അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിക്കായുള്ള രാമഭക്തരുടെ പോരാട്ടത്തിനും ബലിദാനത്തിനും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ആയിരങ്ങള്‍ രക്തം ചിന്തിയിട്ടുണ്ട് രാമജന്മഭൂമിക്കായി. അയോദ്ധ്യയിലെ രാമജന്മഭൂമിയിലെ ക്ഷേത്രം തകര്‍ത്ത് അവിടെ പള്ളി പണിയാന്‍ ഉത്തരവിട്ടതും പള്ളി പണിതതും വിദേശ അക്രമിയായ ബാബറാണ്. 1528ലായിരുന്നു ചരിത്രത്തിലെ ആ കറുത്ത അദ്ധ്യായം. അയോദ്ധ്യയിലെ ജന്മഭൂമി ഹിന്ദുക്കള്‍ക്കായി 2019 നവംബര്‍ 9ന് വിട്ടുകിട്ടും വരെയുള്ള പോരാട്ട വീഥികളിലൂടെ ഒരു എത്തിനോട്ടം:
1590- ത്രേതായുഗത്തിലെ ശ്രീരാമചന്ദ്രന്റെ ജന്മഭൂമിയായി അയോദ്ധ്യയെ അബുല്‍ ഫസല്‍, അയ്‌നി അക്ബരിയില്‍ രേഖപ്പെടുത്തി.
1608-11 രാമക്ഷേത്രം തകര്‍ത്തതായി ഡബ്ല്യു. ഫിഞ്ചിന്റെ സ്ഥിരീകരണം.
1717- ജയ്പൂരിലെ സവായ് ജയ് സിങ്ങിന് അയോദ്ധ്യയിലെ 983 ഏക്കര്‍ ഭൂമി പതിച്ചു നല്‍കി. മുസ്ലിം പള്ളിയുടെ മൂന്ന് താഴികക്കുടങ്ങള്‍ അവിടെ ഉണ്ടായിരുന്നതായി മാപ്പില്‍ രേഖപ്പെടുത്തിയിരുന്നു.
1735-നാവാബ് സാദത് അലിയുടെ ഭരണകാലത്ത് കനത്ത ഹിന്ദു-മുസ്ലിം സംഘര്‍ഷം ഉടലെടുത്തു.
1766-71- ജെ. ടെയ്‌ഫെന്‍തലര്‍ (ജെസ്യൂട്ട് പാതിരി) അയോദ്ധ്യ സന്ദര്‍ശിച്ച് ബാബര്‍ രാമക്ഷേത്രം തകര്‍ത്തതായി റിപ്പോര്‍ട്ട് ചെയ്തു.
1854- ബാബര്‍ രാമക്ഷേത്രം തകര്‍ത്തതായി ഇ. തോര്‍ട്ടണ്‍ ഈസ്റ്റ് ഇന്ത്യ ഗസറ്റിലും രേഖപ്പെടുത്തി.
1855- രാജാ മാന്‍സിങ്ങും രാജാ കൃഷ്ണ ദത്തയും 12000 ഹിന്ദുക്കളുമായി തര്‍ക്കമന്ദിരം വളഞ്ഞു.
1857- തര്‍ക്കമന്ദിരത്തിനും മണ്ഡപത്തിനുമിടയില്‍ ബ്രിട്ടിഷുകാര്‍ വേലിതീര്‍ത്തു.
1858- ഹിന്ദുക്കള്‍ പള്ളി കൈയേറിയെന്നും പതാകയുയര്‍ത്തിയെന്നും വിഗ്രഹം പ്രതിഷ്ഠിച്ചെന്നും അസ്ഗര്‍ മുഹമ്മദ് ഖാതിബ്, മുവാസിന്റെ ആരോപണം.
1885 ഡിസംബര്‍- രാമക്ഷേത്രം പണിയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സബ് ജഡ്ജ് എസ്.കെ. കൗള്‍ തള്ളി.
1886- ഹിന്ദുക്കള്‍ ദൈവികമായി കരുതുന്ന ഭൂമിയില്‍ മുസ്ലിം മസ്ജിദ് നിര്‍മിച്ചത് നിര്‍ഭാഗ്യകരമാണെന്ന് ജഡ്ജി. കേണല്‍ ചാമിയാര്‍ നിരീക്ഷിച്ചു.
1936- തര്‍ക്കമന്ദിരം പ്രാര്‍ത്ഥനകള്‍ക്ക് ഉപയോഗിക്കാതായി.
1938- മസ്ജിദ് ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്നും മുസ്ലിമുകള്‍ നമാസിനായി പ്രദേശത്തേക്ക് കടക്കുക പോലും ഭയപ്പെടുന്നുവെന്നും ജില്ലാ വഖഫ് കമ്മീഷണറുടെ റിപ്പോര്‍ട്ട്.
1949- ഡിസംബര്‍ 22ന് രാത്രി വിഗ്രഹങ്ങള്‍ കണ്ടെത്തി.
1949 ഡിസംബര്‍ 29- സര്‍ക്കാര്‍ റിസീവറെ നിയമിച്ചു.
1950 ജനുവരി 15- പൂജാരികള്‍ രാമവിഗ്രഹത്തില്‍ പൂജ നടത്തി.
1950 ജനുവരി 16- വിഗ്രഹങ്ങള്‍ നീക്കം ചെയ്യുന്നത് തടഞ്ഞ സിവില്‍ ജഡ്ജി പൂജാരികള്‍ക്ക് ക്ഷേത്രത്തില്‍ കടക്കാന്‍ അനുമതി.
1950 ഏപ്രില്‍ 26- സിവില്‍ ജഡ്ജിയുടെ ഉത്തരവിനെതിരെ അപ്പീല്‍. അയോദ്ധ്യയിലെ ഹിന്ദു-മുസ്ലിം സംഘര്‍ഷത്തില്‍ 75 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
1961- വിഗ്രഹങ്ങള്‍ നീക്കം ചെയ്യാന്‍ സുന്നി വഖഫ് ബോര്‍ഡിന്റെ അപ്പീല്‍ നല്‍കി.
1984- രാമജന്മഭൂമി മുക്തി യജ്ഞ സമിതി രൂപംകൊണ്ടു. വിദേശഅക്രമിയുടെ സ്മാരകം നീക്കം ചെയ്യാന്‍ വിഎച്ച്്പി ആഹ്വാനം.
1986- ക്ഷേത്രദര്‍ശനവും പൂജയും നിയന്ത്രിക്കുന്നതിനെതിരേ ഉമേഷ് പാണ്ഡെ സമര്‍പ്പിച്ച അപേക്ഷ മുന്‍സിഫ് കോടതി തള്ളി.
1986 ഫെബ്രുവരി ഒന്ന് – തര്‍ക്കമന്ദിരത്തിന്റെ താഴുകള്‍ തുറക്കാന്‍ ജസ്റ്റിസ് പാണ്ഡെയുടെ ഉത്തരവ്. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്നു അപ്പോള്‍.
കോടതി വിധി എതിര്‍ക്കാന്‍ ഓള്‍ ഇന്ത്യ ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
1986 ഫെബ്രുവരി അഞ്ച്- ഫെബ്രുവരി പന്ത്രണ്ടാം തീയതി കരിദിനമായി ആചരിക്കാന്‍ ബാബറി മസ്ജിദ് ആക്ഷന്‍ കമ്മറ്റി ആഹ്വാനം ചെയ്തു.
1986 മാര്‍ച്ച് 12- ഉമേഷ് പാണ്ഡെയുടെ വിധിക്കെതിരെ യുപി സുന്നി വഖഫ് ബോര്‍ഡ് അപ്പീല്‍ നല്‍കി.
1986 ഡിസംബര്‍ 22- മുസ്ലിങ്ങളോട് റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സുന്നി വഖഫ് ബോര്‍ഡ് ആഹ്വാനം ചെയ്തു. പിന്നീട് ആഹ്വാനം പിന്‍വലിച്ചു.
1989 നവംബര്‍ ഏഴിന്- രാമക്ഷേത്ര ശിലാസ്ഥാപനത്തിന് സുപ്രീം കോടതി ഫുള്‍ ബെഞ്ചിന്റെ അനുമതി ലഭിച്ചു.
1989 നവംബര്‍ 11 ന് വിഎച്ച്്പി രാമക്ഷേത്ര ശിലാസ്ഥാപനം നിര്‍വഹിച്ചു.
1990 ഫെബ്രുവരി എട്ടിന് ക്ഷേത്രനിര്‍മാണം ആരംഭിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചു.
1990 ജനുവരി 27ന് പ്രശ്‌നപരിഹാരത്തിന് നാല് മാസം കൂടി വേണമെന്ന് അന്നത്തെ പ്രധാനമന്ത്രി വി.പി.സിംഗ് ആവശ്യപ്പെട്ടു. തുടര്‍ന്ന് വിഎച്ച്പി ക്ഷേത്രനിര്‍മാണം നീട്ടിവച്ചു.
1990 സപ്തംബര്‍ 25ന് അയോദ്ധ്യ ചരിത്രത്തില്‍ പുതിയൊരു അദ്ധ്യായം എഴുതിച്ചേര്‍ത്തുകൊണ്ടു ബിജെപി നേതാവ് എല്‍.കെ.അദ്വാനി സോമനാഥ് മുതല്‍ അയോധ്യ വരെ രഥയാത്ര ആരംഭിച്ചു.
1990 ഒക്‌ടോബര്‍ 19ന് പ്രത്യേക ഓര്‍ഡിനന്‍സിലൂടെ അയോദ്ധ്യ തര്‍ക്കഭൂമി സര്‍ക്കാര്‍ കണ്ടുകെട്ടി.
1990 ഒക്‌ടോബര്‍ 21ന് ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പിന്‍വലിച്ചു.
1990 ഒക്‌ടോബര്‍ 23ന് എല്‍.കെ അദ്വാനി ബീഹാറിലെ സമസ്തിപ്പൂരില്‍ അറസ്റ്റിലായി. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനു നല്‍കിയ പിന്തുണ ബിജപി പിന്‍വലിച്ചു.
1990 ഒക്‌ടോബര്‍ 30ന് അയോദ്ധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുലായംസിങ്‌യാദവ് സര്‍ക്കാര്‍ കര്‍സേവകരെ അടിച്ചൊതുക്കി. പോലീസ് വെടിവെപ്പില്‍ രാം കോത്താരി, ശരദ് കോത്തരി എന്നീ സഹോദരന്മാര്‍ വെടിയേറ്റ് മരണപ്പെട്ടു.
1990 നവംബര്‍ 2ന് കര്‍സേവക്കെത്തിയവര്‍ക്ക് നേരെ മുലായംസിങ്‌യാദവ് സര്‍ക്കാര്‍ വെടിയുതിര്‍ക്കാന്‍ ഉത്തരവിട്ടു. അതിനെ തുടര്‍ന്ന് അയോദ്ധ്യയില്‍ കലാപം. 16 പേര്‍ ബലിദാനികളായതായി സര്‍ക്കാര്‍ രേഖ പറയുന്നു. നിരവധിപേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.
1990 നവംബര്‍ 7ന് കേന്ദ്രത്തിലെ ജനതാ സര്‍ക്കാര്‍ രാജിവെച്ചു.
1990 നവംബര്‍ 10ന് കോണ്‍ഗ്രസ് പിന്തുണയോടെ ചന്ദ്രശേഖര്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുകയുണ്ടായി.
1990 ഡിസംബര്‍ 2നും 1991 ജനുവരി 25നും ഇടയിലായി വിഎച്ച്പിയും ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയും ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി.
1991 മെയ്, ജൂണ്‍ മാസങ്ങളില്‍ നടന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. കല്യാണ്‍ സിങ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.
1992 ഡിസംബര്‍ 6- മൂന്നു ലക്ഷം കര്‍സേവകര്‍ അയോദ്ധ്യയില്‍ ഒത്തുകൂടി. ജനരോഷത്തില്‍ തര്‍ക്കമന്ദിരം തകര്‍ന്നു.
1992 ഡിസംബര്‍ 6, 8 ന് കര്‍സേവകര്‍ അയോദ്ധ്യയില്‍ താത്കാലിക ക്ഷേത്രം പണിത് രാംലാല വിഗ്രഹം പ്രതിഷ്ഠിച്ചു.
1992 ഡിസംബര്‍ 6ന് ശേഷം, തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകളെ പ്രധാനമന്ത്രി നരസിംഹറാവു പിരിച്ചു വിട്ടു. വിഎച്പി, ശിവസേന, ആര്‍എസ്എസ് സംഘടനകളെ നിരോധിക്കുകയും. നിരവധി പേരെ ജയിലിലടക്കുകയും ചെയ്തു.
1992 ജനുവരി- ആഗസ്ത് 2001- ഹിന്ദു സംഘടനകളുടെ വിലക്ക് നീക്കി.
പിന്നീട് അയോദ്ധ്യക്ക് വേണ്ടിയുള്ള നിയമ പോരാട്ടങ്ങളുടെ കാലഘട്ടമായിരുന്നു. തര്‍ക്കമന്ദിരം തകര്‍ന്നതിന്റെ പേരില്‍ അന്നത്തെ വി.എച്ച്.പി അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡണ്ട് അശോക് സിംഘാള്‍, ആചാര്യ ഗിരിരാജ് കിഷോര്‍, ബിജെപി നേതാവ് എല്‍.കെ. അദ്വാനി, ഉമാഭാരതി, ഡോ.മുരളിമനോഹര്‍ജോഷി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്സെടുത്തു. തുടര്‍ന്ന് കോടതിക്കകത്തും പുറത്തും സമാധാനപരമായ സമരപോരാട്ടങ്ങള്‍ രാജ്യവ്യാപകമായി നടന്നു.
1992 മാര്‍ച്ച് – മുന്‍പ് ഏറ്റെടുത്ത 42.09 ഏക്കര്‍ ഭൂമി രാമകഥാ പാര്‍ക്ക് നിര്‍മ്മിക്കാന്‍ യുപി സര്‍ക്കാര്‍ രാമജന്മഭൂമി ന്യാസിനു വിട്ടുകൊടുത്തു.
1993 ജനുവരി 7 ന് അയോദ്ധ്യയിലെ തര്‍ക്കസ്ഥലമുള്‍പ്പെടെ 67.7 ഏക്കര്‍ ഏറ്റെടുക്കാന്‍ കേന്ദ്ര ഓര്‍ഡിനന്‍സ് പുറിത്തിറക്കി.
1994 ഒക്‌ടോബര്‍ 24 ന് ഭൂമി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി സുപ്രീംകോടതി ശരിവെക്കുകയുണ്ടായി.
2003 മാര്‍ച്ച 12 ന് കോടതി നിര്‍ദ്ദേശപ്രകാരം തര്‍ക്കഭൂമി കുഴിച്ചു പരിശോധന ആരംഭിച്ചു.
മാര്‍ച്ച് 31 ന് തര്‍ക്കരഹിത സ്ഥലത്തു മതപ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനം നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.
2010 സപ്തംബര്‍ 30 ന് തര്‍ക്കത്തിലുള്ള 2.77 ഏക്കര്‍ ഭൂമി മൂന്നായി വിഭജിക്കാന്‍ അലഹാബാദ് ഹൈക്കോടതി ലക്‌നൗ ബെഞ്ച് വിധിച്ചു. താല്‍ക്കാലിക ക്ഷേത്രമുള്ളതും വിഗ്രഹങ്ങള്‍ സ്ഥാപിച്ചിട്ടുള്ളതുമായ സ്ഥലം ഹിന്ദുക്കള്‍ക്കും രാമ ഛബൂത്ര (പീഠം), സീത രസോയി (സീതയുടെ അടുക്കള) തുടങ്ങിയ സ്ഥാനങ്ങള്‍ നിര്‍മോഹി അഖാഡയ്ക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് വിധിയില്‍ പറഞ്ഞു.
2011 മെയ് 9 ന് അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുകയും തുടര്‍ന്ന് ഹൈക്കോടതി വിധിക്കു സുപ്രീംകോടതി സ്റ്റേ അനുവദിക്കുകയും ചെയ്തു.
2017 മാര്‍ച്ച് 21 ന് വിഷയം കോടതിക്കു പുറത്തു പരിഹരിക്കാന്‍ ശ്രമിക്കണമെന്നു സുപ്രീം കോടതിയുടെ വാക്കാലുള്ള നിര്‍ദ്ദേശിച്ചു.
2019 ജനുവരി 8 ന് കേസ് കേള്‍ക്കാന്‍ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുകയുണ്ടായി.
ജനുവരി 29 ന് അയോദ്ധ്യയില്‍ ഏറ്റെടുത്തതില്‍ തര്‍ക്കത്തിലില്ലാത്ത 67.39 ഏക്കര്‍ ഭൂമി രാമജന്മഭൂമി ന്യാസ് ഉള്‍പ്പെടെയുള്ള ഉടമകള്‍ക്കു തിരികെ നല്‍കാന്‍ അനുവദിക്കണമെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ അപേക്ഷ.
മാര്‍ച്ച് 8 ന് മധ്യസ്ഥ ചര്‍ച്ചയ്ക്കു സുപ്രീം കോടതി മൂന്നംഗ സമിതിയെ നിയോഗിച്ചു. ജസ്റ്റിസ് എഫ്.എം. ഇബ്രാഹിം ഖലീഫുല്ല അധ്യക്ഷനായ സമിതിയില്‍ ശ്രീശ്രീ രവിശങ്കര്‍, അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരും അംഗങ്ങളായി.
ഏപ്രില്‍ 9 ന് തര്‍ക്കത്തിലില്ലാത്ത ഭൂമി, ഉടമകള്‍ക്കു തിരികെ നല്‍കാന്‍ അനുവദിക്കണമെന്ന കേന്ദ്ര ആവശ്യം അംഗീകരിക്കരുതെന്ന് നിര്‍മോഹി അഖാഡ കോടതിയില്‍ ആവശ്യപ്പെട്ടു.
ആഗസ്റ്റ് 1 ന് ചര്‍ച്ചകള്‍ പരാജയപ്പെട്ടെന്നു സുപ്രീം കോടതിക്കു മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് നല്‍കി.
ആഗസ്റ്റ് 2 ന് ഭൂമിതര്‍ക്ക കേസില്‍ ആറാം തീയതി മുതല്‍ തുടര്‍ച്ചയായി വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചു.
ഒക്‌ടോബര്‍ 16 ന് നാല്‍പതു ദിവസത്തെ വാദം അവസാനിച്ചു. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന രാമജന്മഭൂമിക്കായുള്ള പോരാട്ടത്തിന് അന്ത്യം കുറിച്ചു കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ നീതിന്യായ പീഠം വിധി പ്രസ്താവിച്ചു.
2019 നവംബര്‍ 9 ന് അയോദ്ധ്യ ഭൂമിതര്‍ക്കക്കേസില്‍ നിര്‍ണായക വിധി പ്രസ്താവം നടന്നു, രാമജന്മഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന്.