അയോധ്യയിലെ രാമക്ഷേത്രത്തെ സംബന്ധിച്ച വിധി ഏതെങ്കിലും ഒരു മതശക്തിയുടെയോ സംഘടനയുടെ യോ മാത്രം വിജയമല്ല; രാഷ്ട്രഭക്ത സമൂഹത്തിന്റെ വിജയമാണ്. ഇത് ഹിന്ദുക്കളുടെ മാത്രം വിജയമോ ഏതെങ്കിലും മുസ്ലീം വിഭാഗത്തിന്റെ പരാജയമോ അല്ല. ഈ നാടിന്റെ മക്കള്‍ എന്നഭിമാനിക്കുന്ന ഏവരുടെയും വിജയമാണ്. നൂറ്റാണ്ടുകളായി ഭാരതീയരെ ചുറ്റിപ്പിണഞ്ഞു കിടന്നിരുന്ന ഒരു ഊരാക്കുടുക്കാണ് പരമോന്നത നീതിപീഠം അറുത്തെറിഞ്ഞത്.
വ്യാജമായ ആദര്‍ശവല്‍ക്കരണത്തിന്റെയും വികലമായ രാഷ്ട്രീയ സങ്കല്പങ്ങളുടെയും പ്രചാരണത്തിനായി നിലനിര്‍ത്തിയ ഒരു വിദേശാടിമത്ത പ്രതീകമായാണ് തര്‍ക്കമന്ദിരം ഇത്രകാലവും ചിലര്‍ ഭാരതീയരുടെ തലയില്‍ കെട്ടിവച്ചത്. വിദേശികള്‍ എപ്പോഴും, വിശേഷിച്ചും ബ്രിട്ടീഷുകാര്‍ പ്രയോഗിച്ച വിഭജിച്ചു ഭരിക്കല്‍ തന്ത്രത്തിന്റെ തുടര്‍ച്ച മാത്രമായിരുന്നു ഈ തര്‍ക്കം. 1905 ലെ ഹിന്ദു – മുസ്ലീം വിഭജനത്തിന് ബംഗാളില്‍ പയറ്റിയ തന്ത്രം ദേശീയ വികാരം കൊണ്ടും രാഷ്ട്രഭക്തി കൊണ്ടും നാം അതിജീവിച്ചു. എന്നാല്‍ അതേ തന്ത്രം ചിലര്‍ ഭാരതത്തിനുള്ളില്‍ ആവര്‍ത്തിച്ചപ്പോള്‍ നാല്‍പ്പത് വര്‍ഷത്തിനുള്ളില്‍ ഭാരതം വിഭജിച്ചു. ബ്രിട്ടീഷുകാര്‍ വിചാരിച്ചിട്ടു നടക്കാതിരുന്ന കാര്യം വഴി തെറ്റിയ നമ്മുടെ തന്നെ ചില നേതാക്കള്‍ സാധിച്ചെടുത്തു. ഭാരത മനസ്സിനെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചു. തുടര്‍ന്ന് അധികാരത്തിലേക്ക് കടക്കാനുള്ള സ്ഥിരം പാലമായി മത വികാരത്തെ ജ്വലിപ്പിച്ചു കൊണ്ടിരുന്നു. അതിന്റെ ദുരന്തഫലമായിരുന്നു ഇത്രയും കാലം ഭാരതം അനുഭവിച്ചുകൊണ്ടിരുന്നത്. പിന്നീട് വിഭജിച്ചു നിര്‍ത്താനുള്ള ഏറ്റവും നല്ല ഉപകരണമാക്കി രാമക്ഷേത്രത്തെ മാറ്റുകയായിരുന്നു.
സ്വാതന്ത്ര്യാനന്തരം പരമാധികാരം പ്രഖ്യാപിച്ച് അധികാരം നടത്തിയ നമ്മുടെ ഭരണാധികാരികളില്‍ ഏറ്റവും മുതിര്‍ന്നയാള്‍ സര്‍ദാര്‍ പട്ടേല്‍ ആയിരുന്നു. സ്വാതന്ത്ര്യം ഭൗതിക തലത്തിലും മാനസിക തലത്തിലും ആര്‍ജ്ജിക്കേണ്ടതുണ്ടായിരുന്നു. അതില്‍ ഭൗതിക തലത്തിലുള്ളതാണ് 1947 ല്‍ ഉണ്ടായത്. എന്നാല്‍ ദീര്‍ഘകാലമായി അടിമത്തത്തിലാണ്ടുപോയ മനസ്സിനെ ഉയര്‍ത്തി നിര്‍ത്തുക അത്ര എളുപ്പമായിരുന്നില്ല. കാരണം എവിടേക്കു തിരിഞ്ഞാലും കീഴടക്കലിന്റെ ചിഹ്നങ്ങള്‍. അടിമത്തത്തെ എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന പേരുകള്‍, കെട്ടിടങ്ങള്‍. എല്ലാം ചുറ്റും എപ്പോഴും നമ്മെ പരിഹസിച്ചു നില്‍ക്കുന്ന പിശാചുക്കളെപ്പോലെ തുറിച്ചുനിന്നു. പരമാധികാര ലഭ്യതക്കു ശേഷവും അതിന് കാര്യമായ മാറ്റമുണ്ടായില്ല. ആ പരിഹാസ പ്രതീകങ്ങള്‍ കണ്ട് അസ്വസ്ഥനായ ഒരാളായിരുന്നു സര്‍ദാര്‍ പട്ടേല്‍. അസ്വസ്ഥത ആധിയായപ്പോള്‍ ആ വാര്‍ദ്ധക്യത്തിലും ജ്വലിച്ചു നിന്ന ദേശീയ വികാരം അദ്ദേഹത്തെ കര്‍മ്മോന്മുഖനാക്കി. വിദേശാധിപത്യത്തിന്റെയും അപമാനിക്കലിന്റെയും ഏറ്റവും വലിയ അടയാളമായിരുന്നു സോമനാഥ ക്ഷേത്രം. മുഹമ്മദ് ഗസ്‌നി പതിനേഴ് തവണയാണ് തന്റെ ആധിപത്യം പ്രദര്‍ശിപ്പിക്കാന്‍ അതിനെ തകര്‍ത്തത്. ആക്രമണത്തിന്റെ ഓരോ തിരയൊഴിയുമ്പോഴും ആത്മാഭിമാനികളായ ഭാരതീയര്‍ പുനര്‍നിര്‍മ്മാണവും നടത്തി. എന്നാല്‍ സംഘടിത ശക്തിയോ ബൃഹത്തായ സൈന്യമോ ഇല്ലാതിരുന്നതിനാല്‍ അവസാന ഇടിച്ചുപൊളിക്കലിനെ അതിജീവിക്കാന്‍ കഴിയാതെ കറുത്ത അടയാളമായി അത് നിലനിന്നു.
സ്വാതന്ത്ര്യാനന്തരം അവിടെച്ചെന്ന പട്ടേലിന്റെ ഹൃദയം വിങ്ങി. എത്രയും വേഗം ഈ അപമാനം ഇല്ലാതാക്കണം എന്ന പ്രതിജ്ഞയുമെടുത്താണ് അദ്ദേഹം മടങ്ങിയത്. തിരിച്ചെത്തിയ ഉപപ്രധാനമന്ത്രി സോമനാഥം പുനര്‍നിര്‍മ്മിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു. ദേശസ്‌നേഹികള്‍ മുഴുവന്‍ ആഹ്ലാദം കൊണ്ടു. വിഭജനവാദികള്‍ക്ക് അത് കനത്ത ആഘാതമായി. എങ്കിലും ഉരുക്കു മനുഷ്യന്റെ ഉള്‍ക്കരുത്ത് അറിയാമായിരുന്ന ദേശവിരുദ്ധര്‍ മൗനം പൂണ്ടു. എങ്കിലും ചിലര്‍ എതിര്‍ക്കാതിരുന്നില്ല. അതില്‍ മുമ്പന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തന്നെയായിരുന്നു. പട്ടേല്‍ ഗാന്ധിജിയുമായി കൂടിക്കണ്ടു. അതുവരെ ഏതാണ്ട് എല്ലാ കാര്യത്തിലും നെഹ്രുവിനു വേണ്ടി പട്ടേലിനെ അനുനയിപ്പിച്ച് പിന്തിരിപ്പിച്ചിരുന്ന ഗാന്ധിജി ഇക്കാര്യത്തില്‍ മാത്രം പട്ടേലിനൊപ്പം നിന്നു. ഒരു കാര്യം മാത്രമാണ് അദ്ദേഹം മുന്നോട്ടു വച്ചത്. പുനര്‍നിര്‍മ്മാണം സര്‍ക്കാര്‍ ചെലവില്‍ നിര്‍വ്വഹിക്കാതെ ജനപങ്കാളിത്തത്തോടെ വേണം ചെയ്യാന്‍. കാരണം അവരുടെ ഉള്ളില്‍ നിന്നാണ് ഈ അടിമ മനോഭാവം മാറേണ്ടത്. വിഷയം മന്ത്രിസഭയില്‍ വയ്ക്കുകയും അത് അനുവദിക്കപ്പെടുകയും ചെയ്തു. ക്യാബിനറ്റ് മന്ത്രിയായിരുന്ന കെ.എം.മുന്‍ഷി ചെയര്‍മാനായി സമിതി രൂപവല്‍ക്കരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.
എന്നാല്‍ മഹാത്മാഗാന്ധിയും പിന്നീട് പട്ടേലും വിട പറഞ്ഞതോടുകൂടി നെഹ്‌റു വീണ്ടും ഉണര്‍ന്നു. മുന്‍ഷിയോട് എതിര്‍പ്പും അനിഷ്ടവും പ്രകടിപ്പിച്ചു. അത് വകവയ്ക്കാതെ മുന്നോട്ടു പോയ അദ്ദേഹം തന്റെ ഉത്തരവാദിത്തം സത്യസന്ധമായി നിര്‍വ്വഹിച്ചു. ഭാരതത്തിന്റെ പുനര്‍ജ്ജനിയുടെ അടയാളമായ സോമനാഥത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ രാഷ്ട്രപതി ഡോ: രാജേന്ദ്രപ്രസാദിനോട് അഭ്യര്‍ത്ഥിച്ചു. അഭ്യര്‍ത്ഥന സ്വീകരിക്കപ്പെട്ടപ്പോള്‍ നെഹ്‌റുവിന്റെ അസഹിഷ്ണുത വീണ്ടുമുണര്‍ന്നു. ഉദ്ഘാടനത്തിന് രാഷ്ട്രപതി പോകരുതെന്ന പ്രധാമന്ത്രിയുടെ നിര്‍ദ്ദേശം രാജേന്ദ്രപ്രസാദ് തിരസ്‌ക്കരിച്ചു. രാഷ്ട്രപതിപദം വേണമെങ്കില്‍ ഉപേക്ഷിക്കാം, എന്നാല്‍ തന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ല എന്നറിയിച്ചു. 1951 മെയ് 2ന് പുനര്‍നിര്‍മ്മിച്ച സോമനാഥം രാഷ്ട്രപതി ഡോ: രാജേന്ദ്രപ്രസാദ് രാഷ്ട്രത്തിനു സമര്‍പ്പിച്ചു.
ആക്രമണത്തിന്റെയും അടിമത്തത്തിന്റെയും അപമാനച്ചിഹ്നങ്ങള്‍ പിഴുതെറിയുന്ന സ്വതന്ത്ര ഭാരതത്തിന്റെ സ്വാഭിമാനം അവിടംകൊണ്ടവസാനിച്ചു. ഗാന്ധിജിയും പട്ടേലും ഇല്ലാതായത് മറ്റൊരാളിന്റെ അപ്രമാദിത്തത്തിനു കളമൊരുക്കി. അതുവരെ അടിമത്ത ചിഹ്നങ്ങളായിരുന്നവ പുതിയ രാഷ്ട്രീയ സമവാക്യത്തില്‍ മതേതര ചിഹ്നങ്ങളായി. ആക്രമണത്തിന്റെ മുറിവുകള്‍ മതേതരത്വത്തിന്റെ മകുടങ്ങളായി. അധികാര രാഷ്ട്രീയത്തിനുള്ള ചവിട്ടുപടികളായി ഭാരത വിഭജനകാരണമായ വര്‍ഗീയതയെ പുന:പ്രതിഷ്ഠിച്ചു. അങ്ങനെ മഥുരയും കാശിയും അയോധ്യയും വിദേശാധിപത്യത്തിന്റെ ഉണങ്ങാത്ത മുറിവുകളായി അവശേഷിച്ചു. മതത്തിന് അതീതമായി രാഷ്ട്രത്തെ സ്‌നേഹിക്കുന്നവര്‍ക്ക് നിത്യ വേദനയായി അവ നിലകൊണ്ടു. അവ വീണ്ടെടുക്കാനുള്ള ദേശസ്‌നേഹികളുടെ പരിശ്രമങ്ങള്‍ തല്‍ക്കാലം തടയപ്പെട്ടു.
എന്നാല്‍ ദേശീയ മനസ്സ് അസ്വസ്ഥമായിരുന്നു. സ്വാതന്ത്ര്യം എല്ലാ അര്‍ത്ഥത്തിലും സാക്ഷാത്ക്കരിക്കാന്‍ അത് യത്‌നിച്ചുകൊണ്ടേയിരുന്നു. അങ്ങനെയാണ് അയോധ്യാ പ്രശ്‌നം ഉയര്‍ന്നു വന്നത്. അതിന്റെ നാള്‍വഴികള്‍ ഇനി അപ്രസക്തമാണ്. എന്നാല്‍ ക്ഷേത്രത്തിന്റെ അസ്ഥിവാരത്തിനു മുകളില്‍ പായല്‍ പിടിച്ച മകുടങ്ങള്‍ കോടാനുകോടി ഭാരതീയരെ പരിഹസിച്ചുകൊണ്ട് ഇരുണ്ട ആകാശത്ത് ഉയര്‍ന്നുനിന്നു. ഇത് അടിമത്തം തന്നെയെന്ന് ലോക പ്രശസ്ത ചരിത്രകാരനും ബ്രിട്ടീഷുകാരനുമായ ആര്‍നോള്‍ഡ് ജോസഫ് ടോയന്‍ബി ഭാരതീയരുടെ മുഖത്തു നോക്കി പറഞ്ഞു. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ലജ്ജയോടെ അത് കേട്ടു നിന്നു.
1958ല്‍ അന്തരിച്ച മൗലാനാ അബ്ദുള്‍ കലാം ആസാദിന്റെ സ്മരണാര്‍ത്ഥം സ്മാരക പ്രഭാഷണം ഏര്‍പ്പാട് ചെയ്യപ്പെട്ടു. ആദ്യ പ്രഭാഷണം 1959ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു സ്വയം നടത്തി. അടുത്ത വര്‍ഷത്തെ പ്രഭാഷകനായി നെഹ്‌റു വിളിച്ചത് ആര്‍നോള്‍ഡ് ടോയന്‍ബിയെ ആയിരുന്നു. ഏകലോകവും ഭാരതവും എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗിച്ച ടോയന്‍ബി മതേതരത്വത്തിന്റെയും മതസഹിഷ്ണുതയുടെയും ബിംബങ്ങളായി ഈ അടിമച്ചങ്ങലകളെ ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ അര്‍ത്ഥശൂന്യതയും അപമാനവും ചൂണ്ടിക്കാട്ടി. സ്വതന്ത്ര ഭാരതത്തിന്റെ നിലപാടിനെ നിശിതമായി വിമര്‍ശിച്ചു. ഇവ തകര്‍ത്തു കളഞ്ഞ് സ്വാഭിമാനത്തിന്റെ പുതിയ മകുടം ചാര്‍ത്തേണ്ടതെങ്ങനെയെന്ന് ചരിത്രത്തിലെ മറ്റ് ഉദാഹരണങ്ങള്‍ നിരത്തി അദ്ദേഹം സമര്‍ത്ഥിച്ചു.
‘ഒരു കാലത്ത് റോമന്‍ കത്തോലിക്കാ ക്രിസ്ത്യന്‍ സാമ്രാജ്യത്തില്‍ ചേര്‍ന്ന ഒരു സ്വതന്ത്ര നാടായിരുന്നു പോളണ്ട്. അതിന്റെ തലസ്ഥാന നഗരമായ വാര്‍സാ റഷ്യക്കാര്‍ ആദ്യമായി പിടിച്ചടക്കിയപ്പോള്‍ (1914-15) അവര്‍ ഈ പ്രധാന ചത്വരത്തില്‍ ഒരു പൗരസ്ത്യ വിശ്വാസപ്പള്ളി (Eastern Orthodox Cathedral) സ്ഥാപിച്ചു. ഭരണകര്‍ത്താക്കള്‍ തങ്ങളാണെന്നു പോളണ്ടുകാരെ നിരന്തരമായി ഓര്‍മ്മിപ്പിക്കുന്ന ഒരു പ്രത്യക്ഷ പ്രതിഷ്ഠയായിട്ടാണ് റഷ്യക്കാര്‍ ഇത് നിര്‍മ്മിച്ചത്. 1918 ല്‍ പോളണ്ടിന്റെ സ്വാതന്ത്ര്യം പുന:സ്ഥാപിതമായപ്പോള്‍ അവര്‍ ഈ പള്ളി പൊളിച്ചെറിഞ്ഞു. ഞാന്‍ പോളണ്ടു സന്ദര്‍ശിച്ച കാലത്ത് ഈ പൊളിച്ചെറിയല്‍ കഷ്ടിച്ച് കഴിഞ്ഞിരുന്നതേയുള്ളൂ. ഈ റഷ്യന്‍ പള്ളി പൊളിച്ചെറിഞ്ഞതിന് പോളിഷ് ഗവണ്‍മെന്റിനെ ഞാന്‍ വലുതായി കുറ്റപ്പെടുത്തുന്നില്ല. റഷ്യക്കാര്‍ ഈ പള്ളി കെട്ടിയത് മതത്തിനു വേണ്ടിയല്ല, രാഷ്ട്രീയത്തിനു വേണ്ടിയായിരുന്നു; ഇതിന്റെ ആന്തരോദ്ദേശ്യം പോളണ്ടുകാരെ കല്‍പ്പിച്ചു കൂട്ടി അപമാനിക്കണമെന്നതും.’
‘ …. അറംഗസീബ് ഈ മൂന്നു പള്ളികളും കെട്ടിയതിന്റെ ഉദ്ദേശ്യം തന്റെ രാഷ്ട്രീയ വിരോധികളെ കല്പിച്ചു കൂട്ടി അപമാനിക്കുന്നതിനു വേണ്ടിയത്രെ. വാര്‍സാ നഗരത്തിന്റെ മധ്യഭാഗത്ത് വിശ്വാസപ്പള്ളി (Orthodox Cathedral) കെട്ടുന്നതിന് റഷ്യക്കാര്‍ക്കുണ്ടായിരുന്ന അതേ ഉദ്ദേശ്യം. ഹിന്ദുമതത്തിന് ഏറ്റവും അഭിവന്ദ്യമായ സ്ഥലങ്ങളില്‍പോലും മുസ്ലീം ഗവണ്‍മെന്റ് അധികാരത്തോടെ ഭരിക്കുന്നുവെന്നു ചൂണ്ടിക്കാണിക്കയായിരുന്നു ഈ മൂന്നു പള്ളികളുടെയും ഉദ്ദേശ്യം. പള്ളികള്‍ നിര്‍മ്മിക്കുന്നതിന് പ്രകോപനപരമായ സ്ഥാനങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ വാസ്തവത്തില്‍ അറംഗസീബിന് അനിതരമായ സാമര്‍ത്ഥ്യമുണ്ടായിരുന്നുവെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ശരിയായ ഇരട്ടകളാണ് അറംഗസീബും സ്‌പെയിനിലെ ഫിലിപ്പ് ദ്വിതീയനും. ക്രിസ്ത്യന്‍-മുസ്ലീം -യഹൂദമതങ്ങളിലെ കലുഷമായ മതഭ്രാന്ത് മൂര്‍ത്തീകരിച്ചവരാണ് ഇവര്‍ രണ്ടുപേരും. അറംഗസീബ് – നിര്‍ദ്ധനന്‍, ദുര്‍ഭഗന്‍, വഴിപിഴച്ച ഒരു ദുഷ്ടന്‍ – തന്റെ ജീവിതകാലം മുഴുവന്‍ തന്റെ ദുഷിച്ച യശസ്സിനുതന്നെ കാരണമായ ഭീമാകൃതികളായ സ്മാരകങ്ങള്‍ കെട്ടുന്നതില്‍ ചിലവഴിച്ചു. അറംഗസീബിന്റെ പള്ളികളെ സംരക്ഷിച്ചു വരുന്ന നിങ്ങളേക്കാള്‍ റഷ്യക്കാര്‍ക്കു തന്നെ അയശസ്‌ക്കരമായ വാര്‍സയിലെ സ്മാരകം നശിപ്പിച്ച പോളണ്ടുകാരല്ലേ, ഒരുപക്ഷെ വാസ്തവത്തില്‍ ദയയുള്ളവരെന്നു പോലും എനിക്കു സംശയമുണ്ട്.’
”….. മൗലാനാ ആസാദ് അറംഗസീബിന്റെ സമകാലികനായിരുന്നുവെങ്കില്‍ ഈ നയം ഉപേക്ഷിക്കുവാന്‍ ചക്രവര്‍ത്തിയെക്കൊണ്ടു സമ്മതിപ്പിച്ചിരിക്കുകയില്ലേ എന്നു ഞാന്‍ സംശയിക്കുകയാണ്. അറംഗസീബ് ഉലമാക്കളുടെ ഉപദേശം ചെവിക്കൊള്ളുമായിരുന്നു; ഇടുങ്ങിയ മനഃസ്ഥിതിയുള്ളവര്‍ മാത്രമല്ല, ഉദാരമനഃസ്ഥിതിയുള്ളവരും ഇസ്ലാം മതപുരോഹിതന്മാരുടെ ഇടയില്‍ എല്ലാക്കാലത്തുമുണ്ടായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അധാര്‍മ്മികരായ ഉലമാക്കളെയാണ്, ധാര്‍മ്മികരെയല്ല, അറംഗസീബ് പിന്തുടരാന്‍ തീര്‍ച്ചപ്പെടുത്തിയത്.'(ഏകലോകവും ഭാരതവും -ആര്‍നോള്‍ഡ് ടോയന്‍ബി, നാഷണല്‍ ബുക്ക് ട്രസ്റ്റ്, 1963)
ഈ ഉദ്ധരണി അല്പം നീണ്ടു പോയതില്‍ ക്ഷമിക്കുക. ഇപ്പോള്‍ നമുക്കു ചര്‍ച്ച ചെയ്യാനുള്ളതു മുഴുവന്‍ അറുപതു കൊല്ലം മുമ്പ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സാന്നിദ്ധ്യത്തില്‍ ടോയന്‍ബി പറഞ്ഞുവച്ചിരിക്കുന്നു. വിദേശ ആക്രമണകാരികള്‍ ഉണ്ടാക്കി വച്ച അപമാനം പരിപാലിക്കലല്ല ആത്മാഭിമാനത്താല്‍ നയിക്കപ്പെടുന്ന ഒരു ജനതയുടെ ദൗത്യം. പ്രത്യുത ആ അപമാനത്തില്‍ നിന്നു മോചിതരായി അഭിമാനത്തിന്റെ പുതിയ കോട്ടകള്‍ കെട്ടിയുയര്‍ത്തുകയാണ് വേണ്ടത്. അവിടെ മതമോ കക്ഷിരാഷ്ട്രീയമോ തടസ്സമാകരുത്. അതിനെല്ലാം അതീതമായി ദേശീയാഭിമാനവും രാഷ്ട്ര ഭക്തിയും നിലകൊള്ളണം. അപ്പോഴാണ്, അപ്പോള്‍ മാത്രമാണ് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ജനത അനുഭവിക്കുകയുള്ളൂ. അത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഭരണാധികാരികള്‍ ചെയ്യേണ്ടിയിരുന്നത്. ദൗര്‍ഭാഗ്യവശാല്‍ സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ കാലശേഷം രാഷ്ട്രീയത്തിലെ ദേശീയ മനസ്സ് വീണ്ടും ഇപ്പോഴാണ് ഉണര്‍ന്നെണീറ്റത്. ജനതയില്‍ ഉണര്‍ന്നിരുന്ന ആ ദേശീയ മനസ്സ് പുതിയ ഭരണാധികാരികളിലൂടെയും പരമോന്നത നീതിപീഠത്തിലൂടെയും പടര്‍ന്ന് മുഴുവന്‍ ഭാരതത്തിലും ഒരൊറ്റ മനുഷ്യനെപ്പോലെ തന്‍ കാലില്‍ എഴുന്നേറ്റു നില്‍ക്കുന്നതാണ് നാം ഇപ്പോള്‍ കാണുന്നത്. അതിലാരും ഖേദിക്കേണ്ടതില്ല. മതവ്യത്യാസത്തിന്റെയും ആരാധനാ വൈവിധ്യങ്ങളുടെയും ഭൂമികയില്‍ നിന്നു കൊണ്ടുതന്നെ നമുക്ക് ഒന്നാകാം.
എല്ലാവരുടെയും ഉള്ളില്‍ ദേശീയ മനുഷ്യന്‍ ഉണര്‍ന്നിരിക്കട്ടെ. ഹൃദയങ്ങള്‍ ഒന്നാകട്ടെ. സങ്കുചിതമായ ജാതി-മത-രാഷ്ട്രീയ ചിന്തകള്‍ നമ്മെ ഭിന്നിപ്പിക്കാതിരിക്കട്ടെ. ഭാരത മാതാവാണ് നമ്മുടെ ശക്തി. ദേശീയതയാണ് നമ്മുടെ അടിത്തറ. സാഹോദര്യമാണ് നമ്മെ ഒന്നാക്കുന്നത്. അത് എന്നെന്നും നിലനില്‍ക്കട്ടെ.