സംസ്‌കാരങ്ങളെയും നാഗരികതകളെയും തിരിച്ചുവരാത്തവണ്ണം നശിപ്പിച്ചിട്ടുണ്ട്. ഭാരതത്തില്‍ മാത്രം അവരുടെ ജിഹാദ് പൂര്‍ണ്ണതോതില്‍ വിജയിച്ചില്ല. അതിനു കാരണം വൈവിദ്ധ്യങ്ങളെ ആഘോഷമാക്കുമ്പോഴും ആഴങ്ങളില്‍ വേരോടി നില്‍ക്കുന്ന സാംസ്‌കാരിക ദേശീയതയാണ്. ഉത്തരഭാരതത്തിന്റെ ഭാഗമായ അയോദ്ധ്യയില്‍ പ്രതിഷ്ഠിക്കപ്പെടുന്ന രാമവിഗ്രഹം രൂപകല്പന ചെയ്തത് ദക്ഷിണ ഭാരതത്തില്‍ നിന്നുള്ള ഒരു ശില്പി ആണെന്നതും പ്രാണപ്രതിഷ്ഠയ്ക്ക് യജമാനസ്ഥാനമേല്‍ക്കുന്നതിന് മുമ്പ് കഠിന വ്രതമെടുത്ത് പ്രധാനമന്ത്രി തൃപ്രയാറും രാമേശ്വരവും ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയതുമൊക്കെ പ്രാണപ്രതിഷ്ഠാ ചടങ്ങ് പകരുന്ന സാംസ്‌കാരിക ദേശീയതയുടെ നിദര്‍ശനങ്ങള്‍ തന്നെ.
ശ്രീരാമജന്മഭൂമിയുടെ വിമോചനത്തിനായി ക്ഷമയോടെ എഴുപത് വര്‍ഷം നീണ്ടുനിന്ന വ്യവഹാരത്തിനാണ് ഹിന്ദു സമൂഹം തയ്യാറായത്. ഒടുക്കം പരമോന്നത കോടതി രാമജന്മഭൂമിക്ക് അനുകൂലമായി വിധി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്ര നിര്‍മ്മിതിയും പ്രാണപ്രതിഷ്ഠയും നടന്നത്. കോടിക്കണക്കിന് രാമഭക്തര്‍ നിറമിഴികളോടെയാണ് പ്രാണപ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിച്ചത്. എന്നാല്‍ സങ്കീര്‍ണ്ണമായിരുന്ന ഒരു പ്രശ്‌നം സമാധാനപൂര്‍ണ്ണമായി പര്യവസാനിക്കുന്നു എന്നു മനസ്സിലാക്കിയ രാജ്യദ്രോഹികളായ കമ്യൂണിസ്റ്റ് ജിഹാദി സംഘങ്ങള്‍ പുതിയ ആഖ്യാനങ്ങളുമായി ഇറങ്ങിത്തിരിച്ചിട്ടുണ്ട്. പള്ളിപ്പറമ്പിലെ രാമന്‍ എന്നാണ് കേരളത്തില്‍ ചിലര്‍ രാമജന്മഭൂമിയെ ഇപ്പോള്‍ പരിഹസിക്കുന്നത്.
മുസ്ലീം പടയോട്ടങ്ങളില്‍ തകര്‍ത്തു കൈവശപ്പെടുത്തിയ മുഴുവന്‍ ക്ഷേത്രങ്ങളും വിട്ടുതരണമെന്ന് ഇതുവരെയും ഒരു ഹിന്ദു സംഘടനയും ആവശ്യപ്പെട്ടിട്ടില്ല. അങ്ങിനെ ആവശ്യപ്പെട്ടു തുടങ്ങിയാല്‍ ആയിരക്കണക്കിന് അമ്പലപ്പറമ്പിലെ മസ്ജിദുകള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. ഹിന്ദു സമൂഹത്തിന് ഏറെ പ്രിയപ്പെട്ട അയോധ്യയും കാശിയും മഥുരയും മാത്രമാണ് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നത്. അവയാകട്ടെ ഏത് അന്ധനും കാണാവുന്ന വിധം ക്ഷേത്രാവശിഷ്ടങ്ങള്‍ക്കുമേല്‍ സ്ഥാപിക്കപ്പെട്ടവയാണുതാനും. രാമജന്മഭൂമിയിലെ പ്രാണപ്രതിഷ്ഠ കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കാശിയിലെ ജ്ഞാനവാപി മസ്ജിദ് നില്‍ക്കുന്നത് കാശി വിശ്വനാഥ ക്ഷേത്രത്തിനു മുകളിലാണെന്ന് നിരവധി തെളിവുകളുടെ പിന്‍ബലത്തോടെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) പര്യവേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്. മസ്ജിദിന്റെ ഒരു ചുവര് പുരാതന ജ്ഞാന വാപി ക്ഷേത്രത്തിന്റെ ചുവരാണ് എന്ന് ഇപ്പോഴും വ്യക്തമാണ്. നിരവധി ദേവീദേവന്മാരുടെ വിഗ്രഹങ്ങള്‍ പള്ളിക്കകത്തും പുറത്തും കണ്ടെടുക്കപ്പെട്ടു കഴിഞ്ഞു. മഥുര ശ്രീകൃഷ്ണ ജന്മഭൂമിയിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ ഈദ്ഗാഹ് നില്‍ക്കുന്നത് ക്ഷേത്രത്തിനു മേലെയാണ്. സമാധാനപരമായി ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാക്കാലത്തും മുസ്ലീം സമൂഹത്തിലെ ഒരു വിഭാഗം തയ്യാറായിരുന്നു. എന്നാല്‍ ഒരു പിടി മതഭീകരവാദികളും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് കുബുദ്ധിജീവികളും ചേര്‍ന്നാണ് എല്ലാ സമാധാനനീക്കങ്ങളെയും അട്ടിമറിച്ചുകൊണ്ടിരുന്നത്. വെള്ളം കലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന കമ്യൂണിസ്റ്റുകള്‍ ഇന്ത്യന്‍ മുസ്ലീങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ വസ്തുത അവര്‍ തിരിച്ചറിയാന്‍ വൈകും തോറും മുസ്ലിം സമൂഹം കബളിപ്പിക്കപ്പെട്ടുകൊണ്ടേ ഇരിക്കും. അയോധ്യയിലെ രാമക്ഷേത്രത്തെ പള്ളിപ്പറമ്പിലെ രാമനെന്ന് അപഹസിച്ചാല്‍ അമ്പലപ്പറമ്പിലെ മസ്ജിദുകളുടെ ഒരു നീണ്ട പട്ടികയുമായി ഹിന്ദു സമൂഹവുമിറങ്ങും. ഇത് രാജ്യത്തിന്റെ സമാധാനപൂര്‍ണ്ണമായ വികസന പ്രക്രിയയ്ക്ക് നന്നല്ല. കമ്മ്യൂണിസ്റ്റുകള്‍ ആഗ്രഹിക്കുന്നതും അതാണ്.
അമ്പത്തിമൂന്നടി ഉയരമുണ്ടായിരുന്ന അഫ്ഗാനിലെ ബാമിയാന്‍ ബുദ്ധപ്രതിമകള്‍ രണ്ടായിരത്തി ഒന്നില്‍ താലിബാന്‍ തകര്‍ത്തപ്പോഴും തുര്‍ക്കിയിലെ പ്രാചീന ക്രിസ്ത്യന്‍ ദേവാലയമായ ഹാഗിയ സോഫിയ മതമൗലികവാദികള്‍ മോസ്‌ക്കാക്കി മാറ്റിയപ്പോഴും കേരളത്തിലെ കമ്യൂണിസ്റ്റ് സാംസ്‌കാരിക പ്രതികരണ തൊഴിലാളികള്‍ നിശബ്ദരായിരുന്നു എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ അയോധ്യയില്‍ രാമമന്ദിരത്തിന്റെ പ്രാണപ്രതിഷ്ഠയെ അപഹസിക്കാന്‍ ഇവര്‍ക്ക് ആയിരം നാവാണെന്ന് കാണാം. പള്ളിപ്പറമ്പിലെ രാമനെക്കുറിച്ച് വാചാലരാകുന്ന ഇവര്‍ ദില്ലിയിലെ കുത്തബ് മീനാറിലെ ഗണപതി വിഗ്രഹത്തെക്കുറിച്ചും വിഷ്ണുസ്തംഭത്തെക്കുറിച്ചും വയനാട്ടിലെ ഗണപതിവട്ടം സുല്‍ത്താന്‍ ബത്തേരി ആയതിനെക്കുറിച്ചും സൗദി അറേബ്യയിലെ പ്രാചീന ഖുറൈഷി ഗോത്രസമൂഹത്തിന്റെ മുന്നൂറില്‍ പരം വിഗ്രഹങ്ങള്‍ തകര്‍ത്ത് അതിന്റെ മേലെ മുഹമ്മദ് നബി സ്ഥാപിച്ചിരിക്കുന്ന കഅ്ബയെക്കുറിച്ചുമെല്ലാം വാചാലരാകാന്‍ തയ്യാറാകണം.
അയോധ്യയില്‍ ജനുവരി 22 നടന്നത് സാംസ്‌കാരിക ദേശീയതയിലൂന്നിയ രാമരാജ്യത്തിന്റെ പ്രാണപ്രതിഷ്ഠയാണ്. രാമരാജ്യത്തിന്റെ നിത്യവാഴ്‌വിനായി സാമാജിക തപസ്സ് അനിവാര്യമാണെന്ന് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍ ഓരോ ഭാരതീയനും ശ്രദ്ധയോടെ ഹൃദയത്തില്‍ കുറിക്കേണ്ടതാണ്. മേലില്‍ അധിനിവേശങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കോദണ്ഡരാമന്റെ പ്രതിഷ്ഠ ശ്രീകോവിലില്‍ മാത്രം ഉണ്ടായാല്‍ പോരാ.. ഓരോ ഭാരതീയനും കോദണ്ഡ രാമനായി മാറേണ്ടതുണ്ട്.