രണ്ടു യുദ്ധങ്ങള്‍ക്കിടയിലുള്ള ഇടവേള മാത്രമാണ് സമാധാനമെന്നു തോന്നിപ്പിക്കുംവിധത്തിലാണ് ലോകരാഷ്ട്രീയത്തിന്റെ ഏറെക്കാലമായുള്ള സഞ്ചാരം. അവസാനിച്ചുകഴിഞ്ഞ ഏതൊരു യുദ്ധവും ആസന്നമായിക്കൊണ്ടിരിക്കുന്ന മറ്റൊരു യുദ്ധത്തിന്റെ വിളംബരഘോഷം മാത്രമാണെന്ന് സമകാലിക സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഭൂമിയുടെ പ്രതലത്തില്‍ നിന്ന് അശാന്തിയുടെ യുദ്ധനിഴലുകള്‍ ഒഴിഞ്ഞു മറയുന്നില്ല. പല രാജ്യങ്ങളും കൂടുതല്‍ ശക്തമായി യുദ്ധത്തിനൊരുങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. സ്വാതന്ത്ര്യവും പരമാധികാരവും സ്ഥാപിച്ചുകിട്ടാന്‍ യുദ്ധത്തിലേര്‍പ്പെടേണ്ടി വരുന്നവരും സ്വാതന്ത്ര്യവും സമാധാനവും അപഹരിക്കാന്‍ വേണ്ടി യുദ്ധം നയിക്കുന്നവരുമുണ്ട്.
അടുത്തിടെ ഇസ്രായേല്‍- പലസ്തീന്‍ യുദ്ധത്തെത്തുടര്‍ന്ന് പശ്ചിമേഷ്യയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥ പതുക്കെ ദക്ഷിണേഷ്യയിലേക്കും വ്യാപിക്കുകയാണെന്ന് തോന്നിപ്പിക്കുന്നവിധത്തിലാണ് ഏതാനും ദിവസം മുന്‍പ് ഇറാനും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷം രൂപപ്പെട്ടത്. പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ സുന്നി ഭീകരസംഘടനയായ ജയ്ഷ് അല്‍ ആദിലിന്റെ രണ്ടു കേന്ദ്രങ്ങളിലേക്ക് ഇറാന്‍ ആക്രമണം നടത്തി. ഇതിന്റെ തിരിച്ചടിയെന്നോണം ഇറാന്റെ സിസ്റ്റാന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയിലുള്ള ബലൂച് ഗ്രൂപ്പുകളുടെ ഏഴോളം താവളങ്ങളില്‍ ബോംബ് വര്‍ഷിച്ചതായി പാക് വ്യോമസേനയും അവകാശപ്പെട്ടു.
ബലൂചിസ്ഥാനിലെ പഞ്ച്ഗുര്‍ കേന്ദ്രമാക്കിക്കൊണ്ട് ജയ്ഷ് അല്‍ ആദില്‍ തങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നുവെന്ന് ആരോപിച്ചുകൊണ്ടാണ് ആണവശക്തിയെന്ന് അവകാശപ്പെടുന്ന പാകിസ്ഥാനുനേരെ ആണവശക്തിയല്ലാത്ത ഇറാന്‍ ആക്രമണം നടത്തിയത്.
മതം ഒരിക്കലും രാഷ്ട്രങ്ങളെ ഏകീഭവിപ്പിച്ചു നിര്‍ത്തുകയില്ലെന്ന സത്യം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നതാണ് രണ്ട് ഇസ്ലാമിക രാജ്യങ്ങള്‍ അന്യോന്യം നടത്തിയ ഈ ആക്രമണം. ഇരുരാജ്യങ്ങളും തമ്മിലുള്ള വൈരം അടുത്തിടെ ആരംഭിച്ചതല്ല. പാകിസ്ഥാനിലെ ഇറാന്‍ വിരുദ്ധ ഭീകരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് 2019-ല്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ തന്നെ ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി ആവശ്യപ്പെട്ടിരുന്നു.
കോവിഡാനന്തരം ലോകത്തിന്റെ പല മേഖലകളിലും യുദ്ധങ്ങളും സംഘര്‍ഷങ്ങളും പടര്‍ന്നുപിടിക്കുകയാണ്. രണ്ട് വര്‍ഷമായി തുടരുന്ന റഷ്യ- ഉക്രൈയിന്‍ സംഘര്‍ഷവും ഇരുനൂറ് ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞ ഇസ്രായേല്‍- പലസ്തീന്‍ യുദ്ധവുമൊക്കെ അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിന്റെ ചതുരക്കള്ളികളില്‍ മാത്രം ഒതുക്കി നിര്‍ത്താവുന്ന പ്രശ്‌നങ്ങളല്ല. പശ്ചിമേഷ്യ കേന്ദ്രീകരിച്ച് ലോകത്തിലെ വന്‍ശക്തി രാജ്യങ്ങള്‍ നടത്തുന്ന അധികാരവടംവലിയുടെ കുതന്ത്രങ്ങളാണ് ഈ മേഖലയെ സംഘര്‍ഷഭൂമിയാക്കി മാറ്റിയത്. കോവിഡ് മഹാമാരി പോലും ചൈന നിര്‍മ്മിച്ചെടുത്ത ജൈവായുധമാണെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നതാണല്ലോ. സാമ്പത്തികശക്തിയും സ്വാധീനശക്തിയും പ്രയോഗിച്ച് കൂടുതല്‍ സാമന്ത രാജ്യങ്ങള്‍ സൃഷ്ടിച്ചെടുക്കാനുള്ള കുടിലബുദ്ധി ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്. അറബ് രാഷ്ട്രങ്ങളുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തി വരുന്നതിനിടയിലാണ് ഇസ്രായേലില്‍ ഹമാസ് ഭീകരാക്രമണം നടത്തിയതെന്നതും വസ്തുതയാണ്. ഇതിനു പിന്നില്‍ ഒന്നിലധികം രാജ്യങ്ങള്‍ ഒത്തുചേര്‍ന്നുകൊണ്ടുള്ള ഒരു അച്ചുതണ്ട് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുറപ്പാണ്. രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ആളിക്കത്തിച്ച് ആയുധവിപണി സജീവമാക്കാനും രാജ്യങ്ങളെ സാമ്പത്തിക അടിമകളാക്കാനുമുള്ള വൈദഗ്ധ്യം വന്‍ശക്തി രാജ്യങ്ങള്‍ പലകുറി പ്രദര്‍ശിപ്പിച്ചു കഴിഞ്ഞിട്ടുള്ളതാണ്. പല രാജ്യാന്തര സംഘര്‍ഷങ്ങളുടെയും മധ്യസ്ഥ സ്ഥാനമേറ്റെടുക്കാന്‍ ചൈന ആസൂത്രിതമായ ശ്രമം നടത്തിവരുന്നുണ്ട്. ബ്രിക്‌സ് രാജ്യമായ ഇറാന്‍ ചൈനയുമായും സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. തായ്‌വാനിലെയും ശ്രീലങ്കയിലെയും പാകിസ്ഥാനിലെയുമൊക്കെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മുതലെടുത്ത് അവിടങ്ങളിലെ ഭരണകൂടങ്ങളെ വരുതിയില്‍ നിര്‍ത്താനുള്ള ചൈനയുടെ ശ്രമങ്ങള്‍ ലോകരാജ്യങ്ങള്‍ ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ നിന്നുളള സൈനിക പിന്മാറ്റവും ഉക്രൈയിനിലും തായ്‌വാനിലും ഉള്‍പ്പെടെ നടത്തിയ നയതന്ത്ര ഇടപെടലുകളിലെ പാളിച്ചകളും വന്‍ശക്തികളിലൊന്നായ അമേരിക്കയുടെ മുന്നോട്ടുപോക്കിന് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. പശ്ചിമേഷ്യന്‍ മണ്ണില്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധത്തിനും അസ്വാരസ്യങ്ങള്‍ക്കും പിന്നില്‍ നിശ്ചയമായും സാമ്പത്തിക സാമ്രാജ്യത്വത്തിന്റെ മോഹവലകളുണ്ട്. ഇപ്പോള്‍തന്നെ ജിഡിപിയുടെ നൂറു ശതമാനത്തിനും അപ്പുറമുള്ള കടം പേറിനില്‍ക്കുന്ന അമേരിക്ക ഡോളറിന്റെ തകര്‍ച്ചയുണ്ടാവാതിരിക്കാന്‍ കിണഞ്ഞുശ്രമിച്ചുകൊണ്ടിരിക്കുകയാണ്. യുഎസും ചൈനയും സഹകരണാധിഷ്ഠിതവും തന്ത്രപരവുമായ നയതന്ത്രമാണ് ഈ മേഖലയില്‍ പുറത്തെടുക്കുന്നത്. അമേരിക്കയുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങ് ഈ വര്‍ഷം അവസാനം അമേരിക്കന്‍ സന്ദര്‍ശനം നടത്താനൊരുങ്ങുകയാണ്.
ഏഷ്യ- യൂറോപ്പ് ബന്ധത്തില്‍ കാതലായ മാറ്റം കൊണ്ടുവരാന്‍ കഴിയുന്ന ഭാരത – ഗള്‍ഫ് – യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപനവുമായി ജി- 20 ഉച്ചകോടി സമാപിച്ചത് ചൈനയെ അസ്വസ്ഥമാക്കിയിരുന്നു. ഭാരതത്തില്‍ തുടങ്ങി മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലൂടെ യൂറോപ്പിലേക്ക് നീങ്ങുന്ന ഇടനാഴി ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് ഇനീഷേറ്റീവിന് വെല്ലുവിളിയാകുമെന്ന ഭയം അവര്‍ക്കുണ്ട്. ലോകരാജ്യങ്ങളില്‍ പൊതുവേയും ഏഷ്യാ ഭൂഖണ്ഡത്തില്‍ സവിശേഷമായും വര്‍ദ്ധിച്ചുവരുന്ന ഭാരതത്തിന്റെ നയതന്ത്ര പ്രഭാവം തങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാണെന്ന് ചൈന വിലയിരുത്തുന്നുണ്ട്. അടുത്തിടെ ചൈനയുടെ മുഖപത്രമായ ഗ്ലോബല്‍ ടൈംസില്‍, ഭാരതത്തിലെ നരേന്ദ്രമോദി ഭരണത്തെ പ്രശംസിച്ചുകൊണ്ട്, ഫുഡാന്‍ സര്‍വകലാശാലയിലെ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് സെന്റര്‍ ഡയറക്ടര്‍ പ്രൊഫ. ഡോ. സാങ് ജിയാദോങ് എഴുതിയ ലേഖനത്തില്‍ ഭാരതത്തിന്റെ വളര്‍ച്ചയെക്കുറിച്ചുള്ള വിശകലനങ്ങളുണ്ട്. അയല്‍രാജ്യങ്ങളില്‍ അസ്വസ്ഥതകളും രാഷ്ട്രീയ അസ്ഥിരതയും സംഘര്‍ഷാന്തരീക്ഷവും സൃഷ്ടിച്ച് അവരെ ഭാരത വിരുദ്ധ പക്ഷത്ത് അണിചേര്‍ക്കാനുള്ള ശ്രമം ചൈന തുടര്‍ച്ചയായി നടത്തുന്നുണ്ട്. കാനഡയും ഭാരതവും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍വീഴ്ത്താന്‍ ശ്രമിച്ചതും അടുത്തിടെ മാലിദ്വീപില്‍ നിന്ന് ഭാരതത്തിനെതിരെയുണ്ടായ പരാമര്‍ശങ്ങളും ഇതിന്റെ ഒടുവിലത്തെ തെളിവുകള്‍ മാത്രമാണ്.
തങ്ങളുടെ പരമാധികാരത്തിന് ഭീഷണി ഉയര്‍ത്തുന്ന ഭീകരസംഘടനകള്‍ക്ക് പാകിസ്ഥാന്‍ അഭയം നല്‍കുന്നുവെന്നും രാജ്യത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ബലൂചിസ്ഥാനില്‍ ആക്രമണം നടത്തിയതെന്നുമാണ് ഇറാന്റെ വിശദീകരണം. ആഗോള ഭീകരവാദത്തിന്റെ താവളമാണ് പാകിസ്ഥാന്‍ എന്ന വസ്തുത ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്താന്‍ ഇറാന് എളുപ്പം സാധിക്കും. ഇറാനിലെ ഭീകരതാവളങ്ങള്‍ നശിപ്പിക്കാനാണ് വ്യോമാക്രമണം നടത്തിയതെന്നാണ് പാകിസ്ഥാന്റെ വാദം. ഇത് ശരിയാണെങ്കില്‍ രാജ്യാതിര്‍ത്തി കടന്ന് ആക്രമണം നടത്തിയ ഹമാസ് എന്ന തീവ്രവാദ സംഘടനയ്‌ക്കെതിരെയാണ് ഇസ്രായേല്‍ യുദ്ധം നടത്തിക്കൊണ്ടിരിക്കുന്നതെന്ന സത്യം അംഗീകരിക്കാന്‍ തീവ്ര ഇസ്ലാമികപക്ഷക്കാര്‍ തയ്യാറാവേണ്ടി വരും. പശ്ചിമേഷ്യയില്‍ പ്രത്യക്ഷപ്പെട്ട യുദ്ധനിഴലുകള്‍ ലോകത്തിന്റെ ഇതര ഭാഗങ്ങളിലേക്കും നീണ്ടുപോയേക്കാമെന്ന ആശങ്കയാണ് ഇപ്പോഴുണ്ടായ പാകിസ്ഥാന്‍ – ഇറാന്‍ സംഘര്‍ഷത്തിലൂടെ വെളിവാകുന്നത്.