ഭാരതം എന്ന സങ്കല്‍പ്പം സ്മരണാതീതകാലം മുതല്‍ നിലനില്‍ക്കുന്നതാണ്. വേദോപനിഷത്തുകളും ഇതിഹാസങ്ങളുമടക്കം സാഹിത്യകൃതികളും സഞ്ചാരക്കുറിപ്പുകളും ചരിത്ര രേഖകളുമൊക്കെ ഇതിന് തെളിവായിട്ടുണ്ട്. എന്നാല്‍ ഭാരതത്തിന്റെ സാംസ്‌കാരിക ഐക്യവും ഇത്രതന്നെ പൗരാണികമാണെന്ന വസ്തുത ശരിയായി ചര്‍ച്ചചെയ്യപ്പെടുകയോ അംഗീകരിക്കപ്പെടുകയോ ചെയ്യുന്നില്ല. ദേശരാഷ്ട്രങ്ങള്‍ എന്ന യൂറോപ്യന്‍ കാഴ്ചപ്പാടില്‍ ഭാരതത്തിന്റെ സംസ്‌കാരത്തെ സമീപിച്ചതിന്റെ പ്രശ്‌നമാണിത്. ഭാരതമെന്ന് വ്യവഹരിക്കപ്പെടുന്ന ഭൂപ്രദേശം ചരിത്രത്തില്‍ ഒരുകാലത്തും ഒന്നായിരുന്നില്ലെന്നു മാത്രമല്ല, ഒന്നാവാന്‍ കഴിയില്ലെന്നും യൂറോ കേന്ദ്രിത ഭാരത പഠിതാക്കള്‍ വിധിയെഴുതിക്കൊണ്ടിരുന്നു. നൂറ്റാണ്ടുകള്‍ നീണ്ട വൈദേശികാക്രമണങ്ങളുടെയും ഭരണാധിപത്യത്തിന്റെയും ഫലമായി അടിച്ചമര്‍ത്തപ്പെട്ട ഭാരതത്തിന്റെ കരുത്ത് ഒരിക്കലും വീണ്ടെടുക്കപ്പെടരുതെന്ന് ആഗ്രഹിച്ചവരാണ് ഈ രാഷ്ട്രത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും തമസ്‌കരിച്ചത്. ഭാരതത്തിന്റെ സാംസ്‌കാരിക ഐക്യം എന്നത് ഉത്തരഭാരതത്തിന്റെ സൃഷ്ടിയായും വ്യാഖ്യാനിക്കപ്പെട്ടു. ദക്ഷിണാപഥം വ്യത്യസ്തമാണെന്നും, ദ്രാവിഡമാണെന്നും നിരന്തരമായ പ്രചാരവേലയിലൂടെ സ്ഥാപിച്ചെടുത്തു. മതപരവും രാഷ്ട്രീയവുമൊക്കെയായ സങ്കുചിതതാല്‍പ്പര്യങ്ങള്‍ ഇതിനെ പരിപോഷിപ്പിച്ചു. എന്നാല്‍ ഭാരതം എന്ന സങ്കല്‍പ്പം പ്രാചീന കാലം മുതല്‍ ദക്ഷിണാ പഥത്തിലെയും ജനങ്ങളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നതാണ്. അതൊരു ജീവിത യാഥാര്‍ത്ഥ്യവുമാണ്.
പ്രത്യക്ഷത്തിലുള്ള വൈവിധ്യങ്ങള്‍ക്കപ്പുറം ഐക്യത്തിന്റെ ശക്തി ഭാരതസംസ്‌കാരത്തില്‍ അന്തര്‍ലീനമാണ്. ജീവിതരീതികളിലും ഈ ഏകത കാണാനാവും. ബ്രിട്ടീഷുകാര്‍ ഭാരതത്തില്‍ ജനസംഖ്യാപരമായ കണക്കെടുപ്പുകള്‍ നടത്തിയത് ജനങ്ങളെ പല തട്ടുകളാക്കാനാണെന്ന വിമര്‍ശനങ്ങളുണ്ടെങ്കിലും 1911 ലെ സെന്‍സര്‍ കമ്മീഷണറായിരുന്ന ഹെര്‍ബര്‍ട്ട് റിസ്‌ലിയും ഈ രാഷ്ട്രത്തിന്റെ സാംസ്‌കാരിക ഐക്യം രേഖപ്പെടുത്തിയിട്ടുണ്ട്. ”ഇന്ത്യയെ നിരീക്ഷിക്കുന്ന ഒരാള്‍ക്ക് ജനങ്ങളുടെ ശാരീരികവും സാമൂഹികവും ഭാഷാപരവും മതപരവും ആചാരപരവുമായ ബഹുവിധ വൈവിധ്യങ്ങള്‍ക്കിടയില്‍ ഹിമാലയം മുതല്‍ കന്യാകുമാരിവരെ വ്യാപിച്ചുകിടക്കുന്ന ഏകത ദര്‍ശിക്കാന്‍ കഴിയും” എന്നാണ് റിസ്‌ലി അഭിപ്രായപ്പെട്ടിട്ടുള്ളത്. വൈവിധ്യങ്ങള്‍ക്കിടയിലെ ഈ ഏകത്വം തീര്‍ത്ഥാടനങ്ങളിലും മറ്റുള്ളവരെ ഉള്‍ക്കൊള്ളുന്നതിലും കാണാനാവും. സംസ്‌കാരത്തിന്റെ നൈരന്തര്യം, പൈതൃകത്തിന്റെ പരിപോഷണം എന്നിവയൊക്കെ വൈവിധ്യത്തിലെ ഏകത്വത്തെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. ഇതുകൊണ്ടുതന്നെയാണ് മതങ്ങളെയും വംശങ്ങളെയുമൊക്കെ ഉള്‍ക്കൊള്ളാന്‍ ഭാരതത്തിന് എക്കാലവും കഴിയുന്നത്.
ഭാരത അതിരുകളും ഭരതന്റെ സാമ്രാജ്യവും
പ്രകൃതിയൊരുക്കിയ അതിര്‍ത്തികളാണ് ഭാരതത്തിന്റെ ഭൂമിശാസ്ത്രപരമായ ഏകതയ്ക്കു കാരണം. അതിവിശാലമായ ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ ഐക്യം കൊച്ചു കൊച്ചു രാജ്യങ്ങളില്‍ കഴിഞ്ഞിരുന്ന യൂറോപ്യന്‍ പണ്ഡിതന്മാരെ അമ്പരപ്പിക്കുകയുണ്ടായി. ഭാരതവര്‍ഷം എന്ന സങ്കല്‍പ്പമാണ് ഇവിടെ പുലര്‍ന്നത്. കവികളുടെയും രാഷ്ട്രീയ ചിന്തകരുടെയും മതാചാര്യന്മാരുടെയും മനസ്സുകളില്‍ ഈ സങ്കല്‍പ്പത്തിന് മുഖ്യമായ സ്ഥാനമുണ്ടായിരുന്നു. ഭാരതവര്‍ഷത്തിലെ ‘വര്‍ഷം’ രാഷ്ട്രം എന്ന അര്‍ത്ഥത്തിലാണ്. ഭരതന്‍ എന്ന ചക്രവര്‍ത്തിയുടെ ഭരണത്തിന്‍ കീഴിലായിരുന്നു ഭാരതം എന്ന സങ്കല്‍പ്പത്തില്‍നിന്നാണ് ‘ഭാരതവര്‍ഷം’ എന്ന വാക്ക് ഉയര്‍ന്നുവന്നത്. ഭാരതത്തിന്റെ അതിര്‍ത്തികള്‍ യൂറോപ്യന്‍ നാടുകളെപ്പോലെ ഏതെങ്കിലും രാജാവോ ചക്രവര്‍ത്തിയോ കൃത്രിമമായി നിര്‍മിച്ചതല്ല. രാഷ്ട്രത്തിന്റെ ഐക്യം നിലനിര്‍ത്താന്‍ പ്രകൃതി സമ്മാനിച്ചതാണ്. വടക്ക് ഹിമാലയത്തിന്റെ തലയെടുപ്പും തെക്ക് പാദങ്ങള്‍ കഴുകുന്ന സമുദ്രവുമായി ഭാരതമാതാവ് എന്ന സങ്കല്‍പ്പത്തിന് അനുയോജ്യമായ ഏകതയാണിത്.
ഭാരതവര്‍ഷത്തിന്റെ അതിരുകള്‍ വിഷ്ണുപുരാണത്തില്‍ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. ”ഉത്തരം യത് സമുദ്രസ്യ/ഹിമാദ്രേശ്‌ചൈവ ദക്ഷിണം/ വര്‍ഷം തദ് ഭാരതം നാമ/ഭാരതീയത്രസന്തതിഃ” (തെക്കുഭാഗം സമുദ്രവും വടക്ക് മഞ്ഞുമൂടിയ പര്‍വതവുമുള്ള പ്രദേശമാണ് ഭാരതം എന്നറിയപ്പെടുന്നത്. ഭരതന്റെ പിന്മുറക്കാര്‍ വസിക്കുന്നതുകൊണ്ട് ഭാരതം എന്ന പേരു വന്നിരിക്കുന്നു.) രാഷ്ട്രങ്ങള്‍ പലതും അതില്‍ അധിവസിക്കുന്നവരുടെ പേരുകൊണ്ട് അറിയപ്പെടാറുണ്ടല്ലോ. ഭരതന്മാരില്‍നിന്നാണ് ഭാരതവുമുണ്ടായത്. ഋഗ്വേദത്തിന്റെ മൂന്നാം മണ്ഡലത്തില്‍ ഋഷി വിശ്വാമിത്രന്‍ ഭരതന്മാരെക്കുറിച്ച് പറയുന്നുണ്ട്. ആരാധ്യരായ പ്രാചീന ജനവിഭാഗം എന്നാണ് വിശ്വാമിത്രന്‍ വിശേഷിപ്പിക്കുന്നത്. എട്ടാം മണ്ഡലത്തില്‍ ഭരതന്‍ യുദ്ധം ജയിച്ചതായി പറയുന്നുണ്ട്. ഭരതന്‍ സര്‍വവ്യാപിയായ ചക്രവര്‍ത്തിയാണ്. നാല് ദിക്കിലേക്കും പരന്നുകിടക്കുന്ന അതിവിശാലമായ ഭൂപ്രദേശം അവന്‍ സ്വന്തമാക്കി” എന്നാണ് ഐതരേയ ബ്രാഹ്‌മണത്തിലുള്ളത്.
ഭാരതത്തില്‍ വ്യത്യസ്തമായ മതങ്ങള്‍ വളര്‍ന്നുവന്നെങ്കിലും അവയ്ക്കുമുണ്ട് ആന്തരികമായ ഏകത. വിവിധ മതവിഭാഗങ്ങളുടെ വികാരങ്ങള്‍ക്ക് സാമ്യതയുണ്ട്. ആത്മാവിന്റെ അനശ്വരത, ഐഹികലോകത്തിന്റെ ക്ഷണികത, കര്‍മബന്ധങ്ങളിലും പുനര്‍ജന്മത്തിലും മോക്ഷത്തിലുമുള്ള പൊതുവായ വിശ്വാസം എന്നിവയൊക്കെ ഭാരതീയമായ എല്ലാ മതങ്ങള്‍ക്കുമുണ്ട്. മതവിശ്വാസങ്ങളും വ്യവസ്ഥകളും വ്യത്യസ്തമായിരിക്കുമ്പോഴും ആചരണങ്ങളില്‍ സാമ്യത കാണാം.
ഒരേസമയം മതവും സംസ്‌കാരവുമായ ഹിന്ദുത്വമാണ് ഈ ഏകതയ്ക്ക് അടിസ്ഥാനം. ജനങ്ങള്‍ ആരാധിക്കുന്ന ദേവീദേവന്മാരുടെ ക്ഷേത്രങ്ങള്‍ ഭാരതത്തിലെമ്പാടുമുണ്ട്. വേദങ്ങള്‍ക്കും ഭഗവദ്ഗീതയ്ക്കും ഉപനിഷത്തുക്കള്‍ക്കും ~ഒരേപോലെയുള്ള പരിഗണനയാണ് ഹിന്ദുക്കള്‍ നല്‍കുന്നത്. രാമായണവും മഹാഭാരതവും ഭക്ത്യാദരപൂര്‍വം പാരായണം ചെയ്യപ്പെടുന്നു. ഭാഷാഭേദങ്ങള്‍ക്കതീതമായി രാമന്റെയും കൃഷ്ണന്റെയും അപദാനങ്ങള്‍ ആവേശത്തോടെ വാഴ്ത്തുന്നു. വടക്കുള്ള ബദരിനാഥും തെക്കുള്ള രാമേശ്വരവും കിഴക്ക് പുരിയും പടിഞ്ഞാറ് ദ്വാരകയും ജനങ്ങള്‍ ഒരേപോലെ കാണുന്ന തീര്‍ത്ഥസ്ഥാനങ്ങളാണ്. ജീവിതത്തിലൊരിക്കലെങ്കിലും ഇവിടങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കാത്ത ഹിന്ദുക്കളുണ്ടാവില്ല. ഈ തീര്‍ത്ഥസ്ഥാനങ്ങള്‍ ജനതയില്‍ ഐക്യം മാത്രമല്ല, ദേശാഭിമാനവും വളര്‍ത്തുന്നു. എല്ലാ നദികളെയും അവര്‍ പുണ്യനദികളായാണ് കരുതുന്നത്. ഗംഗ, യമുന, ഗോദാവരി, സരസ്വതി, നര്‍മദ, സിന്ധു, കാവേരി എന്നിങ്ങനെ സപ്്തനദികളെയും വന്ദിക്കുന്നു. ഭാരതത്തിലെമ്പാടുമായി സ്ഥിതിചെയ്യുന്ന 51 ശക്തിപീഠങ്ങള്‍ ഏകതയെ ഊട്ടിയുറപ്പിക്കുന്നു. ഭൂമിശാസ്ത്രപരവും ആത്മീയവുമായ ഏകതയ്ക്ക് അനുരൂപമാണിത്. ഭാരതത്തിന്റെ സാംസ്‌കാരിക ഐക്യം സാഹിത്യത്തിലും ചിന്തകളിലും പ്രകടമാണ്. ഉത്സവങ്ങള്‍ സംസ്‌കാരത്തിന്റെ വര്‍ണശബളിമ പ്രചരിപ്പിക്കുന്നതിനു പുറമെ ജനങ്ങളുടെ ഒത്തൊരുമ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിനൊക്കെ പുറമെയാണ് ജനമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്ന വൈകാരികമായ ഏകത. ഭാരതമാതാവെന്ന വികാരം ജനതയെ ഒരുമിപ്പിച്ചു നിര്‍ത്തുന്നു.
ഭാഷാപരമായ ഏകതയാണ് മറ്റൊന്ന്. ഭാരതം ഭാഷകളുടെ കാഴ്ചബംഗ്ലാവാണെന്നു പറയാറുണ്ട്. നിരവധി ഭാഷകളുള്ളപ്പോഴും അവയ്ക്കിടയില്‍ ഏകതയുണ്ട്. സംസ്‌കൃതത്തിന്റെ സ്വാധീനം എല്ലാ ഭാഷകളിലും കാണാന്‍ കഴിയും. ഇതുകൊണ്ടാണ് ബ്രിട്ടീഷ് ഭരണത്തിനു മുന്‍പ് ഭാഷയുടെ പേരിലുള്ള കലാപങ്ങള്‍ ഇവിടെ ഇല്ലാതിരുന്നത്. സംസ്‌കൃത ഭാഷയ്ക്ക് കുറഞ്ഞത് 5000 വര്‍ഷത്തെ പഴക്കമുണ്ട്. സംസ്‌കൃതത്തിന് രണ്ട് രൂപങ്ങളുണ്ട്. വ്യവഹാര ഭാഷയായ പ്രാകൃതവും പണ്ഡിതന്മാര്‍ ഉപയോഗിക്കുന്ന സംസ്‌കൃതവും. കാളിദാസ കൃതികളില്‍ ഇതു രണ്ടും കാണാം.
കാളിദാസനില്‍നിന്ന് തിരുവള്ളുവരിലേക്ക്
ഭാരതീയരുടെ ഭൂമിശാസ്ത്രപരവും ചരിത്രപരവുമായുള്ള അറിവുകള്‍ അപാരമായിരുന്നു. തങ്ങള്‍ എവിടെയാണ് ജീവിക്കുന്നത്, ഏത് നദിയുടെ തീരത്താണ്, ഏത് നഗരത്തിലാണ് എന്നൊക്കെ കൃത്യമായി പറയുന്ന രീതി അവര്‍ക്കുണ്ടായിരുന്നു. ഏത് മന്വന്തരത്തിലും യുഗത്തിലും സഹസ്രാബ്ദത്തിലും വര്‍ഷത്തിലും മാസത്തിലും തിഥിയിലുമാണ് ജീവിക്കുന്നതെന്നും അവര്‍ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. തമിഴകത്തിന്റെ സാംസ്‌കാരിക ചരിത്രം പരിശോധിക്കുമ്പോഴും ഇത് വ്യക്തമാവും. സംഘകാല കൃതികളാണ് ഏറ്റവും പ്രാചീനമായ തമിഴ് സാഹിത്യം. ബിസി മൂന്നാം നൂറ്റാണ്ടുവരെ നീണ്ടതാണ് ഇതിന്റെ ചരിത്രമെന്ന് പുതിയ പഠനങ്ങളില്‍ പറയുന്നു. മതാനുഷ്ഠാനങ്ങളിലേര്‍പ്പെടുമ്പോള്‍ ജംബു ദ്വീപേ… ഭാരത വര്‍ഷേ… ഭാരതഖണ്ഡേ എന്ന മന്ത്രം ചൊല്ലുന്നത് ഭാരതീയരുടെ പൊതുവായ രീതിയാണ്. ജംബു എന്നത് ഒരു വൃക്ഷമാണ്. ജംബു ദ്വീപ് എന്നത് അവ ധാരാളമായി കാണപ്പെടുന്ന പ്രദേശവും. ഇതേ രീതിയിലാണ് കുറിഞ്ഞി, മുല്ലൈ, നെയ്തല്‍, മരുതം എന്നൊക്കെ തമിഴകത്തെ പ്രദേശങ്ങളെ ഓരോ പേരുകളില്‍ അടയാളപ്പെടുത്തിയിട്ടുള്ളത്.
ഭാരതം എന്നതിന്റെ പര്യായമാണ് ജംബുദ്വീപ്. സംസ്‌കൃതത്തില്‍ ജംബു എന്നത് ഞാവല്‍ മരങ്ങളാണ്. ഭാരതത്തിലെല്ലായിടത്തും ഇത് കാണപ്പെടുന്നു. ജംബുദ്വീപ് തമിഴ് സാഹിത്യത്തില്‍ ഞാവലന്‍ത്തീവാണ്. ഞാവല്‍ പഴം തമിഴകത്തിന് പ്രിയപ്പെട്ടതുമാണ്. സംഘകാല സാഹിത്യത്തിലും ജംബു ദ്വീപിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. ഏറ്റവും പഴക്കമുള്ള സംഘം കൃതി എന്നു കരുതപ്പെടുന്ന പുറനാനൂര്‍ 400 ശ്ലോകങ്ങളുടെ സമാഹാരമാണ്. 397-ാം ശ്ലോകത്തില്‍ പ്രത്യേകതരം സ്വര്‍ണത്തെ വിശേഷിപ്പിക്കുന്നത് ജംബുനാദം എന്നാണ്. കാളിദാസന്‍ രഘുവംശത്തിലും ഈ വാക്കുതന്നെ ഉപയോഗിക്കുന്നു. തിരുമുരുഗന്‍ട്രുപാടൈ എന്ന തമിഴ് കൃതിയിലും ജംബുനാദമുണ്ട്. ജംബുദ്വീപിനെക്കുറിച്ചും ജംബു വൃക്ഷത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പരിപാടല്‍, പുറനാനൂറ്, മലൈ പടുകടാം, പെരുമ്പണാറ്റുപ്പടൈ മുതലായ കൃതികളിലും കാണാം. ഭാരതമെന്ന സങ്കല്‍പ്പം തമിഴകത്തിന് അന്യമായിരുന്നില്ലെന്നു മാത്രമല്ല അതിനോട് വലിയ ആഭിമുഖ്യവുമുണ്ടായിരുന്നു എന്നര്‍ത്ഥം.
വേദങ്ങള്‍ മുതല്‍ സംഘകാലകൃതികള്‍ വരെ ഭാരതത്തെ അഭിവൃദ്ധിയുടെ നാടായി പറയുന്നുണ്ട്. ഭൗതികമായും സാംസ്‌കാരികമായും ആത്മീയമായും ഉന്നതി പ്രാപിച്ച ഒരു സമൂഹത്തെയാണ് ഈ കൃതികള്‍ സാക്ഷ്യപ്പെടുത്തുന്നത്. പതിമൂന്നാം നൂറ്റാണ്ടുവരെ ഈ അഭിവൃദ്ധി നിലനിന്നിരുന്നതായി 1290 ല്‍ ഭാരതം സന്ദര്‍ശിച്ച വെനീഷ്യന്‍ വ്യാപാരി മാര്‍ക്കോ പോളോ രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും അഭിവൃദ്ധി പ്രാപിച്ച പ്രദേശം എന്നാണ് മാര്‍ക്കോ പോളോയുടെ വരികള്‍.
സംഘകാലത്തെ തുടര്‍ന്നുള്ള തമിഴ് വ്യാകരണ കൃതിയായ തോല്‍കാപ്പിയത്തിന്റെ ആമുഖത്തിലും വേദത്തെക്കുറിച്ച് വ്യക്തമായ പരാമര്‍ശമുണ്ട്. ഹൃദ്യമായ വാക്കുകളും വേദങ്ങളിലെ അറിവുകളും വിളയാടുന്ന നാവിന് ഉടമയായ പാണ്ഡ്യ രാജാവിനെക്കുറിച്ചും തോല്‍കാപ്പിയം പറയുന്നു. ”അല്ലയോ രാജാവേ, അങ്ങയുടെ സാമ്രാജ്യത്തിന്റെ അതിരുകള്‍ വടക്ക് ഹിമാലയം മുതല്‍ തെക്ക് കന്യാകുമാരി വരെയും കിഴക്കും പടിഞ്ഞാറും സമുദ്രവുമാകുന്നു” എന്നാണ് സംഘം കൃതിയായ പതിറ്റുപാട്ടിന്റെ കവി മാംഗുനി മരുതനാര്‍ അഭിസംബോധന ചെയ്യുന്നത്. മഹാരാജാവായ മന്താരന്‍ ഇരുമ്പോറനെക്കുറിച്ച് പറയുമ്പോള്‍ കുരുന്തന്‍ കൊള്ളിയൂര്‍ കിള്ളാര്‍ എന്ന കവിയും ഇതുതന്നെ പറയുന്നുണ്ട്. തിരുവള്ളുവര്‍ രചിച്ച തമിഴിലെ പഞ്ചമഹാകാവ്യങ്ങളില്‍ ഒന്നായ തിരുക്കുറലും ഇതുതന്നെ ആവര്‍ത്തിക്കുന്നു. ”ഒരു മാതൃകാ രാജ്യത്തിന് അതിന്റെ ഇരുവശത്തും സമുദ്രങ്ങളും ഒരു വശത്ത് ധാരാളം മഴ ലഭിക്കുന്ന പര്‍വ്വതങ്ങളുമുണ്ട്.” ഇത് ഭാരതമല്ലാതെ മറ്റൊരു രാജ്യവുമല്ലല്ലോ.
തമിഴ് മഹാകവിയുടെ ഭാരതദര്‍ശനം
സംഘകാലത്തെ ഈ ദേശീയധാരയെ നിഷ്്പ്രഭമാക്കാനാണ് ക്രൈസ്തവ മിഷണറികള്‍ ആരംഭം കുറിക്കുകയും, ഇ.പി. രാമസ്വാമി നായ്ക്കര്‍ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്ത ദ്രാവിഡ പ്രസ്ഥാനത്തിലൂടെ ശ്രമിച്ചത്. തമിഴകം ഭാരതത്തില്‍നിന്ന് വ്യത്യസ്തമാണെന്നും, തമിഴര്‍ മറ്റൊരു ജനതയാണെന്നും പ്രചരിപ്പിക്കുകയായിരുന്നു പെരിയോര്‍ എന്നു വിളിപ്പേരുള്ള രാമസ്വാമി നായ്ക്കര്‍. എന്നാല്‍ സ്വാതന്ത്ര്യസമരകാലത്ത് സുബ്രഹ്‌മണ്യഭാരതിയിലൂടെ തമിഴിലും ദേശാഭിമാനത്തിന്റെ അലകളുയര്‍ന്നു. കേരളത്തോട് ചേര്‍ന്നുകിടക്കുന്ന തിരുനെല്‍വേലിയില്‍ ജനിച്ച ഈ കവിയുടെ നിരവധി ദേശഭക്തിഗാനങ്ങള്‍ ജനമനസ്സുകളില്‍ ഭാരതത്തിന്റെ മഹത്വവും അമരത്വവും നിറച്ചു. ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെയും രവീന്ദ്രനാഥ ടാഗോറിന്റെയുമൊക്കെ നിരയില്‍ വരുന്ന കവിയായി മാറിയ സുബ്രഹ്‌മണ്യ ഭാരതി തമിഴിനു പുറത്തും ദേശീയതയുടെ ഉണര്‍ത്തുപാട്ടുകാരനായി. ലളിതമായ ഭാഷയില്‍ ഈണത്തില്‍ പാടാവുന്ന ദേശഭക്തി ഗാനങ്ങള്‍ ദേശസ്‌നേഹത്തിന്റെ പുതിയൊരു ഭാവപ്രപഞ്ചം തന്നെ സൃഷ്ടിച്ചു. മഹര്‍ഷി അരവിന്ദ ഘോഷിനു പോലും ആദരവുണ്ടായിരുന്ന ദേശഭക്തനായിരുന്നു ഈ കവി. തമിഴിനെ അഗാധമായി സ്‌നേഹിച്ച സുബ്രഹ്‌മണ്യഭാരതിക്ക് എട്ടു ഭാഷകള്‍ അറിയാമായിരുന്നു. രാഷ്ട്രഭാഷയായ ഹിന്ദിയും ഇതില്‍പ്പെടും. പില്‍ക്കാലത്ത് ദ്രാവിഡ പാര്‍ട്ടികള്‍ സൃഷ്ടിച്ചെടുത്ത ഹിന്ദിവിരോധം ഈ കവിക്ക് അന്യമായിരുന്നു.
ദേശീയത എന്ന വികാരത്തില്‍ ആമഗ്നനായി ഭാരതത്തിന്റെ സ്വാതന്ത്ര്യം ആത്മാവില്‍ കൊണ്ടുനടന്ന കവിക്ക് ഭാരതീയാര്‍ എന്ന പേരും ലഭിച്ചു. ‘മാതൃരാജ്യത്തിന്റെ പതാക കാണൂ, അതിനെ താണുവണങ്ങി പാടിപ്പുകഴ്ത്താന്‍ വരൂ’ എന്നെഴുതിയ കവി സ്വാതന്ത്ര്യസമര ഭടന്മാരെക്കുറിച്ച് ‘നമ്മുടെ വിശ്വസ്തരായ വീരന്മാര്‍ അവരുടെ ജീവന്‍ നല്‍കിയും ഈ പതാക കാത്തുസൂക്ഷിക്കും’ എന്നും അഭിമാനംകൊണ്ടു.
തമിഴ് സാഹിത്യത്തില്‍ സ്വാതന്ത്ര്യസമരത്തിന്റെ പാട്ടുകാരന്‍ എന്നറിയപ്പെട്ട സുബ്രഹ്‌മണ്യ ഭാരതിയുടെ ‘ഭാരതവന്ദനം’ എന്ന കവിത അത്യുജ്ജ്വലമാണ്. ”ഈ മണ്ണ് മാതാപിതാക്കള്‍ ജനിച്ചു വളര്‍ന്നയിടമാണ്. എണ്ണമറ്റ പൂര്‍വികര്‍ പവിത്രമായി ജീവിക്കുകയും മരിക്കുകയും ചെയ്ത മണ്ണാണ്. ആയിരം ചിന്തകള്‍ ഉയിരെടുക്കുകയും വളര്‍ന്നു വികസിക്കുകയും ചെയ്ത നാട്. ഇതൊക്കെയറിയുന്നവര്‍ എന്റെ നാടിനെ പുകഴ്ത്താതിരിക്കുമോ? വീണ്ടും വീണ്ടും ഞാന്‍ ഈ മാതാവിനെക്കുറിച്ച് പാടട്ടെ. ഞാന്‍ അവളെ വണങ്ങുന്നു. വിവാഹിതരായ നമ്മുടെ അമ്മമാര്‍ യുവതികളുടെ ഉത്സാഹത്തോടെ സ്വന്തം കുടുംബം പോറ്റിയ നാടാണിത്. മാതൃത്വത്തിന്റെ ആനന്ദവും കുട്ടികളുടെ അഭിമാനവും അവരറിയുന്നു. അമ്മയെ ഞാന്‍ വണങ്ങട്ടെ, അമ്മയെ ഞാന്‍ വണങ്ങട്ടെ” എന്നിങ്ങനെയുള്ള വികാരങ്ങളാണ് ഭാരതവന്ദനം എന്ന കവിതയില്‍ സുബ്രഹ്‌മണ്യഭാരതി ആവിഷ്‌കരിക്കുന്നത്.
‘അമ്മേ ഞാന്‍ വണങ്ങുന്നു’ എന്ന് ആവര്‍ത്തിക്കുന്ന കവി മാതൃഭൂമിയോടുള്ള ആരാധനയാണ് പ്രകടിപ്പിക്കുന്നത്. ജന്മം നല്‍കുകയും അറിവിന്റെ പ്രകാശം പരത്തുകയും ആത്മാവിന്റെ മഹത്വം ഉദ്‌ഘോഷിക്കുകയും ചെയ്യുന്ന നാടായി ഭാരതത്തെ വാഴ്ത്തുന്നു. അതിവിശുദ്ധമായ ആത്മീയ ചിന്തകൊണ്ട് ഈ നാടിനെ മഹത്തരമാക്കിയ പൂര്‍വികരിലേക്ക് കവി ആസ്വാദകരുടെ ശ്രദ്ധ ക്ഷണിക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വവാഴ്ചയുമായി വലിയ സംഘര്‍ഷം നടക്കുമ്പോഴാണ് ഭാരതവന്ദനം എന്ന കവിതയെഴുതുന്നത്. ഭാരതത്തിന്റെ പൗരനായിരിക്കുന്നതില്‍ അഭിമാനിക്കുന്ന കവിക്ക് ഈ നാടിന്റെ ഭംഗിയിലും അവിടുത്തെ ജനതയിലുമുള്ള തീവ്രമായ ആഭിമുഖ്യം സഹൃദയരുടെ ദേശീയ വികാരത്തെ ഉദ്ദീപിപ്പിക്കുന്നു. ബ്രിട്ടീഷ് ഭരണകൂടത്തെ വിമര്‍ശിച്ചതിന് നാടുകടത്തപ്പെട്ട സുബ്രഹ്‌മണ്യ ഭാരതി ആധുനിക തമിഴ് സാഹിത്യത്തിന്റെ മുന്‍ഗാമിയുമായിരുന്നു.
കക്ഷി രാഷ്ട്രീയത്തിനും അധികാര രാഷ്ട്രീയത്തിനുമപ്പുറം ഭാരതമാതാവിനെക്കുറിച്ചും രാഷ്ട്രവൈഭവത്തെക്കുറിച്ചും ചിന്തിക്കുന്നവരുടെ മനസ്സില്‍ സുബ്രഹ്‌മണ്യഭാരതിയുടെ വരികള്‍ ഓടിയെത്തും. പ്രധാനമന്ത്രിയായിരിക്കെ പാര്‍ലമെന്റില്‍ ഭാരതമാതാവിനെക്കുറിച്ചുള്ള തന്റെ സങ്കല്‍പ്പം അവതരിപ്പിക്കാന്‍ അനുഗൃഹീത കവികൂടിയായിരുന്ന പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയി ഭാരതീയാരുടെ വരികള്‍ പാടുകയുണ്ടായി.
”മുപ്പതുകോടി മുഖങ്ങള്‍
അവള്‍ക്കുണ്ട്
അവള്‍ക്കു പക്ഷേ
ഒരു ശരീരവും ആത്മാവുമേയുള്ളൂ
പതിനെട്ട് ഭാഷകള്‍
സംസാരിക്കുന്ന അവള്‍ക്ക് പക്ഷേ
ഒരു ചിന്തയേയുള്ളൂ.”
ഭാരതത്തെയും ഭാരതീയരെയുംകുറിച്ചുള്ള സുബ്രഹ്‌മണ്യഭാരതിയുടെ സ്വപ്‌നങ്ങള്‍ പുലര്‍ന്നുകാണാന്‍ ആഗ്രഹിച്ചവരല്ല പില്‍ക്കാലത്ത് കവിയുടെ ജന്മനാട് മാറിമാറി ഭരിച്ചത്. തമിഴ്‌നാട്ടില്‍തന്നെ ഈ കവിയെ തമസ്‌കരിച്ചവര്‍ ദേശസ്‌നേഹം തുളുമ്പുന്ന കവിതകള്‍ മറ്റിടങ്ങളില്‍ പ്രചരിപ്പിക്കാന്‍ താല്‍പര്യമെടുത്തതുമില്ല. എന്നാലിപ്പോള്‍ കാലം മാറിയിരിക്കുന്നു. കവി പുനര്‍ജനിക്കുകയാണ്. അടല്‍ബിഹാരി വാജ്‌പേയിയുടെ പിന്മുറക്കാരനായി നരേന്ദ്ര മോദി അധികാരത്തിലേറിയതോടെ ഭാരതത്തിന്റെ സാംസ്‌കാരിക ഐക്യം ശക്തിപ്പെടുകയും വടക്ക്-തെക്ക് വേര്‍തിരിവ് അപ്രത്യക്ഷമാവുകയും ചെയ്യുകയാണ്. സ്വാഭാവികമായും സുബ്രഹ്‌മണ്യഭാരതിക്കും അര്‍ഹമായ സ്ഥാനം ലഭിക്കുന്നു. നൂറാം ജന്മവാര്‍ഷികദിനത്തില്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ തമിഴ് പഠനങ്ങള്‍ക്കായി സുബ്രഹ്‌മണ്യഭാരതിയുടെ പേരില്‍ ചെയര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച കാര്യം പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത് പുതിയൊരു തുടക്കമാണ്. ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന സങ്കല്‍പ്പം സാക്ഷാല്‍ക്കരിക്കപ്പെടുമ്പോള്‍ അതിനുവേണ്ടി ജീവിച്ചു മരിച്ച ഒരു മഹാകവിയെ ഒഴിച്ചുനിര്‍ത്താനാവില്ലല്ലോ.
അടുത്തത്: തമിഴകത്തെ ഭാരതത്തനിമകള്‍