ശ്രീരാമചന്ദ്രന്‍ ഭാരതത്തിന്റെ ആത്മീയതയുടെയും സാംസ്‌കാരിക മൂല്യങ്ങളുടെയും പ്രതിനിധിയും പ്രതീകവുമാണ്. ലോകം മുഴുവന്‍ വിവിധ ഭാഷകളിലായി ഇത്രയേറെ ജനസ്വാധീനമുണ്ടാക്കിയ ഒരു ഇതിവൃത്തം രാമകഥയല്ലാതെ മറ്റൊന്നില്ല. മൂല കഥ വാല്മീകി രാമായണത്തിലാണ് ഉള്ളതെങ്കിലും നിരവധി പാഠഭേദങ്ങളോടെ രാമായണം ലോകഭാഷകളിലെല്ലാം പ്രചരിക്കുന്നു. പാഠഭേദങ്ങള്‍ എന്തൊക്കെയായാലും രാമായണത്തിന്റെ അടിസ്ഥാന ഇതിവൃത്തത്തില്‍ ഒരു ഭാഷയിലും മാറ്റമില്ല. അത് ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള പോരാട്ടവും ആത്യന്തികമായി ധര്‍മ്മ പക്ഷം വിജയിക്കുന്നതുമാണ്. രാമന്‍ എല്ലാ കാലത്തും ധര്‍മ്മത്തേയും അധര്‍മ്മത്തേയും രണ്ടു ചേരികളിലാക്കുകയും അധര്‍മ്മത്തിന്റെ രാവണവാഴ്ചയെ അവസാനിപ്പിക്കുകയും ചെയ്യും. ബാബറുടെ ആക്രമണത്തില്‍ തകര്‍ത്തു കളഞ്ഞ രാമജന്മഭൂമിയിലെ ക്ഷേത്രം പുന:സ്ഥാപിക്കുകയും ബാലകരാമന്റെ പ്രാണപ്രതിഷ്ഠ നടക്കുകയും ചെയ്യുന്ന വര്‍ത്തമാനകാലത്തും ‘രാമനിഫക്ട്’ സാമൂഹ്യ രാഷ്ട്രീയ മണ്ഡലത്തില്‍ വ്യാപിക്കുകയാണ്. ശ്രീരാമ സംസ്‌ക്കാരത്തെ അനുകൂലിക്കുന്നവരെയും പ്രതികൂലിക്കുന്നവരെയും കൃത്യമായി രണ്ടു ചേരിയില്‍ അണിനിരത്താന്‍ ശ്രീരാമന് ഇപ്പോഴും കഴിയുന്നു.
അഞ്ഞൂറ് വര്‍ഷത്തോളം നീണ്ടുനിന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ വിമോചിതമായ ശ്രീരാമജന്മഭൂമിയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ലോകം മുഴുവന്‍ അത്യാഹ്ലാദപൂര്‍വ്വം കൊണ്ടാടുമ്പോള്‍ ഈ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട ഭാരതത്തിലെ ചില രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ചടങ്ങ് ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ജനത്തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ് പ്രാണപ്രതിഷ്ഠാചടങ്ങില്‍ പ്രവേശനമുള്ളത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ, ലോകസഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരെയാണ് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ചടങ്ങിലേക്ക് വിളിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളം, ബംഗാള്‍ പോലുള്ള ചില സംസ്ഥാനങ്ങളിലെ മുസ്ലീം ലീഗ് അടക്കമുള്ള മതമൗലികവാദ സംഘടനകളുടെ ഫത്വയ്ക്ക് അപ്പുറം പോകാനുള്ള ആത്മബലം ഇന്ന് കോണ്‍ഗ്രസിനില്ല എന്ന് അവര്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. കോണ്‍ഗ്രസിന്റെ ഇത്തരം നപുംസക നിലപാടു കൊണ്ട് വെട്ടിമുറിക്കപ്പെട്ട ഒരു രാഷ്ട്രമാണ് ഭാരതം എന്ന് ചരിത്ര ബോധമുള്ള എല്ലാവര്‍ക്കും അറിവുള്ളതാണ്. വിദേശ അക്രമിയായ മുഹമ്മദ് ഗസ്‌നിയാല്‍ 17 തവണ ആക്രമിക്കപ്പെടുകയും തകര്‍ക്കപ്പെടുകയും ചെയ്ത സോമനാഥ ക്ഷേത്രം സ്വാതന്ത്ര്യാനന്തരം പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിച്ചതിനെ എതിര്‍ത്തത് ജവഹര്‍ലാല്‍ നെഹ്രുവായിരുന്നു. സ്വാതന്ത്ര്യം എന്നാല്‍ ഒരു ജനതയുടെ സ്വത്വബോധത്തിന്റെ ആവിഷ്‌ക്കാരമാണെന്ന് സമ്മതിക്കാന്‍ മനസ്സുകൊണ്ട് കമ്യൂണിസ്റ്റ് കൊളോണിയല്‍ ദാസ്യം പേറുന്ന നെഹ്രുവിനാകുമായിരുന്നില്ല. ആ നെഹ്രുവിയന്‍ പാരമ്പര്യത്തിന്റെ തടവറ ഭേദിക്കാന്‍ ഇന്നും കോണ്‍ഗ്രസിനു കഴിഞ്ഞിട്ടില്ലെന്ന് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ബഹിഷ്‌ക്കരിച്ചതിലൂടെ അവര്‍ തെളിയിച്ചിരിക്കുകയാണ്. വയനാട്ടില്‍ നിന്നും രാഹുലിനെ പാര്‍ലമെന്റിലെത്തിക്കണമെങ്കില്‍ മുസ്ലീം ലീഗിന്റെ തിട്ടൂരങ്ങള്‍ കോണ്‍ഗ്രസിന് പാലിച്ചേ മതിയാകു. അവിടെ ഗാന്ധിജിയുടെ രാമനെ അവര്‍ക്ക് തള്ളിപ്പറയാതിരിക്കാനാവില്ല. പക്ഷെ കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് വഴി തുറക്കുന്ന തീരുമാനം പ്രാണപ്രതിഷ്ഠ ബഹിഷ്‌ക്കരിച്ചതിലൂടെ അവര്‍ എടുത്തു കഴിഞ്ഞിരിക്കുന്നു. നെഹ്രുവിന്റെ കാലം മുതല്‍ രാമനെയും ശ്രീരാമജന്മഭൂമി പ്രസ്ഥാനത്തെയും എതിര്‍ത്തു പോന്ന കോണ്‍ഗ്രസിന് പ്രായശ്ചിത്തം ചെയ്യാനുള്ള അവസാന അവസരമാണ് നഷ്ടപ്പെടുത്തിയത്. എന്തായാലും രാമധനുസ്സില്‍ നിന്ന് ബാണം പുറപ്പെട്ടു കഴിഞ്ഞു. അത് കോണ്‍ഗ്രസിന്റെ പട്ടടച്ചാരം കടലില്‍ കലക്കിയേ ആവനാഴിയില്‍ മടങ്ങി എത്തൂ.
പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കാതിരിക്കാന്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ വാദം വളരെ വിചിത്രമാണ്. പ്രാണപ്രതിഷ്ഠയ്ക്ക് പ്രധാനമന്ത്രി നേതൃത്വം വഹിക്കുന്നതിലൂടെ ബി.ജെ.പി തിരഞ്ഞെടുപ്പ് രാഷ്ട്രീയം കളിക്കുകയാണത്രെ.ബി.ജെ.പിയുടെ പ്രകടനപത്രികയിലുള്ള വാഗ്ദാനമാണ് രാമജന്മഭൂമിയിലെ ക്ഷേത്ര പുന:സ്ഥാപനം. കോണ്‍ഗ്രസിനെപ്പോലെ പ്രകടനപത്രിക വെറും വാഗ്ദാന ജലരേഖയായി കണക്കാക്കുന്ന പ്രസ്ഥാനമല്ല ബി ജെ പി. പിന്നെ പ്രാണപ്രതിഷ്ഠയ്ക്ക് എല്ലാവരെയും ക്ഷണിച്ചത് ആര്‍.എസ്.എസ്സോ, ബിജെപിയോ അല്ല. സുപ്രീം കോടതി നിര്‍ദേശപ്രകാരം ക്ഷേത്ര നിര്‍മ്മാണത്തിനായി രൂപീകരിച്ച ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റാണ്. ഈ ക്ഷണം നിരസിച്ചതിലൂടെ പരമോന്നത കോടതിയുടെ ഉത്തരവിലും കോണ്‍ഗ്രസിനു വിശ്വാസമില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. രാമജന്മഭൂമി പ്രസ്ഥാനത്തിന് എല്ലാ കാലവും വിഘാതമായി നിന്ന കോണ്‍ഗ്രസിനെ സാക്ഷാല്‍ ശ്രീരാമചന്ദ്രന്‍ തന്നെയാണ് ഇപ്പോഴത്തെ ധര്‍മ്മസങ്കടത്തില്‍ എത്തിച്ചിരിക്കുന്നത്. പ്രാണപ്രതിഷ്ഠയുടെ ബഹിഷ്‌ക്കരണ തീരുമാനം വരും ദിനങ്ങളില്‍ കോണ്‍ഗ്രസില്‍ വലിയ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കാണ് വഴിമരുന്നിടാന്‍ പോകുന്നത്.
കേരളം പോലെ ഒരു സംസ്ഥാനത്തെ സംഘടിത മുസ്ലീം വോട്ടില്‍ പ്രതീക്ഷ അര്‍പ്പിച്ച് രാമനെ തള്ളിപ്പറഞ്ഞ ഇടത് വലത് മുന്നണികളെ ഞെട്ടിക്കാന്‍ പോന്നതാണ് പ്രമുഖ സമുദായ സംഘടനകളായ എന്‍എസ്എസിന്റെയും എസ് എന്‍ഡിപിയുടെ സമാദരണീയ നേതൃത്വം നടത്തിയ പ്രസ്താവനകള്‍. ശ്രീരാമജന്മഭൂമിയില്‍ ജനുവരി 22 ന് നടക്കുന്ന പ്രാണപ്രതിഷ്ഠ ഓരോ ഭാരതീയന്റെയും അഭിമാനമുയര്‍ത്തുന്ന ആത്മീയ മുഹൂര്‍ത്തം എന്നാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കേണ്ടത് ഏതൊരു ഈശ്വരവിശ്വാസിയുടെയും കടമയാണെന്നും ചടങ്ങ് രാഷ്ട്രീയത്തിന്റെ പേരില്‍ ബഹിഷ്‌ക്കരിക്കുന്നത് ഈശ്വരനിന്ദയാണെന്നും ജി.സുകുമാരന്‍ നായര്‍ ആദ്യം തന്നെ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിച്ചിരുന്നു. ധീവരസഭയടക്കം മറ്റ് പല സംഘടനകളും പ്രാണപ്രതിഷ്ഠാ മുഹൂര്‍ത്തം ഭക്തിനിര്‍ഭരമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. ശ്രീരാമചന്ദ്രന്‍ കപട മതേതരവാദികളുടെ കോട്ടകൊത്തളങ്ങളില്‍ ഇടിത്തീയായി നിപതിച്ചു തുടങ്ങിയെന്ന് സാരം. ദേശീയ വികാരത്തെ കേരളത്തിലും അധികകാലം തടഞ്ഞു നിര്‍ത്താനാവില്ല എന്ന സൂചനയാണ് സാമുദായികാചാര്യന്മാരുടെ പ്രസ്താവനകളിലൂടെ പുറത്തു വരുന്നത്. ശ്രീരാമന്‍ ധര്‍മ്മത്തെയും അധര്‍മ്മത്തെയും രണ്ടു ചേരിയിലാക്കി കഴിഞ്ഞു. ഇനിയുള്ളത് അന്തിമ യുദ്ധത്തിന്റെ നാളുകളാണ്. ഇത് നെല്ലും പതിരും തിരിക്കുന്ന രാഷ്ട്രത്തിന്റെ പ്രാണപ്രതിഷ്ഠാ മുഹൂര്‍ത്തമാണ്.