എല്ലാ സംഖ്യകളും പ്രധാനപ്പെട്ടതാണ്. നമ്മള്‍ നിത്യജീവിതത്തില്‍ ഒരു ദിവസം പോലും ഏതെങ്കിലും ഒരു സംഖ്യകൊണ്ടുപോലും വ്യവഹരിക്കാതെ ഇരുന്നിട്ടുണ്ടാവുകയില്ല.
സംസ്‌കൃതഭാഷയില്‍ അഞ്ച് എന്നതിന് ‘പഞ്ച’ എന്നാണ് പറയുന്നത്. ‘പഞ്ച’ കൊണ്ടുള്ള ചില വ്യവഹാരങ്ങള്‍ താഴെ പ്രതിപാദിക്കുന്നു.
1. പഞ്ചപ്രാണന്‍ (അഞ്ച് പ്രാണന്‍) പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍.
2. പഞ്ചേന്ദ്രിയം എ. ജ്ഞാനേന്ദ്രിയം ബി. കര്‍മ്മേന്ദ്രിയം, ജ്ഞാനേന്ദ്രിയം – ശ്രോത്രം, ത്വക്ക്, നേത്രം, ജിഹ്വ, നാസിക.
കര്‍മ്മേന്ദ്രിയം – വാക്ക്, കൈകള്‍, കാലുകള്‍, മേഢ്രം, പായു.
3. പഞ്ചഭൂതങ്ങള്‍ – പൃഥ്വി, ആകാശം, തേജസ്, വായു, ജലം.
4. പഞ്ചതന്മാത്രകള്‍ – ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം.
5. പഞ്ചമോവേദഃ – മഹാഭാരതം
”ഭാരതം പഞ്ചമോ വേദഃ”
6. പഞ്ചബാണഃ – അഞ്ചമ്പന്‍ – കാമദേവന്‍. അരവിന്ദം, അശോകം, ചൂതം, നവമാലിക നീലോല്പലം – കാമദേവന്റെ അഞ്ച് ബാണങ്ങള്‍.
”അരവിന്ദമശോകഞ്ച ചൂതം ച നവമാലിക
നീലോത്പലം ച പഞ്ചൈതേ – പഞ്ചബാണസ്യസായകാഃ”
7. പഞ്ചപാണ്ഡവര്‍ – ധര്‍മ്മപുത്രന്‍, ഭീമന്‍, അര്‍ജ്ജുനന്‍, നകുലന്‍, സഹദേവന്‍.
8. പഞ്ചാമൃതം – ദേവപൂജയ്ക്കുള്ള അഞ്ച് വിശുദ്ധവസ്തുക്കള്‍ ചേര്‍ന്നത് – പാല്, പഞ്ചസാര, നെയ്യ്, തൈര്, തേന്‍ എന്നിവ.
9. പഞ്ചഗവ്യം – പശുക്കളില്‍ നിന്നും കിട്ടുന്ന അഞ്ചുവസ്തുക്കള്‍ – പാല്‍, വെണ്ണ, നെയ്യ്, മൂത്രം, ചാണകം.
10. പഞ്ചകര്‍മ്മഃ – അഞ്ചുതരം ചികിത്സകള്‍ – വമനം, വിരേചനം, നസ്യം, അനുവാസന, നിരൂഹം.
11. പഞ്ചമാതരഃ – അഞ്ച് മാതാക്കള്‍ – ഗുരുപത്‌നി, രാജപത്‌നി, ജ്യേഷ്ഠപത്‌നി, പത്‌നീമാതാ, സ്വമാതാവ്.
12. പഞ്ചമി – അഞ്ചാമത്തെ തിഥി, അഞ്ചാമത്തെ വിഭക്തി.
13. പഞ്ചമൂലം – കുമിഴ്, കൂവളം, പാതിരി, പലകപയ്യാനി, മൂഞ്ഞ എന്നിവയുടെ വേര്.
14. പഞ്ചരത്‌നം – പവിഴം, വൈരം, ഇന്ദ്രനീലം, പത്മരാഗം, മുത്ത് ഇവ.
15. പഞ്ചലോഹം – സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, ഈയം, നാകം – ഇവ ആനുപാതികമായി ചേര്‍ത്ത് ഉണ്ടാക്കുന്ന ലോഹം.
16. പഞ്ചമഹാകാവ്യം – കുമാരസംഭവം, രഘുവംശം (കാളിദാസന്‍), നൈഷധീയ ചരിതം (ശ്രീഹര്‍ഷന്‍) കിരാതാര്‍ജുനീയം (ഭാരവി) മാഘം (മാഘകവി).
17. പഞ്ചാക്ഷരീമന്ത്രം – നമഃശിവായ.
18. പഞ്ചകോശഃ – ആത്മാവിനെ ആവരണം ചെയ്യുന്ന (സ്ഥൂല ശരീരം) അഞ്ചുകോശം, അന്നമയകോശം, പ്രാണമയകോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം.
19. പഞ്ചലക്ഷണം – പുരാണത്തില്‍ – സര്‍ഗ്ഗം, പ്രതിസര്‍ഗ്ഗം, വംശം, മന്വന്തരം, വംശാനുചരിതം.
20. പഞ്ചവടി – അത്തിവര്‍ഗ്ഗത്തില്‍പ്പെട്ട അഞ്ചിനം – അരയാല്‍, കൂവളം, പേരാല്, അത്തി, അശോകം.
21. പഞ്ചാഗ്നി – അഞ്ച് അഗ്നി – ദാക്ഷിണം, ഗാര്‍ഹപത്യം, ആഹവനീയം, സദ്യോജാതം, ആവസ്ഥ്യം.
22. പഞ്ചകന്യകമാര്‍ – അഹല്യ, ദ്രൗപദി, താര, സീത, മണ്ഡോദരി.
23. പഞ്ചാവയവഃ – തര്‍ക്കശാസ്ത്രത്തില്‍ – പ്രതിജ്ഞ, ഹേതു, ഉദാഹരണം, ഉപനയം, നിഗമനം എന്നീ അഞ്ച് അവയവങ്ങള്‍ ഉണ്ട്.
24. പഞ്ചതന്ത്രം – വിഷ്ണുശര്‍മ്മന്‍ രചിച്ച പുസ്തകം ഇതിന് 5 ഭാഗങ്ങള്‍ ഉണ്ട് – മിത്രഭേദഃ, സുഹൃല്ലാഭഃ, സന്ധി, വിഗ്രഹഃ, ലബ്ധപ്രണാശഃ
25. പഞ്ചഗുരുക്കന്മാര്‍ – മാതാ, പിതാ, മാതുലഃ, ജ്യേഷ്ഠഃ, വിദ്യാദാതാ.
26. പഞ്ചപാതകം – ഹത്യാ, ചൗര്യം, മദ്യപാനം, വ്യഭിചാരം, അസദ്ഭാഷണം.
27. പഞ്ചപാപങ്ങള്‍ – ബ്രഹ്‌മഹത്യാ, മദ്യപാനം, മൗര്യം, ഗുരുപത്‌നീ ഗമനം, ശിശുഹത്യ.
28. പഞ്ചരാത്രം – സംസ്‌കൃത നാടകവിശേഷം. മഹാകവിഭാസന്‍ രചിച്ച പഞ്ചരാത്രം എന്ന സംസ്‌കൃതനാടകം.
29. പഞ്ചസന്ധികള്‍ – മുഖം, പ്രതിമുഖം, ഗര്‍ഭം, വിമര്‍ശം, നിര്‍വഹണം – സംസ്‌കൃത നാടകവുമായി ബന്ധപ്പെട്ടതാണിത്.
30. പഞ്ചായുധങ്ങള്‍ – ശംഖ്, ചക്രം, ഗദ, ശാര്‍ങ്ഗം, ഖഡ്ഗം.